ഇന്ത്യ-ന്യൂസിലാൻഡ് മൂന്നാം ഏകദിനം; ന്യൂസിലാന്‍ഡിന്​ 297 റണ്‍സ്​ വിജയലക്ഷ്യം

keralanews india newzealand 3rd match newzealand needs 297runs to win

പോഷ്സ്ട്രൂം: ഇന്ത്യക്കെതിരായ മൂന്നാം ഏകദിന മല്‍സരത്തില്‍ ന്യൂസിലാന്‍ഡിന് 297 റണ്‍സ് വിജയലക്ഷ്യം.നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 296 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ കെ.എല്‍ രാഹുലും 62 റണ്‍സെടുത്ത ശ്രേയസ് അയ്യരുമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒൻപത്  റണ്‍സ് മാത്രമാണ് നേടിയത്. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. 32 റൺസെടുക്കുമ്പോഴേക്കും എം.എ അഗര്‍വാളും വിരാട് കോഹ്ലിയും പുറത്തായെങ്കിലും പൃഥ്വി ഷായും ശ്രേയസ് അയ്യറും കൂടി ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയി.എന്നാല്‍, മികച്ച രീതിയില്‍ കളിച്ചുകൊണ്ടിരിക്കെ പൃഥ്വി ഷാ റണ്‍ ഔട്ടായി.പൃഥ്വി ഷാ 42 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 40 റണ്‍സ് നേടി. പൃഥ്വി ഷാ റണ്‍ഔട്ടായതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. പിന്നീടെത്തിയ രാഹുല്‍ ശ്രേയസ് അയ്യര്‍ക്ക് മികച്ച പിന്തുണ നല്‍കി.113 പന്തില്‍ രാഹുല്‍ ഒൻപത് ഫോറിന്റേയും രണ്ട് സിക്‌സിന്റേയും സഹായത്തോടെ 112 റണ്‍സ് അടിച്ചെടുത്തു.ഏകദിനത്തില്‍ രാഹുലിന്റെ നാലാം സെഞ്ചുറിയാണിത്.ഇരുവരും നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി.രാഹുല്‍ പുറത്തായതോടെ ഒന്നിച്ച ശ്രേയസ് അയ്യരും മനീഷ് പാണ്ഡേയും പതിയെ ഇന്ത്യന്‍ സ്കോര്‍ മുന്നോട്ട് നീക്കി.ആദ്യ രണ്ട് മല്‍സരങ്ങളും തോറ്റ് പരമ്പര നഷ്ടപ്പെട്ട ഇന്ത്യ മാനംകാക്കുകയാണ് മൂന്നാം ഏകദിനത്തിലെ ജയത്തിലൂടെ ലക്ഷ്യമിടുന്നത്.

ഒരു രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ

keralanews central govt will introduce new one rupee notes soon

ന്യൂഡല്‍ഹി:നിരവധി സവിശേഷതകളും പ്രത്യേകതകളുമായി ഒരു രൂപയുടെ പുതിയ മാതൃകയിലുള്ള നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധന സെക്രട്ടറി അതാനു ചക്രബര്‍ത്തിയുടെ ഒപ്പോടുകൂടിയ നോട്ടിന് പിങ്കും പച്ചയും ചേര്‍ന്ന നിറമാണ്. സാധാരണയായി റിസര്‍വ്വ് ബാങ്ക് ആണ് നോട്ടുകള്‍ അച്ചടിച്ച്‌ പുറത്തിറക്കുന്നതെങ്കിലും പതിവിന് വിപരീതമായി പുതിയ ഒരു രൂപാ നാണയത്തിന്‍റെ മാതൃകയും രൂപയുടെ ചിഹ്നവും ഉള്‍പ്പെടുത്തിയുള്ള നോട്ടുകള്‍ കേന്ദ്ര ധനമന്ത്രാലയമാണ് പുറത്തിറക്കുന്നത്.പുതിയ നോട്ടില്‍ ഗവണ്‍മെന്‍റ് ഓഫ്‌ ഇന്ത്യ എന്നതിന് മുകളില്‍ ഭാരത് സര്‍ക്കാര്‍ എന്നുകൂടി ചേര്‍ത്തിട്ടുണ്ട്. 2020 ല്‍ പുറത്തിറങ്ങിയ ഒരു രൂപ നാണയത്തിന്‍റെ മാതൃകയാണ് ചേര്‍ത്തിട്ടുള്ളത്.വലതുവശത്ത് താഴെ ഇടതുനിന്ന് വലത്തേക്ക് വലുപ്പം കൂടിവരുന്ന രീതിയിലാണ് നമ്പർ ചേര്‍ത്തിരിക്കുന്നത്. ആദ്യത്തെ മൂന്ന് അക്കങ്ങള്‍ ഒരേ വലുപ്പത്തിലായിരിക്കും.കാര്‍ഷിക രംഗത്തെ മുന്നേറ്റം ചൂണ്ടിക്കാണിക്കുന്നതിന് വേണ്ടി രൂപയുടെ ചിഹ്നത്തിന് ധാന്യങ്ങള്‍ കൊണ്ടുള്ള രൂപഘടന ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോട്ടിന്‍റെ വലിപ്പം 9.7 x 6.3 സെന്റിമീറ്റര്‍ ആയിരിക്കും.കൂടാതെ നോട്ടില്‍ 15 ഇന്ത്യന്‍ ഭാഷയില്‍ രൂപയുടെ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ടാകും.’സാഗര്‍ സാമ്രാട്ട്’ എണ്ണ പര്യവേക്ഷണ കേന്ദ്രത്തിന്റെ ചിത്രവും നോട്ടില്‍ അടങ്ങിയിട്ടുണ്ട്.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്;49 സീറ്റുകളില്‍ ആം ആദ്മി ലീഡ് ചെയ്യുന്നു;ലീഡ് നില 20 ലേക്ക് ഉയര്‍ത്തി ബിജെപി;കോണ്‍ഗ്രസിന് ഒന്നുമില്ല

keralanews delhi election aam aadmi party leading in 49seats bjp has increased its lead to 20 and congress has nothing

ഡല്‍ഹി:നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ലീഡ് നില 20 ലേക്ക് ഉയര്‍ത്തി ബിജെപി. ആം ആദ്മി 49 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോഴും ആം ആദ്മി പാര്‍ട്ടിയായിരുന്നു ലീഡ് ചെയ്തിരുന്നത്.അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെ കണക്കു പ്രകാരം എഎപിയുടെ ലീഡ് നില 39 ഉം ബിജെപിയുടെ ലീഡുനില 19 ഉം ആണ്.നിലവില്‍ കോണ്‍ഗ്രസ്സ് ഒരിടത്തും ലീഡ് ചെയ്യാതെ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലും ഇല്ല.എഎപിയുടെ മനീഷ് സിസോദിയ പട്പട് ഗഞ്ചില്‍ ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ അരവിന്ദ് കെജ്രിവാല്‍ വിജയമുറപ്പിച്ച മട്ടാണ്. എഎപിയുടെ നിലവിലെ മന്ത്രിമാരെല്ലാം ലീഡ് ചെയ്യുന്നുണ്ട്.സൗത്ത് ഡല്‍ഹിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ സൗത്ത് ഡല്‍ഹിയില്‍ 6 സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് കഴിഞ്ഞു.കഴിഞ്ഞ തവണ എഎപി സ്ഥാനാര്‍ഥിയായി വിജയിച്ച അല്‍ക ലാംബ എഎപിയില്‍ നിന്ന് രാജിവെച്ച്‌ ഇത്തവണ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായാണ് ചാന്ദ്‌നി ചൗക്കില്‍ മത്സരിച്ചത്.ഈ മണ്ഡലത്തില്‍ എഎപി സ്ഥാനാര്‍ഥിയാണ് മുന്നേറുന്നത്.2015 ലെ തിരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. ബിജെപി 3 സീറ്റാണു നേടിയത്. ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 62.59% ആയിരുന്നു പോളിങ്.2015ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ബിജെപിക്ക് ഇത്തവണ 7% അധികം വോട്ടു വിഹിതം ലഭിച്ചിട്ടുണ്ട്.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്;വോട്ടെണ്ണൽ തുടങ്ങി;ആദ്യഫലസൂചനകളില്‍ ആം ആദ്മി മുന്നില്‍

keralanews delhi assembly election vote counting starts aam aadmi party is leading

ന്യൂഡൽഹി:ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ആം ആദ്മി പാർട്ടി മുന്നേറ്റം തുടരുകയാണ്.ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 62.59 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്.ഉച്ചയോടെ എല്ലാ മണ്ഡലങ്ങളിലെയും ചിത്രം ലഭിക്കും.വിവിപാറ്റ് റസീപ്‌റ്റും എണ്ണുന്നതിനാല്‍ അന്തിമ ഫലം വൈകാനിടയുണ്ട്. 2015ല്‍ 70ല്‍ 67 സീറ്റിന്റെ മഹാ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടി അധികാരം നിലനിറുത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന.1998 മുതല്‍ തുടര്‍ച്ചയായി 3 തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിച്ചില്ല.ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി സീറ്റ് ബി.ജെ.പി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്പോൾ 66-4 എന്നതായിരുന്നു കക്ഷിനില.വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ 52 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. 17 സീറ്റുകളില്‍ ബി.ജെ.പി ലും മുന്നിലാണ്.കോണ്‍ഗ്രസിന് ഒരു സീറ്റില്‍ മാത്രം ലീഡെന്നാണ് ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്.

ജപ്പാനില്‍ പിടിച്ചിട്ട ആഡംബര കപ്പലിലെ 66 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു; കപ്പലില്‍ ഇന്ത്യന്‍ ജീവനക്കാരും

keralanews corona virus infection confirmed in 66 onboard in luxury ship in japan

ടോക്കിയോ:ജപ്പാനിലെ യോകോഹോമ തീരത്ത് പിടിച്ചിട്ട ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസിലെ 66 യാത്രക്കാര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതൊടെ കപ്പലില്‍ വൈറസ് ബാധയേറ്റവരുടെ എണ്ണം 136 ആയി. ഇന്നലെ 70 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 3711 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതേ കപ്പലില്‍ യാത്ര ചെയ്ത ഒരാള്‍ക്ക് ഹോങ്കോങ്ങില്‍ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കപ്പല്‍ യോകോഹാമ തീരത്ത് തടഞ്ഞിട്ടത്.അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കപ്പലിലെ മുഴുവന്‍ യാത്രക്കാരെയും ജീവനക്കാരെയും പരിശോധിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ജപ്പാന്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി.പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ യാത്രക്കാരെ പുറത്തുവിടു.അതിനിടെ കപ്പലില്‍ 160ഓളം ഇന്ത്യന്‍ ജീവനക്കാര്‍ ഉണ്ടെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ഇവരിലൊരാള്‍ സഹായം അഭ്യര്‍ഥിക്കുന്ന വീഡിയോ ഫേസ്‌ബുക്ക് വഴി പുറത്തെത്തിയിരുന്നു.യാത്രക്കാരിലും ഇന്ത്യക്കാരുണ്ടെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും വ്യക്തമാക്കി. ഇവരില്‍ ആര്‍ക്കും വൈറസ് ബാധയേറ്റിട്ടില്ലെന്നും കാര്യങ്ങള്‍ സസൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ജയ്‌ശങ്കര്‍ ട്വീറ്റ് ചെയ്‌തു.

ശബരിമല കേസ്; നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ടത് ശരിയായ തീരുമാനമെന്ന് സുപ്രീം കോടതി

keralanews sabarimala case the supreme court has ruled that leaving legal issues to the bench is the right decision

ന്യൂഡൽഹി:ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ടത് ശരിയായ തീരുമാനമെന്ന് സുപ്രീംകോടതി.ഇത് സംബന്ധിച്ച എതിര്‍പ്പുകളെല്ലാം ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ദെ തള്ളി.ഏഴ് പരിഗണനാ വിഷയങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുക. വിഷയത്തില്‍ വിശാല ബെഞ്ച് 17 മുതൽ വാദം കേൾക്കും. മതധാര്‍മ്മികതയില്‍ ഭരണഘടനാ ധാര്‍മ്മികത ഉള്‍പ്പെടുമോ എന്നതടക്കമുള്ള ഏഴ് വിഷയങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുക. രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് ശബരിമല പുനഃപ്പരിശോധനാ ഹര്‍ജി വിശാല ബെഞ്ചിന് വിട്ടത്. ഈ മാസം പതിനേഴ് മുതല്‍ വിശാല ബെഞ്ച് വാദം കേള്‍ക്കും.ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ട നടപടി നിയമപരമാണോയെന്ന കാര്യത്തിലാണ് ഇന്ന് സുപ്രീംകോടതി വിധിയുണ്ടായിരിക്കുന്നത്. ‌ബുധനാഴ്ച മുതല്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ നേരത്തെ വ്യക്തമാക്കിയിരുന്നു.കോടതി പുറപ്പെടുവിച്ച ഒരു വിധി ‌പുനഃപരിശോധിക്കുണ്ടെന്ന് തീരുമാനിക്കാതെ വിശാല ബഞ്ചിന് വിടാന്‍ ഹരജി പരിഗണിക്കുന്ന ബഞ്ചിന് അധികാരമുണ്ടോയെന്ന കാര്യത്തിലാണ് സുപ്രീംകോടതി വിധി പറഞ്ഞിരിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി.

