ന്യൂഡല്‍ഹി: ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,524 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 971 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 68,35,656 ആയി. മരണ സംഖ്യ 1,05,526 ആയി ഉയര്‍ന്നു.മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത്.മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,578 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14,80,489 ആയി. 2,52,277 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,606 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.22 മരണവും റിപ്പോര്‍ട്ട് ചെയ്തു. 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,60,253 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.തമിഴ്‌നാട്ടില്‍ 5,447പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 5,524പേര്‍ രോഗമുക്തരായി. 67പേര്‍ മരിച്ചു.6,35,855പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 5,80,736പേര്‍ രോഗമുക്തരായി. 9,984പേര്‍ മരിച്ചു. 45,135പേരാണ് ചികിത്സയിലുള്ളത്.കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മറ്റൊരു സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ 5,120പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
മൊറട്ടോറിയം കാലയളവിലെ വായ്പ പലിശക്ക് പിഴപലിശ ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; ആനുകൂല്യം രണ്ടു കോടി വരെയുള്ള വായ്പകള്‍ക്ക്
ന്യൂഡൽഹി: മോറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് ആണ് ഇളവ് അനുവദിക്കുക എന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പിഴ പലിശ ഒഴിവാക്കുന്നതിലൂടെ 6000 കോടി രൂപയുടെ ബാധ്യത ബാങ്കുകള്‍ക്ക് ഉണ്ടാകും എന്നാണ് വിലയിരുത്തല്‍. മൊറട്ടോറിയം കാലയളവിലെ പലിശ പൂര്‍ണ്ണമായും എഴുതി തള്ളിയാല്‍ ബാങ്കുകള്‍ക്ക് ആറ് ലക്ഷം കോടി യുടെ ബാധ്യത ഉണ്ടാകും എന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ബാങ്കുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും എന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി എടുത്ത വായ്പ എന്നിവയ്ക്ക് ആണ് ഇളവ് ലഭിക്കുക. രണ്ട് കോടി രൂപയ്ക്ക് മുകളില്‍ ഉള്ള വായ്പയ്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല എന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.ലോക് ഡൗണിനെ തുടര്‍ന്ന് വായ്പകള്‍ക്ക് മൊറോട്ടോറിയം ഏര്‍പ്പെടുത്തിയ മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള ആറ് മാസ കാലയളവില്‍ പലിശയ്ക്ക് പിഴ പലിശ ഏര്‍പെടുത്തില്ലെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.വായ്പകള്‍ നിഷ്‌ക്രീയ ആസ്തിയായി പ്രഖ്യാപിക്കല്‍, ക്രെഡിറ്റ് റേറ്റിംഗ് കുറയ്ക്കല്‍ തുടങ്ങിയ വിഷയങ്ങളിലും ഇളവുകള്‍ ഏർപ്പെടുത്തിയിട്ടുണ്ട് എന്നും കേന്ദ്ര ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ആദിത്യ കുമാര്‍ ഘോഷ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
കാർഷിക ബില്ലിനെതിരായ പ്രക്ഷോഭം; ഇന്ത്യാ ഗേറ്റിന് മുന്നില്‍ ട്രാക്റ്റര്‍ കത്തിച്ച് പ്രതിഷേധം
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ത്യാ ഗേറ്റിന് മുന്നില്‍ ട്രാക്റ്റര്‍ കത്തിച്ച് പ്രതിഷേധം.പുതിയ കാര്‍ഷിക ബില്ലിനെതിരെ രാജ്യ വ്യാപക പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് കര്‍ഷകര്‍ ട്രാക്റ്റര്‍ കത്തിച്ചത്.5-20 പേര്‍ ചേര്‍ന്നാണ് ട്രാക്റ്റര്‍ കത്തിച്ചതെന്ന് ഡല്‍ഹി പൊലീസ് അധികൃതര്‍ വ്യക്തമാക്കി. തീയണച്ച് ട്രാക്റ്റര്‍ ഇവിടെ നിന്ന് മാറ്റിയതായും പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.15 മുതല്‍ 20 വരെ ആളുകള്‍ രാവിലെ 7.15 നും 7.30 നും ഇടയില്‍ ഒത്തുകൂടി ട്രാക്ടറിന് തീയിടുകയായിരുന്നു. പ്രതിഷേധക്കാര്‍ കോണ്‍ഗ്രസ് അനുകൂല മുദ്രാവാക്യം മുഴക്കിയതായി പോലിസ് പറഞ്ഞു.പ്രതിഷേധങ്ങക്കിടെ പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകളില്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതി ഒപ്പുവച്ചിരുന്നു. ഇതോടെ മൂന്ന് വിവാദ ബില്ലുകളും നിയമമായി. രാജ്യസഭയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പാസാക്കിയതിനാല്‍ ബില്ലുകള്‍ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല.മോദി സര്‍ക്കാരിന്റെ സുപ്രധാന പരിഷ്‌കരണ നടപടിക്കാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പച്ചക്കൊടി കാണിച്ചത്. ഇനി മുതല്‍ പ്രാദേശിക ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലുള്ള വിപണികള്‍ക്ക് പുറത്ത് കര്‍ഷകര്‍ക്ക് യഥേഷ്ടം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള അവസരമാണ് തുറന്നു കിട്ടിയിരിക്കുന്നത്. കോര്‍പറേറ്റ് കമ്പനികൾക്ക് കര്‍ഷകരുമായി കരാറുണ്ടാക്കി കൃഷി നടത്താനും നിയമം പ്രാബല്യത്തിലായതോടെ അവസരമൊരുങ്ങി.
മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു
ന്യൂഡൽഹി:മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു.വാജ്‌പേയ് മന്ത്രിസഭയില്‍ പ്രതിരോധന, വിദേശ ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. നാല് തവണ ലോക്‌സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്. ജസ്വന്ത് സിങിന്റെ മരണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഏറെ ശ്രദ്ധേയനായ നേതാക്കളിലൊരാളായിരുന്നു ജസ്വന്ത് സിങ്. കരസേനയിലെ ജോലി രാജിവച്ചാണ് ജസ്വന്ത് സജീവ രാഷ്ട്രിയത്തില്‍ ഇറങ്ങിയത്. ആസൂത്രണ കമ്മീഷന്റെ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.1998-99 കാലത്തെ ആസൂത്രണ കമ്മീഷന്‍റെ ഡെപ്യൂട്ടി ചെയര്‍മാനായും 2004-2009 കാലത്ത് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായും ജസ്വന്ത് സിംഗ് സേവനമുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. 1960കള്‍ മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായെങ്കിലും ശ്രദ്ധ നേടുന്നത് എണ്‍പതുകള്‍ മുതലാണ്.2014ല്‍ കുളിമുറിയില്‍ തെന്നിവീണതിനെ തുടര്‍ന്ന് ജസ്വന്ത് സി൦ഗിന് തലയ്ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും പിന്നീട് അബോധാവസ്ഥയിലാവുകയും ചെയ്തിരുന്നു.ജൂണ്‍ 25നാണ് ഇദ്ദേഹത്തെ ഡല്‍ഹി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തിലെ അണുബാധ, വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍ എന്നിവയാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ലഹരിമരുന്ന് കേസ്;അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം നടി ദീപികയെ വിട്ടയച്ചു
മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ലഹരിമരുന്ന് കേസില്‍ നടി ദീപിക പദുക്കോണിനെ അഞ്ച് മണിക്കൂറോളം ചോാദ്യം ചെയ്ത ശേഷം വിട്ടയച്ചു. രാവിലെ 9.50ഓടെയാണ് ദീപിക നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് മുൻപാകെ ഹാജരായത്. ഗോവയിലെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചാണ് ദീപിക പദുകോണ്‍ മുംബൈയിലേക്ക് തിരികെയെത്തിയത്. ദീപികക്ക് പുറമെ മാനേജര്‍ കരിഷ്മ പ്രകാശിനേയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.സുശാന്ത് സിംഗ് രജ്പുത്തിന്റെ ടാലന്റ് മാനേജര്‍ ജയാ സാഹയുടെ വാട്സാപ്പ് ചാറ്റുകളില്‍ ദീപികയുടേയും മാനേജര്‍ കരിഷ്മ പ്രകാശിന്റേയും പേരുകള്‍ കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ചാറ്റുകളെന്നാണ് ആരോപണം.
ബിജെപി യുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു; എ.പി അബ്ദുള്ളകുട്ടി ദേശീയ ഉപാധ്യക്ഷൻ
ദില്ലി: ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു.എ.പി.അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു. തേജസ്വി സൂര്യയാണ് യുവമോർച്ചയുടെ പുതിയ അധ്യക്ഷൻ. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് 23 പുതിയ പാർട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചത്. 12 ഉപാധ്യക്ഷന്മാരും എട്ട് ജനറൽ സെക്രട്ടറിമാരും പട്ടികയിലുണ്ട്. ടോം വടക്കൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ ബി.ജെ.പി ദേശീയ വക്താക്കളായി. പൂനം മഹാജന് പകരമായാണ് തേജ്വസി സൂര്യ യുവമോർച്ച അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.ബി.എല്‍.സന്തോഷ് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. എൻ.ടി.ആറിന്റെ മകൾ പുരന്ദേശ്വരിയും ജനറൽ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്. റാം മാധവ്, മുരളീധർ റാവു, അനിൽ ജെയിൻ എന്നിവരെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. ദേശീയ വക്താക്കളുടെ എണ്ണം 23 ആക്കി വർധിപ്പിച്ചു. അനിൽ ബലൂനി എംപിയാണ് മുഖ്യവക്താവ്. മീഡിയ ചുമതലയും അദ്ദേഹത്തിനായിരിക്കും. നിർണായകമായ ബിഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടി പുനഃസംഘടന.
മയക്കുമരുന്ന് കേസ്:ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ചോദ്യം ചെയ്യലിനായി എന്‍സിബി ഓഫീസിലെത്തി
മുംബൈ:നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ ചോദ്യം ചെയ്യലിന് വിധേയയാവാന്‍ നടി ദീപിക പദുക്കോണ്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലെത്തി. രാവിലെ 9.45 ഓടെയാണ് നടി മുംബൈയിലെ എന്‍സിബി ഓഫിസീലെത്തിയത്. നിര്‍ണായക ചോദ്യം ചെയ്യലുകള്‍ നടക്കുന്ന ഇന്ന് ദീപിക പദുക്കോണിന് പുറമെ പ്രമുഖ നടിമാരായ സാറ അലിഖാന്‍, ശ്രദ്ധ കപൂര്‍ തുടങ്ങിയ പ്രമുഖ താരങ്ങളെയും ഇന്ന് ചോദ്യം ചെയ്യും. മൂവരോടും രാവിലെ പത്തരയോടെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസില്‍ എത്താന്‍ ആണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക എന്‍സിബി സംഘമായിരിക്കും നടി ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുക എന്നാണ് വിവരം. മറ്റുള്ളവരെ മുംബൈയില്‍ നിന്നുള്ള സംഘവും ചോദ്യം ചെയ്യും. ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനേയും ചോദ്യം ചെയ്യാനായി നാര്‍ക്കോട്ടിക്സ് വിളിപ്പിച്ചിട്ടുണ്ട്. കരിഷ്മ പ്രകാശുമായി ദീപിക പദുക്കോണ്‍ നടത്തിയ വാട്സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് നാര്‍ക്കോട്ടിക്സ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കരിഷ്മയ്ക്ക് സമന്‍സ് അയച്ചതിന് പിന്നാലെ ദീപികയ്ക്കും സമന്‍സ് നല്‍കുകയായിരുന്നു.