ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം ഇന്ന് ആരംഭിക്കും.എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്.കര്‍ഷക സംഘടനകള്‍ നാളെ ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നല്‍കിയത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ ഇന്ന് മുതല്‍ ട്രെയിന്‍ തടയല്‍ സമരത്തിലേക്ക് കടക്കും. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നതിനാല്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്‍റ് സമ്മേളനത്തിലെ അവസാന ദിവസമായ ഇന്നലെ നെല്‍കതിരുമായി എത്തി കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ള ദേശവ്യാപക സമരത്തിനും ഭാരതബന്ദിനും പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര ട്രെയ്ഡ് യൂണിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. സിഐടിയു, എഐടിയുസി, എച്ച്‌എംഎസ്, എന്‍ടിയുസി, എഐയുടിയുസി, ടിയുസിസി, എസ്‌ഇഡബ്ല്യൂഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ ട്രെയ്ഡ് യൂണിയനുകളാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.ഹരിയാനയിലെ അംബാലയിലും പഞ്ചാബിലെ അമൃത്സറിലും കര്‍ഷകര്‍ വലിയ തോതില്‍ സംഘടിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് കര്‍ഷക മാര്‍ച്ചുകള്‍ തുടരുകയാണ്. പാനിപ്പത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷകരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചാണ് തിരിച്ചയച്ചത്. പ്രതിഷേധങ്ങളെ നേരിടാന്‍ ഡല്‍ഹി അതിര്‍ത്തികളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു.
പാര്‍ലമെന്‍റ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു
ന്യൂഡൽഹി:കാര്‍ഷിക പരിഷ്ക്കരണ ബില്‍ പാസ്സാക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതോടെ വിവാദ ബില്ലുകള്‍ അടക്കം പാസ്സാക്കി പാര്‍ലമെന്‍റ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം എതിര്‍പ്പ് ഉന്നയിച്ച തൊഴില്‍ പരിഷ്കരണ ബില്ലുകള്‍ അടക്കം കാര്യമായ ചര്‍ച്ചകളില്ലാതെ പാസ്സാക്കി. എന്നാല്‍ കാര്‍ഷിക ബില്ല് പാസ്സാക്കിയതിലുള്ള പ്രതിഷേധം പാര്‍ലമെന്‍റിന് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.രണ്ട് ദിവസങ്ങളായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്ലാതിരുന്നതിനാല്‍ കാര്യമായോ ചര്‍ച്ചകളോ എതിര്‍പ്പുകളോ ഇല്ലാതെയാണ് പല ബില്ലുകളും പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും പാസ്സാക്കിയത്. വിവാദമായ തൊഴില്‍ പരിഷ്കരണ ബില്ല് അടക്കം പതിനാല് ബില്ലുകളാണ് രാജ്യസഭ ഒറ്റ ദിവസം കൊണ്ട് പാസാക്കിയത്. സവാള, ഉരുളക്കിഴങ്ങ്, പയര്‍ വര്‍ഗ്ഗങ്ങള്‍ അടക്കമുളള ഭക്ഷ്യവസ്തുക്കള്‍ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്നൊഴിവാക്കിയ ബില്ലും പ്രതിപക്ഷത്തിന്‍റെ അഭാവത്തില്‍ പാസ്സാക്കി.