കര്‍ഷക സമരത്തില്‍ കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം;കഴിഞ്ഞ യോഗത്തിൽ അംഗീകരിച്ച കര്‍ഷകരുടെ ആവശ്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കി കേന്ദ്രസര്‍ക്കാര്‍

keralanews decisive move from central govt in farmers strike give writing of demands approved in last meeting to farmers

ന്യൂ ഡല്‍ഹി: കര്‍ഷകരുടെ സമരത്തില്‍ നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ അംഗീകരിച്ച കര്‍ഷകരുടെ ആവശ്യങ്ങള്‍ രേഖാമൂലം കര്‍ഷകര്‍ക്ക് എഴുതി നല്‍കി.കര്‍ഷക സംഘടനകളുടെ ആവശ്യപ്രകാരമാണ് തീരുമാനം. കഴിഞ്ഞ യോഗത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ച കര്‍ഷകരുടെ ആവശ്യങ്ങളാണ് രേഖാമൂലം എഴുതി നല്‍കിയിരിക്കുന്നത്. സമരത്തില്‍ സര്‍ക്കാര്‍ എത്രയും പെട്ടന്ന് നിലപാട് വ്യക്തമാക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.പിന്നാലെയാണ് കേന്ദ്രത്തിന്റെ നീക്കം. അതേസമയം പ്രധാനമന്ത്രിയും, കൃഷി മന്ത്രിയുമായി നടത്തിയ യോഗത്തില്‍ പ്രധാനമന്ത്രി സ്വീകരിച്ച നിലപാട് അറിയിക്കണമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ പ്രതിനിധി ആവശ്യപ്പെട്ടു.ചര്‍ച്ചകള്‍ അധികം നീട്ടാതെ തീരുമാനം ഉടന്‍ അറിയിക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.അതിനിടെ കേന്ദ്രസര്‍ക്കാരിനെതിരായ സമരവുമായി മധ്യപ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ ദില്ലി – ആഗ്ര ദേശീയപാത ഉപരോധിക്കുകയാണ്. ഹരിയാനയിലെ പല്‍വലിലാണ് ഉപരോധം. ദില്ലിക്ക് തിരിച്ച മറ്റൊരു സംഘം കര്‍ഷകരെ ഉത്തര്‍പ്രദേശ് പൊലീസ് മഥുരയില്‍ തടഞ്ഞു.

കോവിഡ് വാക്‌സിന്‍; ആദ്യം ലഭിക്കുക ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്

keralanews covid vaccine first give to one crore health workers

ഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിന്‍ ആദ്യം വിതരണം ചെയ്യുക സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ പ്രവർത്തിക്കുന്ന ഒരു കോടിയോളം  ആരോഗ്യപ്രവര്‍ത്തകര്‍ക്ക്. അടുത്ത ഘട്ടത്തില്‍ രണ്ടുകോടിയോളം വരുന്ന കോവിഡ് മുന്നണിപ്പോരാളികള്‍ക്കും വാക്സിന്‍ വിതരണം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച സര്‍വകക്ഷിയോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നുവരുള്‍പ്പടെയുളള ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ ലഭിക്കുക. പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥര്‍, മുനിസിപ്പല്‍ തൊഴിലാളികള്‍, മറ്റ് അവശ്യ തൊഴിലാളികള്‍ എന്നുവരുള്‍പ്പെടുന്ന മുന്നണിപ്പോരാളികള്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ ലഭിക്കുക. മൂന്നാം ഘട്ടത്തില്‍ 27 കോടി മുതിര്‍ന്ന പൗരന്മാരെ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. വാക്സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിതരണത്തിനായി തയ്യാറാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വകക്ഷി യോഗത്തില്‍ അറിയിച്ചിരുന്നു. വാക്സിന്‍ വില സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരുകളുമായി കേന്ദ്രത്തിന്റെ ചര്‍ച്ച തുടരുകയാണെന്നും പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

ബുറേവി ചുഴലിക്കാറ്റ്;തമിഴ്‌നാട്ടിൽ ഒൻപത് മരണം;കേരളത്തിൽ ജാഗ്രത തുടരും

keralanews burevi cyclone nine deaths in tamilnadu alert in kerala

ചെന്നൈ:തമിഴ്‌നാട്ടിൽ ആഞ്ഞടിച്ച ബുറേവി ചുഴലിക്കാറ്റിൽ ഒൻപത് മരണം.കടലൂരും ചിദംബരത്തും കടല്‍ക്ഷോഭം രൂക്ഷമായി. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. പുതുച്ചേരി തീരത്തും മഴ ശക്തമായി. കടലൂര്‍, ചെന്നൈ, പുതുക്കോട്ട, കാഞ്ചീപുരം എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കടലൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു വീണാണ് അമ്മയും മകളും മരിച്ചത്. ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. കടലൂരില്‍ മരം വീണും ഒരു യുവതി മരിച്ചു. പുതുക്കോട്ടയില്‍ വീട് തകര്‍ന്ന് ഒരു സ്ത്രീ മരിച്ചു. ചെന്നൈയില്‍ വെള്ളക്കെട്ടില്‍ നിന്ന് വൈദുതാഘാതമേറ്റ് ഒരു യുവാവും തഞ്ചാവൂരില്‍ 40 വയസുള്ള സ്ത്രീയും മരിച്ചു. കാഞ്ചീപുരത്ത് വെള്ളത്തില്‍വീണ്് മൂന്ന് പെണ്‍കുട്ടികളും മരിച്ചു. മാന്നാര്‍ കടലിടുക്കില്‍ എത്തിയ അതിതീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 24 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി തുടരുകയാണ്. നിലവില്‍ രാമനാഥപുരത്ത് നിന്ന് 40 കിലോമീറ്റര്‍ ദൂരത്തിലും, പാമ്ബനില്‍ നിന്നും 70 കിലോമീറ്റര്‍ ദൂരത്തിലുമാണ് ബുറേവിയുടെ സ്ഥാനം.അതേസമയം, കാറ്റിന്റെ തീവ്രത കുറഞ്ഞതിനാല്‍ കേരളത്തിൽ ആശങ്കയൊഴിഞ്ഞു. എങ്കിലും ജാഗ്രത തുടരും. കേരളത്തിലെത്തും മുൻപ് കാറ്റിന്റെ വേഗത മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിലോമീറ്റര്‍ മാത്രമായി മാറാനാണ് സാധ്യത. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്.ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രാത്രിയില്‍ തിരുവനന്തപുരം ഉള്‍പെടെ പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു.  മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം തുടരും.ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ തിരിച്ച്‌ വീടുകളിലേക്ക് അയക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.

ചർച്ച ഫലം കണ്ടില്ല;കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന നിലപാടിലുറച്ച് കര്‍ഷകര്‍; നാളെ വീണ്ടും യോഗം

keralanews meeting failed farmers demand withdrawal of agricultural law meeting again tomorrow

ന്യൂഡൽഹി:കാർഷിക ബില്ലിനെതിരെ സമരം നടത്തുന്ന കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പരാജയം.നിയമം പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചു നിൽക്കുകയാണ് കർഷകർ.കേന്ദ്ര മന്ത്രിമാരുമായി നടന്ന ചര്‍ച്ചയില്‍ കര്‍ഷകര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൂന്ന് നിയമങ്ങളിലും ഭേദഗതി വരുത്താമെന്നും മിനിമം താങ്ങുവില ഉറപ്പുവരുത്തുന്ന നിയമം കൊണ്ട് വരാമെന്നുമാണ് സർക്കാരിന്റെ നിലപാട്. ശനിയാഴ്ച്ച ഇതുമായി ബന്ധപ്പെട്ട് വീണ്ടും യോഗം ചേരാനാണ് തീരുമാനം. നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന കര്‍ഷകര്‍ വെള്ളിയാഴ്ച്ച ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ നിലപാട് ആരായുമെന്നും ഇത് നിരസിച്ചാല്‍ നാളത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്നും അറിയിച്ചു. വെള്ളിയാഴ്ച്ച കര്‍ഷകര്‍ക്കിടയില്‍ നടക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.കര്‍ഷകര്‍ക്ക് നിയമപരമായ അവകാശങ്ങള്‍ നല്‍കുന്നത് പരിഗണിക്കുമെന്നും മിനിമം താങ്ങു വില തുടരുമെന്നും ഇന്നലെ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞിരുന്നു. പരാതികള്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് പകരം കോടതികളില്‍ പരിഗണിക്കണമെന്ന കര്‍ഷകരുടെ ആവശ്യവും സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നു കൂട്ടിച്ചേര്‍ത്തു. റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍, കേന്ദ്ര സഹമന്ത്രി സോം പ്രകാശ് തുടങ്ങിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.കഴിഞ്ഞ എട്ട് ദിവസത്തിലേറെയായി വിവിധ ഇടങ്ങളില്‍ കര്‍ഷക പ്രതിഷേധം തുടരുകയാണ്. ഡല്‍ഹിയിലേക്കുള്ള നാല് സുപ്രധാന വഴികളായ സിംഗു, നോയിഡ, ഖാസിപൂര്‍, തിക്രി എന്നിവിടങ്ങളിൽ കര്‍ഷകര്‍ പ്രതിഷേധം നടത്തുന്നുണ്ട്.

കൊവിഡ് പ്രതിരോധം;പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

keralanews covid resistance all party meeting called by prime minister held today

ന്യൂഡൽഹി:രാജ്യത്തെ കൊവിഡ് 19 പ്രതിരോധം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി വിളിച്ച  സര്‍വകക്ഷിയോഗം ഇന്ന് ചേരുമെന്ന് റിപ്പോര്‍ട്ട്.രാജ്യസഭയിലും ലോക്സഭയിലും ഉള്ള പാര്‍ട്ടി നേതാക്കള്‍ രാവിലെ 10.30 ന് ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കും.പത്ത് എംപിമാരില്‍ കൂടുതലുള്ള പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് മാത്രമാണ് യോഗത്തിലേക്ക് ക്ഷണമുള്ളത്. യോഗത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ എന്നിവരും പങ്കെടുക്കും.കൊവിഡ് സാഹചര്യം, വാക്സിന്‍ വിതരണം എന്നിവ  സംബന്ധിച്ച കാര്യങ്ങള്‍ ആകും യോഗത്തില്‍ ചര്‍ച്ചചെയ്യുക.രാജ്യത്തെ വാക്സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലാബുകളില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് സര്‍വകക്ഷി യോഗം ചേരുന്നത്.

ഹൈദരാബാദ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ തുടങ്ങി;ആദ്യഫലസൂചനകള്‍ ബി.ജെ.പിക്ക് അനുകൂലം

keralanews hyderabad corporation election vote counting started bjp is leading

ഹൈദരാബാദ്:ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. ആദ്യഫലസൂചനകള്‍ ബി.ജെ.പിക്ക് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ട്. പത്ത് സീറ്റുകളിലാണ് ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നത്. ടി.ആര്‍.എസ്  നാലു സീറ്റുകളിലും മുന്നേറുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തിലാകെ 15 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. സിആര്‍പിഎഫിനെയും പൊലിസിനെയും വിന്യസിച്ച്‌ നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. 46.6 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്.ആകെയുള്ള 150 വാര്‍ഡുകളില്‍ 100 വാര്‍ഡിലും ടിആര്‍എസ് ബിജെപി നേര്‍ക്കുനേര്‍ പോരാട്ടമാണ്. എഐഎംഐഎം 51 സീറ്റുകളിലേ മത്സരിക്കുന്നുള്ളൂ.കൊവിഡ് പശ്ചാത്തലത്തില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുപകരം ബാലറ്റ് പേപ്പറാണ് വോട്ടിംഗിനായി ഉപയോഗിച്ചത്. അതിനാല്‍ ഔദ്യോഗിക ഫല പ്രഖ്യാപനം വൈകിയേക്കും.

കര്‍ഷക പ്രക്ഷോഭം എട്ടാം ദിവസത്തിലേക്ക്;ഇന്ന് വീണ്ടും ചര്‍ച്ച

keralanews farmers strike enters to 8th day govt to hold meet today

ന്യൂഡൽഹി:കാർഷിക ബില്ലിനെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭം എട്ടാം ദിവസത്തിലേക്ക് കടന്നു.സമരം ശക്തമായതോടെ ഡല്‍ഹി അതിര്‍ത്തി പ്രദേശങ്ങളിലെ ഗതാഗതം സംവിധാനം താറുമാറായി. ഇതേതുടര്‍ന്ന് ഡല്‍ഹി ട്രാഫിക് പൊലീസ് ജനങ്ങളോട് യാത്രക്കായി ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.പ്രതിഷേധം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ രാജ്യതലസ്ഥാനം പൂര്‍ണമായും സ്തംഭിച്ചു. ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ തിക്രിയിലും ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂര്‍, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും കര്‍ഷകരുടെ സമരം തുടരുകയാണ്. ഇന്ന് കേന്ദ്രവുമായി നടത്തുന്ന ചര്‍ച്ചയില്‍ 35 കര്‍ഷക സംഘടനകള്‍ പങ്കെടുക്കും. കഴിഞ്ഞദിവസം കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. കാര്‍ഷിക വിരുദ്ധ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക നേതാക്കള്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.പ്രശ്നം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നായിരുന്നു കേന്ദ്രം മുന്നോട്ടുവെച്ച നിര്‍ദേശം. എന്നാല്‍, വിദഗ്ധ സമിതിയെ നിയോഗിക്കേണ്ട സമയമല്ല ഇതെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനം ചേരണമെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തലസ്ഥാനത്തെ മറ്റ് റോഡുകള്‍ ഉപരോധിക്കുമെന്നും അവര്‍ പറഞ്ഞു.അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ ഇന്ന് സന്ദര്‍ശിക്കും. കര്‍ഷകരുമായുള്ള കേന്ദ്ര സര്‍ക്കാര്‍ ചർച്ചയ്ക്ക് മുൻപാണ് സന്ദര്‍ശനം നടത്തുക.കര്‍ഷകപ്രക്ഷോഭത്തിന് െഎക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ചരക്കുനീക്കം സ്തംഭിപ്പിക്കുമെന്ന് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് (എ.ഐ.എം.ടി.സി) മുന്നറിയിപ്പ് നല്‍കിയിരുന്നു.ഡിസംബര്‍ എട്ടു മുതല്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പണിമുടക്കും.

ചർച്ച ബഹിഷ്‌കരിച്ച്‌ കർഷക സംഘടനകൾ;മുഴുവന്‍ സംഘടനകളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചില്ലെന്ന് ആരോപണം

keralanews farmers will boycott discussion alleged that the entire organization was not invited to the discussion

ന്യുഡല്‍ഹി:കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ച്‌ ആറാം ദിവസത്തേക്ക് കടന്നു. കര്‍ഷകരെ സര്‍ക്കാര്‍ ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലാണ് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് കമ്മിറ്റി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 500ല്‍ ഏറെ കര്‍ഷക സംഘടനകളാണ് പ്രതിഷേധം നടത്തുന്നത്. ഇതില്‍ 32 സംഘടനകളെ മാത്രമാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. രാജ്യത്തെ എല്ലാ സംഘടനകളെയും ചര്‍ച്ചയ്ക്ക് വിളിക്കുന്നത് വരെ ചര്‍ച്ചയ്ക്കില്ലെന്നാണ് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി സുഖ്‌വിന്ദര്‍ എസ്. സബ്രാന്‍ പറഞ്ഞു. വൈകിട്ട് മൂന്നിനാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.ഡല്‍ഹി -ഹരിയാന അതിര്‍ത്തിയില്‍ 500ഓളം കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. സമരം ആറാം ദിവസത്തിേലക്ക് കടക്കുമ്പോഴും പിന്നോട്ടില്ലെന്ന നിലപാടിലാണ് കർഷകർ.ആവശ്യം നേടിയെടുത്തതിന് ശേഷം മാത്രമേ സമരം അവസാനിപ്പിക്കുവെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. ഡല്‍ഹിയിലേക്കുള്ള എല്ലാ അതിര്‍ത്തി പാതകളും ഉപരോധിച്ച്‌ സമരം ചെയ്യാനുള്ള നീക്കത്തിലാണ് കര്‍ഷകര്‍.ഉപാധികളില്ലാതെ ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയാറാണെന്ന് ബി.കെ.യു നേതാവ് ജോഗീന്ദര്‍ സിംഗ് അടക്കമുള്ള പ്രധാന നേതാക്കളെ ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണില്‍ വിളിച്ച്‌ അറിയിക്കുകയായിരുന്നു. നേരത്തെ ഡല്‍ഹി നിരങ്കാരി മൈതാനത്തേക്ക് സമരം മാറ്റിയാല്‍ ഡിസംബര്‍ മൂന്നിന് മുന്‍പ് ചര്‍ച്ചയ്ക്ക് തയാറാണെന്നായിരുന്നു അമിത് ഷാ അറിയിച്ചത്.ഈ നിര്‍ദ്ദേശം ഞായറാഴ്ച കര്‍ഷകര്‍ തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയുടെ വസതിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ എന്നിവര്‍ ചര്‍ച്ച നടത്തിയാണ് ഉപാധികളില്ലാതെ ചര്‍ച്ചയ്ക്ക് തീരുമാനമെടുത്തത്.

പ്രക്ഷോഭത്തിനിടെ കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച്‌ പ്രധാനമന്ത്രി;കര്‍ഷകരുമായി നാളെ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍

keralanews during agitation prime minister again justified agricultural laws govt ready to hold talks with farmers tomorrow

ന്യൂഡൽഹി:കർഷകരുടെ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ പുതിയ കാർഷിക നിയമങ്ങളെ ന്യായീകരിച്ച്‌ പ്രധാനമന്ത്രി.തന്റെ ലോക്‌സഭാ മണ്ഡലമായ വാരാണസിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നിയമങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കോടിക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ പ്രക്ഷോഭം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ നിലപാട്.പതിറ്റാണ്ടുകള്‍ നീണ്ട തെറ്റായ നടപടികള്‍ കാരണം കര്‍ഷകരുടെ മനസ്സില്‍ തെറ്റിദ്ധാരണയുണ്ടെന്ന് തനിക്കറിയാം. ഗംഗാ ദേവിയുടെ കരയില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. വഞ്ചിക്കണമെന്ന ഉദ്ദേശ്യം തങ്ങള്‍ക്കില്ല. ഗംഗാ നദിയിലെ ജലം കണക്കെ പരിശുദ്ധമാണ് തങ്ങളുടെ ഉദ്ദേശ്യങ്ങളെന്നും മോദി പറഞ്ഞു.മുൻപുള്ള സംവിധാനമാണ് ശരിയെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് ആരെയും ഈ നിയമം തടയുന്നില്ല.പരമ്പരാഗത മണ്ഡികളെയും സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയെയും പുതിയ തുറന്ന വിപണി സംവിധാനം ഇല്ലാതാക്കുമെന്ന് അര്‍ഥമില്ലെന്നും മോദി പറഞ്ഞു.രാജ്യത്തിനകത്തും പുറത്തുമുള്ള വിപണികളിലേക്ക് കര്‍ഷകര്‍ക്ക് പ്രവേശനം ലഭ്യമാക്കുന്നതാണ് പുതിയ നിയമങ്ങള്‍. കര്‍ഷകര്‍ക്ക് പുതിയ സാധ്യതകളും സുരക്ഷയും നല്‍കുന്നതാണ് ഇതെന്നും മോദി ന്യായീകരിച്ചു.എന്നാൽ നിയമം പിന്‍വലിക്കും വരെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന ശക്തമായ നിലപാടിലാണ് കര്‍ഷകര്‍.അതിനിടെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി നാളെ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചര്‍ച്ചക്കുള്ള വേദി ഉടന്‍ തീരുമാനിക്കും. കർഷക പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തിയതോടെയാണ് ബിജെപി തിരക്കിട്ട് ഉന്നതതല യോഗം ചേര്‍ന്നത്. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ വസതിയിലായിരുന്നു യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.സമരം നീണ്ടുപോകുന്നത് ഡൽഹിയിൽ ഭക്ഷ്യക്ഷാമത്തിന് ഇടയാക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്.