അതിനിടെ, നടി രാകുല്‍പ്രീത് സിങ്ങിനെ ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നാലുമണിക്കൂറോളമയിരുന്നു പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇതിന് പുറമെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ മുതാ അശോക് ജെയിന്‍ പറഞ്ഞു. ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മധുര പലഹാരങ്ങള്‍ക്ക് ‘ബെസ്റ്റ് ബിഫോര്‍ ഡേറ്റ്’ നിർബന്ധമാക്കി ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി
ന്യൂഡല്‍ഹി: മധുര പലഹാരങ്ങള്‍ക്ക് ‘ബെസ്റ്റ് ബിഫോര്‍ ഡേറ്റ്’ നിര്‍ബന്ധമാക്കി ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി.ഗുണമേന്മ ഇല്ലാത്ത മധുര പലഹാരങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ രാജ്യവ്യാപകമായി ബെസ്റ്റ് ബിഫോര്‍ ഡേറ്റ്’ നടപ്പാക്കും. മധുര പലഹാരം വിപണനം ചെയ്യുന്ന കടകളിലും ബെസ്റ്റ് ബിഫോര്‍ ഡേറ്റ് പ്രദര്‍ശിപ്പിക്കണമെന്നും ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ നിര്‍ദ്ദേശമുണ്ട്.ട്രേകളിലോ പാത്രങ്ങളിലോ വില്‍പനയ്ക്ക് വച്ചിരിക്കുന്ന മധുര പലഹാരങ്ങള്‍ക്കും ബെസ്റ്റ് ബിഫോര്‍ ഡേറ്റ് നിര്‍ബന്ധമാണ്. കൂടാതെ പാക്ക് ചെയ്യാതെ വാങ്ങിക്കുന്ന മധുര പലഹാരങ്ങള്‍ക്കും ഇത് ബാധകമാണ്. നിര്‍മാണ തീയതിയും പ്രദര്‍ശിപ്പിക്കാവുന്നതാണ്. എന്നാല്‍ ഇത് നിര്‍ബന്ധമാക്കിയിട്ടില്ല. ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെതാണ് തീരുമാനം. ഇതിലൂടെ ഭക്ഷ്യയോഗ്യമല്ലാത്ത മധുരപലഹാരങ്ങളുടെ വില്‍പന തടയുകയാണ് ലക്ഷ്യമെന്ന് ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി വ്യക്തമാക്കി.
ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു
പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ സെന്ററില്‍വച്ചാണ് അന്ത്യം. കൊവിഡ് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.നേരിയ കൊവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹം തന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്റര്‍ സഹായം നല്‍കുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു.സെപ്റ്റംബര്‍ എട്ടിന് അദ്ദേഹം കൊവിഡ് രോഗമുക്തി നേടി. എന്നാല്‍, ശ്വാസകോശത്തിന്റെ സ്ഥിതി മോശമായതിനാല്‍ വെന്റിലേറ്റര്‍ നീക്കിയിരുന്നില്ല. തുടര്‍ന്ന് സെപ്റ്റംബര്‍ 19ന് എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് വ്യക്തമാക്കി മകന്‍ രംഗത്തെത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് എസ്പിബിയുടെ ആരോഗ്യനില വീണ്ടും മോശമായത്.തുടര്‍ന്ന് ഇന്ന് രാവിലെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും ആശുപത്രിയിലേക്ക് വിളിപ്പിച്ചു. സഹോദരി എസ്.പി ഷൈലജ ഉള്‍പ്പടെയുളളവര്‍ അന്ത്യസമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നു. എസ്.പി.ബിയുടെ ആരോഗ്യ നില വഷളായതറിഞ്ഞ് പല ഭാഗങ്ങളില്‍ നിന്നായി ആശുപത്രിയുടെ മുന്നിലേക്ക് വന്‍ ജനക്കൂട്ടമാണ് എത്തിയത്. അധികമായി പൊലീസിനെ വിന്യസിച്ചാണ് ജനക്കൂട്ടത്തെ അധികൃതര്‍ നിയന്ത്രിച്ചത്.കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഇന്ത്യന്‍ സിനിമ ലോകം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായുളള പ്രാര്‍ത്ഥനകളിലായിരുന്നു. കമല്‍ഹാസന്‍ ഉള്‍പ്പടെയുളളവര്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
കാർഷിക ബിൽ;കർഷക സംഘടനകളുടെ ഭാരത് ബന്ദ് ഇന്ന്;പഞ്ചാബില്‍ കര്‍ഷകര്‍ ട്രെയിനുകള്‍ തടയുന്നു, സര്‍വീസുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷികബില്ലുകള്‍ക്കെതിരേ വിവിധ കര്‍ഷകസംഘടനകള്‍ ആഹ്വാനംചെയ്ത ഭാരത് ബന്ദ് തുടങ്ങി.പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്നലെ മുതൽ ട്രെയിൻ ഗതാഗതം അടക്കം തടഞ്ഞുള്ള ശക്തമായ പ്രതിഷേധം തുടരുന്നുണ്ട്.പഞ്ചാബിലും ഹരിയാനയിലും അരങ്ങേറുന്ന ക൪ഷക സമരം ഇന്നത്തോടെ ദേശീയ സമരമായി മാറുകയാണ്. ഭാരത് ബന്ദിനുള്ള ആഹ്വാനവുമായി വിവിധ ക൪ഷക സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ അടുത്ത കാലങ്ങളിൽ കണ്ട ഏറ്റവും വലിയ കർഷക പ്രതിഷേധത്തിനാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഹരിയാനയിലെ അംബാലയിലും പഞ്ചാബിലെ അമൃത്സറിലും കർഷകർ സംഘടിച്ചിട്ടുണ്ട്. ഇന്നലെ മുതൽ അമൃത്സറിൽ ട്രെയിൻ ഗതാഗതം തടഞ്ഞുള്ള സമരത്തിലേക്ക് കർഷകർ നീങ്ങിയിരുന്നു.സപ്തംബര്‍ 24 മുതല്‍ 26 വരെയാണ് പഞ്ചാബിലും ഹരിയാനയിലും ‘റെയില്‍ റോക്കോ’ എന്ന പേരില്‍ കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ 26 വരെ 14 ജോഡി ട്രെയിനുകളാണ് സര്‍വീസ് നിര്‍ത്തിയത്. യാത്രക്കാരുടെ സുരക്ഷയും റെയില്‍വേ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതും കണക്കിലെടുത്താണ് തീരുമാനം. ജനശതാബ്ദി എക്‌സ്പ്രസ്, ന്യൂഡല്‍ഹി- ജമ്മുതാവി തുടങ്ങിയ സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി. രാജ്യവ്യാപകമായി പ്രതിഷേധത്തിന് കര്‍ഷകര്‍ അണിനിരക്കുന്നതിനാല്‍ റെയില്‍, റോഡ് ഗതാഗതം താറുമാറാവുമെന്നാണ് വിലയിരുത്തല്‍.ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓഡിനേഷന്‍ കമ്മിറ്റി ആഹ്വാനംചെയ്ത ഭാരത് ബന്ദിന് 31 ഓളം കര്‍ഷക സംഘടനകളും തൊഴിലാളി യൂനിയനുകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷക സംഘടനകള്‍ സംയുക്തമായി ഡല്‍ഹിയിലെ ജന്തര്‍മന്ദിറിലും പ്രതിഷേധറാലി നടത്തും. ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണകളും പ്രകടനങ്ങളും നടക്കും. അതേസമയം, ബില്ലിനെതിരേ രാജ്യത്തുടനീളം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധസമരം നടക്കുകയാണ്.