ടിക് ടോക്, യുസി ബ്രൗസര്‍, എക്‌സന്‍ഡര്‍ ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയിൽ നിരോധനം

keralanews india banned 59 chinese application includin tiktok uc browser etc

ന്യൂഡൽഹി:ടിക് ടോക്, യുസി ബ്രൗസര്‍, എക്‌സന്‍ഡര്‍ ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തി.ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. നേരത്തേയും ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക് ഇന്ത്യയില്‍ നിരോധിക്കുന്നു എന്ന വാര്‍ത്ത വന്നിരുന്നെങ്കിലും ഇത് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നിഷേധിച്ചിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യ – ചൈന തര്‍ക്കം അയവില്ലാതെ തുടരുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഷെയര്‍ ഇറ്റ്, ഹലോ, യുസി ന്യൂസ്, വി മേറ്റ്, യു വീഡിയോ, എക്‌സന്‍ഡര്‍, ന്യൂസ് ഡോഗ് ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് നിരോധിച്ചത്.ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യത പരിരക്ഷിക്കുന്നതിലും ആശങ്കയുണ്ട്. ഇത്തരം ആശങ്കകള്‍ നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അടുത്തിടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളുള്ള സെര്‍വറുകളിലേക്ക് ഉപയോക്താക്കളുടെ ഡാറ്റ അനധികൃതമായി മോഷ്ടിക്കുന്നതിനും രഹസ്യമായി കൈമാറുന്നതിനുമായി ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ ചില മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ നിരവധി ഉറവിടങ്ങളില്‍ നിന്ന് വിവര സാങ്കേതിക മന്ത്രാലയത്തിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാരണത്താലാണ് 59 ആപ്ലിക്കേഷനുകള്‍ നിരോധിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ നിരോധിച്ച 59 ആപ്പുകള്‍:

TikTok,Shareit,Kwai,UC Browser,Baidu map,Shein,Clash of Kings,DU battery saver,Helo,Likee,YouCam makeup,Mi Community,CM Browers,Virus Cleaner,APUS Browser,ROMWE,Club Factory,Newsdog,Beutry Plus,WeChat,UC News,QQ Mail,Weibo,Xender,QQ Music,QQ Newsfeed,Bigo Live,SelfieCity,Mail Master,Parallel Space,Mi Video,Call Xiaomi,WeSync,ES File Explorer,Viva Video QU Video Inc,Meitu,Vigo Video,New Video Status,DU Recorder,Vault- Hide,Cache Cleaner DU App studio,DU Cleaner,DU Browser,Hago Play With New Friends,Cam Scanner,Clean Master Cheetah Mobile,Wonder Camera,Photo Wonder,QQ Player,We Meet,Sweet Selfie,Baidu Translate,Vmate,QQ International,QQ Security Center,QQ Launcher,U Video,V fly Status Video,Mobile Legends,DU Privacy

വിശാഖപട്ടണത്ത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ വാതകച്ചോര്‍ച്ച; രണ്ടു ജീവനക്കാര്‍ മരിച്ചു

keralanews two died in gas leakage in visakhapattanam pharmaseutical company

ആന്ധ്രാ:വിശാഖപട്ടണത്ത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ വാതകച്ചോര്‍ച്ചയെ തുടർന്ന് രണ്ടു ജീവനക്കാര്‍ മരിച്ചു.നരേന്ദ്ര, ഗൗരി ശങ്കര്‍ എന്നിവരാണ് മരിച്ചത്.പരവാഡ സൈനർ ലൈഫ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡിലാണ് വാതക ചോര്‍ച്ചയുണ്ടായത്. ബെൻസിമിഡാസോളാണ് ചോർന്നത്. നാലു ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയായാണ് അപകടമുണ്ടായത്. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. അപകടസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് മരിച്ച രണ്ട് പേരും. അപകടം നടക്കുമ്പോള്‍ ആറ് ജീവനക്കാരാണ് കമ്പനിയിലുണ്ടായിരുന്നത്. ആശുപത്രിയിലുള്ള ഒരാളുടെ നില ഗുരുതരമാണ്.വാതകം മറ്റൊരിടത്തേക്കും വ്യാപിച്ചിട്ടില്ലെന്ന് പരവാഡ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഉദയകുമാര്‍ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ.യോടു പറഞ്ഞു.വാതക ചോര്‍ച്ചയുടെ കാരണം വ്യക്തമല്ല. സാങ്കേതിക പിഴവാണ് അപകടം വരുത്തിവച്ചതെന്നാണ് പ്രാഥമിക നിഗമനം.തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അപകടമുണ്ടായതെന്നും മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ഫാക്ടറി അടച്ചുവെന്നും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഓഫീസ് വ്യക്തമാക്കി.

രാജ്യത്ത് 24 മണിക്കൂറില്‍ 19,459 പേര്‍ക്ക് കൊവിഡ് രോഗബാധ;380 മരണം

keralanews 19459 covid cases and 380 death reported in the country in 24 hours

ന്യൂഡൽഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 19,459 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.വിവിധ സംസ്ഥാനങ്ങളിലായി 380 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5.48 ലക്ഷമായി. ഇതില്‍ 3.21 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗമുക്തി ലഭിച്ചു.നിലവില്‍ 2.10 ലക്ഷം ജനങ്ങളാണ് ചികിത്സയിലുളളത്. രാജ്യത്ത് ഇതുവരെ 16,475 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചതെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. ഇന്നലെ മാത്രം 1.70 ലക്ഷം സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.ഇതുവരെ 83.98 ലക്ഷം സാംപിളുകളാണ് രാജ്യത്ത് പരിശോധിച്ചത്.ഇന്ത്യയില്‍ മഹാരാഷ്ട്ര, ഡല്‍ഹി,തമിഴ്‌നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് രോഗബാധിതര്‍ ഏറെയും. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ 5,496 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 156 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെ 1.64 ലക്ഷം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 70,670 പേരാണ് ചികിത്സയിലുളളത്.

ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 80,000കടന്നു. ഇന്നലെ 2,889 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 65പേര്‍ മരിച്ചു. 83,077പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 27,847പേര്‍ ചികിത്സയിലുണ്ട്. 52,607പേര്‍ രോഗമുക്തരായി. ആകെ 2,623 പേർ മരിച്ചു.കര്‍ണാടകയില്‍ ആദ്യമായി ഒരു ദിവസത്തെ രോഗബാധിതരുടെ എണ്ണം 1,000 കടന്നു. ഇന്നലെ 1,267പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.16 പേര്‍ മരിക്കുകയും ചെയ്തു.ആകെ രോഗികള്‍ 13,190. ഇതില്‍ 207പേര്‍ മരിച്ചു.തമിഴ്നാട്ടില്‍ ഇന്നലെ 3,940 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ 54 പേര്‍ മരിക്കുകയും ചെയ്തു. ആകെ രോഗബാധിതര്‍ 82,275 ആയി. ചെന്നൈയില്‍ മാത്രം 1,992 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ രോഗബാധിതര്‍ 53,762 ആയി. തമിഴ്നാട്ടില്‍ ഇതുവരെ 1,079 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്.

10, 12 ക്ലാസുകളിലെ ഫലനിര്‍ണയത്തിന് പുതിയ വിഞ്ജാപനവുമായി സിബിഎസ്‍സി;കേ​ര​ള​ത്തി​ലെ പ​രീ​ക്ഷ റ​ദ്ദാ​വി​ല്ല

keralanews cbse released new rules for 10th 12th result and will not cancel exams in kerala

ന്യൂഡൽഹി:10,12 ക്ലാസ്സുകളുടെ പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സിബിഎസ്ഇ പുതിയ വിജ്ഞാപനം ഇറക്കി.ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം നിര്‍ണയിക്കും. മൂന്ന് വിഷയങ്ങളുടെ പരീക്ഷ മാത്രം എഴുതിയവര്‍ക്ക് ഏറ്റവും മാര്‍ക്കുള്ള രണ്ട് വിഷയങ്ങളുടെ മാര്‍ക്കാണ് പരിഗണിക്കുക.10, 12 ക്ലാസിലെ ബാക്കിയുള്ള പരീക്ഷകള്‍ സിബിഎസ്ഇ ഇന്നലെ റദ്ദാക്കിയിരുന്നു. ഒന്നോ രണ്ടോ വിഷയങ്ങളില്‍ മാത്രം പരീക്ഷ എഴുതിയവര്‍ക്ക് ഇന്‍റേണല്‍ മാര്‍ക്ക് കൂടി പരിഗണിക്കും. ഇവര്‍ക്ക് ആവശ്യമെങ്കില്‍ ഇംപ്രൂവ്മെന്‍റ് പരീക്ഷ എഴുതാമെന്നും സിബിഎസ്ഇ.സിബിഎസ്ഇ നോട്ടിഫിക്കേഷന്‍ സുപ്രീംകോടതി അംഗീകരിച്ചു. നോട്ടിഫിക്കേഷന്‍റെ അടിസ്ഥാനത്തില്‍ ഹരജി തീര്‍പ്പാക്കി.സമാന മാതൃകയിലുള്ള നോട്ടിഫിക്കേഷന്‍ പുറത്തിറക്കുമെന്ന് ഐസിഎസ്ഇ സുപ്രീകോടതിയെ അറിയിച്ചു.പത്താംക്ലാസില്‍ ഇംപ്രൂവ്മെന്‍റെ പരീക്ഷ നടത്തുമെന്നും സത്യവാങ്മൂലത്തില്‍ ഐസിഎസ്ഇ അറിയിച്ചു.അതേസമയം പരീക്ഷ പൂര്‍ത്തിയായ ഇടങ്ങളില്‍ സാധാരണപോലെ മൂല്യനിര്‍ണയം നടക്കും. കേരളത്തില്‍ പരീക്ഷകള്‍ പൂര്‍ത്തിയായിരുന്നു. ഇതോടെ കേരളത്തിലെ പരീക്ഷ റദ്ദാവില്ല.കേരളത്തില്‍ പരീക്ഷകള്‍ നടന്നതിനാല്‍ അതിലെ മാര്‍ക്കുകള്‍ തന്നെയാകും അന്തിമം.

ഇടിമിന്നലേറ്റ് ബിഹാറിലും യുപിയിലുമായി 107 മരണം

keralanews 107 died in heavy lightning in bihar and u p

ലഖ്‌നൗ:ഇടിമിന്നലേറ്റ് ബിഹാറിലും യുപിയിലുമായി 107 പേർ മരിച്ചു.ബീഹാറിൽ 83 ഉം യുപിയിൽ 24 പേരുമാണ് മരിച്ചത്.ബീഹാറിലെ 23 ജില്ലകളിലാണ് ഇടിമിന്നല്‍ ദുരന്തം വിതച്ചത്. ഗോപാല്‍ഗഞ്ച് ജില്ലയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. 13 പേരാണ് ഇവിടെ മരിച്ചത്. നവാഡയിലും മധുബാനിയിലും എട്ട് വീതവും സിവാനിലും ഭഗല്‍പൂരിലും ആറ് വീതവും ഈസ്റ്റ് ചമ്ബാരന്‍, ദര്‍ഭംഗ, ബങ്ക എന്നിവിടങ്ങളില്‍ അഞ്ച് വീതവും ഖഗാരിയ, ഔറംഗാബാദ് എന്നിവിടങ്ങളില്‍ മൂന്ന് വീതവും വെസ്റ്റ് ചമ്ബാരന്‍, കിഷന്‍ഗഞ്ച്, ജിഹാനാബാദ്, ജമൂയ്, പുര്‍ണിയ, സുപൗല്‍, ബക്സാര്‍, കൈമൂര്‍ എന്നിവിടങ്ങളില്‍ രണ്ട് വീതവും സമസ്തിപൂര്‍, ശിയോഹര്‍, സരന്‍, സീത്മഠി, മധേപുര എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്.യു പിയിലെ ദേവ്റിയയിലാണ് ഏറ്റവുമധികം മരണം. ഒൻപതുപേര്‍ ഇവിടെ മരിച്ചു. സംഭവത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു. അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബീഹാറിലെയും ഉത്തർപ്രദേശിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. ആവശ്യമുള്ളവർക്ക് സഹായം എത്തിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ ഗാന്ധിയും നിർദ്ദേശിച്ചു.അതിനിടെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അസമിൽ 14 പേര്‍ മരിച്ചു. ദേമാജി, ലഖിംപൂർ, ജോർഹാത്, മജൂലി, ശിവസാഗർ, തിൻ സുകിയ, ദിബ്രുഗഡ് ജില്ലകളിലാണ് പ്രളയം. ഈ ജില്ലകളിലെ 180 ഗ്രാമങ്ങളിലെ 50,000 പേരെ വെള്ളപ്പൊക്കം ബാധിച്ചു. 5,300 ഹെക്ടർ കൃഷി നശിച്ചു. ബ്രഹ്മപുത്ര നദി കവിഞ്ഞൊഴുകുകയാണ്. തീര മേഖലകളിലുള്ള വരെ മാറ്റി പാർപ്പിച്ചു. സംസ്ഥാനത്ത് ഇപ്പോഴും മഴ തുടരുകയാണ്.

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി

keralanews cbse canceled 10th and 12th class exams

ന്യൂഡല്‍ഹി : സിബിഎസ്‌ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയെ കേന്ദ്ര സർക്കാരാണ് ഇത് അറിയിച്ചത്. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകളില്‍ ബാക്കിയുള്ളത്‌ ജൂലായില്‍ നടത്തുന്നതിനെതിരേ ഡല്‍ഹിയിലെ ഒരുകൂട്ടം രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രം നിലപാടറിയിച്ചത്‌. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്ന കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് തീരുമാനമെടുക്കാം. പരീക്ഷ എഴുതുന്നില്ലെന്ന് തീരുമാനിച്ചാല്‍ കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ ശരാശരി മാര്‍ക്ക് പൊതുപരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുമെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ പറഞ്ഞു.വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ താല്പര്യമുണ്ടെങ്കില്‍, അനുകൂല സാഹചര്യം വരുമ്പോൾ പരീക്ഷകള്‍ നടത്തുമെന്നും സിബിഎസ്‌ഇ അറിയിച്ചു. ജൂലൈ ഒന്ന് മുതല്‍ 12 വരെ നടത്താനിരുന്ന പരീക്ഷകള്‍ ആണ് റദ്ദാക്കിയത്. രാജ്യത്ത് കോവിഡ് രോഗത്തിന്റെ വ്യാപ്തി അടിക്കടി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകള്‍ റദ്ദാക്കിയത്. നിലപാട് എത്രയും വേഗം അറിയിക്കണം എന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.മഹാരാഷ്ട്ര, ഡല്‍ഹി, ഒഡീഷ സംസ്ഥാനങ്ങൾ പരീക്ഷ നടത്താനാവില്ലെന്ന് നേരത്തെ നിലപാടെടുത്തിരുന്നു. ജൂലൈ ഒന്ന് മുതൽ 12 വരെ പരീക്ഷ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ പരീക്ഷ ഉപേക്ഷിച്ച് ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

തുടർച്ചയായ പത്തൊൻപതാം ദിവസവും ഇന്ധനവിലയിൽ വർദ്ധനവ്

keralanews fuel prices rise for the 19th consecutive day

തിരുവനന്തപുരം:തുടർച്ചയായ പത്തൊൻപതാം ദിവസവും ഇന്ധനവിലയിൽ വർദ്ധനവ്.ഒരു ലിറ്റർ ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് ഇന്ന് കൂട്ടിയത്.19 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 10 രൂപ നാല് പൈസയും പെട്രോളിന് 8 രൂപ 68 പൈസയും വര്‍ധിപ്പിച്ചു.ക്രൂഡ് ഓയിലിന്റെ വില ഏറ്റവും കുറഞ്ഞ നിലയിലെത്തിയിട്ടും രാജ്യത്ത് ഇന്ധനവില ദിവസേന കൂട്ടുകയാണ് എണ്ണക്കമ്പനികള്‍. ജൂൺ 7 മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.ഡല്‍ഹിയില്‍ ആദ്യമായി ഇന്നലെ ഡീസല്‍ വില പെട്രോളിനേക്കാളും ഉയര്‍ന്ന നിരക്കിലെത്തി. പെട്രോള്‍- ഡീസല്‍ നിരക്കുകള്‍ ഏകീകരിക്കുകയാണ് എണ്ണക്കമ്പനികളുടെ ലക്ഷ്യമെന്ന സംശയം വ്യാപകമാണ്.

രാജ്യത്ത് 24 മണിക്കൂറിനിടെ 15968 പേര്‍ക്ക് കോവിഡ്; 465 മരണം

keralanews 15968 covid cases confirmed in india in 24 hours and 465 deaths reported

ന്യൂഡൽഹി:രാജ്യത്ത് 24 മണിക്കൂറിനിടെ 15968 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 465 പേരാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. രാജ്യത്ത് 23 ദിവസം കൊണ്ട് രണ്ടര ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,56,183 ആയി. രാജ്യത്ത് 1,83,022 ആക്റ്റീവ് കേസുകളാണ് ഉള്ളത്. 2,58,685 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം നടന്നിട്ടുളളത്.മെയ് 31ന് ശേഷമാണ് രോഗികളുടെ എണ്ണത്തിലും മരണത്തിലും വൻ വർധനയുണ്ടായത്. ലോക്ക് ഡൗൺ ഇളവ് പ്രാബല്യത്തിലായ ജൂൺ 1 മുതലാണ് ഈ വർധനവ്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 4,56,183 പേര്‍ക്കാണ്.ഡൽഹിയിൽ മാത്രം പുതിയ 3947 കോവിഡ് കേസും 68 മരണവും സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രിസഭ ഇന്ന് യോഗം ചേരും.രോഗബാധിതരുടെ എണ്ണവും മരണവും ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ്. 1.40 ലക്ഷത്തോളം ആളുകള്‍ക്ക് മഹാരാഷ്ട്രയില്‍ കോവിഡ് പിടിപെട്ടു. മരണം 6500 കടന്നു. രോഗബാധിതരില്‍ രണ്ടാമതുള്ള ഡല്‍ഹിയില്‍ രോഗികള്‍ 66000 കടന്നു. മരണം 2301 ആയി. തമിഴ്‌നാട്ടില്‍ 64000ത്തിലേറെ രോഗികളുണ്ട്. മരണസംഖ്യ 900ത്തിലേക്ക് അടുക്കുകയാണ്. ആന്ധ്രാപ്രദേശിലും രോഗികളുടെ എണ്ണം 10000 കടന്നു. ഇതോടെ പതിനായിരത്തിന് മുകളില്‍ കോവിഡ് രോഗികളുള്ള സംസ്ഥാനങ്ങളുടെ എണ്ണം പത്തായി.സംസ്ഥാനങ്ങളോട് കോവിഡ് പരിശോധന വർദ്ധിപ്പിക്കാൻ ഐസിഎംആർ നിർദ്ദേശം നൽകി. ആര്‍ടി – പിസിഐര്‍, റാപ്പിഡ് ആൻറിജൻ പരിശോധന എന്നിവ നടത്താനാണ് നിർദ്ദേശം.

അതേസമയം ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 95 ലക്ഷം പിന്നിട്ടു . പുതിയ കണക്ക് പ്രകാരം 95.15 ലക്ഷമാണ് ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം . കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 4.83 ലക്ഷമായി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് 24.62 ലക്ഷം . അമേരിക്കയില്‍ മരണപ്പെട്ടവരുടെ എണ്ണം 1.24 ലക്ഷമാണ് . ബ്രസീലില്‍ 11.92 ലക്ഷംപേര്‍ക്കാണ് കോവിഡ് ബാധിച്ചത് ഇതില്‍ 53,874 പേര്‍ മരണപ്പെട്ടു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആകെ കോവിഡ് ബാധിതരില്‍ മൂന്നിലൊന്ന് ദക്ഷിണാഫ്രിക്കയിലാണ് . 1,06,000 ലധികം പേര്‍ക്ക് രാജ്യത്ത് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട് . 2,100 ലധികം പേര്‍ക്ക് ഇതുവരെ മരിച്ചു .

ഇന്ത്യന്‍ വംശജരായ 3 പേരെ യുഎസില്‍ വീട്ടിലെ സ്വിമ്മിംഗ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

keralanews three indians found dead inside the swimming pool in the house in u s

ന്യൂജഴ്‌സി : ഇന്ത്യന്‍ വംശജ കുടുംബത്തിലെ മൂന്ന് പേരെ ന്യൂജേഴ്സിയിലെ അവരുടെ വീട്ടിലെ നീന്തല്‍ക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ഭാരത് പട്ടാല്‍ (62), മരുമകള്‍ നിഷാ പട്ടേല്‍ (33), നിഷയുടെ എട്ട് വയസുള്ള മകള്‍ എന്നിവരാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം ഈസ്റ്റ് ബ്രണ്‍സ്വിക്കിലെ പുതുതായി വാങ്ങിയ ഇവരുടെ വീട്ടിലാണ് സംഭവം. അയല്‍വാസിയാണ് പൊലീസില്‍ വിവരമറിയിച്ചത്.നീന്തല്‍ക്കുളത്തിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞതിന് പിന്നാലെയാണ് ദുരന്തം നടന്നത്. വൈദ്യുതാഘാതമേറ്റ് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. മൂന്നരയടി ആഴമുള്ളതാണ് കുളം.അഞ്ച് കിടക്കമുറികളുള്ള വീട് ഭരത് പട്ടേല്‍ കഴിഞ്ഞ മാസമാണ് മൂന്നുകോടി നാല്‍പത് ലക്ഷം രൂപയ്ക്ക് വാങ്ങിയത്.

24 മണിക്കൂറിനിടെ രാജ്യത്ത് 445 മരണം;15,372 പുതിയ കേസുകള്‍

keralanews 445 death and 15372 new cases confirmed in the coutry in 24 hours

ന്യൂഡൽഹി:രാജ്യത്ത് 24 മണിക്കൂറിനിടെ 445 കോവിഡ് മരണം. 14,821 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശിലെ കാൺപൂരിൽ അഭയ കേന്ദ്രത്തിൽ ഗർഭിണികൾ അടക്കമുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അഭയ കേന്ദ്രം അടച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കേസുകളില്‍ കൂടുതലും മഹാരാഷ്ട്രയിലാണ്.3870 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 1,32,075 ആയി ഉയര്‍ന്നു. 186 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൊറോണയെ തുടര്‍ന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 6,170 ആയി.ഡല്‍ഹിയില്‍ ഇന്നലെ 3000 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 63 പേര്‍ക്ക് കൊറോണയെ തുടര്‍ന്ന് ജീവന്‍ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. അതേ സമയം ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളെക്കാള്‍ കുറവ് കേസുകളാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്. ഇതിനു പുറമേ മരിച്ചവരുടെ എണ്ണത്തിലും കുറവുണ്ട്. 59,746 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. കൊറോണ വൈറസ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.അതേസമയം ഗോവയില്‍ ആദ്യത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക പടര്‍ത്തിയിട്ടുണ്ട്. വടക്കന്‍ ഗോവയിലെ മോര്‍ലേം സ്വദേശിയായ 85കാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗം ബാധിച്ച് ഐ.സി.യുവിലായിരുന്നു ഇദ്ദേഹം. നിര്‍ഭാഗ്യകരമെന്നാണ് ആദ്യത്തെ കോവിഡ് മരണം സ്ഥിരീകരിച്ചുകൊണ്ട് ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞത്. ഇതുവരെ 19 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച മോര്‍ലം പഞ്ചായത്തിനെ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിരുന്നു. അതേസമയം ഗോവയില്‍ ഇതുവരെ 818 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്തെ ആദ്യത്തെ കോവിഡ് മുക്ത സംസ്ഥാനമായി ഗോവയെ ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു.