ന്യൂഡൽഹി:കൊറോണ വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് രാജ്യത്ത് പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക് ഡൗണിനോട് ജനങ്ങൾ പൂർണ്ണമായും സഹകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒൻപത് ദിവസം പിന്നിട്ടു.ജനങ്ങൾ ഇതിനോട് നന്നായാണ് പ്രതികരിച്ചത്. രാജ്യത്തെ ജനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവാണിത്. ഇത് രാജ്യത്തിന്റെ സാമൂഹികശക്തി പ്രകടമാക്കുന്നു.പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുകയാണ്. രാഷ്ട്രത്തോട് നടത്തിയ വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അഭിപ്രായപ്പെട്ടത്.കോവിഡിനെതിരായ പോരാട്ടത്തിലും ലോക്ക്ഡൗണിലും ആരും ഒറ്റയ്ക്കല്ല. ഞായറാഴ്ച രാത്രി ഒൻപതു മണിയ്ക്ക് 9 മിനുട്ട് ജനങ്ങള്‍ വെളിച്ചം അണച്ച് വീടിനുള്ളില്‍ ഇരിക്കണം. കൊറോണ ഭീഷണിയുടെ ഇരുട്ട് മായ്ക്കണം. ഇതിനായി വെളിച്ചം അണച്ച് മൊബൈല്‍, ടോര്‍ച്ച്,മെഴുകുതിരി തുടങ്ങിയവ തെളിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.വീടിന്റെ വീടിന്റെ മട്ടുപ്പാവിലോ വാതില്‍ക്കലോ ജനങ്ങള്‍ക്ക് നില്‍ക്കാം. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകുമെന്ന് മോദി പറഞ്ഞു.അതേസമയം ആരും വീടിന് പുറത്ത് ഇറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചപ്പോള്‍ ജനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കാനായി കൂട്ടത്തോടെ പുറത്തിറങ്ങിയത് ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം നടപടകള്‍ അവര്‍ത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നത് തുടരണം. ജനങ്ങള്‍ ഒരുമിച്ച് പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
കൊവിഡ് സഹായധനം;വനിതകളുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടില്‍ നാളെ മുതല്‍ 500 രൂപ നിക്ഷേപിക്കും
ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് സഹായധനം വനിതകളുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടില്‍ നാളെ മുതല്‍ നിക്ഷേപിക്കും.500 രൂപവീതമാണ് നിക്ഷേപിക്കുക. മൂന്നുമാസത്തേയ്ക്കാണ് 500 രൂപവീതം നിക്ഷേപിക്കുന്നത്. രാജ്യമൊട്ടാകെ സമ്പൂർണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പാവപ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് പ്രകാരമാണ് ധനസഹായം നല്‍കുന്നത്.തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉടനെത്തന്നെ പണം പിന്‍വലിക്കാന്‍ അനുവദിക്കില്ല. അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം അടിസ്ഥാനമാക്കിയായിരിക്കും ബാങ്കുകളില്‍നിന്ന് പണം നല്‍കുക.അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം പൂജ്യമോ ഒന്നോ ആണെങ്കില്‍ ഏപ്രില്‍ മുന്നിന് പണമെടുക്കാം. രണ്ടോ മൂന്നോ ആണെങ്കില്‍ ഏപ്രില്‍ നാലിനാണ് പണം നല്‍കുക.നാലോ അഞ്ചോ ആണെങ്കില്‍ ഏപ്രില്‍ 7നും ആറോ ഏഴോ ആണെങ്കില്‍ ഏപ്രില്‍ 8നും എട്ടോ ഒൻപതോ ആണെങ്കില്‍ ഏപ്രില്‍ 9നും പണമെടുക്കാം.