ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മൂന്ന് മാസത്തെ മൊറട്ടേറിയമാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചത്.നിശ്ചിത കാലാവധിയിലുള്ള ലോണുകള്‍ക്കാണ് ഇളവ് കിട്ടുകയെന്ന് അദ്ദേഹം വിശദീകരിച്ചു. ബാങ്കുകള്‍ക്കും, ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണെന്നും ശക്തികാന്ത ദാസ് അറിയിച്ചു.കൊവിഡ്- 19ന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സാമ്ബത്തിക മാന്ദ്യം ഉണ്ടാകുമെന്നും രാജ്യത്തെ വളര്‍ച്ചാ നിരക്ക് ഇപ്പോള്‍ പ്രവചനാതീതമാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.അസാധാരണ സാഹചര്യത്തിലൂടെയാണ് സാമ്ബത്തിക രംഗം കടന്ന് പോകുന്നത്.എത്രകാലം ഈ സാഹചര്യം നീണ്ടുനില്‍ക്കും എന്നു വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ബാങ്കുകളുടെ കൈകളിലേക്ക് കൂടുതല്‍ പണമെത്തിച്ച് ഇത് മറികടക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.
കൊറോണ നിരീക്ഷണത്തിലിരിക്കെ യുവാവ് ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു;പരിശോധനാഫലം വന്നപ്പോള്‍ നെഗറ്റീവ്
ന്യൂഡൽഹി:കൊറോണ നിരീക്ഷണത്തിലിരിക്കെ യുവാവ് ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു.ഈ മാസം 18നാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ 23കാരനെ കൊറോണ പരിശോധനയ്ക്കായി ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വിമാനത്താവളത്തിലെ പ്രാഥമിക പരിശോധനയില്‍ തനിക്ക് തലവേദനയുണ്ടെന്ന് ഇയാള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇയാളില്‍ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഇതിന് ശേഷമാണ് ഇയാള്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഇയാളുടെ പരിശോധനാ ഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. അതില്‍ കൊറോണ നെഗറ്റീവായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ച ഇയാളുടെ തുടര്‍ പരിശോധനയ്ക്കായി ഡോക്ടര്‍മാര്‍ എത്തുമ്പോഴേക്കും യുവാവ് ആത്മഹത്യ ചെയ്തിരുന്നു.
കോവിഡ് 19;1,70,000 കോടിയുടെ ആശ്വാസ പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി:കൊറോണ വൈറസ് സാഹചര്യത്തിൽ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 1,70,000 കോടി രൂപയുടെ ആശ്വാസ പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍.ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി.മൂന്ന് മാസത്തേക്കാണ് ഇന്‍ഷുറന്‍സ്. ആശാവര്‍ക്കന്മാരും പദ്ധതിയുടെ ഭാഗമാകും.കോവിഡ് ബാധിതര്‍ക്ക് പ്രത്യേക പരിഗണനയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും നിര്‍മ്മല സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ശുചീകരണ തൊഴിലാളികളും പദ്ധതിയില്‍ ഉള്‍പ്പെടും. പ്രധാനമന്ത്രി കല്യാണ്‍ അന്ന യോജന വഴി 80 കോടി പേര്‍ക്ക് ഭക്ഷധാന്യം ഉറപ്പാക്കും. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ഉറപ്പാക്കും. നിര്‍ധനര്‍ക്ക് 15 കിലോ ധാന്യം സൌജന്യമായി ലഭിക്കും. അരിയോ ഗോതമ്പോ എന്ന് ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാം. അഞ്ച് കിലോ അരി വീതം മൂന്ന് മാസം സൌജന്യമായി നല്‍കും.ഇതിനു പുറമേ അഞ്ച് കിലോ ധാന്യം കൂടി സൗജന്യമായി നല്‍കും. പ്രാദേശിക സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് ആവശ്യമെങ്കില്‍ 1 കിലോ ധാന്യം കൂടി അനുവദിക്കും.മുതിര്‍ന്ന പൌരന്മാര്‍ക്ക് 1000 രൂപ അധിക സഹായം. സ്ത്രീകളുടെ ജന്‍ധന്‍ അക്കൌണ്ടിലേക്ക് മൂന്ന് മാസം 500 രൂപ വീതം. 8.69 കോടി കര്‍ഷകര്‍ക്ക് 2000 രൂപ ബാങ്ക് അക്കൌണ്ട് വഴി ഉടന്‍ നല്‍കും. ഈ പണം ബാങ്ക് അക്കൌണ്ടിലേക്ക് നേരിട്ട് നല്‍കും. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കൂട്ടി. തൊഴിലുറപ്പ് പദ്ധതിയിലെ വായ്പാ പരിധി 20 ലക്ഷമാക്കി. ദിവസവേതനക്കാര്‍ക്കും 2000 രൂപ. മുതിര്‍ന്ന പൌരന്മാര്‍ക്കൊപ്പം വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും 1000 രൂപ നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.എട്ടുകോടി പാവപ്പെട്ട കുടുംബങ്ങള്‍ക്കു സൗജന്യമായി എല്‍.പി.ജി(ഗ്യാസ് ) സിലിണ്ടര്‍ അനുവദിക്കും. ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മൂന്നുമാസത്തെ പിഎഫ് തുക സര്‍ക്കാര്‍ അടയ്ക്കും.ആകെ നൂറ് തൊഴിലാളികള്‍ വരെയുള്ളതും ഇതില്‍ 90 ശതമാനം പേര്‍ക്കും പതിനയ്യായിരം രൂപയില്‍ താഴെ ശമ്പളം വാങ്ങുന്ന കമ്പനികൾക്ക് മാത്രമാണ് ആനുകൂല്യം. ഇപിഎഫ് നിക്ഷേപത്തില്‍നിന്ന് 75 ശതമാനം മുന്‍കൂര്‍ പിന്‍വലിക്കാന്‍ അനുമതി.
കോച്ചുകള്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ ഒരുങ്ങി റെയില്‍വേ
ന്യൂഡൽഹി:കൊറോണ രോഗബാധിതരെ മാറ്റിപ്പാര്‍പ്പിച്ച് ചികില്‍സിക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ ട്രെയിനുകളുടെ കോച്ചുകള്‍ വിട്ടുനല്‍കാനൊരുങ്ങി റെയില്‍വെ. ഇതിനൊപ്പം റെയില്‍വേയുടെ കീഴിലുള്ള ഫാക്ടറികളില്‍ രോഗം ഗുരുതരമായവരെ ചികിത്സിക്കാനുള്ള വെന്റിലേറ്ററുകളും നിര്‍മിക്കും.കപൂര്‍ത്തല റെയില്‍വേ കോച്ച് ഫാക്ടറിയില്‍ ഇനി തത്കാലത്തേക്ക് എല്‍എച്ച്‌ബി കോച്ചുകളെ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാകും നടക്കുക. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് രോഗികള്‍ക്കാവശ്യമായ വെന്റിലേറ്ററുകള്‍ നിര്‍മിക്കുക.രോഗം സമൂഹ വ്യാപനത്തിലേക്ക് കടന്നാല്‍ ഗ്രാമങ്ങളക്കമുള്ള മേഖലകളില്‍ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നപടി. ഇതുസംബന്ധിച്ച നിര്‍ദ്ദേശം റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെ നല്‍കി.കൊറോണയെ നേരിടാന്‍ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കാര്യങ്ങള്‍ ഇതിനുമപ്പുറത്തേക്ക് കടക്കുകയാണെങ്കില്‍ അതിനെ നേരിടുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് റെയില്‍വേയും മറ്റ് വകുപ്പുകള്‍ക്കൊപ്പം അടിസ്ഥാന സൗകര്യമൊരുക്കാന്‍ ഒരുമിച്ച് ചേരുന്നത്.
