കോട്ട: രാജസ്ഥാനില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.28 പേരുമായി ഇന്ന് പുലര്‍ച്ചെ കോട്ടയില്‍ നിന്ന് സവായ് മധോപൂരിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.കോട്ട-ദൗസ ഹൈവേയില്‍ ബുണ്ടി ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. പാപ്ടി ഗ്രാമത്തിനടത്തുള്ള പാലത്തില്‍ വെച്ച് ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കൈവരികളോ സുരക്ഷാ ഭിത്തികളോ ഇല്ലാത്ത പാലത്തില്‍ നിന്ന് ബസ് മേജ് നദിയിലേക്ക് പതിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.13 പേര്‍ സംഭവ സ്ഥലത്ത് വെച്ചും പത്ത് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. മരിച്ചവരില്‍ 11 പുരുഷന്‍മാരും 10 സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.
ഡൽഹി കലാപം;മരണം 17 ആയി;പോലീസുകാരടക്കം ഇരുനൂറോളം പേര്‍ക്ക്
ന്യൂഡല്‍ഹി:വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. പോലീസുകാരടക്കം ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.കലാപം നിയന്ത്രിക്കാന്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്രം അറിയിച്ചു.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ സംഘര്‍ഷ മേഖലയില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്പുര്‍, ജാഫറാബാദ് എന്നിവിടങ്ങളിലാണ് സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. നൂറുകണക്കിന് കടകളും വാഹനങ്ങളും കലാപകാരികള്‍ കത്തിച്ചു. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി യിട്ടുണ്ട്. സംഘര്‍ഷം വ്യാപിക്കുന്ന നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.ഡല്‍ഹി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു നിശ്ചയിച്ച കേരള സന്ദര്‍ശനം റദ്ദാക്കിയിരുന്നു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് അമിത് ഷാ കേരളത്തില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. സംഘര്‍ഷങ്ങള്‍ക്കിടെ നിര്‍ത്തി വച്ച മെട്രോ സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‍ അറിയിച്ചു. ഡല്‍ഹിയില്‍ അര്‍ധസൈനിക വിഭാഗങ്ങളടക്കം കൂടുതല്‍ സേനയെ വിന്യസിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച രാത്രി ചേര്‍ന്ന ഉന്നതതലയോഗം തീരുമാനമെടുത്തിരുന്നു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ഡല്‍ഹി അതിര്‍ത്തികള്‍ അടച്ചതായി പോലീസും അറിയിച്ചു. ജഫ്രാബാദ്, കര്‍വാള്‍ നഗര്‍,ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്‍പുര്‍ എന്നീ പ്രദേശങ്ങളില്‍ ഇപ്പോഴും കലാപ അന്തരീക്ഷം തുടരുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഡൽഹി കലാപം;മരണം ഏഴായി;പത്തിലധികം പേര്‍ക്ക് വെടിയേറ്റ് പരിക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജാഫറാബാദിലും ചാന്ദ്ബാഗിലും സിഎഎ അനുകൂലികളും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരണം ഏഴായി.തിങ്കളാഴ്ച ഹെഡ്‌കോണ്‍സ്റ്റബിള്‍ അടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു.തിങ്കളാഴ്ചയിലെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ രണ്ടുപേരാണ് ഇന്ന് രാവിലെ മരിച്ചത്.വടക്കു കിഴക്കന്‍ ഡല്‍ഹിയിലാണ് വ്യാപക ആക്രമണം അരങ്ങേറിയത്.ഇവിടെ മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. പത്തിലധികം പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. പരിക്കേറ്റ 10 പോലീസുകാരും 56 ഓളം പ്രക്ഷോഭകരും ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ അക്രമസംഭവങ്ങള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി അഭിഭാഷകനായ മെഹ്മൂദ് പ്രാച. അക്രമ സംഭവങ്ങളില്‍ കോടതി ഇടപെടണമെന്ന് മെഹ്മൂദ് പ്രാച ആവശ്യപ്പെട്ടു.ഈ ഹര്‍ജി ഷഹീന്‍ബാഗ് ഹര്‍ജിക്കൊപ്പം ബുധനാഴ്ച കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഷഹീന്‍ ബാഗ് കേസില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ അഭിഭാഷകനാണ് മെഹ്മൂദ് പ്രാച.
