ഡല്‍ഹി: കൊവിഡ് ബാധിച്ച ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.ചികിത്സയുടെ ഭാഗമായി അദ്ദേഹത്തിന് പ്ലാസ്മ തെറാപ്പി നടത്തി.പനിയില്ലെന്നും തീവ്രപരിചരണ വിഭാഗത്തില്‍ 24 മണിക്കൂര്‍ തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണം തുടരുമെന്നും സത്യേന്ദര്‍ ജെയിന്‍റെ ഓഫീസ് അറിയിച്ചു.കഴിഞ്ഞ തിങ്കഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച നടത്തിയ രണ്ടാം പരിശോധനയിലാണ് ആരോഗ്യ മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. ന്യൂമോണിയാ ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായ അദ്ദേഹം നിലവില്‍ ദില്ലി മാക്സ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ദില്ലിയില്‍ കൊവിഡ് രോഗ വര്‍ധന ഗുരുതരമായി തുടരുന്നതിനിടെയാണ് ആരോഗ്യ മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് ആരോഗ്യ മന്ത്രിയുടെ അധിക ചുമതല വഹിക്കുന്നത്.
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 14,516 പേര്‍ക്ക് കോവിഡ് ബാധ; 375 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 14,516 പേര്‍ക്ക് പുതുതായി കോവിഡ് വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,95,048 ആയി. 24 മണിക്കൂറിനിടെ 375 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 12,948 ആയി.രാജ്യത്ത് കോവിഡ് അതി രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 3,827 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 142 പേര്‍ മരിക്കുകയും ചെയ്തു.തമിഴ്‌നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണം 54,449 ആയി ഉയര്‍ന്നു. 666 പേര്‍ ഇവിടെ രോഗബാധയേറ്റ് മരിച്ചു.അതിനിടെ തമിഴ്നാട്ടിൽ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.പി അൻപഴകനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചെന്നൈ മണപ്പാക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുംബൈ, പൂനെ തുടങ്ങിയ പ്രദേശങ്ങളിൽ രോഗബാധക്ക് ശമനം ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് കോവിഡ് പ്രതിരോധം നടത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. ട്രെയിൻ കോച്ചുകളിൽ കോവിഡ് ബെഡ് സജ്ജീകരിക്കുന്ന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.രാജസ്ഥാനിൽ 24 മണിക്കൂറിനിടെ 315 പുതിയ കോവിഡ് കേസുകളും 17 മരണവും റിപ്പോർട്ട് ചെയ്തു. മണിപ്പൂരിൽ 54 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കോവിഡ് വ്യാപനം രൂക്ഷം;തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സമ്പൂർണ്ണ ലോക്ക് ഡൗണ്‍
ചെന്നൈ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ഏർപ്പെടുത്താൻ തീരുമാനം.ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് ലോക്ക് ഡൗണ്‍. ജൂണ്‍ 30വരെയാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍.ചെന്നൈ അടക്കമുള്ള ആറ് അതിതീവ്ര മേഖലകള്‍ അടച്ചിടണമെന്ന വിദഗ്‌ധ സമിതിയുടെ നിർദേശത്തിനു സര്‍ക്കാര്‍ തീരുമാനം. ആവശ്യ സേവനങ്ങള്‍ മാത്രമാണ് ഇനി പ്രവര്‍ത്തിക്കുക. ഓട്ടോ-ടാക്സി സര്‍വീസുകള്‍ ഉണ്ടാകില്ല.ചെന്നൈയില്‍ നിന്ന് വിമാന സര്‍വീസിനും തടസമില്ല. എന്നാല്‍ അടിയന്തിര ആവശ്യങ്ങള്‍ക്ക് കേരളത്തിലേക്ക് ഉള്‍പ്പെടെ പാസ് നല്‍കുന്നത് തുടരും. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും രാവിലെ 6 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാമെങ്കിലും പാര്‍സല്‍ ഇനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ കഴിയൂ. പലചരക്ക്- പച്ചക്കറി കടകള്‍ ഉച്ചക്ക് രണ്ട് മണി വരെ തുറന്ന് പ്രവര്‍ത്തിക്കും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാലും അവശ്യ സേവനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കും. സര്‍ക്കാര്‍ ഓഫീസുകളില്‍ 33 ശതമാനം ജീവനക്കാര്‍ക്ക് എത്താം. എന്നാല്‍ കണ്ടയ്‌ന്മെന്റ് സോണുകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എത്തേണ്ടതില്ല. ജൂണ്‍ 29, 30 തീയതികളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും.
പദ്ധതി നടപ്പിലാക്കുന്നതിൽ കാലതാമസം;ചൈനീസ് കമ്പനിയുടെ 471 കോടിയുടെ കരാര്‍ റദ്ദാക്കി റെയില്‍വേ
ന്യൂ ഡല്‍ഹി: ലഡാക്കില്‍ ഇന്ത്യന്‍ സേനയും ചൈനീസ് സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ ചൈനീസ് കമ്ബനിയുമായുള്ള കരാര്‍ റദ്ദാക്കുമെന്ന അറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വേ.ചരക്ക് ഇടനാഴി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ ബെയ്ജിങ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിഗ്നല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പുമായി ഉണ്ടാക്കിയ കരാറാണ് റദ്ദാക്കിയത്. കാണ്‍പൂര്‍ ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ 417 കിലോമീറ്റര്‍ സിഗ്‌നലിങും ടെലികോം കരാറുമാണ് റദ്ദാക്കിയത്. കാണ്‍പൂരിനും മുഗള്‍സരായിക്കും ഇടയിലായാണ് ഇടനാഴി നിര്‍മിക്കുന്നത്. ഇതിനായുള്ള സിഗ്നലിങ്, ടെലികമ്മ്യൂണിക്കേഷന്‍ കരാറാണ് ചൈനീസ് കമ്പനിക്ക് നല്‍കിയിരുന്നത്. 471 കോടിയുടെ കരാറാണ് റദ്ദാക്കിയത്.പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് കരാര്‍ അവസാനിപ്പിക്കുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം. 2016ലാണ് കരാര്‍ ഒപ്പിട്ടത്. നാല് വര്‍ഷം പിന്നിട്ടിട്ടും പദ്ധതിയുടെ 20 ശതമാനം പ്രവര്‍ത്തനമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.അതേസമയം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ വിലക്കണമെന്നാവശ്യപ്പെട്ടും വന്‍ പ്രചാരണങ്ങള്‍ ഉയരുന്നുണ്ട്.
ഇന്ത്യ-ചൈന സംഘർഷം;സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്;പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി:ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ കോവിഡ് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രകോപിപ്പിക്കപ്പെട്ടാല്‍ അത് ഏത് സാഹചര്യമായാലും ഉചിതമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യക്ക് കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭിന്നതകള്‍ ഉള്ള രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും.എന്നാല്‍ ആ ഭിന്നതകള്‍ തര്‍ക്കങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, 15 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പങ്കെടുത്തിരുന്നു.വീരമൃത്യു വരിച്ച സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി വെര്‍ച്വല്‍ യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി രണ്ട് നിമിഷം മൗനം ആചരിച്ചു.
ലഡാക്ക് സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ – ചൈന അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മോദി വെള്ളിയാഴ്ച്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ജൂണ്‍ 19 ന് വൈകുന്നേരം അഞ്ച് മണിക്കാണ് യോഗം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്മാര്‍ വീഡിയോ കോണ്‍ഫെറന്‍സിലൂടെ യോഗത്തില്‍ പങ്കെടുക്കും.തിങ്കളാഴ്ച്ച രാവിലെ ഗാല്‍വന്‍ താഴ്‌വരയില്‍ നടന്ന സംഘര്‍ഷത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതായി കരസേന ഇന്നലെ സ്ഥിരീകരിച്ചിരുന്നു. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തതായി സൈനിക വൃത്തത്തെ ഉദ്ധരിച്ചു എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് കമാന്‍ഡിങ് ഓഫീസറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റ നാല് ഇന്ത്യന്‍ സൈനികരുടെ നില ഗുരുതരമാണെന്നും ഐഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഗാല്‍വന്‍ താഴ്‌വരയില്‍ നിന്ന് ചൈനീസ് കൂടാരം ഇന്ത്യന്‍ സൈന്യം മാറ്റാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ജൂണ്‍ ആറിന് ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം കൂടാരം നീക്കം ചെയ്യാന്‍ ചൈന സമ്മതിച്ചിരുന്നു. സംഘര്‍ഷത്തില്‍ വെടിവെപ്പ് ഉണ്ടായിട്ടില്ലെന്ന് ഔദ്യോഗിക വൃത്തം അറിയിച്ചു. കല്ലും വടിയും മറ്റും ഉപയോഗിച്ചായിരുന്നു സൈനികര്‍ ഏറ്റുമുട്ടിയത്.
ഇന്ത്യ– ചൈന സംഘർഷം; 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു
ലഡാക്ക്:ഇന്ത്യ– ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു.തിങ്കളാഴ്ച രാത്രിയാണ് കിഴക്കൻ ലഡാക്കിൽ സൈനികർ തമ്മിൽ സംഘർഷമുണ്ടായത്.കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ ഉണ്ടായ സംഘർഷത്തിൽ 20 ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് സൈന്യം വ്യക്തമാക്കിയത്. 17 ട്രൂപ്പുകളിലുള്ള സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. മോശം കാലാവസ്ഥ സൈനികർക്ക് തിരിച്ചടിയായെന്നും വാർത്താ കുറിപ്പിൽ പറയുന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതേസമയം 43 ചൈനീസ് പട്ടാളക്കാർക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഇവരിൽ ചിലർ കൊല്ലപ്പെട്ടെന്നും ഇന്ത്യൻ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.ഇന്നലെ ഉച്ചയോടെയാണ് കിഴക്കൻ ലഡാക്കിൽ ഒരു കേണൽ ഉൾപ്പടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടുവെന്ന വാർത്ത വന്നത്. തുടർന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.രാത്രിയോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ സമാധാന ചർച്ചയിലൂടെ വിഷയം പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി. ഇന്ത്യ സ്വന്തം അതിർത്തിക്കുള്ളിൽ നിന്നാണ് പ്രവർത്തിക്കുന്നത്. അത് പോലെ ചൈനയും പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ലഡാക് അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘർഷം;കേണലും സൈനികനും അടക്കം മൂന്ന് ഇന്ത്യന്‍ സേനാംഗങ്ങള്‍ക്ക് വീരമൃത്യു
ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം.ചൈനീസ് സേനയുമായുള്ള വെടിവെയ്പ്പിൽ ഇന്ത്യന്‍ കേണലിനും 2 ജവാന്മാര്‍ക്കും വീരമൃത്യു.ചൈനീസ് സൈനികര്‍ക്ക് ജീവഹാനിയുണ്ടായോ എന്ന് വ്യക്തമല്ല.കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ നിലയുറപ്പിച്ചിട്ടുള്ള ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ കമാന്‍ഡിങ് ഓഫിസറാണു കൊല്ലപ്പെട്ട കേണല്‍. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ഇരു രാജ്യങ്ങളിലെയും അതിര്‍ത്തി കമാന്‍ഡര്‍മാര്‍ യോഗം ചേരുന്നു. ഇതോടെ ചൈനയിലെ തര്‍ക്കം സംഘര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇന്നലെ രാത്രിയാണ് സംഘര്‍ഷം ഉണ്ടായത്. ഗല്‍വാന്‍ വാലിയിലാണ് സംഘര്‍ഷം ഉണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. അതിനിടെ പ്രശ്‌ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ സൈനികരെ ഇന്ത്യ അതിര്‍ത്തിയിലേക്ക് അയക്കും.ഈയിടെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന് അയവ് വന്നിരുന്നു. പ്രധാന സംഘർഷ മേഖലയായ കിഴക്കൻ ലഡാക്കിൽ നിന്ന് ഇന്ത്യ-ചൈന സൈന്യങ്ങൾ പിൻമാറിയിരുന്നു. ഇതിനിടെയാണ് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്.മെയ് അഞ്ചിനാണ് ലഡാക്കിലെ ഗാല്‍വാന്‍ നദിയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് അയ്യായിരത്തോളം സൈനികര്‍ അതിക്രമിച്ച് കയറിയത്. മെയ് 12ന് പാങോങിലെ ലേക്ക് സെക്ടറിലെ തര്‍ക്ക പ്രദേശങ്ങളിലും സമാനമായ അതിക്രമങ്ങളുണ്ടായി. സമാനമായ തോതില്‍ ഇന്ത്യയും സൈനിക നീക്കം നടത്തിയിട്ടുണ്ട്. ലഡാക്കിന് പുറമേ സിക്കിം, ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചൈനീസ് അതിര്‍ത്തികളിലും ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിരുന്നു.അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ചൈനക്ക് പ്രകോപനമായത്. ദൗളത് ബേഗ് ഓള്‍ഡിയിലെ ഇന്ത്യന്‍ വ്യോമതാവളത്തില്‍ നിന്നും ഗാല്‍വാന്‍ താഴ്‌വരയിലെ അതിര്‍ത്തി പ്രദേശത്തേക്ക് ഇന്ത്യ നടത്തുന്ന റോഡ് നിര്‍മ്മാണം അവസാനിപ്പിക്കണമെന്നാണ് ചൈനയുടെ ആവശ്യം. അതേസമയം ഇന്ത്യന്‍ പ്രദേശങ്ങളില്‍ നിന്നും ചൈന നിരുപാധികം പിന്‍മാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും 1350 കോടി രൂപ വിലമതിക്കുന്ന ആഭരണ ശേഖരം ഇന്ത്യയിലെത്തിച്ചു
ന്യൂഡല്‍ഹി: കോടികളുടെ ബാങ്ക് തട്ടിപ്പു കേസില്‍ ഇന്ത്യ അന്വേഷിക്കുന്ന പ്രതികളായ നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും വന്‍ ആഭരണ ശേഖരം ഇന്ത്യയില്‍ തിരികെ എത്തിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വജ്രങ്ങളും രത്‌നങ്ങളും അടക്കം 2340 കിലോ ആഭരണങ്ങളാണ് ഹോങ്കോങ്ങില്‍ നിന്ന് മുംബൈയിൽ തിരികെ എത്തിച്ചത്. ഇവയ്ക്ക് 1350 കോടി രൂപ വില വരുമെന്നാണ് എന്‍ഫോഴ്സ്മെന്റ് കണക്ക്. വജ്രങ്ങള്‍, രത്‌നങ്ങള്‍, രത്‌നാഭരണങ്ങള്‍ തുടങ്ങിയ വിലയേറിയ വസ്തുക്കള്‍ ഹോങ്കോങ്ങിലെ ഒരു കമ്പനിയുടെ ഗോഡൗണിലാണ് ഉണ്ടായിരുന്നത്. ഇവയാണ് ബുധനാഴ്ചയോടെ മുംബൈയില്‍ എത്തിച്ചത്. ഇതില്‍ വലിയൊരു ഭാഗവും മെഹുല്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ളവയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇവരുടെ വസ്തുവകകള്‍ പിടിച്ചെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇരുവരുടെയും സ്വത്തുവകകള്‍ നേരത്തെയും ഹോങ്കോങ്ങില്‍നിന്നും ദുബായില്‍നിന്നും ഇവരുടെ വസ്തുവകകള്‍ പിടിച്ചെടുത്ത് ഇന്ത്യയിലെത്തിച്ചിരുന്നു.പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 23,780 കോടി തട്ടിയെടുത്ത കേസിലെ പ്രതിയായ നീരവ് മോദി ഇപ്പോള്‍ യു.കെ ജയിലില്‍ ആണുള്ളത്.മേഹുല്‍ ചോക്സി കരീബിയന്‍ ദ്വീപായ ആന്റിഗ്വ ബാര്‍ബടയിലാണെന്നാണ് സൂചന.
തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് എംഎൽഎ മരിച്ചു
ചെന്നൈ:തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് എംഎൽഎ മരിച്ചു. ഡിഎംകെ സൗത്ത് ചെന്നൈ അധ്യക്ഷൻ കൂടിയായ ജെ. അൻപഴകനാണ്(61) മരിച്ചത്. ചെപ്പോക്ക് എംഎൽഎ ആയിരുന്നു.ഈ മാസം രണ്ടാം തിയ്യതിയാണ് എംഎല്‍എക്ക് രോഗം സ്ഥിരീകരിച്ചത്.ഡോക്ടര്‍ റെല ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍റ് മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലായിരുന്നു.ചൊവ്വാഴ്ച രാത്രി ആരോഗ്യനില ഗുരുതരമായി.വൃക്ക സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നതെന്നാണ് നിഗമനം.രാജ്യത്ത് രോഗം ബാധിച്ച് മരിക്കുന്ന ആദ്യ എംഎല്‍എയാണ് അന്‍പഴകന്‍. ഇന്ന് അദ്ദേഹത്തിന്‍റെ ജന്മദിനമാണ്. ജന്മദിനത്തില്‍ തന്നെയായി അദ്ദേഹത്തിന്‍റെ മരണവും.ഡിഎംകെയിലെ പ്രധാന നേതാക്കളില്‍ ഒരാളാണ്. പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സ്വന്തം മണ്ഡലത്തില്‍ നിരവധി പേര്‍ കോവിഡ് ബാധിതരായതോടെ എംഎല്‍എ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അതിനിടെയാണ് രോഗബാധയും മരണവും സംഭവിച്ചത്.
കൊറോണ വൈറസ്;രാജ്യത്ത് 24 മണിക്കൂറിനിടെ 331 മരണം,പതിനായിരത്തോളം രോഗികള്‍
ന്യൂഡൽഹി:ആശങ്കയുണർത്തി രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു.24 മണിക്കൂറിനിടെ 9987 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 331 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.60 ലക്ഷം കടന്നു. ഇതുവരെ 266,598 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയേറ്റത്. ഇതില്‍ 1,29,917 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 1,29,215 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. നിലവില്‍ 7466 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.
അതേസമയം കോവിഡ് രോഗികളുടെ എണ്ണം 71.93ലക്ഷം കടന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,193,476 ആയി. 408,614 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഏഷ്യയില്‍ മാത്രം 35,000 പേരാണ് വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. വിവിധ രാജ്യങ്ങളിലായി 3,249,308പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 53,798 പേര്‍ ഗുരുതരാവസ്ഥയിലുള്ളവരാണ്. ഏറ്റവുമധികം രോഗബാധിതരുള്ളത് അമേരിക്കയിലാണ്. ഇവിടെ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു.കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും മുന്‍കരുതലില്‍ പിന്നോട്ടുപോകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ലോകത്ത് രോഗികളുടെ പ്രതിദിന വര്‍ധന ഇപ്പോള്‍ റെക്കോഡിലാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.