ലോക്ക് ഡൌൺ;പ്രവൃത്തി സമയം പുതുക്കി ബാങ്കുകൾ
ന്യൂഡൽഹി:രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രവൃത്തി സമയം പുതുക്കി ബാങ്കുകൾ.ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് എസ്ബിഐ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ബാങ്കുകള്‍ പ്രവൃത്തിസമയത്തില്‍ മാറ്റംവരുത്തിയത്.കുറഞ്ഞ ജീവനക്കാരെവെച്ചാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്.ബാങ്കിന്റെ ശാഖകളിലെത്തുന്നവരുടെ എണ്ണംകുറയ്ക്കാന്‍ നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ പരമാവധി ഉപയോഗിക്കണമെന്ന് ഉപഭോക്താക്കളോട് ബാങ്കുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 2വരെയാകും എച്ച്‌ഡിഎഫ്‌സി ബാങ്ക് പ്രവര്‍ത്തിക്കുക.പാസ്ബുക്ക് പുതുക്കല്‍, വിദേശ കറന്‍സി വാങ്ങല്‍ തുടങ്ങിയ സേവനങ്ങള്‍ ബാങ്ക് തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.ശാഖകളില്‍ ജീവനക്കാര്‍ നാമമാത്രമായതിനാല്‍ പരമാവധി പേര്‍ ബാങ്കിലെത്താതെ ഇടപാട് നടത്തണമെന്നാണ് ഐസിഐസിഐ ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്കിങ് സേവനങ്ങള്‍ക്കായി ഐമൊബൈല്‍, നെറ്റ് ബാങ്കിങ് എന്നീ സേവനങ്ങള്‍ ഉപയോഗിക്കണമെന്ന് ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു.പ്രവര്‍ത്തന സമയത്തില്‍മാറ്റംവരുത്തിയിട്ടില്ലെങ്കിലും ഉപഭോക്താക്കള്‍ ഇടപാടുകള്‍ക്കായി ശാഖകളില്‍ എത്തുന്നത് കുറയ്ക്കണമെന്ന് എസ്ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം കുറവായതിനാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ തയ്യാറാകണമെന്നും ട്വീറ്ററിലൂടെ ബാങ്ക് നിര്‍ദേശം നല്‍കി.തിങ്കളാഴ്ച മുതല്‍ ശനിയാഴ്ചവരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാകും കൊട്ടക് മഹീന്ദ്ര ബാങ്ക് പ്രവര്‍ത്തിക്കുക.രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കിന് അവധിയായിരിക്കും.
ഇന്ന് രാത്രി 12 മണി മുതല്‍ 21 ദിവസത്തേക്ക് രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗണ്‍
ന്യൂഡൽഹി:ഇന്ന് രാത്രി 12 മണി മുതല്‍ 21 ദിവസത്തേക്ക് രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗണ്‍. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശളിലും തീരുമാനം നടപ്പിലാകും.വിവിധ സംസ്ഥാനങ്ങളിലെ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആളുകള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി രാജ്യം മുഴുവന്‍ കര്‍ഫ്യു നടപ്പിലാക്കിയതായി അറിയിച്ചത്.ജനതാ കര്‍ഫ്യുവില്‍ ഉത്തരവാദിത്ത ബോധത്തോടെ പങ്കെടുത്ത ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. പരീക്ഷണത്തിന്റെ ഈ ഘട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നുവെന്നും മോദി പറഞ്ഞു.ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഗൗരവമായി എടുക്കണം ഓരോ പൗരനും ഇപ്പോള്‍ എവിടെയാണോ അവിടെ തങ്ങണം. കോവിഡിനെ നേരിടാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ല.ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതുവരെ നിര്‍ദ്ദേശം ബാധകമാണ്. വികസികത രാജ്യങ്ങള്‍ പോലും മഹാമാരിക്കു മുന്നില്‍ തകര്‍ന്നു നില്‍ക്കുന്നു. സാമൂഹ്യ അകലം പാലിക്കല്‍ മാത്രമാണ് രോഗവ്യാപനം തടയുന്നതിനുള്ള മാര്‍ഗം.എല്ലാവരും വീടുകളില്‍ തന്നെ ഇരിക്കണം.ചിലരുടെ അനാസ്ഥ രാജ്യത്തെ തന്നെ അപകടത്തിലാക്കുന്നു. നടപടികള്‍ എല്ലാമെടുത്തിട്ടും രോഗം പടരുന്നുവെന്നും മോദി പറഞ്ഞു.
കോവിഡ് 19;ആശ്വാസ നടപടികൾ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ;ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയതി ജൂൺ 30 വരെ നീട്ടി;അക്കൗണ്ടിൽ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ട;എടിഎമ്മുകളില്‍ മൂന്ന് മാസത്തേക്ക് ചാര്‍ജ് ഈടാകില്ല
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് 19 അതിവേഗം വ്യാപിക്കുന്ന പശ്ചത്തലത്തില്‍ ബാങ്കിങ്, സാമ്പത്തിക മേഖലകളില്‍ ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. 2018-19ലെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയതി 2020 ജൂണ്‍ 30 വരെ നീട്ടി. വൈകി അടയ്ക്കുമ്പോൾ ഈടാക്കുന്ന പിഴപ്പലിശ 12 ശതമാനത്തില്‍നിന്ന് 9 ശതമാനമാക്കി കുറച്ചു.മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജി എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തീയതിയും ജൂണ്‍ 30 വരെ നീട്ടി.. പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള ആവസാന തിയതി ജൂണ്‍ 30 ലേക്ക് നീട്ടി.കസ്റ്റംസ് കിയറന്‍സ് അവശ്യ സേവനങ്ങളുടെ പട്ടികയില്‍പ്പെടുത്തി. ജൂണ്‍ 30 വരെ കസ്റ്റംസ് ക്ലിയറൻസ് എല്ലാ ദിവസംവും 24 മണിക്കൂറും പ്രവര്‍ത്തിക്കും.സേവിങ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തണം എന്ന നിബന്ധന ഒഴിവാക്കി. എടി എമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് അടുത്ത മൂന്ന് മാസത്തേക്ക് ചാര്‍ജുകള്‍ ഈടാക്കില്ല.ഏത് ബാങ്കിന്റെ എടിഎം കാർഡുപയോഗിച്ചും ഏതു എടിഎം വഴിയും പണം പിന്‍വലിക്കാം.ഇതിന് യാതൊരുവിധ സർവീസ് ചാര്‍ജുകളും ഈടാക്കില്ല.
ഇന്ന് രാത്രി എട്ടുമണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും;സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്ന് സൂചന
:കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാത്രി എട്ടുമണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.കൊറോണ കൂടുതല്‍ ഗുരുതരമായ സ്ഥിതിയിലെത്തിയതോടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റില്‍ വ്യക്തമാക്കുന്നു.നിലവിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിശദീകരിക്കും.കൊറോണ പ്രതിരോധത്തിനായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും.ഇതുകൂടാതെ സുപ്രധാന പ്രഖ്യാപനങ്ങളും നടത്തിയേക്കുമെന്നാണ് സൂചന. കൊറോണ വിഷയത്തില്‍ രണ്ടാം തവണയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത് കഴിഞ്ഞ വ്യാഴാഴ്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു.കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് 30 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പടെ 548 ജില്ലകള്‍ അടച്ചിട്ടിരിക്കുകയാണ്. സിക്കിം, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് നിയന്ത്രണങ്ങൾ ഇല്ലാത്തത്. നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ലംഘിച്ചതിന്റെ പേരില്‍ കൊൽക്കൊത്തയിൽ 255 പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായ നിയന്ത്രണത്തിലേക്ക് രാജ്യം പോകുന്നു എന്നതിന്റെ സൂചനയുമായേക്കാം ഈ അഭിസംബോധന.
