ബെംഗളൂരു:ചിക്കന്‍ കഴിച്ചാല്‍ കൊറോണ വൈറസ് ബാധിക്കുമെന്ന വ്യാജപ്രചാരണത്തെ തുടർന്ന് കര്‍ണാടകയില്‍ പതിനായിരക്കണക്കിന് കോഴികളെ ജീവനോടെ കുഴിച്ചുമൂടി. കര്‍ണാടകയിലെ രണ്ടിടങ്ങളിലായിട്ടാണ് ഈ സംഭവം നടന്നത്. ബെല്‍ഗാവി ജില്ലയിലുള്ള നസീര്‍ അഹ്മദ് എന്നയാള്‍ തന്റെ കോഴി ഫാമിലെ 6000 ഓളം കോഴികളെയാണ് വൈറസ് ബാധിക്കുമെന്ന പേടിയില്‍ ജീവനോടെ കുഴിച്ചുമൂടിയത്. മറ്റൊരു സ്ഥലത്ത് രാമചന്ദ്രന്‍ റെഡ്ഡി എന്നയാള്‍ തന്റെ ഫാമിലെ 9500 കോഴികളെയാണ് ജീവനോടെ കുഴിച്ചുമൂടിയത്.ചിക്കന്‍ കഴിച്ചാല്‍ കൊവിഡ് 19 വൈറസ് ബാധിക്കുമെന്ന വ്യാജ പ്രചാരണം കാരണം തന്റെ കച്ചവടം തകര്‍ന്നുവെന്ന് നസീര്‍ പറഞ്ഞു.കിലോയ്ക്ക് 50-70 രൂപ വരെയുണ്ടായ ചിക്കന് വ്യാജ പ്രചാരണത്തിനു ശേഷം 5-10 രൂപയിലേക്ക് താഴ്ന്നുവെന്നും നജീര്‍ പറഞ്ഞു. കര്‍ണാടകയിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടക്കുന്നത്. എന്നാല്‍ ഇത് തെറ്റായ പ്രചാരണമാണെന്നും കോഴികളിലൂടെ കൊവിഡ് 19 പടരില്ലെന്നും തെറ്റായ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തരുതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
കൊറോണ വൈറസ്;വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രവിലക്കേര്‍പ്പെടുത്തി ഇന്ത്യ
ന്യൂഡൽഹി:കൊറോണ വൈറസ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രവിലക്കേര്‍പ്പെടുത്തി ഇന്ത്യ. ഫ്രാന്‍സ്,ജര്‍മ്മനി,സ്‌പെയ്ന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് ഇന്ത്യ പുതുതായി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ വിസ അനുവദിച്ചവര്‍ ഇതുവരെ ഇന്ത്യയില്‍ എത്തിയില്ലെങ്കില്‍ അത്തരക്കാരുടെ വിസയും റദ്ദാക്കിയിട്ടുണ്ട്.2020 മാര്‍ച്ച് മൂന്നിനൊ അതിനു മുൻപോ ജപ്പാൻ, ദക്ഷിണ കൊറിയ,ഇറ്റലി, ഇറാന്‍ പൗരന്മാര്‍ക്ക് അനുവദിച്ച ഇ-വിസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിസകളും റദ്ദാക്കിയിട്ടുണ്ട്. ഇതുവരെ ഇന്ത്യയില്‍ പ്രവേശിക്കാത്തവരുടെ വിസകളും റദ്ദാക്കിയിട്ടുണ്ട്.2020 ഫെബ്രുവരി 5-നോ അതിനു മുൻപോ വിസ ലഭിച്ച ചൈനയില്‍ നിന്നുള്ളവര്‍ക്കും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി ഒന്നുമുതല്‍ ചൈന, ഇറാന്‍, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള വിദേശ പൗരന്മാര്‍ക്കും ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.ലോകമെമ്പാടുമുള്ള 100 ല്‍ അധികം രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപകമായ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ താൽപര്യപ്പെടുന്ന ഇന്ത്യക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി.
ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിലേക്ക്
ന്യൂഡൽഹി:മധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥുമായുള്ള ഭിന്നതയ്‌ക്കൊടുവിൽ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിലേക്ക്.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത്ഷായെയും ഇന്നലെ രാവിലെ സന്ദർശിച്ച് ചർച്ച നടത്തിയശേഷം കോൺഗ്രസിൽ നിന്നുള്ള രാജിക്കത്ത് സിന്ധ്യ തന്നെ ട്വീറ്റ് ചെയ്തു.രാജ്യസഭാസീറ്റും ക്യാബിനറ്റ് പദവിയോട് കൂടി കേന്ദ്രമന്ത്രി സ്ഥാനവും നല്‍കുമെന്ന ബിജെപിയുടെ ഉറപ്പിൻമേലാണ് രാജി എന്നാണ് സൂചന. സിന്ധ്യക്കൊപ്പം നിൽക്കുന്ന 19 എംഎൽഎമാർ രാജി വെച്ചു. ഇനിയും രാജികൾ ഉണ്ടാകുമെന്നാണ് സൂചന.ജ്യോതിരാദിത്യ സിന്ധ്യ പക്ഷത്തുള്ള 19 എംഎൽഎമാർ രാജി വെച്ചതോടെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങിയേക്കും.രാജിക്ക് പിന്നാലെ ബംഗളുരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുള്ള സിന്ധ്യപക്ഷക്കാരായ 17 പേര്‍ ഉള്‍പ്പെടെ 19 എം.എല്‍.എമാരും ഗവര്‍ണര്‍ക്ക് രാജിക്കത്തയച്ചു. ഇവരില്‍ ആറ് മന്ത്രിമാരെ പുറത്താക്കാന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കി.വിമതരുടെ രാജിയോടെ 114 എം. എല്‍. എമാരുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ അംഗബലം 95 ആയി കുറഞ്ഞു.ഇന്നലെ വൈകിട്ട് കൂടിയ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ 92 എം. എല്‍. എമാരേ പങ്കെടുത്തുള്ളൂ.മൂന്ന് പേര്‍ കൂടി രാജിവച്ചേക്കുമെന്നതിന്റെ സൂചനയാണിത്.എം.എല്‍.എമാരെ മാറ്റിയതു മുതല്‍ അനുരഞ്ജനത്തിനായി കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചെങ്കിലും സിന്ധ്യ ചര്‍ച്ചയ്‌ക്ക് തയ്യാറായില്ല. പി.സി.സി അദ്ധ്യക്ഷ സ്ഥാനം നല്‍കാന്‍ കമല്‍നാഥ് സമ്മതിച്ചെങ്കിലും സിന്ധ്യ അതിനും വഴങ്ങിയില്ല. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റടക്കമുള്ള നേതാക്കളും സിന്ധ്യയുമായി ബന്ധപ്പെട്ടിരുന്നു. അതും ഫലം കണ്ടില്ല.അതേസമയം പ്രതിസന്ധി മാറിക്കടക്കുമെന്ന ആത്മവിശ്വസം എംഎൽഎമാരുടെ യോഗത്തിൽ കമൽനാഥ് പ്രകടിപ്പിച്ചു. ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങാൻ അദ്ദേഹം പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി.പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ രാജീവ് ഗാന്ധിയുടെ വിശ്വസ്തനായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ്. 2012 മുതല്‍ 2014 വരെ മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ ഊര്‍ജ്ജ മന്ത്രി ആയിരുന്നിട്ടുണ്ട്.
കർണാടകയിൽ നാലുപേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു
ബെംഗളൂരു:കർണാടകയിൽ നാലുപേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു.പുതിയ മൂന്ന് കേസുകളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ടു ചെയ്തതെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമലു പറഞ്ഞു. വൈറസ് ബാധിച്ചവരെയും കുടുംബാംഗങ്ങളെയും ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. വൈറസ് പടര്‍ന്നു പിടിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി ശ്രീരാമുലു ജനങ്ങളോട് അഭ്യര്‍ഥിച്ചു. അതിനിടെ, ചീഫ് സെക്രട്ടറി ടി.എം വിജയഭാസ്‌കര്‍ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു. കൊറോണ വൈറസ് ബാധ നേരിടുന്നതിനുള്ള നടപടിക്രമങ്ങള്‍ യോഗം ചര്‍ച്ചചെയ്തു.കര്‍ണാടകത്തില്‍ കൊറോണ വൈറസ് ബാധ കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍നിന്ന് അടുത്തിടെ എത്തിയ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ക്കാണ് വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറുടെ കുടുംബാംഗങ്ങളെയും അദ്ദേഹവുമായി ഇടപഴകിയവരെയും ക്വാറന്റൈന്‍ ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്;വസതിയില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തി
മുംബൈ: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെതിരെ നടപടി കര്‍ശനമാക്കി കേന്ദ്രം. റാണ കപൂറിനും ഭാര്യയ്ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി.റാണാ കപൂറിന്റെ മുംബൈയിലെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തി. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് മുംബൈ സമുദ്രമഹലിലെ വസതിയില്‍ പരിശോധന നടത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം പ്രകാരം റാണാ കപൂറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.ഡി എച്ച് എഫ് എല്ലിന് ക്രമംവിട്ട് വായ്പ നല്‍കിയതിന് പിന്നാലെ റാണ ഇരുവരുടെയും അക്കൗണ്ടുകളിലേക്ക് കോടികള്‍ എത്തിയതായി ആരോപണമുയര്‍ന്നിരുന്നു.ഇത് ശരിയാണെന്ന് അന്വേഷണത്തില്‍ ഇ ഡി കണ്ടെത്തി.സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് യെസ് ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) ഏറ്റെടുത്തത്. 50,000 രൂപ 30 ദിവസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നിക്ഷേപകര്‍ക്ക് അൻപതിനായിരം രൂപ മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ. ബാങ്ക് മേധാവികളുടെ കെടുകാര്യസ്ഥതയാണ് ഒരു സ്ഥാപനം ഇത്തരത്തില്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതെന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് വെളളിയാഴ്ച രാത്രിയോടെ റാണ കപൂറിന്റെ വസതിയില്‍ ഇ.ഡി പരിശോധന നടത്തിയത്.പ്രതിസന്ധി സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്നതോടെ ബാങ്കിന്‍റെ ഓഹരിമൂല്യം വിപണിയില്‍ കുത്തനെ ഇടിയുകയും ചെയ്തിരുന്നു.
യെസ് ബാങ്കിന് ആര്‍.ബി.ഐയുടെ മൊറട്ടോറിയം; പരമാവധി പിന്‍വലിക്കാവുന്നത് 50,000 രൂപ
ഡല്‍ഹി കലാപം;തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച് 11 വരെ സംസ്കരിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം
ന്യൂഡൽഹി:ഡല്‍ഹി കലാപത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച് 11 വരെ സംസ്കരിക്കരുതെന്ന് ഡൽഹി ഹൈക്കോടതി നിര്‍ദേശം.പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തണമെന്നും ഡി.എന്‍.എ സാമ്പിളുകൾ ശേഖരിച്ച് സൂക്ഷിക്കണമെന്നും ആശുപത്രികള്‍ക്ക് ഹൈകോടതി നിര്‍ദേശം നല്‍കി.വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വംശീയാതിക്രമത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടിരുന്നു. ജി.ടി.ബി ആശുപത്രിയില്‍ 44ഉം ആര്‍.എം.എല്‍ ആശുപത്രിയില്‍ അഞ്ചും എല്‍.എന്‍.ജെ.പിയില്‍ മൂന്നും ജഗ് പ്രവേശ് ചന്ദ ആശുപത്രിയില്‍ ഒരാളുമടക്കം 53 പേര്‍ മരിച്ചുവെന്നാണ് കണക്കുകള്‍.എന്നാൽ യഥാര്‍ഥ മരണ സംഖ്യ പുറത്തുവിടാന്‍ ഡല്‍ഹി പൊലീസ് തയാറായിട്ടില്ല. കാണാതായവരുടേയും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന അജ്ഞാത മൃതദേഹങ്ങളുടേയും വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് വ്യാഴാഴ്ച പൊലീസിന് ഡല്‍ഹി ൈഹകോടതി നിര്‍ദേശം നല്‍കിയിരുന്നു.
