തിരുവനന്തപുരം: ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് നാളെ രാത്രി 12 മുതല്‍ ആരംഭിക്കും. ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. തൊഴിലാളികളുടെ മിനിമം പ്രതിമാസ വേതനം 21,000 രൂപയാക്കുക, 10,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.ബിഎംഎസ് ഒഴികെയുള്ള എല്ലാ കക്ഷികളും കേരളത്തിൽ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍ അറിയിച്ചു.ട്രേഡ് യൂണിയനുകളും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്‌എന്‍എല്‍ ജീവനക്കാരുടെയും സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുമെന്നു സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു.സംസ്ഥാനത്തു കടകളും ഹോട്ടലുകളും പൂര്‍ണമായി അടച്ചിടും. കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസുകളും ഓട്ടോ- ടാക്സിയും പണിമുടക്കില്‍ പങ്കെടുക്കും.സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കാതെ സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.അതേസമയം, ശബരിമല തീര്‍ഥാടകര്‍, ആശുപത്രി, ടൂറിസം മേഖല, പാല്‍, പത്രം, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജെ.എൻ.യുവിൽ വീണ്ടും അക്രമം;ക്യാംപസില്‍ അതിക്രമിച്ചു കയറിയ സംഘം വിദ്യാര്‍ത്ഥികള്‍ക്കു നേരെ മര്‍ദനം അഴിച്ചുവിട്ടു;വിദ്യാർഥി യൂണിയൻ പ്രസിഡന്റിന് ഗുരുതര പരിക്ക്
ന്യൂഡൽഹി:ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ സമരം നടക്കുന്ന ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ ക്യാമ്പസ്സിൽ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകരും എ.ബി.വി.പി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റു. തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റ ഐഷിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരുമ്പ് കമ്പികളും ചുറ്റികയുമായി ക്യാംപസില്‍ അതിക്രമിച്ചു കയറിയ സംഘമാണു വിദ്യാര്‍ത്ഥികള്‍ക്കു നേരെ മര്‍ദനം അഴിച്ചുവിട്ടത്. കണ്ണില്‍ കണ്ടതെല്ലാം അവര്‍ അടിച്ചു തകര്‍ത്തു. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സന്ദേശങ്ങള്‍ അയച്ച് ആളുകളെ കൂട്ടിയാണ് ഇവരെത്തിയത്. ഇടതിനെതിരെ പ്രതികരിക്കാന്‍ അണിചേരണമെന്നായിരുന്നു പരിവാര്‍ ഗ്രൂപ്പുകളില്‍ സന്ദേശമെത്തിയത്. ഇതിന് പിന്നാലെയാണ് മുഖംമൂടി സംഘത്തിന്റെ അക്രമം.ജെ.എന്‍.യുവില്‍ ഇന്നലെ നടന്ന അക്രമങ്ങള്‍ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നു.യുണൈറ്റ് എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ജെ എന്‍ യുവിലേക്ക് അക്രമികള്‍ക്ക് എത്താനുള്ള വഴികള്‍ നിര്‍ദ്ദേശിക്കുന്നു. ജെ എന്‍ യു പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെകുറിച്ചും പറയുന്നു.പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നു.അക്രമത്തിന് പിന്നില്‍ പുറത്തുനിന്നുള്ള എബിവിപി, ബിജെപി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ സംഘത്തില്‍ വനിതകളും ഉണ്ടായിരുന്നു.അക്രമം നടന്ന സമയത്ത് ക്യാംപസിന് പുറത്തുള്ള എല്ലാ ലൈറ്റുകളും ഓഫാക്കിയിരുന്നു.
ഫീസ് വര്‍ധന പിന്‍വലിച്ചു പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്ന ആവശ്യവുമായി ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഇന്നു കേന്ദ്ര മാനവശേഷി മന്ത്രാലയത്തിലേക്കു മാര്‍ച്ച് നടത്താനിരിക്കെയാണ് അക്രമം. ശനിയാഴ്ച സുരക്ഷാ ജീവനക്കാര്‍ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തതും വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു. ഫീസ് വര്‍ധന പിന്‍വലിക്കാന്‍ തയാറാകാതെ ഓണ്‍ലൈന്‍ വഴി റജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാനുള്ള ശ്രമം വിദ്യാര്‍ത്ഥികള്‍ ചെറുത്തതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം.ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു ക്യാംപസിലെ ആദ്യ അതിക്രമം. ക്രിക്കറ്റ് സ്റ്റംപുകളും കമ്ബുകളുമായെത്തിയ അന്‍പതോളം എബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടു. സംഭവമറിഞ്ഞു കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചു പ്രതിരോധിച്ചതോടെ അക്രമികള്‍ ക്യാംപസ് വിട്ടു. രണ്ടാമത്തെ അതിക്രമം ഏഴോടെയായിരുന്നു. ക്യാംപസിലെ അക്രമങ്ങള്‍ക്കെതിരെ അദ്ധ്യാപക അസോസിയേഷന്‍ നടത്തിയ പ്രതിഷേധ പരിപാടിയിലേക്കു മുഖംമൂടിധാരികള്‍ പാഞ്ഞുകയറുകയായിരുന്നു. ആയുധങ്ങളുമായി മാര്‍ച്ച് ചെയ്തെത്തിയ ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നേരെ കല്ലെറിഞ്ഞു. ആളുകള്‍ ചിതറി ഓടിയതോടെ പിന്തുടര്‍ന്ന് അടിച്ചുവീഴ്‌ത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റ്. അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്. അക്രമികള്‍ അഴിഞ്ഞാടിയത് മൂന്നുമണിക്കൂറാണ്. വടികളും ദണ്ഡുകളും ഇരുമ്പ് ചുറ്റികളുമായാണ് അക്രമികള്‍ ക്യാംപസില്‍ കടന്നത്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അടക്കം 26 പേര്‍ക്ക് പരുക്കേറ്റു.അക്രമത്തില്‍ പ്രതിഷേധിച്ച് ഐടിഒയിലെ ഡല്‍ഹി പൊലീസ് ആസ്ഥാനത്തു സമരവുമായി വിദ്യാര്‍ത്ഥികള്‍ എത്തി. ജെഎന്‍യു, ജാമിയ മില്ലിയ, ഡല്‍ഹി സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ രാത്രി വൈകി ഐടിഒയില്‍ റോഡ് തടഞ്ഞാണു പ്രതിഷേധിച്ചത്. ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് ക്യാംപസ്, ജാമിയ മില്ലിയ ക്യാംപസ് എന്നിവിടങ്ങളിലും വിദ്യാര്‍ത്ഥികള്‍ രാത്രി പ്രതിഷേധിച്ചു.മുംബൈ ഇന്ത്യാ ഗേറ്റിന് മുന്നില്‍ വിദ്യാര്‍ത്ഥിളുടെ പ്രതിഷേധം തുടരുകയാണ്.
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു
യു.പി:മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട യാത്രക്കിടെയാണ് കണ്ണന്‍ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തത്.നേരത്തെ മുംബൈ പോലീസും കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തിരുന്നു. ട്വിറ്റര്‍ വഴി കണ്ണന്‍ ഗോപിനാഥന്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്. പോലീസ് വളരെ മര്യാദയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മുകളില്‍ നിന്നുള്ള ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞതായും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുകയാണ്. കേന്ദ്രത്തിന്റെ നിലപാടുകള്‍ക്കെതിരെ തന്റെ പദവി പോലും നോക്കാതെ ആഞ്ഞടിച്ച വ്യക്തിയാണ് കണ്ണന്‍ ഗോപിനാഥന്‍.
റിപ്പബ്ലിക്ക് ദിന പരേഡിൽ നിന്നും കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി:റിപ്പബ്ലിക്ക് ദിന പരേഡിൽ നിന്നും ഇത്തവണയും കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കി കേന്ദ്രസർക്കാർ. നേരത്തെ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന മഹാരാഷ്ട്ര, ബംഗാള്‍ സംസ്ഥാനങ്ങളുടെ ടാബ്ലോ ഒഴിവാക്കിയത് സംബന്ധിച്ച് വിവാദമുണ്ടായിരുന്നു. ഇതിനിടെയാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെയും ഒഴിവാക്കിയത്. മൂന്നാം റൌണ്ടിലാണ് കേരളത്തിന്റെ നിശ്ചല ദൃശ്യം തഴഞ്ഞത്.കേരളത്തിന്റെ കലയും വാസ്തുശില്‍പ മികവുമായിരുന്നു ദൃശ്യത്തിന്റെ പ്രമേയം.കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടകൊട്ട് തുടങ്ങിയ സകല സാംസ്‌കാരിക ദൃശ്യങ്ങളും ഉള്‍ക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമാണ് കേരളം പ്രതിരോധമന്ത്രാലയത്തിലെ വിദഗ്ധസമിതിക്കുമുന്നില്‍ അവതരിപ്പിച്ചത്. ധനസഹായം ലഭ്യമാക്കുന്ന കന്യാശ്രീ പദ്ധതിയുടെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ നല്‍കുന്ന സബുജ് സാഥി, ജലസംരക്ഷണത്തിനുള്ള ജോല്‍ ധോരോ ജോല്‍ ഭോരോ പദ്ധതിയുമാണ് ടാബ്ലോയ്ക്കായി ബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ബംഗാളില്‍നിന്നുള്ള കലാകാരനായ ബാപ്പ ചക്രവര്‍ത്തിയാണ് കേരളത്തിന്റെ നിശ്ചലദൃശ്യം സാക്ഷാത്കരിച്ചത്.
അതേസമയം ഫ്‌ളോട്ടുകള്‍ ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് മുന്നണികള്‍ ആരോപിച്ചു.പൗരത്വനിയമ ഭേദഗതിയിലുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിനെ നിരന്തരം എതിര്‍ക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും. മഹാരാഷ്ട്രയിലാകട്ടെ ബിജെപി.യുമായി ഇടഞ്ഞാണ് ശിവസേന സഖ്യസര്‍ക്കാരുണ്ടാക്കിയത്. എന്നാൽ റിപ്പബ്ലിക് ദിന പരേഡ് രാജ്യത്തിന്റെ അഭിമാനമാണെന്നും അവിടെ ഏറ്റവും മികച്ചതു മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും ജൂറി അംഗവും പ്രശസ്ത നര്‍ത്തകിയുമായ ജയപ്രദാ മേനോന്‍ പറഞ്ഞു. അഞ്ചുഘട്ടങ്ങളിലായി നടക്കുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് ടാബ്ലോകള്‍ തിരഞ്ഞെടുക്കുന്നത്. മൂന്നാംഘട്ടത്തിലാണ് കേരളം പുറന്തള്ളപ്പെട്ടത്. ബംഗാളാകട്ടെ രണ്ടാംഘട്ടത്തില്‍ തന്നെ പുറത്തായി.ജനുവരി 26-ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നതിന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 32 മാതൃകകള്‍ സമര്‍പ്പിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ചേര്‍ന്ന് 24 മാതൃകകള്‍ നല്‍കി. ഇതില്‍ 16 സംസ്ഥാനങ്ങളുടേതുള്‍പ്പെടെ 22 എണ്ണത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്.
ചാനല്‍ നിരക്കുകള്‍ ട്രായ് വീണ്ടും കുറച്ചു;മാസം 160 രൂപയ്ക്ക് 200 സൗജന്യ ചാനലുകൾ
പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി
കൊച്ചി:സബ്‍സിഡി ഉള്ള ഗാര്‍ഹിക സിലിണ്ടറിന് 19 രൂപ 50 പൈസയാണ് കൂടിയത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഇനി മുതല്‍ 28 രൂപ അധികം നല്‍കണം. മാസാവസാനം എണ്ണക്കമ്പനികൾ നടത്തിയ അവലോകന യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 685 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 704 രൂപ ആയി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 1213 രൂപ ഉണ്ടായിരുന്നത് 28രൂപ കൂടി 1241 രൂപയായി.വിമാന ഇന്ധനത്തിന്‍റെ വിലയിലും മാറ്റമുണ്ടായിട്ടുണ്ട്. 2.6 ശതമാനമാണ് വിമാന ഇന്ധനത്തിന്‍റെ വിലവര്‍ദ്ധനവ്.അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലയിലുള്ള മാറ്റമാണ് വില കൂട്ടാന്‍ കാരണമെന്നാണ് വിശദീകരണം.
റെയിൽവേ യാത്രാനിരക്ക് വർധിപ്പിച്ചു;പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡഡല്ഹി:റെയിൽവേ യാത്രാനിരക്ക് വർധിപ്പിച്ചു.പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.അടിസ്ഥാന നിരക്കിലാണ് ചാര്‍ജ് വര്‍ദ്ധനവ്.അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് ഒരുപൈസ മുതല്‍ നാലു പൈസ വരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്.അതേസമയം സബര്‍ബന്‍ നിരക്കുകളിലും സീസണ്‍ ടിക്കറ്റ് നിരക്കുകളിലും മാറ്റമില്ല.മെയില്‍/എക്‌സ്പ്രസ് തീവണ്ടികളില്‍ നോണ്‍ എസി വിഭാഗത്തില്‍ അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് രണ്ടു പൈസയുടെ വര്‍ധനയാണ് വരുന്നത്.സെക്കന്‍ഡ് ക്ലാസ്, സ്ലീപ്പര്‍ ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിവയുടെ നിരക്കില്‍ കിലോമീറ്ററിന് രണ്ടുപൈസ വര്‍ധന വരും. എസി നിരക്കുകളില്‍ നാലു പൈസയുടെ വര്‍ധനയാണ് വരുന്നത്. ചെയര്‍കാര്‍, ത്രീടയര്‍ എ.സി, എ.സി ടൂ ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവയില്‍ കിലോമീറ്ററിന് നാലുപൈസ വീതം വര്‍ധിക്കും.സെക്കന്‍ഡ് ക്ലാസ് ഓര്‍ഡിനറി, സ്ലീപ്പര്‍ ക്ലാസ് ഓര്‍ഡിനറി, ഫസ്റ്റ് ക്ലാസ് ഓര്‍ഡിനറി എന്നിവയുടെ നിരക്കില്‍ കിലോമീറ്ററിന് ഒരു പൈസയുടെ വര്‍ധനയുണ്ടാവും.
ഉത്തരേന്ത്യയിൽ ശൈത്യം അതിരൂക്ഷമാകുന്നു; ഡൽഹിയിൽ 34 ട്രെയിനുകള്‍ വൈകിയോടുന്നു; വാഹനാപകടത്തിൽ രാജസ്ഥാനത്തിൽ രണ്ടു മരണം
ന്യൂഡൽഹി:ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈത്യം അതിരൂക്ഷമാകുന്നു.ഡല്‍ഹിയുടെ 119 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ താപനിലയാണ് തിങ്കളാഴ്ച അനുഭവപ്പെട്ടത്. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 34 ട്രെയിനുകള്‍ വൈകിയോടുകയാണ്.തണുപ്പിനൊപ്പം വായുമലിനീകരണവും കൂടിയതോടെ ജനജീവിതം ദുസ്സഹമായി.അതിതീവ്ര ശൈത്യത്തിന്റെ സാഹചര്യത്തില്‍ കാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.കനത്ത മൂടല്‍ മഞ്ഞില്‍ രാജസ്ഥാനിലെ ബോജ്‌കയില്‍ രണ്ട് ബസുകളും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.നാല് പേര്‍ക്ക് പരുക്കേറ്റു. രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്.പലസംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മൂടല്‍ മഞ്ഞില്‍ ഡല്‍ഹി ഗ്രേറ്റര്‍ നോയ്ഡയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചിരുന്നു.അതേസമയം ജനുവരി ആദ്യവാരം ഡല്‍ഹിയില്‍ മഴ പെയ്യുമെന്നും ഇതോടെ തണുപ്പ് കുറയുമെന്നുമാണ് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നത്.
ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം 2020 മാര്‍ച്ച് 31വരെ നീട്ടി
ന്യൂഡൽഹി:ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം 2020 മാര്‍ച്ച് 31വരെ നീട്ടി.എട്ടാം തവണയാണ് കാലാവധി നീട്ടുന്നത്. നേരത്തെ ഡിസംബര്‍ 31 വരെയായിരുന്നു പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി.ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ അവസാന തീയ്യതിക്ക് ശേഷം അസാധുവാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കണക്കനുസരിച്ച് നാല്‍പ്പതുകോടി പാന്‍ കാര്‍ഡുകളില്‍ 22കോടി മാത്രമാണ് ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ളത്. www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കേണ്ടത്.
ഷോര്‍ട്ട് സര്‍ക്യൂട്ട്; ഗാസിയാബാദില്‍ അഞ്ച് കുട്ടികളുള്‍പ്പെടെ ആറ് പേര്‍ മരിച്ചു
ലഖ്നൗ: വീട്ടിനകത്തെ ഷോര്‍ട്ട്സര്‍ക്യൂട്ട് കാരണം അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വീട്ടിലെ മുതിര്‍ന്ന സ്ത്രീയും അഞ്ച് കുട്ടികളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പര്‍വീണ്‍(40), ഫാത്തിമ(12), ഷാഹിമ(10), റാത്തിയ(8) അബ്ദുള്‍ അസീം(8), അബ്ദുള്‍ അഹദ്(5) എന്നിവരാണ് മരിച്ചത്. ഇവര്‍ വൈദ്യുതിയേറ്റാണോ അതോ തീപ്പിടിത്തത്തിലാണോ മരിച്ചതെന്നു വ്യക്തമല്ല. വീട്ടിലെ റെഫ്രിജറേറ്റര്‍ പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്.