ചെന്നൈ: കൊവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവച്ചതിന് പിന്നാലെ ഗുരുതര ആരോഗ്യപ്രശ്‌നം ഉണ്ടായെന്ന ആരോപണം ഉന്നയിച്ചെത്തിയ പരാതിക്കാരനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസിന് ഒരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വാക്‌സിന്‍ കുത്തിവച്ചതിന് ശേഷം നാഡീസംബന്ധമായും മറ്റ് ശാരീരിക പ്രയാസങ്ങളും നേരിട്ടെന്നാണ് ചെന്നൈ സ്വദേശിയായ 40 കാരന്‍ ആരോപിച്ചത്. ഇയാള്‍ നഷ്ടപരിഹാരമായി അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു.
ആരോപണം ദുരൂഹത നിറഞ്ഞതാണെന്നും യുവാവിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ വാക്സിന്‍ സ്വീകരിച്ചത് മൂലമുണ്ടായതല്ലെന്ന് ഡോക്ടര്‍മാറടക്കം സാക്ഷ്യപ്പെടുത്തിയിട്ടും പരസ്യമായി രംഗത്തെത്തിയത് ദുരുദ്ദേശത്തോടെയാണെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഒക്ടോബര്‍ ഒന്നിനാണ് ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന സ്ഥാപനത്തില്‍ നിന്ന് ഇയാള്‍ വാക്‌സിന്‍ എടുത്തത്. നിലവില്‍ തന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ദീര്‍ഘകാലം ചികിത്സ നടത്തേണ്ടി വരുമോ എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ വക്കീല്‍ നോട്ടീസ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഇയാളുടെ ആരോഗ്യനിലയെക്കുറിച്ച് സഹതാപമുണ്ടെങ്കിലും വാക്സിനെതിരെ നടത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. നൂറുകോടി രൂപയുടെ മാനനഷ്ടക്കേസിനാണ് കമ്പനി ഒരുങ്ങുന്നത്. അത്തരം അവകാശവാദങ്ങള്‍ ഇനിയും ഉയര്‍ന്നാലും അതിനെയെല്ലാം എതിര്‍ക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകരുടെ സമരം മൂന്നാം ദിവസത്തിലേക്ക്;നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷകർ;ചര്‍ച്ചക്ക് തയാറെന്ന് കേന്ദ്രം
ഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയിലും ഡല്‍ഹി അതിര്‍ത്തിയിലും കര്‍ഷകരുടെ സമരം മൂന്നാം ദിവസത്തിലേക്ക്. ഡല്‍ഹി – ഹരിയാന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.വടക്കന്‍ ഡല്‍ഹി ബുറാഡിയില്‍ സമരത്തിന് സ്ഥലം നല്‍കാമെന്ന പൊലീസ് നിര്‍ദേശം അംഗീകരിച്ച് ഒരു വിഭാഗം കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചിരുന്നു. ജന്തര്‍മന്ദറിലോ, രാംലീല മൈതാനിയിലോ സമരത്തിന് സ്ഥലം നല്‍കണമെന്ന നിലപാടില്‍ ഉറച്ച് വലിയൊരു വിഭാഗം കര്‍ഷകര്‍ ഇപ്പോഴും ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ തുടരുകയാണ്.സമാപന ദിവസമായ ഇന്നും പ്രക്ഷോഭകാരികളെ ഡല്‍ഹിയില്‍ പ്രവേശിപ്പിക്കില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസേനയെയും ഡല്‍ഹി പൊലീസിനെയും അതിര്‍ത്തിയില്‍ ഉടനീളം വിന്യസിച്ചിരിക്കുകയാണ്. റോത്തക്ക് ദേശീയപാതയും കര്‍ണാല്‍ ദേശീയപാതയും ഒഴിവാക്കണമെന്ന് ഹരിയാന പൊലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പഞ്ചാബ് അതിര്‍ത്തി ഹരിയാന സര്‍ക്കാര്‍ ഇന്നും അടച്ചിടും. കടുത്ത ശൈത്യത്തിനിടയിലും പട്യാല-അംബാല ദേശീയപാതയില്‍ അടക്കം കര്‍ഷകര്‍ തുടരുകയാണ്. ഡല്‍ഹിയിലെ ജന്തര്‍ മന്തര്‍, ഇന്ത്യ ഗേറ്റ് പരിസരത്ത് സുരക്ഷാസന്നാഹം ശക്തമാക്കി. അയല്‍ സംസ്ഥാനങ്ങളിലെ നഗരങ്ങളിലേക്ക് ഡല്‍ഹി മെട്രോ ഇന്നും സര്‍വീസ് നടത്തില്ല.മോദി സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക പരിഷ്‌കരണ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ചലോ ദില്ലി മാര്‍ച്ചിന്റെ രണ്ടാം ദിനം വലിയ സംഘര്‍ഷങ്ങള്‍ക്കാണ് വഴിവച്ചത്. ഡല്‍ഹി ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ കര്‍ഷകര്‍ക്ക് നേരെ പൊലീസ് പലതവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. എന്നാല്‍ കര്‍ഷകര്‍ പ്രതിഷേധം ശക്തമായി തുടര്‍ന്നു.ഒരു മാസത്തേക്കുളള ഭക്ഷണ സാധനങ്ങളുമായാണ് കര്‍ഷകര്‍ പ്രക്ഷോഭത്തിനായി എത്തിയത്. സമരം അവസാനിപ്പിക്കണമെന്നും ഡിസംബര്‍ 3ന് ചര്‍ച്ചയാകാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എല്ലാ കര്‍ഷക സംഘടനകളും.
കൊവിഡ് വാക്‌സിന്‍ ഉത്പാദനം നേരിട്ട് വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്ന് പ്രതിരോധ വാക്‌സിന്‍ നിര്‍മാണ ഫാര്‍മ പ്ലാന്റുകള്‍ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി:കോവിഡ് പ്രതിരോധ വാക്സിന്‍ വികസനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരിട്ടറിയുന്നതിനായി രാജ്യത്തെ മൂന്ന് കോവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മാണ ഫാര്‍മ പ്ലാന്റുകള്‍ പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിക്കും. സൈഡസ് കാഡില, ഭാരത് ബയോടെക്ക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്. അഹമ്മദാബാദിനടുത്തുളള പ്രധാന ഫാര്‍മകളിലൊന്നായ സൈഡസ് കാഡിലയുടെ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അറിയിച്ചു.പ്രധാനമന്ത്രി ശനിയാഴ്ച ഗുജറാത്ത് സന്ദര്‍ശിക്കുന്നുണ്ടെന്നും അതിനിടയില്‍ വാക്‌സിന്‍ വികസിപ്പിക്കലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരിട്ടറിയുന്നതിനായി സൈഡസ് കാഡിലയില്‍ സന്ദര്‍ശനം നടത്തുമെന്നുമാണ് നിതിന്‍ പട്ടേല്‍ വെളളിയാഴ്ച അറിയിച്ചത്. അഹമ്മദാബാദ് നഗരത്തിന് സമീപമായുളള ചാങ്കോദര്‍ വ്യാവസായിക മേഖലയിലാണ് സൈഡസ് കാഡിലയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. തങ്ങളുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സികോവ്-ഡിയുടെ ഒന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായെന്നും ഓഗസ്റ്റില്‍ രണ്ടാംഘട്ട ട്രയലുകള്‍ ആരംഭിച്ചതായും സൈഡസ് കാഡില അധികൃതര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഹൈദരാബാദിലെത്തി ഭാരത് ബയോടെക്കില്‍ സന്ദര്‍ശനം നടത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്‍ വികസിപ്പിക്കുന്നത് ഭാരത് ബയോടെക്കാണ്. വൈകീട്ട് 4നും 5നും ഇടയില്‍ പ്രധാനമന്ത്രി ഭാരത് ബയോടെക്കിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് സൈബെറാബാദ് പോലീസ് കമ്മിഷണര്‍ വി.സി.സജ്ജനാര്‍ പറഞ്ഞു. അഹമ്മദാബാദിലെ വാക്‌സിന്‍ പ്ലാന്റ് സന്ദര്‍ശനത്തിന് ശേഷം പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രധാനമന്ത്രി സന്ദര്‍ശിക്കും.നിലവില്‍ അഞ്ച് വാക്‌സിനുകളാണ് ഇന്ത്യയില്‍ അഡ്വാന്‍സ്ഡ് ഘട്ടത്തില്‍ എത്തി നില്‍ക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഓക്‌സഫഡ് വാക്‌സിന്റെ മൂന്നാം ഘട്ടം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഭാരത് ബയോട്ടെക് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചിട്ടേയുള്ളു. സൈഡസ് കഡില രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി. ഡോ.റെഡ്ഡീസ് നടത്തുന്ന റഷ്യയുടെ സ്പുട്‌നിക് V ന്റെ പരീക്ഷണം 2-3 ഘട്ടങ്ങളിലാണ്. ബയോളജിക്കല്‍ ഇ എന്ന വാക്‌സിനാകട്ടെ പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിലാണ്.
ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; അഞ്ചുരോഗികൾ മരിച്ചു
രാജ്‌കോട്ട്:ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീ പിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി വിജയ് രൂപാനി അന്വേഷണത്തിന് ഉത്തരവിട്ടു. വെളളിയാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. മരിച്ചവര്‍ ഐ.സി.യുവിലുണ്ടായിരുന്ന രോഗികളാണെന്നാണ് വിവരം. രാജ്‌കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. രണ്ടാം നിലയിലെ ഐ.സി.യുവിലാണ് തീ പടര്‍ന്നത്. പതിനൊന്ന് പേരാണ് സംഭവസമയത്ത് ഐസിയുവിലുണ്ടായിരുന്നത്.അപകടത്തില്‍ രക്ഷപ്പെട്ട കോവിഡ് രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഓഗസ്റ്റില്‍ അഹമ്മദബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലുണ്ടായ തീ പിടിത്തത്തില്‍ എട്ട് കോവിഡ് രോഗികള്‍ മരിച്ചിരുന്നു.
12 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്;തമിഴ്‌നാട്ടില്‍ ജാഗ്രത നിർദേശം; 7 ജില്ലകളിലെ പൊതു ഗതാഗതം താത്കാലികമായി നിര്‍ത്തി
ചെന്നൈ: കനത്ത മഴ തുടരുന്ന തമിഴ്‌നാട്ടിലും അടുത്ത പ്രദേശങ്ങളിലും അടുത്ത 12 മണിക്കൂറിനുള്ളില്‍ അതി തീവ്ര ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ്. ചെന്നൈ ഉള്‍പ്പടെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതായാണ് ജാഗ്രതാ നിര്‍ദ്ദേശം.പുതുച്ചേരി,ആന്ധ്ര തീരങ്ങളിലും അതീവ ജാഗ്രത തുടരുന്നു. തമിഴ്‌നാട്ടില്‍ ഇന്ന് പൊതു അവധി നല്‍കിയിരിക്കുയാണ്. നിരവധി ട്രെയിന്‍ – വിമാന സര്‍വീസുകള്‍ റദ്ദാക്കി. പുതുച്ചേരിയില്‍ നാളെ വരെ നിരോധനാജ്ഞയാണ്. തീര മേഖലകളില്‍ നിന്ന് പരമാവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.ദേശീയ ദുരന്ത നിവാരണ സേന, നേവി, കോസ്റ്റ് ഗാര്‍ഡ് സേനാംഗങ്ങളേയും ദുരന്ത സാധ്യത മേഖലകളില്‍ വിന്യസിച്ചു കഴിഞ്ഞു.ജനങ്ങളില്‍ ആശങ്ക വേണ്ടെന്നും സുരക്ഷാ മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.വടക്കന്‍ തമിഴ്‌നാട്ടിലെ കടലോര ജില്ലകളില്‍ ക്യാമ്പുകൾ തുറന്നു. തീരമേഖലയില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. ഭക്ഷണവും കുടിവെള്ളവും ഉറപ്പ് വരുത്തിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.ചെന്നൈയില്‍ നിന്നുള്ള സബ്ബര്‍ബന്‍ സര്‍വ്വീസുകള്‍ ഉള്‍പ്പടെ 24 ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ തല്‍ക്കാലത്തേക്ക് റദ്ദാക്കി. ചെന്നൈ ചെങ്കല്‍ പ്പേട്ട് ഉള്‍പ്പടെ ഏഴ് ജില്ലകളില്‍ പൊതുഗതാഗതം വ്യാഴാഴ്ച വരെ നിര്‍ത്തിവച്ചു.ചുഴലിക്കാറ്റ് ജാഗ്രതാ മുന്നറിയിപ്പ് നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ ഫോണില്‍ വിളിച്ച് സുരക്ഷാ മുന്നൊരുക്കങ്ങളെകുറിച്ച് അന്വേഷിക്കുകയും, ആവശ്യമായ കേന്ദ്രസഹായവും ഉറപ്പ് നല്‍കി.അതേസമയം കാരയ്ക്കലില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഒൻപത് ബോട്ടുകള്‍ ഇതുവരെ കണ്ടെത്താനായില്ല.നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് നേരത്തെ വിലക്കിയിരുന്നു. ചൊവ്വാഴ്ചയാണ് ഈ ബോട്ടുകള്‍ കടലിലേക്ക് പോയത്. കാരയ്ക്കലില്‍ നിന്നും പോയ 23 ബോട്ടുകളില്‍ ഈ ഒമ്പതെണ്ണത്തെ മാത്രം ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.ഒൻപത് ബോട്ടുകളിലായി അൻപതിലേറെ മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോയിട്ടുണ്ടെന്നാണ് വിവരം.
ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
ന്യൂഡൽഹി:കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധ രാത്രിമുതല്‍.25ന് രാത്രി 12 മണി മുതല്‍ 26ന് രാത്രി 12 മണിവരെയാണ് പണിമുടക്ക്.10 ദേശീയ സംഘടനയ്‌ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും പണിമുടക്കില്‍ പങ്കുചേരും. കേരളത്തില്‍ ഒന്നരക്കോടിയിലേറെ ജനങ്ങള്‍ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.വ്യാപാര മേഖലയിലും പണിമുടക്കില്‍ പങ്കാളികളായതിനാല്‍ കട കമ്പോളങ്ങൾ അടഞ്ഞുകിടയ്ക്കും. അതേസമയം, ബാങ്ക് ജീവനക്കാരോട് പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. പാല്‍, പത്രം, തിരഞ്ഞെടുപ്പ് ഓഫീസുകള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത്യാവശ്യങ്ങള്‍ക്ക് പോകുന്ന വാഹനയാത്രക്കാരെ പണിമുടക്കില്‍ നിന്നും ഒഴിവാക്കും. ഇന്ന് രാത്രി പന്തം കൊളുത്തി പ്രകടനവും നാളെ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പ്രതിഷേധ സമരവും നടക്കും. ബിഎംഎസ് ഒഴികെയുള്ള ഒട്ടുമിക്ക തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്‌എംഎസ്, എഐയുടിയുസി, ടിയുസിസി, യുടിയുസി, എസ്ടിയു, എല്‍പിഎഫ്, എസ്‌ഇഡബ്ല്യുഎ, എഐസിസിടിയു തുടങ്ങിയ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേല്‍ അന്തരിച്ചു
ഗുരുഗ്രാം:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേല്‍(71) അന്തരിച്ചു.ബുധനഴ്ച പുലര്‍ച്ചെ 3.30 മണിക്ക് ഡെല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായിരുന്നു. മകന്‍ ഫൈസല്‍ പട്ടേലാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്.ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. വീട്ടില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ നവംബര്‍ 15 ഓടെയാണ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവിലായിരുന്നു. ആന്തരികാവയവങ്ങള്‍ തകരാറിലായിരുന്നു.നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നുതവണ ലോക്‌സഭയിലേക്കും അഞ്ചുതവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട പട്ടേല്‍ എഐസിസി ട്രഷററാണ്.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.2004, 2009 വര്‍ഷങ്ങളില്‍ യുപിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതില്‍ മുഖ്യപങ്ക് വഹിച്ച ആളായിരുന്നു.1987-ലാണ് അദ്ദേഹം ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അതിനും മുന്‍പ് 1985-ല്‍ അദ്ദേഹം രാജീവ് ഗാന്ധിയുടെ പാർലമെന്റ് സെക്രട്ടറിയായി നിയമിതനായിരുന്നു. ഗുജറാത്തില്‍ നിന്നും എട്ട് തവണയാണ് അഹമ്മദ് പട്ടേല്‍ പാർലമെന്റിൽ എത്തിയത്. മൂന്ന് തവണ ലോക്സഭയിലൂടേയും അഞ്ച് തവണ രാജ്യസഭയിലൂടേയും. ഗുജറാത്തില്‍ നിന്നും ലോക്സഭയില്‍ എത്തിയ രണ്ടാമത്തെ മുസ്ലീം എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. 2017 ഓഗസ്റ്റിലാണ് ഏറ്റവും ഒടുവില്‍ പട്ടേല്‍ രാജ്യസഭയില്‍ എത്തിയത്.
നവംബര്‍ 26 ലെ ദേശീയ പണിമുടക്കില്‍ ബാങ്കിങ് ജീവനക്കാരും പങ്കെടുക്കും
തിരുവനന്തപുരം:നവംബര്‍ 26 ലെ ദേശീയ പണിമുടക്കില്‍ ബാങ്കിങ് ജീവനക്കാരും പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി). പൊതുമേഖല ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, പുതുതലമുറ ബാങ്കുകള്‍, സഹകരണ-ഗ്രാമീണ ബാങ്കുകള്‍ എന്നിവടങ്ങളിലെ ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചു.ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി), എഐബിഇഎ, എഐബിഇഒ എന്നീ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.ഗ്രാമീണ ബാങ്കിങ് മേഖലകളിലെ യുണൈറ്റഡ് ഫോറം ഓഫ് റീജിയണല്‍ റൂറല്‍ ബാങ്ക് എപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാരും ഓഫിസര്‍മാരും പണിമുടക്കും. ഇതുകൂടാതെ റിസര്‍വ് ബാങ്കില്‍ എഐആര്‍ബിഇഎ, എഐആര്‍ബിഡബ്ല്യു, ആര്‍ബിഇഎ എന്നീ സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം മുതല്‍ ജോലി നഷ്ടപ്പെടല്‍ വരെയാണ് പണിമുടക്കിന് കാരണങ്ങള്‍. ഉപഭോക്താക്കള്‍ക്ക് നിക്ഷേപങ്ങളില്‍ നിലവില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുക, ബാങ്ക് ചാര്‍ജുകള്‍ കുറയ്ക്കുക എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാരിന്റെ സാമ്ബത്തിക വിരുദ്ധ നയങ്ങള്‍, തൊഴിലാളി വിരുദ്ധ തൊഴില്‍ നയങ്ങള്‍, രാജ്യത്തെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ എന്നിവയ്ക്കെതിരെയാണ് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) പണിമുടക്കുന്നതെന്ന് വ്യക്തമാക്കി.
ലഹരിമരുന്ന് ഉപയോഗം;ബോളിവുഡ് താരം ഭാര്‍തി സിങ്ങും ഭർത്താവും അറസ്റ്റിൽ
മുംബൈ: മയക്കുമരുന്ന് ഉപയോഗിച്ച കേസില്‍ പ്രമുഖ ഹാസ്യതാരം ഭാര്‍തി സിങ്ങിന്റെ ഭര്‍ത്താവിനേയും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) അറസ്റ്റ് ചെയ്തു.ശനിയാഴ്ചയാണ് ഭാര്‍തി സിംഗിനെ എന്‍.സി.ബി അറസ്റ്റ് ചെയ്തത്.ഭര്‍ത്താവ് ഹര്‍ഷ് ലിംബാചിയ്യയെയും എന്‍.സി.ബി. കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് 15 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഞായറാഴ്ച രാവിലെയാണ് ഹര്‍ഷ് ലിംബാച്ചിയയെ അറസ്റ്റ് ചെയ്തത്. ഇന്നലെ അവരുടെ മുംബൈയിലെ വസതിയില്‍ എന്‍.സി.ബി നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇരുവരും അറസ്റ്റിലായത്. റെയ്ഡില്‍ വീട്ടില്‍ നിന്ന് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തതായും ഭാര്‍തിയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയയും മയക്കുമരുന്ന് ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ടെന്നും എന്‍.സി.ബി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.ടെലിവിഷന്‍ ചാനലുകളിലെ ഹാസ്യപരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയയാണ് ഭാരതി സിങ്. ബോളിവുഡിലെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി എന്‍.സി.ബി സിനിമാ പ്രവര്‍ത്തകരുടെ വീടുകളിലും ഓഫിസുകളിലും വ്യാപകമായി റെയ്ഡ് നടത്തിവരികയാണ്. നടന്‍ സുശാന്ത് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണമാണ് പിന്നീട് ബോളിവുഡിലെ ലഹരി മാഫിയയിലേക്കുകൂടി നീണ്ടത്.
നവംബര്‍ 26 ലെ ദേശീയ പണിമുടക്ക്;വ്യാപാര സ്ഥാപനങ്ങളും പൊതു ഗതാഗതവും സ്തംഭിക്കും
തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നവംബര്‍ 26ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ വ്യാപാര സ്ഥാപനങ്ങളും പൊതു ഗതാഗതവും സ്തംഭിക്കുമെന്ന് സംയുക്ത സമരസമിതി.ഐ എന്‍ ടി യു സി, സി ഐ ടി യു , എ ഐ ടി യു സി എന്നിവയുള്‍പ്പെടെ പത്തോളം സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.പാല്‍, പത്രം തുടങ്ങിയ അവശ്യ സേവനങ്ങളെ പണിമുടക്ക് ബാധിക്കില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തില്ല.സംസ്ഥാനത്ത് ഒരുകോടി അറുപത് ലക്ഷം പേര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.