ന്യൂഡല്‍ഹി: രാജ്യത്ത് ബാങ്ക് വായ്പകളുടെ മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കി കേന്ദ്ര ധനമന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കി. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഇതേതുടര്‍ന്ന് മൊറട്ടോറിയം പ്രഖ്യാപിച്ച മാര്‍ച്ച് ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള ആറ് മാസക്കാലത്തെ രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കും.ഭവന വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍, വാഹന വായ്പ, ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍, എംഎസ്‌എംഇ വായ്പകള്‍ തുടങ്ങിയവയുടെ കൂട്ടുപലിശയാണ് ഒഴിവാക്കുക. ഇതില്‍ കാര്‍ഷിക വായ്പകള്‍ ഉള്‍പ്പെടുന്നില്ല.നേരത്തെ, പിഴപ്പലിശ ഒഴിവാക്കാന്‍ തീരുമാനിച്ചെങ്കില്‍ അത് നടപ്പാക്കാന്‍ എന്തിനാണ് വൈകുന്നതെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായി മൊറോട്ടോറിയം കാലത്തെ ബാങ്ക് വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂട്ടുപലിശ ഒഴിവാക്കിക്കൊണ്ടുള്ള മാര്‍ഗരേഖ കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയത്.
സൈനിക കാന്‍റീനുകളില്‍ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ വിൽക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രം
ന്യൂഡല്‍ഹി:രാജ്യത്തെ സൈനിക കാന്‍റീനുകളില്‍ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രം. ഈ നിര്‍ദേശം രാജ്യത്തെ 4,000 സൈനിക കാന്‍റീനുകളില്‍ നല്‍കിയതായി വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. വിദേശ മദ്യത്തിനുള്‍പ്പടെ ഈ നിരോധനം ഏര്‍പ്പടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.സൈനികര്‍ക്കും വിരമിച്ച സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കുറഞ്ഞ വിലയ്ക്ക് മദ്യം, ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ സൈനിക കാന്‍റീനുകള്‍ വഴി വില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലകളില്‍ ഒന്നാണ് സൈനിക കാന്‍റീനുകള്‍.കര, വ്യോമ, നാവിക സേനകളുമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഈ നിര്‍ദേശത്തോട് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.ഏതെല്ലാം വിദേശ ഉത്പന്നങ്ങള്‍ക്കാണ് നിരോധനം എന്നത് ഉത്തരവില്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന മദ്യവും പട്ടികയിലുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് ഇന്ന് മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ കേന്ദ്രത്തിന്റെ അനുമതി;ഉടന്‍ വേണ്ടെന്ന് സംസ്ഥാനങ്ങള്‍
ന്യൂഡൽഹി:കർശനമായ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് രാജ്യത്ത് ഇന്ന് മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ കേന്ദ്രത്തിന്റെ അനുമതി.സ്കൂളുകൾ ഉടൻ തുറക്കേണ്ടതില്ലെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും തീരുമാനം.കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഛത്തീസ് ഘട്ട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന തീരുമാനത്തിലാണ്.നവംബറിന് ശേഷം തീരുമാനമെടുക്കുമെന്നാണ് ഈ സംസ്ഥാനങ്ങളുടെ നിലപാട്. അതേസമയം ഒൻപത് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകള്‍ ഇന്ന് മുതല്‍ തുടങ്ങാന്‍ ഉത്തര്‍പ്രദേശും പഞ്ചാബും തീരുമാനിച്ചിട്ടുണ്ട്. 20 കുട്ടികള്‍ മാത്രം ഒരു സെഷനില്‍ എന്നാണ് ഉത്തര്‍പ്രദേശും പഞ്ചാബും പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഡിറ്റോറിയങ്ങള്‍ ഇന്ന് മുതല്‍ തുറക്കാനും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. കണ്ടെയ്മെന്‍റ്സോണുകള്‍ക്ക് പുറത്തുള്ള രാജ്യത്തെ സ്കൂളുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്ലക്സുകള്‍, പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ വ്യാഴാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് കേന്ദ്രാനുമതി ഉള്ളത്.കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഇവ പ്രവര്‍ത്തിക്കുക. രാജ്യവ്യാപകമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിന്‍റെ ഭാഗമായാണ് നടപടി.
തെലങ്കാനയിൽ കനത്ത മഴ തുടരുന്നു;മരണ സംഖ്യ 35 ആയി ഉയര്‍ന്നു
തെലങ്കാന:ജനജീവിതം ദുസ്സഹമാക്കി തെലങ്കാനയിൽ കനത്ത മഴ തുടരുന്നു.മഴയില്‍ മരണപ്പെട്ടവരുടെ എണ്ണം 35 ആയി ഉയര്‍ന്നു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അടക്കം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ തടാകങ്ങളും ജലസംഭരണികളും നദികളും അടക്കം നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദമാണ് തെലങ്കാനയിലും ആന്ധ്ര പ്രദേശിലും കനത്ത മഴയ്ക്കുളള കാരണം. കഴിഞ്ഞ 48 മണിക്കൂറായി മഴ പെയ്ത് കൊണ്ടിരിക്കുകയാണ്. ആളുകളും വാഹനങ്ങളും അടക്കം വെള്ളത്തില്‍ ഒഴുകിപ്പോകുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഹൈദരാബാദ് നഗരത്തിന്റെ വിവിധ മേഖലകള്‍ വെള്ളത്തിനടിയിലായി. റോഡ്, റെയില്‍ ഗതാഗതം അടക്കം സ്തംഭിച്ചിരിക്കുകയാണ്.ബണ്ടല്‍ഗുഡയിലെ പാലസ് വ്യൂ കോളനിയില്‍ വെള്ളപ്പൊക്കം കണ്ട് കൊണ്ട് നിന്ന ഒരു കുടുംബത്തിലെ 8 പേര്‍ ഒലിച്ച് പോയി. രണ്ട് പേരുടെ മൃതദേഹം തിരച്ചിലില്‍ കണ്ടെത്തി. ആറ് പേരെ ഇതുവരേയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കനത്ത മഴയില്‍ ദുരിതത്തിലായ ആന്ധ്ര പ്രദേശിലേയും തെലങ്കാനയിലേയും ആളുകള്‍ക്ക് എല്ലാ വിധ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.തെലങ്കാനയ്ക്ക് മുകളിലുളള തീവ്രന്യൂനമര്‍ദ്ദം ഇന്ന് കൂടുതല്‍ ദുര്‍ബലമാകും. വൈകീട്ടോടെ മുംബൈ തീരം വഴി ന്യൂനമര്‍ദ്ദം അറബിക്കടലില്‍ പ്രവേശിക്കും. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വിശാനിടയുളളതിനാല്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം
രാജ്യത്ത് കൊവിഡ് കേസുകള്‍ 72 ലക്ഷം കടന്നു;24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 63,509 കേസുകള്‍
ന്യൂഡൽഹി:രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 72 ലക്ഷം കടന്നു.കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,509 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.730 മരണമാണ് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,10,586 ആയി.രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസത്തിന് ഇടനല്‍കുന്നുണ്ട്. 87.05 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,45,015 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 9,00,90,122 ആയി ഉയര്‍ന്നെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.
തെലങ്കാനയിൽ മഴ ശക്തമാകുന്നു;കനത്ത മഴയിൽ വ്യാപക നാശനഷ്ടം;എട്ടു മരണം
ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിച്ചതിന് പിന്നാലെ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും കനത്ത മഴ. ഹൈദരാബാദില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. മൃതദേഹങ്ങള്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങി. പത്തോളം വീടുകളിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.അതേസമയം, തെലങ്കാനയില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ 12 പേരാണ് മരണപ്പെട്ടത്. റോഡുകളില്‍ വെള്ളം കയറുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും ഉണ്ടായി. റോഡ് ഗതാഗതം തടസപ്പെട്ടു. തെലങ്കാനയില്‍ 14 ജില്ലകളെയെങ്കിലും മഴ ബാധിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഹൈദരാബാദിലേക്ക് വെള്ളം എത്തിക്കുന്ന ഹിമായത്ത് സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടര്‍ ഇന്നലെ രാത്രി തുറന്നു. മഴ തുടരുന്നതിനാല്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഭരണകൂടം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കരയില്‍ പ്രവേശിച്ച തീവ്രന്യൂനമര്‍ദ്ദം കിഴക്ക് ഭാഗത്തേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. അടുത്ത 12 മണിക്കൂറിൽ തീവ്രന്യൂനമര്‍ദ്ദം ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാാലവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്.
നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്നവർക്കായി വീണ്ടും പരീക്ഷ നടത്തണമെന്ന് സുപ്രീം കോടതി
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു
ബംഗളൂരു: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍(49)അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. കടുത്ത പുറംവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ത്യ കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളാണ് കാള്‍ട്ടന്‍ ചാപ്മാന്‍. ഇന്ത്യന്‍ ടീം ക്യാപ്റ്റനായിരുന്ന കാള്‍ട്ടന്‍ 1991 മുതല്‍ 2001 വരെ ഇന്ത്യന്‍ ദേശിയ ടീമിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. ഈസ്റ്റ് ബംഗാളിനും ജെ.സി.ടിക്കും വേണ്ടി കളിച്ചിട്ടുണ്ട്.കളിക്കളം വിട്ട ശേഷം പരിശീലകനായും കാള്‍ട്ടന്‍ ചാപ്മാന്‍ പ്രവര്‍ത്തിച്ചു. നിലവില്‍ ക്വാര്‍ട്‌സ് എഫ്‌സിയുടെ മുഖ്യപരിശീലകനായിരുന്നു. അടുത്തിടെ ക്വാര്‍ട്‌സിനെ പ്രീമിയര്‍ ലീഗ് ക്ലബ് ഷെഫീല്‍ഡ് യുണൈറ്റഡ് ഏറ്റെടുത്തിരുന്നു.കര്‍ണാടക സ്വദേശിയായ ചാപ്മാന്‍ 80 കളില്‍ ബെംഗളുരു സായി സെന്‍ററിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. ടാറ്റ ഫുട്ബോള്‍ അക്കാദമിയില്‍ കളിക്കുമ്പോൾ ആണ് വലിയ ക്ലബുകളുടെ ശ്രദ്ധയില്‍ ചാപ്പ്മാന്‍ എത്തുന്നത്. 1993 ല്‍ ഈസ്റ്റ് ബംഗാളിന് വേണ്ടി ഇറാഖി ക്ലബ്ബിനെതിരെ നേടിയ ഹാട്രിക്ക് പ്രകടനം ചാപ്മാന്റെ കരിയറിലെ മികച്ച പ്രകടനമായി അറിയപ്പെടുന്നു.ഇന്ത്യന്‍ ഫുട്ബോളിന്റെ ഏറ്റവും മികച്ച കാലഘട്ടത്തില്‍ രാജ്യത്തെ നയിക്കാനും ചാപ്മാന് ആയി. 1997-98 സീസണിലായിരുന്നു ചാപ്മാന്‍ എഫ് സി കൊച്ചിന് വേണ്ട കളിച്ചത്. ബംഗാള്‍, പഞ്ചാബ്, കര്‍ണാടക ടീമുകള്‍ക്ക് വേണ്ടി സന്തോഷ് ട്രോഫിയില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു;24 മണിക്കൂറിനിടെ 66,732 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,732 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 71,20,539 ആയി ഉയര്‍ന്നു.നിലവില്‍ 8,61,853 പേരാണ് ചികില്‍സയിലുള്ളത്. 61,49,536 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടുന്ന രാജ്യമാണ് ഇന്ത്യ.ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് ബാധിച്ച് 816 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണം 1,09,150 ആയി വര്‍ധിച്ചു.1.53 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്.ഐസിഎംആര്‍ പുറത്ത് വിട്ട കണക്കനുസരിച്ച് 9,94,851 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. ഇത് വരെ 8,78,72,093 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഐസിഎംആര്‍ പറയുന്നു.അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിയേഴ് ലക്ഷം കടന്നു. മരണസംഖ്യ 10,81,246 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് കോടി എണ്‍പത്തിമൂന്ന് ലക്ഷം കടന്നു.
കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്‍ അന്തരിച്ചു
ന്യൂഡൽഹി:കേന്ദ്ര ഭക്ഷ്യ, പൊതുവിതരണമന്ത്രിയും ലോക്‌ജൻശക്തി പാർടി(എൽജെപി) സ്ഥാപകനേതാവുമായ രാം വിലാസ് പാസ്വാൻ(74 ) അന്തരിച്ചു. വ്യാഴാഴ്‌ച രാത്രി എട്ടരയോടെയാണ് അന്ത്യം.ഹൃദ്രോഗത്തെത്തുടർന്ന് കഴിഞ്ഞയാഴ്ച ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചിരുന്ന പാസ്വാന്റെ ആരോഗ്യനില വ്യാഴാഴ്ച വൈകീട്ടോടെ വഷളാവുകയായിരുന്നു. മകനും പാർട്ടി അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ എം.പി.യാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഒരാഴ്‌ചയ്‌ക്കിടെ രണ്ട് ഹൃദയശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരില്‍ കേന്ദ്ര ഭക്ഷ്യ വിതരണ മന്ത്രിയായിരിക്കെയാണ് രാം വിലാസ് പാസ്വാന്റെ അന്ത്യം. 2014 മുതല്‍ പാസ്വാന്‍ മോദി സര്‍ക്കാരില്‍ അംഗമാണ്. എന്‍ഡിഎയില്‍ എത്തുന്ന ആദ്യത്തെ ദളിത് നേതാവ് കൂടിയാണ് രാം വിലാസ് പാസ്വാന്‍. എന്‍ഡിഎയുടെ ദളിത് മുഖമായാണ് പസ്വാന്‍ അറിയപ്പെട്ടത്. 1969ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ അംഗമായിട്ടാണ് പാസ്വാന്റെ രാഷ്ട്രീയ പ്രവേശനം. 2019ല്‍ അദ്ദേഹം രാഷ്ട്രീയ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കി. 5 മുന്‍ പ്രധാനമന്ത്രിമാരുടെ സര്‍ക്കാരില്‍ രാംവിലാസ് പാസ്വാന്‍ മന്ത്രിയായിരുന്നിട്ടുണ്ട്.സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. ലോക്ജനശക്തി പാര്‍ട്ടിയുടെ സ്ഥാപക നേതാവ് കൂടിയാണ് പാസ്വാന്‍. ബീഹാറില്‍ നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോളാണ് പസ്വാന്റെ വിയോഗം.