ഹൈദരാബാദ്: തെലങ്കാനയിലെ ജലവൈദ്യുത നിലയത്തില്‍ വന്‍ തീപ്പിടിത്തം. പ്ലാന്റിനുള്ളിലെ പവര്‍ഹൗസിലാണു തീപ്പിടിത്തമുണ്ടായത്.ഒൻപതുപേര്‍ അകത്ത് കുടുങ്ങിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ആന്ധ്രാപ്രദേശ്- തെലങ്കാന അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ശ്രീശൈലം ഹൈഡ്രോ ഇലക്‌ട്രിക് പ്ലാന്റില്‍ രാത്രിയിലാണു തീപ്പിടിത്തമുണ്ടായത്.പത്തുപേരെ ഉടന്‍തന്നെ രക്ഷപ്പെടുത്തി.കനത്ത പുക ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.ആറ് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങള്‍ എത്തിയെങ്കിലും സ്‌റ്റേഷനുള്ളിലേക്ക് കടക്കാന്‍ ആദ്യഘട്ടത്തില്‍ കഴിഞ്ഞിരുന്നില്ല.അകത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ദുരന്തനിവാരണ സേനാംഗങ്ങള്‍ ശ്രമം തുടരുകയാണ്.കര്‍ണൂലില്‍നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ സഹായത്തിനുണ്ട്.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഭൂഗര്‍ഭ ജലവൈദ്യുത നിലയത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.യൂണിറ്റ് നാലിലുണ്ടായ പൊട്ടിത്തെറിയാണ് അപകടമുണ്ടാക്കിയത്.പാനല്‍ ബോര്‍ഡുകള്‍ക്കും തീപിടിച്ചു.
കോവിഡിനെതിരായി ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍
ന്യൂഡൽഹി:ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഈ ആഴ്ച ഇന്ത്യയില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്തു.ഓഗസ്റ്റ് 22 മുതലാണ് ഇന്ത്യയില്‍ ഓക്‌സ്‌ഫഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ ദിവസം നൂറോളം പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്. രാജ്യത്തെ 20 കേന്ദ്രങ്ങളിലാണ് മൂന്നാം ഘട്ടത്തിലെ പരീക്ഷണം. പുനെ, മുംബൈ, മഹാരാഷ്ട്ര, ഗുജറാത്തിലെ അഹമ്മദാബാദ് എന്നിവിടങ്ങളിലായാണ് പരീക്ഷണം. ഈ ഘട്ടത്തില്‍ 1,600 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന 20 സ്ഥലങ്ങളിലുള്ള ഹോട്‌സ്‌പോട്ടുകളായ അഞ്ച് വ്യത്യസ്ത പ്രദേശങ്ങളിലെ ആശുപത്രികളാണ് പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.11-12 ആശുപത്രികളില്‍ ഐസിഎംആറുമായി സഹകരിച്ച് പരീക്ഷണങ്ങള്‍ നടത്താനാണ് ആലോചനയെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വക്താവ് വ്യക്തമാക്കി. വൈറസ് ബാധിക്കാത്തവരാണ് ആദ്യം വാക്‌സിനേഷന്‍ എടുക്കുന്നതെന്നും രോഗം ബാധിച്ചവര്‍ കൊറോണ വൈറസിനെതിരെ ആന്റിബോഡികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്, അവ മുന്‍ഗണനാ വിഭാഗത്തില്‍ പെടാന്‍ സാധ്യതയില്ലെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.
നീറ്റ്,ജെ ഇ ഇ പരീക്ഷകൾക്കുള്ള മാര്‍ഗ നിര്‍ദേശമായി; ശരീര പരിശോധന ഇല്ല, കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം, പനിയുള്ളവര്‍ക്കു പ്രത്യേക ഹാള്‍
ന്യൂഡൽഹി:അടുത്ത മാസം നടക്കുന്ന എന്‍ജിനിയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷകൾക്കുള്ള (ജെഇഇ- മെയിന്‍, എന്‍ഇഇടി) മാർഗ്ഗനിർദേശങ്ങളായി. പരീക്ഷയിൽ പങ്കെടുക്കുന്നവര്‍ കോവിഡ് ഇല്ലെന്നു സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഹാജരാക്കണം.പരീക്ഷയ്‌ക്കെത്തുന്നവരുടെ ശരീര പരിശോധന നടത്തേണ്ടതില്ലെന്നും അഡ്മിറ്റ് കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ കോണ്‍ടാക്റ്റ്‌ലെസ് ആയി പരിശോധിക്കണമെന്നും നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി തയാറാക്കിയ പ്രോട്ടോക്കോളില്‍ നിര്‍ദേശിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെയുള്ള തീയതികളിലാണ് പരീക്ഷ നടക്കുക. ഇരുപത്തിയഞ്ചു ലക്ഷത്തോളം പേരാണ് പരീക്ഷയിൽ പങ്കെടുക്കുക.പരീക്ഷയ്ക്ക് എത്തുന്നവര്‍ കോവിഡ് ഇല്ലെന്നു സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നല്‍കണം. ഉയര്‍ന്ന ശരീര ഊഷ്മാവ് ഉള്ളവരെ പ്രത്യേകം മുറികളിലായിരിക്കും പരീക്ഷയ്ക്ക് ഇരുത്തുക.പരീക്ഷയ്ക്കു മുൻപുള്ള നടപടികള്‍, പരീക്ഷാ നടത്തിപ്പ്, അതിനു ശേഷമുള്ള കാര്യങ്ങള്‍ എന്നിവയ്ക്ക് പ്രത്യേകം നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് ടെസ്റ്റിങ് ഏജന്‍സി തയാറാക്കിയ പ്രോട്ടോക്കോള്‍. എല്ലാ കേന്ദ്രങ്ങളും കൈയുറകളും മുഖാവരണവും ഹാന്‍ഡ് സാനിറ്റൈസറും അണുനാശിനികളും കരുതണം. ജീവനക്കാര്‍ക്കും പരീക്ഷാര്‍ഥികളും ഓരോരുത്തര്‍ക്കും പ്രത്യേകമായി കുടിവെള്ള ബോട്ടിലുകള്‍ വേണം.പരീക്ഷാ കേന്ദ്രത്തിന്റെ തറ, ചുമരുകള്‍, ഗെയ്റ്റുകള്‍ എന്നിവ പരീക്ഷയ്ക്കു മുൻപായി അണുവിമുക്തമാക്കണം. പരീക്ഷാ ചുമതലയുള്ളവര്‍ കൈയുറകളും മുഖാവരണവും ധരിക്കണം. പ്രവേശന കവാടത്തില്‍ എല്ലാവരുടെയും ശരീരോഷ്മാവ് പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യ കേസ് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി:ബോളിവുഡ് ആക്ടർ സുശാന്ത് സിങ് രാജ്പുതിന്റെ മരണം സിബിഐ അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. തനിക്കെതിരായ എഫ്‌ഐആര്‍ പറ്റ്‌നയില്‍ നിന്ന് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഉത്തരവ്. മുംബൈ പൊലീസ് സിബിഐ അന്വേഷണത്തോട് സഹകരിക്കണം. കേസ് ഫയലുകള്‍ അടക്കമുള്ള വിവരങ്ങള്‍ സിബിഐക്ക് കൈമാറണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.സുശാന്തിന്റെ പിതാവ് നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ബീഹാര്‍ പൊലീസിന്റെ നടപടി നിയമപരമാണെന്ന് ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. ബീഹാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കേസ് സിബിഐക്ക് വിടണമെന്ന് ബീഹാര്‍ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് കേസ് സിബിഐക്ക് കേന്ദ്രസര്‍ക്കാര്‍ വിടുകയും ചെയ്യുകയായിരുന്നു.അന്വേഷണത്തിനായി മുംബൈയിലെത്തിയ പറ്റ്‌ന പൊലീസിനോട് സഹകരിക്കാന്‍ മുംബൈ പൊലീസ് തയ്യാറായില്ല. കേസ് അന്വേഷിക്കാനെത്തിയ പറ്റ്‌ന എസ്പിയെ നിര്‍ബന്ധിത ക്വാറന്റൈനില്‍ അയച്ചതും വിവാദമായി.ഇതിനു പിന്നാലെയാണ് ബിഹാര്‍ സര്‍ക്കാര്‍ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. സുപ്രീംകോടതി ഉത്തരവ് കുടുംബവും ബോളിവുഡ് താരങ്ങളും ആരാധകരും സ്വാഗതം ചെയ്തു. വിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം അടുത്ത നടപടി തീരുമാനിക്കുമെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് പറഞ്ഞു. സുശാന്തിന്റെ മരണത്തിന് പിന്നില്‍ കാമുകിയയായ റിയ ചക്രവര്‍ത്തിയാണെന്നാണ് സുശാന്തിന്റെ കുടുംബം ആരോപിക്കുന്നത്.
രാജ്യത്ത് ബാങ്ക് വായ്പകള്‍ അടയ്ക്കുന്നതിനുള്ള മൊറൊട്ടോറിയം കാലാവധി ആഗസ്റ്റ് 31ന് അവസാനിക്കും
ന്യൂഡൽഹി:രാജ്യത്ത് ബാങ്ക് വായ്പകള്‍ അടയ്ക്കുന്നതിനുള്ള മൊറൊട്ടോറിയം അവസാനിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആറ് മാസമായി ഏര്‍പ്പെടുത്തിയിരുന്ന മൊറട്ടോറിയമാണ് ഈ മാസം 31 ഓടെ അവസാനിക്കുന്നത്. ഇതേ തുടര്‍ന്ന് നിലവിലുള്ള വായ്പകള്‍ പുനഃക്രമീകരിച്ച് രണ്ട് വര്‍ഷം വരെ നീട്ടാന്‍ ആര്‍ ബി ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. പൊതുമേഖല, പബ്ലിക് ലിമിറ്റഡ്, സഹകരണ മേഖലയിലുള്ള ബാങ്കുള്‍ക്കെല്ലാം ഈ തീരുമാനം ബാധകമാണ്. ബാങ്കുകളില്‍നിന്ന് എടുത്തിട്ടുള്ള എല്ലാ വായ്പകളും പുതുക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണും സാമ്പത്തിക മാന്ദ്യവും കാരണം വരുമാനം കുറഞ്ഞത് മൂലം ബുദ്ധിമുട്ടിലായ ഭവന വായ്പ എടുത്തവര്‍ക്ക് മൊറട്ടോറിയം ആശ്വാസമായിരുന്നു. മാര്‍ച്ച് ഒന്നുമുതല്‍ ഓഗസ്റ്റുവരെ രണ്ടുഘട്ടങ്ങളിലായിട്ടാണ് ആറ് മാസത്തേക്ക് മൊറട്ടോറിയം അനുവദിച്ചിരുന്നത്.എന്നാല്‍,വായ്പ തിരിച്ചടവ് നിര്‍ത്തിവെയ്ക്കുന്നത് പരിഹാരമല്ലെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബര്‍ മുതല്‍ വായ്പകളുടെ തവണകള്‍ തിരിച്ചടയ്ക്കേണ്ടിവരും. നിലവിലെ വായ്പകളുടെ കാലാവധി രണ്ടുവര്‍ഷം വരെ നീട്ടി പുതുക്കാനാണ് അവസരം കൊടുക്കുക. അതിനുശേഷം ആറുമാസംകൂടി മൊറട്ടോറിയം കാലത്തെ കുടിശ്ശിക അടയ്ക്കാന്‍ സാവകാശം കിട്ടും. മൊറട്ടോറിയം കാലത്തെ പലിശ വരുന്ന മാര്‍ച്ചിനുള്ളില്‍ അടച്ചുതീര്‍ത്താല്‍ മതി.അതേസമയം വിദ്യാഭ്യാസ വായ്പകള്‍ക്ക് ഇളവുകള്‍ ലഭിക്കും എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 10 മുതല്‍ 11 ശതമാനം നിരക്കില്‍ ബാങ്കുകളില്‍നിന്നും വിദ്യാഭ്യാസ വായ്പ എടുത്തവര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ പുനക്രമീകരിക്കാം. വിദ്യാഭ്യാസ വായ്പ റിപ്പോ നിരക്കിലേക്ക് മാറ്റിയാല്‍ പലിശ നിരക്ക് കുറച്ചുകിട്ടും.
നീറ്റും ജെഇഇയും നീട്ടി വെയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റും എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇയും നീട്ടി വെയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്ന നീറ്റ്,ജെഇഇ പരീക്ഷകള്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് 11 വിദ്യാര്‍ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.എന്നാല്‍, നീണ്ട കാലത്തേക്ക് വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായുള്ള ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.സെപ്റ്റംബര്‍ 13 ന് നീറ്റും എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറു വരെയും നടത്തുമെന്നാണ് കേന്ദ്രമന്ത്രി രമേശ് പൊഖ്റിയാല്‍ അറിയിച്ചിട്ടുള്ളത്.കോടതി ഹര്‍ജി തള്ളിയ സ്ഥിതിക്ക് തീരുമാനിച്ച ദിവസങ്ങളില്‍ തന്നെ പരീക്ഷകള്‍ നടക്കും.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി മാറ്റി വെച്ച ശേഷമാണ് പരീക്ഷകളുടെ തീയതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.പരീക്ഷയ്ക്ക് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു.
രാജ്യം വികസിപ്പിച്ച കോവിഡ് വാക്സിന്‍ ഉടനെന്ന് പ്രധാനമന്ത്രി;ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതിയും പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: രാജ്യം വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഉടന്‍ ഫലത്തിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ നമ്പർ നല്‍കും.ആരോഗ്യ പരിചരണം ഡിജിറ്റലാക്കും.ഡോക്ടറുടെ സേവനം ഡിജിറ്റലായി ഉറപ്പാക്കാനും പദ്ധതി സഹായകമാണ്. രോഗകാലഘട്ടത്തില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം സുപ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ദേശീയ സൈബര്‍ സുരക്ഷാ നയവും ഉടനുണ്ടാകും.ജമ്മു കശ്മീര്‍ വികസനത്തിന്റെ പാതയിലാണ്.ലഡാക്കിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി. ലഡാക്കിനെ കാര്‍ബണ്‍ ന്യൂട്രല്‍ വികസിത പ്രദേശമാക്കി മാറ്റും. പരിസ്ഥിതിയെയും വികസനത്തെയും ഒരുമിച്ച് കൊണ്ടുപോകണം. 100 നഗരങ്ങളെ മലിനീകരണ മുക്ത വികസന മാതൃകയാക്കുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ഇന്ത്യക്കാര്‍ സ്വാശ്രയത്വത്തിനുള്ള ദൃഢ നിശ്ചയം സ്വീകരിച്ചെന്നും ആത്മ നിര്‍ഭര്‍ ഭാരത് എന്നതാണ് ഇന്ന് ഇന്ത്യ ചിന്തിക്കുന്നതെന്നും മോദി പറഞ്ഞു. 130 കോടിവരുന്ന ഇന്ത്യക്കാരുടെ മന്ത്രമായി മാറുകയാണ് ആത്മനിര്‍ഭര്‍ ഭാരതമെന്നും മോദി പറഞ്ഞു. ലോകം ഇന്ത്യയെ ആശ്രയിക്കുന്ന കാലം വിദൂരമല്ല. മേയ്ക് ഇന്‍ ഇന്ത്യ എന്നതിനൊപ്പം, മേയ്ക് ഫോര്‍ വേള്‍ഡും ലക്ഷ്യമിടണം. ഉത്പാദനരംഗം മാറണം. ലോകത്തിന് വേണ്ടി ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കണം. അസംസ്‌കൃത വസ്തുക്കള്‍ കയറ്റി അയച്ച് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതില്ല. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.സാമ്പത്തിക വികസനം മാത്രമല്ല ഇന്ത്യ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഗതി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോടതിയലക്ഷ്യക്കേസ്;പ്രമുഖ അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ പ്രമുഖ അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രിം കോടതി.ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇത്തരത്തിലൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.ശിക്ഷ സംബന്ധിച്ച് ആഗസ്റ്റ് 20 ന് വാദം കേള്‍ക്കും. ജനാണ് വാദം കേള്‍ക്കല്‍ ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തിനാണ് കോടതി സ്വമേധയാ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ കേസെടുത്തത്. ചീഫ് ജസ്റ്റിസ് ഹാര്‍ലി ഡേവിസ്ണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രം ഭൂഷണ്‍ പോസ്റ്റ് ചെയ്തിരുന്നു. മറ്റൊരു ട്വീറ്റില്‍ മുന്‍ ചീഫ് ജസ്റ്റിസുമാരെ അടക്കം വിമര്‍ശിക്കുകയും ചെയ്തു. രണ്ട് ട്വീറ്റുകളിലും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കോടതിയലക്ഷ്യക്കേസെടുക്കുകയായിരുന്നു.50 ലക്ഷം വിലമതിക്കുന്ന ബൈക്കില്‍ കൊവിഡ് കാലത്ത് സുപ്രിംകോടതി അടച്ചിരിക്കെ ചീഫ് ജസ്റ്റിസ് മാസ്‌കും ഹെല്‍മെറ്റും ഇല്ലാതെ ഇരിക്കുന്നു എന്ന പരാമര്‍ശത്തോടെയാണ് പ്രശാന്ത് ഭൂഷണ്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് സുപ്രിംകോടതിയെ ആകെയും ചീഫ് ജസ്റ്റിസ് ഓഫീസിനെ പ്രത്യേകമായും കളങ്കപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സദുദ്ദേശ്യത്തോടെയുള്ള വിമര്‍ശനമാണ് പ്രശാന്ത് ഭൂഷണില്‍ നിന്നുണ്ടാകുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വാദിച്ചിരുന്നു. ഇതെല്ലാം സുപ്രീം കോടതി തള്ളുകയായിരുന്നു.
ഡൽഹിയിൽ കനത്ത മഴ;വെള്ളക്കെട്ടിൽ മുങ്ങി തലസ്ഥാന നഗരം; ഗതാഗത സ്തംഭനം
ന്യൂഡൽഹി:ഡൽഹിയിൽ കനത്ത മഴ.വ്യാഴാഴ്ച രാവിലെ മുതല്‍ നഗരത്തില്‍ വിവിധ പ്രദേശങ്ങളില്‍ കനത്തമഴ അനുഭവപ്പെടുകയാണ്. മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങി. താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമാവുന്നത് .മഴയെത്തുടര്‍ന്ന് ദ്വാരക മേഖലയിലെ അണ്ടര്‍പാസിലും ദില്ലി റെയില്‍വേ സ്റ്റേഷന് സമീപമുള്ള പ്രദേശങ്ങളിലും വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അണ്ടര്‍പാസില്‍ വെളളം കയറിയത് വാഹനഗതാഗതത്തെ ബാധിച്ചു. പ്രദേശത്ത് ട്രാഫിക് ബ്ലോക്ക് അനുഭവപ്പെടുകയാണ്.മിക്ക സ്ഥലങ്ങളിലും ഇടിമിന്നലോടുകൂടിയ തീവ്രമഴ ഉണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കൂടുതലും ദില്ലി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, റോഹ്തക്, ജിന്ദ്, നര്‍വാന, മെഹാം, ഗുരുഗ്രാം, മനേസര്‍, ഗാസിയാബാദ്, ഫരീദാബാദ്, പല്‍വാള്‍, ഹോഡാല്‍, ബുലന്ദഷാര്‍, ഗുലോത്തി, എന്നിവിടങ്ങളിലാണ് സാധ്യത എന്ന് കാലാവസ്ഥ വകുപ്പ് ട്വീറ്റ് ചെയ്തു.കഴിഞ്ഞ ദിവസം രാത്രിയിലും രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കിട്ടിയിരുന്നു.
വിദ്വേഷ പോസ്റ്റുമായി എംഎല്‍എയുടെ ബന്ധു;ബംഗളൂരുവില്‍ സംഘർഷം; പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു ഫേസ്ബുക്കിലൂടെ വിദ്വേഷം പരത്തുന്ന പോസ്റ്റിട്ട സംഭവത്തില്‍ ബംഗളൂരുവില്‍ വന്‍ പ്രതിഷേധം. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ എംഎല്‍എയുടെ വീട് ആക്രമിച്ചു. നിരവധി വാഹനങ്ങൾ നശിപ്പിച്ചു. ആക്രമികള്‍ക്ക് എതിരെ പോലീസ് നടത്തിയ വെടിവെയ്പില്‍ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. നിരവധി പോലീസുകാര്‍ക്കും പരിക്ക് പറ്റി.എംഎല്‍എ അഖണ്ഡേ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധുവാണ് വിദ്വേഷം പടര്‍ത്തുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതെന്നാണ് എംഎല്‍എയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് ശ്രീനിവാസ മൂര്‍ത്തിയുടെ വീടിനുമുന്നില്‍ ആളുകള്‍ തടിച്ചു കൂടുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു. എംഎല്‍എയുടെ ബന്ധുവായ യുവാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമ ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബെംഗളൂരു നഗര പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.110 പേരെ ഇതിനകം അറസ്റ്റ് ചെയ്തു. ജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്ന് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂർത്തി അഭ്യര്‍ഥിച്ചു.