കൊച്ചി:രാജ്യത്തെ ടോള്‍ പ്ലാസകളില്‍ നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം.കേന്ദ്ര ഗതാഗത മന്ത്രാലയം ടോള്‍ പ്ലാസകള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് വരുന്നതോടെ പണം നല്‍കി കടന്നുപോകാന്‍ കഴിയുന്ന ഒരു ട്രാക്ക് മാത്രമാണ് ഉണ്ടാവുക. മറ്റ് ട്രാക്കുകളിലെല്ലാം ഫാസ്ടാഗുള്ള വാഹനത്തിനായി നീക്കിവെച്ചിരിക്കുകയാണ്. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഈ ഒറ്റവരിയില്‍ കൂടെയാണ് ഇനി പോകേണ്ടി വരിക. അതേസമയം, ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതോടെ പാലിയേക്കര അടക്കമുള്ള ടോള്‍ പ്ലാസകളില്‍ ഗതാഗത കുരുക്കുണ്ടാവുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.നാളെ മുതല്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ആറ് ട്രാക്കുകളില്‍ അഞ്ച് എണ്ണത്തിലും ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഒരു ട്രാക്കില്‍ മാത്രമാണ് നേരിട്ട് പണം സ്വീകരിക്കുക. നേരത്തേ ഡിസംബര്‍ 15 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെതിരെ വ്യാപകമായ പരാതികള്‍ വന്നതിനെ തുടര്‍ന്ന് ഒരു മാസം കൂടി അനുവദിച്ച് നല്‍കുകയായിരുന്നു.
നിര്‍ഭയ കേസ് പ്രതികളുടെ തിരുത്തല്‍ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി:നിര്‍ഭയ കേസ് പ്രതികളുടെ തിരുത്തല്‍ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതികളിലെ വിനയ് ശര്‍മ്മ, മുകേഷ് കുമാര്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഉച്ചക്ക് 1.45നായിരിക്കും കോടതി ഹരജി പരിഗണിക്കുക.വിനയ് ശര്‍മ്മയുടെയും മുകേഷ് കുമാറിെന്‍റയും പുനഃപരിശോധന ഹരജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.എന്‍.വി രമണ, അരുണ്‍ മിശ്ര, ആര്‍.എഫ് നരിമാന്‍, ആര്‍.ഭാനുമതി, അശോക് ഭൂഷന്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് ഹരജി തള്ളിയത്.നിര്‍ഭയ കേസ് പ്രതികള്‍ക്കെതിരെ ഡല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടിച്ചിരുന്നു. തിരുത്തല്‍ ഹരജി തള്ളിയാല്‍ ദയാ ഹരജി കൂടി നല്‍കാന്‍ പ്രതികള്‍ക്കാകും.ദയാഹര്‍ജികള്‍ കൂടി തള്ളിയാല്‍ മാത്രമേ വധശിക്ഷ നടപ്പാക്കാനാകൂ. ജനുവരി 22ന് ഇവരെ തൂക്കിലേറ്റാനാണ് കോടതി ഉത്തരവ്.എന്നാല്‍ ദയാഹര്‍ജി നല്‍കുകയും രാഷ്ട്രപതി അവ തള്ളുകയും ചെയ്താല്‍ 14 ദിവസത്തിന് ശേഷം മാത്രമേ വധശിക്ഷ നടപ്പാക്കാന്‍ പാടുള്ളൂവെന്നാണ് വ്യവസ്ഥ. അങ്ങനെയെങ്കില്‍ 22ന് വധശിക്ഷ നടപ്പാക്കാനായേക്കില്ല.