പണം പിന്‍വലിക്കാനായി കൂട്ടത്തോടെ ഉപഭോക്താക്കള്‍ വരരുതെന്ന് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. നിശ്ചിത തിയതിക്കുശേഷം എന്നുവേണമെങ്കിലും പണം പിന്‍വലിക്കാനുള്ള അവസരമുണ്ട്. റൂപെ കാര്‍ഡ് ഉപയോഗിച്ച് അടുത്തുള്ള എടിഎംവഴിയും പണം പിന്‍വലിക്കാന്‍ സാധിക്കുന്നതാണ്. ഏതുബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അതിന് ചാര്‍ജ് ഈടാക്കില്ലെന്ന് സര്‍ക്കാര്‍തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് പാചകവാതക വില കുറഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില കുറഞ്ഞു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 62 രൂപ 50 പൈസയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 97 രൂപ 50 പൈസയുമാണ് കുറഞ്ഞത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 734 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 1274 രൂപയുമായി.പുതുക്കിയവില ബുധനാഴ്ച നിലവില്‍ വന്നു. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് വില കുറയാന്‍ ഇടയാക്കിയത്. ആറ് മാസത്തിനിടെ ആറ് തവണയായി വില കൂടിയ ശേഷം ഇതാദ്യമായാണ് പാചക വാതകത്തിന്റെ വില കുറയുന്നത്.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40 ആയി;ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49 ആയി.പശ്ചിമ ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര,കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഇന്നലെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്.അതേസമയം രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1500 കടന്നു.ഇന്നലെ മാത്രം രാജ്യത്ത് 146 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.ആഡ്രാ പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ബീഹാർ, ഡൽഹി, ജാർഖണ്ഡ് എന്നിവിടങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം 120 ആയി. രാജ്യത്ത് ആകെ 21000 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആറര ലക്ഷത്തിലധികം പേർക്ക് ഇവിടങ്ങളിൽ അഭയം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.ആകെ 42,788 പേർക്ക് കോവിഡ് പരിശോധന നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും അറിയിച്ചു. മഹാരാഷ്ട്രയിൽ 13 ലാബുകൾക്ക് കൂടി കോവിഡ് പരിശോധനയ്ക്ക് ഐ.സി.എം.ആർ അനുമതി നൽകിയിട്ടുണ്ട്. അതേസമയം രാജ്യത്ത് ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊവിഡ് 19;രാജ്യത്തെ പത്ത് സ്ഥലങ്ങളെ ഹൈ റിസ്‌ക് മേഖലകളായി പ്രഖ്യാപിച്ച് കേന്ദ്രം;പട്ടികയില്‍ കാസര്‍ഗോഡും പത്തനംതിട്ടയും
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ രാജ്യത്തെ പത്ത് സ്ഥലങ്ങളെ കൊവിഡ് ഹൈ റിസ്‌ക് മേഖലകളായി പ്രഖ്യാപിച്ച് കേന്ദ്രം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള കാസര്‍കോടും പത്തനംതിട്ടയും ഉള്‍പ്പെടെയുള്ള മേഖലകളെയാണ് പ്രത്യേക പരിഗണന വേണ്ട സ്ഥലങ്ങളായി കേന്ദ്രം പ്രഖ്യാപിച്ചത്.ഇതിനു പുറമേ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡന്‍- നിസാമുദീന്‍, നോയ്ഡ, മീററ്റ്, ഭില്‍വാര, അഹമ്മദാബാദ്, മുംബൈ, പൂനെ എന്നീ സ്ഥലങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,251 ആയ പശ്ചാത്തലത്തിലാണ് പത്ത് ഇടങ്ങളെ ഹൈ റിസ്‌ക് മേഖലകളായി പ്രഖ്യാപിച്ചത്.
നിസാമുദ്ദീനിലെ പള്ളിയിൽ തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത ആറ് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി:ഡല്‍ഹി നിസാമുദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത ആറ് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. തെലങ്കാനയിലാണ് ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തത്.മാർച്ച് 13 മുതൽ 15 വരെ നിസാമുദ്ദീൻ ആസ്ഥാനമായുള്ള മർകസ് പള്ളിയിലെ തബ്‍ലീഗ് ജമാഅത്തിൽ പങ്കെടുത്ത ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്.ഹൈദരാബാദിലേയും നിസാമാബാദിലെയും ഗജ്‌വേലിയിലെയും ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞവരാണ് മരിച്ചത്. നിസാമുദീന്‍ മര്‍ക്കസിലെ 200-ഓളം പേരെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിലേക്ക് മാറ്റി.കേരളത്തില്‍ നിന്നും വന്ന ഒരു സ്ത്രീ ഉള്‍പ്പടെ 21 പേരും ഇക്കൂട്ടത്തിലുണ്ട്. ഇവരെ സംഘങ്ങളായി തിരിച്ച് പരിശോധനക്ക് അയച്ച് തുടങ്ങിയതായി ദല്‍ഹി പൊലിസ് ജോയന്റ് കമ്മീഷണര്‍ ദര്‍വേഷ് ശ്രീവാസ്തവ അറിയിച്ചു.ഇവരുമായി സമ്പർക്കമുണ്ടായവരും നിസാമുദീനിൽ പരിപാടിയിൽ പങ്കെടുത്തവരും ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ ഓഫീസ് അഭ്യർത്ഥിച്ചു. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 1 വരെ കോലംപൂരില്‍ നടന്ന സൗത്ത് ഏഷ്യ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ നിന്നാണ് ദല്‍ഹിയിലെ നിസാമുദ്ദീനിലേക്ക് രോഗമെത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്. ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കോലാലംപൂരില്‍ നിന്നും ചില വിദേശ പ്രതിനിധികള്‍ മാര്‍ച്ച് 10ന് തന്നെ ഇന്ത്യയില്‍ എത്തിയിരുന്നു. ദല്‍ഹിക്ക് പുറത്ത് ദയൂബന്ത്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഇവര്‍ സഞ്ചരിച്ചതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ മൂന്നാഴ്ച കാലയളവില്‍ നിസാമുദ്ദീനില്‍ ഉണ്ടായിരുന്ന മുഴുവന്‍ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരോടും നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയാനും അതാത് സംസ്ഥാനങ്ങളില്‍ ആരോഗ്യകേന്ദ്രങ്ങളില്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാനും പൊലിസ് ആവശ്യപ്പെട്ടു. ദല്‍ഹിയില്‍ ഉള്ളവരുടെ കാര്യത്തില്‍ രോഗബാധ ഇല്ലെന്ന് ഉറപ്പുവരുത്തുന്നത് വരെ നിസാമുദ്ദീന്‍ പൂര്‍ണമായും അടച്ചിടാനാണ് പൊലിസ് തീരുമാനം.നിസാമുദ്ദീന്‍ പ്രദേശം പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ് ഇപ്പോള്‍ എങ്കിലും പള്ളിയോടു ചേര്‍ന്ന് ആയിരത്തിലധികം പേര്‍ ഇപ്പോഴും അവിടെ താമസിക്കുന്നുണ്ടെന്നാണു വിവരം.ഇവരെ ഇവിടെ നിന്നു മാറ്റിക്കൊണ്ടിരിക്കുയാണ്. ഡല്‍ഹി പോലീസ്, സിആര്‍പിഎഫ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ദക്ഷിണ ഡല്‍ഹിയില്‍ നടത്തിയ പരിശോധനയില്‍ ചിലര്‍ക്കു സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ലോക്ക് ഡൌൺ;ഇന്ത്യയില്‍ വായു മലിനീകരണം വ്യാപകമായി കുറഞ്ഞതായി റിപ്പോര്‍ട്ട്
