ന്യൂഡൽഹി: യുക്രെയ്‌നിലെ സുമിയിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യൻ സംഘം പോളണ്ടിൽ നിന്നും ഡൽഹിയിലെത്തി. വ്യോമസേനയുടേതടക്കം മൂന്ന് വിമാനങ്ങളിലായാണ് വിദ്യാർത്ഥികളെ രാജ്യത്തേയ്‌ക്ക് കൊണ്ടുവന്നത്. ഇതിൽ ആദ്യത്തെ വിമാനം ഇന്ന് പുലർച്ചെ 5.45നും രണ്ടാമത്തേത് രാവിലെ 8.40നുമാണ് എത്തിയത്. മൂന്നാമത്തെ വിമാനം 1.15നും ഡൽഹിയിലെത്തി. ഇരുന്നൂറോളം മലയാളി വിദ്യാർത്ഥികൾ സംഘത്തിലുണ്ട്.സുമിയിൽ നിന്നും ഒഴിപ്പിച്ച 694 പേരെ ബുധനാഴ്ച 12 ബസുകളിലായി പോൾട്ടാവയിലെത്തിച്ച് ട്രെയിൻ മാർഗം ലീവിവിലേക്കും ശേഷം പോളണ്ടിലേക്കും കൊണ്ടുവരികയായിരുന്നു. ഇന്ത്യൻക്കാർക്കൊപ്പം നേപ്പാൾ, പാകിസ്താൻ, ബംഗ്ലാദേശ്, ടുണീഷ്യ പൗരന്മാരേയും സർക്കാർ പോളണ്ടിലെത്തിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ പൂർത്തിയായെന്ന് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.സുമിയിലെ അവസ്ഥ വളരെ സങ്കീർണ്ണമായിരുന്നുവെന്നും ആദ്യത്തെ രണ്ട് ദിവസം ഒരുപാട് ഭയന്നുവെന്നും അവിടെ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥികൾ പറഞ്ഞു.
അന്താരാഷ്‌ട്ര വിമാനയാത്രകള്‍ക്കുളള വിലക്ക് നീക്കി;സര്‍വീസുകള്‍ 27 മുതൽ പുനരാരംഭിക്കും
ന്യൂഡൽഹി:കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാ വിലക്കുകൾ പിൻവലിച്ച് അന്താരാഷ്‌ട്ര വിമാന സർവ്വീസുകൾ പൂർണമായും പുനരാരംഭിക്കുന്നു. ഈ മാസം 27 ആം തീയതി മുതൽ വിമാന സർവ്വീസുകൾ വീണ്ടും ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ച് 20 നാണ് അന്താരാഷ്‌ട്ര വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. പിന്നീട് വിദേശത്ത് കുടുങ്ങിക്കിടന്നവരെ രാജ്യത്ത് എത്തിക്കാൻ വന്ദേഭാരത് വിമാന സർവ്വീസ് കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. 2020 ജൂലൈ മുതലായിരുന്നു ഇത്. കൊറോണ വ്യാപനത്തിൽ അയവുവന്നതിനെ തുടർന്ന് ആഭ്യന്തര വിമാന സർവ്വീസുകൾ പുന:രാരംഭിച്ചെങ്കിലും അന്താരാഷ്‌ട്ര വിമാന സർവ്വീസിനുള്ള നിയന്ത്രണം തുടരുകയായിരുന്നു. ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ചിട്ടുള്ള അന്താരാഷ്‌ട്ര കാർഗോ പ്രവർത്തനങ്ങളും, ഇന്ത്യയുമായി എയർ ബബിൾ കരാറിലേർപ്പെട്ട രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകളും മാത്രമാണ് ഇതുവരെ പ്രവർത്തിച്ചിരുന്നത്.രാജ്യത്ത് കൊറോണ വ്യാപനം എല്ലാ സംസ്ഥാനങ്ങളിലും നിയന്ത്രണ വിധേയമായതോടെ കഴിഞ്ഞ ഡിസംബർ 15 മുതൽ അന്താരാഷ്‌ട്ര വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ ആലോചിച്ചിരുന്നെങ്കിലും അപ്പോഴേക്കും ഒമിക്രോൺ വ്യാപനം രൂക്ഷമായി.തുടർന്ന് അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് വിലക്ക് ജനുവരി 31 വരെ ദീർഘിപ്പിച്ചിരുന്നു.
