ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സി വ്യാപാരത്തിന് ആര്‍.ബി.ഐ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി.2018 ലാണ് ആർബിഐ ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് നിരോധനം ഏർപ്പെടുത്തിയത്.നിരോധനം നീക്കിയതോടെ ബിറ്റ്കോയിന്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ കറന്‍സികള്‍ ഇന്ത്യയില്‍ നിയമവിധേയമാകും.സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.ക്രിപ്റ്റോകറന്‍സി സമ്പൂർണ്ണമായി നിരോധിക്കുക എന്നത് നിയമപരമായി ശരിയല്ലെന്നും ഇത്തരം കറന്‍സിയുടെ വ്യാപാരത്തിനായി നിയമപരമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുകയാണ് വേണ്ടതെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. ഡിജിറ്റല്‍ കറന്‍സിയുടെ ഇടപാടുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള എല്ലാ ഹർജികൾക്കും കോടതിയുടെ ഇന്നത്തെ ഉത്തരവ് ബാധകമാകും.ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ക്രിപ്റ്റോകറന്‍സിക്ക് നിരോധനമേര്‍പ്പെടുത്തിയ ആര്‍.ബി.ഐ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം, ആര്‍.ബി.ഐയുടെ കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ ക്രിപ്റ്റോ കറന്‍സി ഉപയോഗിക്കുന്നതിന് മാത്രമാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്രബാങ്ക് പ്രതികരിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളപ്പണം വെളുപ്പിക്കാനും ക്രിപ്റ്റോകറന്‍സി ഉപയോഗിക്കുന്നുണ്ടെന്നും ആര്‍.ബി.ഐ ആരോപിച്ചു.
കൊറോണ വൈറസ്;മുന്‍കരുതല്‍ ശക്തമാക്കി ഇന്ത്യ;രോഗലക്ഷണങ്ങളോടെ 19 പേര്‍ കൂടി നിരീക്ഷണത്തില്‍
ന്യൂഡൽഹി:കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ ശക്തമാക്കി ഇന്ത്യ. രോഗലക്ഷണങ്ങളോടെ 19 പേരെ കൂടി കണ്ടെത്തിയതോടെ രാജ്യം അതീവ ജാഗ്രതയിലാണ്. വിവിധ രാജ്യങ്ങളിലെ പൌരന്മാര്‍ക്കുള്ള വിസ ഇന്ത്യ റദ്ദാക്കി.ഇന്നലെയും ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് രാജ്യം മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ പൌരന്മാര്‍ക്കനുവദിച്ച വിസ ഇന്ത്യ റദ്ദാക്കി. സൌത്ത് കൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ പൌരന്മാര്‍ക്ക് ഇതോടെ ഇന്ത്യയിലെത്താനാവില്ല. ചൈനാ പൌരന്മാര്‍ക്കനുവദിച്ച വിസകള്‍ ഇന്ത്യ നേരത്തേ റദ്ദാക്കിയിരുന്നു. രാജസ്ഥാനിൽ ചികിത്സയിൽ കഴിയുന്ന ഇറ്റാലിയൻ സ്വദേശിക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ സ്ഥിരീകരിക്കും മുന്നേ ഇയാള്‍ രാജസ്ഥാനിലെ ആറ് ജില്ലകളിലൂടെയാണ് യാത്രകള്‍ നടത്തിയത്. ഇതും ഭീതി പടര്‍ത്തിയിരിക്കുകയാണ്. ഇയാൾ ഇടപഴകിയ ആളുകളും നിരീക്ഷണത്തിലാണ്. ഇറ്റാലിയന്‍ സ്വദേശിയെ രാജസ്ഥാനിലെ എസ്‌എംഎസ് ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്തു.പുണെയില്‍ നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്.രാജ്യത്തു പുതുതായി കൊറോണ സ്ഥിരീകരിക്കപ്പെട്ട മൂന്നാമത്തെ വ്യക്തിയാണ് ഇറ്റാലിയന്‍ സ്വദേശി.നേരത്തെ കേരളത്തില്‍ മൂന്നു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.ഇവരുടെ രോഗം പൂര്‍ണമായും സുഖപ്പെട്ടു. രോഗബാധിതനായ ഇറ്റലിക്കാരന്‍ സഞ്ചാരിയുടെ ഭാര്യയ്ക്കും കോവിഡ് വൈറസ് ബാധയെന്നു സംശയിക്കുന്നു.രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയ ഇവരുടെ ആദ്യ പരിശോധനാഫലങ്ങള്‍ സൂചിപ്പിക്കുന്നതു രോഗബാധ ഉണ്ടെന്നാണ്.സ്ഥിരീകരണത്തിനായി സാംപിളുകള്‍ പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഫെബ്രുവരി 28നാണ് ഇറ്റാലിയന്‍ സ്വദേശി ഇന്ത്യയിലെത്തിയത്.ഇറ്റലിയില്‍ നിന്ന് 23 പേരടങ്ങുന്ന സംഘത്തില്‍ ഫെബ്രുവരി 28നു നഗരത്തില്‍ എത്തിയതാണു രോഗബാധിതനായ ആളും. 21നു ഡല്‍ഹിയിലെത്തിയ സംഘം അവിടെനിന്ന് ജോധ്പുര്‍, ബിക്കാനേര്‍, ജയ്‌സാല്‍മേര്‍, ഉദയ്പുര്‍ അടക്കം ആറു ജില്ലകളില്‍ സന്ദര്‍ശനം നടത്തി.ഇതിന് ശേഷമാണ് ജയ്പുരില്‍ എത്തിയത്. അന്നു രാത്രി ചുമയും ശ്വാസ തടസവുമായി ആദ്യം സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു സവായ് മാന്‍സിങ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവര്‍ ജയ്പൂരില്‍നിന്ന് ആഗ്രയിലേക്കും അവിടെനിന്നു ഡല്‍ഹിയിലേക്കും യാത്ര തുടര്‍ന്നു. ഇവര്‍ ഇന്ത്യ വിട്ടതായാണ് അറിയുന്നത്. ഇവര്‍ താമസിച്ചിരുന്ന ഹോട്ടലിലെ ജോലിക്കാര്‍, ആദ്യം എത്തിയ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ എന്നിവര്‍ ഇതിനോടകം നിരീക്ഷണത്തിലാണ്. രോഗിയുമായും ഈ യാത്രാസംഘവുമായും ഇടപെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. അതിനിടെ തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരുകയും രോഗബാധിതനുമായി ഇടപെട്ടവരെ കണ്ടെത്തുന്നതിനും രോഗം പടരുന്നതു തടയുന്നതിനുമുള്ള നടപടികള്‍ ചര്‍ച്ച ചെയ്തു.കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ച ആളുമായി ഇടപഴകിയ കുടുംബാംഗങ്ങളടക്കം 6 പേരിലും രോഗം സ്ഥിരീകരിച്ചു. ആഗ്രയില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് 6 പേരില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇവരെ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ച 45 കാരനെയും ആര്‍എംഎല്‍ ആശുപത്രിയില്‍ നിന്നു സഫ്ദര്‍ജങ്ങിലേക്കു മാറ്റി.ബിസിനസുകാരനായ ഇയാള്‍ ഇറ്റലിയില്‍ നിന്നു വന്നപ്പോള്‍ വിമാനത്തില്‍ ഒപ്പം യാത്ര ചെയ്തവരോടും നിരീക്ഷണത്തിനു വിധേയരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ ഡല്‍ഹിയിലെ വീട്ടില്‍ മകളുടെ പിറന്നാള്‍ ആഘോഷവും ഇയാള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്ത മകളുടെ സഹപാഠികളെയും നിരീക്ഷിച്ചുവരികയാണ്. ഇവര്‍ പഠിക്കുന്ന സ്‌കൂള്‍ ഉള്‍പ്പെടെ നോയിഡയിലെ രണ്ട് സ്‌കൂളുകള്‍ അടക്കം ഡല്‍ഹിയില്‍ അഞ്ച് സ്‌കൂളുകള്‍ അടച്ചു.ഡല്‍ഹിയില്‍ കൊറോണ ഭീതി ശക്തമായതോടെ സ്‌കൂളുകള്‍ ഓരോന്നായി അടച്ചു തുടങ്ങി. നോയിഡയിലെ രണ്ട് സ്വകാര്യ സ്‌കൂളുകളാണ് ഇന്നലെ അടച്ചത്. ഇതില്‍ ഒരു സ്‌കൂളിന്റെ ഡല്‍ഹിയിലെ മറ്റ് മൂന്ന് ബ്രാഞ്ചുകളും കൂടി മുന്‍കരുതലെന്നോണം അടച്ചിട്ടു. ഡല്‍ഹി റസിഡന്റ് സ്‌കൂളായ ദി ശ്രീരാം മിലല്ലേനിയം സ്‌കൂളിലെ രണ്ട് കുട്ടികള്‍ക്ക് കൊറോണ എന്ന സംശയത്താലാണ് ഈ സ്‌കൂള്‍ വെള്ളിയാഴ്ച വരെ അടച്ചിട്ടിരിക്കുന്നത്. മറ്റ് സ്‌കൂളുകള്‍ മാര്‍ച്ച് പത്ത് വരെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
‘ഫേസ്ബുക്കും ട്വിറ്ററും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നു’; അപ്രതീക്ഷിത തീരുമാനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി:ഫേസ്ബുക്കും ട്വിറ്ററും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കാനുള്ള അപ്രതീക്ഷിത തീരുമാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.ഇക്കാര്യത്തില്‍ ഞായറാഴ്ച അന്തിമ തീരുമാനത്തിലെത്തുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ സമൂഹമാധ്യമങ്ങള്‍ ഒഴിവാക്കുന്ന കാര്യം ആലോചിക്കുന്നതായി പ്രധാനമന്ത്രി തന്നെയാണ് അറിയിച്ചത്.സമൂഹമാധ്യമങ്ങള്‍ വളരെ സജീവമായി ഉപയോഗിക്കുന്ന ലോക നേതാക്കളിലൊരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രധാനമായ പല പ്രഖ്യാപനങ്ങളും തീരുമാനങ്ങളും തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ജനങ്ങളിലേക്കെത്തിച്ച പ്രധാനമന്ത്രിയുടെ പുതിയ തീരുമാനത്തിന് പല വ്യാഖ്യാനങ്ങളും സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന് വരുന്നുണ്ട്.ട്വിറ്ററില്‍ മാത്രം അഞ്ച് കോടിയിലധികം ഫോളോവേഴ്സുള്ള ട്വിറ്റര്‍ ഹാന്‍ഡിലാണ് നരേന്ദ്ര മോദിയുടേത്. ഫെയ്സ്ബുക്കില്‍ നരേന്ദ്ര മോദിയെന്ന പേജ് ലൈക്ക് ചെയ്തിരിക്കുന്നത് നാല് കോടിയിലധികം ആളുകളാണ്. ഇന്‍സ്റ്റഗ്രാമില്‍ പ്രധാനമന്ത്രിയെ പിന്തുടരുന്നവരുടെ എണ്ണം മൂന്ന് കോടിയിലധികം വരും.പ്രതിപക്ഷത്തിനെ കടന്നാക്രമിക്കാനും രാജ്യത്തുണ്ടായ പല വിവാദങ്ങളിലും വിശദീകരണം നല്‍കാനും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം മികച്ച രീതിയില്‍ ഉപയോഗിച്ച നേതാവാണ് മോദി.യോഗ ചലഞ്ച് ഉള്‍പ്പടെ വിവിധ ക്യാമ്ബയിനുകള്‍ക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചത് സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു.
ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യുന്നതിനെ ചൊല്ലി ലോക്സഭയില്‍ കയ്യാങ്കളി;ബിജെപി എംപി ജസ്‌കൗര്‍ മീണ ശാരീരികമായി അക്രമിച്ചെന്ന് രമ്യ ഹരിദാസ് എം.പി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരങ്ങേറിയ കലാപം ചര്‍ച്ച ചെയ്യുന്നതിനെ ചൊല്ലി പാര്‍ലമെന്റില്‍ കയ്യാങ്കളി. പ്രതിഷേധ ബാനറുമായി സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തേക്ക് നീങ്ങിയ രമ്യ ഹരിദാസ് എംപിയെ ലോക്സഭയിലെ ബിജെപി വനിതാ എംപിമാര്‍ തടഞ്ഞു. ഭരണപക്ഷ നിരയിലേക്ക് അടുത്ത ഹൈബി ഈഡന്‍, ഗൗരവ് ഗോഗോയി എന്നിവരെ ഭരണപക്ഷ എം പി മാര്‍ പിടിച്ച് തള്ളി.രമ്യ ഹരിദാസ് എം പിയെ ബിജെപി എംപി ശാരീരികമായി ആക്രമിച്ചെന്നും പിന്നോക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിക്കപ്പെടുന്നതെന്നും സ്പീക്കറോട് ചോദിച്ച് രമ്യ ഹരിദാസ് പൊട്ടിക്കരഞ്ഞു.ബി.ജെ.പി എംപിയായ ജസ്‌കൗര്‍ മീണ അക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി രമ്യ ലോക്സഭാ സ്‌പീക്കർക്ക് പരാതി നൽകി. നാടകീയ സംഭവങ്ങളാണ് ലോക്സഭയിലുണ്ടായത്. ബിജെപി-കോണ്‍ഗ്രസ് എം.പിമാര്‍ തമ്മില്‍ സഭയില്‍ കയ്യാങ്കളിയുണ്ടായി. ഇരു വിഭാഗവും സ്‌പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്.ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരു സഭകളിലും നോട്ടീസ് നല്‍കിയിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ രണ്ട് മണിവരെ നിര്‍ത്തി വച്ചു. രണ്ട് മണിക്ക് ശേഷം സഭാ നടപടികള്‍ ആരംഭിച്ചപ്പോഴും പ്രതിപക്ഷ നിര വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഇതിനിടക്ക് ബില്ല് അവതരിപ്പിക്കാന്‍ രാജ്യസഭയില്‍ ശ്രമം നടന്നെങ്കിലും ബഹളം കാരണം അവസാനിപ്പിക്കുകയായിരുന്നു.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുയര്‍ത്തിയായിരുന്നു പ്രതിഷേധം. ബാനറുമായി സഭയുടെ നടുത്തളത്തിലുണ്ടായിരുന്ന ഗൗരവ് ഗോഗോയി ഹൈബി ഈഡന്‍ എന്നിവര്‍ ബിജെപി എംപി സംസാരിച്ച് തുടങ്ങിയപ്പോള്‍ മുഖം മറയ്ക്കുന്ന രീതിയില്‍ ബാനര്‍ പിടിച്ച് ഭരണനിരയ്ക്ക് അടുത്തെത്തിയതോടെയാണ് ഉന്തും തള്ളും ഉണ്ടായത്.ബിജെപി എംപിമാരെത്തി ഇരുവരെയും പിടിച്ച് തള്ളി. അതോടെ ബഹളം സംഘര്‍ഷത്തിന് വഴിമാറി. ബെന്നി ബെഹന്നാന്‍ അടക്കം കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ വരെ ഭരണ നിരയെ പ്രതിരോധിക്കാന്‍ ഇറങ്ങിയതോടെ സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവക്കുകയായിരുന്നു.
നിര്‍ഭയ കേസ്; പ്രതി പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി:നിര്‍ഭയ കേസിൽ പ്രതി പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി.പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി നിരാകരിച്ചു.ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.കേസിലെ പ്രതികളായ അക്ഷയ് കുമാര്‍ സിങ് (31), പവന്‍ ഗുപ്ത (25), മുകേഷ് കുമാര്‍ (32), വിനയ് ശര്‍മ (26) എന്നിവരുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിക്ക് നടപ്പാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ തിരുത്തല്‍ ഹര്‍ജി തള്ളിയതിനാല്‍ പവന്‍ ഗുപ്തയ്ക്ക് ഇനി രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാം. മറ്റു മൂന്നുപേരുടെയും ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. ദയാഹര്‍ജി തള്ളിയതിനെതിരെ മുകേഷും വിനയും കോടതിയെ സമീപിച്ചിരുന്നു.ഇതും തള്ളി. പ്രതികളിലൊരാളായ അക്ഷയ് കുമാര്‍ സിങ് രണ്ടാമതും ദയാഹര്‍ജി നല്‍കിയിട്ടുണ്ട്. പവന്‍ ഗുപ്ത തിങ്കളാഴ്ച ദയാഹര്‍ജി നല്‍കാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വധശിക്ഷ നടപ്പാക്കല്‍ ഇനിയും നീളുമെന്നാണ് സൂചന.2012 ഡിസംബര്‍ 16നാണ് ഓടുന്ന ബസില്‍ വെച്ച് പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. ആണ്‍ സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനുശേഷം ഓടുന്ന ബസില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഡെല്‍ഹിയിലും തുടര്‍ന്ന് സിംഗപ്പൂരിലും ചികിത്സതേടി.സിംഗപ്പൂരില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. കേസില്‍ ആറു പേരാണ് പ്രതികള്‍. മുഖ്യ പ്രതിയായ റാം സിങ് ജയിലില്‍ വച്ച് തൂങ്ങി മരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയിരുന്നു.
കൊറോണ വൈറസ്: മലയാളികളടക്കം 85 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നു
റോം:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ മലയാളികളടക്കം 85 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്.വടക്കന്‍ ഇറ്റലിയിലെ ലോംബാര്‍ഡി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാവിയ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് ഒരാഴ്ചയായി ഇവിടെ കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളില്‍ നാലുപേര്‍ മലയാളികളാണ്. 15 പേര്‍ തമിഴ്‌നാട്ടില്‍നിന്നും 20 പേര്‍ കര്‍ണാടകത്തില്‍നിന്നും 25 പേര്‍ തെലങ്കാനയില്‍നിന്നും രണ്ടുപേര്‍ ഡല്‍ഹിയില്‍നിന്നും രാജസ്ഥാന്‍, ഡെറാഡൂണ്‍, ഗുരുഗ്രാം എന്നിവിടങ്ങളില്‍നിന്ന് ഒരോ ആള്‍ വീതവുമാണുള്ളത്. പാവിയ സര്‍വകലാശാലയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്.സർവകലാശാലയിലെ സ്റ്റാഫുകളിലെ 15 പേര്‍ കൊറോണ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാണ്.മേഖലയില്‍ 17 മരണം റിപോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഇവിടെ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദുചെയ്തിരുന്നു. വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാവുമെന്ന് ഒരു വിദ്യാര്‍ഥി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.നഗരത്തിലെ പലചരക്കുകടകളില്‍നിന്നുള്ള സാധനങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു.അതേസമയം യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ പടരുകയാണ്. ലോകത്തിലുട നീളം 87,000 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍ ഞായറാഴ്ച മാത്രം 11 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. ചെക്ക് റിപ്പബ്ലിക്കിലും ,സ്‌കോട്ട്‌ലന്‍ഡിലും, ഡൊമിനിക്കല്‍ റിപ്പബ്ലിക്കിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി;മരണസംഖ്യ ഇനിയും കൂടാൻ സാധ്യത
കൊച്ചി:വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വഭേതഗതി നിയമത്തിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി.ചികിത്സയിൽ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമാണ്. അതിനാൽ മരണ സഖ്യ ഉയരുമെന്ന ആശങ്ക നിലനിൽക്കുന്നു.വടക്ക് കിഴക്കൻ ഡൽഹിയിലെ ക്രമസമാധാന നില സാധാരണ നിലയിൽ ആയെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും അക്രമം തുടരുകയാണ്. അക്രമ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈന്റ ഖജൂരി ഖാസിലെ വീടിന്റെ ടെറസ്സിൽ കല്ലുകളും പെട്രോൾ ബോംബുകളും സൂക്ഷിച്ചിരുന്നതായി ആരോപണമുയർന്നതിനെ തുടർന്ന് വീട് സീൽ ചെയ്തു.ഇന്റെലിജെൻസ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശർമ്മയുടെ കൊലപാതകത്തിൽ താഹിർ ഹുസൈന് പങ്കുണ്ടെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്ന് താഹിര്‍ ഹുസൈനെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.താഹിര്‍ ഹുസൈനെ ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. അതേസമയം കലാപം തുടങ്ങിയ ആദ്യ ദിവസം മുതല്‍ തന്റെ വീടിന്റെ നിയന്ത്രണം പൊലീസിന്റെ പക്കലായിരുന്നെന്ന് താഹിര്‍ ഹുസൈന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച ജസ്റ്റീസ് മുരളീധറിനെ സ്ഥലം മാറ്റി
ന്യൂഡൽഹി:ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദേശിച്ചതിന് തൊട്ടു പിന്നാലെ ഹരജി പരിഗണിച്ച ന്യായാധിപന്‍ ജസ്റ്റിസ് മുരളീധരിന് സ്ഥലം മാറ്റം.പഞ്ചാബ് ഹരിയാന കോടതിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്. നേരത്തേ കേസ് തന്നെ ജസ്റ്റിസ് മുരളീധരിന്‍റെ ബെഞ്ചില്‍ നിന്നും മാറ്റിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കുക.അതെ സമയം ജസ്റ്റിസ് മുരളീധരിന്റെ സ്ഥലമാറ്റം നീതിന്യായ വ്യവസ്ഥിതിയെ തകര്‍ക്കുന്നതാണെന്ന് പരക്കെ ആക്ഷേപമുണ്ട്. വിദ്വേഷ പ്രസംഗത്തിന് കേസെടുക്കാത്തതിൽ ഡൽഹി പൊലീസിനെ ജസ്റ്റിസ് എസ് മുരളീധരൻ ഇന്ന് രൂക്ഷമായി തന്നെ വിമർശിച്ചിരുന്നു. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഹർഷ് മന്ദറാണ് നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിൽ കേസെടുക്കാത്തത് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയില്‍ ഹരജി നൽകിയിരുന്നത്. കേസ് പരിഗണിക്കവേ വിദ്വേഷ പ്രസംഗങ്ങള്‍ കേട്ടിരുന്നില്ലേ എന്ന് സോളിസിറ്റര്‍ ജനറലിനോടും ദല്‍ഹി പൊലീസ് ഉന്നത ഉദ്യോഗസ്ഥനോടും ജഡ്ജി ചോദിച്ചിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന് മറുപടി പറഞ്ഞ ഇരുവര്‍ക്കും ജഡ്ജി തന്നെ വിദ്വേഷ പ്രസംഗങ്ങള്‍ കാണിച്ചു കൊടുക്കുകയായിരുന്നു. ഇതിന് ശേഷം നിലപാട് വ്യക്തമാക്കാന്‍ സോളിസിറ്റര്‍ ജനറലിനോട് നിര്‍ദേശം നല്‍കുകയായിരുന്നു.അതേസമയം ഡല്‍ഹി ഹൈക്കോടതി ജഡ്ജി എസ് മുരളീധറിനെ അര്‍ദ്ധരാത്രി സ്ഥലം മാറ്റിയതിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. സിബിഐ പ്രത്യേക ജഡ്ജിയായിരിക്കെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജസ്റ്റിസ് ലോയയെ അനുസ്മരിച്ചാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. സ്ഥലം മാറ്റത്തിന് വിധേയനാകാത്ത ധീരനായ ജസ്റ്റിസ് ലോയയെ ഓര്‍മിക്കുന്നുവെന്നു രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപണ വിധേയനായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവെ 2014 ഡിസംബര്‍ ഒന്നിനാണ് ജസ്റ്റിസ് ലോയ മരിച്ചത്.ജഡ്ജിയെ സ്ഥലം മാറ്റിയതിനെതിരെ പ്രിയങ്ക ഗാന്ധിയും രംഗത്തു വന്നു. നടപടി ലജ്ജാകരമെന്നു പറഞ്ഞ പ്രിയങ്ക ഗാന്ധി ജുഡീഷ്യറിയില്‍ ഉള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ട്വീറ്റ് ചെയ്തു.
ഡൽഹി കലാപം;മരണം 28 ആയി;വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കനത്ത ജാഗ്രത
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സംഘര്‍ഷത്തിലും കലാപത്തിലും മരിച്ചവരുടെ എണ്ണം 28 ആയി. ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ ഇന്ന് ഒരാള്‍ കൂടി മരിച്ചു. 150 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.അക്രമത്തില്‍ ഇതുവരെ 106 പേര്‍ അറസ്റ്റിലായി. 18 കേസുകള്‍ എടുത്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. അതേസമയം വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്ര മന്ത്രി അരുരാഗ് ഠാക്കൂര്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ഡല്‍ഹി ഹൈക്കോടതി ബെഞ്ചിലെ ജസ്റ്റിസ് എസ്. മുരളീധറിനെ അര്‍ദ്ധരാത്രിയില്‍ സ്ഥലം മാറ്റി. ഇതിനിടെ കലാപത്തില്‍ ഐക്യാരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി.’ഡല്‍ഹിയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സമാന സാഹചര്യങ്ങളില്‍ ചെയ്തത് പോലെ പരമാവധി സംയമനം പാലിക്കണം. അക്രമം ഒഴിവാക്കണം’ യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് പറഞ്ഞു.അതേസമയം, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യ ഗൗരവമായ ശ്രമങ്ങള്‍ നടത്തണമെന്ന് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷനും അറിയിച്ചു.ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളും, ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ വീടുകള്‍ക്കും കടകള്‍ക്കും ആരാധനാലയങ്ങള്‍ക്കുമെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആക്രമണങ്ങളും തങ്ങള്‍ക്ക് വളരെയധികം അസ്വസ്ഥത സൃഷ്ടിക്കുന്നു. ഉത്തരവാദിത്തമുള്ള ഏതൊരു സര്‍ക്കാരിന്റേയും കടമകളിലൊന്ന് പൗരന്മാര്‍ക്ക് സംരക്ഷണവും ശാരീരിക സുരക്ഷയും നല്‍കുക എന്നത്. ജനക്കൂട്ടം അക്രമത്തിലൂടെ ലക്ഷ്യമിടുന്ന മുസ്ലീങ്ങളേയും മറ്റുള്ളവരേയും സംരക്ഷിക്കാന്‍ ഗൗരവമായ ശ്രമങ്ങള്‍ നടത്താന്‍ ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്യ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
കൊറോണ വൈറസ്;ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 119 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു
ന്യൂഡൽഹി:കൊറോണ വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 119 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു.പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്.യാത്രക്കാരെ ഇന്ത്യയിലെത്തിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ ജാപ്പനീസ് അധികൃതര്‍ക്കും എയര്‍ ഇന്ത്യയ്ക്കും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പ്രത്യേകം നന്ദി അറിയിച്ചു.ഇന്ത്യക്കാര്‍ക്ക് പുറമേ ശ്രീലങ്ക, നേപ്പാള്‍, സൗത്ത് ആഫ്രിക്ക, പെറു എന്നീ രാജ്യങ്ങളില്‍നിന്നായി അഞ്ചു പേരും വിമാനത്തിലുണ്ടായിരുന്നു. 119 പേരെയും നിരീക്ഷണത്തിനായി 14 ദിവസം ഡല്‍ഹിയിലെ ചാവ്‌ല ഐടിബിപി ക്യാമ്പിൽ താമസിപ്പിക്കും.കൊറോണ വൈറസ് സംശയത്തെത്തുടര്‍ന്ന് ഡയമണ്ട് പ്രിന്‍സസ് കപ്പല്‍ ഫെബ്രുവരി അഞ്ചിനാണ് ജാപ്പനീസ് തീരത്ത് പിടിച്ചിട്ടത്.കപ്പലില്‍ ആകെയുള്ള 3711 യാത്രക്കാരില്‍ 138 ഇന്ത്യക്കാരാണുണ്ടായിരുന്നത്. ഇതില്‍ ആറ് യാത്രക്കാര്‍ ഒഴികെ 132 പേരും കപ്പലിലെ ജീവനക്കാരായിരുന്നു.പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ച 16 ഇന്ത്യക്കാര്‍ ജപ്പാനില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.