62.59 ശതമാനം; ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

keralanews 62 59 percent election commission releases polling percentage for delhi assembly polls

ന്യൂ ഡല്‍ഹി:കഴിഞ്ഞ ദിവസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 62.59 ശതമാനം പോളിങ് രേഖപ്പെടുത്തി. ഒന്നിലധികം തവണ ബാലറ്റുകളുടെ സൂക്ഷ്മ പരിശോധന നടത്തിയത് കൊണ്ടാണ് പോളിങ് ശതമാനം പുറത്തുവിടാന്‍ കാലതാമസം വന്നതെന്നും ഡല്‍ഹി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.അന്തിമ പോളിങ് ശതമാനം പുറത്തിടാന്‍ വൈകുന്നതില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടന്നു എന്ന ആരോപണവും ഇതിനൊപ്പം ഉയര്‍ന്നു. ഇതെല്ലാം നിഷേധിച്ചാണ് കമ്മിഷന്‍ അന്തിമ കണക്ക് പുറത്തുവിട്ടത്.ശനിയാഴ്ച രാത്രി പോളിങ് ശതമാനം 57 എന്നായിരുന്നു അറിയിച്ചിരുന്നത്. 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ അന്തിമ ശതമാനം 62.5 ആണെന്ന് കമ്മീഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കണക്കെടുപ്പ് പൂര്‍ത്തിയാകാത്തതു കൊണ്ടാണ് വൈകിയത് എന്നായിരുന്നു കമ്മീഷന്റെ വാദം.അന്തിമ കണക്ക് തയ്യാറായ ഉടനെ പുറത്തുവിടുകയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രണ്‍ബീര്‍ സിങ് അറിയിച്ചു. രാത്രിമഴുവന്‍ ഡാറ്റകള്‍ ശേഖരിക്കുകയായിരുന്നുവെന്നും റിട്ടേണിങ് ഓഫീസര്‍മാര്‍ തിരക്കായതിനലാണ് കണക്ക് വരാന്‍ വൈകിയതെന്നുമാണ് കമ്മിഷന്റെ വിശദീകരണം. ഒന്നിലധികം തവണ കണക്കുകള്‍ ഒത്തുനോക്കിയെന്നും കമ്മിഷന്‍ അവകാശപ്പെട്ടു.

മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നടന്‍ വിജയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

keralanews income tax department issued notice to actor vijay to appear for interrogation within three days

ചെന്നൈ:മൂന്ന് ദിവസത്തിനകം നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നടന്‍ വിജയ്ക്ക് ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചു.സ്വത്ത് വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച്‌ വിജയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.’ബിഗില്‍’ എന്ന സിനിമയുടെ സെറ്റില്‍ നിന്നാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടന്‍ വിജയിയെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് നടന്റെ സ്വത്ത് വിവരങ്ങള്‍ പരിശോധിച്ചു. പരിശോധന മുപ്പത് മണിക്കൂറോളം നീണ്ടു നിന്നു.എന്നാല്‍ നടന്‍ വിജയ്‌യുടെ വീട്ടില്‍ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അതിന് ശേഷം ആദായനികുതി വകുപ്പ് ഇറക്കിയ വാര്‍ത്താക്കുറിപ്പ്.അതേസമയം, ‘ബിഗില്‍’ എന്ന സിനിമയുടെ നിര്‍മാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്റെ ഉടമ അന്‍പുച്ചെഴിയന്റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടില്‍ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്നും ആദായനികുതി വകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 38 ഇടങ്ങളിലാണ് റെയ്ഡ് നടന്നതെന്നും ആദായനികുതി വകുപ്പിന്റെ വിശദീകരണം വന്നിരുന്നു.

ഓസ്‌കര്‍ 2020:വാക്കിന്‍ ഫീനിക്‌സ് മികച്ച നടന്‍;നടി റെനി സെല്‍വഗര്‍; സഹനടന്‍ ബ്രാഡ്പിറ്റ്

keralanews oscar awards 2020 joaquin phoenix is the best actor renee zellweger best actress and bradpitt best supporting actor

