ന്യൂഡൽഹി:രാജ്യത്ത് 2021 ഫെബ്രുവരിയോടെ ആദ്യഘട്ട കോവിഡ് വാക്‌സിന്‍ വിതരണത്തിന് എത്തുമെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കുമാണ് മരുന്ന് നല്‍കുന്നത്. ഏപ്രിലോടെ പൊതുജനങ്ങളിലേക്ക് കോവിഡ് വാക്‌സിന്‍ വിതരണത്തിന് എത്തിക്കും. രണ്ടു ഡോസ് വാക്‌സിന് 1000 രൂപ വിലവരുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യന്‍ സിഇഒ അഡാര്‍ പൂനവാല അറിയിച്ചു.റെഗുലേറ്ററി അനുമതി ലഭിക്കുന്നതിന് അനുസരിച്ചായിരിക്കും വാക്‌സിന്‍ വിതരണം. 2024 ഓടെ എല്ലാ ഇന്ത്യക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 90 ലക്ഷമായി.അതേസമയം കോവിഡ് വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടം പൂര്‍ത്തിയായെന്നും 95 ശതമാനം ഇത് ഫലപ്രദമാണെന്നും യുഎസ് കമ്പനിയായ ഫൈസറും കഴിഞ്ഞ ദിവസം വ്യക്തമാക്കി. വാക്സിനില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യുഎസ് റെഗുലേറ്ററില്‍ നിന്നുള്ള അടിയന്തര ഉപയോഗ അംഗീകാരത്തിനായി കമ്പനി അപേക്ഷിക്കുമെന്നും ഫൈസര്‍ വക്താവ് പറഞ്ഞു.
ജോ ബൈഡനും കമല ഹാരിസിനും അഭിനന്ദനവുമായി നരേന്ദ്രമോദി; അമേരിക്കയുമായുള്ള സഹകരണം തുടരുമെന്നും പ്രധാനമന്ത്രി
ന്യൂഡൽഹി:നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ടെലഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് വിജയത്തില്‍ ബൈഡനെയും കമല ഹാരിസിനെയും അനുമോദിച്ചു. അമേരിക്കയുമായുള്ള സഹകരണം തുടരുമെന്നും മോദി അറിയിച്ചു. കൂടാതെ കോവിഡ് അടക്കം നിരവധി വിഷയങ്ങള്‍ ബൈഡനുമായി മോദി സംസാരിച്ചു.ഇന്ത്യ-അമേരിക്ക സഹകരണം ശക്തമായി തുടരാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കോവിഡ് പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, മേഖലാതല സഹകരണം തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായതായും പ്രധാനമന്ത്രി അറിയിച്ചു.കോവിഡ് പ്രതിരോധം, കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടം തുടങ്ങിയവയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ബൈഡനെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം തുടരുമെന്ന് ഇരുനേതാക്കളും അറിയിച്ചു. കമല ഹാരിസിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമാണ്. കമലയുടെ വിജയം ഇന്തോ-അമേരിക്കന്‍ ബന്ധത്തിന് കരുത്തുപകരുമെന്നും നരേന്ദ്രമോദി പറഞ്ഞു.നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ -അമേരിക്കന്‍ ജനതയ്ക്കിടയില്‍ കമലാ ഹാരിസിന്റെ വിജയം അഭിമാനകരവും വലിയ പ്രചോദനമാണ്. ഇന്ത്യ- അമേരിക്ക ബന്ധത്തില്‍ നിര്‍ണ്ണായക സ്ഥാനമാണ് കമലാ ഹാരിസിനുള്ളതെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
വഡോദരയില്‍ വാഹനാപകടത്തിൽ പത്ത് മരണം;പതിനേഴ് പേര്‍ക്ക് പരിക്ക്
സൂറത്ത് :വഡോദരയില്‍ വാഹനാപകടത്തില്‍ പത്ത് മരണം.അപകടത്തില്‍ പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.പരിക്കേറ്റവരെ വഡോദരയിലെ എസ്‌എസ്ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.
കാണ്‍പൂരില്‍ ആറുവയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി;ദുർമന്ത്രവാദത്തിനായി ശാസകോശം പുറത്തെടുത്തു
കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി.വനമേഖലയില്‍ വെച്ചാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശാസകോശം കൊലപാതകികള്‍ പുറത്തെടുത്തു. മന്ത്രവാദത്തിനുവേണ്ടിയാണ് കുട്ടിയുടെ ശ്വാസകോശം എടുത്തുമാറ്റിയത്.പൂജ ചെയ്താല്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുമെന്ന വിശ്വാസത്തെ തുടര്‍ന്നാണ് കൊലപാതകികള്‍ ഇത്തരത്തിലൊരു കടും കൈചെയ്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അങ്കുല്‍ കുറില്‍(20), ബീരാന്‍(31) എന്നിവര്‍ അറസ്റ്റിലായി. ദീപാവലിയുടെ തലേദിവസമാണ് കുഞ്ഞിനെ കാണാതായത്. പ്രതികള്‍ കുഞ്ഞിന്റെ ശ്വാസകോശം പരശുറാം കുറില്‍ എന്നയാള്‍ക്കാണ് മന്ത്രവാദത്തിനായി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. 1999 ല്‍ വിവാഹിതനായ ഇയാള്‍ക്ക് കുട്ടികളില്ല.കുട്ടികളുണ്ടാവാന്‍ വേണ്ടിയാണ് മന്ത്രവാദം നടത്തിയത്. ദീപാവലിയുടെ തലേ ദിവസം പടക്കം വാങ്ങാനായി പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടുപോയി. കൊലപ്പെടുത്തുന്നതിനു മുൻപ് ബലാത്സംഗം ചെയ്യുകയും ചെയ്‌തു.പെണ്‍കുട്ടിയെ കാണാതായയതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാട്ടിലടക്കം തിരഞ്ഞു. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിന് നിര്‍ദേശം നല്‍കി. പെണ്‍കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 30,548 പേര്‍ക്ക്; നാലു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്
ന്യൂഡൽഹി: രാജ്യത്തിന് ആശ്വാസമായി കൊറോണ ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,548 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലു മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 88,45,127 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതിനൊപ്പം മരണ സംഖ്യയും കുറഞ്ഞു വരികയാണ്. 24 മണിക്കൂറിനിടെ 435 പേരാണ് മരിച്ചത്.ഇന്നലെ 8,61,706 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 12,56,98,525 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. കൊറോണയെ തുടർന്ന് 1,30,070 പേർക്കാണ് രാജ്യത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്.4,65,478 പേർ നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. 82,49,579 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 12,56,98,525 സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കി.
ബിഹാറില്‍ നിതീഷ് കുമാര്‍ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
പാറ്റ്‌ന: ബിഹാർ മുഖ്യമന്ത്രിയായി നിതിഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകുന്നേരം 4.30 ന് രാജ്ഭവനിൽ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ. തുടർച്ചയായ നാലാം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്.നിതീഷ് കുമാറിനൊപ്പം ആരൊക്കെ സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്‍ഡിഎ നിയമസഭാകക്ഷി നേതാവായി ഞായറാഴ്ച തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ നിതീഷ് കുമാര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു.എന്‍ഡിഎ സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം കിട്ടുമെന്നാണ് സൂചന. തര്‍കിഷോര്‍ പ്രസാദും രേണു ദേവിയുമാവും ഉപമുഖ്യമന്ത്രിമാരാവുക. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തര്‍കിഷോര്‍ പ്രസാദിനെ നേരത്തെ തന്നെ തിരഞ്ഞെടുത്തിരുന്നു. നിതീഷ് കുമാറും ബിജെപി നേതാക്കളും തമ്മില്‍ രാത്രി വൈകിയും നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തെ കുറിച്ച് തീരുമാനമായത്. ഇക്കഴിഞ്ഞ ടേമില്‍ ബിജെപിയുടെ സുശീല്‍കുമാര്‍ മോദിയായിരുന്നു നിതീഷ് സര്‍ക്കാരിലെ ഉപമുഖ്യമന്ത്രി. സ്പീക്കര്‍ പദവിക്ക് ബിജെപിയും ജെഡിയുവും ഒരുപോലെ അവകാശവാദമുന്നയിക്കുന്നുണ്ട്. 