ന്യൂഡൽഹി:കോവിഡിനെ തുടര്‍ന്ന ലോക് ഡൌണ്‍ പ്രഖ്യാപിച്ചത് മൂലം ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണം കുറഞ്ഞതായി റിപ്പോര്‍ട്ട്.ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ നിരത്തിലിറങ്ങുന്നവരുടെ എണ്ണവും വാഹനവും കുറഞ്ഞു. ഇതോടെ ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ 90- ലേറെ നഗരങ്ങളിലെ വായു മലിനീകരണത്തിൽ വലിയ തോതിലുള്ള കുറവ് സംഭവിച്ചിരിക്കുന്നതായി പരിസ്ഥിതി പ്രവർത്തകർ കണ്ടെത്തി.ഡല്‍ഹിയിലെ അന്തരീക്ഷത്തിലുള്ള അതിസൂക്ഷ്മ മാലിന്യകണങ്ങളുടെ (പി.എം. 2.5) അളവ് 30 ശതമാനമായിക്കുറഞ്ഞു.ഡൽഹിക്ക് പുറമെ അഹമ്മദാബാദ്, പൂനെ എന്നീ നഗരങ്ങളിലെയും വായുമലിനീകരണത്തിന്റെ തോത് 15 ശതമാനമായി കുറഞ്ഞുവെന്നും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് റിസര്‍ച്ച് കണ്ടെത്തി.കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സി.പി.സി.ബി.)കണക്കുകൾ പ്രകാരം നിരീക്ഷണത്തിലുള്ള നഗരങ്ങളിൽ 93 നഗരങ്ങളിലും വായുമലിനീകരണം വളരെക്കുറഞ്ഞ നിലയിലാണ്. 39 നഗരങ്ങള്‍ ‘ഗുഡ്’ എന്ന വിഭാഗത്തിലും 51 എണ്ണം ‘തൃപ്തികരം’ എന്ന വിഭാഗത്തിലുമാണ് കണക്കാക്കിയിരിക്കുന്നത്.മാര്‍ച്ച് 25 മുതല്‍ തിയറ്ററുകള്‍, മാളുകള്‍,ഓഫീസുകള്‍ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും അടച്ചിരുന്നു. പൊതുഗതാഗത സംവിധാനങ്ങളും നിര്‍ത്തിവച്ചിരുന്നു. ഇത് മൂലം വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് ഗണ്യമായി കുറഞ്ഞു.ഇതോടെ അന്തരീക്ഷ മലിനീകരണ തോതും ഗണ്യമായി കുറഞ്ഞു.
രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി:രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ.21 ദിവസത്തിന് ശേഷം ലോക്ക്ഡൌണ്‍ നീട്ടിയേക്കുമെന്ന് വാർത്ത പ്രചരിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണം.ലോക്ക് ഡൗണ്‍ നീട്ടുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗബ അറിയിച്ചു.അതേസമയം കോവിഡ് 19 ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 29 ആയി. 1100 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 6 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.95 പേര്‍ രോഗം പൂര്‍ണമായും ഭേദമായി ആശുപത്രി വിട്ടു. ഇന്ത്യൻ സൈന്യത്തിൽ ഒരു ഡോക്ടറടക്കം രണ്ട് പേർ കോവിഡ് ബാധിതരായി. ഏറ്റവും കൂടുതൽ മരണവും രോഗബാധയും റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്.രാജ്യത്തെ ജനങ്ങളെ കൊറോണ വൈറസ് എന്ന മഹാമാരിയില്‍ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ചിലരുടെ അശ്രദ്ധയും, അവിവേകവും രാജ്യത്തിലെ ജനങ്ങളുടെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തിയേക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ പറഞ്ഞിരുന്നു.ലോക്ക് ഡൗണിലും ചരക്കുഗതാഗതം മുടങ്ങരുതെന്നും വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവും ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.അതേസമയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കൃത്യവിലോപം കാണിച്ചെന്നാരോപിച്ച് രണ്ട് ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കേന്ദ്രം സസ്പെൻഡ് ചെയ്തു. ഡൽഹി സർക്കാറിന് കീഴിലെ ഗതാഗത വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കൊറോണ വൈറസ് പരത്തണമെന്ന് സോഷ്യല്‍മീഡിയയിലൂടെ ആവശ്യപ്പെട്ട ഇൻഫോസിസ് ജീവനക്കാരനെ ബംഗളൂരു ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു
ബംഗളൂരു: കോവിഡ് 19 വൈറസ് പരത്താനും മുന്‍കരുതലില്ലാതെ ജനങ്ങളോട് പുറത്തുപോയി തുമ്മാനും ആഹ്വാനം ചെയ്യുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഇന്‍ഫോസിസ് ജീവനക്കാരന്‍ അറസ്റ്റില്‍. മുജീബ് റഹ്മാന്‍ എന്നയാളാണ് വൈറസ് പരത്താന്‍ കൈകോര്‍ക്കണമെന്ന് ആവശ്യപ്പെട്ടതിെന്‍റ പേരില്‍ ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.800ലധികം പേരെ ബാധിക്കുകയും 19 പേരുടെ ജീവനെടുക്കുകയും ചെയ്ത കോവിഡ് 19നെ തുരത്താന്‍ രാജ്യം ലോക്ഡൗണില്‍ കഴിയവേയാണ് ഞെട്ടിക്കുന്ന പോസ്റ്റുമായി യുവാവ് രംഗത്തെത്തിയത്.’പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കാതെ ചുമക്കുക. വൈറസ് പരക്കട്ടെ. ഇതിനായി നമുക്ക് കൈകോര്‍ക്കാം’ എന്ന വിചിത്ര സന്ദേശമാണ് 25കാരനായ മുജീബ് മുഹമ്മദിന്റെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.സംഭവത്തില്‍ അന്വേഷണം നടത്തിയ ഇന്‍ഫോസിസ് മുജീബ് റഹ്മാനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. സ്ഥാപനത്തിെന്‍റ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായാണ് അയാള്‍ പ്രവര്‍ത്തിച്ചതെന്നും ഇത്തരം പ്രവൃത്തികളോടട് ഇന്‍ഫോസിസിന് യാതൊരു സഹിഷ്ണുതയുമില്ലെന്നും അവര്‍ ട്വറ്ററില്‍ കുറിച്ചു.നേരത്തെ ഒരു ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്‍ഫോസിസ് അവരുടെ ഒരു കെട്ടിടത്തില്‍ നിന്നും ജീവനക്കാരെയെല്ലാം ഒഴിപ്പിച്ചിരുന്നു.
രാജ്യത്ത് ഒരു കോവിഡ് മരണം കൂടി;മരിച്ചത് കർണാടക സ്വദേശിയായ 65 കാരൻ;ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി
ബംഗളൂരു: കോവിഡ് 19 ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു.കര്‍ണാടകയിലെ തുമാകുരുവില്‍ ചികിത്സയിലായിരുന്ന 65 വയസുകാരനാണ് ഇന്ന് മരണത്തിന് കീഴടങ്ങിയ ത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.മരിച്ചയാള്‍ വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നില്ല. എന്നാല്‍ മാര്‍ച്ച് ആദ്യം ഡല്‍ഹി സന്ദര്‍ശനം നടത്തിയ ട്രെയിനില്‍ തിരിച്ചെത്തിയിരുന്നു. പിന്നാലെയാണ് രോഗലക്ഷണം കണ്ടു തുടങ്ങിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇദ്ദേഹത്തിനൊപ്പം ട്രെയിനില്‍ സഞ്ചരിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രതികരിച്ചു. 31,000 പേരാണ് കര്‍ണാടകത്തില്‍ കൊവിഡ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളത്.ഇവരില്‍ 24,000 പേര്‍ ബംഗ്ലൂരുവിലാണ്. സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഗുജറാത്ത്, മഹാരാഷ്ട്ര, കർണ്ണാടക, ബീഹാർ, ഡൽഹി, ഹിമാചൽ പ്രദേശ് പഞ്ചാബ്, തമിഴ്നാട്, പശ്ചിമ ബംഗാൾ, രാജസ്ഥാന്‍, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്നുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ഡല്‍ഹിയില്‍ കോവിഡ് 19 മൂന്നാം ഘട്ടത്തിലേക്ക് കടന്നേക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കി. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഏറ്റവും കൂടുതൽ കോവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഇന്ത്യയിലിപ്പോഴും സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആൻഡമാനിലും ഒരാൾക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്.35 സ്വകാര്യ ലാബുകൾക്ക് കൂടി കോവിഡ് പരിശോധനയ്ക്കായി ഐ സി എം ആർ അനുമതി നൽകി.കോവിഡ് 19 സ്ഥിരീകരിച്ച 45 പേർ ഇതുവരെ ആശുപത്രി വിട്ടു. ഓസ്ട്രിയ, യുഎഇ, ഇസ്രായേൽ, ജർമനി, ഇറ്റലി എന്നിവിടങ്ങളിലായുള്ള 1245 വിദേശികൾ ഇന്നും നാളെയുമായി ഡൽഹിയിൽ നിന്നും അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങും.