ന്യൂഡല്‍ഹി: തീഹാര്‍ ജയിലില്‍ കഴിയുന്ന നിര്‍ഭയ പ്രതികള്‍ക്ക് കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കുമെന്ന് അധികൃതര്‍. അക്ഷയ്,വിനയ് ശര്‍മ്മ എന്നിവര്‍ക്ക് ബന്ധുക്കളെ കാണുന്നത് അറിയിക്കാന്‍ നിര്‍ദേശം നല്‍കി.അതേ സമയം മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സ ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ കുറ്റവാളി വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജിയിയില്‍ തീഹാര്‍ ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് പരിശോധിക്കും. കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പ്രതികളെ മാര്‍ച്ച് മൂന്നിന് രാവിലെ ആറിന് തൂക്കിലേറ്റും. ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. 2012 ഡിസംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം. 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ പ്രതികള്‍ ഓടുന്ന ബസില്‍ ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കി പുറത്തേക്ക് വലിച്ചെറിയുകയും ഗുരുതരമായ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.
മൈസൂരുവില്‍ കല്ലട ബസ് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു
മൈസൂരു:മൈസൂരുവില്‍ കല്ലട ബസ് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി ഷെറിന്‍ (20) ആണ് മരിച്ചത്.മൈസൂരു ഹുന്‍സൂരില്‍ പുലര്‍ച്ചെ നാലിനാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്ന കല്ലട ഗ്രൂപ്പിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. 20 യാത്രക്കാര്‍ക്ക് പരിക്കേറ്റതില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.ബസ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു.മരിച്ച ഷെറിന്റെ മൃതദേഹം മൈസൂര്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി.വാഹനം പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാര്‍ വേഗത കുറയ്ക്കാന്‍ ഇടക്കിടെ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ ഇതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറായില്ലെന്നാണ് യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു.
കോടതി വിധി അംഗീകരിക്കുന്നു;അഞ്ചേക്കർ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോർഡ്
ലക്‌നൗ:സുപ്രീം കോടതി വിധി അനുസരിക്കുന്നതായും അയോദ്ധ്യയില്‍ പള്ളി പണിയുന്നതിനായി കോടതി അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലം സ്വീകരിക്കുന്നതായും സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി.’ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന ചോദ്യം ഞങ്ങള്‍ ഇതുവരെ ഉന്നയിച്ചിട്ടില്ല. സ്വീകരിക്കില്ലെന്ന് പറഞ്ഞ് വിവാദങ്ങളുണ്ടാക്കുന്നത് മറ്റു ചിലരാണ്. ഭൂമി സ്വീകരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമില്ല. അങ്ങനെ ചെയ്താല്‍ അത് കോടതിയലക്ഷ്യമാകും. ഇതുമായി ബന്ധപ്പെട്ടുള്ള അടുത്ത നടപടി ഈ മാസം 24ന് യോഗം ചേര്‍ന്ന് തീരുമാനിക്കും’-ഫാറൂഖി പറഞ്ഞു.അയോദ്ധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് അവിടെ രാമക്ഷേത്രം പണിയമെന്നാണ് ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കഴിഞ്ഞ നവംബറില്‍ പ്രസ്താവിച്ചത്. പകരം മുസ്‌ലിങ്ങള്‍ക്ക് അയോദ്ധ്യയില്‍ തന്നെ അവര്‍ പറയുന്ന സ്ഥലത്ത് അഞ്ചേക്കര്‍ നല്‍കണമെന്നും വിധിച്ചു.
മൈസൂരുവില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
മൈസൂരു:മൈസൂരുവില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്.കല്ലട ബസാണ് അപകടത്തില്‍പ്പെട്ടത്. മൈസൂരു ഹുന്‍സൂരില്‍ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ഒരു സ്ത്രീയുടെ നില അതീവ ഗുരുതരമാണ്. ബംഗലൂരുവില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്നു ബസ്. ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു.ഇടിച്ച് മറിഞ്ഞ ബസില്‍ കുടുങ്ങിയ യാത്രക്കാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് വിവരം. അമിത വേഗത്തിലായിരുന്ന ഇയാളോട് വേഗം കുറയ്ക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
കമല്‍ ഹാസന്‍ നായകനാവുന്ന ‘ഇന്ത്യന്‍ 2’ വിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ അപകടം;അസിസ്റ്റന്റ് ഡയറക്റ്റർ ഉൾപ്പെടെ മൂന്നുപേർ മരിച്ചു
തമിഴ്നാട്:കമല്‍ ഹാസന്‍ നായകനാവുന്ഏറ്റവും പുതിയ ചിത്രമായ ‘ഇന്ത്യന്‍ 2’ വിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ അപകടം.മൂന്നുപേർ മരിച്ചു.പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഷൂട്ടിങിനിടെ ക്രെയിന്‍ മറിഞ്ഞ് വീണായിരുന്നു അപകടം.സിനിമയിലെ ഗാനരംഗം ചിത്രീകരിക്കുന്നതിന് മുന്നോടിയായി സെറ്റ് ഇടുന്ന ജോലി പുരോഗമിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ഭാരമേറിയ വലിയ ലൈറ്റുകള്‍ ചെരിഞ്ഞ് വീണതാണ് അപകടത്തിന് കാരണമായത്. 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഇരുന്ന ടെന്റിന് മുകളിലേക്ക് മറിയുകയായിരുന്നു. ക്രെയിന് അടിയില്‍ പെട്ട മൂന്ന് പേരാണ് തല്‍ക്ഷണം മരിച്ചത്. ശങ്കറിന്റെ സഹായി മധു, സഹസംവിധായകന്‍ ചന്ദ്രന്‍, കാറ്ററിങ് യൂണിറ്റ് അംഗം കൃഷ്ണ എന്നിവമരാണ് മരിച്ചത്.പൂനമല്ലി നസ്‌റത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയിലാണ് അപകടമുണ്ടായത്.സംവിധായകന്‍ ഷങ്കറിന് കാലിനു പരുക്കേറ്റതായി ആദ്യം വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് പരുക്കില്ലെന്ന് സിനിമാ വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തി വെച്ചു.അപകടം നടക്കുന്ന സമയത്ത് നടന്‍ കമല്‍ ഹാസനും സെറ്റിലുണ്ടായിരുന്നു.മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി കമല്‍ഹാസന്‍ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
കൊറോണ വൈറസ്:മരണസംഖ്യ രണ്ടായിരം കടന്നു
ചൈന:കൊറോണ വൈറസ് ബാധിച്ച് വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു.ചൈനയിലെ ഹ്യൂബെ പ്രവിശ്യയില്‍ മാത്രം ഇന്നലെ 132 പേര്‍ മരിച്ചു. ഇവിടെ 1693 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.ഇതോടെ ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 75,121 ആയി.രോഗത്തിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ നഗരത്തിലെ വുചാങ് ആശുപത്രി ഡയറക്ടര്‍ ഡോ. ലിയു ഷിമിങും കഴിഞ്ഞദിവസം വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചിരുന്നു. വുഹാനില്‍ രോഗബാധിതരെ കണ്ടെത്താനായി ആരോഗ്യവകുപ്പ് അധികൃതര്‍ വീടുകളില്‍ കയറി പരിശോധന ആരംഭിച്ചു.