ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റ് ഇന്ന് രാവിലെ 11ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക.രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന സർവേ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.2019 -20 സാമ്പത്തിക വർഷത്തിൽ 7 മുതൽ ഏഴര ശതമാനമായിരുന്നു പ്രതീക്ഷിച്ച വളർച്ച നിരക്ക്. എന്നാൽ അത് അഞ്ചു ശതമാനത്തിൽ ഒതുങ്ങി. 2020-21 സാമ്പത്തിക വർഷത്തിൽ ആറു മുതൽ ആറര ശതമാനം ആണ് പ്രതീക്ഷിക്കുന്ന വളർച്ച നിരക്ക്.അത് കൈവരിക്കണമെങ്കിൽ ഉത്തേജന പാക്കേജുകൾ അനിവാര്യമാണെന്ന് വിദഗ്ധർ പറയുന്നു.കൂടാതെ ആഗോളതലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യമായ പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. കര്‍ഷകര്‍ക്കും ചെറുകിടവ്യവസായികള്‍ക്കും ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കൂടുതല്‍ അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷ.തൊഴില്‍ രഹിതര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പു നല്‍കുന്ന ബജറ്റ് കൂടിയാകും ഇത്തവണത്തേതെന്നും സ്വര്‍ണ തീരുവയില്‍ ഇളവും, പുതിയആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടായേക്കാമെന്നുമാണ് റിപ്പോര്‍ട്ട്.സാമ്പത്തിക വിഷയങ്ങളിലാകും ഇത്തവണത്തെ ബജറ്റ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കു കേന്ദ്ര സര്‍ക്കാര്‍ കുറിക്കുന്ന പ്രതിവിധി എന്താണെന്നാണു രാജ്യം ഉറ്റുനോക്കുന്നത്.
ചൈനയില്‍ നിന്ന് ഇന്ത്യക്കാരെയും കൊണ്ടുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി;സംഘത്തില്‍ 42 മലയാളികള്‍
ന്യൂഡൽഹി:കൊറോണ പടർന്നുപിടിച്ച ചൈനയിലെ വുഹാനില്‍നിന്നും ഇന്ത്യാക്കാരേയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി. 324 പേര്‍ അടങ്ങിയ സംഘം രാവിലെ 7.26ഓടെയാണ് ഡല്‍ഹിയിലെത്തിയത്.234 പുരുഷന്മാരും 30 സ്ത്രീകളുമടങ്ങുന്ന സംഘത്തില്‍ 211 പേര്‍ വിദ്യാര്‍ത്ഥികളും മൂന്ന് കുട്ടികളും എട്ട് കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നു. ഇതിൽ 42 പേർ മലയാളികളാണ്.ആന്ധ്രപ്രദേശില്‍ നിന്നുള്ളവരാണ് സംഘത്തില്‍ ഏറ്റവും കൂടുതലുള്ളത്,56 പേർ. തമിഴ്‌നാട്ടിൽ നിന്നും 53 പേരും സംഘത്തിലുണ്ട്. വൈറസ് ബാധയില്ലെന്ന് ചൈനീസ് അധികൃതര്‍ പരിശോധിച്ചുറപ്പാക്കിയവരെയാണ് തിരികെ കൊണ്ടുവരുന്നത്.ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് ഹെല്‍ത്ത് അതോറിറ്റി, സൈന്യത്തിന്റെ മെഡിക്കല്‍ സംഘം എന്നിവര്‍ യാത്രക്കാരെ പരിശോധിക്കും.ഇതില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ ബി.എച്ച്.ഡി.സി ആശുപത്രിയിലേക്ക് മാറ്റും.മറ്റുള്ളവരെ ഹരിയാനയിലെ മാനേസറിലെ ഐസോലേഷന്‍ ക്യാമ്പിലേക്ക് മാറ്റും.സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഐസോലേഷന്‍ ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.14 ദിവസമായിരിക്കും ഇവര്‍ ഐസോലേഷന്‍ ക്യാമ്പിൽ കഴിയുക.ഡല്‍ഹി റാംമനോഹര്‍ലോഹ്യ ആശുപത്രിയിലെ അഞ്ചുഡോക്ടര്‍മാരും എയര്‍ ഇന്ത്യയുടെ പാരാമെഡിക്കല്‍ സ്റ്റാഫുമായി ഡല്‍ഹിയില്‍നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട എയര്‍ഇന്ത്യയുടെ ബോയിങ് 747 വിമാനം വൈകിട്ടോടെയാണ് വുഹാനിലെത്തിയത്. രാത്രി പതിനൊന്നുമണിയോടെ ബോര്‍ഡിങ് നടപടികള്‍ പൂര്‍ത്തിയാക്കി വിമാനം ഡൽഹിയിലേക്ക് യാത്രതിരിച്ചു.
ചിക്കന്‍ സ്റ്റാളില്‍ കോഴിയിറച്ചിക്കൊപ്പം കാക്കയിറച്ചി വിറ്റു;രണ്ടുപേര്‍ അറസ്റ്റില്‍
തമിഴ്‌നാട്:രാമേശ്വരത്ത് ചിക്കന്‍ സ്റ്റാളില്‍ കോഴിയിറച്ചിക്കൊപ്പം കാക്കയിറച്ചി വിറ്റ സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റില്‍.വനം വകുപ്പാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടാതെ ഇവരില്‍ നിന്നും 150 ഓളം ചത്ത കാക്കകളെയും പിടികൂടിയിട്ടുണ്ട്.ക്ഷേത്രത്തില്‍ ബലിച്ചോര്‍ തിന്ന കാക്കകള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്തുവന്നത്. മദ്യം ചേര്‍ത്ത ഭക്ഷണം നല്‍കിയതാണ് കാക്കകളുടെ മരണത്തിന് കാരണമായത്. ഇങ്ങനെ ചത്ത കാക്കകളുടെ മാംസം കോഴിയിറച്ചിക്കൊപ്പം കലര്‍ത്തി ഇവര്‍ വിറ്റുവരികയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സേവന വേതന കരാര്‍ പരിഷ്‌ക്കരിക്കണമെന്ന ആവശ്യമുന്നയിച്ച് ബാങ്ക് ജീവനക്കാർ നടത്തുന്ന രണ്ട് ദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു
ന്യൂഡൽഹി:സേവന വേതന കരാര്‍ പരിഷ്‌ക്കരിക്കണമെന്ന ആവശ്യമുന്നയിച്ച് ബാങ്ക് ജീവനക്കാർ നടത്തുന്ന രണ്ട് ദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനംചെയ്ത പണിമുടക്കില്‍ പൊതു-സ്വകാര്യ മേഖലാ ബാങ്കുകളിലെ 10 ലക്ഷം ജീവനക്കാരും ഓഫീസര്‍മാരുമാണ് പങ്കെടുക്കുന്നത്.രണ്ടുദിവസവും പ്രതിഷേധ റാലിയും ധര്‍ണയും സംഘടിപ്പിക്കും.ശനിയാഴ്ച കലക്ടര്‍മാര്‍വഴി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും.ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച് 11 മുതല്‍ 13വരെ വീണ്ടും പണിമുടക്കും.അനുകൂല സാഹചര്യം ഉണ്ടായില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ അനിശ്ചിതകാല പണിമുടക്കാണ് ഉദ്ദേശിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.
കൊറോണ വൈറസ്;വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ഇന്ന് പുറപ്പെടും
ന്യൂഡൽഹി:ചൈനയിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം വെള്ളിയാഴ്ച പുറപ്പെടും.325 ഇന്ത്യക്കാരാണ് വുഹാനില്‍ കുടുങ്ങിക്കിടക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. ഡോക്ടര്‍മാര്‍ അടങ്ങിയ സംഘവുമായി ബോയിംഗ് 747 വിമാനമാണ് മുംബൈയില്‍ നിന്ന് പുറപ്പെടുക.വൈറസ് ബാധയേറ്റവര്‍ യാത്രയില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മാസ്‌കുകള്‍, ഗ്ലൗസുകള്‍, മരുന്ന് കൂടാതെ ഓരോ സീറ്റിലും ഭക്ഷണം വെള്ളം എന്നിവ നല്‍കും. ഡല്‍ഹിയില്‍ ഇറങ്ങിയ ശേഷമായിരിക്കും വിമാനം ചൈനയിലേയ്ക്ക് തിരിക്കുക. ആറ് മണിക്കൂറിനുള്ളില്‍ വിമാനം വുഹാനിലെത്തുമെന്ന് അധികൃതര്‍ പറഞ്ഞു. വുഹാന്‍, ഹുബെയ് പ്രവിശ്യകളില്‍ നിന്നുള്ളവരെ എത്തിക്കാന്‍ അനുമതി ലഭിച്ചതായി വിദേശ കാര്യമന്ത്രാലയവും വ്യോമയാന മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.ഇരു പ്രവിശ്യകളില്‍ നിന്നുമായി 600 ഇന്ത്യക്കാരെയാണ് ഒഴിപ്പിക്കുന്നത്.ഇന്ത്യയ്ക്ക് പുറമെ യു.കെ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളെല്ലാം സ്വന്തം പൗരന്മാരെ ചൈനയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ജനുവരി 31,ഫെബ്രുവരി ഒന്ന് ദിവസങ്ങളിൽ രാജ്യത്ത് ബാങ്ക് പണിമുടക്ക്; ഇടപാടുകൾ തടസ്സപ്പെടും
ന്യൂഡൽഹി:ജനുവരി 31, ഫെബ്രുവരി ഒന്ന് ദിവസങ്ങളിലായി രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.കാലാവധി കഴിഞ്ഞ സേവന വേതന കരാര്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ഭാരവാഹികളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പൊതു, സ്വകാര്യ മേഖല ബാങ്കുകളിലെ പത്തുലക്ഷം ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കിൽ പങ്കെടുക്കും.മുപ്പതിനു പ്രധാനകേന്ദ്രങ്ങളിലെല്ലാം പ്രതിഷേധറാലി സംഘടിപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം.ഫെബ്രുവരി ഒന്നിന് ജില്ലാ കളക്ടര്‍മാര്‍ വഴി പ്രധാനമന്ത്രിക്കു നിവേദനം നല്‍കും.ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച് 11 മുതല്‍ 13 വരെ വീണ്ടും പണിമുടക്കും.പെന്‍ഷന്‍ പരിഷ്കരിക്കുക, കുടുംബ പെന്‍ഷന്‍ വര്‍ധിപ്പിക്കുക, പ്രവര്‍ത്തന ലാഭാടിസ്ഥാനത്തില്‍ സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ട് പുതുക്കിനിശ്ചയിച്ച് പഞ്ചദിന വാര പ്രവര്‍ത്തനം നടപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങളും ജീവനക്കാർ മുന്നോട്ട് വെയ്ക്കുന്നുണ്ട്.
സാമ്പത്തിക തട്ടിപ്പ് കേസില്‍ മലയാളി പ്രവാസി വ്യവസായി സി.സി തമ്പിക്ക് ജാമ്യം
കൊറോണ വൈറസ് ബാധ;വുഹാനിലുള്ള ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാന്‍ ചൈനയുടെ അനുമതി
ബീജിംഗ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്നു വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കു നാട്ടിലേക്ക് മടങ്ങാന്‍ ചൈനയുടെ അനുമതി.നേരത്തെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ചൈന തടഞ്ഞിരുന്നു.തുടർന്ന് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ചൈന തയാറായത്.വുഹാനില്‍ നിന്ന് 250 ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി ഇന്ന് അര്‍ധരാത്രി മുംബൈയില്‍നിന്നു വിമാനം ചൈനയിലേക്ക് പുറപ്പെടും. ഇന്ത്യയില്‍ മടങ്ങി എത്തുന്നവരെ 14 ദിവസം പ്രത്യേകം നിരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി ജനുവരി 27ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വിദേശകാര്യ, സിവില്‍ ഏവിയേഷന്‍, ഷിപ്പിംഗ്, ഐ ആന്‍ഡ് ബി, പ്രതിരോധ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
കൊറോണ വൈറസ് ബാധ;വുഹാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളടക്കമുള്ള 250പേരെ തിരിച്ചെത്തിക്കാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി ഇന്ത്യ
ന്യൂഡൽഹി:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വുഹാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളടക്കമുള്ള 250പേരെ തിരിച്ചെത്തിക്കാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി ഇന്ത്യ.വിദേശകാര്യ-വ്യോമയാന മന്ത്രാലയങ്ങള്‍ സംയുക്തമായാണ് ഇവരെ നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുന്നത്. ചൈനീസ് അധികൃതരുടെ അനുമതി ലഭിച്ചാലുടന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനായി പ്രത്യേക വിമാനം ചൈനയിലേക്ക് തിരിക്കും എന്ന് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. അതേസമയം ഇന്ത്യയുടെ നീക്കത്തിനെ അനുകൂലിച്ചുള്ള നിലപാടല്ല ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് വിവരം.ലോകാരോഗ്യ സംഘടന ഒഴിപ്പിക്കലിനെ അനുകൂലിക്കുന്നില്ലെന്നായിരുന്നു ഇന്ത്യയിലെ ചൈനീസ് അംബാസിഡറുടെ നിലപാട്.വിദ്യാര്‍ത്ഥികളെ രക്ഷിക്കാനായി ഇന്ത്യ നടപടിയെടുക്കുമ്പോഴും ഇന്ത്യന്‍ എംബസിയുടെ ഇടപെടലിന് ശേഷവും തങ്ങള്‍ ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും രക്ഷിക്കണമെന്നും പറഞ്ഞ് കരയുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ പുറത്ത് വന്നിരുന്നു.
മഹാരാഷ്ട്രയില്‍ നിയന്ത്രണം വിട്ട ബസ് ഓട്ടോയുമായി കൂട്ടിയിടിച്ച് കിണറ്റില്‍ വീണു;20 പേർ മരിച്ചു
മഹാരാഷ്ട്ര:മഹാരാഷ്ട്രയില്‍ നിയന്ത്രണം വിട്ട ബസ് ഓട്ടോയുമായി കൂട്ടിയിടിച്ച് കിണറ്റില്‍ വീണ് 20 പേർ മരിച്ചു.നാസിക് ജില്ലയിലെ മാലേഗാവ് കാലവന്‍ റോഡില്‍ ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.ഓടികൊണ്ടിരുന്ന ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് ഓട്ടോയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും റോഡിന് സമീപത്തെ കിണറ്റിലേക്ക് മറിഞ്ഞു.അപകടത്തില്‍ 20 പേര്‍ മരിച്ചു.30 പേര്‍ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്.മഹാരാഷ്ട്രയിലെ ധൂലെയില്‍ നിന്ന് കാല്‍വനിലേക്ക് പോകുകയായിരുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസാണ് അപകടത്തില്‍ പെട്ടത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്.ബസിലുണ്ടായിരുന്നവരാണ് പരിക്കേറ്റവരിലേറെയും. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് നാസിക് എസ്പി അര്‍ഥി സിങ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികില്‍സാ ചെലവ് മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ വഹിക്കും.