ഡല്‍ഹിയില്‍ സംഘർഷാവസ്ഥ തുടരുന്നു; പൊലീസുകാരനുള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു;പത്തിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവും തമ്മിൽ വടക്കുകിഴക്കൻ ഡൽഹിയിൽ തുടരുന്ന വ്യാപക സംഘർഷത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. പൊലീസുകാരനും തദ്ദേശവാസിയായ നാലു പേരുമാണ് കൊല്ലപ്പെട്ടത്.കല്ലേറിൽ പരിക്കേറ്റ ഹെഡ്കോണ്‍സ്റ്റബിള്‍ രത്തൻലാലാണ് കൊല്ലപ്പെട്ട പൊലീസുകാരൻ. വൈകീട്ടോടെയാണ് തദ്ദേശവാസിയായ മുഹമ്മദ് ഫുർഖാൻ കൊല്ലപ്പെട്ട വിവരം പുറത്തുവന്നത്. ക്രൂരമായ ശാരീരിക മർദനമേറ്റതിനെ തുടർന്നാണ് ഫുർഖാൻ കൊല്ലപ്പെട്ടത്.തിങ്കളാഴ്ച ഏറ്റുമുട്ടൽ നടന്ന മൗജ്പൂർ മേഖലയിലാണ് രത്തൻ ലാല്‍ ഉള്‍പ്പെടെയുള്ള പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന്റെ തലയ്ക്ക് നേരെ കല്ലേറുണ്ടായത്. ഇതേത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ രത്തൻ ലാലിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും തെരുവിലിറങ്ങിയവര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ നിരവധി വാഹനങ്ങള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും തീവെച്ചിരുന്നു. പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ലാത്തിചാർജ് നടത്തുകയും ചെയ്തിരുന്നു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വടക്ക് കിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സിഎഎ പ്രതിഷേധക്കാരെ നേരിടാനായി സിഎഎ അനുകൂലികള്‍ കല്ലുകള്‍ ലോറികളില്‍ കൊണ്ടുവരികയായിരുന്നുവെന്ന് പ്രതിഷേധക്കാർ പറയുന്നു. മതം ചോദിച്ചായിരുന്നു ആക്രമണമെന്ന് പരിക്കേറ്റവരുടെ ബന്ധുക്കള്‍ പറഞ്ഞു.പരിക്കേറ്റവരുമായി പോയ ആംബുലന്‍സിനെയും പ്രക്ഷോഭകാരികള്‍ വെറുതെവിട്ടില്ല. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ആക്രമണമെന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ജെഎന്‍യു വിദ്യാര്‍ഥി സഫ മാധ്യമങ്ങളോട് പറഞ്ഞു.പോലീസ് അക്രമികള്‍ക്കൊപ്പം നിന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
ഡൽഹിയിൽ സംഘർഷം തുടരുന്നു;അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് അമിത് ഷാ
ന്യൂഡൽഹി:ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘർഷം തുടരുന്നു.സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തിര യോഗം വിളിച്ചുചേർത്തു.തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി എകെ ഭല്ല, ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍, ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക്ക് തുടങ്ങിയവര്‍ പങ്കെടുത്തു. അക്രമ സംഭവങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ അമിത് ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. രാജ്യതലസ്ഥാനത്തെ സ്ഥിതിഗതികള്‍ അമിത് ഷാ നേരിട്ട് നിരീക്ഷിച്ചു വരികയാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്യുന്നു. സംഘര്‍ഷത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്.നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കി. വ്യാപാരസ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. ഒരു പോലീസുദ്യോഗസ്ഥനും സംഘര്‍ഷത്തിനിടെ മരിച്ചിരുന്നു.അതേസമയം ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രംഗത്തെത്തി. ഡല്‍ഹിയിലെ ജനങ്ങള്‍ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കണം. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ പരാജയപ്പെടുത്തണം. സംഘര്‍ഷത്തിനിടെ മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. മഹാത്മാ ഗാന്ധിയുടെ നാട്ടില്‍ അക്രമത്തിന് സ്ഥാനമില്ല. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഇവിടെ വിജയിക്കാനാവില്ലെന്നും സോണിയ പറഞ്ഞു.അക്രമ സംഭവങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്ക് കത്തയച്ചു.നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലുള്ള മുസ്ലിം വിഭാഗക്കാരുടെയും പട്ടികജാതിക്കാരുടെയും സുരക്ഷയില്‍ കടുത്ത ആശങ്കയുണ്ടെന്ന് അദ്ദേഹം കത്തില്‍ പറയുന്നു. അതിനിടെ, തന്റെ മണ്ഡലത്തില്‍ ഭീകരാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് വ്യക്തമാക്കി ബാബര്‍പുര്‍ എംഎല്‍എയും ഡല്‍ഹി മന്ത്രിയുമായ ഗോപാല്‍ റായ് രംഗത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് സ്ഥലത്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. അക്രമികള്‍ അഴിഞ്ഞാടുകയാണെന്നും തീവെപ്പ് നടത്തുന്നുവെന്നും എന്നാല്‍ പോലീസ് സ്ഥലത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സംഘര്‍ഷത്തെ അപലപിച്ച് എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസിയും രംഗത്തെത്തിയിട്ടുണ്ട്. വിദേശ രാജ്യത്തുനിന്നുള്ള അതിഥി ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷം രാജ്യത്തിന് നാണക്കേടാണെന്ന് അദ്ദേഹം ഹൈദരാബാദില്‍ ആരോപിച്ചു.
ഡൽഹിയിൽ വീണ്ടും അക്രമം;കല്ലേറിൽ പരിക്കേറ്റ പൊലീസുകാരൻ മരിച്ചു
ഡൽഹി:ഡല്‍ഹിയിലെ മൗജ്പുരിൽ പൗരത്വ ഭേദഗതി നിയമത്തെ (സി.എ.എ) അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിൽ സംഘർഷം.സംഘര്‍ഷത്തിനിടെ കല്ലേറില്‍ പരിക്കേറ്റ പൊലീസ് ഹെഡ് കോൺസ്റ്റബിൾ മരിച്ചു. ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലാണ് മരിച്ചത്. ഡല്‍ഹിയിലെ ഗോകൽപുരി എ.സി.പി ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് രത്തന്‍ ലാല്‍.തിങ്കളാഴ്ച ഏറ്റുമുട്ടൽ നടന്ന മൗജ്പൂർ മേഖലയിലാണ് രത്തൻ ലാല്‍ ഉള്‍പ്പെടെയുള്ള പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രത്തൻ ലാലിന്റെ തലയ്ക്ക് നേരെ കല്ലേറുണ്ടായത്. ഇതേത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ രത്തൻ ലാലിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് സംഘര്‍ഷമുണ്ടാകുന്നത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ ഒരുവിഭാഗം ആക്രമിക്കുകയായിരുന്നു. കല്ലേറുമുണ്ടായി. അക്രമത്തില്‍ ഒരു ഓട്ടോറിക്ഷയ്ക്കു തീപിടിച്ചു. പ്രക്ഷോഭത്തിനിടെ ഒരാള്‍ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്റെ നേര്‍ക്ക് തോക്കുമായി ഓടി. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി ഡല്‍ഹി പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. അക്രമം വര്‍ധിച്ചതിനെ തുടര്‍ന്ന് സമാധാനം പുനഃസ്ഥാപിക്കാന്‍ അര്‍ധസൈനികരെ വിളിപ്പിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വടക്ക് കിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം സംഭവത്തെ വളരെ ദുഃഖകരമെന്ന് വിശേഷിപ്പിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമർശിക്കുകയും ക്രമസമാധാനം പുനഃസ്ഥാപിക്കുകയും സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തി; ‘നമസ്തേ ട്രംപി’നൊരുങ്ങി രാജ്യം
അഹമ്മദാബാദ്:അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തി.ഡൊണാള്‍ഡ് ട്രംപിന്റെ വിമാനമായ ‘എയര്‍ ഫോഴ്സ് വണ്‍’ വിമാനത്തിൽ രാവിലെ 11.40 നാണ് അദ്ദേഹം അഹമ്മദാബാദില്‍ ലാന്‍ഡ് ചെയ്തത്. ഭാര്യ മെലാനിയ ട്രംപ്, മകള്‍ ഇവാങ്ക ട്രംപ്, മരുമകന്‍ ജാരെഡ് കുഷ്‌നര്‍ എന്നിവര്‍ ട്രംപി നോടപ്പം ഇന്ത്യാ സന്ദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വാഹനത്തില്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയിരുന്നു.വിമാനമിറങ്ങിയ ട്രംപിനെ മോദി ആശ്ലേഷിച്ചുകൊണ്ടാണ് സ്വീകരിച്ചത്.പ്രോട്ടോക്കോള്‍ മാറ്റിവച്ചാണ് പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി വിമാനത്താവളത്തിലേക്ക് എത്തിയിട്ടുള്ളത്. സാധാരണ യു.എസ് പ്രസിഡന്റുമാരെ സ്വീകരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ പ്രോട്ടോക്കോള്‍ മാറ്റിവച്ചുകൊണ്ട് എത്താറുണ്ട്. ട്രംപിനെ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി അദ്ദേഹത്തോടൊപ്പം അഹമ്മദാബാദില്‍ മൊട്ടേര സ്റ്റേഡിയത്തിലേക്ക് റോഡ് ഷോ നടത്തും. ശേഷം ഇരുവരും ചേര്‍ന്ന് സബര്‍മതി ആശ്രമം സന്ദര്‍ശിക്കാനായി പുറപ്പെടും.ട്രംപ് എത്തിയതോടെ’നമസ്തേ ട്രംപ്’ പരിപാടിക്ക് തുടക്കമായിരിക്കുകയാണ്.അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് 22കി.മി റോഡ് യാത്രയ്ക്കിടെ ട്രംപും മോദിയും ജനങ്ങളെ അഭിവാദ്യം ചെയ്യും. നഗരം മുഴുവന്‍ മോദിയുടെയും ട്രംപിന്റെയും ഫ്ലക്സുകളാണ്. 12.30 ന് മോട്ടേര സ്റ്റേഡിയത്തില്‍ നമസ്തേ ട്രംപ് ചടങ്ങാണ് പ്രധാന പരിപാടി. വൈകിട്ട് ആഗ്രയിലെത്തി താജ്മഹല്‍ സന്ദര്‍ശിക്കും.രാത്രിയോടെ ഡല്‍ഹിയിലെത്തും. ചൊവ്വാഴ്ച രാവിലെ ഗാന്ധിസമാധി സ്ഥലമായ രാജ്‌ഘട്ട് സന്ദർശിക്കും.പിന്നീട് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തും.11.30 ഓടെ ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക, കാശ്മീര്‍ വിഷയങ്ങള്‍ ട്രംപ് ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധ, സ്വതന്ത്രവ്യാപാര കരാറുകളും ചര്‍ച്ചചെയ്യും. തുടര്‍ന്ന് സംയുക്തവാര്‍ത്താസമ്മേളനം ഏതാനും ചില വാണിജ്യ കരാറുകളില്‍ ഒപ്പിടുമെങ്കിലും വമ്പൻ കരാറുകളൊന്നും പ്രഖ്യാപിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.അതിനിടെ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഇടതുപാര്‍ട്ടികള്‍. ട്രംപ് സ്വീകരിക്കുന്ന ഇന്ത്യ വിരുദ്ധ നയങ്ങള്‍ക്കെതിരെയും, ഏകാധിപത്യ നടപടികള്‍ക്കെതിരെയുമാണ് പ്രതിഷേധം.
സെനഗലിൽ പിടിയിലായ അധോലോക നായകൻ രവി പൂജാരിയെ ബെംഗളൂരുവിലെത്തിച്ചു
ന്യൂഡൽഹി:പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സെനഗലില്‍ പിടിയിലായ അധോലോക നായകൻ രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചു.സെനഗലിൽ നിന്നും ആദ്യം ഡൽഹിയിലെത്തിച്ച രവി പൂജാരിയെ ഇന്ന് പുലര്‍ച്ചയോടെ മറ്റൊരു വിമാനത്തില്‍ ബംഗളുരുവിലേക്ക് എത്തിച്ചിട്ടുണ്ട്. കൊലപാതകം ഉള്‍പ്പടെ 200 ഓളം കേസുകളില്‍ പ്രതിയാണ് രവി പൂജാരി. കര്‍ണാടക പൊലീസാണ് ഇയാള്‍ക്ക് ഒപ്പം ഉള്ളത്. നീണ്ട 15 വര്‍ഷക്കാലത്തോളം ഇയാൾ ഒളിവിലായിരുന്നു.
ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെ കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലേയും സെനഗലിലേയും പൊലീസ് ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് പൂജാരിയെ പിടികൂടിയത്. രണ്ടുവര്‍ഷം മുൻപ് വരെ ആസ്ട്രേലിയയില്‍ കഴിയുകയായിരുന്ന പൂജാരി പിന്നീട് സെനഗലില്‍ എത്തി. കഴിഞ്ഞ ജനുവരിയില്‍ സെനഗലില്‍ പിടിയിലായ പൂജാരി ജാമ്യം നേടിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുകയായിരുന്നു.ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനഫാസോയിലെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യാജ പേരിലാണ് പൂജാരി ആഫ്രിക്കയില്‍ കഴിഞ്ഞിരുന്നത്. ഇന്ത്യയില്‍ ഇയാള്‍ക്കെതിരെ കൊലക്കേസുകള്‍ അടക്കം ഇരുന്നൂറിലേറെ കേസുകളുണ്ട്. അടുത്തിടെ കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവയ്പ് കേസിലും പൂജാരിക്ക് പങ്കുണ്ട്.കര്‍ണാടക സ്വദേശിയായ പൂജാരി അധോലോക കുറ്റവാളികളായ ഛോട്ടാ രാജന്‍, ദാവൂദ് ഇബ്രാഹിം എന്നിവര്‍ക്ക് വേണ്ടിയാണ് പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്.
ടിവി പൊട്ടിത്തെറിച്ച് യുവതി മരിച്ചു; ഭർത്താവിനെയും കുഞ്ഞിനെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഭുവനേശ്വര്‍: പരിപാടി കണ്ടുകൊണ്ടിരിക്കുന്നതിനിടെ ടിവി പൊട്ടിത്തെറിച്ച് ഗൃഹനാഥ മരിച്ചു. സമീപമുണ്ടായിരുന്ന ഭര്‍ത്താവിനേയും ആറ് മാസം പ്രായമുള്ള കുഞ്ഞിനേയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒഡീഷയിലെ സുന്ദര്‍ഗഢ് ജില്ലയില്‍ വെള്ളിയാഴ്ചാണ് സംഭവം. ലഹന്ദബുഡ ഗ്രാമത്തിലെ ബോബിനായക് എന്ന യുവതിയാണ് മരിച്ചത്.വെള്ളിയാഴ്ച ടിവി സീരിയല്‍ കണ്ടുകൊണ്ടിരിക്കെയാണ് ടിവി പൊട്ടിത്തെറിക്കുകയായിരുന്നു.ഒപ്പം ഭര്‍ത്താവ് ദിലേശ്വര്‍ നായകും മകളുമുണ്ടായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.മൂന്ന് പേര്‍ക്കും ഗുരുതര പൊള്ളലേറ്റിരുന്നു. മാത്രമല്ല ടിവി പൊട്ടിത്തെറിച്ചുള്ള അപകടമായതിനാല്‍ ദേഹത്ത് ചില്ലുകളും കുത്തിക്കയറി പരിക്കേറ്റിട്ടുണ്ട്.പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വീട്ടിലേക്കുള്ള വൈദ്യുതി വിഛേദിച്ച ശേഷമായിരുന്നു രക്ഷാ പ്രവര്‍ത്തനം.ആശുപത്രിയില്‍ എത്തിച്ച് അല്പസമയത്തിനകം ബോബി മരിച്ചു. കുഞ്ഞിന്റെയും ഭര്‍ത്താവിന്റെയും നില ഗുരുതരമായതിനെത്തുടര്‍ന്ന് റൂര്‍ക്കല ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
നാളെ ഭാരത് ബന്ദ്;സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം
കൊച്ചി:സംവരണം മൗലിക അവകാശമല്ലെന്നും സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കാനാവില്ലെന്നുമുള്ള സുപ്രീം കാടതി വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് നാളെ.ഭാരത് ബന്ദിന്റെ ഭാഗമായി നാളെ സംസ്ഥാനത്ത് പട്ടികജാതി-പട്ടിക വര്‍ഗ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കേരള ചേരമര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ.ആര്‍ സദാനന്ദന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി. രാജു, ജനറല്‍ സെക്രട്ടറി എ .കെ സജീവ്, എന്‍ ഡി എല്‍ എഫ് സെക്രട്ടറി അഡ്വ. പി .ഒ ജോണ്‍, ഭീം ആര്‍മി ചീഫ് സുധ ഇരവിപേരൂര്‍, കേരള ചേരമര്‍ ഹിന്ദു അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുരേഷ് പി തങ്കപ്പന്‍, കെ.ഡി.പി സംസ്ഥാന കമ്മിറ്റി അംഗം സജി തൊടുപുഴ, കെ. പി. എം. എസ് ജില്ല കമ്മിറ്റിയംഗം ബാബു വൈക്കം, ആദി ജനസഭ ജനറല്‍ സെക്രട്ടറി സി ജെ തങ്കച്ചന്‍, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം കണ്‍വീനര്‍ എം ഡി തോമസ്, എന്‍ഡിഎല്‍എഫ് അംഗം രമേശ് അഞ്ചലശ്ശേരി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു.