ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് വിമാനസർവീസ് നിര്‍ത്തലാക്കിയതിനാല്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ആഭ്യന്തര,വിദേശ യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്കും പണം തിരികെ നല്‍കാനാണ് വിമാനകമ്പനികളോട് ആവശ്യപ്പെട്ടത്.ഇതിന് കാന്‍സലേഷന്‍ തുക ഈടാക്കരുത്. ടിക്കറ്റ് റദ്ദാക്കാനുള്ള അപേക്ഷ ലഭിച്ച് മൂന്നാഴ്ചയ്ക്കകം പണം തിരികെ നല്‍കണം.നിര്‍ദേശം ബാധകമാവുക ലോക്ക് ഡൗണ്‍കാലയളവിലെ യാത്രക്കാര്‍ക്ക് മാത്രമാണ്.ലോക്ക് ഡൗണ്‍ തുടങ്ങിയ മാര്‍ച്ച് 25 മുതല്‍ മെയ് മൂന്ന് വരെയുള്ള യാത്രക്കായി ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളുടെയും പണം യാത്രക്കാര്‍ക്ക് തിരിച്ച് നല്‍കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. വിമാനക്കമ്പനികൾക്കായി പുറപ്പെടുവിച്ച ഉത്തരവിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.അതേ സമയം ലോകരാജ്യങ്ങളില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള പദ്ധതി പരിഗണിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
രണ്ടാംഘട്ട ലോക്ക് ഡൗണിന്റെ ഭാഗമായുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി; പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും, മാസ്ക് നിര്‍ബന്ധം
ന്യൂഡല്‍ഹി: മെയ് മൂന്നുവരെ നീട്ടിയ ലോക്ക്ഡൗണിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുന്ന രീതിയിലാണ് പുതിയ നിര്‍ദേശങ്ങള്‍.ടെലികോം മേഖല, ബാങ്ക്, എടിഎം, പത്ര,ദൃശ്യമാധ്യമങ്ങള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകൾ, പാചക വിതരണം, സെക്യൂരിറ്റി ഏജന്‍സീസ്, കാര്‍ഷികോപകരണങ്ങള്‍, കാര്‍ഷിക യന്ത്രങ്ങളുടെ റിപ്പയറിംഗ് തുടങ്ങിയവയ്ക്ക് ഇളവുണ്ട്. തേയില തോട്ടങ്ങള്‍ തുറക്കാമെങ്കിലും 50 ശതമാനം തൊഴിലാളികള്‍ക്ക് മാത്രമേ അനുവാദമുള്ളൂ. സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞു തന്നെ കിടക്കും.ആരാധനാലയങ്ങള്‍ തുറക്കരുത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കാം.ചരക്ക് ഗതാഗതം ഉറപ്പാക്കണം. പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധം.ക്വാറന്റീനുവേണ്ടി ഹോട്ടലുകളും ഹോം സ്‌റ്റേകളും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവയ്ക്ക് ഇളവ് നല്‍കും.ലോക്ക്ഡൗണ്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.റേഷന്‍, പച്ചക്കറി, പഴം, പാല്‍, മത്സ്യമാംസം എന്നീ മേഖലയ്ക്ക് നല്‍കിയിരുന്ന ഇളവ് തുടരും. ഹോംഡെലിവറി പ്രോത്സാഹിപ്പിക്കണം.സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട കാര്യങ്ങളും സാംസ്‌കാരികമായ പ്രവര്‍ത്തനങ്ങളും ലോക്ക് ഡൗണ്‍ അവസാനിക്കുന്നതുവരെ പാടില്ല. ഇവയെല്ലാം നിര്‍ത്തിവെക്കണം. സംസ്‌കാര ചടങ്ങുകളിലെ നിയന്ത്രണം തുടരും. നിയന്ത്രിത ഇളവുകള്‍ അനുവദിക്കുന്ന ഇടങ്ങളിലെല്ലാം സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് ലോക്ക് ഡൌൺ മെയ് 3 വരെ നീട്ടി
ന്യൂഡൽഹി:രാജ്യത്ത് ലോക്ക് ഡൌൺ മെയ് 3 വരെ നീട്ടി.ഹോട്ട് സ്പോട്ടുകളില്‍ അതീവ ജാഗ്രത തുടരും. അവശ്യ സേവനങ്ങള്‍ക്കുള്ള ഇളവ് ഏപ്രില്‍ 20ന് ശേഷം പ്രഖ്യാപിക്കും. വിശദമായ മാര്‍ഗനിര്‍ദേശം നാളെ പുറത്തിറക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.കൊറണ വൈറസ് വ്യാപനത്തെ തടഞ്ഞുനിർത്തുന്നതിൽ രാജ്യം ഒരു പരിധിവരെ വിജയിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൌൺ പാലിച്ച ജനങ്ങൾക്ക് നന്ദി. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ ഏറെ ത്യാഗം സഹിക്കുന്നുണ്ട്. ജനങ്ങള്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ പല പ്രമുഖ രാജ്യങ്ങളേക്കാൾ ഇന്ത്യയുടെ സ്ഥിതി ഏറെ മെച്ചമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.പത്തൊൻപത് ദിവസം കൂടി ലോക്ക് ഡൗൺ നീട്ടിയേ തീരു എന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.നാളെ മുതൽ ഒരാഴ്ച രാജ്യത്ത് കര്‍ശന നിയന്ത്രണം. ഏപ്രിൽ 20 ന് ശേഷം സ്ഥിതി വിലയിരുത്തി ഉപാധികളോടെ ഇളവുകൾ നൽകുന്നതിനെ കുറിച്ച് ആലോചിക്കും. വിശദമായ മാര്‍ഗ്ഗരേഖ നാളെ പുറത്തിറക്കും. സ്ഥിതി വഷളായാൽ വീണ്ടും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യയില്‍ കോവിഡ് ബാധയുണ്ടാകുന്നതിന് മുന്‍പ് തന്നെ വിദേശത്ത് നിന്നെത്തുന്നവരെ വിമാനത്താവളത്തില്‍ പരിശോധന ആരംഭിച്ചു. കേവലം 500 രോഗബാധിതരായപ്പോള്‍ തന്നെ ലോകത്തെ ഏറ്റവും വലിയ ലോക് ഡൌണ്‍ ഇന്ത്യയില്‍ നടത്തി. മുന്‍പ് ഇന്ത്യക്കൊപ്പം രോഗബാധയുണ്ടായിരുന്ന രാജ്യങ്ങളില്‍ ഇന്ന് 30 ഇരട്ടി വരെ രോഗബാധിതരുണ്ട്. അവിടെയൊക്കെ മരണനിരക്കും കൂടുതലാണ്. ഇന്ത്യ സ്വീകരിച്ച സമീപനവും പെട്ടെന്നെടുത്ത തീരുമാനങ്ങളുമാണ് സഹായകരമായതെന്ന് മോദി പറഞ്ഞു.ലോക്ഡൌണ്‍ കാരണം സാമ്പത്തിക പ്രശ്നങ്ങളുണ്ട്. എന്നാല്‍ മനുഷ്യ ജീവന്‍ അതിനെക്കാള്‍ പ്രധാനമാണ്. നമ്മള്‍ സ്വീകരിച്ച രീതിയെ കുറിച്ച് ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നു. സംസ്ഥാനങ്ങളുമായി നിരന്തരം ചര്‍ച്ച നടത്തി. ചില സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ലോക്ക് ഡൌണ്‍ നീട്ടാന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം കോവിഡ് കിടക്കകളുണ്ട്. അറുന്നൂറിലധികം കോവിഡ് ആശുപത്രികളുണ്ട്. കൊറോണക്ക് വാക്സിന്‍ നിര്‍മിക്കാന്‍ യുവശാസ്ത്രജ്ഞര്‍ മുന്നോട്ട് വരണം. ആരോഗ്യ സേതു മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന് ശേഷം നാലാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.
- മുൻപ് രോഗങ്ങൾ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം അവര്‍ക്ക് രോഗ സാധ്യത കൂടുതലായതിനാൽ കരുതൽ വേണം.
- സാമൂഹിക അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.
- മാസ്ക് ധരിക്കണം, രോഗ പ്രതിരോധ ശേഷി കൂട്ടാൻ ശ്രമിക്കണം.
- ആരോഗ്യ സേതു മൊബൈൽ അപ്പ് ഡൗൺലോഡ് ചെയ്ത് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങൾ പിന്തുടരണം.
- ദരിദ്ര വിഭാഗങ്ങളെ സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ട് വരണം.
- ജോലിയിൽ നിന്ന് പുറത്താക്കുന്ന സാഹചര്യം ഉണ്ടാകരുത്.
- കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരെ ആദരിക്കണം.
പ്രവൃത്തി ദിനങ്ങളിലുണ്ടായ നഷ്ടം നികത്താന്‍ ലോക്ക് ഡൗണിന് ശേഷം വേനലവധി വെട്ടിക്കുറച്ച് പുതിയ അധ്യയന വര്‍ഷം നേരത്തെ തുടങ്ങാന്‍ കേന്ദ്രം
ന്യൂഡൽഹി:ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രവൃത്തി ദിനങ്ങളിലുണ്ടായ നഷ്ടം നികത്താന്‍ വേനലവധി വെട്ടിക്കുറച്ച് പുതിയ അധ്യയന വര്‍ഷം നേരത്തെ തുടങ്ങാന്‍ കേന്ദ്രം നടപടികള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.മെയ് മാസം പകുതിയോടയോ അവസാനത്തോടയോ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് സൂചന. ഇതിനായി എല്ലാ സംസ്ഥാനങ്ങളോടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.ലോക്ക് ഡൗണ്‍ വേളയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ചും സൂചനകള്‍ ഉണ്ട്. സമയം ലാഭിക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പുതിയ അധ്യായന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാനും കേന്ദ്രം ആവശ്യപ്പെട്ടേക്കും. രാജ്യത്തെ ഓണ്‍ലൈന്‍ പഠനത്തില്‍ കഴിഞ്ഞ രണ്ടാഴ്ച വലിയ വര്‍ധവുണ്ടായെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിൽ നാല് മലയാളി നഴ്സുമാർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
മഹാരാഷ്ട്ര:മഹാരാഷ്ട്രയിൽ നാല് മലയാളി നഴ്സുമാർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയിലെ ഭാട്യ ആശുപത്രിയിലെ ഒരു നഴ്സിനും വൊക്കാഡ് ആശുപത്രിയിലെ രണ്ട് പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.പൂനയിലെ റൂബി ഹാള്‍ ആശുപത്രിയിലെ ഒരു മലയാളി നഴ്സിനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.മഹാരാഷ്ട്രയില്‍ നിലവില്‍ നൂറിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 60 നഴ്സുമാരും പത്തു ഡോക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. ബാക്കിയുള്ളവര്‍ കാര്‍ഡിയാക്, പത്തോളജി ലാബുകളിലെ ടെക്നീഷ്യന്മാരും ശുചീകരണമേഖലയില്‍ പണിയെടുക്കുന്നവരുമാണ്. അതേസമയം മുംബൈ ധാരാവിയില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ധാരാവിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. 47 പേര്‍ക്കാണ് ഇതുവരെ ഇവിടെ രോഗം സ്ഥിരീകരിച്ചത്.രാജ്യത്ത് 24 മണിക്കൂറിനിടെ 35 പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 308 ആയി. 9152 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശിലെ ബദായൂനിലെ 14 ഗ്രാമങ്ങൾ പൂ൪ണമായും അടച്ചിട്ടു. ഡൽഹിയിലെ ചൗധരി ശോറ മൊഹല്ലയും യുപി വാരണാസിയിലെ മദൻപുരയും ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. നാഗാലാന്‍റില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു.
ലോക്ക് ഡൌൺ നീട്ടൽ;കേന്ദ്ര പ്രഖ്യാപനം ഇന്നുണ്ടായേക്കും
ന്യൂഡൽഹി:രാജ്യത്ത് ലോക്ക് ഡൌൺ നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര പ്രഖ്യാപനം ഇന്നുണ്ടായേക്കും.വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫെറൻസ് വഴി ചർച്ച നടത്തിയിരുന്നു.കൂടുതല്‍ ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടാനാണ് ധാരണ. കാര്‍ഷിക മേഖലയ്ക്കും നിര്‍മ്മാണ മേഖലയ്ക്കും ഇളവ് പ്രഖ്യാപിച്ചേക്കാം.സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും ഭാഗികമായി വീണ്ടും തുടങ്ങും. മന്ത്രിമാരോട് ഓഫീസുകളില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ അഭിസംബോധന എപ്പോഴുണ്ടാകുമെന്നും ഇന്ന് വ്യക്തമാകും.മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ഇന്നലെ വൈകിട്ട് തന്നെ ഏപ്രില്‍ മുപ്പത് വരെ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു.അതേസമയം ദേശീയ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നിരിക്കെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവ് നല്‍കുന്നതിനെക്കുറിച്ച് നാളെ ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.കേന്ദ്രത്തിന്റെ തീരുമാനംകൂടി അറിഞ്ഞാവും കേരളം നടപടികള്‍ സ്വീകരിക്കുക.കൊവിഡ് തീവ്രമായി ബാധിച്ച ജില്ലകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇളവ് വേണമെന്നാണ് കേരളത്തിന്റെ നിലപാട്. ഇക്കാര്യം പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലും മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു.ഒറ്റയടിക്ക് വിലക്ക് പിന്‍വലിച്ചാല്‍ തിരിച്ചടിയാവുമെന്നാണ് കേരളത്തിന്റെ വിലയിരുത്തല്‍.
രാജ്യത്ത് ലോക്ക് ഡൌൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുമെന്ന് റിപ്പോർട്ട്;ഔദ്യോഗിക പ്രഖ്യാപനം ഉടൻ
ന്യൂഡൽഹി:രാജ്യത്ത് ലോക്ക് ഡൌൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനമായതായി റിപ്പോർട്ട്.ഇക്കാര്യം ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജരിവാള്‍ സ്ഥിരീകരിച്ചു. ഇക്കാര്യം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്.ലോക്കഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൃത്യമായ തീരുമാനമെടുത്തു. ഇന്ന് രാജ്യം മറ്റുവികസിത രാജ്യങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ നേരത്തെ പ്രഖ്യാപിച്ചതാണ് രാജ്യം സുരക്ഷിതമായ സ്ഥാനത്ത് നില്‍ക്കാന്‍ സഹായകമായത്. എന്നാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ ഇതുവരെ നേടിയ നേട്ടങ്ങള്‍ ഇല്ലാതാകും. ഈ നിലപാടിനെ ലോക്ക് ഡൌൺ നീട്ടാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനമെന്ന് കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.എന്നാൽ ഇതിന് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാകും പ്രഖ്യാപനം.നാല് മണിക്കൂര്‍ നേരമാണ് മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. യോഗത്തില് ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് ലോക്ക്ഡൗണ്‍ നീട്ടാനുള്ള തീരുമാനത്തിലേക്കേ് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അരവിന്ദ് കെജ്‍രിവാള്‍ ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്, തെലങ്കാന, കര്‍ണാടക, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും നേരത്തെ തന്നെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.ഒറ്റയടിക്ക് ലോക്ക് ഡൌണ്‍ പിന്‍വലിക്കരുത്, ഘട്ടം ഘട്ടമായി മതിയെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. 21 ദിവസത്തെ ലോക്ക്ഡൗണ്‍ ഏപ്രില്‍ 14നാണ് അവസാനിക്കേണ്ടിയിരുന്നത്. ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കൂടിക്കാഴ്ച നടത്തിയത്. ലോക്ക് ഡൗണ്‍ പിന്‍വലിക്കുകയാണെങ്കില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സംസ്ഥാനങ്ങള്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതികള്‍ രൂപികരിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഒഡീഷയും പഞ്ചാബും ലോക്ക് ഡൗണ്‍ നീട്ടുന്നതായി നേരത്തെ തന്നെ പ്രഖ്യാപിച്ചു
റിലയൻസ് പവർപ്ലാന്റിന്റെ ആഷ് ഡാം പൊട്ടി;രണ്ട് പേര്‍ മരിച്ചു, ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങളും വീടുകളും ഒഴുകിപ്പോയി
ഭോപ്പാല്‍: റിലയന്‍സ് പവര്‍പ്ലാന്റിന്റെ മാലിന്യം സൂക്ഷിക്കുന്ന ‘ആഷ് ഡാം’ തകര്‍ന്ന് ചാരം പുറത്തേക്കൊഴുകി രണ്ടുപേര്‍ മരിച്ചു.നിരവധിപേരെ കാണാതായി.വീടിനകത്ത് ഇരുന്നവരാണ് കൽക്കരിചാരവും വെള്ളവും ചേർന്ന കുത്തൊഴുക്കിൽ ഒലിച്ചുപോയത്.മധ്യപ്രദേശിലെ സിംഗ്റോളിയിലാണ് സംഭവം. വെള്ളിയാഴ്ച സിംഗ്റോളിയിലെ സസാന്‍ കല്‍ക്കരി പ്ലാന്റിന്റെ ആഷ് ഡംപ് യാര്‍ഡിന്റെ വാള്‍ തകരുകയും സമീപത്തെ റിസര്‍വോയറില്‍ നിന്നുള്ള വെള്ളം ഇരച്ചുകയറുകയും ചെയ്യുകയായിരുന്നു.മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലിൽ നിന്ന് 680 കിലോമീറ്റർ അകലെയുള്ള സിംഗ്‌റോളിയിലെ പ്ലാന്റിനെപ്പറ്റി പരാതി നിലനിൽക്കെയാണ് ദുരന്തം. റിസർവോയറിൽ നിന്നുള്ള വെള്ളം ചേർന്ന് ശക്തമായി പുറത്തേക്കൊഴുകിയ കൽക്കരിയുടെ ചാരത്തിൽ അമ്മയും മകനുമടക്കം ആറുപേർ ഒലിച്ചുപോയി. ഇതിൽ രണ്ടുപേർ മരിക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തു.കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് മൂന്നാംതവണയാണ് ആഷ് യാർഡ് പൊട്ടി കുത്തിയൊലിച്ച് പുറത്തേക്കൊഴുകുന്നത്. കഴിഞ്ഞവര്‍ഷം പവര്‍ പ്ലാന്റിനെതിരെ പ്രദേശവാസികള്‍ സമരം നടത്തിയിരുന്നു. മൂന്നുമാസം മുൻപ് പ്ലാന്റില്‍ നിന്ന് ചാരം പുറത്തേക്കൊലിച്ചിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. പ്രതിഷേധത്തെ തുടര്‍ന്ന്, ഇനി അത്തരം വീഴ്ച ഉണ്ടാവില്ലെന്ന് കമ്പനി എഴുതി നല്‍കിയിരുന്നുവെന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു. റിലയൻസ് അധികൃതരുടെ കുറ്റകരമായ അനാസ്ഥമൂലമാണ് ഇത് സംഭവിച്ചതെന്ന് സിംഗ്‌റോളി ജില്ലാ കളക്ടർ കെ.വി.എസ് ചൗധരി പറഞ്ഞു.
ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതി ആരംഭിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതി ആരംഭിച്ച് ഇന്ത്യ. 28 രാജ്യങ്ങളിലേക്കാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കയറ്റുമതി തുടങ്ങിയത്. അയല്‍ രാജ്യങ്ങള്‍ക്ക് മരുന്ന് സൗജന്യമായാണ് നല്‍കുന്നത്. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ, മ്യാന്‍മര്‍, സീഷെല്‍സ്, മൗറീഷ്യസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ക്ക് മരുന്ന് സൗജന്യമാണ്.അതേസമയം പണം ഈടാക്കിയാണ് അമേരിയ്ക്കയിലേക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അയച്ചത്. ശ്രീലങ്കയിലേക്ക് 10 ടണ്‍ മരുന്നുകളാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ കയറ്റി അയച്ചത്. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി കരാര്‍ ഒപ്പുവച്ച എല്ലാ യൂറോപ്യന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കും മരുന്ന് കയറ്റുമതിക്ക് വാണിജ്യമന്ത്രാലയം അനുമതിയ നല്‍കി. ഇന്ത്യയില്‍ ഈ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനുള്ള കര്‍ശന നടപടി സ്വീകരിക്കാനും കമ്പനികൾക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി സ്‌പെഷ്യല്‍ ഇക്കണോമിക് സോണുകളില്‍ നിന്നുള്ള കയറ്റുമതി കൂടി അനുവദിക്കും. ഇന്ത്യയില്‍ സ്ഥിതി ഗുരുതരമായാല്‍ വിതരണം ചെയ്യേണ്ട മരുന്നുകളുണ്ടാകണമെന്ന വ്യവസ്ഥയിലാണിത്.ലോകത്തേറ്റവും കൂടുതല്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, പാരസിറ്റമോള്‍ ഗുളികകള്‍ ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. പ്രതിമാസം 5,600 മെട്രിക് ടണ്‍ പാരസെറ്റമോള്‍ ഗുളികകള്‍ ഉത്പാദിപ്പിക്കുന്നതില്‍,ഇന്ത്യയില്‍ മാസം 200 മെട്രിക് ടണ്‍ മാത്രമേ ആവശ്യമുള്ളു. ബാക്കിയെല്ലാം ഇറ്റലി, ജര്‍മനി, യുകെ, അമേരിക്ക, സ്‌പെയിന്‍, കാനഡ എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. പാരസെറ്റമോളിന്റെ കയറ്റുമതിയിലൂടെ ഇന്ത്യയ്ക്ക് 730 കോടിയാണ് പ്രതിവര്‍ഷം ലഭിക്കുന്നത്.
ഇന്ത്യയിൽ സമൂഹവ്യാപനമില്ല;റിപ്പോര്‍ട്ടില്‍ പിശകുണ്ടായെന്നും ലോകാരോഗ്യസംഘടന
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സാമൂഹിക വ്യാപനമില്ലെന്ന് ലോകാരോഗ്യ സംഘടന.സാമൂഹിക വ്യാപനം സംബന്ധിച്ച ഐസിഎം ആര്‍ നിഗമനം ശരിയല്ല. ഐസി എംആര്‍ ചൂണ്ടിക്കാട്ടുന്ന കണക്ക് സാമുഹിക വ്യാപനത്തിന് പര്യാപ്തമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്ത്യയില്‍ കൊവിഡിന്റെ സാമൂഹിക വ്യാപനം ഉണ്ടായെന്ന് തെളിവാകുന്ന പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്
വെളിപ്പെടുത്തിയിരുന്നു.ഫെബ്രുവരി 15 നും ഏപ്രില്‍ രണ്ടിനുമിടയില്‍ 5911 സാംപിളുകളാണ് ഐസിഎംആര്‍ ടെസ്റ്റ് ചെയ്തത്.ഇന്ത്യയില്‍ കേസുകള്‍ വര്‍ധിച്ചപ്പോഴും സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരും ആവര്‍ത്തിച്ചിരുന്നു.പകര്‍ച്ചവ്യാധിയുടെ ഉറവിടം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന വിധത്തില്‍ രോഗം വ്യാപിക്കുമ്പോഴാണ് സമൂഹ വ്യാപനത്തിലേക്ക് കടക്കുന്നത്.എന്നാല്‍ നിലവില്‍ ഇന്ത്യയിലെ കേസുകളുടെയെല്ലാം സമ്ബര്‍ക്ക ഉറവിടം കണ്ടെത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.6412 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 33 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുള്‍പ്പടെ രാജ്യത്ത് ആകെ 199 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.