മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തി. വിശ്രമമുറിയുടെ അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിലാണ് ബോംബ് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു.ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബാഗ് ശ്രദ്ധയില്‍പ്പെട്ടത്. ബാഗിനുള്ളില്‍ വയറുകള്‍ ഘടിപ്പിച്ച നിലയിലാണ് ബോംബ് കണ്ടെത്തിയത്. സുരക്ഷ ഉദ്യോഗസ്ഥര്‍ ബോംബ് കസ്റ്റഡിയില്‍ എടുത്ത് നിര്‍വീര്യമാക്കുന്നതിനായി കൂളിംങ് പിറ്റിലേക്ക് മാറ്റി.10 കിലോഗ്രാം സ്ഫോടന ശക്തിയുള്ള ബോംബാണ് കണ്ടെത്തിയതെന്നാണ് വിവരം.അഞ്ഞൂറ് മീറ്ററിനുള്ളില്‍ ആഘാതം ഏല്‍പ്പിക്കാന്‍ സാധിക്കുന്ന അത്യുഗ്രശേഷിയുള്ള ബോംബാണ് കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്.സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
നിര്‍ഭയ കേസ്;കൃത്യം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന് കാണിച്ച് പ്രതി പവന്‍ഗുപ്ത സമർപ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 2012ല്‍ കേസില്‍ അറസ്റ്റിലാകുമ്പോൾ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല,ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമല്ല തന്റെ വിചാരണ നടന്നത് എന്നീ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് പവൻ കുമാർ ഗുപ്ത സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.നേരത്തെ സമാന ആവശ്യം ഉന്നയിച്ച് പവൻ കുമാർ ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളിയിരുന്നു. ഹൈകോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ വിചാരണ നിയമപരമായി നിലനിൽക്കില്ലെന്നും തന്റെ വധശിക്ഷ റദ്ദാക്കണമെന്നും പവൻ കുമാർ ഗുപ്ത ആവശ്യപ്പെട്ടിട്ടുണ്ട്.ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് നാല് പ്രതികളെയും തൂക്കിലേറ്റാനാണ് ദില്ലി കോടതി ഇറക്കിയിരിക്കുന്ന പുതിയ മരണവാറണ്ട്. ഈ ഹരജി തള്ളിയാലും തിരുത്തൽ ഹരജിയടക്കമുള്ള നിയമസാധ്യതകൾ പ്രതികൾക്ക് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റുമെന്ന് കാണിച്ച് വിചാരണക്കോടതി പുറപ്പെടുവിച്ച് മരണ വാറണ്ട് നടപ്പാക്കുന്നത് ഇനിയും വൈകിയേക്കും. കേസിലെ പ്രതി മുകേഷ് സമർപ്പിച്ച ദയാഹരജി പ്രസിഡണ്ടിന്റെ പരിഗണനയിലായിരുന്നതിനാലാണ് വധശിക്ഷ നടപ്പാക്കുന്നത് ഫെബ്രുവരി 1 ലേക്ക് മാറ്റിവെച്ചത്. മുകേഷിന്റെ ദയാഹരജി രാഷ്ട്രപതി പിന്നീട് തള്ളിയിരുന്നു.
നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്;ഇത്തരക്കാര്‍ ഉള്ളതുകൊണ്ടാണ് ബലാല്‍സംഗങ്ങള്‍ അവസാനിക്കാത്തതെന്ന് നിര്‍ഭയയുടെ അമ്മ
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്. നിര്‍ഭയയുടെ അമ്മയോടാണ് ട്വിറ്ററിലൂടെ ഇന്ദിരാ ജയ്‌സിങ് ഈ ആവശ്യം ഉന്നയിച്ചത്. ‘നിര്‍ഭയയുടെ അമ്മയുടെ വേദന ഞാന്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നു. അതേസമയം രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് മാപ്പ് കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണണെന്ന് ഞാന്‍ ആശാദേവിയോട് അഭ്യര്‍ത്ഥിക്കുന്നു.ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. എന്നാല്‍ വധശിക്ഷക്ക് എതിരാണ്’ ഇന്ദിരാ ജെയ്‌സിങ് ട്വിറ്ററില്‍ കുറിച്ചു.എന്നാൽ ഇന്ദിര ജയ്‌സിങിന്റെ ആവശ്യത്തിനെതിരെ നിര്‍ഭയയുടെ അമ്മ രൂക്ഷമായാണ് പ്രതികരിച്ചത്. അത്തരമൊരു നിര്‍ദേശം എന്റെ മുന്നില്‍ വെക്കാന്‍ ഇന്ദിരാ ജെയ്‌സിങ് ആരാണെന്ന് ആശാ ദേവി ചോദിച്ചു. ‘ഇന്ദിരാ ജെയ്‌സിങിനെ പോലുള്ള ആളുകള്‍ക്ക് എങ്ങനെയാണ് കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കണമെന്ന് നിര്‍ദേശിക്കാന്‍ സാധിക്കുന്നത്. സുപ്രീംകോടതിയില്‍ വെച്ച് നിരവധി തവണ ഞാന്‍ അവരെ കണ്ടുമുട്ടിയിട്ടുണ്ട്. ഒരിക്കല്‍ പോലും അവര്‍ എനിക്ക് ക്ഷേമം നേരുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല.ഇന്ന് അവര്‍ കുറ്റവാളികള്‍ക്ക് വേണ്ടി സംസാരിക്കുന്നു.നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റണമെന്ന് രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നു. ഈ സമയത്താണ് ഇത്തരം ആവശ്യവുമായി ഇന്ദിരാ ജയ്‌സിങ് മുന്നോട്ടുവരുന്നത്. ബലാത്സംഗക്കേസ് പ്രതികളെ പിന്തുണച്ച് ഇത്തരം ആളുകള്‍ ഉപജീവനം നടത്തുന്നതുകൊണ്ട് തന്നെ ഇവിടെ ബലാത്സംഗങ്ങള്‍ അവസാനിക്കുന്നില്ലെന്നും ആശാ ദേവി പറഞ്ഞു.
നിര്‍ഭയ കേസ്;മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി തള്ളി
ന്യൂഡൽഹി:നിർഭയ കേസ് പ്രതി മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി തള്ളി.ഡൽഹി സർക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദയാഹർജി തള്ളണമെന്ന് ശുപാർശ ചെയ്തിരുന്നു. രാഷ്ട്രപതിക്ക് ദയാഹർജി നൽകിയതിനാൽ വധശിക്ഷ നടപ്പിലാക്കുന്നത് വൈകിക്കണമെന്ന് കാട്ടി ഇന്നലെ മുകേഷ് വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജയിൽ അധികൃതരോട് ഇന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.ദയാഹർജി തള്ളിയ പശ്ചാത്തലത്തിൽ പുതിയ മരണ വാറന്റ് വിചാരണ കോടതി പുറപ്പെടുവിക്കും. സ്വാഭാവികമായും 14 ദിവസത്തെ സാവകാശത്തിന് ശേഷമേ ശിക്ഷ നടപ്പിലാക്കാനാവൂ. മുകേഷ് സിംഗിന്റെ ദയാഹർജി തള്ളിയെങ്കിലും അക്ഷയ് കുമാർ, പവൻ ഗുപ്ത, വിനയ് ശർമ എന്നിവർക്ക് കൂടി ദയാഹർജി നൽകാനുള്ള അവസരം നിലനിൽക്കുന്നുണ്ട്. അതിനാൽ നിർഭയ കേസിലെ വധശിക്ഷ ഇനിയും നീളാൻ ഇടയുണ്ട്.