സെപ്റ്റംബര്‍ 14 മുതല്‍ ഒക്ടോബര്‍ 1 വരെ ചേരാനിരുന്ന വര്‍ഷകാലസമ്മേളനത്തില്‍ 43 ബില്ലുകളാണ് പാര്‍ലമെന്‍റിന്‍റെ പരിഗണനക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കാര്‍ഷിക മേഖലയെ സംബന്ധിക്കുന്ന മൂന്ന് ബില്ലുകള്‍ അടക്കം പ്രധാനപ്പെട്ട ബില്ലുകള്‍ എല്ലാം പാസാക്കിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനായി. പ്രതിപക്ഷം എതിര്‍പ്പുന്നയിച്ച ബില്ലുകളില്‍ ഒന്ന് പോലും സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിക്കോ സെലക്ട് കമ്മിറ്റിക്കോ വിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
കോവിഡിനെതിരായ വാക്‌സിന്‍ 100% ഫലപ്രാപ്തി നല്‍കണമെന്നില്ല; ഏതെങ്കിലും വാക്‌സിന്‍ 50 ശതമാനത്തിനു മുകളിൽ ഫലപ്രാപ്തി പ്രകടിപ്പിച്ചാല്‍ ഉപയോഗത്തിനായി അനുമതി നല്‍കിയേക്കുമെന്ന് ഐസിഎംആര്‍
ഡല്‍ഹി : കോവിഡിനെതിരായ വാക്‌സിന്‍ 100% ഫലപ്രാപ്തി നല്‍കണമെന്നില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്. ഏതെങ്കിലും വാക്‌സിന്‍ 50 മുതല്‍ 100 ശതമാനം വരെ ഫലപ്രാപ്തി പ്രകടിപ്പിച്ചാല്‍ ഉപയോഗത്തിനായി അനുമതി നല്‍കിയേക്കുമെന്നും ഐസിഎംആര്‍ അറിയിച്ചു.ശ്വാസകോശ രോഗങ്ങള്‍ക്ക് 100 ശതമാനം ഫലപ്രാപ്തിയുള്ള മരുന്നുകള്‍ അപൂർവ്വമാണ്.വാക്‌സിനുമായി ബന്ധപ്പെട്ട് മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. സുരക്ഷിതത്വം, രോഗപ്രതിരോധശേഷി, ഫലപ്രാപ്തി.ഇതില്‍ 50 ശതമാനം ഫലപ്രാപ്തി പ്രകടിപ്പിച്ചാല്‍ അത് സ്വീകരിക്കാവുന്നതാണ്. എങ്കിലും നൂറ് ശതമാനം ഫലപ്രാപ്തിയാണ് ലക്ഷ്യമിടുന്നതെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ് പറഞ്ഞു.നിലവില്‍ പരീക്ഷണം പുരോഗമിക്കുന്ന വാക്‌സിനുകളിലേതെങ്കിലും 50 ശതമാനത്തിനു മുകളില്‍ ഫലം നല്‍കിയാല്‍ പോലും അതു പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമാക്കുമെന്ന സൂചനയും ഐസിഎംആര്‍ നല്‍കി.പരീക്ഷണം അവസാന ഘട്ടത്തിലെത്തിയ വാക്‌സിനുകള്‍ പോലും വിജയിക്കാന്‍ പകുതി സാധ്യത മാത്രമാണുള്ളതെന്നു ലോകാരോഗ്യ സംഘടനയുടെ ഉപദേശക സമിതിയംഗം ഡോ. ഗഗന്‍ദീപ് കാങ് പറഞ്ഞു.വാക്‌സിന്‍ പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്ന് ഐ.സി.എം.ആര്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാവര്‍ക്കും വാക്സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഉറപ്പാക്കുകയും വേണം. പ്രായമായ വ്യക്തികള്‍ ഉള്‍പ്പടെയുളളവരുടെ പ്രാതിനിധ്യം പരീക്ഷണത്തില്‍ ഉണ്ടാകണമെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നു.നിലവില്‍ മൂന്ന് വാക്‌സിനുകളുടെ പരീക്ഷണമാണ് രാജ്യത്ത് നടക്കുന്നത്. ഇന്ത്യയില്‍ ഓക്‌സ്‌ഫോഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ കഴിഞ്ഞ ആഴ്ചയാണ് അനുമതി നല്‍കിയത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് അനുമതി നല്‍കിയത്. ഓക്‌സ്‌ഫോഡ് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനിടെ ഒരു വ്യക്തിക്ക് രോഗം ബാധിച്ചതോടെയാണ് വാക്‌സിന്‍ പരീക്ഷണം പാതിവഴിയില്‍ നിര്‍ത്തിയത്.
രാജ്യത്ത് 56 ലക്ഷത്തിലേറെ രോഗബാധിതര്‍;ആകെ മരണം 90,000 പിന്നിട്ടു
ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു ഇന്നലെ മാത്രം 83,347 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മരണം 90,000 കടന്നു. 56,46,010 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 45,87,613 പേര്‍ ഇത് വരെ രോഗമുക്തരായി. 89746 പേര്‍ കൂടി രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടികാണിക്കുന്നു. ഒരുദിവസം ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരാവുന്ന രാജ്യമായി ഇന്ത്യ തുടരുമ്ബോഴും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധനവാണ് കേന്ദ്രത്തിന് ആശ്വസിക്കാന്‍ വക നല്‍കുന്നത് ചണ്ഡീഗഡ്, ഉത്തരാഗണ്ഡ്, ഹിമാചല്‍, കേരളം, പഞ്ചാബ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന രോഗ ബാധ നിരക്കാണ് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത്.
രാജ്യത്ത് മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുളളത്. കേരളത്തിലും രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് കേരളത്തില്‍ ഇപ്പോള്‍ ഉളളതെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. 100 ആളുകളെ പരിശോധിക്കുമ്പോൾ എത്ര പേര്‍ക്ക് രോഗമുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കാക്കുന്നത്. കഴിഞ്ഞ ആഴ്ച രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.7 ശതമാനമായിരുന്നു. കേരളത്തിലാകട്ടെ ഇത് 9.1 ശതമാനമാണ്. ഈ മാസം മാത്രം ഉറവിടം അറിയാത്ത 6,055 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം ഉറവിടം വ്യക്തമാകാത്ത 1,893 കേസുകള്‍ മാത്രമാണ് ഉണ്ടായത്.
കോവിഡ് വ്യാപനം;ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും
ന്യൂഡൽഹി:രാജ്യത്തെ എഴുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ചർച്ച ഇന്ന്.നാലാംഘട്ട അണ്‍ലോക്ക് അവസാനിക്കാനിരിക്കെയാണ് ചര്‍ച്ച. രാജ്യം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൊറോണ രോഗം അതിവേഗം വ്യാപിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിട്ടാണ് പ്രധാനമന്ത്രി ഇന്ന് സംവദിക്കുക. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍ പ്രദേശ്, തമിഴ്‌നാട്, ദില്ലി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിട്ടാണ് ചര്‍ച്ച. ഈ ഏഴ് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ രോഗികളുടെ 63 ശതമാനമാനവും.മഹാരാഷ്ട്രയിലും പഞ്ചാബാലിയും ദില്ലിയിലും കൊറോണ രോഗികളുടെ മരണ സംഖ്യ രണ്ട് ശതമാനമാണ്. പ്രതിദിന രോഗികളുടെ എണ്ണവും ഇവിടെ വര്‍ധിച്ചിട്ടുണ്ട്. ഈ വിഷയങ്ങളെല്ലാം മോദി-മുഖ്യമന്ത്രിമാരുടെ ചര്‍ച്ചകളില്‍ വരും. മാര്‍ച്ച് 25നാണ് കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നീട് ലോക്ക് ഡൗണ്‍ പിന്‍വലിക്കുകയും ഘട്ടങ്ങളായി ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. നാലാംഘട്ട അണ്‍ലോക്ക് പ്രഖ്യാപിച്ചത് സെപ്തംബര്‍ ഒന്ന് മുതലാണ്. ഇതിന്റെ കാലാവധി ഈ മാസം 30ന് തീരും. തുടര്‍ന്ന് കൂടുതല്‍ ഇളവ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കൂടുതല്‍ ഇളവ് നല്‍കുമ്ബോള്‍ രോഗ വ്യാപന സാധ്യതയുണ്ടാകുമോ എന്ന കാര്യങ്ങളെല്ലാം യോഗം ചര്‍ച്ച ചെയ്യും. രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം ആരോഗ്യ വിദഗ്ധരുടെ സംഘത്തെ അയച്ചിരുന്നു. ഏറ്റവും ഒടുവില്‍ കശ്മീരിലേക്കാണ് അയച്ചത്. ഇവിടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘം വിലയിരുത്തി. സ്വീകരിക്കേണ്ട പുതിയ മാര്‍ഗങ്ങള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തു.രോഗ വ്യാപനത്തിന്റെ തോത് രാജ്യത്ത് കുറഞ്ഞിട്ടുണ്ട് എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ഏഴ് സംസ്ഥാനങ്ങളിലെ സാഹചര്യം ആശങ്കയിലാണ്. അതുകൊണ്ടാണ് ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തുന്നത്.
ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം;ആറാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയിലും തീരുമാനമായില്ല
ന്യൂ ഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു. ആറാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയും എങ്ങുമെത്താതെ അവസാനിച്ചു. ഇന്ത്യ മുന്നോട്ട് വെച്ച യാതൊരു നിര്‍ദേശങ്ങളും ചൈന അംഗീകരിച്ചില്ല. ലഫ് ജനറല്‍മാരായ ഹരീന്ദര്‍ സിംഗ്, പിജികെ മേനോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്. എല്ലാ പട്രോള്‍ പോയിന്‍റുകളിലും പ്രവേശനം അനുവദിക്കണമെന്നും, സമ്പൂർണ്ണ പിന്‍മാറ്റം വേണമെന്നുമാണ് ഇന്ത്യ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍. ഈ രണ്ട് നിര്‍ദേശങ്ങളും ചൈന അംഗീകരിച്ചില്ലെന്നാണ് വിവരം.ചൈന ആദ്യം പിന്മാറണമെന്ന ഇന്ത്യയുടെ നിലപാടിനോട് തുല്യ രീതിയിലുള്ള പിന്മാറ്റമെന്ന പ്രതികരണമാണ് ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.ധാരണകള്‍ നിരന്തരം ലംഘിയ്ക്കുന്നതിനാല്‍ ചൈനയെ വിശ്വാസത്തിലെടുക്കാന്‍ തയ്യാാറല്ല എന്ന സന്ദേശമാണ് ചൈന ആദ്യം സൈന്യത്തെ പിന്‍വലിയ്ക്കണം എന്ന ഇന്ത്യയുടെ നിലപാടില്‍നിന്നും വ്യക്തമാകുന്നത്.ശൈത്യകാലത്തിന് മുന്നോടിയായി പിന്മാറാമെന്ന ധാരണയിലേക്ക് ഇരു രാജ്യങ്ങളുമെത്തിയേക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.മൈനസ് മുപ്പത് ഡിഗ്രിവരെ എത്തുന്ന കാലാവസ്ഥയായതിനാല്‍ സൈനികരെ വിന്യസിക്കുന്നതില്‍ ഇരു രാജ്യങ്ങള്‍ക്കും കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും.
തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ച് പിടിയിലായ ഭീകരരെ ഇന്ന് ബെംഗളൂരുവിലെത്തിക്കും
തിരുവനന്തപുരം: തീവ്രവാദക്കേസില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്ത ഭീകരരെ ഇന്ന് ബംഗളൂരുവിലെത്തിക്കും. ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി എന്‍ഐഎ തിരയുന്ന കണ്ണൂര്‍ സ്വദേശി ഷുഹൈബ്, യുപി സ്വദേശി ഗുല്‍നവാസ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. റിയാദില്‍ നിന്ന് നാടുകടത്തി തിരുവനന്തപുരത്ത് എത്തിച്ച് അതീവരഹസ്യമായിട്ടായിരുന്നു എന്‍ഐഎ ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ആറേകാലോടെ എത്തിച്ച ഇവരെ മൂന്നുമണിക്കൂര്‍ വിമാനത്താവളത്തിനുള്ളില്‍ ചോദ്യംചെയ്തു.ഇവര്‍ക്കെതിരെ ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തീവ്രവാദ കേസില്‍ ഹവാല വഴി പണം എത്തിച്ചത് ഷുഹൈബാണെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്.ബംഗളൂരു സ്ഫോടന കേസിലെ മുപ്പത്തിരണ്ടാം പ്രതിയാണ് ഇയാള്‍. ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവായിരുന്ന കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീറിന്റെ ഉറ്റ അനുയായിയും സംഘാംഗവുമാണ് ഷുഹൈബ്. അറസ്റ്റ് നടത്താന്‍ കൊച്ചിയില്‍നിന്നുള്ള ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു.ഇവര്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് എന്‍ഐഎയുടെയും റോയുടെയും 25ഓളം ഉദ്യോഗസ്ഥരെത്തിയത്.ഇരുവരും സിമിയുടെ ആദ്യകാല പ്രവര്‍ത്തകരാണ്. പിന്നീട് ഷുഹൈബ് ഇന്ത്യന്‍ മുജാഹിദീനിലേക്കും ഗുല്‍നവാസ് ലഷ്കര്‍ ഇ തൊയിബയിലേക്കും മാറി. ഷുഹൈബ് കേരളത്തില്‍ നിന്നു ഹവാല വഴി തീവ്രവാദ സംഘടനകള്‍ക്ക് പണം എത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
കൊവിഡ് വാക്സിന്‍:സിറം ഇന്സ്ടിട്യൂട്ടിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ തുടങ്ങി
ന്യൂഡല്‍ഹി: പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൂന്നാം ഘട്ട കോവിഡ് വാക്‌സിൻ പരീക്ഷണം തുടങ്ങി. 200 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അസ്ട്ര സെനക്കയുടെ ബ്രിട്ടനിലെ ക്ലിനിക്കല്‍ പരീക്ഷണത്തിനിടെ അജ്ഞാത രോഗ ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തിയിരുന്നു.പിന്നീട് റിപോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം ഡിസിജിഐ പരീക്ഷണം തുടരാന്‍ അനുമതി നല്‍കുകയായിരുന്നു.മൂന്നാംഘട്ട പരീക്ഷണത്തിനിടെ വാക്‌സിന്‍ കുത്തിവെച്ച വൊളണ്ടിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനാല്‍ നിര്‍ത്തിവച്ച പരീക്ഷണം ബ്രിട്ടനില്‍ ഒരാഴ്ച മുൻപ് വീണ്ടും തുടങ്ങിയിരുന്നു. വൊളണ്ടിയര്‍ക്ക് ബാധിച്ച രോഗം വാക്‌സിന്റെ പാര്‍ശ്വഫലമാണെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ പരീക്ഷണം പുനരാരംഭിക്കാന്‍ ബ്രിട്ടനിലെ മെഡിസിന്‍സ് ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയാണ് അസ്ട്ര സെനകിന് അനുമതി നല്‍കിയത്. ഇതോടെയാണ് വാക്‌സിന്‍ പരീക്ഷണത്തിന് വീണ്ടും തുടക്കമായത്.ഇന്ത്യയിലെ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിക്കുന്നുണ്ട്. വാക്സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്ര സെനക അറിയിച്ചിരുന്നു. പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നായിരുന്നു കമ്പനി നേരത്തെ നല്‍കിയ വിശദീകരണം. രണ്ടംഘട്ട പരീക്ഷണങ്ങളിലെ ആദ്യത്തെ ഡോസുകള്‍ പൂനെ ഭാരതി വിദ്യാപീഠ് മെഡിക്കല്‍ കോളജിലെയും ആശുപത്രിയിലെയും ചില സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നല്‍കിരുന്നു. തമിഴ്‌നാട്ടിലെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെയിലും ശ്രീരാമചന്ദ്ര ആശുപത്രിയിലും 300 വളണ്ടിയര്‍മാരിലാണ് ‘കൊവി ഷീല്‍ഡ്’ വാക്സിന്‍ കുത്തിവെച്ചത്. നിലവില്‍ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. ആറ് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം പ്രതിദിന വര്‍ധന തൊണ്ണൂറായിരത്തിന് താഴെ എത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി തൊണ്ണൂറായിരത്തിന് മുകളിലായിരുന്നു പ്രതിദിന രോഗ മുക്തരുടെ എണ്ണം.
മുംബൈയില്‍ ഫ്ലാറ്റ് തകര്‍ന്ന് 10 പേർ മരിച്ചു
മഹാരാഷ്ട്ര:മുംബൈക്ക് സമീപം ഭീവണ്ടിയില്‍ ഫ്ലാറ്റ് തകര്‍ന്ന് 10 മരണം. ഇരുപതിലധികം പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ദേശീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് ഒരു കുട്ടി ഉള്‍പ്പെടെ 31 പേരെ രക്ഷപെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 21ഫ്ലാറ്റുകള്‍ അടങ്ങിയ 1984ല്‍ പണിത അപ്പാര്‍ട്ട്‌മെന്റിന്റെ പകുതിഭാഗമാണ് ഇന്ന് പുലര്‍ച്ചെ തകര്‍ന്നത്.
കോവിഡ് 19;അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍;സ്കൂളുകളും കോളേജുകളും ഭാഗികമായി തുറക്കാം;പരമാവധി 100 പേര്‍ പങ്കെടുക്കുന്ന ചടങ്ങുകളാകാം
ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ നാലാം ഘട്ട ഇളവ് ഇന്ന് മുതല്‍ നിലവില്‍ വരും.പൊതു ചടങ്ങുകള്‍ ആളുകളെ പരിമിതപ്പെടുത്തി നടത്താം. സ്കൂളുകളില്‍ ഭാഗികമായ നിലയില്‍ പ്രവര്‍ത്തിക്കാം തുടങ്ങിയവയാണ് പുതിയ നിര്‍ദേശങ്ങള്‍. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ചാകും ഇളവുകള്‍ വരിക.രണ്ടു നിര്‍ദേശങ്ങളാണ് പ്രധാനമായും അണ്‍ലോക്ക് 4 ല്‍ നടപ്പിലാക്കുക.ഇതില്‍ ആദ്യത്തേത് സ്‌കൂളുകളുമായി ബന്ധപ്പെട്ടവയാണ്. സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറക്കാനുള്ള നിര്‍ദേശമാണ് വെച്ചിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സ്‌കൂളുകളില്‍ അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാര്‍ക്ക് ഭാഗികമായി സ്‌കൂളുകളില്‍ എത്താം. ഇവരുടെ എണ്ണം 50 ശതമാനമാക്കി എണ്ണം കുറയ്ക്കണമെന്നും മതിയായ കോവിഡ് സുരക്ഷ ഉറപ്പാക്കണമെന്നും പറയുന്നു. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സ്‌കൂളുകളില്‍ ഒൻപതാം ക്ലാസ്സ് മുതല്‍ 12 ആം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളില്‍ എത്തി അദ്ധ്യാപകരെ കാണുന്നതില്‍ തടസ്സമുണ്ടാകില്ല. എണ്ണം കുറച്ച് വേണം ഇക്കാര്യം ചെയ്യാന്‍. എല്ലാവരും ഒരുമിച്ച് വരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു. ഇതോടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സ്‌കൂളുകളില്‍ ഇരുന്ന് നടത്താന്‍ അദ്ധ്യാപകര്‍ക്ക് അവസരം കിട്ടും.അതേസമയം അന്തിമ തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും. പല സംസ്ഥാനങ്ങളും സ്‌കൂളുകള്‍ ഭാഗികമായി തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഉടനുണ്ടാകില്ല. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ലാബ് സൗകര്യം ഉപയോഗിക്കാനാകും. ഓപ്പണ്‍ എയര്‍ തീയറ്ററുകള്‍ക്കും ഇന്നു മുതല്‍ പ്രവര്‍ത്തനാനുമതിയുണ്ട്.അണ്‍ലോക്ക് 4 മായി ബന്ധപ്പെട്ട രണ്ടാമത്തെ നിര്‍ദേശം രാഷ്ട്രീയ, സാംസ്‌ക്കാരിക, മത കൂട്ടായ്മകള്‍ക്ക് അനുമതി നല്‍കുന്നതാണ്. 100 പേര്‍ വരെ പങ്കെടുക്കാവുന്ന കൂട്ടായ്മകള്‍ പക്ഷേ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കും. വിവാഹം, മരണാനന്തര ചടങ്ങുകളിലും 100 പേര്‍ക്ക് പങ്കെടുക്കാം. പക്ഷേ കൂട്ടായ്മകളില്‍ സാമൂഹ്യ അകലം, സാനിറ്റൈസര്‍, മാസ്‌ക്ക് തുടങ്ങിയ കാര്യങ്ങളെല്ലാം ഉറപ്പാക്കണമെന്നും പറയുന്നു.