ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. മോദിയുടെ വെബ്‌സൈറ്റിന്‍റെ പേരിലുള്ള സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടാണ് പുലര്‍ച്ചെ ഹാക്ക് ചെയ്യപ്പെട്ടത്. ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ട്വീറ്റുകളാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്നത്. ഹാക്കിങ്ങിന് പിന്നില്‍ ജോണ്‍ വിക്ക് ഗ്രൂപ്പാണെന്നാണ് സൂചന.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറന്‍സി വഴി സംഭാവന നല്‍കണമെന്നാണ് ട്വീറ്റുകളില്‍ പറയുന്നത്. 2.5 മില്യണ്‍ ഫോളോവേഴ്സുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. എന്നാല്‍, മിനിറ്റുകള്‍ക്കകം തന്നെ ട്വീറ്റ് അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തു.താമസിയാതെ അക്കൗണ്ടിന്‍റെ നിയന്ത്രണം ട്വിറ്റര്‍ പുനഃസ്ഥാപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും മറ്റ് അക്കൗണ്ടുകളെ ഇത് ബാധിച്ചോ എന്ന് ഇപ്പോള്‍ അറിയില്ലെന്നും ട്വിറ്റര്‍ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.കഴിഞ്ഞ മാസം അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമയടക്കം പ്രമുഖര്‍ക്കെതിരെയും സമാന രീതിയില്‍ ഹാക്കിംഗ് നടന്നിരുന്നു.
രാജ്യത്ത് മൊബൈല്‍ കോള്‍,ഡേറ്റ നിരക്കുകള്‍ വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ സാധ്യത
മുംബൈ:രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. അടുത്ത ഏഴുമാസത്തിനുളളില്‍ 10 ശതമാനം കൂടിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക പത്ത് വര്‍ഷത്തിനുള്ളില്‍ അടച്ചു തീര്‍ക്കാന്‍ കഴിഞ്ഞ സുപ്രീ കോടതി ഉത്തരവിട്ടിരുന്നു. പത്ത് ശതമാനം കുടിശിക വരുന്ന മാര്‍ച്ച് 31 ന് മുന്‍പ് നല്‍കണം. ഭാരതി എയര്‍ടെല്‍ 2600 കോടിയും വോഡാഫോണ്‍ ഐഡിയ 5000 കോടിയും അടയ്‌ക്കേണ്ടതുണ്ട്. മാര്‍ച്ചിന് മുന്‍പായി . ഈ ചെലവ് പരിഹരിക്കുന്നതിന് കോള്‍, ഡേറ്റ നിരക്കുകള്‍ പത്ത് ശതമാനം കൂട്ടുമെന്നാണ് സൂചന. കഴിഞ്ഞ ഡിസംബറില്‍ നിരക്കുകള്‍ 40 ശതമാനം വര്‍ധിപ്പിച്ചിരുന്നു.എജിആര്‍ കുടിശിക ഇനത്തില്‍ എയര്‍ടെല്‍ 43989 കോടിയും , വൊഡാഫോണ്‍, ഐഡിയ 58254 കോടിയുമാണ് അടുത്ത 10 വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കേണ്ടത്. ടാറ്റ ടെലി സര്‍വീസസ് 16798 കോടിയും നല്‍കണം. ആകെ 1.19 ലക്ഷം കോടിയാണ് കമ്പനികള്‍ കുടിശിക ഇനത്തില്‍ അടക്കേണ്ടത്.
അറസ്റ്റ് നിയമവിരുദ്ധം;ഡോ,കഫീൽ ഖാനെ ഉടനെ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടവിലിട്ട ഡോ കഫീൽ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന് അലഹബാദ് കോടതി. കഫീൽ ഖാന് മേൽ ചുമത്തിയ ദേശീയ സുരക്ഷാ നിയമം എടുത്ത് മാറ്റിയ കോടതി, അദ്ദേഹത്തെ ഉടൻ പുറത്തു വിടണമെന്നും ഉത്തർ പ്രദേശ് സർക്കാറിനോട് ഉത്തരവിട്ടു. കഫീൽ ഖാന്റെ മാതാവ് നുസ്രത് പർവീൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയിലാണ് വിധി. നിലവിൽ ആറ് മാസമായി മധുര ജയിലിൽ തടവിലാണ് കഫീൽ ഖാൻ. സി.എ.എ വിരുദ്ധ സമരത്തിന്റെ ഭാഗമായി അലീഗഡ് സർവകലാശാലയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പേരലാണ് മുംബൈയിൽ വെച്ച് ഖാനെ അറസ്റ്റ് ചെയ്യുന്നത്.ജനുവരി 29-ന് രാത്രി ഏറെ വൈകി മുംബൈ എയര്‍പോര്‍ട്ടില്‍വച്ചാണു കഫീല്‍ ഖാന്‍ അറസ്റ്റിലായത്. യുപി സ്പെഷല്‍ ടാസ്ക് ഫോഴ്സിന്‍റെ അഭ്യര്‍ഥനപ്രകാരം മുംബൈ പോലീസ് ഡോ. കഫീല്‍ ഖാനെ അറസ്റ്റുചെയ്ത് കൈമാറുകയായിരുന്നു. സര്‍വ്വകലാശാലയില്‍ നടന്ന സമരത്തില്‍ പങ്കെടുത്തതിന് കഴിഞ്ഞ ഫെബ്രുവരിയില്‍ യു.പി പോലീസ് കഫീല്‍ ഖാന് മേല്‍ എന്‍.എസ്.എ ചുമത്തുകയായും ചെയ്തു.അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂർ, ജസ്റ്റിസ് സൗമിത്ര ദയാൽ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കഫീൽ ഖാനെ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിഷയം അലഹബാദ് കോടതിയാണ് പരിഗണിക്കേണ്ടതെന്ന് ചൂണ്ടിക്കാടി എസ്.എ ബോബ്ഡെ അടങ്ങിയ ബെഞ്ച് നുസ്രത്ത് പർവീന്റെ ആവശ്യം തള്ളിയിരുന്നു.
നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെയ്ക്കില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി:നീറ്റ്, ജെഇഇ പരീക്ഷ മാറ്റിവെയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. സെപ്തംബറിൽ പരീക്ഷ നടന്നില്ലെങ്കിൽ വിദ്യാർഥികളുടെ ഒരു വർഷം നഷ്ടമാകുമെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. തുടർന്നുള്ള ബാച്ചുകളെയും പരീക്ഷ മാറ്റിവെയ്ക്കൽ ബാധിക്കും.കണ്ടെയ്ൻമെന്‍റ് സോണിലുള്ള വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ് യാത്രാ പാസായി ഉപയോഗിക്കാമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോണ്‍ഗ്രസ് നാളെ 11 മണിക്ക് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധിക്കും. കോവിഡ് നിർദേശങ്ങൾ പാലിച്ചാകും പ്രതിഷേധം. ഓൺലൈൻ ക്യാമ്പെയിനും സംഘടിപ്പിക്കും. സ്പീക്ക് അപ്പ് ഫോർ സ്‌റ്റുഡന്റ് സേഫ്റ്റി എന്ന പേരിലാണ് ക്യാമ്പെയിൻ സംഘടിപ്പിക്കുക. കോവിഡ് വ്യാപനം, ഗതാഗത പ്രശ്നങ്ങൾ, പല സംസ്ഥാനങ്ങളിലും തുടരുന്ന വെള്ളപ്പൊക്കം എന്നിവ വിദ്യാർഥികൾക്ക് പരീക്ഷക്ക് എത്താൻ തടസ്സമാണെന്നും സർക്കാർ വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കണം എന്നുമാണ് കോൺഗ്രസിന്‍റെ ആവശ്യം.
രാജ്യത്ത് വാഹനരേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: രാജ്യത്തെ വിവിധ വാഹന രേഖകളുടെ കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് തീരുമനം.മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള ഫിറ്റ്‌നസ്, പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നീ രേഖകളുടെയും മറ്റ് ബന്ധപ്പെട്ട രേഖകളുടെയും കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടാന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.നിലവിലെ സാഹചര്യത്തില്‍ ആളുകള്‍ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി പറഞ്ഞു.മോട്ടോര്‍ വെഹിക്കിള്‍സ് ആക്റ്റ്, 1988, സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സ്, 1989 എന്നിവ പ്രകാരമുള്ള ഫിറ്റ്‌നസ്, പെര്‍മിറ്റുകള്‍, ലൈസന്‍സുകള്‍, രജിസ്‌ട്രേഷന്‍ അല്ലെങ്കില്‍ മറ്റ് രേഖകളുടെ കാലാവധി ഇതോടെ ഡിസംബര്‍ 31 വരെ നീളും. ഇതു സംബന്ധിച്ച് ഈ വര്‍ഷം മാര്‍ച്ച് 30, ജൂണ്‍ 9 തീയതികളില്‍ മന്ത്രാലയം പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. 2020 ഫെബ്രുവരി 1 മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ കാലഹരണപ്പെടുകയും ലോക്ക്ഡൗണ്‍ കാരണം പുതുക്കാനാകാത്തതുമായ എല്ലാ രേഖകളും 2020 ഡിസംബര്‍ 31 വരെ സാധുവായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.
അണ്‍ലോക്ക് 4; സെപ്‌തംബര്‍ ഒന്ന് മുതല്‍ ജനജീവിതം സാധാരണ നിലയിലേക്ക്;മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര നീക്കം
ന്യൂഡല്‍ഹി: സെപ്‌തംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതുസംബന്ധിച്ച നിര്‍ദേശം ഉന്നതാധികാര സമിതി കേന്ദ്രസര്‍ക്കാരിന് നല്‍കിയെന്നാണ് അറിവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ മാസം അവസാനത്തോടെ പുറപ്പെടുവിക്കുന്ന ഉത്തരവില്‍ മെട്രോ റെയിലിനെയും ഉള്‍പ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിരവധി സംസ്ഥാനങ്ങള്‍ മെട്രോ ട്രെയിന്‍ ആരംഭിക്കണമെന്ന നിര്‍ദേശവുമായി രംഗത്തെത്തിയിട്ടുണ്ട്.മെട്രോ ട്രെയിനുകളില്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ ആളുകള്‍ ചെലവഴിക്കുന്നില്ല. അതിനാല്‍ കര്‍ശനമായ മുന്‍കരുതലുകളോടെ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. ഡല്‍ഹി ഉള്‍പ്പടെ സംസ്ഥാനങ്ങളിലെ ജനജീവിതം പ്രധാനമായും മെട്രോ ട്രെയിനിനെ ആശ്രയിച്ചാണ്. കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതിനാല്‍ തന്നെ മെട്രോ തുടങ്ങാമെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ ഉള്‍പ്പടെ നിലപാട്. കേരളത്തില്‍ കൊച്ചിയിലും മെട്രോ സര്‍വീസ് തുടങ്ങുന്നത് നഗരവാസികള്‍ക്ക് ഒരു പരിധി വരെ ആശ്വാസമാകും.അന്തര്‍സംസ്ഥാന യാത്രകള്‍ തടയരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് എഴുതിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് എയര്‍കണ്ടിഷന്‍ ചെയ്ത ബസുകളുള്‍പ്പെടെ ഒന്നാം തീയതി മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമ തിയേറ്ററുകളും തുറക്കുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ആയിട്ടില്ലെന്നാണ് വിവരം.സ്‌കൂളുകളും കോളജുകളും തുറക്കില്ല. ബാറുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടില്ല, എന്നാല്‍ കൗണ്ടറിലൂടെയുള്ള മദ്യവില്‍പ്പന തുടരാമെന്ന് അറിയിക്കുന്നു. മാര്‍ച്ച് 24നാണ് രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായാണ് ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കി വരുന്നത്.
രാജ്യത്ത് 73 ദിവസത്തിനുള്ളില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന വാര്‍ത്ത വ്യാജമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡൽഹി:രാജ്യത്ത് 73 ദിവസത്തിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന വാര്‍ത്ത വ്യാജമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പങ്കാളിത്തം വഹിക്കുകയും ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡ് വാക്‌സിന്‍ 73ദിവസത്തിനുള്ളില്‍ രാജ്യത്ത് ലഭ്യമാകും എന്ന തരത്തിലുള്ള പ്രചരണമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നത്.എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടക്കുകയാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. രാജ്യത്ത് 20 കേന്ദ്രങ്ങളിലാണ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. വാക്‌സിന്‍ തയ്യാറാകുമ്പോൾ ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിക്കുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ട്വിറ്ററിലൂടെ വ്യക്തമാക്കി.
കോവിഡ്-19;അന്തര്‍-സംസ്‌ഥാന, അന്തര്‍-ജില്ലാ യാത്രകള്‍ക്കും ചരക്കു നീക്കത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര നിര്‍ദേശം
ന്യൂഡല്‍ഹി: കോവിഡ്-19 വൈറസ് ബാധയുടെ പേരില്‍ അന്തര്‍-സംസ്‌ഥാന, അന്തര്‍-ജില്ലാ യാത്രകള്‍ക്കും ചരക്കു നീക്കത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര നിര്‍ദേശം.ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ വിവിധ സംസ്‌ഥാനങ്ങളും ജില്ലാ ഭരണകൂടങ്ങളും യാത്രകള്‍ക്കും ചരക്കു നീക്കത്തിനും വിലക്കേര്‍പ്പെടുത്തുന്നത് ദുരന്ത നിവാരണ നിയമം 2005-ന്റെ ലംഘനമാണെന്നും കത്തില്‍ പറയുന്നു.രാജ്യം അണ്‍ലോക്ക് മൂന്നിലൂടെയാണ് കടന്നു പോകുന്നത്. ആളുകള്‍ക്കും ചരക്കുസേവനങ്ങള്‍ക്കും വിവിധ സംസ്‌ഥാനങ്ങള്‍ തദ്ദേശിയമായി നിയന്ത്രണമേര്‍പ്പെടുത്തുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു നടപടി. ഇത്തരം നിയന്ത്രണങ്ങള്‍ പൊതുവിതരണത്തേയും സമ്ബദ്‌വ്യവസ്‌ഥയുടെ വളര്‍ച്ചയേയും പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. ദുരന്ത നിവാരണ നിയമം പ്രകാരം കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങളുടെ അഞ്ചാം ഖണ്ഡിക ഉദ്ധരിച്ച് ജനങ്ങള്‍ക്ക് യാത്രയ്‌ക്കോ ചരക്കു നീക്കത്തിനോ ഇ-പാസ് ആവശ്യമില്ലെന്നും കത്തില്‍ വ്യക്‌തമാക്കുന്നു. സംസ്ഥാന അതിര്‍ത്തികളില്‍ ഏതെങ്കിലും വിധത്തിലുള്ള തടസ്സപ്പെടുത്തലുകള്‍ ഉണ്ടെങ്കില്‍ അത് ഉടന്‍ നീക്കം ചെയ്യണമെന്നും ആഭ്യന്തര സെക്രട്ടറി കത്തില്‍ ആവശ്യപ്പെട്ടു.കോവിഡ് പ്രതിരോധത്തിനായി കേന്ദ്രം പ്രഖ്യാപിച്ച ലോക്ക്‌ഡൗണിന്റെ ഭാഗമായി അന്തര്‍-സംസ്‌ഥാന ചരക്കു നീക്കത്തിനും യാത്രകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം കേന്ദ്രം പ്രഖ്യാപിച്ച അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഈ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കി.
ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍ രത്‌ന;ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ് പുരസ്കാരം
ന്യൂഡൽഹി:ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍ രത്‌ന.റിയോ പാരാലിംപിക്‌സ് സ്വര്‍ണ ജേതാവ് മാരിയപ്പന്‍ തങ്കവേലു, ലോക ഗുസ്തി ചാംപ്യന്‍ഷിപ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട്, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടേബിള്‍ ടെന്നിസ് സ്വര്‍ണം നേടിയ മനിക ബത്ര, ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ എന്നിവരാണ് ഇത്തവണ രോഹിത് ശര്‍മയ്ക്ക് പുറമേ ഖേല്‍ രത്‌നയ്ക്ക് അര്‍ഹരായവര്‍.ക്രിക്കറ്റില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനും എം.എസ്.ധോണിക്കും വിരാട് കോലിക്കും ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരമാണ് രോഹിത്.കഴിഞ്ഞ വർഷം ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റിലും തിളങ്ങാൻ രോഹിത്തിന് കഴിഞ്ഞിരുന്നു. ഏകദിന ഫോർമാറ്റിൽ 2019ല്‍ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും രോഹിത്തായിരുന്നു.ക്രിക്കറ്റ് താരങ്ങളായി ഇശാന്ത് ശര്‍മ്മ, ദീപ്തി ശര്‍മ്മ എന്നിവരുള്‍പ്പെടെ 29 പേര്‍ അര്‍ജ്ജുന അവാര്‍ഡിന് അര്‍ഹരായി.മലയാളി ഒളിമ്പ്യന്‍ ജിന്‍സി ഫിലിപ്പ് ഉള്‍പ്പടെ അഞ്ചുപേരാണ് ധ്യാന്‍ചന്ദ് പുരസ്കാരത്തിന് അര്‍ഹരായത്. 2000 സിഡിനി ഒളിബിക്സില്‍ മത്സരിച്ച ജിന്‍സി ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ റിലേ സ്വര്‍ണം നേടിയ റിലേ ടീമില്‍ അംഗമായിരുന്നു.ജിന്‍സി ഫിലിപ്, ശിവ കേശവന്‍ (അര്‍ജുന) എന്നിവരാണു പട്ടികയിലെ മലയാളികള്‍. ജൂഡ് ഫെലിക്‌സ് (ഹോക്കി), ജസ്പാല്‍ റാണ (ഷൂട്ടിങ്) എന്നിവരുള്‍പ്പെടെയുള്ളവര്‍ ദ്രോണാചാര്യ പുരസ്‌കാരം നേടി.പാതി മലയാളി ശിവകേശവന് അര്‍ജുന പുരസ്‌കാരം വൈകി വന്ന അംഗീകാരമാണ്. ശീതകാല ഒളിംപിക്‌സില്‍ തുടര്‍ച്ചയായി 6 തവണ പങ്കെടുത്തിട്ടുള്ള ശിവകേശവന്‍ ശീതകാല ഒളിംപിക്‌സില്‍ ലൂജ് ഇനത്തിലാണ് പങ്കെടുത്തത്. ഈ ഇനത്തില്‍ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരനാണു ശിവ. ഫൈബര്‍ ഗ്ലാസുകൊണ്ടുള്ള തളികയില്‍ മഞ്ഞിലൂടെ അതിവേഗം നീങ്ങുന്ന മത്സരമാണു ലൂജ്.തലശ്ശേരി സ്വദേശി സുധാകരന്‍ കേശവനാണു ശിവയുടെ പിതാവ്. അമ്മ ഇറ്റലിക്കാരിയാണ്.
കോവിഡിനെതിരായ ഓക്‌സ്ഫഡ് വാക്‌സിന്‍ ഇന്ത്യയില്‍ മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചതായി സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍
ന്യൂഡൽഹി:കോവിഡിനെതിരായ ഓക്‌സ്ഫഡ് വാക്‌സിന്‍ ഇന്ത്യയില്‍ മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചതായി സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പുരുഷോത്തമന്‍ സി നമ്പ്യാർ.രണ്ടും മൂന്നും ഘട്ടം പരീക്ഷണങ്ങളാണ് പുനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആരംഭിച്ചിരിക്കുന്നത്. 1500 പേരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുക.മൂന്നാംഘട്ട പരീക്ഷണത്തിന് ശേഷം പ്രതിരോധമരുന്ന് വില്‍ക്കാനുള്ള അനുമതി തേടും.പരീക്ഷണം വിജയിക്കാനായാല്‍ ഡിസംബറില്‍ തന്നെ വാക്‌സിന്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉത്പാദനം തുടങ്ങി വയ്ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ വില്‍ക്കാന്‍ ഇപ്പോള്‍ കഴിയില്ല. എല്ലാ ഘട്ടവും പൂര്‍ത്തിയാക്കി അനുമതി കിട്ടിയ ശേഷമേ വില്‍പന തുടങ്ങാനാകൂ എന്നും സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പറഞ്ഞു.അടുത്ത ജൂണോടെ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനാകുമെന്നും, പ്രാഥമികമായി മരുന്ന് പുനെയിലാകും ഉത്പാദിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.പുനെ, മഹാരാഷ്ട്ര, അഹമ്മദാബാദ് എന്നിവിടങ്ങളിലായാണ് പ്രധാനപരീക്ഷണകേന്ദ്രങ്ങള്‍. ദില്ലി എയിംസ്, സേഥ് ജിഎസ് മെഡിക്കല്‍ കോളേ, മുംബൈ, കെഇഎം ആശുപത്രി, മുംബൈ, ജിപ്‍മെര്‍ ചണ്ഡീഗഢ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മൂന്നാംഘട്ട പരീക്ഷണത്തിന് വിധേയരാവുക. സമ്മതപത്രം എഴുതി വാങ്ങിയാകും പരീക്ഷണത്തിന് വിധേയരാക്കുക. നേരത്തെ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന് 150 മില്യണ്‍ ഡോളറിന്റെ ഫണ്ട് നല്‍കാന്‍ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ തീരുമാനിച്ചിരുന്നു. വാക്‌സിന്‍ വേഗത്തില്‍ ഉത്പാദിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഈ പുതിയ കരാറിന്റെ ഭാഗമായി, ഇന്ത്യക്കും താഴ്ന്നഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കും 10 കോടി വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം സിറം ഇൻസ്റിറ്റ്യൂട്ടിനുണ്ടായിരിക്കും.