കളിയിക്കാവിള കൊലപാതകം;മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി
തിരുവനന്തപുരം:കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതികൾക്കെതിരെ യുഎപിഎ ചുമത്തി.മുഖ്യപ്രതികളായ അബ്ദുള്‍ ഷെമീം, തൗഫിക്ക് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. തീവ്രവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തിലാണ് യുഎപിഎ ചുമത്തുന്നത്.രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനവും അക്രമവും നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ തമിഴ്നാട് പോലീസിലെ ക്യു ബ്രാഞ്ച്സംഘത്തോട് പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു.റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലും തമിഴ്നാട്ടിലും കര്‍ണാടകത്തിലും സ്ഫോടനങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതി തയാറാക്കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഘത്തിലെ മൂന്ന് പേര്‍ ചാവേര്‍ ആകാന്‍ പ്രത്യേക പരിശീലനം നേടിയിരുന്നുവെന്നാണ് ചോദ്യംചെയ്യല്‍ വേളയില്‍ വ്യക്തമായി.കഴിഞ്ഞ ദിവസം കര്‍ണാടകത്തിലെ ഉഡുപ്പിയില്‍നിന്നു തമിഴ്നാട് ക്യു ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്നലെ മുതല്‍ കര്‍ണാടക പോലീസും തമിഴ്നാട് പോലീസും ചോദ്യം ചെയ്തുവരികയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കര്‍ണാടക പോലീസ് പ്രതികളെ തമിഴ്നാട് പോലീസിന് കൈമാറി. ഇന്ന് തമിഴ്നാട് പോലീസ് സംഘം പ്രതികളെ തമിഴ്നാട്ടിലെ കോടതിയില്‍ ഹാജരാക്കും. തമിഴ്നാട്ടിലെ നിരോധിത തീവ്രവാദി സംഘടനയായ അല്‍ ഉമ്മയുടെ പുതിയ പതിപ്പായ ഇന്ത്യന്‍ നാഷണല്‍ ലീഗ് (തമിഴ്നാട്) എന്ന സംഘടനയിലെ അംഗങ്ങ ളാണ് തൗഫിക്കും സംഘവുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
ആശങ്കയുയർത്തി ചൈനയിൽ കൊറോണ വൈറസ് പടരുന്നു;ലോകമെങ്ങും പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്;പ്രധാന വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കാൻ നിര്‍ദേശം
ന്യൂഡൽഹി:ചൈനയിലെ വുഹാന്‍ നഗരത്തില്‍ പടര്‍ന്നു പിടിച്ച ന്യൂമോണിയയ്ക്കു കാരണം പുതിയ ഇനം കൊറോണ വൈറസ് ആണെന്ന് കണ്ടെത്തൽ.ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശരോഗങ്ങള്‍ക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.വൈറസ് ലോകമെമ്പാടും കത്തിപ്പടരാൻ സാധ്യതയുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടർന്ന് പ്രധാന വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകിക്കഴിഞ്ഞു.ഇതിന്റെ ആദ്യപടി എന്നോണം ഹോങ്കോങ്, ചൈന എന്നിവിടങ്ങളില്‍ നിന്നും അയല്‍രാജ്യങ്ങളില്‍ നിന്നും എത്തുന്നവരെ നിരീക്ഷിക്കാനാണ് ആലോചന. ഇതിനു മുന്നോടിയായി അധികൃതര്‍ ലോകാരോഗ്യ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.വുഹാനിലെ മത്സ്യമാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ക്കാണ് ആദ്യം വൈറസ് ബാധയുണ്ടായത്.പിന്നീട് രോഗബാധിതരായവര്‍ ആ മാര്‍ക്കറ്റിലെ സന്ദര്‍ശകരായിരുന്നുവെന്നാണു കണ്ടെത്തല്‍. അവിടെ വില്‍പനയ്‌ക്കെത്തിച്ച മൃഗങ്ങളില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നു കരുതുന്നു.പനിയും ശ്വാസതടസവുമാണു പ്രധാന രോഗലക്ഷണങ്ങള്‍.മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു പടരുന്ന വൈറസ് നിലവില്‍ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു പകരുന്നതായി കണ്ടെത്തിയിട്ടില്ല.മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ പുതിയ വൈറസിനെതിരെ ലോകമെങ്ങുമുള്ള ആശുപത്രികള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നു ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചതായി എമേര്‍ജിങ് ഡിസീസ് വിഭാഗത്തിന്റെ ചുമതലയുള്ള മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം;നാല് ആഴ്‌ചത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുത്
ന്യൂഡല്‍ഹി:പൗരത്വനിയമഭേദഗതിക്കെതിരെ ഡല്‍ഹി ജുമാ മസ്‌ജിദിന് സമീപം പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം അനുവദിച്ചു. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അടുത്ത നാല് ആഴ്‌ചത്തേക്ക് ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹിയില്‍ ഉണ്ടാകാന്‍ പാടില്ല. ഈ ആഴ്ചകളിലെ എല്ലാ ശനിയാഴ്ചയും യുപിയിലെ സഹറന്‍പുര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി ഒപ്പിടണം. അതിന് ശേഷം കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എല്ലാ മാസത്തിലേയും അവസാന ശനിയാഴ്ച സ്റ്റേഷനിലെത്തണം.ചികിത്സക്കായി ഡല്‍ഹിയി വരേണ്ടതുണ്ടെങ്കില്‍ പോലീസിനെ അറിയിക്കണം. ഡല്‍ഹിയില്‍ സമരങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍ ഒരു മാസത്തേക്ക് വിട്ട് നില്‍ക്കണം. തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചത്. അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി കാമിനി ലോയാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ ഡല്‍ഹി പൊലീസിനെതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണെന്ന് കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. ചന്ദ്രശേഖര്‍ മുന്‍പ് കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. ജാമ്യാപേക്ഷ പരിഗണിക്കുന്നപോള്‍ ഇക്കാര്യങ്ങള്‍ കൂടി പരിഗണിക്കണമെന്ന് പ്രോസിക്യൂട്ടര്‍ ഇന്ന് ചൂണ്ടിക്കാട്ടി. ധര്‍ണ നടത്താന്‍ അനുമതി തേടിക്കൊണ്ട് അദ്ദേഹം ഇ-മെയില്‍ അയച്ചിരുന്നെങ്കിലും അനുമതി നല്‍കിയിരുന്നില്ലെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.പ്രതിഷേധങ്ങള്‍ക്ക് അനുമതി നൽകുമ്പോൾ വ്യവസ്ഥകളും ചട്ടങ്ങളും പാലിക്കേണ്ടതുണ്ടെന്നത് ശരിയാണെന്നും, പക്ഷെ ചില സന്ദര്‍ഭങ്ങളില്‍ വിവേചനപരമായിട്ടാണ് നിങ്ങള്‍ അനുമതി നല്‍കുന്നതും നിഷേധിക്കുന്നതെന്നും, ഇതാണ് പ്രശ്‌നമെന്നും കോടതി മറുപടി നല്‍കി. ആസാദിനൊപ്പം അറസ്റ്റിലായ മറ്റു 15 പേര്‍ക്ക് ജനുവരി ഒന്‍പതിന് ജാമ്യം ലഭിച്ചിരുന്നു.ഡിസംബര്‍ 21-ന് പുലര്‍ച്ചെ നാടകീയമായിട്ടാണ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 31,ഫെബ്രുവരി 1 തീയതികളിൽ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് യൂണിയനുകൾ
ന്യൂഡൽഹി:ജനുവരി 31,ഫെബ്രുവരി 1 തീയതികളിൽ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് യൂണിയനുകൾ.വേതന വര്‍ധനവ് ആവശ്യപ്പെട്ട് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി തൊഴിലാളി സംഘടനകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.ജനുവരിയില്‍ നടക്കാന്‍ പോകുന്ന രണ്ടാമത്തെ ബാങ്ക് സമരമാണിത്. ജനുവരി എട്ട് തൊഴിലാളി സംഘടനകള്‍ നടത്തിയ ദേശവ്യാപക പണിമുടക്കില്‍ ബാങ്ക് യൂണിയനുകളും പങ്കെടുത്തിരുന്നു.കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുന്ന വേളയിലാണ് രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ദേശവ്യാപക ബാങ്ക് സമരം.ഒൻപത് ബാങ്ക് തൊഴിലാളി യൂണിയനുകളടങ്ങിയ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ (യുഎഫ്ബിയു) പ്രതിനിധികള്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു, അതില്‍ വേതനവുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ നിരവധി ആവശ്യങ്ങള്‍ നിരസിക്കപ്പെട്ടുവെന്ന് യൂണിയനുകള്‍ പറഞ്ഞു. രാജ്യവ്യാപക സമരത്തില്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല എന്നുണ്ടെങ്കില്‍ മാര്‍ച്ച് 11 മുതല്‍ 13 വരെ മൂന്ന് ദിവസം തുടര്‍ച്ചയായി പണിമുടക്കാനും യൂണിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്.
നിര്‍ഭയാ കേസില്‍ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി കോടതി തള്ളി
ന്യൂഡൽഹി:നിര്‍ഭയാ കേസില്‍ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി.മുകേഷ് സിംഗിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഹര്‍ജി തള്ളിയത്. മുകേഷ് സിംഗിന്റെ വാദം അംഗീകരിക്കാനാവില്ലെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. ദയാഹര്‍ജിയുടെ കാര്യം വിചാരണ കോടതിയില്‍ ഉന്നയിക്കാനും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ ദയാഹര്‍ജി നല്‍കാന്‍ നിയമപരമായ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുകേഷ് സിംഗ് ഹര്‍ജി നല്‍കിയത്.കേസിലെ പ്രതികളായ വിനയ് ശര്‍മ, മുകേഷ് കുമാര്‍, അക്ഷയ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത എന്നിവരെ അടുത്ത ബുധനാഴ്ച തൂക്കിലേറ്റാന്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയെങ്കിലും സുപ്രീംകോടതി തള്ളിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് പ്രതികളിലൊരാളായ മുകേഷ് സിംഗ് ദയാഹര്‍ജി നല്‍കിയത്.2012 ഡിസംബര്‍ 16-നാണ് 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ദില്ലിയില്‍ ബസ്സില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികള്‍ വഴിയില്‍ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടര്‍ന്ന് ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29-ന് മരണം സംഭവിക്കുകയായിരുന്നു.
നിര്‍ഭയ കേസ് പ്രതികളുടെ തിരുത്തല്‍ ഹരജികള്‍ സുപ്രീം കോടതി തള്ളി
ന്യൂഡൽഹി:നിര്‍ഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജികൾ സുപ്രീംകോടതി തള്ളി. പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവർ സമർപ്പിച്ച ഹർജികളാണ് തള്ളിയത്.ജസ്റ്റിസുമാരായ എന്‍.വി. രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍, ആര്‍.ബാനുമതി, അശോക് ഭൂഷന്‍ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.വിനയ് ശര്‍മയുടെയും മുകേഷ് സിങിന്‍റെയും മുന്നില്‍ ഇനി ദയാ ഹരജി നല്‍കുക എന്നൊരു വഴിയാണുള്ളത്.ദയാഹരജികള്‍ കൂടി തള്ളിയാല്‍ മാത്രമേ വധശിക്ഷ നടപ്പാക്കാനാകൂ. ഈ മാസം 22ന് വധശിക്ഷ നടപ്പാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.കേസിലെ മറ്റ് രണ്ട് പ്രതികളായ അക്ഷയ് കുമാര്‍, പവന്‍ ഗുപ്ത എന്നിവര്‍ക്കും വേണമെങ്കില്‍ തിരുത്തല്‍ ഹരജി നല്‍കാന്‍ അവസരമുണ്ട്.2012 ഡിസംബര്‍ 16നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ബസ്സിലാണ് 23 വയസ്സുകാരിയായ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്.ചികിത്സയിലിരിക്കവേ ഡിസംബര്‍ 29ന് പെണ്‍കുട്ടി മരിച്ചു. ഒന്നാം പ്രതി രാം സിങ് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയവേ തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ നിയമപ്രകാരം മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഇയാള്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി. ബാക്കി നാല് പേര്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.