ന്യൂഡൽഹി:രാജ്യത്ത് മൂന്ന് ഘട്ടങ്ങളായുള്ള ലോക്ക് ഡൗൺ ഇളവുകൾ ഇന്ന് മുതൽ നിലവിൽ വരും. സംസ്ഥാനങ്ങൾ ഇളവുകൾ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്.കൂടുതൽ ഇളവുകൾ നൽകുന്നതോടെ രോഗ വ്യാപനം വര്‍ധിക്കുമോ എന്ന ആശങ്ക പല സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്.വിവിധ സംസ്ഥാനങ്ങളിലെ ഓഫീസുകൾ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ആരാധനാലയങ്ങൾ എന്നിവ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. മഹാരാഷ്ട്ര ഒരു ഇളവും നടപ്പാക്കില്ല. തമിഴ്‌നാട്ടിലും അരുണാചല്‍ പ്രദേശിലും ആരാധനാലയങ്ങള്‍ തുറക്കില്ല. ഡല്‍ഹിയില്‍ അതിര്‍ത്തികള്‍ തുറന്നെങ്കിലും ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടില്ല.ജമ്മു കശ്മീരില്‍ ആരാധനാലയങ്ങള്‍ അടഞ്ഞു കിടക്കും. അനുവാദമില്ലാതെ അന്തര്‍ സംസ്ഥാന യാത്രകളും അനുവദിക്കില്ല. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരുമായി തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബില്‍ റസ്റ്റോറന്റുകള്‍ തുറക്കില്ല. മറ്റ് സംസ്ഥാനങ്ങള്‍ കണ്ടൈന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് ഇളവുകള്‍ നടപ്പാക്കാനാണ് തീരുമാനം.നിയന്ത്രണം നീക്കാനുള്ള ആദ്യ ഘട്ടത്തിലെ സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷമാകും രണ്ടാം ഘട്ടത്തിലെ സ്‌കൂളുകള്‍ തുറക്കുന്നതും മൂന്നാം ഘട്ടത്തില്‍ ക്രമീകരിച്ചിരിക്കുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെയും തിയേറ്റര്‍, ജിം എന്നിവ തുറക്കുന്ന സംബന്ധിച്ചുമുള്ള അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കുക.
നടി മേഘ്ന രാജിന്റെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു
ബെംഗളൂരു:നടി മേഘ്ന രാജിന്റെ ഭര്‍ത്താവും കന്നഡ താരവുമായ ചിരഞ്ജീവി സർജ (39) അന്തരിച്ചു. ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയനഗറിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. പ്രശസ്ത കന്നഡ നടന്‍ ശക്തി പ്രസാദിന്‍റെ കൊച്ചുമകനും തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജയുടെ ബന്ധുകൂടിയാണ് മരണപ്പെട്ട ചിരഞ്ജീവി സർജ. 2009ല്‍ പുറത്തിറങ്ങിയ വായുപുത്രയാണ് ചിരഞ്ജീവി സർജയുടെ ആദ്യ ചിത്രം. 2018 മെയ് 2നായിരുന്നു സര്‍ജയുടെയും മേഘ്ന രാജിന്‍റെയും വിവാഹം. കന്നഡയില്‍ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ചിരഞ്ജീവി സര്‍ജ. 2009ല്‍ വായുപുത്ര എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി സര്‍ജ സാന്‍ഡല്‍വുഡില്‍ അരങ്ങേറിയത്.ഈ വര്‍ഷം ആദ്യ മാസങ്ങളില്‍ പുറത്തിറങ്ങിയ ആദ്യ ആണ് ചിരഞ്ജീവി സര്‍ജയുടേതായി ഒടുവില്‍ തീയേറ്ററുകളിലെത്തിയ ചിത്രം.
കുരങ്ങുകളില്‍ കോവിഡ് വാക്സിന്‍ പരീക്ഷണം നടത്താൻ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി
മുംബൈ:കുരങ്ങുകളില്‍ കോവിഡ് വാക്സിന്‍ പരീക്ഷണം നടത്താൻ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി.മഹാരാഷ്ട്ര വനംവകുപ്പാണ് അനുമതി നല്‍കിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.പരിചയസമ്ബന്നരായ ഉദ്യോഗസ്ഥര്‍ കുരങ്ങുകളെ പിടികൂടുമെന്നും വിദഗ്ധമായും സുരക്ഷിതമായും കൈകാര്യം ചെയ്യുമെന്നും പരിക്കേല്‍ക്കില്ലെന്നും കുരങ്ങുകളെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്നുമുള്ള വ്യവസ്ഥയിലാണ് അനുമതി നല്‍കിയത് വാക്സിന്‍ പരീക്ഷത്തിനായി മുപ്പത് കുരങ്ങുകളെ ഉടനെ പിടികൂടാനാണ് തീരുമാനം. നാലിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള കുരങ്ങുകളെയാണ് പരീക്ഷണത്തിന് ഉപയോഗിക്കുക. നേരത്തെ അമേരിക്കയിലെ ദേശീയ ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ടിലും ബ്രിട്ടണിലെ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയും വാക്സിന്‍ പരീക്ഷണങ്ങള്‍ക്കായി കുരങ്ങുകളെ ഉപയോഗിച്ചിരുന്നു. പെണ്‍കുരങ്ങുകളെയാണ് സാധാരണ വൈറസ് പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുക.
രാജ്യത്ത് 24 മണിക്കൂറില്‍ 9,304 കൊവിഡ് കേസുകള്‍;മരണം ആറായിരം കടന്നു
ന്യൂഡൽഹി:രാജ്യത്ത് കൊറോണ വ്യാപനം കൂടുതല്‍ രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 9,304 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇത് വരെ റിപ്പോര്‍ട്ട് ചെയ്‌തതില്‍ വെച്ച് ഏറ്റവും കൂടുതല്‍ കേസുകളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇതോടെ വൈറസ് പിടിപ്പെട്ടവരുടെ എണ്ണം 2,16,919 ആയി ഉയര്‍ന്നു. ഇതില്‍ ഒരു ലക്ഷത്തിലേറെ പേരുടെ രോഗം ഭേദമായി. 6075 പേരാണ് മരിച്ചത്.ഇതുവരെ ആറായിരത്തിലധികം മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മഹാരാഷ്ട്രയില്‍ 2500 ലേറെ പേരും ഗുജറാത്തില്‍ 1100 ലധികം പേരും മരിച്ചു. ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 23,000 കടന്നു.ഡൽഹിയിൽ എത്തുന്ന എല്ലാവർക്കും 7 ദിവസം ഹോം ക്വാറന്‍റൈന്‍ സർക്കാർ നിർബന്ധമാക്കി. സ്‌റ്റേഡിയങ്ങൾ അടക്കമുള്ള ഇടങ്ങൾ ചികിത്സ കേന്ദ്രങ്ങൾ ആക്കാനാരംഭിച്ചു. തമിഴ്നാട്ടില്‍ 25,000 ത്തിലധികം പേര്‍ക്കും മഹാരാഷ്ട്രയില്‍ മുക്കാല്‍ ലക്ഷത്തോളം പേര്‍ക്കും രോഗമുണ്ട്.എല്ലാ സംസ്ഥാനങ്ങളിലും ലക്ഷദീപ് ഒഴികെയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൊവിഡ് കണ്ടെത്തിയിട്ടുണ്ട്.അതേസമയം രാജ്യത്ത് രോഗമുക്തി നിരക്ക് ഉയർന്ന് 48.31 ശതമാനത്തിലും മരണനിരക്ക് താഴ്ന്ന് 2.8 ശതമാനത്തിലും എത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഒരുലക്ഷത്തിലധികം പേര്‍ രോഗമുക്തരായി.688 ലാബുകളിലായി പ്രതിദിനം 1.37 ലക്ഷം സാമ്പിളുകള്‍ പരിശോധിക്കുന്നു. സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാനുള്ള സെറോ സർവെ പരിശോധന ഈ ആഴ്ച പൂർത്തിയാക്കാനാകുമെന്നാണ് ഐ.സി.എം.ആര്‍ പ്രതീക്ഷിക്കുന്നത്.
നിസർഗ തീരം തൊട്ടു;മുംബൈയില്‍ കനത്ത മഴയും കാറ്റും;വിമാനത്താവളം അടച്ചു
മുംബൈ : തീവ്രചുഴലിക്കാറ്റായി മാറിയ നിസര്‍ഗ മഹാരാഷ്ട്ര തീരത്തെത്തി. മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞ് വീശുന്നത്. മുംബൈയടക്കമുള്ള നഗരങ്ങളില്‍ കനത്തകാറ്റും മഴയുമാണ്. അറബിക്കടലില്‍ വടക്കുകിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന നിസര്‍ഗ ഉച്ചയ്ക്കുശേഷമാണ് മഹാരാഷ്ട്ര തീരത്തെത്തിയത്. 120കിലോമീറ്റര്‍ വേഗതയുണ്ടായിരുന്ന കാറ്റ് തീരംതൊട്ടപ്പോള്‍ 72 കിലോമീറ്റര്‍ വേഗതയിലായി.മഹാരാഷ്ട്രയ്ക്കും തെക്കന്‍ ഗുജറാത്തിനും ഇടയില്‍ റായ്ഗഡ് ജില്ലയിലാണ് ചുഴലിക്കാറ്റെത്തിയത്. മുംബൈക്ക് പുറമെ താനെ, പാല്‍ഗര്‍, ഗുജറാത്തിന്റെ തെക്കന്‍ മേഖലകളില്‍ മഴയും കാറ്റുമുണ്ട്. മഹാരാഷ്ട്രയില്‍ ചിലയിടങ്ങളില്‍ കടല്‍വെള്ളം ആഞ്ഞുകയറുന്നുണ്ട്.ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വൈകീട്ട് ഏഴ് മണിവരെ നിര്‍ത്തിവെച്ചു.മുംബൈയില്‍ നിന്നുള്ളതും മുംബൈയിലേക്ക് വരുന്നതുമായ ട്രെയിനുകള്‍ നേരത്തെ സമയം പുനഃക്രമീകരിച്ചിരുന്നു. അറബികടലില്‍ രൂപംകൊണ്ട ന്യുനമര്‍ദ്ദം ചൊവ്വാഴ്ചയോടെയാണ് ചുഴലിക്കാറ്റായി രൂപംകൊണ്ടത്. കടല്‍ താപനില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ നിസര്‍ഗയ്ക്ക് തീവ്രതകൂടി. നിലവില്‍ മുംബൈക്ക് 350 കിലോമീറ്റര്‍ അടുത്താണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് നിസര്‍ഗ (പ്രകൃതി) എന്ന പേര് നല്‍കിയത്.
നിസര്‍ഗ തീവ്ര ചുഴലികാറ്റായി മാറി; മഹാരാഷ്ട്രയിലും ഗുജറാത്തിലും ആശങ്ക
മുംബൈ: അറബികടലില്‍ രൂപം കൊണ്ട് നിസര്‍ഗ ചുഴലികാറ്റ് ഇന്ന് അതിതീവ്ര ചുഴലികാറ്റായി മാറും. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയുള്ള ചുഴലികാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.നിസര്‍ഗ മുംബൈ തീരത്തോട് അടുക്കുകയാണ്. ഇന്ന് വൈകിട്ടോടെ മഹാരാഷ്ട്രയുടെ റായ്ഗഡ് ജില്ലയിലെ അലിബാഗിലൂടെയാണ് കാറ്റ് തീരത്തേക്ക് വീശുക.അതി തീവ്രമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വടക്കന്‍ മഹാരാഷ്ട്രയുടെ തീരവും ഗുജറാത്തിന്റെ തെക്കന്‍ തീരവും അതീവ ജാഗ്രതയിലാണ്.മുംബൈ, പാൽഗർ, താനെ, റായ്ഗഡ് ജില്ലകളിലും ഗുജറാത്തിലെ സൂറത്ത്, ബറൂച്ച് ജില്ലകളിലും ദാദ്ര നഗർഹവേലിയിലും കാറ്റ് കനത്ത നാശം വിതയ്ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്രയുടെ തീര പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചു. ഗുജറാത്തിന്റെ തെക്ക് തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.തെക്ക് സിന്ധുദുർഗ് മുതൽ വടക്ക് സൂറത്ത് വരെയുള്ള മഹാരാഷ്ട്ര – ഗുജറാത്ത് തീരത്ത് ശക്തമായ തിരമാലയ്ക്കും സാധ്യതയുണ്ട്. ഈ ഭാഗങ്ങളിൽ കടൽ വെള്ളം ഒന്നര കിലോമീറ്റർ വരെ ഉള്ളിലേയ്ക്ക് കയറാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റി താമസിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെ രക്ഷാപ്രവർത്തനങ്ങൾക്കായി മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ മുബൈ വിമാനത്താവളത്തിൽ സർവീസുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. കൊങ്കൺ പാതയിലൂടെയുള്ള സ്പെഷ്യൽ ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായി റെയിൽവെ അറിയിച്ചു. അടുത്ത രണ്ട് ദിവസത്തേയ്ക്ക് ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. നിസർഗയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഹാരാഷ്ട്ര, ഗുജറാത്ത് മുഖ്യമന്ത്രിമാരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി.രണ്ട് ആഴ്ച്ചക്കുള്ളില്‍ ഇന്ത്യന്‍ തീരത്തേക്ക് വീശിയടിക്കുന്ന രണ്ടാമത്തെ കാറ്റാണ് നിസര്‍ഗ. കഴിഞ്ഞ മാസം ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ഏറ്റവും ഭീകരമായ ഉംപുന്‍ ചുഴലികാറ്റ് ബംഗാളിലും ഒഡീഷന്‍ തീരങ്ങളിലും വലിയ നാശനഷ്ടം വിതച്ചിരുന്നു.സംഭവത്തില്‍ നൂറോളം പേര്‍ മരണപ്പെടുകയും ലക്ഷകണക്കിന് ആളുകളെ ഇത് ബാധിച്ചിട്ടുമുണ്ട്. ഒരു ലക്ഷം കോടിയുടെ നാശനഷ്ടമാണ് പശ്ചിം ബംഗാള്‍ മുഖ്യ മന്ത്രി കണക്കാക്കിയിട്ടുള്ളത്.
ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി;നിയന്ത്രണം കണ്ടെയിന്‍മെന്റ് സോണുകളില്‍
ന്യൂഡല്‍ഹി:കോവിഡ് 19 നെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. കണ്ടെയിന്‍മെന്റ് സോണുകളില്‍ മാത്രമാണ് കര്‍ശന നിയന്ത്രണം ഉണ്ടാവുക.ജൂണ്‍ എട്ടുമുതല്‍ മറ്റിടങ്ങളില്‍ വിപുലമായ ഇളവുകളും പ്രഖ്യാപിച്ചു.ഒന്നാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജൂണ്‍ എട്ട് മുതല്‍ ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍, മാളുകള്‍ എന്നിവ തുറക്കും. അന്തർസംസ്ഥാന യാത്രകള്‍ക്കും അനുമതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണില്‍ തുറക്കില്ല. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍, മെട്രോ, സിനിമാ തിയറ്ററുകള്‍ തുടങ്ങിയവയും ഉടനുണ്ടാകില്ല. ഇക്കാര്യങ്ങളിലെല്ലാം സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.രണ്ടാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനം. സ്കൂളുകൾ, കോളജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് ജൂലൈ മുതൽ പ്രവ൪ത്തിക്കാം. തുറന്നുപ്രവര്‍ത്തിക്കുമ്പോൾ പാലിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച എസ്ഒപി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടൻ പുറത്തിറക്കും.രാത്രിയാത്രാ നിരോധനം തുടരും. സമയത്തില്‍ മാറ്റമുണ്ട്. രാത്രി 9 മുതൽ രാവിലെ 5 മണിവരെയാണ് പുതിയ യാത്രാ നിരോധനം. രാജ്യാന്തര യാത്ര സർവീസുകൾ അനുവദിക്കുന്നതു മൂന്നാം ഘട്ടത്തിലായിരിക്കും. മെട്രോ റെയിൽ പ്രവർത്തനം, സിനിമാ തിയേറ്റർ, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, വിനോദ പാർക്കുകൾ എന്നിവയുടെ പ്രവർത്തനം തുടങ്ങുന്ന കാര്യവും സാഹചര്യങ്ങൾ പരിശോധിച്ച് മൂന്നാംഘട്ടത്തിൽ തീരുമാനിക്കാം.അന്ത൪ദേശീയ വിമാന സ൪വീസുകൾ, മെട്രോറെയിൽ, തിയേറ്ററുകൾ, ബാറുകൾ, മറ്റ് പൊതുസംഗമങ്ങൾ എന്നിവ തുറക്കാൻ സാഹചര്യം പരിശോധിച്ച് സംസ്ഥാനങ്ങൾക്ക് തീയതി തീരുമാനിക്കാം.അന്ത൪ സംസ്ഥാന യാത്രകൾക്കും സംസ്ഥാനങ്ങൾക്കുള്ളിലെ യാത്രകൾക്കും നിയന്ത്രണങ്ങളില്ല. ഈ കാര്യങ്ങളിലെല്ലാം നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾക്ക് ഏ൪പ്പെടുത്താം.അറുപത്തിയഞ്ച് വയസിന് മുകളിലും 10 വയസിന് താഴെയുമുള്ളവര്‍ വീട്ടിൽ നിന്ന് അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും പുതിയ മാര്‍ഗനിര്‍ദേശം വ്യക്തമാക്കി.
രാജ്യത്ത് നാലാംഘട്ട ലോക്ക് ഡൗൺ നാളെ അവസാനിക്കും;അഞ്ചാംഘട്ടത്തിന് സാധ്യത
തിരുവനന്തപുരം : കൊറോണ രോഗവ്യാപനത്തെത്തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നാലാംഘട്ട ലോക്ക്ഡൗൺ നാളെ അവസാനിക്കും.കൂടുതൽ ഇളവുകൾ നൽകിയാണ് സംസ്ഥാനത്ത് നാലാംഘട്ട ലോക്ക്ഡൗൺ കാലം അവസാനിക്കുന്നത്. അവസാനിക്കുന്നതിനിടെ ലോക്ക്ഡൗൺ വീണ്ടും രണ്ടാഴ്ചകൂടി നീട്ടിയേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി മൻ കി ബാത്തിൽ നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂൺ ഒന്നുമുതൽ രണ്ടാഴ്ചത്തേക്കാകും രണ്ടാംഘട്ട ലോക്ക് ഡൗണെന്നും കൂടുതൽ ഇളവുകളോടെയാകും ഇത് നടപ്പിലാക്കുകയുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മെയ് 31 നാണ് പ്രധാനമന്ത്രി മൻ കി ബാത്തിൽ റേഡിയോയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുക.രാജ്യത്ത് ക്രമാതീതമായി രോഗബാധിതർ കൂടുന്നതും സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗികൾ വർദ്ധിക്കുന്നതും നിയന്ത്രണങ്ങൾ ശക്തമാക്കാനാണ് സൂചന നൽകുന്നത്. വിവിധമേഖലകൾക്ക് നിയന്ത്രണങ്ങളോടെയുള്ള ഇളവുകൾ നൽകുമെന്നും വിവരങ്ങളുണ്ട്. എന്തൊക്കയാകും ഇളവുകളെന്നും നിയന്ത്രണങ്ങൾ വേണമോ എന്നതുസംബന്ധിച്ചുമുള്ള വിശദാംശങ്ങൾ ഉടൻ വന്നേക്കും.രാജ്യത്തെ കൊവിഡ് കേസുകളുടെ 70 ശതമാനം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്ത 11 നഗരങ്ങളെ കേന്ദ്രീകരിച്ചാകും അഞ്ചാംഘട്ടത്തിലെ നിയന്ത്രണങ്ങളെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകുന്ന സൂചന.അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അടുത്ത രണ്ടാഴ്ച കൂടി അനുമതി നല്‍കാനുള്ള സാധ്യതയില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നൽകുന്ന സൂചന.മെട്രോ സര്‍വീസ് പുനരാരംഭിച്ചേക്കും.ഷോപ്പിംഗ് കോംപ്ലക്സുകള്‍ക്ക് അനുമതിയുണ്ടാകില്ല.കണ്ടെയ്‍ന്‍മെന്‍റ് സോണുകളുടെ എണ്ണം ചുരുക്കുന്നതിനെക്കുറിച്ചും കേന്ദ്രം ആലോചിക്കുന്നുണ്ട്.രണ്ടുദിവസത്തിനുള്ളില്‍ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തിലും ഇളവുകളുടെ കാര്യത്തിലും വ്യക്തതയുണ്ടാവും.
പുല്‍വാമയില്‍ ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തി; 20 കിലോ സ്‌ഫോടക വസ്തുക്കളുമായി എത്തിയ കാര്‍ സുരക്ഷാ സൈന്യം പിടിച്ചെടുത്ത് നിര്‍വീര്യമാക്കി
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ പുല്‍വാമയില്‍ സ്‌ഫോടനം നടത്താനുള്ള ശ്രമം സുരക്ഷാസേന പരാജയപ്പെടുത്തി. കാറില്‍ സ്‌ഫോടക വസ്തുവുമായി എത്തി ആക്രമണം നടത്താനാണ് പദ്ധതിയിട്ടത്.വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വ്യാജ രജിസ്ട്രേഷനിലുള്ള ഒരു കാര്‍ ചെക്ക്പോയിന്റില്‍ പരിശോധനയ്ക്കായി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും വാഹനം ബാരിക്കേഡുകള്‍ മറികടന്ന് പോകാന്‍ ശ്രമിച്ചു. ഇതോടെ സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് ഐജിവിജയ് കുമാര്‍ പറഞ്ഞു.20 കിലോയിലധികം സ്ഫോടക വസ്തുക്കളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കാറില്‍ നിന്ന് വളരെ ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്ത ഐഇഡി ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി.സംസ്ഥാനത്ത് ബോംബാക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി സുരക്ഷേ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൈന്യവും പോലീസും അര്‍ധ സൈന്യവും സംയുക്തമായി വ്യാപകമായി തെരച്ചില്‍ ശക്തമാക്കുകയായിരുന്നന്നും അദ്ദേഹം പറഞ്ഞു.ആക്രമണ സാധ്യതയുണ്ടാകുമെന്ന് തങ്ങള്‍ക്ക് രഹസ്യ സൂചന ലഭിച്ചിരുന്നതായി ഐജി വിജയകുമാര്‍ പറഞ്ഞു. ഐഇഡി നിറച്ച വാഹനത്തിനായി തങ്ങള്‍ ഇന്നലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.പുല്‍വാമയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ബോംബ് ആക്രമണവുമായി ഈ സംഭവത്തിന് സമാനതകളുണ്ട്. നാല്‍പ്പതോളം സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്.
രക്ഷാ ദൗത്യങ്ങള്‍ വിഫലം;തെലങ്കാനയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരന്‍ മരിച്ചു
ഹൈദരാബാദ്: തെലങ്കാനയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരന്‍ മരിച്ചു.ഇതോടെ മണിക്കൂറുകള്‍ നീണ്ട രക്ഷാ പ്രവർത്തനങ്ങൾ വിഫലമായി.ഏകദേശം 17 അടിയോളം ആഴത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.പോലീസിനൊപ്പം ദേശീയ ദുരന്ത നിവരാണസംഘവും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളിയായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് തെലങ്കാന മേദകില്‍ സായ് വര്‍ധന്‍ എന്ന മൂന്നു വയസുകാരന്‍ അപകടത്തില്‍പ്പെട്ടത്.കുട്ടിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം വൈകുന്നേരം തന്നെ ആരംഭിച്ചിരുന്നു.കുട്ടിയ്ക്ക് ഓക്സിജന്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും യന്ത്രങ്ങളുടെ സഹായത്തോടെ കിണറിന് സമാന്തരമായി കുഴിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാ ശ്രമങ്ങളും വിഫലമാക്കിക്കൊണ്ട് സായ് വര്‍ധന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.പാപന്നംപേട്ട് മണ്ഡലിലെ മംഗലി ഭിക്ഷാപതിയുടെ മകന്‍ സായ് വര്‍ധന്‍ അച്ഛനും മുത്തച്ഛനുമൊപ്പം കൃഷിയിടത്തില്‍ നടക്കുന്നതിനിടെയാണ് കുഴല്‍ക്കിണറില്‍ വീണത്.കുട്ടി വീഴുന്നത് കണ്ടയുടനെ ബന്ധുക്കള്‍ സാരി ഉപയോഗിച്ച് കുട്ടിയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.ക്യാമറകളുടെ സഹായത്തോടെ കിണറ്റിനുള്ളില്‍ കുട്ടിയുടെ സ്ഥാനം കണ്ടെത്താന്‍ ശ്രമിച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് സായിയുടെ അച്ഛന്‍ ഗോവര്‍ധന്റെ നേതൃത്വത്തില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഇവിടെ രണ്ട് കുഴല്‍ക്കിണര്‍ കുഴിച്ചത്.വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് ഒരെണ്ണം ഉപേക്ഷിച്ചു. ഇതിലൊന്നിലാണ് കുട്ടി വീണത്.കുഴി അടയ്ക്കുകയോ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കുകയോ ചെയ്യാതെയാണ് ഒരു കുഴല്‍ക്കിണര്‍ ഉപേക്ഷിച്ചതെന്ന് കര്‍ഷകനായ ഗോവര്‍ദ്ധന്‍ തന്നെ സമ്മതിക്കുന്നുണ്ട്.അതേസമയം അനുമതിയില്ലാതെയാണ് കിണറുകള്‍ കുഴിച്ചതെന്ന് ജില്ലാ കളക്ടര്‍ ധര്‍മ റെഡ്ഡി അറിയിച്ചു.അനുമതിയില്ലാതെ കുഴല്‍ക്കിണര്‍ നിര്‍മാണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.