രോഗികളുമായി സമ്പർക്കം പുലര്‍ത്തിയ എല്ലാവരെയും നിര്‍ബന്ധിത പരിശോധനയ്ക്ക് വിധേയരാക്കും.വൈറസ് ബാധ കണ്ടെത്തുന്ന എല്ലാവരെയും പ്രത്യേക കേന്ദ്രങ്ങളില്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കും. ഇതിനായി നിരവധി താല്‍ക്കാലിക കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. ബീജിങ്, ഷാംഗായ് എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധ ഡോകടര്‍മാരും നഴ്സുമാരും ഉള്‍പ്പടെ ഏകദേശം 25,000 മെഡിക്കല്‍ ജീവനക്കാരാണ് കൊറോണ വൈറസ് ബാധിച്ചവരെ പരിചരിക്കുന്നതിനായി ഹ്യൂബെയില്‍ എത്തിയിട്ടുള്ളത്.അതേസമയം കൊറോണ ആശങ്കയെ തുടര്‍ന്ന് യോക്കോഹോമയില്‍ തടഞ്ഞ് വെച്ചിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് കപ്പലില്‍ നിന്ന് യാത്രാക്കാരെ വിട്ടയക്കുമെന്ന് ജപ്പാന്‍ അറിയിച്ചു. വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനം വുഹാനിലേക്ക് പോകും. സി17 മിലിറ്ററി എയര്‍ക്രാഫ്റ്റ് ഫെബ്രുവരി 20നായിരിക്കും വുഹാനിലെത്തുക.ചൈനയിലേക്ക് മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും ഇതേ വിമാനത്തില്‍ കയറ്റി അയക്കും.നേരത്തെ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളിലായി 645 ഇന്ത്യക്കാരെ തിരികെ രാജ്യത്തെത്തിച്ചിരുന്നു.
നിർഭയ കേസ് പ്രതികളുടെ വധശിക്ഷ മാർച്ച് മൂന്നിന് നടപ്പാക്കും
ന്യൂഡൽഹി:നിർഭയ കേസ് പ്രതികളുടെ വധശിക്ഷ മാർച്ച് മൂന്നിന് നടപ്പാക്കും.ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അഡീഷണല്‍ സെഷന്‍ ജഡ്ജ് ധര്‍മേന്ദര്‍ റാണയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. രാവിലെ ആറ് മണിക്കാണ് നാല് പ്രതികളുടേയും ശിക്ഷ നടപ്പാക്കുക. വിധിയില്‍ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ മാതാവ് പ്രതികരിച്ചു.ഫെബ്രുവരി ഒന്നിന് കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മയുടെ ദയാഹരജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയിരുന്നു.മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് താക്കൂര്‍ എന്നീ നാല് പ്രതികളുടെയും വധശിക്ഷ സ്റ്റേ ചെയ്തുകൊണ്ട് ജനുവരി 31ന് വിചാരണ കോടതി ഉത്തരവിട്ടിരുന്നു.പ്രതികളിലൊരാളുടെ ദയാഹരജി രാഷ്ട്രപതിയുടെ പരിഗണനയിലുള്ളതിനാലായിരുന്നു വിധി സ്റ്റേ ചെയ്തത്. നാല് പ്രതികളും നിലവില്‍ തിഹാര്‍ ജയിലിലാണ്. പ്രതിയായ പവന്‍ ഗുപ്ത ഇതുവരെ തിരുത്തല്‍ ഹരജിയോ ദയാഹരജിയോ നല്‍കിയിട്ടില്ല.പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറു പേരായിരുന്നു പ്രതികള്‍. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കി. മറ്റ് പ്രതികളായ മുകേഷ് (29), വിനയ് ശര്‍മ (23), അക്ഷയ് കുമാര്‍ സിങ് (31), പവന്‍ ഗുപ്ത (22) എന്നിവര്‍ക്ക് സുപ്രീംകോടതി വധശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് മൂന്നു വര്‍ഷം ജയില്‍ ശിക്ഷയാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചത്.
ശബരിമല യുവതീപ്രവേശന വിധി; സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ച് ഇന്ന് മുതല്‍ വാദം കേള്‍ക്കും
ന്യൂഡല്‍ഹി: ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ച് ഇന്ന് മുതല്‍ വാദം കേള്‍ക്കും.ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. വിഷയത്തില്‍ ബെഞ്ച് പരിഗണിക്കുന്ന ഏഴ് പരിഗണനാ വിഷയങ്ങള്‍ കഴിഞ്ഞ ആഴ്ച നിശ്ചയിച്ചിരുന്നു. അതേസമയം ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത ആചാരങ്ങളില്‍ കോടതികള്‍ ഇടപെടരുതെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതു വാദം നടക്കുമ്പോൾ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
ന്യൂഡൽഹി:ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.രാംലീല മൈതാനത്ത് രാവിലെ പത്തിനു നടക്കുന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു. കേജരിവാളിനെ മുഖ്യമന്ത്രിയായും ആറു മന്ത്രിമാരെയും രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ശനിയാഴ്ച നിയമിച്ചിരുന്നു.മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര ഗൗതം എന്നിവരാണ് മറ്റു മന്ത്രിമാര്‍. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇതര സംസ്ഥാന മുഖ്യമന്ത്രിമാരെയും നേതാക്കളെയും വിളിച്ചിട്ടില്ല. ഡല്‍ഹിയുടെ മാറ്റത്തിന് ചുക്കാന്‍പിടിച്ച, വിവിധ മേഖലകളില്‍നിന്നുള്ള അൻപതോളം പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിലെ വിശിഷ്ടാതിഥികള്‍. ഇവര്‍ കെജ്രിവാളിനൊപ്പം വേദി പങ്കിടും. അധ്യാപകര്‍, ജയ് ഭീം പദ്ധതിയിലെ ഗുണഭോക്താക്കളായ വിദ്യാര്‍ഥികള്‍, മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാര്‍, ബസ് മാര്‍ഷല്‍മാര്‍, സിഗ്‌നേച്ചര്‍ പാലത്തിന്റെ ശില്പികള്‍, ജോലിക്കിടയില്‍ ജീവന്‍ നഷ്ടപ്പെട്ട അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍, ബൈക്ക് ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, വീട്ടുപടിക്കല്‍ സേവനമെത്തിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുള്ളവരാണ് കെജ്രിവാളിനൊപ്പം വേദി പങ്കിടുക.
മാര്‍ച്ച് 31 നകം പാൻ കാർഡ് ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ അസാധുവാകും
ന്യൂഡൽഹി:2020 മാര്‍ച്ച് 31 നകം പാൻ കാർഡ് ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ അസാധുവാകും.നേരത്തെ പാനും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പലപ്രാവശ്യം നീട്ടിയിരുന്നു. നിലവിലെ സമയപരിധി 2020 മാര്‍ച്ച് 31 ന് അവസാനിക്കുന്നതാണ്. ഇനിയും 17.58 കോടി പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 2020 ജനുവരി 27 വരെ 30.75 കോടി പാനുകളാണ് ആധാറുമായി ബന്ധിപ്പിച്ചത്.’ജൂലൈ 1, 2017 വരെ പാൻ എടുത്തവർ മാർച്ച് 31-നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധവുവാകും. ആക്ടിന് കീഴിലുള്ള ഫർണിഷിംഗ്, അറിയിപ്പ്, ഉദ്ധരണികൾ എന്നിവയ്ക്ക് പിന്നീട് പാൻ ഉപയോഗിക്കാൻ കഴിയില്ലെന്നും’ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ് (സി.ബി.ഡി.ടി) അറിയിച്ചു. ‘സ്ഥിര അക്കൗണ്ട് നമ്പർ പ്രവർത്തനരഹിതമാകുന്ന രീതി’ എന്ന നോട്ടിഫിക്കേഷനിലൂടെയാണ് സി.ബി.ഡി.ടി ആദായനികുതി നിയമങ്ങൾ ഭേദഗതി ചെയ്തത്.ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന് 2018 സെപതംബറിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ കാർഡുകൾ അനുവദിക്കുന്നതിനും ബയോമെട്രിക് ഐ.ഡി നിർബന്ധമായി തുടരുമെന്നും കോടതി വ്യക്തമാക്കി.