മുംബൈ: മഹാരാഷ്ട്രയില്‍ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ബിജെപി എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. വാര്‍ധ ജില്ലയിലെ സെല്‍സുര ഗ്രാമത്തിന് സമീപത്ത് തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്.എംഎല്‍എ വിജയ് രഹാങ്കഡോലിന്റെ മകന്‍ അവിഷ്കര്‍ രഹങ്കഡോല്‍, നീരജ് ചൗഹാന്‍, നിതേഷ് സിംഗ്, വിവേക് നന്ദന്‍, പ്രത്യുഷ് സിംഗ്, ശുഭം ജയ്‌സ്വാള്‍, പവന്‍ ശക്തി എന്നിവരാണ് മരിച്ചത്. വാര്‍ധ ജില്ലയിലെ സവാംഗി ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളാണ് മരണപ്പെട്ടത്. ദിയോലിയില്‍ നിന്ന് വാര്‍ധയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നല്‍കും.
രാത്രി യാത്രാ നിയമങ്ങളിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ;തീരുമാനം തീവണ്ടിയാത്ര സുഗമമാക്കാൻ
ന്യൂഡൽഹി:തീവണ്ടി യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ രാത്രിയാത്ര നിയമങ്ങളിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. തീവണ്ടിക്കുള്ളിൽ ഉറക്കെ പാട്ടുവയ്‌ക്കുന്നതിനും, ഉച്ചത്തിൽ സംസാരിക്കുന്നതിനുമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. തീവണ്ടി യാത്രയ്‌ക്കിടെ ഉറക്കെ സംസാരിക്കുന്നതും പാട്ടുവയ്‌ക്കുന്നതും മറ്റ് യാത്രികർക്ക് വലിയ ശല്യമാണ് സൃഷ്ടിക്കാറ്. ഇതുമായി ബന്ധപ്പെട്ട് ദിനം പ്രതി നിരവധി പരാതികളും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് റെയിൽവേ മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനമുണ്ട്.തീവണ്ടിയ്‌ക്കുള്ളിൽ യാത്രികർ ഉറക്കെ പാട്ടുവയ്‌ക്കുകയോ സംസാരിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ജീവനക്കാർക്കാണ്. ഉത്തരവിന്റെ ലംഘനമുണ്ടായാൽ ആർപിഎഫ്, ടിടിആർ മറ്റ് ജീവനക്കാർ എന്നിവരെ ഉത്തരവാദികളായി പരിഗണിക്കും.ഇനി മുതൽ കോച്ചുകളിൽ രാത്രി 10 മണിയ്‌ക്ക് ശേഷം ലൈറ്റുകളും അണയ്‌ക്കാനും റെയിൽവേയുടെ നിർദ്ദേശമുണ്ട്. നൈറ്റ് ലൈറ്റുകൾ ഒഴികെ ബാക്കി എല്ലാ ലൈറ്റുകളും ഓഫ് ആക്കണം. നിർദ്ദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ കർശന നടപടി എടുക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.
രാജ്യത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തു; രോഗം സ്ഥിരീകരിച്ചത് ആറ് കുട്ടികൾക്ക്
ഭോപ്പാൽ: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ ആശങ്കയായി ഒമിക്രോണിന്റെ പുതിയ വകഭേദം. മധ്യ പ്രദേശിലെ ഇൻഡോറിലാണ് ഒമിക്രോണിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് ബാധിച്ച 12 പേരില്‍ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് ആറുപേരില്‍ പുതിയ വകഭേദം കണ്ടെത്തിയത്. ആറു പേരും കുട്ടികളാണ്.ജനുവരി ആറ് മുതല്‍ നടത്തിയ പരിശോധനകളിൽ ശ്വാസകോശത്തിന്റെ പ്രവർത്തനം വിലയിരുത്തിയാണ് ഇത് കണ്ടെത്തുന്നത്. ഒമിക്രോണിന്റെ മറ്റൊരു വകഭേദമായ ബിഎ.1 ഉം ചിലരിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇതിൽ പലരും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് വിദഗ്ധർ പറയുന്നത്. ഒമിക്രോണിന്റെ ഉപവകഭേദമായ ബി എ.2 ബാധിച്ച 21 കേസുകള്‍ കണ്ടെത്തിയതായി ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ചെയര്‍മാന്‍ വിനോദ് ഭണ്ഡാരി അറിയിച്ചു. ഇതില്‍ ആറുപേരിലാണ് ഒമൈക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഒരാൾ നവജാത ശിശുവാണെന്നാണ് റിപ്പോർട്ട്.ഒമിക്രോണിന്റെ വകഭേദങ്ങൾ അതിനേക്കാൾ അപകടകാരിയാകാൻ സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തൽ. ശ്വാസകോശ സംബന്ധമായ രോഗമുള്ളവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. രാജ്യത്ത് അതിവേഗത്തിൽ വ്യാപിക്കുന്ന ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ സംബന്ധിച്ച് പഠനങ്ങൾ പുരോഗമിക്കുകയാണ്.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്;ടിപിആര്‍ നിരക്കും കുറഞ്ഞു
ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,55,874 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 16.39 ശതമാനം കുറവാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്.3.06 ലക്ഷം കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22,36,842 ആയി.ദില്ലി, മുംബൈ, ബിഹാര്‍, ഗുജറാത്ത്, ഭോപാല്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ നഗരങ്ങളിലെല്ലാം കൊവിഡ് കേസുകളില്‍ കുറവുണ്ടായി. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കര്‍ണാടകത്തിലും പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു. മൂന്നാം തരംഗത്തിന്‍റെ തുടക്കത്തില്‍ രോഗവ്യാപനം ഏറ്റവും രൂക്ഷമായിരുന്ന മഹാരാഷ്ട്രയിലും കണക്കുകള്‍ ഗണ്യമായി കുറഞ്ഞു. 439 മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രാജ്യത്ത് 4,89,848 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 93.15 ആയി ഉയര്‍ന്നു.
പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി 2022 മാര്‍ച്ച് 31 വരെ നീട്ടി;ഏപ്രില്‍ 1 മുതല്‍ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമായി പ്രഖ്യാപിക്കും
ന്യൂഡൽഹി: പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി 2022 മാര്‍ച്ച് 31 വരെ നീട്ടി.ഏപ്രില്‍ 1 മുതല്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്ത പെര്‍മനന്റ് അക്കൗണ്ട് നമ്പർ (പാന്‍) കാര്‍ഡ് പ്രവര്‍ത്തന രഹിതമായി പ്രഖ്യാപിക്കും.ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139AA AA അനുസരിച്ച്, 2017 ജൂലൈ 1-ന് പാന്‍ ഉള്ള, ആധാര്‍ ലഭിക്കാന്‍ യോഗ്യതയുള്ള ഓരോ വ്യക്തിയും പാന്‍ ആധാറുമായി ലിങ്ക് ചെയ്യണം.ഓരോ തവണയും വ്യക്തി പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 10,000 രൂപ പിഴ ഈടാക്കാം. ഇത് ഐ-ടി നിയമത്തിലെ സെക്ഷന്‍ 272 ബി പ്രകാരമാണ്.അതേസമയം ഒരാള്‍ക്ക് ഒരു പാന്‍ മാത്രമേ ഉണ്ടാകൂ. ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ നേടുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നത് നിയമ വിരുദ്ധമാണ് കൂടാതെ 10,000 രൂപ വരെ പിഴ ഈടാക്കാം.
രാജ്യത്ത് കോവിഡ് മൂന്നാംതരംഗമെത്തിയെന്ന് ആരോഗ്യ വിദഗ്ധര്‍;വൈറസ് വ്യാപനം അതിതീവ്രം; സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാംതരംഗമെത്തിയെന്ന് ആരോഗ്യ വിദഗ്ധര്‍.ഒമിക്രോണ്‍ കൂടി എത്തിയതോടെ രാജ്യത്ത് വൈറസ് വ്യാപനം അതിതീവ്രമായിട്ടുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനയില്‍ 90,928 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 325 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം 50,000 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്നാണ് ഒറ്റദിവസം കൊണ്ട് 90,000ത്തിലേക്ക് എത്തിയിരിക്കുന്നത്. 24 മണിക്കൂറില്‍ ഇരട്ടിയിലധികം കേസുകള്‍ എന്നത് അതീവ ഗുരുതരമാണ്. അതിനാല്‍ സംസ്ഥാനങ്ങള്‍ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ്.ഡൽഹിയിൽ പ്രതിദിന കേസുകൾ 10,000 കടന്നു. ഇതേതുടർന്ന് ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വർധിപ്പിച്ചു. സർക്കാർ ജീവനക്കാരുടെ മെഡിക്കൽ ലീവ് ഒഴികെയുള്ള എല്ലാ അവധികളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്ത് വാരാന്ത്യ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരുന്നു. ഡൽഹിക്ക് പുറമെ മഹാരാഷ്ട്ര, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലും കോവിഡ്- ഒമിക്രോൺ കേസുകൾ വർധിക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ആറിരട്ടി വർധനയാണ് കോവിഡ് കേസുകളിൽ രേഖപ്പെടുത്തിയത്.
കോവാക്‌സിന്‍ സ്വീകരിച്ച കുട്ടികള്‍ക്ക് വേദനസംഹാരികള്‍ നൽകേണ്ടതില്ലെന്ന് ഭാരത് ബയോടെക്
മുംബൈ:കൊവാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം കുട്ടികള്‍ക്ക് വേദന സംഹാരികള്‍ നല്‍കേണ്ടെന്ന് വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്.രാജ്യത്ത് കുട്ടികൾക്ക് വാക്‌സിനേഷൻ തുടങ്ങിയ വേളയിലാണ് കുത്തിവെയ്പ്പിന് പിന്നാലെ പാരസെറ്റമോൾ കഴിക്കുന്ന പ്രവണതയെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചതെന്ന് ഭാരത് ബയോടെക്ക് അധികൃതർ പ്രതികരിച്ചു. കുട്ടികൾക്ക് കൊവാക്‌സിൻ നൽകിയതിന് ശേഷം പാരസെറ്റമോളിന്റെ 500 മില്ലി ഗ്രാം ടാബ്‌ലെറ്റ് മൂന്നെണ്ണം കഴിക്കാൻ പല വാക്‌സിനേഷൻ കേന്ദ്രങ്ങളും നിർദേശിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം.. എന്നാൽ കൊവാക്‌സിൻ എടുത്തതിന് ശേഷം പാരസെറ്റമോളോ ഏതെങ്കിലും വേദനസംഹാരികളോ കഴിക്കുന്ന രീതി ഭാരത് ബയോടെക്ക് ശുപാർശ ചെയ്യുകയില്ലെന്ന് അധികൃതർ അറിയിച്ചു.30,000 പേരിലാണ് കൊവാക്‌സിന്റെ ക്ലിനിക്കൽ പരിശോധന നടത്തിയത്. ഇതിൽ 10-20 ശതമാനം വ്യക്തികൾക്ക് മാത്രമായിരുന്നു പാർശ്വഫലങ്ങൾ. അവയിൽ ഭൂരിഭാഗവും തീവ്രമല്ലാത്ത പാർശ്വഫലങ്ങളാണ്. പരമാവധി രണ്ട് ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുന്ന തരത്തിലുള്ളവ. ഇത്തരം പാർശ്വഫലങ്ങൾക്ക് മരുന്ന് കഴിക്കേണ്ടതില്ല. അഥവാ കൊവാക്‌സിനെടുത്തതിന് ശേഷം കാര്യമായ ശാരീരിക പ്രശ്‌നങ്ങൾ തോന്നുകയും പ്രതിവിധി ആവശ്യമാണെന്ന് വരികയുമാണെങ്കിൽ ഡോക്ടറെ കണ്ടതിന് ശേഷം അവർ നിർദേശിക്കുന്ന മരുന്ന് കഴിക്കാവുന്നതാണെന്നും ഭാരത് ബയോടെക്ക് വ്യക്തമാക്കി.
കോവിഡ് വ്യാപനം;തമിഴ്‌നാട്ടില്‍ ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗണ്‍; സ്‌കൂളുകള്‍ അടച്ചു
ചെന്നൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഞായറാഴ്ച സമ്പൂർണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.ചെന്നൈ കോര്‍പറേഷന്‍ മേഖലയില്‍ വിവാഹം ഉള്‍പ്പെടെയുള്ള പൊതുചടങ്ങുകളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണവും കുറച്ചു.സ്‌കൂളുകളും അടച്ചു. ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്തി.ഇതുകൂടാതെ കോളേജുകളിലും നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. തമിഴ്‌നാട്ടില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിന് അടുത്തെത്തി. ഇതോടെയാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.അതിർത്തി ചെക്പോസ്റ്റുകളിലും തമിഴ്നാട് പരിശോധന ശക്തമാക്കിയിട്ടുണ്ട്.രണ്ടു ഡോസ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 72 മണിക്കൂറിനകമെടുത്ത ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാക്കി. ഇവയില്ലെങ്കില്‍ തമിഴ്നാട്ടിലേക്ക് പ്രവേശിക്കാനാവില്ല. ഇന്നലെ രാവിലെ 11 മണിയോടെയാണ് പരിശോധന ആരംഭിച്ചത്.കഴിഞ്ഞ ഒക്ടോബറില്‍ പരിശോധന പൂര്‍ണമായും അവസാനിപ്പിച്ച തമിഴ്‌നാട് ദേശീയപാതയില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ എടുത്തുമാറ്റി വാഹനങ്ങള്‍ക്ക് കടന്ന് പോകാനുള്ള സൗകര്യമൊരുക്കിയിരുന്നു. എന്നാല്‍ ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ഇന്നലെ മുതല്‍ ദേശീയപാതയില്‍ ബാരിക്കേഡുകള്‍ പുനസ്ഥാപിച്ച് പരിശോധനക്കായി വാഹനങ്ങള്‍ സര്‍വീസ് റോഡുവഴി തിരിച്ച് വിട്ടുതുടങ്ങി.
കോവിഡ് ബാധിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായുള്ള മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുതുക്കി
ന്യൂഡൽഹി: കോവിഡ് ബാധിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായുള്ള മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുതുക്കി.ചെറിയ ലക്ഷണങ്ങളോടു കൂടിയതോ ലക്ഷണങ്ങള്‍ തീരെ ഇല്ലാത്തതോ ആയ കോവിഡ് രോഗികള്‍ക്കാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനുള്ള നിര്‍ദ്ദേശം ആരോഗ്യമന്ത്രാലയം നല്‍കിയിരിക്കുന്നത്. കോവിഡ് വന്ന 60 വയസ്സ് കഴിഞ്ഞവരെ ആദ്യം പരിശോധിക്കണം. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ഹോം ഐസലേഷന്‍ ഇല്ല. പുതുക്കിയ മാര്‍ഗ്ഗരേഖ പ്രകാരം 7 ദിവസത്തെ നിരീക്ഷണത്തിനു ശേഷം പനിയോ മറ്റ് ലക്ഷണങ്ങളോ ഇല്ലെങ്കില്‍ വീണ്ടും ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ല. നിരീക്ഷണത്തില്‍ കഴിയുന്ന കാലയളവില്‍ രോഗികളും രോഗികളെ പരിചരിക്കുന്നവരും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ കുറിച്ചും പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.ആരോഗ്യനില രേഖപ്പെടുത്താനുള്ള ചാര്‍ട്ട് മാതൃക ഉള്‍പ്പെടുത്തുന്നതിനൊപ്പം ആരോഗ്യപ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഒമിക്രോണ്‍ ഭീതി;കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏർപ്പെടുത്തും;കേരളം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം
ബംഗലൂരു: ഒമിക്രോണ്‍ വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിൽ കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.കേരളം, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. കൊവിഡ് വ്യാപനം കൂടിയതും 149 ഒമിക്രോണ്‍ ബാധിതരെ തിരിച്ചരിഞ്ഞുമായ പശ്ചാതലം മുന്‍ നിര്‍ത്തിയാണ് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. വെള്ളിയാഴ്ച രാത്രി 10 മണിക്ക് ആരംഭിക്കുന്ന വാരാന്ത്യ കര്‍ഫ്യൂ തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെ യാണ് അവസാനിക്കുക.ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രധാന നഗരങ്ങള്‍ അടഞ്ഞ് കിടക്കും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങാന്‍ പാടില്ല. എന്നാല്‍, ഹോട്ടല്‍,പൊതു ഗതാഗതം എന്നിവ മുടക്കമില്ലാതെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍,പാരാമെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ളവയ്‌ക്കെല്ലാം രണ്ടാഴ്ചത്തേക്ക് അവധിപ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളിവരേ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും. പ്രകടനം, പൊതുയോഗം, പ്രതിഷേധ പരിപാടികള്‍ എന്നിവയ്‌ക്കെല്ലാം നിരോധനമുണ്ട്.