മുംബൈ:പേമെന്‍റ് ആപ്പ് പേടിഎമ്മിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഒഴിവാക്കി.വാതുവെപ്പിന് സൗകര്യമൊരുക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ ഉപയോക്താക്കള്‍ക്ക് പേടിഎം സൗകര്യമൊരുക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.പേടിഎമ്മിന്‍റെ പേമെന്‍റ് ആപ്പ് മാത്രമാണ് ഇപ്പോള്‍ നീക്കം ചെയ്തിട്ടുള്ളത്, പേടിഎം മണി, പേടിഎം മാള്‍ എന്നിവ ഇപ്പോഴും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. അതേ സമയം ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഇപ്പോഴും പേടിഎം ലഭിക്കുന്നുണ്ട്.ഗൂഗിള്‍ ഇന്ന് ഇന്ത്യയിലെ ചൂതാട്ട നയങ്ങള്‍ക്കെതിരായ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഓണ്‍ലൈന്‍ കാസിനോ തങ്ങള്‍ അനുവദിക്കില്ലെന്നും സ്‌പോര്‍ട്‌സ് വാതുവെപ്പുകള്‍ക്ക് സൗകര്യമൊരുക്കുന്ന ചൂതാട്ട ആപ്പുകളെ പിന്തുണക്കില്ലെന്നും ഗൂഗിള്‍ അവരുടെ ബ്ലോഗിലൂടെ വ്യക്തമാക്കി. ഉപയോക്താവിന് പണം സമ്മാനമായി നല്‍കുന്ന ഗെയിമുകള്‍ക്ക് പ്രത്യേക വെബ് സൈറ്റ് ലിങ്കുകള്‍ പ്ലേസ്‌റ്റോറിലെ ഒരു ആപ്പിന് നല്‍കാന്‍ അനുവാദമില്ലെന്നും അത് തങ്ങളുടെ പോളിസിക്ക് വിരുദ്ധമാണെന്നു ഗൂഗിള്‍ അറിയിച്ചു.ഈ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പേടിഎമ്മിനെ പ്ലേ സ്‌റ്റേറില്‍ നിന്ന് നീക്കം ചെയ്തത്. ഗൂഗിളിന്റെ ചടുല നീക്കം ഇന്ത്യയിലെ ഭൂരിപക്ഷം ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പേടിഎമ്മിന് കടുത്ത തിരിച്ചടിയാണ്.
കോവിഡ് പോസിറ്റീവായ രണ്ടുപേരെ രണ്ടുപേരെ യാത്ര ചെയ്യാൻ അനുവദിച്ചു;എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായിൽ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി
ദുബായ്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ദുബായ്. വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കാണ് വിലക്ക്. കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചതാണ് വിലക്കിന് കാരണം.സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ പതിനഞ്ചു ദിവസത്തേക്കാണ് വിലക്ക്. ഇതോടെ ദുബായിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഷാര്‍ജയിലേക്ക് റീ ഷെഡ്യൂള്‍ ചെയ്തു. കോവിഡ് ബാധിതരായ രണ്ടുപേരെ ദുബായിയില്‍ എത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദുബായ് സിവില്‍ ഏവിയേഷന്റെ നടപടി.ഒക്ടോബര്‍ രണ്ടുവരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ദുബായിയിലേക്കോ ദുബായിയില്‍ നിന്ന് പുറത്തേക്കോ സര്‍വീസ് നടത്താന്‍ കഴിയില്ല. ഓഗസ്റ്റിലാണ് കോവിഡ് രോഗിയെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായിയില്‍ എത്തിച്ചതായി കണ്ടെത്തിയത്. പിന്നാലെ ദുബായ് സിവില്‍ ഏവിയേഷന്‍ എയര്‍ ഇന്ത്യയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ ഈ മാസം നാലിന് ജയ്പൂരിൽ നിന്ന് മറ്റൊരു കോവിഡ് രോഗി കൂടി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായിയില്‍ എത്തിയതോടെയാണ് വിലക്കേര്‍പ്പെടുത്തുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.കോവിഡ് പോസിറ്റീവ് ആയ രണ്ട് പേരുടേയും ചികിത്സാ ചിലവും സഹയാത്രികരുടെ ക്വറന്റീന്‍ ചിലവുകളും എയര്‍ ഇന്ത്യ എക്പ്രസ് ഏറ്റെടുക്കണമെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കൊവിഡ് രോഗി സഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ആശങ്കയിലാണ്.ഇന്ന് മുതല്‍ നാട്ടിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ ഇന്ത്യ സര്‍വ്വീസുകളെല്ലാം റദ്ദാക്കി. പല സര്‍വ്വീസുകളും ഷാര്‍ജിയിലേക്ക് മാറ്റി ഷെഡ്യൂള്‍ ചെയ്തിട്ടുമുണ്ട്.
നാളെ മുതല്‍ എസ്ബിഐ എടിഎമ്മുകളില്‍ നിന്നും 10000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കാന്‍ രജിസ്റ്റേർഡ് മൊബൈല്‍ നമ്പറിൽ വരുന്ന ഒടിപി നിർബന്ധം
കൊച്ചി:നാളെ മുതല്‍ എസ്ബിഐ എടിഎമ്മുകളില്‍ നിന്നും 10000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കാന്‍ രജിസ്റ്റേർഡ് മൊബൈല്‍ നമ്പറിൽ വരുന്ന ഒടിപി നിർബന്ധമാക്കി. അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പറിലാണ് ഒടിപി ലഭിക്കുക. പിന്‍വലിക്കേണ്ടുന്ന തുക ടൈപ് ചെയ്താലുടന്‍ ഒടിപി എന്റര്‍ ചെയ്യാനുള്ള നിര്‍ദേശം എടിഎം സ്ക്രീനില്‍ തെളിയുമെന്നു ബാങ്ക് അറിയിച്ചു.വിവിധ രീതിയിലുള്ള കാര്‍ഡ് തട്ടിപ്പുകള്‍ വ്യാപകമായതോടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, രാത്രി 8 മുതല്‍ രാവിലെ 8 വരെ ഈ സംവിധാനം ജനുവരി മുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. പുതിയ സേവനം ഉപയോഗിക്കാന്‍ എല്ലാ അക്കൌണ്ട് ഉടമകളും മൊബൈല്‍ നമ്ബറുകള്‍ രജിസ്റ്റര്‍ ചെയ്യാനോ അപ്‌ഡേറ്റ് ചെയ്യാനോ എസ്ബിഐ നിര്‍ദേശിക്കുന്നു. നാഷണല്‍ ഫിനാന്‍ഷ്യല്‍ സ്വിച്ചിലെ (എന്‍എഫ്‌എസ്) എസ്‌ബിഐ ഇതര എടിഎമ്മുകളില്‍ ഈ പ്രവര്‍ത്തനം വികസിപ്പിച്ചിട്ടില്ലാത്തതിനാല്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സൗകര്യം എസ്‌ബിഐ എടിഎമ്മുകളില്‍ മാത്രമേ ലഭ്യമാകൂ.
രാജ്യത്ത് കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ ഐ.എസ് സാന്നിധ്യമെന്ന് ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി:കേരളം അടക്കം 11 സംസ്ഥാനങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ സജീവമെന്ന് കേന്ദ്രസര്‍ക്കാര്‍.കേന്ദ്ര കേന്ദ്രആഭ്യന്തരമന്ത്രാലയം രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം.എന്‍ഐഎ അന്വേഷണത്തില്‍ ഇക്കാര്യം സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര കേന്ദ്രആഭ്യന്തരമന്ത്രാലയം രേഖാമൂലം അറിയിച്ചു. കേരളത്തിലുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഐഎസ് സാന്നിധ്യം ഉണ്ടെന്നും, നേരിട്ട് ഐഎസിനെ പിന്തുണയ്ക്കുന്ന സമീപനം പുലര്‍ത്തുന്ന സംഘടനകളും വ്യക്തികളുമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. രാജ്യസുരക്ഷയ്ക്ക് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന തരത്തിലുള്ള സാന്നിധ്യം ഉണ്ടെന്നും ആഭ്യന്തരമന്ത്രാലയം സൂചിപ്പിക്കുന്നു.കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഐഎസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഐഎസിന്റെ സാന്നിധ്യവുമായി ബന്ധപ്പെട്ടോ, ഐഎസ് അനുകൂല നിലപാടുമായി ബന്ധപ്പെട്ടോ 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേന്ദ്രആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ യുടെ അനുമതി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) അനുമതി നല്‍കി. അസ്ട്രസെനേക്കയും ഓക്സ്ഫഡ് സര്‍വകലാശാലയും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്സിന്‍റെ പരീക്ഷണം പുനരാരംഭിക്കാനാണ് അനുമതി.യുകെയില്‍ വാക്സിന്‍ സ്വീകരിച്ചയാള്‍ക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തിവച്ചത്. ഇതേ തുടര്‍ന്നു നിര്‍ത്തിവച്ച കോവിഡ് വാക്സിന്‍ പരീക്ഷണം കഴിഞ്ഞ ദിവസം യുകെ പുനരാരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരീക്ഷണം പുനരാരംഭിക്കാന്‍ തയാറാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡിസിജിഐയെ അറിയിച്ചത്.മെഡിസിന്‍സ് ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്‌ആര്‍എ) ഇത് സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരീക്ഷണം യുകെയില്‍ പുനരാരംഭിച്ചതെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
പാക് ഷെല്ലാക്രമണം; കാശ്മീരിലെ രജൗറിയില്‍ മലയാളി ജവാന് വീരമൃത്യു
ശ്രീനഗര്‍:വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക് ഷെല്ലാക്രമണത്തില്‍ കാശ്മീരിലെ രജൗറിയില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം കടയ്ക്കല്‍ സ്വദേശി അനീഷ് തോമസാണ് മരിച്ചത്.ഒരു മേജറടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ജമ്മുകാശ്മീരിലെ അതിര്‍ത്തി മേഖലയായ സുന്ദര്‍ബെനിയിലാണ് പാക് ഷെല്ലാക്രമണം നടന്നത്. ഈ മാസം 25ന് അവധിക്കായി നാട്ടിലേക്ക് വരാന്‍ ഇരിക്കുകയായിരുന്നു അനീഷ്. ഇന്നലെ ഉച്ചയോടെയാണ് പാകിസ്ഥാന്‍ ഭാഗത്ത് നിന്ന് അതിര്‍ത്തിയിലേക്ക് വെടിവയ്പ്പ് നടന്നത്. ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയെന്നാണ് വിവരം. ആക്രമണത്തില്‍ പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുകയാണ്. എമിലിയാണ് അനീഷിന്റെ ഭാര്യ. ഒരു മകളുണ്ട്. പേര് ഹന്ന.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ പതിനായിരത്തോളം പ്രമുഖരെ ചൈന നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാര്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, സംസ്ഥാന മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രസിഡന്‌റ് സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, സുപ്രീം കോടതി ജഡ്ജി എ എം ഖാന്‍വില്‍ക്കര്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, കര, വ്യോമ, നാവിക സേനകളുടെ മേധാവികള്‍, ലോക്പാല്‍ ജസ്റ്റിസ് പി സി ഘോഷ്, സിഎജി ജി സി മുര്‍മു, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ രാജ്യത്തെ പ്രധാന ഭരണഘടനാപദവികളിലുള്ളവര്‍ ചൈനയുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്.ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ചൈനയിലെ ഷെന്‍സണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെന്‍ഹ്വ ഡാറ്റ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന കമ്പനിയുടെ നിരീക്ഷണത്തിലാണിവര്‍. ചൈനീസ് ഗവണ്‍മെന്റുമായും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും അടുത്ത ബന്ധമുള്ളതാണ് ഈ ടെക്‌നോളജി കമ്പനി. ബിഗ് ഡാറ്റ ഉപയോഗിച്ചുള്ള ഹൈബ്രിഡ് വാര്‍ഫെയര്‍ ആണ് ചൈന നടത്തുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്‌റെ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ട് പറയുന്നു. 10,000ത്തിലേറെ ഇന്ത്യന്‍ പ്രമുഖ വ്യക്തികളും സംഘടനകളുമാണ് ചൈനയുടെ നിരീക്ഷണവലയത്തിലുള്ളത്. വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ശ്രിംഗ്ള, നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് തുടങ്ങിയവര്‍ ഇതിലുള്‍പ്പെടുന്നു. ഉന്നത ബ്യൂറോക്രാറ്റുകള്‍, ജഡ്ജിമാര്‍, സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികള്‍, ശാസ്ത്രജ്ഞര്‍, അക്കാഡമീഷ്യന്‍സ്, മാധ്യമപ്രവര്‍ത്തകര്‍, അഭിനേതാക്കള്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ല വിരമിച്ചവരും നിലവില്‍ രംഗത്തുള്ളവരുമായ കായികതാരങ്ങള്‍, മതനേതാക്കള്‍, ആക്ടിവിസ്റ്റുകള്‍, പണത്തട്ടിപ്പ് കേസുകളിലേയും അഴിമതി കേസുകളിലേയും പ്രതികള്‍, ഭീകരബന്ധമുള്ളവര്‍, ലഹരിമരുന്ന്, സ്വര്‍ണ, ആയുധക്കടത്ത് കേസുകളിലെ പ്രതികള്‍ തുടങ്ങിയവരും ചൈനീസ് നിരീക്ഷണത്തിലാണ്. പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും കുടുംബാംഗങ്ങളും രത്തന്‍ ടാറ്റ, മുകേഷ് അംബാനി തുടങ്ങിയ വ്യവസായികളും ചൈനീസ് നിരീക്ഷണത്തിലാണ്.ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്നതിന് ഇടയിലാണ് ചൈനയുടെ വന്‍ നിരീക്ഷണം. ചൈനീസ് ഇന്റലിജന്‍സുമായും മിലിട്ടറി, സെക്യൂരിറ്റി ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന കമ്പനിയാണ് സെന്‍ഹുവ. ഓവര്‍സീസ് കീ ഇന്‍ഫര്‍മേഷന്‍ ഡാറ്റ ബേസില്‍ ആണ് ഇന്ത്യന്‍ വിവരങ്ങളുള്ളത്. ചൈന ഇത്തരത്തില്‍ കമ്പനികളിലൂടെയോ വ്യക്തികളിലൂടെയോ മറ്റ് രാജ്യങ്ങളിലെ വിവരങ്ങള്‍ തേടുന്നില്ല എന്നാണ് ചൈനീസ് എംബസിയുടെ വിശദീകരണം. അതേസമയം സെന്‍ഹുവ കമ്പനിയുടെ ക്ലൈന്റ് ആണോ ചൈനീസ് ഗവണ്‍മെന്റ് എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ എംബസി വൃത്തങ്ങള്‍ തയ്യാറായില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
കൊവിഡ് വാകസിന്‍ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് നിര്‍ത്താന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശം
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നതുവരെ നിര്‍ത്തിവെക്കണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ(ഡിസിജിഐ) നിര്‍ദേശം.ഇതുവരെ വാക്സിന്‍ കുത്തിവെച്ചവരില്‍ സുരക്ഷാനിരീക്ഷണം ശക്തമാക്കണം.അത് സംബന്ധിച്ച രൂപരേഖയും റിപ്പോര്‍ട്ടും സമര്‍പ്പിക്കണം.ട്രയലിന് വളണ്ടിയര്‍മാരായി എത്തിയവരുടെ വിവരങ്ങളും നല്‍കണം. പരീക്ഷണത്തിന് ആളുകളെ തെരഞ്ഞെടുക്കുന്നത് പുനരാരംഭിക്കുന്നതിന് മുന്‍പ് യു.കെയിലേയും ഇന്ത്യയിലേയും ഡാറ്റ ആന്‍റ് സേഫ്റ്റി മോണിറ്ററിങ് ബോര്‍ഡില്‍ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനും ഡി.സി.ജി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനക്കയും ചേര്‍ന്ന് വികസിപ്പിച്ച ‘കോവഷീല്‍ഡ്’ എന്ന കോവിഡ് പ്രതിരോധ വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. മഹാരാഷ്ട്രയിലെ പൂനെയില്‍ ആഗസ്റ്റ് 27 നാണ് ആളുകളില്‍ കുത്തിവെച്ചുള്ള രണ്ടാംഘട്ട പരീക്ഷണം നടത്തിയത്. വളണ്ടിയര്‍മാര്‍ക്ക് എത്ര ഡോസ് വീതം നല്‍കിയെന്നത് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടില്ല. മൂന്നാംഘട്ട പരീക്ഷണത്തില്‍ രാജ്യത്തെ 17 സ്ഥലങ്ങളില്‍ നിന്നായി 1600 ഓളം വളണ്ടിയര്‍മാരെയാണ് തെരഞ്ഞെടുത്തിരുന്നത്.നിലവില്‍ ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ രണ്ടും മൂന്നും ക്ലിനിക്കല്‍ പരീക്ഷണഘട്ടത്തിലാണുള്ളത്. യു.കെയില്‍ വാക്സിന്‍ കുത്തിവെച്ച ഒരാള്‍ക്ക് കഴിഞ്ഞ ദിവസം അജ്ഞാതരോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ഓക്സ്ഫഡ്- അസ്ട്രാസെനെക വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. അജ്ഞാതരോഗം കോവിഡ് പ്രതിരോധ മരുന്നിന്റെ പാര്‍ശ്വഫലമാണെന്ന സംശയമാണുള്ളത്. തുടര്‍ന്ന് ഡി.സി.ജി.ഐ നിര്‍ദേശ പ്രകാരം സെറം ഇന്‍സ്റ്റിറ്റ്യൂട്ടും കോവിഡ് പരീക്ഷണം നിര്‍ത്തിവെക്കുകയായിരുന്നു.
ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച;സംഘർഷം ലഘൂകരിക്കാൻ അഞ്ച് വിഷയങ്ങളില്‍ സമവായത്തിന് ധാരണ
ന്യൂഡൽഹി: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷത്തില്‍ അയവ് വരുത്താന്‍ അഞ്ച് വിഷയങ്ങളില്‍ സമവായത്തിലെത്താന്‍ ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ ധാരണ. സേനാ പിന്‍മാറ്റം വേഗത്തിലാക്കുമെന്നതടക്കമുള്ള കാര്യങ്ങളിലാണ് മോസ്കോയില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായത്.ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ.) യോഗത്തിനെത്തിയപ്പോഴാണ് ചര്‍ച്ച നടത്തിയത്.സേനാ പിന്‍മാറ്റം വേഗത്തിലാക്കുന്നത് കൂടാതെ, പ്രശ്ന പരിഹാരത്തിന് നയതന്ത്ര – സൈനിക തലത്തിലെ ശ്രമങ്ങള്‍ തുടരും, അഭിപ്രായ വ്യത്യാസങ്ങള്‍ തര്‍ക്കങ്ങളാക്കി മാറ്റില്ല, അതിര്‍ത്തി വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഉഭയകക്ഷി കരാറുകളും പാലിക്കും, പരസ്പര വിശ്വാസത്തിനും അതിര്‍ത്തിയില്‍ സമാധാനത്തിനും ഇരുരാജ്യങ്ങളും നടപടിയെടുക്കും തുടങ്ങിയ വിഷയങ്ങളിലാണ് സമവായത്തിന് ധാരണയായത്. അതിര്‍ത്തിയിലെ നിലവിലെ സ്ഥിതി ഇരുവിഭാഗത്തിന്റെയും താത്പര്യം സംരക്ഷിക്കുന്നതല്ലെന്നും അതിനാല്‍ ഇരുവിഭാഗത്തിന്റെയും അതിര്‍ത്തി സൈനികര്‍ സംഭാഷണം തുടരണമെന്നും വേഗത്തില്‍ പിന്മാറണമെന്നും പിരിമുറുക്കം ലഘൂകരിക്കുന്നതിനായി ശരിയായ ദൂരം നിലനിര്‍ത്തുമെന്നും ഇരുവിഭാഗവും സമ്മതിച്ചു. ഇരുപക്ഷത്തെയും ബ്രിഗേഡ് കമാന്‍ഡര്‍, കമാന്‍ഡിങ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ച കഴിഞ്ഞ ദിവസം നടന്നിരുന്നു.
ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയാലും ലക്ഷണമുണ്ടെങ്കിൽ പി.സി.ആര്‍ പരിശോധന നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് പരിശോധനയില്‍ പുതിയ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ . ദ്രുതപരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെങ്കിലും ലക്ഷണമുണ്ടെങ്കില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശം.കോവിഡ് രോഗബാധയുടെ വ്യാപനം തടയുന്നതിന് പോസിറ്റീവ് കേസുകളൊന്നും ശ്രദ്ധയില്‍പ്പെടാതെ പോകുന്നില്ലെന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉറപ്പുവരുത്തണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്റെ ഉപയോഗം സംസ്ഥാനങ്ങള്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആന്‍റിജന്‍ ടെസ്റ്റില്‍ തെറ്റായ ഫലങ്ങളുടെ ഉയര്‍ന്ന നിരക്കാണെന്നത് ഐസിഎംആര്‍ പോലും അംഗീകരിച്ചതാണെന്നും കേന്ദ്രം അറിയിച്ചു.