കുടകിലെ ബ്രഹ്മഗിരി മലയില്‍ ഉരുള്‍പൊട്ടല്‍; തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കുടുംബവും ഉള്‍പ്പെടെ അഞ്ചുപേരെ കാണാതായി
കുടക്: തലക്കാവേരിയില്‍ ബ്രഹ്മഗിരി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കുടുംബാംഗങ്ങളും ഉള്‍പ്പെടെ അഞ്ചുപേരെ കാണാതായി. രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരികളില്‍ ഒരാളായ നാരായണ ആചാര്‍ (75), ഭാര്യ ശാന്താ ആചാര്‍ (70), നാരായണ ആചാറുടെ സഹോദരന്‍ സ്വാമി ആനന്ദ തീര്‍ത്ഥ (78), തലക്കാവേരി ക്ഷേത്രത്തിലെ മറ്റ് രണ്ട് ക്ഷേത്ര പൂജാരികളായ രവി കിരണ്‍ (30), പവന്‍ എന്നിവരെയാണ് കാണാതായത്.ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് കുടകില്‍ വ്യാപകനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ തലക്കാവേരി ക്ഷേത്രത്തിന്റെ താഴ്‌വാരത്തായിരുന്നു അപകടം. ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായതിനാല്‍ വ്യാഴാഴ്ച രാവിലെ മാത്രമാണ് പുറംലോകം വിവരമറിഞ്ഞത്. കുന്നിടിഞ്ഞ് കുത്തിയൊലിച്ച് വന്ന മഴവെള്ളപ്പാച്ചിലില്‍ അപകടം നടന്ന സ്ഥലത്തിന്റെ എട്ട് കിലോമീറ്ററോളം ഭാഗം മണ്ണ് മൂടി കിടക്കുകയാണ്. ദുരന്തനിവാരണ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് മണ്ണ് മാന്തിയന്ത്രവും മറ്റും ഉപയോഗിച്ച് വ്യാഴാഴ്ച രാവിലെമുതല്‍ തിരച്ചില്‍ തുടങ്ങിയിരുന്നെങ്കിലും കനത്തമഴയില്‍ രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു.ഇതിനിടെ ത്രിവേണി സംഗമത്തില്‍ വെള്ളം ഉയര്‍ന്ന് ഭാഗമണ്ഡല ടൗണിലേക്കും എത്തിയതോടെ മണ്ണുമാന്തി യന്ത്രത്തിനും വാഹനങ്ങള്‍ക്കും അപകടസ്ഥലത്തേക്ക് പോകാന്‍ കഴിയാത്തതിനാല്‍ തിരച്ചില്‍ വൈകുന്നേരത്തോടെ നിര്‍ത്തിവെച്ചു. വെള്ളിയാഴ്ച രാവിലെ വീണ്ടും തിരച്ചില്‍ തുടരും. നാരായണ ആചാറിന്റെ വീട്ടിലെ 20 പശുക്കള്‍, രണ്ട് വാഹനങ്ങള്‍ എന്നിവയും മണ്ണിനടിയില്‍ പെട്ടതായി കരുതുന്നു.മണ്ണിനടിയിലായ രണ്ട് വീടുകളിലൊന്നില്‍ താമസിച്ചിരുന്ന കുടുംബം ഒരുമാസം മുൻപ് പുതിയ വീട് നിര്‍മ്മിച്ച് ഭാഗമണ്ഡലത്തേക്ക് താമസം മാറിയതിനാല്‍ അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടു. ബ്രഹ്മഗിരി മലയില്‍ തലക്കാവേരി ക്ഷേത്രത്തിനു സമീപമാണ് ഉരുള്‍പൊട്ടലുണ്ടാത്. കാവേരി നദിയുടെ ഉദ്ഭവസ്ഥാനമാണ് ഇവിടം.