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു
തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചു.നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നു.ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സി.എ.എക്കെതിരെ കോടതിയെ സമീപിക്കുന്നത്.പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടക്കുമ്പോഴും ഒരു സംസ്ഥാനവും ഇതിനെതിരെ നിയമപരമായി രംഗത്ത് വന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സുപ്രീം കോടതിയിലെ സംസ്ഥാനത്തിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജി പ്രകാശ് മുഖേനെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.ഭരണഘടനയുടെ 132ആം അനുച്ഛേദ പ്രകാരമുള്ള സ്യൂട്ട് ഹര്‍ജിയാണിത്.ഭരണഘടന എല്ലാ പൗരന്മാര്‍ക്കും തുല്യത ഉറപ്പാക്കുന്ന 14ആം അനുച്ഛേദത്തിന്റെ ലംഘനമാണ് പൗത്വ ഭേദഗതി നിയമം, നിയമത്തിലൂടെ മുസ്ലീം ജനവിഭാഗങ്ങളോട് മതപരമായ വിവേചനം സാധ്യമാവുമെന്നും ഹര്‍ജിയില്‍ പറയുന്നു.പിബി യോഗത്തിനായി കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ നിയമ വിദഗ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഹര്‍ജി ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ചയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി രജിസ്ട്രിയില്‍ ഫയല്‍ ചെയ്തത്. തുടര്‍ന്ന് അന്ന് വൈകിട്ടോടെ സാങ്കേതിക പിഴവുകള്‍ നീക്കി ഹര്‍ജിക്ക് നമ്പർ നല്‍കിയ കാര്യം സുപ്രീംകോടതി രജിസ്ട്രി സ്ഥിരീകരിച്ചു. ആർ.എസ്.എസിന്റെ അജണ്ട നടപ്പിലാക്കാനല്ല കേരളത്തിലെ സർക്കാർ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍.എസ്.എസിന്റെ ഒരു ഭീഷണിയും കേരളത്തില്‍ ചെലവാകില്ല. ഇവിടെ ഒരാളും ജനന സർട്ടിഫിക്കറ്റും തേടി പോവേണ്ടതില്ലെന്നും പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഗുജറാത്തിലെ മെഡിക്കൽ ഗ്യാസ് ഫാക്ടറിയില്‍ സ്‌ഫോടനം;5പേര്‍ മരിച്ചു
ഗാന്ധിനഗര്‍: ഗുജറാത്തിലെ വഡോദരയില്‍ മെഡിക്കൽ ഗ്യാസ് പ്ലാന്റിൽ നടന്ന സ്‌ഫോടനത്തില്‍ 5 തൊഴിലാളികള്‍ മരിച്ചു.10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എ എം എസ് ഓക്‌സിജന്‍ ഫാക്ടറിയിലാണ് രാവിലെ 11 മണിയോടെ സ്‌ഫോടനമുണ്ടായത്. വാതകപൈപ്പ് ലൈനിലുണ്ടായ ചോര്‍ച്ചയാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.ഓക്സിജന്‍, നൈട്രജന്‍, ആര്‍ഗോണ്‍ തുടങ്ങിയ മെഡിക്കല്‍ ഗ്രേഡ് ഗ്യാസുകളെല്ലാം കമ്പനിയിൽ നിര്‍മ്മിച്ചിരുന്നു തീയണയ്ക്കാനുള്ള സംവിധാനങ്ങള്‍ ഫാക്ടറിയില്‍ പ്രവര്‍ത്തനക്ഷമമല്ലായിരുന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പൊലീസിനോട് പറഞ്ഞു.സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതില്‍ നിന്നും ലഭിക്കുന്ന തുക മകളുടെ കല്ല്യാണത്തിനായി ഉപയോഗിക്കുമെന്ന് ആരാച്ചാര്‍
യു.പി:നിര്‍ഭയ കേസിലെ പ്രതികളെ തൂക്കി കൊല്ലുന്നതില്‍ നിന്നും ലഭിക്കുന്ന തുക മകളുടെ കല്ല്യാണത്തിനായി ഉപയോഗിക്കുമെന്ന് ആരാച്ചാര്‍ പവന്‍ ജലാദ്.മകള്‍ക്ക് കല്യാണ പ്രായമായിട്ടും അവളെ കല്യാണം കഴിപ്പിച്ച് അയക്കാനുള്ള കാശ് കൈയിലുണ്ടായിരുന്നില്ല. തന്നെ ഈ ദൗത്യത്തിന് തെരഞ്ഞെടുത്തതിന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നന്ദി. ജീവിതത്തിലെ ഒരു പുതിയ ഉടമ്പടിയാണ് ഈ തൂക്കികൊല്ലല്ലെന്നുമാണ് 57 കാരനായ പനന്‍ ജലാദ് വ്യക്തമാക്കിയത്.’ഈ മാസം22 ആം തീയതിക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. വരുന്ന ദിവസം തന്നെ തിഹാര്‍ ജയിലിലേക്ക് എന്നെ പോലീസുകാര്‍ കൊണ്ട് പോകും. എത്രയും പെട്ടെന്ന് അവിടെ എത്താനായാല്‍ സാധിച്ചാല്‍ കൂടുതല്‍ പ്രാവശ്യം എനിക്ക് റിഹേഴ്സല്‍ ചെയ്ത് നോക്കാം. എന്നാലേ തൂക്കി കൊല്ലുന്ന ദിവസം എല്ലാം നന്നായി നടക്കൂ’ എന്നാണ് പവന്‍ ജലാദ് പറയുന്നത്. കേസിലെ പ്രതികളായ വിനയ് കുമാര്‍ ശര്‍മ, മുകേഷ്, അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്. ഇവരെ ജനുവരി 22ന് രാവിലെ ഏഴുമണിക്ക് തിഹാര്‍ ജയിലില്‍ വെച്ച് തൂക്കിലേറ്റും.2012 ഡിസംബര്‍ 16 ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഡല്‍ഹിയില്‍ വെച്ച് സുഹൃത്തിനൊപ്പം ദ്വാരകയിലെ മഹാവീര്‍ എന്‍ക്ലേവിലേക്കു ബസില്‍ പോകുന്നതിന് ഇടയിലാണ് പെണ്‍കുട്ടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല, ചികിത്സയ്ക്കിയിടെ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.
ഉത്തര്‍പ്രദേശില്‍ ട്രക്കുമായി കൂട്ടിയിടിച്ച് ബസ്സിന് തീപിടിച്ച് 20 യാത്രക്കാര്‍ വെന്തുമരിച്ചു
ലക്‌നൗ:ഉത്തര്‍പ്രദേശില്‍ ട്രക്കുമായി കൂട്ടിയിടിച്ച് ബസ്സിന് തീപിടിച്ച് 20 യാത്രക്കാര്‍ വെന്തുമരിച്ചു.വെള്ളിയാഴ്ച്ച വൈകീട്ട് കനൗജ് ജില്ലയിലെ ചിലൊയിലാണ് സംഭവം. പൊള്ളലേറ്റ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരിൽ പലരുടേയും നില ഗുരുതരമാണ്. ഫറൂഖാബാദില്‍ നിന്ന് ജയ്പൂരിലേക്ക് 46 യാത്രക്കാരുമായി പോയ ബസാണ് അപകടത്തില്‍പെട്ടത്. നാല് ഫയര്‍ എന്‍ജിനുകള്‍ അരമണിക്കൂര്‍ എടുത്താണ് തീ അണച്ചത്.അപകടമുണ്ടാകുമ്പോൾ പലരും ഉറക്കത്തിലായിരുന്നു.പെട്ടന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്തതും അപകടത്തിന്‍റെ തീവ്രത വര്‍ധിപ്പിച്ചു.അതേസമയം പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷവും പരിക്കേറ്റവര്‍ക്ക് 50000 രൂപയും സഹായം നല്‍കാനും ഉത്തരവിട്ടു. അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരും അനുശോചനം രേഖപ്പെടുത്തി.
ഡൽഹിയിൽ പേപ്പർ പ്രിന്റിങ് പ്രസില്‍ തീപിടുത്തം; ഒരാൾ മരിച്ചു
ന്യൂഡൽഹി:ഡൽഹിയിൽ പേപ്പർ പ്രിന്റിങ് പ്രസില്‍ ഉണ്ടായ തീപിടുത്തത്തിൽ ഒരാള്‍ മരിച്ചു. പത്പര്‍ഗഞ്ചിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം. ഫയര്‍ഫോഴ്സെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു. രാത്രി രണ്ട് മണിയോടെയാണ് പത്പര്‍ഗഞ്ചിലെ വ്യാവസായിക മേഖലയില്‍ തീപ്പിടുത്തമുണ്ടായത്. തീയണക്കാന്‍ 32ഓളം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തുണ്ടെന്നും മേഖല നിയന്ത്രണ വിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. മൂന്നുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയില്‍നിന്ന് തീ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലേക്ക് പടരുകയായിരുന്നു.വടക്ക് പടിഞ്ഞാറ് ഡല്‍ഹിയില്‍ മൂന്ന് വിദ്യാര്‍ഥികളടക്കം ഒൻപതുപേരുടെ മരണത്തിന് ഇടയായ തീപ്പിടുത്തത്തിന് ശേഷം ആഴ്ച്ചകള്‍ക്കുള്ളിലാണ് ഈ തീപ്പിടുത്തമുണ്ടായത്. ഡല്‍ഹിയില്‍ തന്നെ ബാഗും പേപ്പറും നിര്‍മിക്കുന്ന അനധികൃത ഫാക്ടറിയില്‍ കഴിഞ്ഞ മാസം സംഭവിച്ച തീപ്പിടുത്തത്തില്‍ 43 പേര്‍ മരിച്ചിരുന്നു.
തൊഴിലാളി യൂണിയൻ സംയുക്തസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം:തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു.ചൊവ്വാഴ്ച അര്‍ധരാത്രി 12 മണി മുതൽ ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്.അവശ്യ സര്‍വീസുകള്‍, ആശുപത്രി, പാല്‍, പത്രവിതരണം, വിനോദ സഞ്ചാരമേഖല, ശബരിമല തീര്‍ത്ഥാടനം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തില്ല. പണിമുടക്കിനെ തുടര്‍ന്ന് പരീക്ഷകള്‍ എല്ലാം മാറ്റിവെച്ചിട്ടുണ്ട്. തൊഴിലാളികളുടെ കുറഞ്ഞവേതനം മാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴില്‍നിയമങ്ങള്‍ ഭേദഗതി ചെയ്യരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെ പത്ത് ദേശീയ തൊഴിലാളി യൂണിയനുകളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്‌എന്‍എല്‍ ജീവനക്കാരുടെയും സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. വിമാനത്താവള, വ്യവസായ, തുറമുഖ തൊഴിലാളികളും പണിമുടക്കും. അതേസമയം പണിമുടക്കില്‍ പങ്കെടുക്കില്ലെന്നും കടകള്‍ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
നിർഭയ കേസ് പ്രതികളെ ഈ മാസം 22 ന് തൂക്കിലേറ്റും
ന്യൂഡൽഹി:നിർഭയ കേസ് പ്രതികളെ ഈ മാസം 22 ന് തൂക്കിലേറ്റും.ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്.മുകേഷ്,വിനയ് ശർമ്മ, പവൻ ഗുപ്ത, അക്ഷയ് സിങ് എന്നീ നാലു പ്രതികളുടെ വധ ശിക്ഷ ഈ മാസം 22ന് രാവിലെ ഏഴുമണിക്ക് നടപ്പാക്കാനാണ് പട്യാല കോടതിയുടെ ഉത്തരവ്. ഏതെങ്കിലും കോടതിക്ക് മുന്നിലും ഒരു ദയാഹർജി നിലവിലില്ല, എല്ലാ പ്രതികളുടെയും പുനപരിശോധന ഹർജി സുപ്രീംകോടതി തള്ളിയതാണ്, വധശിക്ഷ നീട്ടിക്കൊണ്ടു പോകരുത് തുടങ്ങിയ നിർഭയയുടെ മാതാവിന്‍റെ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ഉത്തരവ്.ശേഷിക്കുന്ന നിയമ സാധ്യതകൾ 14 ദിവസത്തിനകം പൂർത്തിയാക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവ് നടപ്പിലാക്കുന്ന ജനുവരി 22 തന്‍റെ ജീവിതത്തിലെ സുദിനമാണെന്ന് നിർഭയയുടെ മാതാവ് പ്രതികരിച്ചു. ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് ജഡ്ജി വീഡിയോ കോൺഫ്രൻസില്‍ പ്രതികളുമായി സംസാരിച്ചു.2012 ഡിസംബർ 16ന് രാത്രിയാണ് ഡൽഹി വസന്ത് വിഹാറിൽ ബസിൽ വച്ച് പാരാമെഡിക്കൽ വിദ്യാർഥിനി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. കേസിൽ ആറു പ്രതികളാണ് ഉണ്ടായിരുന്നത്. മുഖ്യപ്രതിയായ ഡ്രൈവർ രാംസിങ് 2013 മാർച്ചിൽ ജയിലിൽ വച്ച് ജീവനൊടുക്കി. മറ്റൊരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ ആനുകൂല്യവും ലഭിച്ചു.അതേ സമയം വിധിക്കെതിരെ ദയാഹർജിയും തിരുത്തൽ ഹർജിയും നൽകുമെന്ന് പ്രതികളുടെ അഭിഭാഷകർ പറഞ്ഞു.
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.ഫെബ്രുവരി എട്ടിനാണ് വോട്ടെടുപ്പ് നടക്കുന്നത്. പതിനൊന്നിന് വോട്ടെണ്ണലും.തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറയാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്.ഇത്തവണ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുകയെന്ന് കമ്മീഷന്‍ അറിച്ചു.70 അംഗങ്ങളുള്ള നിയമസഭയുടെ കാലാവധി ഫെബ്രുവരി 22-നാണ് അവസാനിക്കുന്നത്.2015-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 70-ല്‍ 67 സീറ്റുകളും തൂത്തുവാരിയാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയത്. ബാക്കിയുള്ള മൂന്ന് സീറ്റില്‍ ബിജെപിയാണ് വിജയിച്ചത്. കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ജയിക്കാനായില്ല.ഡല്‍ഹിയുടെ സമ്പൂര്‍ണ സംസ്ഥാന പദവി, മലിനീകരണ പ്രതിസന്ധി, അനധികൃത റെസിഡൻഷ്യൽ കോളനികളുടെ ക്രമീകരണം തുടങ്ങിയ വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് വേളയില്‍ ചര്‍ച്ചാ വിഷയമാകും. വിവാദമായ പൗരത്വ നിയമവും എന്‍.ആര്‍.സിയുമായിരിക്കും പ്രധാന ചര്‍ച്ച വിഷയം. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 1.46 കോടി വോട്ടർമാർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയുമെന്ന് അന്തിമ തിരഞ്ഞെടുപ്പ് പട്ടികയിൽ പറയുന്നു. 80.55 ലക്ഷം പുരുഷന്മാരും 66.35 ലക്ഷം സ്ത്രീകളുമടക്കം 1,46,92,136 വോട്ടർമാരുണ്ടെന്നാണ് വോട്ടർ പട്ടിക വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പിനായി 1370 പോളിങ് സ്‌റ്റേഷനുകളാണ് സ്ഥാപിക്കുന്നത്.