ബെംഗളൂരു- മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 13 മരണം
മംഗളൂരു: ബെംഗളൂരു- മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 12 വയസുള്ള കുട്ടിയുള്‍പ്പെടെ 13 പേര്‍ മരിച്ചു.അപകടത്തിൽ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തുമകുരു ജില്ലയിലെ കുനിഗല്‍ എന്ന സ്ഥലത്തിന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്.ഹാസനില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു ടവേര കാര്‍ എതിര്‍ദിശയില്‍ വരുകയായിരുന്ന ബ്രെസ കാറില്‍ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം.ടവേര കാർ അമിതവേഗതയിൽ ആയിരുന്നുവെന്നാണ് സൂചന.ബെംഗളൂരുവില്‍ നിന്ന് ഹാസനിലേക്ക് വരുകയായിരുന്നു ബ്രെസ കാറിലുണ്ടായിരുന്നവര്‍.ടവേരയിലുണ്ടായിരുന്ന മൂന്നുപേരും ബ്രെസ കാറിലുണ്ടായിരുന്ന 10പേരുമാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചുവെന്നാണ് കരുതുന്നത്. മരിച്ചവര്‍ ബെംഗളൂരു, ഹൊസൂര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഉള്ളവരാണ്. പരിക്കേറ്റവരെ ബെംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ രണ്ടുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 30 ആയി
ന്യൂഡൽഹി:ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 30 ആയി.ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.സമീപകാലത്ത് ഇറാനിലേക്ക് യാത്ര നടത്തിയ മധ്യവയസ്കനാണ് രോഗം ബാധിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.അതേസമയം, കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ആവശ്യപ്പെട്ടു. കൊറോണ ബാധിതര്‍ക്കായി ആഗ്രയില്‍ പുതിയതായി ഒരു കേന്ദ്രം ആരംഭിച്ചതായി ഹര്‍ഷവര്‍ധന്‍ വ്യാഴാഴ്ച രാജ്യസഭയില്‍ പറഞ്ഞു.കേരളത്തില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച് സുഖംപ്രാപിച്ച മൂന്നുപേരും ഇറ്റലിയില്‍ നിന്നെത്തിയ 16 വിനോദ സഞ്ചാരികളും ഉള്‍പ്പെടെ 29 പേര്‍ക്കാണ് കഴിഞ്ഞ ദിവസം വരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനു പുറമെ വിദേശത്ത് 17 ഇന്ത്യക്കാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 16 പേര്‍ ജപ്പാന്‍ തീരത്തുള്ള ആഢംബര കപ്പലിലും ഒരാള്‍ യുഎഇയിലുമാണ്. ഇറ്റലിയില്‍ നിന്നെത്തിയ തങ്ങളുടെ ഒരു ജീവനക്കാരന് കൊറോണ ബാധിച്ചതായി ബുധനാഴ്ച പേടിഎം അറിയിച്ചിരുന്നു. കമ്പനിയുടെ ഗുരുഗ്രാമിലേയും നോയ്ഡയിലേയും ഓഫീസുകള്‍ രണ്ടു ദിവസത്തേയ്ക്ക് അടച്ചു. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്തുന്നതിനായി മന്ത്രിമാരുടെ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ബാങ്ക് ലയനം;മാര്‍ച്ച് 27ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്;ഇടപാടുകള്‍ തടസ്സപ്പെടും
ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളുടെ ലയനത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 27ന് ബാങ്ക് യൂണിയനുകള്‍ സമരത്തിന് ആഹ്വാനം ചെയ്തു.ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി ഡി ജോസണ്‍,ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഡി ഗോപിനാഥ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായിട്ടാണ് ബാങ്ക് പണിമുടക്ക് നടത്തുന്നത്.10 പൊതുമേഖല ബാങ്കുകള്‍ ലയിപ്പിച്ച് നാലെണ്ണമാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. ഏപ്രില്‍ ഒന്നിന് ലയനം യാഥാര്‍ഥ്യമാകുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.ഇതില്‍ പ്രതിഷേധിച്ചാണ് രാജ്യമൊട്ടാകെ സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.10 ബാങ്കുകളുടെ ലയനനീക്കം ഉപേക്ഷിക്കുക,ലയനം വഴി 6 ബാങ്കുകള്‍ അടച്ചുപൂട്ടുന്നത് ഒഴിവാക്കുക,ഐഡിബി ഐ ബാങ്കിനെ സ്വകാര്യവല്‍ക്കാരിക്കരുത്,ജനവിരുദ്ധ ബാങ്കിംഗ് പരിഷ്‌ക്കാരങ്ങള്‍ ഉപേക്ഷിക്കുക,വന്‍കിട കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ കര്‍ശന നടപടിയെടുക്കുക,നിക്ഷേപ പലിശ ഉയര്‍ത്തുക, സര്‍വീസ് ചാര്‍ജ്ജുകള്‍ കുറയ്ക്കുക തുടങ്ങിയവയാണ് ആവശ്യം.യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ഓറിയന്റല്‍ ബാങ്ക് ഓഫ് ഓഫ് കൊമേഴ്സും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കും. സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിലും ആന്ധ്രാബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലും അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ലയിക്കും.ഏപ്രില്‍ ഒന്നുമുതല്‍ ആകെ 12 വലിയ ബാങ്കുകളാണ് ഉണ്ടാവുക.