ഗുജറാത്തില്‍ കോവിഡ് ആശുപത്രിക്ക് തീ പിടിച്ച് എട്ട് രോഗികൾ മരിച്ചു
അഹമ്മദാബാദ്:ഗുജറാത്തില്‍ കോവിഡ് ആശുപത്രിക്ക് തീ പിടിച്ച് എട്ട് രോഗികൾ മരിച്ചു. അഹമ്മദാബാദിലെ നവരംഗപുര ശ്രേയ് ആശുപത്രിയിലാണ് ഇന്ന് രാവിലെ തീ പിടുത്തമുണ്ടായത്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരണപ്പെട്ടതെന്ന് അഹമ്മദാബാദ് ഫയര്‍ഫോഴ്സിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. മരിച്ച എല്ലാവരെയും കോവിഡ് വാര്‍ഡില്‍ ആയിരുന്നു പ്രവേശിപ്പിച്ചിരുന്നത്. അപകടത്തില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും പരിക്കേറ്റിട്ടുണ്ട്.ഇന്ന് രാവിലെ 3.30ഓടെയാണ് ആശുപത്രിയുടെ ഐ.സി.യുവില്‍ തീ പിടുത്തമുണ്ടായത്. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേന 4.30 ഓട് കൂടി തന്നെ തീ നിയന്ത്രണവിധേമാക്കി.അപകടത്തിന് ശേഷം ആശുപത്രിയിലുണ്ടായിരുന്ന 40ഓളം കോവിഡ് രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റി പാര്‍പ്പിച്ചു. 50ഓളം കോവിഡ് രോഗികളായിരുന്നു ആശുപത്രിയിലുണ്ടായിരുന്നത് എന്നാണ് പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ട്. തീ പിടുത്തത്തിന് പിന്നിലെ കാരണം ഇത് വരെയും വ്യക്തമല്ല.അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി.മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ. സ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രിയോടും മേയറോടും സംസാരിച്ചു. ദുരിതബാധിതര്‍ക്ക് ഭരണകൂടം സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തിലൂടെ വ്യക്തമാക്കി.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം അടിയന്തര ധനസഹായം നല്‍കുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചു.പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.
വിശാഖപട്ടണത്ത് കപ്പൽശാലയിൽ ക്രെയിന്‍ തകര്‍ന്ന് വീണ് 11 പേര്‍ മരിച്ചു
ഹൈദരാബാദ്: വിശാഖപട്ടണം കപ്പല്‍ശാലയില്‍ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു.ഹിന്ദുസ്ഥാന്‍ ഷിപ്യാഡ് ലിമിറ്റഡിലാണ് അപകടമുണ്ടായത്. ജോലിക്കാര്‍ ക്രെയിന്‍ പരിശോധിക്കുന്നതിനിടെയാണ് അപകടം.പുറത്തെടുത്ത മൃതദേഹങ്ങള്‍ ഛിന്നഭിന്നമായ അവസ്ഥയില്‍ ആണ്.കപ്പല്‍ നിര്‍മ്മാണ സാമഗ്രികള്‍ നീക്കുന്നതിനുള്ള കൂറ്റന്‍ ക്രെയിന്‍ ജോലിക്കാര്‍ക്കു മുകളിലേക്കു മറിഞ്ഞുവീഴുകയായിരുന്നു.ഇരുപതു ജോലിക്കാര്‍ ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നെന്നാണ് വിവരം. ചിലര്‍ ഓടി മാറി. ക്രെയിനിന് അടിയില്‍പെട്ടവരാണ് അപകടത്തിനിരയായത്. നിരവധി പേര്‍ക്കു പരുക്കുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ എച്ച്‌എസ്‌എല്‍ ജീവനക്കാരാണെന്നും ബാക്കിയുള്ളവര്‍ കരാര്‍ ഏജന്‍സിയില്‍ നിന്നുള്ളവരാണെന്നും ജില്ലാ കളക്ടര്‍ വിനയ് ചന്ദ് പറഞ്ഞു.ഉടന്‍ പൊലീസും രക്ഷാസേനയും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ജഗന്മോഹന്‍ റെഡ്ഡി ഉത്തരവിട്ടു.10 വര്‍ഷം മുമ്പ് എച്ച്.എസ്.എല്ലില്‍ നിന്ന് വാങ്ങിയ ക്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഒരു സ്വകാര്യ ഏജന്‍സിയാണ് ക്രെയിന്‍ പ്രവര്‍ത്തനം ഏറ്റെടുത്തിരുന്നത്.
അൺലോക്ക് മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം; വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കും,മെട്രോ ട്രെയിന്‍ സര്‍വീസുകളില്ല
ന്യൂഡൽഹി:രാജ്യത്ത് അൺലോക്ക് മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം.ഇന്ന് മുതല്‍ രാത്രി കര്‍ഫ്യു ഉണ്ടാകില്ല. ഈ മാസം അഞ്ചാം തീയതി മുതല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയെങ്കിലും നഗരങ്ങളില്‍ ലോക്‌ഡൗണ്‍ നീട്ടാന്‍ പല സംസ്ഥാനങ്ങളും തീരുമാനിച്ചിട്ടുണ്ട്.ഓഗസ്റ്റ് 5 മുതല്‍ ജിംനേഷ്യം, യോഗ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് തുറക്കാം. കടകള്‍, ഭക്ഷണശാലകള്‍ എന്നിവ രാത്രിയും തുറന്നിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മെട്രോ, സ്റ്റേഡിയങ്ങള്‍, തിയേറ്റര്‍, ബാര്‍, ഓഡിറ്റോറിയം, നീന്തല്‍ക്കുളം, പാര്‍ക്ക്, സമ്മേളന ഹാള്‍ തുടങ്ങിയവ അടഞ്ഞുതന്നെ കിടക്കും.അന്താരാഷ്ട്ര വിമാന സര്‍വീസ് വന്ദേ ഭാരത് ദൗത്യം വഴി മാത്രമാണ്.ദൗത്യത്തിന്റെ നാലാം ഘട്ടം ഇന്നാരംഭിക്കും. 22 രാജ്യങ്ങളില്‍ നിന്നായി 835 വിമാനങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. യുഎഇയില്‍ നിന്നാണ് കൂടുതല്‍ സര്‍വീസുകളും.കേരളത്തിലേക്ക് 219 വിമാനങ്ങള്‍ വരുന്നുണ്ട്. നിയന്ത്രിത മേഖലകളില്‍ കര്‍ശന നിയന്ത്രണം തുടരും. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ അനുവദിക്കും.
കോവിഡ് പരിശോധനയിൽ കേരളം ദേശീയ ശരാശരിയേക്കാള്‍ താഴെയെന്ന് കേന്ദ്രം
ന്യൂഡൽഹി:കോവിഡ് പരിശോധനയില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ താഴെയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.കേരളത്തിൽ പത്ത് ലക്ഷം പേരിൽ 212 പേരെ മാത്രമാണ് പരിശോധിക്കുന്നത്.കോവിഡ് പരിശോധനയുടെ ദേശീയ ശരാശരി പത്ത് ലക്ഷം പേരിൽ 324 എന്നതാണ്.അതേസമയം മരണ നിരക്ക് കുറവുള്ള സംസ്ഥാനമാണ് കേരളമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.കോവിഡ് രോഗ മുക്തി നിരക്കിൽ കേരളം മുന്നിലാണ്.ഏറ്റവും കുറവ് മരണനിരക്ക് രേഖപ്പെടുത്തിയ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. 2.21% ആണ് മരണ നിരക്കിന്റെ ദേശീയ ശരാശരി. രോഗമുക്തിയിലൂടെ സമൂഹം നേടുന്ന ആ൪ജിത പ്രതിരോധം കോവിഡ് പ്രതിരോധത്തിനുള്ള ശരിയായ മാ൪ഗമല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.രോഗം പടരുന്നത് നിയന്ത്രിക്കാനാണ് നാം മുൻഗണന നൽകേണ്ടത്. രോഗ മുക്തി നിരക്ക് രാജ്യത്ത് കൂടി വരുന്നത് വലിയ നേട്ടമാണെന്ന് കേന്ദ്രം അവകാശപ്പെട്ടു. ഏപ്രിൽ മാസത്തിൽ 7.8% ആയിരുന്നത് ഇപ്പോൾ 64.44% ആയിട്ടുണ്ട്. പതിനാറ് സംസ്ഥാനങ്ങളിൽ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. ഇന്ത്യയിലെ കോവാക്സിൻ പരീക്ഷണം പുരോഗമിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.
ഐആർസിടിസി ഇ-ടിക്കറ്റിംഗ് വെബ്‌സൈറ്റ് നവീകരിക്കും;പുതിയ സവിശേഷതകൾ അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ
ഐആർസിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് നവീകരിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ.വരും മാസങ്ങളിൽ, ദേശീയ ട്രാൻസ്പോർട്ടറിന്റെ ഔദ്യോഗിക ഇ-ടിക്കറ്റിംഗ് വെബ്‌സൈറ്റായ ഐആർസിടിസി വെബ്‌സൈറ്റ് പൂർണ്ണമായും നവീകരിച്ചേക്കും.എളുപ്പവും സൗകര്യപ്രദവുമായ ടിക്കറ്റിങ് ഉറപ്പുവരുത്തുന്നതിനായി നിരവധി സവിശേഷതകൾ ഉൾപ്പെടുത്തി www.irctc.co.in എന്ന വെബ് പോർട്ടൽ അവസാനമായി നവീകരിച്ചത് 2018 ലാണ്. ഔദ്യോഗിക ഐആർസിടിസി (ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ) വെബ്‌സൈറ്റ് ഇപ്പോൾ പുതിയ സവിശേഷതകളോടെ വീണ്ടും നവീകരിച്ചിരിക്കുകയാണ്. ഐആർസിടിസി വെബ്‌സൈറ്റ് പൂർണ്ണമായും നവീകരിക്കുമെന്നും കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവർത്തനം കൂടുതൽ ലളിതമാക്കുകയും വ്യക്തിഗതമാക്കുകയും ചെയ്യുമെന്ന് അടുത്തിടെ റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവ് ഒരു പിടിഐ റിപ്പോർട്ടിൽ ഉദ്ധരിച്ചിരുന്നു.കൂടാതെ ഹോട്ടൽ ബുക്കിംഗിനൊപ്പം ഭക്ഷണം ബുക്ക് ചെയ്യുന്നതും വെബ് പോർട്ടലുമായി സംയോജിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.2018 ൽ, ഐആർസിടിസി വെബ്‌സൈറ്റ് അപ്‌ഗ്രേഡു ചെയ്യുകയും ലോഗിൻ’ ചെയ്യേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്തു.വെയിറ്റ്‌ലിസ്റ്റ് പ്രവചന സവിശേഷത, വെയിറ്റ്‌ലിസ്റ്റ് ടിക്കറ്റിന്റെ കാര്യത്തിൽ ഇതര ട്രെയിനുകൾ തിരഞ്ഞെടുക്കുന്നതിനുള്ള വികാൾപ് സവിശേഷത,’തിരഞ്ഞെടുത്ത ബാങ്കുകൾ’എന്നപേരിൽ ആറ് ബാങ്കുകളുടെ പേയ്‌മെന്റ് ഓപ്ഷൻ,പുതിയ യൂസർ ഇന്റർഫേസ് തുടങ്ങിയ വിവിധ സവിശേഷതകൾ വെബ്‌സൈറ്റിൽ അവതരിപ്പിച്ചു.മികച്ച നിരീക്ഷണത്തിനായി ഇന്ത്യൻ റെയിൽവേയുടെ എല്ലാ സ്വത്തുക്കളും ഡിജിറ്റലൈസ് ചെയ്തതായി വി.കെ യാദവ് വ്യക്തമാക്കി.ട്രാക്കുകൾ, ഒഎച്ച്ഇ, സിഗ്നലിംഗ്, മറ്റ് ഇലക്ട്രിക്കൽ ആസ്തികൾ തുടങ്ങി എല്ലാ സ്ഥിര ആസ്തികൾക്കുമായി ഇന്ത്യൻ റെയിൽവേ ഒരു ജിയോ പോർട്ടൽ സ്ഥാപിക്കുകയും അപേക്ഷകൾ വികസിപ്പിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.ചരക്ക് ട്രെയിൻ പ്രവർത്തനങ്ങളിൽ റെയിൽവേ വിവിധ ഡിജിറ്റൽ സംരംഭങ്ങൾ അവതരിപ്പിച്ചു. ചരക്ക് ഓപ്പറേഷൻ ഇൻഫർമേഷൻ സിസ്റ്റം, ഡിമാൻഡ്, ഇ-പേയ്‌മെന്റ് ഗേറ്റ്‌വേ, കൺട്രോൾ ഓഫീസ് ആപ്ലിക്കേഷൻ, ഇന്റഗ്രേറ്റഡ് കോച്ചിംഗ് മാനേജ്‌മെന്റ് സിസ്റ്റം, സോഫ്ട്‍വെയർ എയ്ഡഡ് ട്രെയിൻ ഷെഡ്യൂളിംഗ് സിസ്റ്റം , ക്രൂ മാനേജ്മെന്റ് സിസ്റ്റം, സേഫ്റ്റി ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം, എന്നിവയാണിവ. ചരക്ക് ട്രെയിനുകളുടെ സുഗമമായ നീക്കത്തിനായി ഈ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതായും യാദവ് പറയുന്നു.
ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചു
ന്യൂഡൽഹി:കോവിഡ് വൈറസിനെതിരെ ഇന്ത്യയില്‍ വികസിപ്പിച്ച കോവാക്‌സിൻ മനുഷ്യരില്‍ ആദ്യ പരീക്ഷണം നടത്തി. എയിംസില്‍ 30 കാരനാണ് ആദ്യമായി വാക്സിന്‍ നല്‍കിയത്. ആശുപത്രിയിലെ രണ്ട് മണിക്കൂറത്തെ നിരീക്ഷണത്തിന് ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് അയക്കും. തുടര്‍ന്ന് ഏഴ് ദിവസം നിരീക്ഷിക്കും. 0.5 മില്ലി വാക്സിനാണ് ഇദ്ദേഹത്തിന് നല്‍കിയത്.യുവാവില്‍ ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും പ്രകടമായിട്ടില്ലെന്ന് പരീക്ഷണത്തിനു നേതൃത്വം നല്‍കുന്ന ഡോ. സഞ്ജയ് റായി അറിയിച്ചു.രണ്ടാഴ്ച ത്തെ നിരീക്ഷണത്തിന് ശേഷം അടുത്ത ഡോസ് നല്‍കും.ഐസിഎംആറും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ആണ് കോവാക്സിന്‍ വികസിപ്പിച്ചത്. മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി അടുത്തിടെയാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചത്. എയിംസ് ഉള്‍പ്പെടെ 12 സ്ഥാപനങ്ങളാണ് കൊവാക്സിന്‍ പരീക്ഷണം നടത്താന്‍ ഐസിഎംആര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.ആദ്യ ഘട്ടത്തില്‍ 375 പേരിലാണ് വാക്സിന്‍ പരീക്ഷണം നടത്തുക. ഇതില്‍ 100 പേര്‍ എയിംസില്‍ നിന്നുള്ളതാണ്. 18 നും 55 നും ഇടയില്‍ ഉള്ളവരിലാണ് വാക്സിന്‍ പരീക്ഷണം നടത്തുക. ഗര്‍ഭിണികള്‍ അല്ലാത്ത സ്ത്രീകളേയും ആദ്യ ഘട്ടത്തില്‍ പരീക്ഷണത്തിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ 750 പേരിലാകും പരീക്ഷിക്കുക. 12 നും 65 നും വയസിനിടയില്‍ പെട്ടവരിലാകും പരീക്ഷണം. ഇതുവരെ 3500 ഓളം പേര്‍ വാക്സിന്‍ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ചെത്തിയിട്ടുണ്ടെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.
റെസ്പിറേറ്ററി വാള്‍വുകളുള്ള എന്‍ 95 മാസ്‌കുകള്‍ കോവിഡിനെ ചെറുക്കാന്‍ സഹായകമാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.;മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി:റെസ്പിറേറ്ററി വാള്‍വുകളുള്ള എന്‍ 95 മാസ്‌കുകള്‍ കോവിഡിനെ ചെറുക്കാന്‍ സഹായകമാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് ഉപയോഗിക്കുന്നത് ദോഷം ചെയ്യുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമാണ് ആരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറല്‍ രാജീവ് ഗാര്‍ഗ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുഖവും വായയും മൂടാനും എന്‍ 95 മാസ്‌കുകള്‍ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത് തടയാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കത്തില്‍ രാജീവ് ഗാര്‍ഗ് അഭ്യര്‍ത്ഥിച്ചു. പൊതുജനങ്ങള്‍ വീട്ടില്‍ നിര്‍മ്മിച്ച മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ഉചിതമായിരിക്കുമെന്നും ഇത് പ്രോത്സാഹിപ്പിക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.സോപ്പോ സാനിറ്റൈസറോ ഇട്ട് 20 സെക്കന്റ് കഴുകിയ ശേഷം വേണം മാസ്‌ക് ഉപയോഗിക്കാനെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പറയുന്നു. വായയും മൂക്കും താടിയും കവര്‍ ചെയ്യുന്ന വിധത്തില്‍ വേണം ധരിക്കാന്‍ എട്ട് മണിക്കൂറിലധികം തുടര്‍ച്ചയായി ഉപയോഗിക്കരുത്. നനഞ്ഞ മാസ്‌ക് ഉപയോഗിക്കരുത്. ഫേസ് മാസ്‌ക് ഒരാള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുതെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി;ആദ്യഘട്ടത്തിൽ 12 ആശുപത്രികളിലായി 375 പേരില്‍ പരീക്ഷിക്കും
ഹൈദരാബാദ്: കൊറോണ വൈറസിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ ‘കോവാക്‌സിന്‍’ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി. 375 പേരിലാണ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം നടക്കുന്നത്. ജൂലൈ 15ന് തുടങ്ങിയ ക്ലിനിക്കല്‍ ട്രയല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 12 ആശുപത്രികളില്‍ ആണ് നടക്കുന്നത്.സ്വയം സന്നദ്ധരായ ഒരു കൂട്ടം ആളുകളിലാണ് പരീക്ഷണം നടത്തുന്നത്. ഇതിനുപുറമേ വൈറസ് ബാധ സ്ഥിരീകരിച്ച ചിലരില്‍ മരുന്നായും കോവാക്‌സിന്‍ പരീക്ഷിക്കും. വാക്‌സിന്‍ സ്വീകരിച്ചവര്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നുണ്ടോ എന്നാണ് ആദ്യ ഘട്ടത്തില്‍ പരിശോധിക്കുന്നത്. അതുകൊണ്ടുതന്നെ കോവിഡിനെതിരെ വാക്‌സിന്‍ പ്രയോജനപ്രദമാകുമോ എന്ന് ആദ്യ ഘട്ടത്തില്‍ കണ്ടെത്താന്‍ കഴിയില്ല.ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയും എസിഎംആറും (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) എന്‍ഐവിയും (നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട്) സംയുക്തമായാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. മൂന്ന് ഘട്ടമായാണ് പരീക്ഷണം നടത്തുക. ആദ്യ ഘട്ടത്തിന്റെ ഫലം പരിശോധിച്ച ശേഷമായിരിക്കും മറ്റ് ഘട്ടങ്ങളിലേക്ക് കടക്കുക.മുൻപ് എലികളിലും മുയലിലും നടത്തിയ പരീക്ഷണം വിജയിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഐസിഎംആറിന്റെ അനുമതി ലഭിച്ചത്.