ന്യൂഡല്‍ഹി:രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി കുതിക്കുന്നു. 81,970 പേര്‍ക്കാണ് രാജ്യത്ത് രോഗം ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. പുതുതായി രോഗം ബാധിച്ചിരിക്കുന്നത് 3,967 പേര്‍ക്കാണ്. ഇതുവരെ രോഗം ബാധിച്ച് 2,649 ആളുകള്‍ മരിച്ചു. 24 മണിക്കൂറിനിടെ മരിച്ചത് 100 പേരാണ്. 27,920 പേരുടെ രോഗം ഭേദമായി. ഡൽഹിയിലെ മരണനിരക്കിലും വർദ്ധനവുണ്ടായി. ഇന്നലെ മാത്രം മരിച്ചത് 20 പേരാണ്. ഇന്നലെ 359 കോവിഡ് കേസുകളടക്കം സംസ്ഥാത്തെ രോഗബാധിതരുടെ എണ്ണം 7998 ആയി.ഡൽഹി സി.ആര്‍.പി.എഫിലെ മൂന്ന് പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു.മഹാരാഷ്ട്രയിൽ രോഗ ബാധിതരുടെ എണ്ണം 24,427 ആയി.മുംബൈയിൽ രോഗികളുടെ എണ്ണം 15,000 കടന്നു. ഗുജറാത്തിൽ മരണം 537ലും രോഗബാധിതർ 8904 ആണ്. രാജസ്ഥാനിൽ പുതിയ 152 കോവിഡ് കേസുകൾ ഇവിടെ ആകെ രോഗികൾ 4278 ആണ്. മരണം 120 കടന്നു. ഒഡീഷയിൽ 101 പേ൪ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.മധ്യപ്രദേശില്‍ 4,173 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 232 പേര്‍ ഇവിടെ രോഗം ബാധിച്ചു മരിച്ചു.കേരളത്തില്‍ വ്യാഴാഴ്ച മാത്രം 26 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. ഇതില്‍ ഏഴു പേര്‍ വിദേശത്തു നിന്നും വന്നവരും രണ്ടുപേര്‍ ചെന്നൈയില്‍ നിന്നും നാലുപേര്‍ മുംബൈയില്‍ നിന്നും ഒരാള്‍ ബംഗളൂരുവില്‍ നിന്നും വന്നതാണ്. 11 പേര്‍ക്കു സമ്പർക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ഇതോടെ കേരളത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 560 ആയി.
‘ഒരു ഇന്ത്യ ഒരു കൂലി’; സമസ്ഥ മേഖലയിലും തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കും; രണ്ടാം ഘട്ട പാക്കേജില്‍ ഒന്‍പത് പ്രഖ്യാപനങ്ങളുമായി ധനമന്ത്രി
ജൂണ്‍ മുപ്പത് വരെ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വ്വീസ് ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ
ന്യൂഡല്‍ഹി: ജൂണ്‍ മുപ്പത് വരെ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വ്വീസ് ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ. എന്നാല്‍ ശ്രമിക് ട്രെയിനും സ്പെഷ്യൽ ട്രെയിനും സർവീസ് തുടരും. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്‌തവര്‍ക്ക് പണം തിരിച്ച് നല്‍കാനും റെയില്‍വെ തീരുമാനിച്ചു.അതേസമയം ഇന്ത്യയൊട്ടാകെ 78,0000 പേരാണ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നത്. കേരളത്തില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്‌ത 412 പേര്‍ക്ക് റെയില്‍വെ പണം തിരിച്ച് നല്‍കി.അതിഥി തൊഴിലാളികള്‍ക്കും കുടുങ്ങിക്കിടക്കുന്നവര്‍ക്കുമുള്ള സര്‍വീസാണ് റെയില്‍വെ ഇപ്പോള്‍ നടത്തുന്നത്. ഇത് തുടരും. അല്ലാതെ ട്രെയിന്‍ ഗതാഗതം ഉടന്‍ പൂര്‍വസ്ഥിതിയിലാവില്ല. സാധാരണ ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നത് സാമൂഹ്യ വ്യാപനത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്താണ് റെയില്‍വെ സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ റദാക്കിയത്.അതേസമയം ശ്രമിക് ട്രെയിനില്‍ പോകാനെത്തിയവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ യാത്ര അനുവദിക്കില്ല. അവരുടെ ടിക്കറ്റ് തുകയും തിരികെ നല്‍കും. ശ്രമിക് ട്രെയിനുകള്‍ക്ക് സംസ്ഥാനങ്ങളില്‍ മൂന്ന് സ്റ്റോപ്പുകള്‍ അനുവദിച്ചിരുന്നു. ഇനി എവിടെയാണോ യാത്ര അവസാനിക്കുന്നത് അവിടെ മാത്രമേ സ്റ്റോപ്പ് ഉണ്ടാവൂ.
രാജ്യത്ത് ലോക്ക് ഡൌൺ തുടരും;20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി:രാജ്യത്ത് ലോക്ക് ഡൌൺ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ലോക്ഡൗൺ തുടരുമെങ്കിലും നാലാം ഘട്ടം പുതിയ നിയമങ്ങൾ അനുസരിച്ചായിരിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വിശദാംശങ്ങൾ ഈ മാസം 18ന് മുൻപ് പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.കോവിഡ് 19 പശ്ചാത്തലത്തില്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ മേഖലകളേയും ഉത്തേജിപ്പിക്കാനായാണ് 20 ലക്ഷം കോടിയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ എന്ന പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.പുതിയ പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി പ്രഖ്യാപിക്കും.രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക.ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമാകും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.കൊറോണ വൈറസിനെതിരായ യുദ്ധത്തിലാണ് രാജ്യം. ഇത്തരം സാഹചര്യം രാജ്യം ഇതുവരെ നേരിട്ടിട്ടില്ല. രാജ്യത്ത് നിരവധി ജീവനുകള്‍ നഷ്ടമായി. പലര്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. നാം കീഴടങ്ങുകയോ തോറ്റുകൊടുക്കുകയോ ഇല്ല. പോരാട്ടം തുടരും. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടില്‍വ്യവസായം, ചെറുകിടം–- ഇടത്തരം സംരംഭങ്ങള്‍, തൊഴിലാളികള്‍, മധ്യവര്‍ഗം, വ്യവസായങ്ങള്‍ എന്നിവയ്ക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള പാക്കേജാണ് പ്രഖ്യാപിക്കുക. സ്വയംപര്യാപ്ത ഇന്ത്യക്ക് ഊര്‍ജമേകും. ഭൂമി, തൊഴില്‍, പണലഭ്യത, നിയമങ്ങള്‍ എന്നിവയ്ക്കാണ് ഊന്നൽ നൽകുക.രാജ്യത്തെ സ്വയംപര്യാപ്തമാക്കാന്‍ ധീരമായ പരിഷ്കാരം ആവശ്യമാണ്. എങ്കില്‍ മാത്രമേ ഭാവിയില്‍ കോവിഡിന് സമാനമായ പ്രതിസന്ധികളെ മറികടക്കാനാകൂ. കാര്‍ഷികമേഖലയ്ക്കായി വിതരണശൃംഖലാ പരിഷ്കാരം, നികുതി സംവിധാനം, ലളിതവും വ്യക്തവുമായ നിയമങ്ങള്‍, ശേഷിയുള്ള മനുഷ്യവിഭവം, ശക്തമായ ധനസംവിധാനം എന്നിവയ്ക്കായി പരിഷ്കാരങ്ങൾ ഉണ്ടാകും. ഇത് ബിസിനസുകളെ പ്രോത്സാഹിപ്പിക്കുകയും നിക്ഷേപം ആകര്‍ഷിക്കുകയും മെയ്ക്ക് ഇന്‍ ഇന്ത്യയെ ശക്തിപ്പെടുത്തുകയും ചെയ്യും. സ്വയംപര്യാപ്തത ആഗോളവിതരണ ശൃംഖലയില്‍ കടുത്ത മത്സരത്തിന് രാജ്യത്തെ സജ്ജമാക്കും. ഈ മത്സരത്തില്‍ ജയിക്കേണ്ടതുണ്ട്. ഇത് മനസ്സില്‍ കണ്ടാണ് പാക്കേജ് ഒരുക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.അടച്ചിടല്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി പ്രത്യേക പാക്കേജ് വേണമെന്ന് സംസ്ഥാനങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ധനമന്ത്രി നേരത്തെ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെയും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച 50,000 കോടിയുടെയും പാക്കേജ് ഉള്‍പ്പെടെയാണ് പുതിയ പ്രഖ്യാപനം.
നിർണായക തീരുമാനത്തിന് കാതോർത്ത് രാജ്യം; പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി:നിർണായക തീരുമാനത്തിന് കാതോർത്ത് രാജ്യം.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.മുന്നാംഘട്ട ലോക്ക് ഡൗണ്‍ മെയ് 17ന് അവസാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും.കൂടാതെ ലോക നഴ്‌സസ് ദിനം കൂടിയായ ഇന്ന് കൊറോണ മഹാമാരിക്കെതിരെ മുന്നിരയിൽ നിന്നും പോരാടുന്ന ഭൂമിയിലെ മാലാഖമാരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി തിങ്കളാഴ്ച ആറ് മണിക്കൂര്‍ നീണ്ട കൂടിയാലോചന നടത്തിയിരുന്നു. ഈ വീഡിയോ കോണ്‍ഫറന്‍സിലാണ് ആറ് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ആന്ധ്രാ പോലെ ചില സംസ്ഥാനങ്ങള്‍ ലോക്ക്ഡൗൺ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുവായ സാഹചര്യം വിലയിരുത്തി ലോക്ക്ഡൗണ്‍ നീട്ടണമോ അതോ റെഡ്സോണില്‍ മാത്രമായി ലോക്ക്ഡൗണ്‍ തുടരുമോ എന്നതിലും ഇന്ന് തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. ട്രെയിന്‍, വിമാന സര്‍വീസുകള്‍ പൂര്‍ണമായി പുനരാരംഭിക്കുന്നത് വൈകുമോ എന്നതിലും തീരുമാനമുണ്ടായേക്കും. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു. അതിനാല്‍ തന്നെ മൂന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങള്‍ നാലാം ഘട്ടത്തില്‍ തുടരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.ലോക്ഡൗണിന് ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ എല്ലാവരും തയ്യാറെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് 17ന് തീരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രിയുടെ അഭിപ്രായ പ്രകടനം. ഗുരുതരമായ പ്രശ്‌നങ്ങളില്ലാത്ത ഇടങ്ങളില്‍ മെയ് 17ന് ശേഷം ഇളവുകള്‍ വരുത്തുമെന്നാണ് സൂചന.യോഗത്തില്‍ ലോക് ഡൗണ്‍ തുടരണമെന്ന് ആവശ്യപ്പെട്ട സംസ്ഥാനങ്ങള്‍ പോലും ഹോട്‌സ്‌പോട്ട് അല്ലാത്തയിടങ്ങളില്‍ സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ ലോക്ഡൗണ്‍ തുടരണമെന്ന നിലപാടാണ് അറിയിച്ചത്. പൊതുഗതാഗതം ആരംഭിക്കുന്നതിനുള്ള തീരുമാനം എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു.മെയ് 15ന് മുന്‍പ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണമെന്ന് അറിയിക്കണമെന്നും മോദി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുമായി നടത്തിയ ആറാമത്തെ യോഗമാണ് തിങ്കളാഴ്ച നടന്നത്. രാജ്യത്ത് മെയ് 17-ന് മൂന്നാംഘട്ടത്തിന് ശേഷം ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയാല്‍, നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.
രാജ്യത്ത് ട്രെയിൻ സർവീസുകൾ നാളെ മുതൽ; കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ ബുധനാഴ്ച ഡൽഹിയിൽ നിന്നും
ന്യൂഡൽഹി:രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നാളെ പുനരാരംഭിക്കും.ഇന്ന് വൈകിട്ട് നാല് മുതല്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.ഐആ൪സിടിസി വെബ്സൈറ്റ് മുഖാന്തിരം മാത്രമായിരിക്കും ടിക്കറ്റ് ബുക്കിങ് സൗകര്യം.കൗണ്ട൪ വില്പന ഉണ്ടായിരിക്കുകയില്ല. കോവിഡ് രോഗ ലക്ഷണങ്ങളില്ലാത്തവ൪ക്ക് മാത്രമേ യാത്ര ചെയ്യാനാകൂ. മാസ്ക് വയ്ക്കണമെന്ന് പ്രത്യേക നി൪ദേശമുണ്ട്. പുറപ്പെടുന്ന സ്റ്റേഷനിൽ തെ൪മൽ സ്ക്രീനിങ് ഉണ്ടായിരിക്കും. രാജധാനിയുടെ ടിക്കറ്റ് നിരക്കിൽ എസി കോച്ചുകൾ മാത്രമുള്ള ട്രെയിനുകളായിരിക്കും ഓടുക. തിരുവനന്തപുരത്തേക്ക് അടക്കം പതിനഞ്ച് ഇടങ്ങളിലേക്കുള്ള പാസഞ്ച൪ ട്രെയിൻ സ൪വീസുകളാണ് റെയിൽവെ മന്ത്രാലയം പുനരാരംഭിക്കുന്നത്.കേരളത്തില്‍ ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ വീതം നടത്താനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. ആലപ്പുഴ വഴിയാണ് ട്രെയിന്‍ സര്‍വീസ്. കേരളത്തില്‍ എട്ടു സ്‌റ്റോപ്പുകളാണ് ട്രെയിന് ഉണ്ടാകുക.ആദ്യസര്‍വീസ് മറ്റന്നാള്‍ രാവിലെ 10.55 ന് ഡല്‍ഹിയില്‍ നിന്ന് തുടങ്ങും. ബുധനാഴ്ചയും ഞായറാഴ്ചയും ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിന്‍ സര്‍വീസ് നടത്തും. തിരുവനന്തപുരത്തുനിന്നും ഡല്‍ഹിയിലേക്കുള്ള ആദ്യയാത്ര ആരംഭിക്കുന്നത് വെള്ളിയാഴ്ചയാണ്. വെള്ളി വൈകീട്ട് 5.30 ന് ട്രെയിന്‍ പുറപ്പെടുമെന്നാണ് റെയില്‍വേ അധികൃതര്‍ സൂചിപ്പിക്കുന്നത്.ട്രെയിനുകള്‍ക്ക് ആകെ 18 സ്റ്റോപ്പുകളാണ് ഉണ്ടാകുക. ഇതില്‍ കേരളത്തില്‍ എട്ടു സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ജംഗ്ഷന്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം സെന്‍ട്രല്‍ എന്നിവയാണ് അനുവദിച്ചിട്ടുള്ള സ്റ്റോപ്പുകള്‍.
ലോക്ക് ഡൌൺ;രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്
ഡല്‍ഹി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. രാജ്യത്തെ സ്ഥിതിഗതികളും കോവിഡ് പ്രതിരോധ നടപടികളുമെല്ലാം ചര്‍ച്ചയില്‍ വിഷയമാകും. ട്രെയിന്‍ സര്‍വീസ് നടത്താനുള്ള തീരുമാനം അടക്കം ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും.ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കണം എന്ന കേന്ദ്രത്തിന്റെ നിലപാടാണ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതിന് പിന്നില്‍. എന്നാല്‍ സ്ഥിതി ഇപ്പോഴും ഗുരുതരമാണെന്നും ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടണമെന്നും വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി വിളിച്ചിരിക്കുന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാവും. ആഭ്യന്തര വിമാന സര്‍വ്വീസുകളുടെ കാര്യത്തിലും ബസ് ഗതാഗതത്തിന്റെ കാര്യത്തിലുമാണ് ഇനി തീരുമാനം ഉണ്ടാവേണ്ടത്. സാമ്പത്തിക രംഗം നിശ്ചലമാകാതിരിക്കാന്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കേണ്ടതുണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തില്‍ കാബിനറ്റ് സെക്രട്ടറി ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു.നാളെ മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ ഡല്‍ഹിയില്‍ നിന്ന് രാജ്യത്തെ 15 നഗരങ്ങളിലേക്കാണ് സര്‍വീസുകള്‍ നടത്തുക. 50 ദിവസങ്ങള്‍ക്ക് ശേഷമാണ് റെയില്‍വേ വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്.
കോവിഡ് 19;കേന്ദ്രം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി
ന്യൂഡൽഹി:കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് സംബന്ധിച്ച് കേന്ദ്രം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.രോഗം സ്ഥിരീകരിച്ചതിനുശേഷം 14, 21 ദിവസങ്ങളിൽ നടത്തുന്ന കോവിഡ് പരിശോധന നെഗറ്റീവ് ആയാൽ രോഗികളെ ഡിസ്ചാർജ് ചെയ്യാം എന്ന മുൻ നിർദേശത്തിനു പകരമുള്ള മാർഗനിർദേശങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. രോഗിയുടെ ആരോഗ്യനില അനുസരിച്ച് ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യം തീരുമാനിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. മൂന്നുദിവസം പനി ഇല്ലാതിരിക്കുകയും പത്തുദിവസത്തിനുശേഷവും രോഗലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയും ചെയ്താല്‍ ടെസ്റ്റ് നടത്താതെ ഡിസ്ചാര്‍ഡ് ചെയ്യാം.എന്നാല്‍ തുടര്‍ന്നുള്ള ഏഴു ദിവസം ഹോം ക്വാറന്‍റൈനില്‍ തുടരണം. രോഗതീവ്രത കുറഞ്ഞ വിഭാഗത്തിലുള്ളവര്‍ക്ക് പനി മൂന്നുദിവസത്തിനുള്ളില്‍ മാറുകയും ഓക്‌സിജന്‍ സാച്ചുറേഷന്‍ 95 ശതമാനത്തിന്‍റെ മുകളിൽ നില്‍ക്കുകയും ചെയ്താല്‍ 10 ദിവസത്തിനുശേഷം ഡിസ്ചാര്‍ജ് ചെയ്യാം. ഇവരും ഏഴുദിവസം ഹോം ക്വാറന്‍റൈനിയിലായിരിക്കണം.രോഗപ്രതിരോധശേഷി കുറഞ്ഞവരിലെ തീവ്രത കൂടിയ കേസുകളുടെ ഡിസ്ചാർജ് പല മാനദണ്ഡങ്ങൾ ആശ്രയിച്ചാണുള്ളത്. രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടാവരുത്. ആർടി-പിസിആർ ടെസ്റ്റിൽ നെഗറ്റീവ് ഫലം വന്നാൽ മാത്രം ഡിസ്ചാർജ് അനുവദിക്കാം.
കൊവിഡ് 19; രാജ്യത്ത് മരണസംഖ്യ 1981 ആയി; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3320 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1981 ആയി.വൈറസ് ബാധിതരുടെ എണ്ണവും അനുദിനം വര്‍ധിക്കുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3320 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 59,662 ആയി ഉയര്‍ന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 95 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 1981 ആയി ഉയര്‍ന്നു. ഇതുവരെ 17847 പേര്‍ രോഗമുക്തി നേടിയെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 19,000 കടന്നു. പുതുതായി 1089 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 19,063 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണ സംഖ്യ 731 ആയി ഉയര്‍ന്നു. അതേസമയം സംസ്ഥാനത്ത് ഇതുവരെ 3470 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മുംബൈയില്‍ വൈറസ് ബാധിതരുടെ എണ്ണം 11967 ആയി. ധാരാവിയില്‍ മാത്രം 808 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 26 പേരാണ് വൈറസ് ബാധമൂലം ധാരാവിയില്‍ മരിച്ചത്.അതേസമയം രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ നിരക്ക് ഉയരുകയാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. 29.36 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. രാജ്യത്തെ 216 ജില്ലകള്‍ ഇതിനോടകം കൊവിഡ് മുക്തമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിൽ അതിഥി തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞുകയറി 15 മരണം
ഔറംഗാബാദ്:മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന അതിഥി തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞുകയറി 15 പേർ മരിച്ചു.ഔറംഗബാദ് –നാന്ദേഡ് പാതയിലാണ് അപകടം.സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട സംഘം ട്രാക്കില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് നിരവധി അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പലായനം ചെയ്തിരുന്നു. അയല്‍സംസ്ഥാനങ്ങളിലേക്ക് കാല്‍നടയായാണ് ഇവര്‍ മടങ്ങിയിരുന്നത്.മഹാരാഷ്ട്രയില്‍ നിന്ന് നാട്ടിലേക്ക് കുടുംബത്തോടെ മടങ്ങുകയായിരുന്നു ഇവര്‍. യാത്രക്കിടയില്‍ ഔറാംഗാബിദിലെ കര്‍മാടിന് അടുത്ത് അടുത്തുള്ള റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നു. ചരക്ക് ട്രെയിനിടിച്ചാണ് അപകടമുണ്ടായത്.ജല്‍നയിലെ ഉരുക്ക് ഫാക്ടറിയിലെ തൊഴിലാളികളാണ് ഇവരെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാട്ടിലേക്ക് മടങ്ങുന്നതിനായി ട്രെയിന്‍ പിടിക്കുന്നതിനായി ജല്‍ന മുതല്‍ 170 കിലോമീറ്റര്‍ അകലെയുള്ള ഭുവാസല്‍ വരെ ഇവര്‍ നടക്കുകയായിരുന്നു. 45 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ട്രാക്കില്‍ വിശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് ഔറംഗാബാദ് എസ്‌പി മോക്ഷദാ പാട്ടീല്‍ പറഞ്ഞു.റെയില്‍വേ സംരക്ഷണ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പാളത്തില്‍ ആളുകള്‍ കിടക്കുന്നതു കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അത് ആളുകള്‍ക്കിടയിലേക്കു കയറുകയായിരുന്നെന്നും പരുക്കേറ്റവരെ ഔറംഗാബാദ് സിവില്‍ ആശുപത്രിയിലാക്കിയെന്നും റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തു.പല സംസ്ഥാനങ്ങളും മറ്റു സംസ്ഥാനങ്ങളിലേക്കു മടങ്ങേണ്ട അതിഥിതൊഴിലാളികള്‍ക്കായി ശ്രമിക് ട്രെയിനുകള്‍ ഓടിക്കുന്നുണ്ടെങ്കിലും പലരും സ്വന്തം നാടുകളിലേക്കു നടന്നുപോകുന്നുണ്ട്. ഇത്തരം സംഘങ്ങള്‍ പലപ്പോഴും റെയില്‍പാളങ്ങള്‍ വഴിയാണ് സഞ്ചരിക്കുന്നത്. വേഗത്തില്‍ ലക്ഷ്യ സ്ഥാനത്ത് എത്താനും വഴി തെറ്റാതിരിക്കാനും ആണിത്.