ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവർക്ക് കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ ഇനി ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല.ഇതു സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി.കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് നിലവില്‍ കര്‍ണാടകയില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം നിര്‍ബന്ധമാക്കിയിരുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഇനി ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം ആവശ്യമില്ലെന്ന് കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമാക്കി. എന്നാൽ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.നേരത്തെ മഹാരാഷ്‌ട്രയിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നെഗറ്റീവ് ഫലം ഒഴിവാക്കിയിട്ടും കേരളത്തിൽ നിന്നുള്ളവർക്ക് ഒഴിവാക്കിയിരുന്നില്ല. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പത്തിൽ താഴെ എത്തിയാൽ മാത്രമേ സർട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കൂവെന്ന് കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് കൊറോണ കേസുകൾ കുറയുന്നു; രോഗമുക്തി നിരക്ക് ഉയർന്നു
ന്യൂഡൽഹി: രാജ്യത്ത് കൊറോണ കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,757 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങിലുമായി 3,32,918 പേരാണ് ഇപ്പോൾ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്.67,538 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 4.19 കോടിയായി ഉയർന്നു. 2.61 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ 541 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 5,849,213 ആയി. ആകെ 4.27 കോടി കൊറോണ കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. അതേസമയം രാജ്യത്ത് കൊറോണ വാക്സിൻ വിതരണം 174.2 കോടിയായെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
പ്രശസ്ത ബോളിവുഡ് ഗായകൻ ബപ്പി ലഹിരി അന്തരിച്ചു
മുംബൈ: പ്രശസ്ത ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലഹിരി അന്തരിച്ചു.69 വയസായിരുന്നു.ഒബസ്ട്രക്ടീവ് സ്ലീപ് അപ്നിയയെ തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ജുഹുവിലെ ക്രിട്ടികെയര്‍ ആശുപത്രി ഡയറക്ടര്‍ ദീപക് നംജോഷിയാണ് ഇക്കാര്യം അറിയിച്ചത്. ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹത്തെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ വീട്ടിലെത്തിയതിന് ശേഷം ആരോഗ്യസ്ഥിതി വീണ്ടും മോശമായി. ഇതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചു. പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.1970-80 കാലഘട്ടത്തിൽ, കിടിലൻ പാട്ടുകളുമായി ബോളിവുഡിനെ നൃത്തം ചെയ്യിച്ച ഗായകനാണ് ബപ്പി ലഹിരി. സ്വർണാഭരണങ്ങളോടുള്ള ഭ്രമം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ചൽത്തേ ചൽത്തേ ,ഡിസ്കോ ഡാൻസർ, ബംബൈ സേ ആയാ മേരാ ദോസ്ത്’ തുടങ്ങിയ ഒരുപാട് സൂപ്പർഹിറ്റ് ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ ഡിസ്‌കോ സംഗീതം ജനപ്രിയമാക്കിയതിൽ വലിയ പങ്കുവഹിച്ചയാളായിരുന്നു ബപ്പി ലഹ്‌രി. 2020-ൽ പുറത്തിറങ്ങിയ ബാഗി 3 എന്ന സിനിമയിലെ ഭങ്കാസ് ആണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ബോളിവുഡ് ഗാനം.
നിയമസഭാ തെരെഞ്ഞെടുപ്പ്;ഗോവയും ഉത്തരാഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്; യുപിയില്‍ ഇന്ന് രണ്ടാംഘട്ടം
ന്യൂഡല്‍ഹി: ഗോവയിലും ഉത്തരാഖണ്ഡിലും നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന്. ഒറ്റ ഘട്ടമായാണ് ഇവിടെ വോട്ടെടുപ്പ് നടക്കുക.ഗോവയിലെ 40 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. 301 സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരരംഗത്തുള്ളത്.ബി.ജെ.പി ഭരണത്തിലുള്ള ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് തുടങ്ങിയ പ്രമുഖര്‍ മത്സരരംഗത്തുണ്ട്. 70 മണ്ഡലങ്ങളിലായി 632 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.യു.പിയില്‍ ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ഇന്ന് നടക്കും. 55 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ്. 2.2 കോടി പേര്‍ വോട്ട് രേഖപ്പെടുത്തും.ബിൻജോർ, മൊറാദാബാദ്, സാംപാൽ, രാംപൂർ, അമ്‌റോഹ,ബുധൗൻ, ബറേലി, ഷഹജഹൻപൂർ എന്നീ ജില്ലകളിലാണ് രണ്ടാം ഘട്ടവോട്ടെടുപ്പ്. 586 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും. ഈ മാസം 20, 23, 27, മാര്‍ച്ച് മൂന്ന്, ഏഴ് എന്നിങ്ങനെയാണ് അവശേഷിക്കുന്ന വോട്ടെടുപ്പ് ഘട്ടങ്ങള്‍.യുപിയിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് ഫെബ്രുവരി പത്തിനാണ് നടന്നത്. 59.87 ശതമാനം പോളിംഗാണ് സംസ്ഥാനത്തൊട്ടാകെ രേഖപ്പെടുത്തിയത്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുതിയത്. അഞ്ച് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മണിപ്പൂര്‍, പഞ്ചാബ് എന്നിവയാണ് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. മണിപ്പൂരില്‍ ഫെബ്രുവരി 28, മാര്‍ച്ച് അഞ്ച് തീയതികളിലായി രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. പഞ്ചാബില്‍ ഫെബ്രുവരി 20ന് ഒറ്റ ഘട്ടമായും തെരഞ്ഞെടുപ്പ് നടക്കും.
ഹിജാബ് വിവാദം; ഫെബ്രുവരി 16 വരെ കോളേജുകള്‍ അടച്ചിടുമെന്ന് കര്‍ണാടക സര്‍ക്കാര്‍
ബംഗളുരു: ഹിജാബ് വിവാദത്തെ തുടർന്ന് അടച്ചിട്ട കർണാടകയിലെ കോളേജുകൾ ഈ മാസം 16ാം തിയതി വരെ തുറക്കില്ലെന്ന് സംസ്ഥാന സർക്കാർ. കോളേജുകൾക്ക് പുറമെ 11, 12 ക്ലാസുകളും ബുധനാഴ്ച വരെ ഉണ്ടാകില്ല. ഓൺലൈൻ ക്ലാസുകൾ തുടരാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തീരുമാനം. ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ തീര്‍പ്പാകാത്ത സാഹചര്യത്തിലാണ് സർക്കാർ നടപടി.ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍വകലാശാലകളും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊളീജിയറ്റ് ആന്‍ഡ് ടെക്നിക്കല്‍ എജ്യുക്കേഷന് (ഡി.സി.ടി.ഇ) കീഴിലുള്ള കോളജുകളും അടച്ചിടും.അതേസമയം ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ അധ്യയനം തിങ്കളാഴ്ച മുതൽ പുന:രാരംഭിക്കും.ഹിജാബ് വിഷയത്തിൽ ഹൈക്കോടതിയുടെ വിശാല ബെഞ്ചിൽ തിങ്കളാഴ്ചയും വാദം തുടരുന്നത് പരിഗണിച്ചാണ് കോളേജുകൾ തുറക്കുന്നത് 16ാം തിയതി വരെ സർക്കാർ നീട്ടിയത്. ഹിജാബ് വിലക്കിനെ ചോദ്യം ചെയ്തുള്ള ഹർജികളിൽ അന്തിമവിധി പുറപ്പെടുവിക്കും വരെ വിദ്യാലയങ്ങളിൽ മതപരമായ വേഷം പാടില്ലെന്ന് കർണാടക ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. യൂണിഫോം നിർബന്ധമാക്കിയ വിദ്യാലയങ്ങൾക്കാണ് ഇത് ബാധകമാകുന്നത്.
കൊറോണ;വിദേശത്ത് നിന്ന് വരുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: വിദേശത്ത് നിന്നും രാജ്യത്ത് എത്തുന്നവർക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍.ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കി. എട്ടാം ദിവസം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നതും പുതിയ മാര്‍ഗരേഖയില്‍ മാറ്റിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ പുതിയ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരും.ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍, എട്ടാം ദിവസം ടെസ്റ്റ്, നെഗറ്റിവ് ആണെങ്കിലും ഏഴു ദിവസം കൂടി സ്വയം നിരീക്ഷണം എന്നിങ്ങനെയാണ് നിലവിലെ മാര്‍ഗരേഖയില്‍ പറയുന്നത്. ഇത് ഒഴിവാക്കി 14 ദിവസം സ്വയം നിരീക്ഷണം എന്നതു മാത്രമായി ചുരുക്കി. എയര്‍പോര്‍ട്ടില്‍ എത്തുന്ന ഓരോ വിമാനത്തിലെയും രണ്ടു ശതമാനം യാത്രക്കാരെ റാന്‍ഡം ചെക്കിങ്ങിനു വിധേയമാക്കും. ഇവര്‍ക്കു സാംപിള്‍ കൊടുത്തു വീടുകളിലേക്കു പോവാം.യാത്ര പുറപ്പടുന്നതിന് 72 മണിക്കൂര്‍ മുൻപ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റിവ് ഫലം അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ തുടരും. എന്നാല്‍ ഇതിനു പകരം വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്താലും മതിയാവുമെന്ന് പുതിയ മാര്‍ഗരേഖ പുറത്തിറക്കിക്കൊണ്ട് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്നതില്‍ ഇന്ത്യയുമായി പരസ്പര ധാരണയിലെത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകള്‍ നല്‍കുന്ന രാജ്യങ്ങള്‍ക്കും ഇന്ത്യക്കാര്‍ക്ക് ക്വാറന്റൈന്‍ ഇല്ലാതെ പ്രവേശനം അനുവദിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുമാണ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് റിസള്‍ട്ടിന് പകരം വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യാന്‍ അനുവാദമുള്ളത്. 82 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ ഫലം ഇനി നിര്‍ബന്ധമല്ലാത്തത്. എന്നാല്‍, യു.എ.ഇയും ചൈനയും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇവിടെനിന്നുള്ളവര്‍ 72 മണിക്കൂറിനിടയിലുള്ള ആര്‍ടിപി.സി.ആര്‍ നെഗറ്റീവ് ഫലം അപ്ലോഡ് ചെയ്യേണ്ടിവരും.വിദേശത്തുനിന്നെത്തുന്നവര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ ലഭ്യമായ സത്യവാങ്മൂലം ഓണ്‍ലൈനായി പൂരിപ്പിച്ച് നല്‍കണം. രണ്ടാഴ്ചത്തെ യാത്രാവിവരങ്ങളും വ്യക്തമാക്കണം.എയര്‍പോര്‍ട്ടില്‍ എത്തുമ്പോൾ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ആശുപത്രിയിലേക്കു മാറ്റും.അഞ്ചു വയസ്സില്‍ താഴെയുള്ളവരെ യാത്രയ്ക്കു മുൻപും ശേഷവുമുള്ള പരിശോധനയില്‍ നിന്ന ഒഴിവാക്കി. എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ഇവരും പരിശോധനയ്ക്കു വിധേയമാവണം.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്;പോളിംഗ് പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണി മുതലാണ് പോളിങ് ആരംഭിച്ചത്.ഉച്ചയ്ക്ക് 1 മണി വരെ 35.03 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ 623 സ്ഥാനാര്‍ത്ഥികളാണ് മല്‍സരിക്കുന്നത്. 11 ജില്ലകളിലായി 58 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ജാട്ട് വിഭാഗത്തിന് ആധിപത്യമുള്ള സ്ഥലങ്ങളാണ് ഇതില്‍ കൂടുതലും. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. സമാജ്‌വാദി പാര്‍ട്ടി (എസ്പി), രാഷ്ട്രീയ ലോക് ദള്‍ (ആര്‍എല്‍ഡി) എന്നീ പാര്‍ട്ടികള്‍ ഭരണകക്ഷിയായ ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍.യോഗി ആദിത്യനാഥ് സര്‍ക്കാരിലുണ്ടായിരുന്ന ഒൻപത് മന്ത്രിമാരാണ് ആദ്യ ഘട്ടത്തില്‍ മല്‍സരിക്കുന്നത്.ഷംലി, ഹാപൂര്‍, ഗൗതം ബുദ്ധ നഗര്‍, മുസാഫര്‍നഗര്‍, മീററ്റ്, ബാഗ്പത്, ഗാസിയാബാദ്, ബുലന്ദ്ഷഹര്‍, അലിഗഡ്, മഥുര, ആഗ്ര എന്നീ ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ലെ തെരഞ്ഞെടുപ്പില്‍ ഈ 58 സീറ്റുകളില്‍ 53 എണ്ണവും ബിജെപിയെ പിന്തുണച്ചു. എസ് പിയ്ക്കും ബഹുജന്‍ സമാജ് പാര്‍ട്ടിക്കും രണ്ട് സീറ്റുകള്‍ വീതമാണ് ലഭിച്ചത്. ഒരു സീറ്റ് ആര്‍എല്‍ഡിക്ക്.403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുക. അവസാന ഘട്ട വോട്ടെടുപ്പ് മാര്‍ച്ച് ഏഴിനാണ്. തിരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് 10 ന് പ്രഖ്യാപിക്കും.
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു;പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു.പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായി.കഴിഞ്ഞ 24 മണിക്കൂറിനിടെ 83,876 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.മൂന്നാം തരംഗം ആരംഭിച്ച് ഒരു മാസത്തിന് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. രണ്ട് ലക്ഷത്തിനടുത്താണ് രോഗ മുക്തരുടെ എണ്ണം. 24 മണിക്കൂറിനിടെ 1,99,054 പേര്‍ക്കാണ് രോഗമുക്തി. 96.19 ശതമാനമാണ് രോഗമുക്തി നിരക്ക്.നിലവിൽ 11,08,938 പേരാണ് വൈറസ് ബാധിച്ച് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. 7.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കഴിഞ്ഞ 24 മണിക്കൂറിൽ 895 പേരാണ് കൊറോണ മൂലം മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 5,02,874 ആയി
ലത മങ്കേഷ്‌കർ അന്തരിച്ചു
മുംബൈ: ഗായിക ലത മങ്കേഷ്‌കർ അന്തരിച്ചു.92 വയസായിരുന്നു. രാവിലെ 9.45ഓടെയാണ് അന്ത്യം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസമായി ചികിത്സയിൽ കഴിയുകയായിരുന്നു ലത മങ്കേഷ്‌കർ. ഇന്നലെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.കൊറോണ ബാധിച്ചതിനെ തുടർന്ന് ജനുവരി എട്ടിനാണ് ഗായികയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രിയ ഗായികയെ കാണാനായി ആശുപത്രിയിലേക്ക് നിരവധി പ്രമുഖരാണ് എത്തിയത്.ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഗായകരിൽ ഒരാളായ മങ്കേഷ്‌കർ വിവിധ ഭാഷകളിലായി 30,000 ലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്.1929 സെപ്റ്റംബർ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇന്ഡോറിലാണ് ലത ജനിച്ചത്. സംഗീത സംവിധായകൻ ഹൃദയനാഥ് മങ്കേഷ്കർ , ഗായികകയും സംഗീതസംവിധായികയുമായ മീന ഖാദികർ, ഗായിക ഉഷാ മങ്കേഷ്കർ, ഗായിക ആഷാ ഭോസ്ലേ എന്നിവരാണ് സഹോദരങ്ങൾ. 1942 ൽ തന്റെ 13-ാം വയസിലാണ് മങ്കേഷ്‌കർ ഗായകലോകത്ത് തന്റെ സാന്നിധ്യമറിയിച്ചത്. നൈറ്റിംഗേൾ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കർ ഹിന്ദിക്ക് പുറമെ, മറാഠി, ബംഗാളി തുടങ്ങി നിരവധി പ്രാദേശിക ഭാഷകളിലും പാടിയിട്ടുണ്ട്. മലയാളത്തിൽ നെല്ല് എന്ന ചിത്രത്തിൽ വയലാർ എഴുതി സലിൽ ചൗധരി ഈണം പകർന്ന ‘കദളി കൺകദളി ചെങ്കദളി പൂ വേണോ…’ എന്ന ഗാനം ലതാ മങ്കേഷ്‌കർ ആലപിച്ചതാണ്. 1969ൽ പത്മഭൂഷണും 1989ൽ ദാദാ സാഹിബ് ഫാൽകെ പുരസ്‌കാരവും, 1999ൽ പത്മവിഭൂഷണും, 2001ൽ ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയൻ പുരസ്‌കാരമായ ഭാരതരത്‌നം തുടങ്ങിയ നിരവധി പുസ്‌കാരങ്ങൾ നൽകി രാജ്യം ലതാ മങ്കേഷ്‌ക്കറിനെ ആദരിച്ചു. കൂടാതെ മികച്ച ഗായികയ്‌ക്കുള്ള ദേശീയ, സംസ്ഥാന സർക്കാരുകളുടെ പുരസ്‌കാരങ്ങളും നിരവധി തവണ ലതാമങ്കേഷ്‌കറിനെ തേടി എത്തിയിട്ടുണ്ട്.
പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് 6 പേര്‍ മരിച്ചു;7 പേര്‍ക്ക് പരിക്ക്
മുംബൈ: പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് 6 പേര്‍ മരിച്ചു.7 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.പൂനെ യര്‍വാദ ശാസ്ത്രി നഗറിലാണ് സംഭവം. ഇതുവരെ 6 മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഇനിയും തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. മൃതദേഹങ്ങള്‍ പൂനെയിലെ സലൂണ്‍ ആശുപത്രിയിലേക്ക് മാറ്റി.രാത്രി 11 മണിയോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്. നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിലെ വലിയ സ്ലാബ് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടത് തൊഴിലാളികള്‍ ആണ്. ഏഴുപേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി.