ആയുർവേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി;ഇന്ന് അലോപ്പതി ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്;ദുരിതത്തിലായി രോഗികൾ

keralanews permission for doing surgery to ayurveda doctors nationwide strike by allopathic doctors today
തിരുവനന്തപുരം:ആയുര്‍വേദ ഡോക്‌ടര്‍മാര്‍ക്ക് വിവിധ ശസ്ത്രക്രിയകള്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ ഉത്തരവില്‍ പ്രതിഷേധിച്ച്‌ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ അലോപ്പതി ഡോക്‌ടര്‍മാർ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. ഐഎംഎയുടെയും കെജിഎംസിടിഎയുടെയും നേതൃത്വത്തിലാണ് സമരം. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഒ.പി ബഹിഷ്കരണം. 11 മണിക്ക് രാജ്ഭവന് മുന്നില്‍ ഡോക്ടര്‍മാര്‍ ധര്‍ണ നടത്തും.ആയുർവേദ പോസ്റ്റ് ഗ്രാജുവേറ്റുകള്‍ക്ക് വിവിധ തരം ശസ്ത്രക്രിയകൾ ചെയ്യാമെന്ന സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിന്‍റെ ഉത്തരവിനെതിരെയാണ് പ്രതിഷേധം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഒപി ബഹിഷ്കരണം. കോവിഡ്, അത്യാഹിത ചികിത്സാ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ചെയ്യില്ല. സ്വകാര്യ പ്രാക്ടിസും ഉണ്ടാകില്ല. ആയുർവേദ ഡോക്ടർമാർക്ക്, ശസ്ത്രക്രിയക്ക് അനുമതി നൽകുന്നത് പൊതുജനാരോഗ്യത്തിന് എതിരാണെന്നാണ് ഐഎംഎയുടെ നിലപാട്. സമരം കിടത്തി ചികിത്സയെ ബാധിക്കില്ല . കോവിഡ് ആശുപത്രികളും പ്രവര്‍ത്തിക്കും.അതേസമയം സമരത്തിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത് വന്നിട്ടുണ്ട്. ഇന്ന് ആയുർവേദ സംഘടനകളുടെ നേതൃത്വത്തിൽ ആരോഗ്യ സംരക്ഷണ ദിനം ആചരിക്കുമെന്ന് അറിയിച്ചു. അതിന്‍റെ ഭാഗമായി ഇന്ന് പരിശോധന സമയം വര്‍ധിപ്പിക്കും.

കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ 2 മാസത്തേക്ക് മദ്യപിക്കരുതെന്ന് മുന്നറിയിപ്പ്

keralanews not to drink alcohol for 2 months after receiving covid vaccine

ന്യൂഡൽഹി:കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് പൂര്‍ണ്ണമായും മദ്യപാനം ഉപേക്ഷിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. സ്പുട്നിക് 5 വാക്സിന്‍ എടുത്ത ശേഷം രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു.റഷ്യൻ ഉപപ്രധാനമന്ത്രി ടാറ്റിയാന ഗോലിക്കോവയാണ് മുന്നറിയിപ്പ് നല്‍കിയത്. ശരീരത്തിൽ വാക്സിൻ പ്രവര്‍ത്തിക്കുന്നതുവരെ ജനങ്ങള്‍ സുരക്ഷിതമായി തുടരാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും മുൻകരുതലുകളും അദ്ദേഹം പുറപ്പെടുവിച്ചു. ഇത് 42 ദിവസം തുടരണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വാക്സിനെടുത്തു കഴിഞ്ഞാല്‍ പഴയ പോലെ തന്നെ തിരക്കേറിയ ഇടങ്ങള്‍ ഒഴിവാക്കണം, മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. മദ്യവും രോഗപ്രതിരോധ മരുന്നുകളും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കോവിഡിനെതിരായി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് മദ്യം കുറയ്ക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ആരോഗ്യമുള്ളവരായി ഇരിക്കാന്‍ സ്വയം ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സമരം കൂടുതല്‍ ശക്തമാക്കി കര്‍ഷകര്‍; രാജ്യവ്യാപകമായി ബി.ജെ.പി ഓഫീസുകൾ ഉപരോധിക്കാൻ നീക്കം

keralanews farmers intensify strike move to blockade bjp offices across the country

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി ബി.ജെ.പി ഓഫിസുകള്‍ ഉപരോധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു.ബി.ജെ.പി നേതാക്കളുടേയും ജനപ്രതിനിധികളുടേയും വീടുകള്‍ ഉപരോധിക്കുമെന്നും കരിങ്കൊടി കാട്ടുമെന്നും കര്‍ഷകര്‍ അറിയിച്ചു.ഡിസംബര്‍ 12ന് ഡല്‍ഹി-ജയ്പൂര്‍, ദല്‍ഹി-ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കുമെന്നും ഡിസംബര്‍ 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ഷക സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.ഡിസംബര്‍ 12ന് എല്ലാ ടോള്‍ പ്ലാസകളിലെയും ടോള്‍ ബഹിഷ്‌കരിക്കാനും സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.സമരപരിപാടികളുടെ ഭാഗമായി രാജ്യത്തെ കോര്‍പ്പറേറ്റ് കമ്പനികളുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു. ജിയോ അടക്കമുള്ള റിലയന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കും. കോര്‍പ്പറേറ്റുകള്‍ക്കെതിരെയുള്ള സമരം ശക്തമാക്കും. കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രം രേഖാമൂലം നല്‍കിയ നിര്‍ദേശങ്ങള്‍ കാര്‍ഷിക സംഘങ്ങള്‍ ഏകകണ്ഠമായി തള്ളിയതിന് പിന്നാലെയാണ് കര്‍ഷകര്‍ ദേശീയ പ്രക്ഷോഭം പ്രഖ്യാപിച്ചത്.

നിയമത്തില്‍ താങ്ങുവിലയുടെ കാര്യത്തില്‍ രേഖാമൂലം ഉറപ്പുനല്‍കുന്നത് അടക്കമുള്ള ദേദഗതി നിര്‍ദേശങ്ങളാണ് ഇന്നലെ സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. കരാര്‍കൃഷി തര്‍ക്കങ്ങളില്‍ കര്‍ഷകന് നേരിട്ട് കോടതിയെ സമീപിക്കാന്‍ അവകാശം നല്‍കും, ഭൂമിയുടെ ഉടമസ്ഥാവകാശം കര്‍ഷകനില്‍ നിലനിര്‍ത്തും, സ്വകാര്യ, സര്‍ക്കാര്‍ ചന്തകളുടെ നികുതി ഏകീകരിക്കും, സര്‍ക്കാര്‍ ചന്തകള്‍ നിലനിര്‍ത്താനും ശക്തിപ്പെടുത്താനും വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തും, സ്വകാര്യമേഖലയെ നിയന്ത്രിക്കും തുടങ്ങിയവയാണ് കേന്ദ്രം മുന്നോട്ടുവച്ച ഫോര്‍മുലയിലുള്ളത്. കേന്ദ്രമന്ത്രിമാരായ അമിത്ഷായും പിയൂഷ് ഗോയലുമാണ് അനുരഞ്ജന ഫോര്‍മുല തയാറാക്കി കര്‍ഷകര്‍ക്ക് നല്‍കിയത്. എന്നാല്‍, ഇത് കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സംഘടനകള്‍ വിലയിരുത്തി. ചൊവ്വാഴ്ച രാത്രി ആഭ്യന്തര മന്ത്രി അമിത്ഷാ കര്‍ഷകനേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്നലെ നിശ്ചയിച്ചിരുന്ന ചര്‍ച്ച വേണ്ടെന്നുവച്ചു. അതിനുപിന്നാലെയാണ് അമിത്ഷാ ഫോര്‍മുല എഴുതിത്തയാറാക്കി സമരക്കാര്‍ക്ക് സമര്‍പ്പിച്ചത്.

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ഉറച്ച്‌ കേന്ദ്രം;കേന്ദ്ര സര്‍ക്കാരുമായി ഇന്ന് നടക്കുന്ന ആറാംവട്ട ചര്‍ച്ചയില്‍ നിന്ന് കര്‍ഷക സംഘടനകള്‍ പിന്മാറി

keralanews center not ready to withdraw controversial agriculture laws farmers withdraw withdraw from sixth round of talks with central government today

ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാരുമായി ഇന്ന് നടക്കുന്ന ആറാംവട്ട ചര്‍ച്ചയില്‍ നിന്ന് കര്‍ഷക സംഘടനകള്‍ പിമാറി. കര്‍ഷക സംഘടനകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതികള്‍ എഴുതി നല്‍കാമെന്നുമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കര്‍ഷക സംഘടന നേതാക്കളുമായുള്ള ചര്‍ച്ചയില്‍ അറിയിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചൊവ്വാഴ്ച വൈകീട്ട് 15-ഓളം കര്‍ഷക സംഘടനാ നേതാക്കളാണ് ചര്‍ച്ച നടത്തിയത്. കാര്‍ഷിക നിയമങ്ങളിലെ ന്യായീകരണങ്ങള്‍ കേന്ദ്രം ആവര്‍ത്തിച്ചതിനാല്‍ വിഷയത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു. ഇതോടെ ബുധനാഴ്ചത്തെ ചര്‍ച്ചയില്‍ നിന്ന് കര്‍ഷക സംഘടനകള്‍ പിന്മാറി. ഇന്ന് സംഘടനകള്‍ യോഗം ചേരും. ചൊവ്വാഴ്ച അമിത് ഷായുടെ വസതിയിലാണ് ആദ്യം ചര്‍ച്ച നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് വേദി മാറ്റി. കൃഷിമന്ത്രാലയത്തിനു കീഴിലെ പുസ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് ചര്‍ച്ചയുടെ വേദി മാറ്റിയത്. കാര്‍ഷിക നിയമം പിന്‍വലിച്ചുള്ള ഒത്തുതീര്‍പ്പ് ആലോചിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അഞ്ച് ഉറപ്പുകള്‍ എഴുതി നല്‍കാമെന്ന് അമിത് ഷാ വ്യക്തമാക്കി. കഴിഞ്ഞ ചര്‍ച്ചയിലും ഇതേ നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്ന് പറഞ്ഞ കര്‍ഷകര്‍ നിയമം പിന്‍വലിക്കുമോ ഇല്ലേയെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ഇത് നടക്കാതെ വന്നതോടെയാണ് ഇന്നത്തെ ചര്‍ച്ചയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം.തുടര്‍ നീക്കം ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ 12 മണിക്ക് യോഗം ചേരും. ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗവും വിഷയം ചര്‍ച്ച ചെയ്യും. അതേസമയം, കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിക്കും. വൈകിട്ട് അഞ്ചിനാണ് പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ നേതാവ് ടിആര്‍ ബാലു, എന്‍സിപി നേതാവ് ശരദ്പവാര്‍ തുടങ്ങിയവര്‍ പ്രതിനിധി സംഘത്തിലുണ്ടാകും. 11 പാര്‍ട്ടികളാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. എന്നാല്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് അഞ്ചുപേര്‍ക്കാണ് അനുമതി നല്‍കിയത്.

‘പോളിസി ഓണ്‍ സ്‌കൂള്‍ ബാഗ് 2020’;സ്‌കൂള്‍ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള നയം പ്രഖ്യാപിച്ച്‌ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

keralanews policy on school bag 2020 central department of education has announced a policy to adjust the weight of school bags

ന്യൂഡൽഹി:സ്കൂൾ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള ‘പോളിസി ഓണ്‍ സ്‌കൂള്‍ ബാഗ് 2020’ നയം പ്രഖ്യാപിച്ച്‌ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്.ബാഗുകളുടെ പരമാവധി ഭാരം അഞ്ച് കിലോ ആയി നിജപ്പെടുത്തി. കുട്ടികളുടെ ഭാരത്തിന്റെ പത്തിലൊന്ന് മാത്രമേ പുസ്തകവും ഭക്ഷണവും അടങ്ങിയ ബാഗിന് ഉണ്ടാകാവൂ.രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ ബാഗിന്റെ ഭാരം 2.2 കിലോ ആയിരിക്കണം. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ ബാഗിന്റെ പരമാവധി ഭാരമായി നിശ്ചയിച്ചത് 2.5 കിലോയാണ്. ആറ്- ഏഴ് ക്ലാസുകളില്‍ സ്‌കൂള്‍ ബാഗിന്റെ പരമാവധി ഭാരം 4 കിലോ ആക്കിയിട്ടുണ്ട്. എട്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ സ്‌കൂള്‍ ബാഗിന് 4.5 കിലോ വരെ ഭാരം ആകാവൂ. 10 മുതല്‍ 12 വരെ ക്ലാസുകളില്‍ സ്‌കൂള്‍ ബാഗിന്റെ പരമാവധി ഭാരം അഞ്ച് കിലോ ആക്കിയിട്ടുണ്ട്.

നിയമം പാലിക്കാനുള്ള ബാദ്ധ്യത സ്‌കൂള്‍ അധികൃതര്‍ക്കാണ്. രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഗൃഹപാഠം ഒഴിവാക്കാനും കര്‍ശന നിയമം വരും. എല്ലാ ക്ലാസുകളിലും ഗൃഹപാഠം പരമാവധി ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. 10-12 ക്ലാസുകാര്‍ക്ക് രണ്ട് മണിക്കൂറിനുള്ളില്‍ ചെയ്യാവുന്ന ഹോം വര്‍ക്കേ നല്‍കാവൂ. 3-6 ക്ലാസുകള്‍ക്ക് ആഴ്ചയില്‍ രണ്ട് മണിക്കൂര്‍ ഹോം വര്‍ക്കേ നല്‍കാവൂ. 6-8 വരെയുള്ള ക്ലാസുകളില്‍ ദിവസേന ഒരു മണിക്കൂര്‍ വീതമുള്ള ഹോം വര്‍ക്കും. കൂടാതെ സ്കൂളുകളില്‍ ലോക്കര്‍ സ്ഥാപിക്കാനും ഡിജിറ്റല്‍ ഭാരമളക്കല്‍ ഉപകരണം സ്ഥാപിക്കാനും നയത്തില്‍ ഉദ്ദേശിക്കുന്നു. കൂടാതെ ട്രോളി ബാഗ് ഒഴിവാക്കാനും നിര്‍ദേശമുണ്ട്.

ആന്ധ്രാപ്രദേശിനെ ഭീതിയിലാഴ്ത്തിയ അജ്ഞാത രോഗത്തിനു പിന്നില്‍ കീടനാശിനിയിലെ രാസവസ്തുവെന്ന് പ്രാഥമിക നിഗമനം;കൊതുകു നശീകരണിയെയും സംശയം

keralanews primary conclusion that pesticide chemical was behind the unknown disease in andrapradesh suspected mosquito repellent also

ഹൈദരാബാദ്: ആന്ധ്രാപ്രദേശിനെ ഭീതിയിലാഴ്ത്തിയ അജ്ഞാത രോഗത്തിനു പിന്നില്‍ കീടനാശിയിലെ രാസവസ്തുവെന്ന് സൂചന. ഇക്കാര്യം പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് മെഡിക്കല്‍, ശാസ്ത്ര വിദഗ്ധര്‍ പറഞ്ഞു.കീടനാശിനിയിലും മറ്റുമുള്ള ഓര്‍ഗാനോക്ലോറിന്‍ ഘടകമാണോ ആളുകള്‍ കുഴഞ്ഞുവീഴുന്ന രോഗത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. കാര്‍ഷിക രംഗത്ത് ഉപയോഗിക്കുന്ന കീടനാശിനികളിലും കൊതുകു നശീകരണികളിലും ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എളൂരുവില്‍ കണ്ട അജ്ഞാ തോഗത്തിനു പിന്നില്‍ ഇതാണെന്നു സംശയിക്കുന്നതായി വിദഗ്ധരെ ഉദ്ധരിച്ച്‌ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.രോഗകാരണം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രദേശത്തുനിന്നുള്ള വെള്ളത്തിന്റെയും പാലിന്റെയും സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഘനലോഹത്തിന്റെ അംശം ഇവയില്‍ ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്.അതിനിടെ, അജ്ഞാത രോഗം ബാധിച്ച്‌ ചികിത്സ തേടിയവരുടെ എണ്ണം 450 കടന്നു. രോഗലക്ഷണങ്ങള്‍ കാണിച്ച 45 കാരന്‍ വിജയവാഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.ആന്ധ്രാപ്രദേശിലെ എലുരുവിലാണ് കുട്ടികള്‍ അടക്കം നിരവധിപ്പേര്‍ക്ക് ഒരേസമയം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുഴഞ്ഞുവീണ ആളുകളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപസ്മാരം, തലവേദന, ഛര്‍ദി എന്നി ലക്ഷണങ്ങളാണ് രോഗികള്‍ പ്രകടിപ്പിച്ചത്. ഞായറാഴ്ച മുതലാണ് ജനങ്ങള്‍ ചികിത്സ തേടി ആശുപത്രിയില്‍ എത്തിയത്.