243 അംഗ ബിഹാര്‍ നിയമസഭയില്‍ 125 സീറ്റുകളില്‍ വിജയിച്ചാണ് എന്‍ഡിഎ അധികാരത്തിലെത്തിയത്. 74 സീറ്റുകള്‍ നേടി ബിജെപി എന്‍ഡിഎയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയപ്പോള്‍ 43 സീറ്റുകളാണ് നിതീഷിന്റെ ജെഡിയുവിന് നേടാന്‍ കഴിഞ്ഞത്. ബിഹാറിലെ വിജയത്തിന് പിന്നാലെ എന്‍ഡിഎ ഗവര്‍ണറെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ചിരുന്നു. ബിഹാര്‍ ജനത തനിക്ക് ഒരവസരംകൂടി നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ വികസനം നടക്കുമെന്നുമായിരുന്നു നിതീഷ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
മഹാരാഷ്ട്രയില്‍ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികള്‍ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ സത്താറയില്‍ ട്രാവലര്‍ പാലത്തില്‍ നിന്ന് നദിയിലേക്ക് മറിഞ്ഞ് അഞ്ചു മലയാളികള്‍ മരിച്ചു. എട്ടു പേര്‍ക്ക് പരുക്കേറ്റു. നവി മുംബൈയില്‍ നിന്ന് ഗോവയ്ക്ക് പോകുന്നവഴിയാണ് അപകടം നടന്നത്.പത്തനംതിട്ട, തൃശൂര്‍ സ്വദേശികളാണ് മരിച്ചത്.പുണെ-ബെംഗളൂരു ഹൈവേയിലെ സത്താറയില്‍ ശനിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് അപകടം.മധുസൂദനന്‍ നായര്‍, ഭാര്യ ഉമ മധുസൂദനന്‍, മകന്‍ ആദിത്യ നായര്‍ മധുസൂദനന്റെ കുടുംബ സുഹൃത്തായ സാജന്‍ നായര്‍, മകന്‍ ആരവ് നായര്‍(3) എന്നിവരാണ് മരിച്ചത്. പാലത്തില്‍വെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട വാഹനം നദിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.ഡ്രൈവര്‍ ഒഴികെ എല്ലാ യാത്രക്കാരും മുംബൈയിലെ സ്ഥിരതാമസക്കാരാണ്. കരാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
ബിഹാറില്‍ എന്‍ഡിഎ യോഗം ഇന്ന്; മുഖ്യമന്ത്രിയെ മുന്നണി തീരുമാനിക്കും, അവകാശവാദമുന്നയിക്കില്ലെന്നും നിതീഷ് കുമാര്‍
പട്‌ന: തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനും സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമായി എന്‍ഡിഎ യോഗം ഇന്ന് ബിഹാറില്‍ നടക്കും. യോഗത്തില്‍ മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കും.മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിക്കില്ലെന്നും എന്‍ഡിഎ തീരുമാനിക്കട്ടെയെന്നുമാണ് നിതീഷ് കുമാറിന്റെ നിലപാട്.വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തിന് നിതീഷ് കുമാര്‍ അവകാശവാദമുന്നയിക്കാത്തത്.എന്നാൽ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് തന്നെ നല്‍കാനാണ് ബിജെപിയുടെ തീരുമാനം. പ്രധാനമന്ത്രിയടക്കം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദ മുന്നയിച്ച് ഗവര്‍ണറെ കാണല്‍, സത്യപ്രതിജ്ഞ തിയ്യതി, സമയം, മന്ത്രിപദം, സ്പീക്കര്‍ പദവി തുടങ്ങിയ ചര്‍ച്ച ചെയ്യാനാണ് എന്‍ഡിഎ യോഗം ചേരുന്നത്. ബിജെപി, ജെഡിയു, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുക്കും. ദീപാവലി കഴിഞ്ഞ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് നീക്കം. ഉപമുഖ്യമന്ത്രി, ധനമന്ത്രി എന്നീ പദവികളില്‍ സുശീല്‍ മോദി തുടരും. ആഭ്യന്തരവും വിദ്യാഭ്യാസവും സ്പീക്കര്‍ പദവിയും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത് നല്‍കാന്‍ നിതീഷ് തയ്യാറല്ല. അതേസമയം, മുഖ്യമന്ത്രി പദം നല്‍കിയതിനാല്‍ ജെഡിയുവിന് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാനാകില്ല. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവര്‍ തിരഞ്ഞെടുപ്പില്‍ നാല് സീറ്റ് വീതം നേടിയിരുന്നു. ഇവരും മന്ത്രിപദം ആവശ്യപ്പെടും.എന്‍ഡിഎ യോഗത്തില്‍ മന്ത്രിപദം സംബന്ധിച്ച പ്രാഥമിക ചര്‍ച്ച നടത്തി പിന്നീട് പ്രത്യേക ചര്‍ച്ചകളിലൂടെ അന്തിമതീരുമാനത്തിലെത്താനാണ് സാധ്യത.
പൊതുമേഖലാ ബാങ്കുകളിലെ തൊഴിലാളികള്‍ നവംബര്‍ 26ന് രാജ്യവ്യാപകമായി പണിമുടക്കും
മുംബൈ:രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ തൊഴിലാളികള്‍ നവംബര്‍ 26ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തും. സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സെന്‍ട്രല്‍ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പണിമുടക്കിന് തയാറെടുക്കുന്നത്. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണം, ബാങ്ക് ജോലികള്‍ ഔട്ട് സോഴ്‌സ് ചെയ്യാനുള്ള തീരുമാനം തുടങ്ങിയ ഏഴ് ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പണിമുടക്ക്. അതിനൊപ്പം സേവിംഗ്‌സ് എക്കൗണ്ടുകളിലെ നിക്ഷേപത്തിനുള്ള പലിശ നിരക്ക് ഉയര്‍ത്തുക, ബാങ്കിന്റെ വിവിധ ചാര്‍ജുകള്‍ കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിക്കുന്നുണ്ട്.
രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന, കേന്ദ്ര സര്‍ക്കാരിന്റെ വിനാശകരമായ നയങ്ങള്‍ക്കെതിരെയാണ് സമരമെന്നാണ് സെന്‍ട്രല്‍ ട്രേഡ് യൂണിയന്‍ പറയുന്നത്. 1991 ന് ശേഷം നടക്കുന്ന ഇരുപതാമത് ദേശീയ ബാങ്ക് പണിമുടക്കാണിത്.
തൊഴിലവസരം സൃഷ്ടിക്കാന്‍ ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന; മൂന്നാംഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാൻ രാജ്യം ശ്രമങ്ങള്‍ നടത്തുന്നതിനിടെ ആത്മനിര്‍ഭര്‍ ഭാരത് 3.0ന്റെ ഭാഗമായി ആത്മനിഭര്‍ ഭാരത് റോസ്ഗാര്‍ യോജന എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. നിലവിലെ സാഹചര്യത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായാണ് ആത്മനിഭര്‍ ഭാരത് റോസ്ഗാര്‍ യോജന ആരംഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും 28 സംസ്ഥാനങ്ങളിലായി 68.8 കോടി ജനങ്ങള്‍ക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
രാജ്യത്തെ 39.7 ലക്ഷം നികുതിദായകര്‍ക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ റീഫണ്ട് നല്‍കി. ഉത്സവ അഡ്വാന്‍സ് നല്‍കുന്നതിന്‍റെ ഭാഗമായി എസ്ബിഐ ഉത്സവ് കാര്‍ഡ് വിതരണം ചെയ്തുവെന്നും മൂലധന ചെലവുകള്‍ക്കായി 3,621 കോടി രൂപ പലിശ രഹിതവായ്പയും അനുവദിച്ചതായും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.ഉത്പന്ന നിര്‍മാണ ആനുകൂല്യ പദ്ധതി(പിഎല്‍ഐ)യുടെ ഭാഗമായി രണ്ടു ലക്ഷം കോടി രൂപയുടെ ഇന്‍സെന്‍റീവാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നും. പത്തുമേഖലകളെക്കൂടി പദ്ധതിക്കുകീഴില്‍ കൊണ്ടുവരികയും അധികതുക അനുവദിക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കരാറുകാര്‍ കെട്ടിവയ്‍ക്കേണ്ട തുക മൂന്ന് ശതമാനമായി കുറച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 ശതമാനം ആയിരുന്നു. വീടുകള്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ആദായനികുതി ഇളവും പ്രഖ്യാപിച്ചു.
15,000 രൂപയില്‍ താഴെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ പിഎഫ് വിഹിതം സര്‍ക്കാര്‍ നല്‍കും. 1,000ത്തില്‍ അധികം പേരുള്ള കമ്പനികളിൽ ജീവനക്കാരുടെ വിഹിതം മാത്രം നല്‍കും. നഷ്ടത്തിലായ സംരഭങ്ങള്‍ക്ക് അധിക വായ്‍പ ഗ്യാരണ്ടി പദ്ധതി പ്രഖ്യാപിച്ചു. ഒരുവര്‍ഷം മൊറട്ടോറിയവും നാലുവര്‍ഷത്തെ തിരിച്ചടവ് കാലാവധിയും നല്‍കും. സര്‍ക്കിള്‍ റേറ്റിനും യഥാര്‍ത്ഥ വിലയ്ക്കും ഇടയില്‍ അവകാശപ്പെടാവുന്ന വ്യത്യാസം 10 നിന്ന് 20 ശതമാനമാക്കി. രാസവള സബ്സിഡിക്കായി 65,000 കോടിയും തൊഴിലുറപ്പ് പദ്ധതിക്ക് 10,000 കോടി രൂപയും അനുവദിച്ചു