ന്യൂഡൽഹി:ഇന്ത്യൻസേനയ്ക്ക് ശക്തിപകരാൻ റഫാൽ യുദ്ധവിമാനങ്ങൾ സജ്ജം. ആദ്യ ബാച്ചിലെ അഞ്ച് റഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും.അംബാല വ്യോമസേന താവളത്തിൽ നടക്കുന്ന ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി മുഖ്യാതിഥിയാവും.ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്‌കുമാർ തുടങ്ങിയവർ പങ്കെടുക്കും. ജൂലായ് 27-നാണ് ഫ്രാൻസിൽനിന്ന് വിമാനങ്ങൾ ഇന്ത്യയിലെത്തിയത്.36 വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ കരാറൊപ്പിട്ടിട്ടുള്ളത്.
വീണ്ടും പ്രകോപനവുമായി ചൈന; അയ്യായിരത്തിലേറെ സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ചതായി സൂചന
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ എത്തിച്ച് ചൈന. ചുഷുല്‍ മേഖലയില്‍ ചൈന 5000 സൈനികരെ കൂടി എത്തിച്ചെന്നാണ് റിപ്പോര്‍ട്ട്.പാംഗോങ് നദീ തീരത്തേക്ക് ഇന്ത്യയും കൂടുതല്‍ സൈനികരെയും യുദ്ധവിമാനങ്ങളെയും എത്തിച്ചിട്ടുണ്ട്. അതേസമയം അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ, ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിമാര്‍ ഇന്ന് ചര്‍ച്ചനടത്തും. മോസ്കോയില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെയാണ് വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചയില്‍ അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ചയാകും. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ്‍യിയും ഇന്നലെ റഷ്യ നല്‍കിയ ഉച്ചവിരുന്നിലും പങ്കെടുത്തിരുന്നു. അതിര്‍ത്തിയില്‍ നിന്ന് സമ്പൂർണ്ണ പിന്മാറ്റമില്ലാതെ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നാണ് ഇന്ത്യയുടെ നിലപാട്. പിന്മാറ്റത്തിനുള്ള സമയക്രമം തീരുമാനിക്കാമെന്ന നിര്‍ദ്ദേശവും വെക്കും. പാങ്ഗോംഗ് തീരത്തെ ഇന്ത്യന്‍ സൈനിക വിന്യാസം ഒഴിവാക്കണം എന്നാണ് ചൈന ആവശ്യപ്പെടുന്നത്. ഇന്ത്യ-ചൈന പ്രതിരോധമന്ത്രിമാര്‍ കഴിഞ്ഞ ആഴ്ച മോസ്കോയില്‍ ചര്‍ച്ച നടത്തിയിരുന്നു.
സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവർത്തിക്കാം;മാര്‍ഗ നിര്‍ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി:സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള സ്‌കൂളുകള്‍ തുറക്കാമെന്നാണ് നിര്‍ദേശം.ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് സ്‌കൂളുകള്‍ തുറക്കുന്നത്.ഫേസ് മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികള്‍ തമ്മില്‍ കുറഞ്ഞത് ആറ് മീറ്റര്‍ അകലം ഉണ്ടായിരിക്കണമെന്ന് മാര്‍ഗനിര്‍ദേശകത്തില്‍ പറയുന്നു. ഒപ്പം ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കും.ആറടി ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍, സ്റ്റാഫ് റൂമുകള്‍, ഓഫീസ് ഏരിയകള്‍, മെസ്, ലൈബ്രറി, കഫറ്റീരിയ എന്നിവയില്‍ തറയില്‍ മാര്‍ക്ക് ചെയ്യും. അകലം പാലിക്കാവുന്ന വിധത്തില്‍ ക്ലാസ് റൂമിലെ ഇരിപ്പിടങ്ങള്‍ രൂപകല്‍പ്പന ചെയ്യാനും സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.