ലോസ് ഏഞ്ചൽസ്:92 ആമത് ഓസ്‌കര്‍ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു.ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്.കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഇത്തവണയും അവതാരകനില്ലാതെയാണ് ചടങ്ങ് നടക്കുന്നത്. കെവിന്‍ ഹാര്‍ട്ടായിരുന്നു കഴിഞ്ഞ തവണ അവതാരകനായി എത്തേണ്ടിയിരുന്നത്.എന്നാല്‍ സ്വവര്‍ഗരതിയെക്കുറിച്ച്‌ മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വിവാദമായതോടെ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടതായി വരികയായിരുന്നു.മികച്ച നടനുള്ള അവാര്‍ഡ് നേടിയത് വാക്വീന്‍ ഫീനിക്സാണ്. ജോക്കറിലെ പ്രകടനത്തിലൂടെയാണ് അദ്ദേഹം ഓസ്‌കര്‍അവാര്‍ഡ് നേടിയത്.റെനി സെല്‍വഗറാണ് മികച്ച നടി. ജൂഡിലെ അഭിനയത്തിലൂടെയാണ് റെനിക്ക് പുരസ്കാരം ലഭിച്ചത്. പാരസൈറ്റിലൂടെ ബോങ് ജൂ ഹോയാണ് മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ബ്രാഡ്പിറ്റാണ് മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിലെ അഭിനയത്തിലൂടെയാണ് ബ്രാഡ്പിറ്റിന് ഓസ്‌കര്‍ ലഭിച്ചത്. മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം ഹെയര്‍ ലവിനാണ്. മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള അവാര്‍ഡ് ബുന്‍ ജൂന്‍ ഹോയ്ക്കാണ് ലഭിച്ചത്. പാരസൈറ്റിലൂടെയാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കര്‍ സ്വന്തമാക്കുന്ന ആദ്യ കൊറിയന്‍ സിനിമ കൂടിയാണ് പാരസൈറ്റ്.ദ നെയ്‍ബേഴ്‍സ് വിന്‍ഡോയാണ് മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിമായി തിരഞ്ഞെടുത്തത്.മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം നേടിയത് ലിറ്റില്‍ വിമനാണ്.മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ പുരസ്കാരം വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡിനാണ് ലഭിച്ചത്. മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരം ഫോര്‍ഡ് V ഫെറാറിക്കാണ് ലഭിച്ചത്. ഒന്നാം ലോകമഹായുദ്ധം പശ്ചാത്തലമാക്കി നിര്‍മിച്ച 1917നാണ് മികച്ച ശബ്ദമിശ്രണത്തിനുള്ള അവാര്‍ഡ്. ഈ സിനിമയിലൂടെ റോജര്‍ ഡീകിന്‍സിന് മികച്ച ഛായാഗ്രഹണണത്തിനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1917 നാണ് മികച്ച വിഷ്വല്‍ എഫക്ടിനുള്ള പുര്സകാരം ലഭിച്ചത്. ഈ ചിത്രത്തിന് 10 നോമിനേഷന്‍ ലഭിച്ചിരുന്നു. മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടിയത് റോക്കറ്റ്മാനായിരുന്നു.

കൊറോണ വൈറസ് ;ചൈനയില്‍ മരിച്ചവരുടെ എണ്ണം 717 ആയി

keralanews corona virus death toll rises to 717 in china

ബെയ്‌ജിങ്‌:ചൈനയിൽ ഭീതി വിതച്ച് കൊറോണ വൈറസ് പടർന്നുപിടിക്കുന്നു.കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 717 ആയി. 3143 പേര്‍ക്ക് കൂടി പുതുതായി രോഗം  സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കവിഞ്ഞു. അതേസമയം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് പുതിയ കേസുകള്‍ കുറഞ്ഞതായും രോഗം നിയന്ത്രണ വിധേയമാകുന്നതിന്റെ സൂചനയാണിതെന്നും അധികൃതര്‍ അറിയിച്ചു.നിലവില്‍ ചൈനയെ കൂടാതെ 27 രാജ്യങ്ങളിലായി 320 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.കൊറോണയെ നേരിടാന്‍ ജനകീയയുദ്ധത്തിന് ബെയ്ജിംഗ് നിര്‍ദേശം നല്‍കി. ഒരു പ്രത്യേക കാര്യത്തിനായി ജനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ദീര്‍ഘകാല പോരാട്ടത്തെയാണ് ജനകീയ യുദ്ധം എന്നു വിശേഷിപ്പിക്കുന്നത്.അമേരിക്കയില്‍ 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.ജപ്പാനില്‍ പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ നടത്തിയ പരിശോധനയില്‍ 61 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.അതേസമയം കേരളത്തില്‍ മൂന്നു പേര്‍ക്ക് നോവല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സമയത്ത് ഏര്‍പ്പെടുത്തിയിരുന്ന സംസ്ഥാന ദുരന്ത പ്രഖ്യാപനം പിന്‍വലിച്ചു.വുഹാനില്‍നിന്ന് കേരളത്തിലെത്തിയ 72 പേരില്‍ 67 പേരുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. മാത്രമല്ല രോഗം സ്ഥിരീകരിച്ച മൂന്നു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഈ സാഹചര്യത്തിലാണ് ദുരന്ത പ്രഖ്യാപനം പിന്‍വലിച്ചത്.