യുപി തിരഞ്ഞെടുപ്പിന്റെ സുരക്ഷ ഡ്യൂട്ടിക്കെത്തിയ മലയാളി ജവാൻ ആത്മഹത്യ ചെയ്തു;മരിച്ചത് കണ്ണൂർ സ്വദേശി
കണ്ണൂർ: യുപി തിരഞ്ഞെടുപ്പിന്റെ സുരക്ഷ ഡ്യൂട്ടിക്കെത്തിയ മലയാളി ജവാൻ ആത്മഹത്യ ചെയ്തു. കണ്ണൂർ തെക്കി ബസാർ സ്വദേശിയായ സിആർപിഎഫ് ജവാൻ വിപിൻ ദാസാണ്(37) ജീവനൊടുക്കിയത്. യുപിയിലെ ചന്തൗലിയിൽ തിരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടി ചെയ്ത് വരികയായിരുന്നു വിപിൻ ദാസ്.ഡ്യൂട്ടി ആവശ്യങ്ങള്‍ക്കുള്ള തോക്കുപയോഗിച്ചാണ് വെടിവച്ചത്.ആത്മഹത്യയുടെ കാരണം വ്യക്തമല്ല. വിപിന്റെ വീടിന്റെ കുറ്റിയടി ചടങ്ങിൽ പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും മേലുദ്യോഗസ്ഥർ അവധി അനുവദിച്ചിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ലീവ് നല്‍കാതെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്തു. ഇതില്‍ അതിയായ വിഷമം ഉള്ളതായി കൂടെ ജോലി ചെയ്യുന്ന മറ്റു പട്ടാളക്കാരോട് പറഞ്ഞിരുന്നുവെന്നാണ് സൂചന. കണ്ണൂര്‍ തേക്കിയിലെ ദാസന്റെ മകനാണ് വിപിന്‍. കീര്‍ത്തനയാണ് ഭാര്യ. ഒരു മകനുമുണ്ട്.മൃതദേഹം നാളെ ഉച്ചയോടു കൂടി വീട്ടിലേക്ക് എത്തും എന്നാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ള വിവരം.
ഗുണ്ടൽപേട്ടിലെ കരിങ്കൽ ക്വാറിയിൽ അപകടം; രണ്ടു തൊഴിലാളികൾ മരിച്ചു
കർണാടക: ഗുണ്ടൽപേട്ടിലെ കരിങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ 2 തൊഴിലാളികൾ മരിച്ചു. പാറ പൊട്ടിക്കുന്നതിനിടെ കുന്നിടിഞ്ഞാണ് അപകടം.മൂലഹള്ള ചെക്ക് പോസ്റ്റിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള മടഹള്ളയിലാണ് സംഭവം. കല്ലുകൾക്കടിയിൽ കുടുങ്ങിയ, തമിഴ്നാട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം.6 പേർക്ക് പരിക്കേറ്റു. മുത്തങ്ങ സ്വദേശിയായ ഹക്കീമിൻ്റെ ഉടമസ്ഥതയിലുള്ള കരിങ്കൽ ക്വാറിയാണിത്.ടിപ്പർ ലോറികളും കല്ലിനടയിൽപ്പെട്ടു. കൂടുതൽ പേർ പാറക്കെട്ടുകൾക്കുള്ളിൽ അകപ്പെട്ടോയെന്നറിയാൻ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.
ബാഗിൽ നിന്നും വെടിയുണ്ട കണ്ടെത്തി; യുക്രെയ്‌നിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിയെ സിഐഎസ്എഫ് ചോദ്യം ചെയ്യുന്നു
ന്യൂഡൽഹി: ബാഗിൽ നിന്നും വെടിയുണ്ട കണ്ടെത്തിയതിനെ തുടർന്ന് യുക്രെയ്‌നിൽ നിന്ന് ഡൽഹിയിലെത്തിയ മലയാളി വിദ്യാർത്ഥിയെ ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്‌ക്കിടെയാണ് വെടിയുണ്ട കണ്ടെത്തിയതെന്നാണ് വിവരം.വിദ്യാർത്ഥിയെ വിമാനത്താവളത്തിൽ തടഞ്ഞ് വെച്ചു. നിലവിൽ സിഐഎസ്എഫ് വിദ്യാർത്ഥിയെ ചോദ്യം ചെയ്ത് വരികയാണ്. കേരളത്തിലേക്ക് തിരിക്കാനിരുന്ന യാത്രയും സുരക്ഷാ വിഭാഗം തടഞ്ഞിട്ടുണ്ട്. യാത്ര തടഞ്ഞ വിവരം കേരളഹൗസ് അധികൃതരെ അറിയിച്ചു.കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥി ഡൽഹിയിലെത്തിയത്. ഇന്നലെ പുറപ്പേണ്ട എയർഏഷ്യ വിമാനത്തിൽ വിദ്യാർത്ഥി കേരളത്തിലേക്ക് പുറപ്പെടാനിരിക്കുകയായിരുന്നു. എന്നാൽ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് വെടിയുണ്ട കണ്ടെത്തുകയായിരുന്നു. യുദ്ധഭൂമിയിൽ നിന്നും വരുമ്പോൾ വെടിയുണ്ട കണ്ടെത്തിയ പശ്ചാത്തലം, അത് ഏത് സാഹചര്യത്തിലാണ് വിദ്യാർത്ഥിയുടെ ബാഗിൽ എത്തിയത് എന്നതെല്ലാം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നാണ് വിവരം.
യുക്രെയ്‌നിൽ റഷ്യൻ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു;മരിച്ചത് കർണാടക സ്വദേശി
കീവ്: യുക്രെയ്‌നിൽ റഷ്യൻ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു.കർണാടക ഹവേരി സ്വദേശി നവീൻ കുമാർ (21) ആണ് മരിച്ചത്. ഖാർകീവിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിലാണ് നവീൻ കുമാർ കൊല്ലപ്പെട്ടത്.രാവിലെയോടെയായിരുന്നു സംഭവം. ഖാർകീവിലെ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്‌ക്കിടയിലാണ് അപകടം . വിദ്യാർത്ഥികൾ പുറത്തിറങ്ങരുതെന്ന് എംബസി നിർദ്ദേശം നൽകിയിരുന്നു. മരണവിവരം വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.നവീനിന്റെ കുടുംബവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിച്ചു.വൈകീട്ടോടെയാണ് നവീന്റെ പിതാവുമായി മോദി ഫോണിൽ ബന്ധപ്പെട്ടത്. നവീന്റെ മരണത്തിൽ പ്രധാനമന്ത്രി ദു:ഖം രേഖപ്പെടുത്തി.നവീന്റെ മരണത്തിൽ വിദേശകാര്യമന്ത്രാലയം ദു:ഖവും രേഖപ്പെടുത്തി.യുക്രെയ്‌നിൽ റഷ്യ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നടപടികൾ വിദേശകാര്യമന്ത്രാലയം വേഗത്തിലാക്കി. ഖാർകീവിലെയും മറ്റ് നഗരങ്ങളിലെയും ഇന്ത്യക്കാരെ അതിവേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനായി വിദേശകാര്യസെക്രട്ടറി റഷ്യൻ , യുക്രെയ്ൻ സ്ഥാനപതികളുമായി ബന്ധപ്പെട്ടുവരികയാണ്.
ഓപ്പറേഷൻ ഗംഗ; 25 മലയാളികൾ ഉൾപ്പെടെ 240 ഇന്ത്യക്കാരുമായുള്ള മൂന്നാമത്തെ വിമാനവും ഡൽഹിയിലെത്തി
ന്യൂഡൽഹി: യുദ്ധ പശ്ചാത്തലത്തിൽ യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള ‘ഓപ്പറേഷൻ ഗംഗ’ ദൗത്യത്തിന്റെ ഭാഗമായുള്ള മൂന്നാമത്തെ വിമാനവും ഡൽഹിയിലെത്തി.25 മലയാളികൾ ഉൾപ്പെടെ 240 ഇന്ത്യൻ പൗരന്മാരുമായാണ് വിമാനം ഡൽഹിയിൽ പറന്നിറങ്ങിയത്. ഞായറാഴ്ച അതിരാവിലെ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. യുദ്ധഭൂമിയിൽ നിന്നും ആകെ 709 ഇന്ത്യൻ പൗരന്മാരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 219 പേർ ശനിയാഴ്ച വൈകിട്ട് മുംബൈയിലും 250 പേർ ഞായറാഴ്ച അതിരാവിലെ ഡൽഹിയിലും വിമാനമിറങ്ങി. യുക്രെയ്‌നിലെ നിരവധി മേഖലകളിലായി ആയിരക്കണക്കിന് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവർ എംബസി ഉദ്യോഗസ്ഥരെ അറിയിക്കാതെയോ സർക്കാർ നിർദ്ദേശമില്ലാതെയോ യുക്രെയ്‌ന്റെ അതിർത്തികളിലേക്ക് പോകരുതെന്ന് കർശന നിർദേശമുണ്ട്. മുൻകൂട്ടി അറിയിക്കാതെ ഇതിനോടകം നിരവധി വിദ്യാർത്ഥികളാണ് അതിർത്തിയിലെത്തിയത്. അതുകൊണ്ട് തന്നെ ഇവരെ പോളണ്ടിലേക്ക് എത്തിക്കാനുളള നീക്കങ്ങൾ അത്യധികം ശ്രമകരമായി തുടരുകയാണ്. യുദ്ധം വലിയ രീതിയിൽ ബാധിച്ചിട്ടില്ലാത്ത യുക്രെയ്‌നിലെ പടിഞ്ഞാറൻ നഗരങ്ങൾ താരതമ്യേന സുരക്ഷിതമാണെന്നതിനാൽ അവിടെ താമസിക്കുന്ന ഇന്ത്യക്കാരോട് തൽകാലം തുടരണമെന്നാണ് നിർദേശം. വെള്ളം, ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ, പാർപ്പിടം എന്നിവ ലഭ്യമല്ലാത്തവരെ ആദ്യം രക്ഷപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.
യുദ്ധ ഭീതിയിൽ നിന്നും സുരക്ഷിത കരങ്ങളിലേക്ക്; യുക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ആദ്യ സംഘം മുംബൈയിലെത്തി
മുംബൈ:യുക്രെയിനില്‍ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ ആദ്യസംഘം മുംബൈയില്‍ എത്തി.219 യാത്രക്കാരുമായി ബുക്കാറെസ്റ്റിൽ നിന്നും പുറപ്പെട്ട വിമാനമാണ് മുംബൈയിലെത്തിയത്. ആദ്യ സംഘത്തിൽ മുപ്പതിലധികം മലയാളികളുണ്ട്. എയർ ഇന്ത്യയുടെ ബോയിങ് വിമാനത്തിലാണ് ഇവരെ എത്തിച്ചത്.യാത്രക്കാരെ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.മാതൃരാജ്യത്തേക്ക് സ്വാഗതം എന്ന കുറിപ്പോടെ ട്വിറ്ററിലൂടെ പീയൂഷ് ഗോയൽ ഇതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു. വിമാനത്തിന് അകത്ത് എത്തിയാണ് അദ്ദേഹം ഇവരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തത്. വിമാനത്തിൽ ഉണ്ടായിരുന്നവരുടെ മുഖത്ത് വിരയുന്ന ചിരിയിൽ സന്തോഷം തോന്നുന്നുവെന്ന് അദ്ദേഹം കുറിച്ചു. ബുക്കാറസ്റ്റില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം രാത്രി 1.30 ഓടെ ഡല്‍ഹിയില്‍ പറന്നിറങ്ങും. 250 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടാവുക.ഇതില്‍ 17 മലയാളികളാണുള്ളത്. സംഘത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം യുക്രെയ്‌നില്‍ കുടുങ്ങിയ മറ്റുള്ളവരുമുണ്ട്. റൊമാനിയയിലെ ഇന്ത്യൻ അംബാസഡർ രാഹുൽ ശ്രീവാസ്തവ നേരിട്ടെത്തിയാണ് ഇന്ത്യൻ പൗരൻമാരെ യാത്രയാക്കിയത്. അവസാന പൗരനെയും സുരക്ഷിതമായി ഒഴിപ്പിക്കാതെ തങ്ങളുടെ ദൗത്യം അവസാനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നാട്ടില്‍ തിരിച്ചെത്തുന്നവരെ പുറത്തിറക്കാന്‍ വിമാനത്താവളത്തില്‍ വലിയ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കായി സൗജന്യ കോവിഡ് പരിശോധന നടത്തുന്നത് അടക്കമുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയത്. യുക്രെയിനില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി ഹംഗറിയില്‍ എത്തിക്കുന്നതിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്. സഹോണി- ഉസ്‌ഹോറോഡ് അതിര്‍ത്തി വഴിയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റില്‍ എത്തിക്കുക. ഇതിനായി ഇന്ത്യന്‍ എംബസിയുടെ ഒരു യൂണിറ്റ് സഹോണിയില്‍ പ്രവര്‍ത്തിക്കുന്നതായി ഹംഗറിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.ഹംഗറിയിലെ കോണ്‍സുലേറ്റ് ജനറലുമായി ഏകോപനം നടത്തിയാണ് വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി ബുഡാപെസ്റ്റില്‍ എത്തിക്കുന്നത്.ബാച്ചുകളായി തിരിച്ചാണ് ഇന്ത്യക്കാരെ അതിര്‍ത്തി കടത്തി ബുഡാപെസ്റ്റില്‍ എത്തിക്കുക. തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഇവരെ നാട്ടില്‍ എത്തിക്കുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു.
യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍; ആദ്യഘട്ടത്തില്‍ എത്തിക്കുക 1000 വിദ്യാര്‍ത്ഥികളെ; ചെലവ് കേന്ദ്രം വഹിക്കും
ന്യൂഡൽഹി: യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.16,000 ത്തോളം ആളുകളെ തിരികെ എത്തിക്കാനുള്ള പരിശ്രങ്ങളാണ് നടക്കുന്നത്. ഇവരുടെ യാത്രാചിലവുകള്‍ കേന്ദ്ര സര്‍ക്കാര്‍ -വഹിക്കും. ആളുകളെ എത്തിക്കുന്നതിനായി രണ്ട് പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റൊമാനിയയില്‍ നിന്നും ഇന്ന് രാത്രി ഈ വിമാനങ്ങള്‍ പുറപ്പെടും. റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക് അതിര്‍ത്തിയിലൂടെയാകും ഒഴിപ്പിക്കുക. ആദ്യ വിമാനത്തില്‍ കയറാനുള്ളവര്‍ റൊമാനിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സമീപപ്രദേശത്തുള്ളവരെയും വിദ്യാര്‍ത്ഥികളെയുമാകും ഒഴിപ്പിക്കുക. യുക്രെയ്ന്‍ അതിര്‍ത്തികളിലെ ഹംഗറിയുടേയും റൊമാനിയയുടേയും ചെക്ക് പോസ്റ്റുകളില്‍ എത്തണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതര്‍ നിർദേശം നൽകിയിട്ടുണ്ട്. ന്ത്യന്‍ രക്ഷാ സംഘം ചോപ്പ് സഹണോയിലും ചെര്‍വിവ്സികിലും എത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളോട് ഇന്ത്യന്‍ പതാക വാഹനങ്ങളില്‍ പതിക്കാനും പാസ്പോര്‍ട്ടും, പണവും കയ്യില്‍ കരുതാനും നിര്‍ദേശത്തില്‍ പറയുന്നു. നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടം 1000 വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്. കീവിലുള്ള ഇന്ത്യന്‍ എംബസിയും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടത്തിവരികയാണ്.
റഷ്യ-ഉക്രെയ്ൻ യുദ്ധം;രക്ഷാ ദൗത്യത്തിന് തയ്യാറെടുത്ത് ഇന്ത്യ;വ്യോമസേനയോട് തയ്യാറാവാന്‍ നിര്‍ദേശം; ഇന്ത്യന്‍ പൗരന്മാര്‍ പടിഞ്ഞാറന്‍ യുക്രെയ്നിലേക്ക് നീങ്ങണം
ഡല്‍ഹി: റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് യുക്രെയ്നില്‍ സ്ഥിതിഗതികള്‍ രൂക്ഷമായതോടെ, വ്യോമസേനയ്‌ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇന്ത്യ.യുദ്ധമുഖത്ത് കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ആരംഭിച്ചു.യുക്രെയ്ന്‍ സ്ഥിതിഗതികളെക്കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി . ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സുമായും ജയശങ്കര്‍ സ്ഥിഗതികള്‍ വിലയിരുത്തി.അതെ സമയം ഇന്ത്യന്‍ പൗരന്മാരോട് സുരക്ഷിത താവളങ്ങളിലേക്ക് മാറണമെന്നും, പടിഞ്ഞാറന്‍ യുക്രെയ്‌നിലേക്ക് നീങ്ങാനും യുക്രെയ്നിലെ ഇന്ത്യന്‍ എംബസ്സി നിര്‍ദേശം നല്‍കി. ആക്രണമുന്നറിയിപ്പ് കേള്‍ക്കാവുന്ന സ്ഥലങ്ങളിലാണെങ്കില്‍ ഉടന്‍ ബോംബ് ഷെല്‍ട്ടറുകളിലേക്ക് പോകണമെന്നും യുക്രെയ്നിലെ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.വ്യോമസേനയുടെ സഹായത്തോടു കൂടി രക്ഷാപ്രവര്‍ത്തനം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇന്ത്യന്‍ പൗരന്മാരെ പടിഞ്ഞാറന്‍ യുക്രൈനില്‍ എത്തിച്ച് രാജ്യത്തേക്ക് മടക്കി കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്. വ്യോമസേനയ്‌ക്ക് തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.രക്ഷാ പ്രവര്‍ത്തനം സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിനു ശേഷം ഉണ്ടാവും.