സ്കൂള്‍ അസംബ്ലി, കായിക മത്സരങ്ങള്‍, കലോത്സവങ്ങള്‍ തുടങ്ങിയവയൊന്നും അനുവദിക്കില്ല. നോട്ട് ബുക്ക്, പേന, മറ്റ് പഠനോപകരണങ്ങള്‍ തുടങ്ങിയവ കൈമാറുന്നതും വിലക്കും. ട്വിറ്ററിലൂടെയാണ് മന്ത്രാലയം സ്‌കൂള്‍ തുറക്കുന്നതിനെ കുറിച്ച് അറിയിച്ചത്.സ്‌കൂളില്‍ പോകുന്നതുമായി ബന്ധപ്പെട്ട് അദ്ധ്യാപകരുടെ അഭിപ്രായം കൂടി പരിഗണിച്ച് കുട്ടികള്‍ക്ക് സ്വമേധയാ തീരുമാനം എടുക്കാമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഓണ്‍ലൈന്‍, വിദൂര പഠനം തുടര്‍ന്നും നടക്കുമെന്നും പ്രോത്സാഹിപ്പിക്കപ്പെടുമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്നു.രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും കോവിഡ് രോഗ പ്രതിരോധ മാര്‍ഗങ്ങളുമായി കൃത്യമായി സഹകരിക്കേണ്ടതാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സ്‌കൂളുകളിലെ അദ്ധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ സമയവും പാലിക്കേണ്ടതാണെന്നും കേന്ദ്രം അറിയിപ്പില്‍ വ്യക്തമാക്കുന്നു.രാജ്യത്ത് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ചിലാണ് സ്കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.
കുത്തിവച്ചയാള്‍ക്ക് വിപരീതഫലം; ഓക്സ്ഫോര്‍ഡ് കോവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു
ന്യൂഡൽഹി:വാക്സിന്‍ കുത്തിവെച്ച വൊളന്റിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചു. മരുന്ന് കുത്തിവെച്ച ഒരു സന്നദ്ധ പ്രവർത്തകനാണ് വിപരീത ഫലം കാണിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാക്സിന്‍ പരീക്ഷണം നിര്‍ത്തിവച്ച കാര്യം അസ്ട്രസെനെക വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.ഒരാള്‍ക്ക് അജ്ഞാതമായ രോഗം വന്നതിനെ തുടർന്ന് കമ്പനിയുടെ വാക്സിന്‍ പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയതെന്ന് ആസ്ട്രാസെനെക പ്രസ്താവനയില്‍ പറഞ്ഞു. പരീക്ഷണങ്ങളുടെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനിടയില്‍ സുരക്ഷാ ഡാറ്റ പരിശോധിക്കാന്‍ ഗവേഷകര്‍ക്ക് സമയം നല്‍കാനാണ് ഈ നീക്കമെന്ന് കമ്പനി അറിയിച്ചു.മരുന്നിന്റെ പാര്‍ശ്വഫലമാണിതെന്ന സംശയമാണുള്ളത്. എന്നാല്‍ കേസിന്റെ സ്വഭാവമോ എപ്പോള്‍ സംഭവിച്ചുവെന്നോ വ്യക്തമാക്കിയിട്ടില്ല.ജൂലൈ 20നാണ് ഓക്സ്ഫഡ് ആദ്യം കോവിഡ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. ഈ വർഷം അവസാനത്തോടു കൂടിയോ ജനുവരി ആദ്യത്തിലോ വാക്സിൻ വിപണിയിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വാക്സിൻ പ്രതീക്ഷകൾക്കേറ്റ താൽക്കാലിക തിരിച്ചടിയായാണ് ശാസ്ത്ര ലോകം ഇതിനെ വിലയിരുത്തുന്നത്. പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനെക അറിയിച്ചു. പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരും. പരീക്ഷണത്തില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ സുരക്ഷ പ്രധാനമാണെന്നും കമ്പനി വിശദീകരിച്ചു.ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റ‌്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിച്ചിരുന്നു. വാക്‌സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിരുന്നു.
24 മണിക്കൂറില്‍ 90,802 പേര്‍ക്ക് കൊവിഡ്; രോഗബാധിതരുടെ എണ്ണത്തിൽ ബ്രസീലിനെ മറികടന്ന് ലോകത്ത് ഇന്ത്യ രണ്ടാമത്
ന്യൂഡൽഹി:ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രസീലിനെ മറികടന്ന് രണ്ടാമത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 90,802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് 41.37 ലക്ഷം രോഗബാധിതരുളള ബ്രസീലിനെ ഇന്ത്യ മറികടന്നത്. ഇന്ത്യയില്‍ നിലവില്‍ 42.04 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1,016 പേര്‍ മരിച്ചു. ഇതുവരെ 32.50 ലക്ഷം പേര്‍ രോഗമുക്തി നേടി.നിലവില്‍ 7.16 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. പ്രതിദിന രോഗബാധയില്‍ ആഴ്ചയിലെ കൂടുതല്‍ ദിവസങ്ങളിലും ലോകത്ത് ഇന്ത്യ തന്നെയാണ് മുന്നില്‍. മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ദിവസവും വര്‍ധിക്കുകയാണ്.മഹാരാഷ്ട്രയില്‍ ഇന്നലെ 23,350 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ ആകെ രോഗികളുടെ എണ്ണം ഒൻപത് ലക്ഷം കടന്നു. ഇന്നലെ 328 പേര്‍ മരിച്ചതോടെ ആകെ മരണം 26,604 ആയി ഉയര്‍ന്നു.ആന്ധ്രയില്‍ ഇന്നലെ 10,794 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 4.98 ലക്ഷമായി. ഇതുവരെ 4,417 പേര്‍ മരിച്ചു. 3.94 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 99,689 പേര്‍ മാത്രമാണ് ചികിത്സയിലുളളത്.നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 62.75 ലക്ഷം കേസുകളാണ് അമേരിക്കയില്‍. അതേസമയം ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലാണ് കഴിഞ്ഞ ഒരു മാസമായി കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബംഗളൂരു മയക്കുമരുന്ന് കേസ്;തെന്നിന്ത്യന്‍ സിനിമ താരം രാഗിണി ദ്വിവേദി അറസ്റ്റിൽ
ബെംഗളൂരു:ബംഗളൂരു മയക്കുമരുന്ന് കേസിൽ തെന്നിന്ത്യന്‍ സിനിമ താരം രാഗിണി ദ്വിവേദി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.കന്നട നടി രാഗിണിയെ ബംഗലൂരുവില്‍ അവര്‍ താമസിക്കുന്ന അപ്പാര്‍ട്ടുമെന്റില്‍ നിന്നാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ രാഹുല്‍ ഷെട്ടി, വീരന്‍ ഖന്ന എന്നിവരാണ് വെള്ളിയാഴ്ച അറസ്റ്റിലായ മറ്റു രണ്ടുപേര്‍. ബംഗുലൂരു എലഹങ്കയിലെ ഫ്ലാറ്റില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത ഫോണില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടിയെ അറസ്റ്റ് ചെയ്തത്.ഏഴര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് നടിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ രാഗിണിക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും താരം ഹാജരായിരുന്നില്ല. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരാകാന്‍ നടി രാഗിണി ദ്വിവേദി കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും അന്വേഷണ സംഘം അനുമതി നല്‍കിയിരുന്നില്ല. അതേ സമയം ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യത തെളിയുകയാണ്. രാഗിണി ദ്വിവേദിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. അറസ്റ്റിലായ മറ്റ് പ്രതികളെയും ചോദ്യം ചെയ്യും. രാഗിണിയെ അറസ്റ്റ് ചെയ്തത് കൂടുതല്‍ പ്രമുഖരിലേക്ക് അന്വേഷണം നീളുന്നതിന്റെ സൂചനയാണ്.
തമിഴ്നാട്ടിൽ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി;9 മരണം
തമിഴ്നാട്:തമിഴ്നാട്ടിലെ കടലൂരിൽ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി. അപകടത്തിൽ 9 പേർ മരിച്ചു. പടക്ക നിർമാണശാല പൂർണമായും കത്തിയമര്‍ന്നു.മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണെന്നാണ് പ്രാഥമിക നിഗമനം. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എത്ര പേര്‍ പടക്കശാലയിലുണ്ടായിരുന്നു എന്ന് വ്യക്തമല്ല. ചെന്നൈയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെ തമിഴ്നാട്ടിലെ കടലൂരിലെ വെടിക്കെട്ട് ഫാക്ടറിയിലാണ് അപകടം ഉണ്ടായത്. കട്ടുമന്നാര്‍കോയിലിന് അടുത്തുള്ള ലൈസന്‍സുള്ള യൂണിറ്റാണ് ഇത്. അഗ്‌നിരക്ഷാ സേനസംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അപകടകാരകാരണം വ്യക്തമായിട്ടില്ല. ലൈസന്‍സോട് കൂടി പ്രവര്‍ത്തിക്കുന്ന പടക്കശാലയായിരുന്നുവെന്നും സംഭവത്തെ കുറിച്ച് പരിശോധിക്കുന്നതായും കടലൂര്‍ ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
ഓഗസ്റ്റ് 31 വരെ തിരിച്ചടവു മുടങ്ങിയ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുത്; ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി
ഡല്‍ഹി : തിരിച്ചടവു മുടങ്ങിയതിന് കഴിഞ്ഞ മാസം 31ന് വരെ കിട്ടാക്കടമായി പ്രഖ്യാപിച്ചിട്ടില്ലാത്ത വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നത് തടഞ്ഞ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച മൊറട്ടോറിയം നീട്ടണമെന്നും കൂട്ടുപലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് ഉത്തരവ്.ബാങ്കുകളുടെ താത്പര്യം കണക്കിലെടുത്താണ്, മൊറട്ടോറിയം കാലത്തു തിരിച്ചടവു നീട്ടുന്ന വായ്പാ ഗഡുവിന് കൂട്ടുപലിശ ഈടാക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.ബാങ്കുകള്‍ സമ്പത് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. വായ്പാ തിരിച്ചടവിന് അടിയന്തര ആശ്വാസം എന്ന നിലയിലാണ് മൊറട്ടോറിയം ക്രമപ്പെടുത്തിയിരിക്കുന്നതെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളെല്ലാം റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുള്ളതാണെന്ന്, ബെഞ്ചിനു നേതൃത്വം നല്‍കിയ അശോക് ഭൂഷണ്‍ പറഞ്ഞു. എന്നാല്‍ ദുരന്ത നിവാരണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ എന്തു നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു.കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് സഹായകരമായ നടപടികളെടുക്കാന്‍ ബാങ്കുകളെ അധികാരപ്പെടുത്തിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. പലിശ നിരക്കു കുറയ്ക്കല്‍, വായ്പാ കാലാവധി ദീര്‍ഘിപ്പിക്കല്‍, പിഴച്ചാര്‍ജ് ഒഴിവാക്കല്‍, മൊറട്ടോറിയം രണ്ടു വര്‍ഷത്തേക്കു വരെ നീട്ടല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ബാങ്കുകള്‍ക്കു തീരുമാനമെടുക്കാം.ഓരോ മേഖലയ്ക്കുമായി പ്രത്യേകമായി തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാരും റിസര്‍വ് ബാങ്കും ഇടപെടുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞപ്പോള്‍ ആരും ഇടപെടുന്നില്ലെന്നാണ് ജനത്തിന്റെ പരാതിയെന്നായിരുന്നു കോടതിയുടെ പ്രതികരണം. ജീവിതം കൂടുതല്‍ പ്രതിസന്ധിയായവര്‍ക്ക് എന്ത് ആശ്വാസമാണ് നല്‍കാനാവുക എന്ന് കോടതി ആരാഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബാങ്ക് പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട സമിതി രൂപീകരിക്കുമെന്ന് ആര്‍ ബി ഐ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എണ്ണക്കപ്പലിൽ തീപിടുത്തം;അപകടം ശ്രീലങ്കന്‍ തീരത്ത് നിന്നും 20 നോട്ടിക്കല്‍ മൈല്‍ അകലെ
ന്യൂഡൽഹി:പ്രമുഖ പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എണ്ണക്കപ്പലിൽ തീപിടുത്തം.ശ്രീലങ്കന്‍ തീരത്ത് നിന്നും 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം.കുവൈത്തില്‍ നിന്ന് ഇന്ത്യയിലെ പാരാദ്വീപിലേക്കുളള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്.ന്യൂ ഡയമണ്ട് എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കുവൈത്തിലെ മിനാ അല്‍ അഹമ്മദിയില്‍ നിന്നാണ് കപ്പല്‍ പുറപ്പെട്ടത്.2,70,0000 ടണ്‍ എണ്ണ വഹിച്ച് കൊണ്ട് ഇന്ത്യ ലക്ഷ്യമാക്കി നീങ്ങിയിരുന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. എണ്ണ ചോര്‍ച്ച ഒഴിവാക്കാനുളള നടപടികള്‍ ആരംഭിച്ചതായി ശ്രീലങ്കന്‍ അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് നാവിക കപ്പലുകളും വിമാനവും വിന്യസിച്ചതായി ശ്രീലങ്കന്‍ നാവികസേന പ്രതിനിധി കമാന്‍ഡര്‍ രഞ്ജിത് രാജ്പക്‌സെ പറഞ്ഞു. ആര്‍ക്കെങ്കിലും ജീവഹാനി ഉണ്ടായോ എന്ന് വ്യക്തമല്ല. തീപിടിത്തത്തിന്റെ കാരണമെന്തെന്നുള്ള വിവരവും അറിവായിട്ടില്ല. അപകടത്തെക്കുറിച്ച് ഐ ഒ സി അധികൃതരുടെ പ്രതികരണവും ലഭിച്ചിട്ടില്ല.
പബ്‍ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു
ന്യൂഡൽഹി:പബ്‍ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു.കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റേതാണ് നടപടി. ഇന്ത്യ – ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ നേരത്തെ നിരോധിച്ചിരുന്നു. പബ്ജി മൊബൈല്‍, പബ്ജി ലൈറ്റ് എന്നിവയാണ് ഇന്ത്യയില്‍ നിരോധിച്ചത്. എന്നാല്‍, ആപ് നിരോധിച്ചുവെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും പബ്ജി കളിക്കാന്‍ സാധിക്കും പേഴ്സണല്‍ കംപ്യൂട്ടറുകളിൽ ഇപ്പോഴും പബ്‌ജി കളിക്കാം.മൊബൈലില്‍ സൗജന്യമായ പബ്ജിക്ക് പി.സിയില്‍ 999 രൂപ നല്‍കണം. ഇതിനോടൊപ്പം ഇന്‍റല്‍ കോര്‍ ഐ 5 പ്രൊസസര്‍ കരുത്ത് പകരുന്ന 8 ജി.ബി റാമുള്ള കംപ്യൂട്ടറും 2 ജി.ബിയുടെ ഗ്രാഫിക്സ് കാര്‍ഡും വേണം. പബ്ജിക്ക് പുറമേ വീ ചാറ്റ്, ബെയ്ദു, കട്ട് കട്ട്, കട്ടൗട്ട്, വാര്‍പാത്ത്, ഗെയിം ഓഫ് സുല്‍ത്താന്‍, ചെസ് റക്ഷ്, സൈബര്‍ ഹണ്ടര്‍, ആപ്പ് ലോക്ക്, ആപ്പ് ലോക്ക് ലൈറ്റ്, ഹൈഡ് ആപ്പ്, കിറ്റി ലൈവ്, മൈക്കോ ചാറ്റ് തുടങ്ങിയവ നിരോധിച്ച ആപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്പുകള്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവയെ നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് ഐ.ടി മന്ത്രാലയത്തിന്റെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇവ സുരക്ഷയ്ക്ക് ഭീഷണിയായത് കൊണ്ട് നിരോധിക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയും തീരുമാനത്തിന് കാരണമായതായി കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.