ന്യുഡൽഹി:ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യാ പ്രേരണാ കേസില്‍ റിപ്പബ്‌ളിക് ടി വി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.50000 രൂപ ആൾജാമ്യത്തിനും അന്വേഷണത്തോട് സഹകരിക്കണമെന്ന വ്യവസ്ഥയോടെയുമാണ് ജാമ്യം. ഉത്തരവിന്റെ പൂർണ രൂപം പിന്നീട് നൽകും. ജാമ്യ ഉത്തരവ് എത്രയും വേഗം നടപ്പാക്കണമെന്ന് കോടതി മഹാരാഷ്ട്രയിലെ റായ്ഗഡ് പൊലീസിന് നിർദേശം നൽകി. ഇടക്കാല ജാമ്യം നല്‍കണമെന്ന അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം മുംബായ് ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചത്.50000 രൂപയുടെ ബോണ്ടില്‍ അര്‍ണബിനേയും കൂടെ അറസ്റ്റിലായ രണ്ട് പേരെയും വിട്ടയക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ജാമ്യം നല്‍കരുതെന്ന് വാദിഭാഗം അഭിഭാഷകനായ കപില്‍ സിബല്‍ വാദിച്ചെങ്കിലും സുപ്രീം കോടതി തള്ളി. അര്‍ണബിന് ഇടക്കാല ജാമ്യാപേക്ഷ നിഷേധിച്ച ബോംബൈ ഹൈക്കോടതി വിധിക്കെതിരെയും സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. എഫ്.ഐ.ആറില്‍ തീര്‍പ്പു കല്‍പ്പിക്കാതിരിക്കെ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അത് നീതി നിഷേധമാവുമെന്ന് കോടതി നിരീക്ഷിച്ചു.അര്‍ണാബിനും കൂട്ടുപ്രതികള്‍ക്കും വേണ്ടി ഹരീഷ് സാല്‍വെയും മഹാരാഷ്ട്ര സര്‍ക്കാറിനു വേണ്ടി കപില്‍ സിബല്‍, അമിത് ദേശായ് എന്നിവരുമാണ് വാദിച്ചത്. അര്‍ണാബിനും റിപ്പബ്ലിക് ചാനലിനും മേല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിരവധി കേസുകള്‍ ചുമത്തിയിട്ടുണ്ടെന്ന് ഹരീഷ് സാല്‍വെ കോടതിയില്‍ പറഞ്ഞു. അര്‍ണാബിനെതിരായ കേസ് സി.ബി.ഐക്ക് വിടണമെന്നും കുറ്റക്കാരനാണെങ്കില്‍ ജയിലിലടക്കാമെന്നും സാല്‍വെ വാദിച്ചു.അര്‍ണാബ് നല്‍കാനുള്ള 88 ലക്ഷമടക്കം 6.45 കോടി രൂപ ലഭിക്കാത്തിന്റെ പേരില്‍ ഒരു വ്യക്തി ആത്മഹത്യ ചെയ്ത കേസാണിതെന്നാണ് ഹരജിയെ എതിര്‍ത്തുകൊണ്ട് കപില്‍ സിബല്‍ വാദിച്ചത്. പണം നല്‍കാനുണ്ട് എന്നതുകൊണ്ടു മാത്രം ആത്മഹത്യാ പ്രേരണ ആകുമോ എന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. ബോംബെ ഹൈക്കോടതിയുടെ 50 പേജുള്ള വിധിയില്‍ അര്‍ണാബ് ചെയ്ത കുറ്റം എന്തെന്ന് വ്യക്തമാക്കുന്നില്ലെന്നും എഫ്.ഐ.ആര്‍ ഉണ്ട് എന്നതുകൊണ്ടു മാത്രം ജാമ്യം നിഷേധിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നതിനു തുല്യമാണെന്നും കോടതി നിരീക്ഷിച്ചു.
രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ക്കും കേന്ദ്രസർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു
ഡല്‍ഹി: രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ക്കും മേല്‍ കേന്ദ്രസര്‍ക്കാർ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു.ഇവയെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണ നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്‍ററി സമിതി നിയമനിര്‍മാണത്തിനായി 21 വിഷയങ്ങളാണ് പരിഗണിച്ചത്.മാധ്യമങ്ങളുടെ ധാര്‍മികതയെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ഒരു കമ്മിറ്റി ആദ്യമായാണ് ചര്‍ച്ച നടത്തുന്നത്. ശശി തരൂരാണ് വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്‍ററി സമിതി അധ്യക്ഷന്‍.ആമസോണ്‍ പ്രൈം, നെറ്റ് ഫ്‌ലിക്‌സ് ഉള്‍പ്പെടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം വരും. സിനിമകള്‍, ഓഡിയോ വിഷ്വല്‍ പരിപാടികള്‍, വാര്‍ത്ത, വാര്‍ത്താധിഷ്ഠിത പരിപാടികള്‍ എന്നിവയെ മന്ത്രാലയത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതാണ് ഉത്തരവ്.നിലവില്‍ ഒടിടി പ്ലാറ്റ് ഫോമില്‍ വരുന്ന ഉള്ളടക്കത്തിന് സെന്‍സറിങ് ഉള്‍പ്പെടെ ഒരു വിധത്തിലുള്ള നിയന്ത്രണങ്ങളും ബാധകമല്ല. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കു മേലും മറ്റു വാര്‍ത്താ മാധ്യമങ്ങള്‍ക്കുള്ളതുപോലെ സര്‍ക്കാര്‍ നിയന്ത്രണമില്ല. ഇതിനെതിരെ വ്യാപകമായ ആക്ഷേപങ്ങളും പരാതികളും ഉയര്‍ന്നിരുന്നു.
ബിഹാറിൽ 125 സീറ്റുകൾ നേടി ഭരണം നിലനിര്‍ത്തി എന്‍ഡിഎ
പട്ന:ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 125 സീറ്റുകൾ നേടി എൻ ഡി എ വീണ്ടും അധികാരത്തിലേക്ക്.ആർജെഡിയുടെ നേതൃത്തിലുള്ള മഹാസഖ്യം 110 സീറ്റ് നേടി. 75 സീറ്റ് നേടിയ ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപി 74 ഇടത്തും ജെഡിയു 43 സീറ്റുകളിലുമാണ് വിജയിച്ചത്. 16 ഇടത്ത് വിജയിച്ച ഇടതുപാർട്ടികളും നേട്ടമുണ്ടാക്കി.. എന്നാൽ മത്സരിച്ച 70 സീറ്റുകളിൽ 19 ഇടത്ത് മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് തുടങ്ങിയ വോട്ടെണ്ണൽ ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് പൂർത്തിയായത്.243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത്. NDA മുന്നണിയില്‍ മത്സരിച്ച വികാസ് ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും നാല് സീറ്റുകള്‍ വീതം നേടി.മഹാഗഡ് ബന്ധന്‍ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സിപിഎമ്മും സിപിഐയും രണ്ട് സീറ്റുകള്‍ വീതം നേടിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന സിപിഐ എംഎല്‍ 12 സീറ്റുകളില്‍ വിജയിച്ചു. ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാര്‍ട്ടിക്ക് ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. BSP ക്കും ഒരു മണ്ഡലത്തില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം അഞ്ച് സീറ്റുകളില്‍ വിജയിച്ചു.എക്സിറ്റ് പോള്‍ പ്രവചനങ്ങളെ കടത്തിവെട്ടിയായിരുന്നു എന്‍ഡിഎയുടെ വിജയക്കുതിപ്പ്.വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഇത് ശരിവക്കുന്ന തരത്തിലായിരുന്നു ഫലങ്ങള്‍ പുറത്തുവന്നത് എങ്കിലും പിന്നീട് അത് മാറി മറിയുകയായിരുന്നു.
ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ അർണാബ് ഗോസ്വാമി സുപ്രീംകോടതിയെ സമീപിച്ചു
ന്യൂഡൽഹി:ഇന്റീരിയർ ഡിസൈനറുടെ ആത്മഹത്യാ പ്രേരണക്കേസിൽ തനിക്ക് ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻചീഫ് അർണാബ് ഗോസ്വാമി സുപ്രീംകോടതിയിൽ. നിലവിൽ തലോജ ജയിലിലുള്ള അർണാബിനെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് റായ്ഗഡ് പൊലീസ് സമർപ്പിച്ച റിവിഷൻ ഹരജി അലിബാഗ് സെഷൻസ് കോടതി പരിഗണിക്കാനിരിക്കെയാണ് അർണാബ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.ഇടക്കാല ജാമ്യം തേടിക്കൊണ്ടുള്ള അർണാബിന്റെയും രണ്ട് കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ചയാണ് ബോംബെ ഹൈക്കോടതി തള്ളിയത്. വിചാരണ കോടതിയെ മറികടന്ന് ജാമ്യം നല്‍കേണ്ട അസാധാരണ സാഹചര്യം നിലവിലില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നത്. ജാമ്യം നേടാന്‍ അര്‍ണബിന് സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. നാല് ദിവസത്തിനുള്ളില്‍ സെഷന്‍സ് കോടതി അര്‍ണബിന്റെ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.ഹൈക്കോടതി ജാമ്യം നൽകാതിരുന്നതോടെയാണ് അഡ്വ. നിർനിമേഷ് ദുബെയിലൂടെ അർണാബ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. നവംബർ നാലിന് മുംബൈയിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം അർണാബ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അദ്ദേഹത്തെ തങ്ങളുടെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന പൊലീസിന്റെ ആവശ്യം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്;കേവല ഭൂരിപക്ഷം കടന്ന് എൻ ഡി എ
പട്‌ന: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ലീഡ് നില മാറിമറിയുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ വ്യക്തമായ മുന്നേറ്റം നടത്തിയ ആര്‍ജെഡി- കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാസഖ്യത്തെ പിന്നിലാക്കി എന്‍ഡിഎ മുന്നേറുകയാണ്. വോട്ടെണ്ണല്‍ ആരംഭിച്ച് മൂന്നുമണിക്കൂര്‍ ആവുമ്പോഴേക്കും എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നതായാണ് റിപോര്‍ട്ടുകള്‍.123 സീറ്റില്‍ എന്‍ഡിഎ ലീഡ് ചെയ്യുമ്പോൾ മഹാസഖ്യം 106 സീറ്റിലാണ് മുന്നിലുള്ളത്. അന്തിമഫലം വരാന്‍ ഇനിയും മണിക്കൂറുകളുണ്ടെങ്കിലും ബിഹാര്‍ തൂക്കുസഭയിലേക്ക് നീങ്ങുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അങ്ങനെയൊരു സ്ഥിതിവന്നാല്‍ എന്‍.ഡി.എയില്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞ് ഒറ്റക്ക് മത്സരിച്ച ചിരാഗ് പാസ്വാന്റെ എല്‍.ജെ.പിയുടെ നിലപാട് നിര്‍ണായകമാവും. നിലവില്‍ എട്ട് സീറ്റുകളില്‍ എല്‍.ജെ.പി ലീഡ് ചെയ്യുന്നുണ്ട്.കഴിഞ്ഞ തവണത്തേക്കാള്‍ വലിയ മുന്നേറ്റമാണ് ബിജെപി സംസ്ഥാനത്ത് ഉണ്ടാക്കിയത്. നേരത്തെ പോസ്റ്റല്‍ വോട്ടുകളില്‍ മഹാസഖ്യത്തിന് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. കനത്ത സുരക്ഷയില്‍ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.243 അസംബ്ലി സീറ്റുകളുള്ള ബിഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് പോളിങ് നടന്നത്. നവംബര്‍ 7-ലെ മൂന്നാം ഘട്ടത്തിനു ശേഷം പുറത്തുവിട്ട വിവിധ എക്സിറ്റ്പോള്‍ ഫലങ്ങള്‍ മഹാസഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്.എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ പിന്തള്ളിയാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ മുന്നേറ്റം.
ബിഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടം;മാറിമറിഞ്ഞ് ലീഡ് നില
പട്‌ന: ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ രണ്ടു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു.പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. കനത്ത സുരക്ഷയില്‍ രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 243 അംഗ ബിഹാര്‍ നിയമസഭയിലെ പകുതിയിലേറെ സീറ്റുകളിലെ ലീഡ് നില വ്യക്തമാവുമ്ബോള്‍ 105 സീറ്റിലാണ് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നത്.എന്നാല്‍ തൊട്ടുപിന്നാലെ മഹാസഖ്യം ലീഡ് 102 സീറ്റുകളില്‍ മുന്നേറുന്നതായാണ് റിപ്പോർട്ട്.ആദ്യ മണിക്കൂറില്‍ത്തന്നെ കേവലഭൂരിപക്ഷമായ 122ലേക്ക് എത്തിയെങ്കിലും പിന്നീട് മഹാസഖ്യത്തിന്റെ ലീഡ് നിലയില്‍ മാറ്റം സംഭവിക്കുകയായിരുന്നു. ആര്‍ജെഡി-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലെത്തുമെന്നാണ് ഭൂരിഭാഗം സര്‍വേകളും പ്രവചിച്ചത്.കേവലഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ ജയിക്കണം.243 അസംബ്ലി സീറ്റുകളുള്ള ബിഹാറിൽ മൂന്ന് ഘട്ടങ്ങളിലായാണ് പോളിങ് നടന്നത്. കോവിഡ് 19 മഹാമാരിക്കിടെ രാജ്യത്ത് ഇതാദ്യമായി നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ 57 ശതമാനമാളുകൾ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. തുടർച്ചയായി നാലാം തവണ മുഖ്യമന്ത്രിപദം ലക്ഷ്യമിടുന്ന ജെ.ഡി.യു തലവൻ നിതീഷ് കുമാർ എൻ.ഡി.എയുടെയും മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് മഹാസഖ്യത്തിന്റെയും മുഖ്യമന്ത്രി സ്ഥാനാർത്ഥികളാണ്.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്;വോട്ടെണ്ണല്‍ തുടങ്ങി
പട്‌ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 38 ജില്ലകളിലായി 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടുതല്‍ മണ്ഡലങ്ങളുള്ള ജില്ലകളില്‍ പരമാവധി മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.414 ഹാളുകളിലായാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണലിന്റെ ആദ്യ ട്രെന്‍ഡ് പത്ത് മണിയോടെ ലഭ്യമാവുമെന്നാണ് കണക്കുകൂട്ടല്‍. ഓരോ മണ്ഡലത്തിലേയും ഫല സൂചനകള്‍ ലഭ്യമാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയ്യതികളിലായി മൂന്നുഘട്ടങ്ങളിലായിട്ടാണ് 243 നിയമസഭാ സീറ്റുകളിലേക്കായി യുള്ള തിരഞ്ഞെടുപ്പ് നടന്നത്. 122 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. നിതീഷ്‌കുമാര്‍ നേതൃത്വം നല്‍കുന്ന എന്‍ഡിഎയും തേജസ്വി യാദവ് നേതൃത്വം നല്‍കുന്ന മഹാസഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും നല്‍കിയ അനുകൂല ഫലത്തിന്റെ ആത്മവിശ്വാസത്തിലാണ് ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം. എന്നാല്‍, എക്‌സിറ്റ് പോളുകളില്‍ കാര്യമില്ലെന്നും അധികാരം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ ഉറച്ച വിശ്വാസത്തിലാണ് എന്‍ഡിഎ .
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്;24 മണിക്കൂറിനിടെ 36,469 പുതിയ രോഗികളും 488 മരണവും
ന്യൂഡൽഹി:രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആശ്വാസകരമായ കുറവ്.24 മണിക്കൂറിനിടെ 36,469 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗബാധിതര്‍ 79,46,429 ആയി. ഇന്നലെ 488 പേര്‍ കൂടി മരണമടഞ്ഞതോടെ മരണസംഖ്യ 1,19,502 ആയി. പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ മാസം 98,000 വരെ എത്തിയതില്‍ നിന്നാണ് രാജ്യം കൊവിഡിനെ നിയന്ത്രണ വിധേയമാക്കുന്നത്.6,25,857 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ മുന്‍ദിവസത്തെ അപേക്ഷിച്ച് ഇന്നലെ 27,860 പേരുടെ കുറവുണ്ടായി ഇന്നലെ 63,841 പേര്‍ രോഗമുക്തരായി.ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 72,01,070 ആയി. നിലവില്‍ 6,25,857 പേര്‍ മാത്രമാണ് രാജ്യത്ത് ചികിത്സിയില്‍ കഴിയുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. 90.62 ശതമാനമാണ് രോഗമുക്തി നിരക്ക്.മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം.1,34,657 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്.14,70,660 പേര്‍ രോഗമുക്തരായി. 43,348 പേര്‍ മരിച്ചു.കര്‍ണാടകയില്‍ ഇതുവരെ 75,442 പേരാണ് വിവിധ ചികില്‍സാകേന്ദ്രങ്ങളില്‍ ചികില്‍സ തേടുന്നത്. 7,19,558 പേര്‍ രോഗമുക്തരായി. 10,947 പേര്‍ മരിച്ചു.കേരളമാണ് രോഗവ്യാപനത്തില്‍ മൂന്നാം സ്ഥാനത്ത്. 93,848 സജീവ രോഗികളാണ് സംസ്ഥാനത്തുള്ളത്. 3,02,017 പേര്‍ സുഖം പ്രാപിച്ചു. 1,352 പേര്‍ മരിച്ചു.പശ്ചിമ ബംഗാളില്‍ 37,190 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലുണ്ട്. തമിഴ്‌നാട്ടിലും ഡല്‍ഹിയിലും സജീവ രോഗികളുടെ എണ്ണം യഥാക്രമം 29,268 ഉം 25,786മാണ്.
കോവിഡ് പ്രതിസന്ധി;ആറുമാസത്തെ മൊറട്ടോറിയം വേണ്ടെന്നുവെച്ചവര്‍ക്ക് സമ്മാനം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍;അക്കൗണ്ടില്‍ പണമെത്തും
ന്യൂഡൽഹി: കോവിഡ് ലോക്ക്ഡൗണിനെ തുടർന്നുണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് ബാങ്കുകള്‍ നല്‍കിയ ആറുമാസത്തെ മൊറട്ടോറിയം വേണ്ടെന്നുവെച്ചവര്‍ക്ക് സമ്മാനം നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മൊറട്ടോറിയം കാലത്ത് മുടങ്ങാതെ ബാങ്ക് വായ്പ തിരിച്ചടച്ചവര്‍ക്കാണ് നിശ്ചിത തുക നല്‍കുക. പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി ആ തുകയാണ് ഇടപാടുകാര്‍ക്ക് നല്‍കുക.ഭവന നിര്‍മാണം, വിദ്യാഭ്യാസം, ക്രെഡിറ്റ് കാര്‍ഡ്, വാഹനം, എഎസ്‌എംഇ, വിട്ടുപകരണങ്ങള്‍ തുടങ്ങിയ 8 വിഭാഗങ്ങളില്‍ വായ്പയെടുത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. രണ്ട് കോടി രൂപ വരെ വായ്പ എടുത്ത ലക്ഷക്കണക്കിന് ആളുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.കഴിഞ്ഞ മാര്‍ച്ച് ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് പദ്ധതി ബാധകം.50 ലക്ഷം രൂപയുടെ ഭവനവായ്പ 8 ശതമാനം പലിശ നിരക്കിലെടുത്ത ആള്‍ക്ക് 12,425 രൂപയാവും ലഭിക്കുക. വായ്പയെടുത്ത ആളുടെ അക്കൗണ്ടിലേക്കാണ് പണം എത്തുക. ബാങ്ക് വായ്പ എടുത്തവര്‍ കോവിഡ് കാരണം പ്രതിസന്ധിയിലായെന്നും പലിശയിളവ് ഉള്‍പ്പടെയുള്ള ആശ്വാസ നടപടികള്‍ ഉടന്‍ പരിഗണിക്കണം എന്നുമുള്ള സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ നടപടി.വായ്പ തിരിച്ചടയ്ക്കാതെ ഒരുവിഭാഗം മൊറട്ടോറിയം പ്രയോജനപ്പെടുത്തിയതുപോലെ മറ്റുള്ളവര്‍ക്കും ആനുകൂല്യം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.വായ്പയെടുത്തവര്‍ക്ക് ഇത്തരത്തില്‍ നല്‍കുന്ന തുക കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് മടക്കി നല്‍കും. ഏകദേശം 6500 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി ചെലവഴിക്കേണ്ടിവരിക.കേന്ദ്രസര്‍ക്കാരില്‍ നിന്ന് തുക മടക്കിക്കിട്ടാന്‍ നോഡല്‍ ഏജന്‍സിയായ എസ്ബിഐ വഴിയാണ് ബാങ്കുകള്‍ അപേക്ഷ നല്‍കേണ്ടത്. ഡിസംബര്‍ 15 വരെയാണ് ബാങ്കുകള്‍ക്ക് അപേക്ഷിക്കാന്‍ സമയം നല്‍കുക.
ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ കൊച്ചി കായലില്‍ പറന്നിറങ്ങി
കൊച്ചി:ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ കൊച്ചി കായലില്‍ പറന്നിറങ്ങി.മാലിയില്‍ നിന്നു ഗുജറാത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഇന്ധനം നിറയ്ക്കാന്‍ വിമാനം കൊച്ചിയില്‍ ഇറങ്ങിയത്. ഇന്നലെ രാവിലെ മാലദ്വീപില്‍ നിന്നു പറന്നുയര്‍ന്ന സീപ്ലെയിന്‍ ഉച്ചയ്ക്കു 12.45നാണു കൊച്ചി കായലില്‍ ഇറങ്ങിയത്. വെണ്ടുരുത്തി പാലത്തിന് സമീപം സീപ്ലെയിന്‍ ഇറങ്ങാന്‍ ക്രമീകരണം ഒരുക്കിയിരുന്നു. നാവികസേനയുടെ അനുമതിയോടെ ആയിരുന്നു ഇത്. തുടര്‍ന്നു നേവല്‍ ബേസിലെ ജെട്ടിയില്‍ നിന്ന് ഇന്ധനം നിറച്ച വിമാനം ഗുജറാത്തിലേക്ക് പോയി. മാലിയില്‍ നിന്നുള്ള വരവില്‍ ഇന്ത്യയില്‍ ആദ്യമായി ലാന്‍ഡ് ചെയ്തതു കൊച്ചിയിലാണ്. നാവിക സേനാ ഉദ്യോഗസ്ഥരും സിയാല്‍, സ്പൈസ് ജെറ്റ് പ്രതിനിധികളും ജില്ലാ ഭരണകൂടവും ചേര്‍ന്നു സ്വീകരിച്ചു.മാലി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു രാവിലെ 7.20നു പുറപ്പെട്ട ജലവിമാനം മൂന്നു മണിക്കൂറിനു ശേഷം രാവിലെ 10നു മാലിയിലെ തന്നെ ഹനിമാധി വിമാനത്താവളത്തില്‍ ഇറങ്ങി ഇന്ധനം നിറച്ചിരുന്നു. കൊച്ചിയില്‍ നിന്നു ഗുജറാത്തിലേക്കുള്ള യാത്രാമധ്യേ ഗോവയിലെ മാന്‍ഡോവി നദിയില്‍ ഇറങ്ങുന്ന സീ പ്ലെയിന്‍ പുലര്‍ച്ചെ അവിടെ നിന്നു പുറപ്പെട്ട് ഇന്ന് സബര്‍മതിയിലെത്തും.ഗുജറാത്ത് ടൂറിസം വികസനത്തിന്റെ ഭാഗമായി സബര്‍മതി മുതല്‍ ഏകതാ പ്രതിമ വരെയാണ് സീപ്ലെയിന്‍ സര്‍വീസ് നടത്തുക. നാലായിരത്തി എണ്ണൂറ് രൂപയാണ് ഓരോ യാത്രക്കാരും സര്‍വീസിനായി നല്‍കേണ്ടി വരിക. സ്പൈസ് ജെറ്റിനാണ് സര്‍വീസ് ചുമതല. പതിനാറ് യാത്രക്കാര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനം പ്രതിദിനം 8 സര്‍വീസുകളാണ് നടത്തുക. റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ നാല് മണിക്കൂര്‍ വേണ്ടിടത്ത് സീപ്ലെയിനില്‍ ഒരു മണിക്കൂര്‍ കൊണ്ട് ഏകതാ പ്രതിമയ്ക്കടുത്ത് എത്താം. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്യും.