കൊറോണ വൈറസ്;ഇന്ത്യയില്‍ മരണം പത്തായി;രാജ്യം കനത്ത ജാഗ്രതയിൽ
ന്യൂഡൽഹി:കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം പത്തായി.വൈറസ് ബാധയെ ചെറുക്കാൻ രാജ്യത്ത് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഉള്‍പ്പെടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.ഇന്നു മുതല്‍ 31വരെ സംസ്ഥാനങ്ങൾ പൂര്‍ണമായി അടച്ചിടും.471 ആളുകള്‍ക്കാണ് നിലവിൽ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 75 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആഭ്യന്തര വിമാനസര്‍വ്വീസുകളടക്കം നിര്‍ത്താനും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കാനും തീരുമാനമായി.പഞ്ചാബില്‍ പ്രവാസികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തു.കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.548 ജില്ലകള്‍ ഉള്‍പ്പെടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പൂര്‍ണമായ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഒഡിഷ എന്നിവിടങ്ങളില്‍ ഭാഗികമായ കര്‍ഫ്യുവും ഏര്‍പ്പെടുത്തി. ഇതില്‍ 80 ജില്ലകള്‍ ഉള്‍പ്പെടും. 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് പൂര്‍ണമായും കര്‍ഫ്യു ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥനം പഞ്ചാബാണ്. അവശ്യ സര്‍വ്വീസുകള്‍ ഒഴികെ മറ്റെല്ലാം നിര്‍ത്തിവച്ചു.അതേസമയം വൈറസ് ബാധ മൂലം ഇതുവരെ 16,500 പേരാണ് ലോകത്താകമാനം മരണമടഞ്ഞത്.ചൊവ്വാഴ്ച മാത്രം ഇറ്റലിയില്‍ 601 പേരാണ് മരിച്ചത്.ഇതോടെ ഇറ്റലിയിലെ മരണസംഖ്യ 6077 ആയി ഉയര്‍ന്നു. കൂടാതെ സ്‌പെയിനില്‍ 2311 പേരും ഇറാനില്‍ 1182 പേരും കൊറോണ മൂലം മരണമടഞ്ഞു.
ഇന്ന് ജനതാ കർഫ്യൂ;വീടിനുള്ളില്‍ ഇരിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂവെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ രാത്രി 9 വരെ രാജ്യത്തെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങാതെ കൊറോണ വൈറസിനെതിരെ പ്രതിരോധം തീര്‍ക്കും.കടകമ്പോളങ്ങൾ അടക്കം എല്ലാ സ്വകാര്യ, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഇന്ന് അവധിയാണ്.രാജ്യത്ത് കര്‍ഫ്യൂ ആരംഭിക്കുന്നതിന് തൊട്ടുമുൻപ് എല്ലാവരും മഹാമാരിക്കെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമാകണമെന്ന് പ്രധാനമന്ത്രി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ‘ നമുക്കെല്ലാവര്‍ക്കും കോവിഡ് 19ന് എതിരായ പോരാട്ടത്തിന് വളരെയധികം കരുത്ത് പകരുന്ന ഈ കര്‍ഫ്യൂവിന്റെ ഭാഗമാകാം. ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ വരുംദിവസങ്ങളില്‍ ഗുണകരമാകും. വീടിനുള്ളില്‍ ഇരിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ’- പ്രധാനമന്ത്രി കുറിച്ചു.
ജനങ്ങളെ നിയന്ത്രിക്കാന്‍ എളുപ്പമുള്ള ദിവസമായതിനാലാണ് ഞായറാഴ്ച തിരഞ്ഞെടുത്തത്. പൊതുസ്ഥലങ്ങളിലെ ആള്‍ക്കൂട്ടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ജനങ്ങളെ വീട്ടിലിരുത്താനുള്ള പരിശീലനമാണിത്. കൊറോണയെ പ്രതിരോധിക്കാന്‍ ഇത് മികച്ച മാര്‍ഗമാണെന്ന് വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാന്‍ അടക്കം തെളിയിച്ചിട്ടുണ്ട്.രോഗികള്‍ വര്‍ദ്ധിച്ചാല്‍ രാജ്യത്ത് ദിവസങ്ങള്‍ നീളുന്ന കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നതിനാലാണ് പരീക്ഷണാടിസ്ഥാത്തില്‍ 14 മണിക്കൂര്‍ ജനതാ കര്‍ഫ്യൂ നടപ്പാക്കുന്നത്. നിയന്ത്രണങ്ങളെകുറിച്ച് സര്‍ക്കാരിനും ഇതോടെ വ്യക്തതയുണ്ടാകും. ജനത്തിനായി ജനം തന്നെ നടപ്പാക്കുന്ന കര്‍ഫ്യൂ ആണിത്.ജനതാ കര്‍ഫ്യൂവിനോട് കേരള സര്‍ക്കാര്‍ സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ സംസ്ഥാനത്തും നിയന്ത്രണങ്ങള്‍ ബാധകമാണ്.