പാറ്റ്ന:രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം അറസ്റ്റിൽ.അഞ്ച് സംസ്ഥാനങ്ങള്‍ രാജ്യദ്രോഹകുറ്റം ചുമത്തിയ ഷര്‍ജീല്‍ ഇമാമിനെ ബിഹാറില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത് .പ്രസംഗത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നതാണ് ഷര്‍ജീലിനെതിരായ കേസ്.’അഞ്ചു ലക്ഷം പേരെ സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ തല്‍ക്കാലത്തേക്കാണെങ്കിലും നമുക്ക് നോര്‍ത്ത് ഈസ്റ്റിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്താനാവും’ എന്ന് കഴിഞ്ഞ ദിവസം ഷാഹീന്‍ബാഗില്‍ നടത്തിയ പ്രസംഗത്തിനിടെ ഷര്‍ജീല്‍ പറഞ്ഞിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.യു.പി, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് അടക്കം 5 സംസ്ഥാനങ്ങളാണ് ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗത്തിനെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തത്.അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ കഴിഞ്ഞ 16 നായിരുന്നു ഷര്‍ജീല്‍ പ്രസംഗിച്ചത്.ഷര്‍ജീലിന്റെ വിദ്വേഷപ്രസംഗത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അലിഘഡ് പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഷര്‍ജില്‍ ഇമാമിനെതിരെ പൊലീസ് കേസെടുത്തത്. സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരെ വിവാദപ്രസ്താവനകള്‍ നടത്തിയതിനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയിലും സമാനമായ പ്രസംഗങ്ങള്‍ ഷര്‍ജീല്‍ ഇമാം നടത്തിയെന്നാണ് ഡല്‍ഹി പൊലീസ് ആരോപിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ ( രാജ്യദ്രോഹം), 153 എ ( മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കല്‍) 505 ( സമൂഹത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തല്‍ ) തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
മംഗലൂരു വിമാനത്താവളത്തിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് സയനൈഡ് ശേഖരം കണ്ടെത്തി
മംഗലൂരു:മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് സയനൈഡ് ശേഖരം കണ്ടെത്തി.കര്‍ണാടക ബാങ്കിന്റെ ഉഡുപ്പി കുഞ്ചിബെട്ടു ബ്രാഞ്ചിലെ ലോക്കറില്‍ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സയനൈഡ് ശേഖരം കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ ഇത് സയനൈഡ് ആണെന്ന് തെളിഞ്ഞിട്ടുമുണ്ട്. വിമാനത്താവളത്തില്‍ ബോംബ് വയ്ക്കാന്‍ കാരണം ജോലി കിട്ടാത്തതിന്റെ പ്രതികാരമാണെന്നാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് നേരത്തേ പറഞ്ഞിരുന്നത്. മംഗളൂരു വിമാനത്താവളത്തില്‍ ജോലിക്ക് അപേക്ഷിച്ചിട്ട് അവിടെ ജോലി ലഭിക്കാത്തതിന്റെ ദേഷ്യത്തിലാണ് ബോംബ് വെച്ചതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇയാളുടെ ബാങ്ക് ലോക്കറില്‍ നിന്ന് സയനൈഡ് ശേഖരം കണ്ടെത്തിയതോടെ പോലീസ് കേസ് പുതിയ വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്.ജനുവരി 20നാണ് വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തിയത്. പ്രതി ആദിത്യ റാവു പോലീസില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. രാവിലെ 8.45 ഓടെയാണ് മംഗലൂരു വിമാനത്താവളത്തിലെ ഇന്‍ഡിഗോ ടിക്കറ്റ് കൗണ്ടറിന് സമീപം കറുത്ത ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് സിഐഎസ് എഫ് നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വൈകിട്ട് 5.40 ഓടെയാണ് ബോംബ് നിര്‍വീര്യമാക്കിയത്. പത്ത് കിലോ സ്‌ഫോടകശക്തിയുള്ള ഐഇഡി ബോംബാണ് കണ്ടെത്തിയതെന്ന് വിദഗ്ദ സംഘം സ്ഥിരീകരിച്ചു.അരകിലോമീറ്റര്‍ ചുറ്റളവില്‍ ആഘാതമുണ്ടാക്കുവാനുള്ള പ്രഹര ശേഷി കണ്ടെടുത്ത ബോംബിനുണ്ടെന്നും അധികൃതര്‍ സൂചിപ്പിച്ചു.
കേന്ദ്ര മോട്ടോർ വാഹന ഭേദഗതി;പിഴത്തുക കുറച്ച കേരളത്തിന്റെ നടപടി അംഗീകരിച്ച് കേന്ദ്രം
തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിനുള്ള മോട്ടോര്‍ വാഹന പിഴത്തുക കുറച്ച കേരളത്തിന്റെ നടപടി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അംഗീകരിച്ചതായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗഡ്കരി കേരളത്തിന് മറുപടി കത്തു നല്‍കി.കുറ്റത്തിന് ആനുപാതികമല്ലാത്ത രീതിയില്‍ ഉയര്‍ന്ന പിഴത്തുക, പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനുള്ള കാലയളവ് അഞ്ച് വര്‍ഷത്തില്‍നിന്ന് ഒരു വര്‍ഷമായി കുറച്ചത്, സംസ്ഥാനത്തിന്റെ അധികാരത്തില്‍ കൈകടത്തുന്ന രീതിയില്‍ മേഖലയിലെ സ്വകാര്യവത്കരണം തുടങ്ങിയവയിലായിരുന്നു സംസ്ഥാനത്തിന്റെ വിയോജിപ്പ്.ഉയര്‍ന്ന പിഴത്തുക നിശ്ചയിച്ച് കേന്ദ്ര മോട്ടോര്‍വാഹന നിയമം പാസാക്കിയത് റോഡ് സുരക്ഷ പശ്ചാത്തലം പരിഗണിച്ചാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. എന്നാല്‍, ഓരോ സംസ്ഥാനത്തെയും പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ഇളവുവരുത്തി കോംബൗണ്ടിങ് ഫീസ് നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കുംവിധമാണ് കേന്ദ്രനിയമത്തിന്റെ ഇരുന്നൂറാം വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ക്കുള്ള പിഴത്തുക നിശ്ചയിച്ചത്.കേന്ദ്രനിയമത്തില്‍ നിശ്ചയിച്ച പിഴത്തുകയെക്കാള്‍ കുറഞ്ഞ തുക ഇരുന്നൂറാം വകുപ്പ് പ്രകാരം ഫീസായി നിശ്ചയിക്കുന്നത് തെറ്റാണെന്ന അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നേരത്തേ അയച്ചിരുന്നു. കേന്ദ്രമന്ത്രിയുടെ ഇപ്പോഴത്തെ കത്ത് പ്രകാരം പിഴത്തുകയെക്കാള്‍ കുറഞ്ഞനിരക്കില്‍ കോമ്ബൗണ്ടിങ് ഫീസ് നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച സംസ്ഥാനത്തിന്റെ നടപടി ശരിയാണെന്നു വ്യക്തമാക്കുന്നതാണ്.പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ച തീയതി മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതുക്കാമെന്ന വ്യവസ്ഥ മാര്‍ച്ച് 31 വരെ തുടരാമെന്നും കേന്ദ്രമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.
കൊറോണ വൈറസ്;ചൈനയിൽ മരിച്ചവരുടെ എണ്ണം 17 ആയി; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും
ബെയ്‌ജിങ്:കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 17 ആയി. 440 പേര്‍ക്ക് വൈറസ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ദേശീയ ആരോഗ്യ കമ്മീഷനാണ് വാര്‍ത്ത സ്ഥിതീകരിച്ചത്.ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം വ്യാപിക്കുമെന്ന് ആരോഗ്യ കമ്മീഷന്‍ മേധാവി ലി ബിന്‍ ബെയ്ജിംഗില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.അതേസമയം, പുതിയ രോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാനും അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന കാര്യം ചര്‍ച്ച ചെയ്യാനും ലോകാരോഗ്യസംഘടന യോഗം ചേരും. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ബുധനാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനം കൈകൊണ്ടിരുന്നില്ല. കൊറോണ വൈറസിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമാണെന്ന വിലയിരുത്തലില്‍ വ്യാഴാഴച വീണ്ടും യോഗം ചേരാന്‍ ഡബ്ല്യുഎച്ച്‌ഒ സമിതി തീരുമാനിക്കുകയായിരുന്നു.നേരത്തെ അഞ്ചുതവണ മാത്രമാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. എബോള പടര്‍ന്നപ്പോള്‍ രണ്ടുതവണയും പന്നിപ്പനി, പോളിയോ, സികാ വൈറസ് എന്നീ രോഗങ്ങള്‍ പടര്‍ന്ന സാഹചര്യങ്ങളില്‍ ഒരോ തവണയുമാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തിലെ പൊതുഗതാഗതവും വിമാന, ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവിടെയുള്ള ജനങ്ങളോട് നഗരം വിട്ട് പുറത്തുപോകരുതെന്ന നിര്‍ദേശവും അധിതൃതര്‍ നല്‍കിയിട്ടുണ്ട്. ആളുകള്‍ കൂടുന്ന പൊതുസമ്മേളനങ്ങളും മറ്റും ഒഴിവാക്കാനും നിര്‍ദേശമുണ്ട്.ഇതുവരെ ചൈനയില്‍ 470 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. മുന്‍കരുതലിന്റെ ഭാഗമായി രണ്ടായിരത്തിലേറെ ആളുകള്‍ നിരീക്ഷണത്തിലുണ്ട്. ജനങ്ങള്‍ വുഹാനിലേക്ക് യാത്ര ചെയ്യുന്നതിനും ചൈനീസ് അധികൃതര്‍ ബുധനാഴ്ച വിലക്കേര്‍പ്പെടുത്തി. യു.എസിലും മക്കാവുവിലും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു.
പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ ഇല്ല;ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിന് വിടും
ദില്ലി: പൗരത്വ നിമയ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിന് വിടാന്‍ സുപ്രീം കോടതിയുടെ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമത്തിന് സ്റ്റേ നല്‍കാനാവില്ലെന്നും സുപ്രീംകോടതി വാക്കാല്‍ വ്യക്തമാക്കി. സ്റ്റേ വേണ്ടെന്നും നിയമം നടപ്പിലാക്കുന്നത് രണ്ടു മാസത്തേക്ക് നീട്ടണമെന്നും കപില്‍ സിബല്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. നീട്ടിവെക്കുന്നത് സ്റ്റേക്ക് തുല്യമാണെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ എജിയുടെ വാദം.നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ രണ്ടായി പരിഗണിക്കാനും സുപ്രീം കോടതി തീരുമാനിച്ചു. അസം, ത്രിപുര ഹര്‍ജികള്‍ പ്രത്യേകം പരിഗണിക്കും. ഹര്‍ജികള്‍ ഭരണഘടാന ബെഞ്ചിന് വിടണമെന്ന് മനു അഭിഷേഗ് സിങ്വി കോടതിയില്‍ വാദിച്ചു. എല്ലാ ഹര്‍ജികള്‍ക്കും മറുപടി സത്യവാങ് മൂലം നല്‍കാന്‍ തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതുപ്രകാരം മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് 4 ആഴ്ച്ചത്തെ സമയം കോടതി അനുവദിച്ചു.നിയമം ഭരണഘടന വിരുദ്ധമാണെന്ന കാര്യത്തിലും, സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിലും ജനുവരി രണ്ടാം വാരത്തിനകം നിലപാട് അറിയിക്കണമെന്ന് കാണിച്ച് കോടതി കേന്ദ്രത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇതുവരെ മറുപടിയൊന്നു നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന് കോടതി സമയം നീട്ടി നല്‍കിയത്.
കൊറോണ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതായി ആശങ്ക;കൊച്ചി ഉള്‍പ്പെടെ ഏഴ് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡൽഹി:ചൈനയില്‍ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കൊച്ചി അടക്കമുള്ള ഏഴ് വിമാനത്താവളങ്ങളില്‍ വ്യോമയാന മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളുരു, ഹൈദരാബാദ് എന്നിവയാണ് മറ്റ് വിമാനത്താവളങ്ങള്‍.ചൈന, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശന ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിര്‍ദ്ദേശം.ചൈനയില്‍ 220 പേരിലാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ നാലുപേര്‍ ഇതുവരെ മരിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ചൈനയിലെ വുഹാന്‍ നഗരത്തില്‍ ന്യൂമോണിയക്ക് കാരണമായ കൊറോണ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്നതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡിസംബറില്‍ വുഹാനില്‍ കണ്ടെത്തിയ വൈറസ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടര്‍ന്നതായാണ് കണ്ടെത്തല്‍. വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്നതായി കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ബെയ്ജിങ്, ഷാങ്ഹായ് എന്നിവിടങ്ങളിലും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസ് പുതുവത്സരം ആഘോഷിക്കുന്നതിനായി ചൈനക്കാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാല്‍ വൈറസ് അതിവേഗം വ്യാപിക്കുമെന്നാണ് ആശങ്ക.
നഗ്നനേത്രങ്ങള്‍ കൊണ്ട് വലയ സൂര്യഗ്രഹണം നിരീക്ഷിച്ച രാജസ്ഥാനിലെ 15 വിദ്യാര്‍ഥികള്‍ക്ക് കാഴ്ചയ്ക്ക് ഗുരുതര തകരാര്‍ സംഭവിച്ചതായി റിപ്പോർട്ട്
രാജസ്ഥാൻ:മുന്നറിയിപ്പുകൾ അവഗണിച്ച് നഗ്നനേത്രങ്ങള്‍ കൊണ്ട് വലയ സൂര്യഗ്രഹണം നിരീക്ഷിച്ച രാജസ്ഥാനിലെ 15 വിദ്യാര്‍ഥികള്‍ക്ക് കാഴ്ചയ്ക്ക് ഗുരുതര തകരാര്‍ സംഭവിച്ചതായി റിപ്പോർട്ട്.പത്തിനും ഇരുപതിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് കണ്ണിന് സാരമായി തകരാറു പറ്റിയിരിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോർട്ട് ചെയ്യുന്നത്. ജയ്പൂര്‍ എസ്‌എംഎസ് ഹോസ്പിറ്റലിലെ നേത്രരോഗ വിഭാഗത്തിലാണ് കുട്ടികള്‍ ചികിത്സ തേടിയിരിക്കുന്നത്.മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ സൂര്യഗ്രഹണം കാണാന്‍ ശ്രമിച്ചതാണ് കുട്ടികളുടെ കാഴ്ചയെ ബാധിച്ചതെന്നും ഇത്തരം 15 കേസുകള്‍ ആശുപത്രിയിലെത്തിയതായും നേത്രരോഗ വിഭാഗം തലവന്‍ കമലേഷ് ഖില്‍നാനി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.സൂര്യഗ്രഹണം നേരിട്ട് വീക്ഷിച്ചത് മൂലം ഇവരുടെ റെറ്റിനയ്ക്ക് സാരമായി പൊള്ളലേറ്റതായും പൂര്‍ണ്ണമായും കാഴ്ച തിരിച്ച് കിട്ടില്ലെന്നും ഡോക്ടര്‍ പറയുന്നു. സോളാര്‍ റെറ്റിനൈറ്റിസ് എന്ന കാഴ്ച വൈകല്യമാണ് സംഭവിച്ചിരിക്കുന്നതെന്നും ഇത്തരം അവസ്ഥ നേരിട്ടവര്‍ക്ക് പ്രത്യേകം ചികിത്സയില്ലെന്നും ആറ് ആഴ്ചയോളം നടത്തുന്ന ചികിത്സകൊണ്ട് ചിലപ്പോള്‍ കാഴ്ച ഭാഗികമായി മാത്രമേ വീണ്ടെടുക്കാന്‍ സാധിക്കൂവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരത്തില്‍ കൂടുതല്‍ പേര്‍ക്ക് കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയും ഡോക്ടര്‍മാര്‍ തള്ളിക്കളയുന്നില്ല.
കളിയിക്കാവിള കൊലപാതക കേസിലെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി;മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി വിധി ഇന്ന്
തിരുവനന്തപുരം:കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.കസ്റ്റഡി അപേക്ഷയില്‍ കോടതി ഇന്നലെ വാദം കേട്ടിരുന്നു.നാഗര്‍കോവില്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക.28 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളുടെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. കസ്റ്റഡിയില്‍ ലഭിച്ചാല്‍ പ്രതികളെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷമാകും തെളിവെടുപ്പ്. ഗൂഢാലോചനയെ കുറിച്ചും സഹായം നല്‍കിയവരെ കുറിച്ചുമുള്ള വിവരങ്ങളാകും ചോദിച്ചറിയുക. കൃത്യത്തിന് ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്തിയിട്ടില്ല.അതേസമയം, കളിയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളില്‍ ഒരാളെ അനുകൂലിച്ച് പോസ്റ്റിട്ടയാളെ കസ്റ്റഡിയില്‍ എടുത്തു. കേസില്‍ പ്രതിയായ ഷെമീമിനെ അനുകൂലിച്ച് പോസ്റ്റിട്ടതിന് തേങ്ങാപട്ടണം സ്വദേശിയായ നവാസിനെയാണ് തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരത്തു നിന്നാണ് നവാസിനെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.കഴിഞ്ഞ ദിവസം കളിയിക്കാവിളയില്‍ എഎസ്‌ഐയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയും അല്‍ ഉമ്മ തലവനുമായ മെഹബൂബ് പാഷയെ പിടികൂടിയിരുന്നു.ബംഗളൂരു പൊലീസാണ് മെഹബൂബ് പാഷയെ പിടികൂടിയത്. കൂട്ടാളികളായ ജബീബുള്ളും അജ്മത്തുള്ളയും മന്‍സൂറും പിടിയിലായിട്ടുണ്ട്. സംഭവത്തിനു ഭീകര ബന്ധമുള്ളതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശികളായ സെയ്ദ് ഇബ്രാഹിം, അബ്ബാസ് എന്നിവരെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പ്രായപൂർത്തിയായിരുന്നില്ല എന്ന വാദം തെറ്റ്;നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്തയുടെ ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി തള്ളി. 2012ല്‍ കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പവന്‍ സുപ്രീം കോടതിയെ സമീപിച്ചത്.ജസ്റ്റിസുമാരായ ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍, എ.എസ്.ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ട ശേഷം തള്ളിയത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി നേരത്തെ ഡല്‍ഹി ഹൈക്കോടതിയും തള്ളിയിരുന്നു.അഡ്വ.എ.പി സിംഗാണ് പവന്‍ ഗുപ്തക്ക് വേണ്ടി ഇന്ന് കോടതിയില്‍ ഹാജരായത്. കേസില്‍ നീതിപൂര്‍വമായ വിചാരണ നടന്നിട്ടില്ലെന്നും നടന്നത് മാദ്ധ്യമവിചാരണയാണെന്നും പ്രതിയുടെ അഭിഭാഷകന്‍ എ.പി. സിംഗ് കോടതിയില്‍ വാദിച്ചു. സംഭവം നടക്കുമ്പോൾ പ്രതിക്ക് 16 വയസായിരുന്നു പ്രായമെന്നും ജനനരേഖ ഡല്‍ഹി പൊലീസ് മറച്ചുവച്ചെന്നും പ്രായത്തിന്റെ കാര്യത്തില്‍ വിചാരണക്കോടതി തിടുക്കപ്പെട്ട് വിധി പ്രസ്താവിച്ചുവെന്നും അഭിഭാഷകന്‍ പറഞ്ഞു.അതേസമയം പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശ്വാസ യോഗ്യമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു. കേസില്‍ പ്രതികളായ നാല് പേര്‍ക്കും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാന്‍ ഡല്‍ഹി തീസ് ഹസാരി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഇലക്‌ട്രിക് ഡെലിവറി റിക്ഷകളിറക്കാനൊരുങ്ങി ആമസോണ്‍
ന്യൂഡൽഹി:കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ഇന്ത്യയില്‍ ഇലക്‌ട്രിക് ഡെലിവറി റിക്ഷകളിറക്കാനൊരുങ്ങി ആമസോണ്‍.ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് തന്നെയാണ് പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്.കാലാവസ്ഥയെ ബാധിക്കാത്ത തരം സീറോ കാര്‍ബണുള്ള പൂര്‍ണ്ണമായും വൈദ്യുതി കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്നതാണ് ഈ റിക്ഷ. ഇന്ത്യയില്‍ ഒരു ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് നേരത്തെ തന്നെ കമ്പനി പ്രഖ്യാപിച്ചിരുന്നു. ചില്ലറ വ്യാപാരികളെ ആകര്‍ഷിക്കുന്നതിനായി ബെസോസ് തന്റെ വിപുലീകരിക്കുന്ന ഇ-കൊമേഴ്സ് ബിസിനസ്സിന്റെ ഭാഗമായി ശനിയാഴ്ച ഒരു കിരാന സ്റ്റോറിലേക്ക് (കോര്‍ണര്‍ സ്റ്റോര്‍) പാക്കേജ് കൈമാറിയിരുന്നു.ആമസോണ്‍ ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് കിരാന സ്റ്റോറുകളെി ഡെലിവറി പോയിന്റുകളായി പങ്കാളികളാക്കുമെന്നും ഇത് അധിക വരുമാനം നേടാന്‍ ഷോപ്പ് ഉടമകളെ സഹായിക്കുമെന്നും ബെസോസ് പറഞ്ഞു.