കര്‍ഷക സമരം പതിമൂന്നാം ദിവസത്തിലേക്ക്;ഇന്ന് ഭാരത ബന്ദ്;കേരളത്തെ ഒഴിവാക്കി

keralanews farmers strike on 13th day bharath bandh today kerala excluded

ന്യൂഡൽഹി: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത്ബന്ത് ഇന്ന്.രാജ്യവ്യാപകമായി റോഡുകളും ടോള്‍ പ്ലാസകളും ഉപരോധിക്കും. പൊതുഗതാഗതം, ചരക്കു നീക്കം, ബാങ്കിംഗ് തുടങ്ങിയ മേഖലകളെ ബന്ദ് ബാധിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തെ ബന്ദിൽ ഇന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ക്രമസമാധാനം ഉറപ്പുവരുത്താനും പൊതുമുതല്‍ സംരക്ഷിക്കാനും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസും സി.പി.എമ്മും അടക്കം 25 രാഷ്ട്രീയകക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ച ബന്ദിൽ ബി.ജെ.പി സഖ്യകക്ഷികളായ അസം ഗണപരിഷത്, രാജസ്ഥാനിലെ ആര്‍.എല്‍.പി എന്നിവയും പങ്കെടുക്കുന്നുണ്ട്.പത്തോളം പ്രതിപക്ഷ ട്രേഡ് യൂണിയനുകളും വിവിധ വിദ്യാര്‍ത്ഥി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘപരിവാര്‍ സംഘടനയായ ഭാരതീയ കിസാന്‍ സംഘ് പങ്കെടുക്കില്ല. കോണ്‍ഫെഡറേഷന്‍ ഒഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സും പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി കേന്ദ്രസര്‍ക്കാര്‍ നാളെ കര്‍ഷക നേതാക്കളുമായി ആറാം വട്ട ചര്‍ച്ച നടത്തും. അതിനു മുന്‍പ് പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദ്ദേശം രേഖാമൂലം കര്‍ഷക സംഘടനകള്‍ക്ക് കൈമാറും.നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്താമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്ന കടുംപിടുത്തത്തിലാണ് കര്‍ഷകര്‍. താങ്ങുവില എടുത്ത് കളയുന്ന നയങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.

രാജ്യത്ത് ഇന്ധനവില കുതിക്കുന്നു;പെട്രോള്‍ വില 85 കടന്നു, ഡീസല്‍ വില 80ന് അടുത്തെത്തി

keralanews fuel price increasing in the state petrol price croses 85 rupees diesel price near 80 rupees

കൊച്ചി:രാജ്യത്ത് ഇന്ധനവില കുതിക്കുന്നു.പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്.18 ദിവസത്തിന് ഇടയില്‍ ഡീസലിന് കൂടിയത് 3.57 രൂപയാണ്. കഴിഞ്ഞ 18 ദിവസത്തിനിടെ 15 തവണ ഇന്ധനവില കൂട്ടി.ഇക്കാലത്ത് പെട്രോളിന് 2.62 രൂപയും ഡീസലിന് 3.57 രൂപയും വര്‍ധിച്ചു.പല ജില്ലകളിലും പെട്രോള്‍ വില 85 കടന്നു. ഡീസല്‍ വില 80ന് അടുത്തെത്തി.ഇന്ധനവില കഴിഞ്ഞ 2 വര്‍ഷത്ത ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കു കുതിച്ചു. 2018 ഒക്ടോബറിനു ശേഷമുള്ള ഉയര്‍ന്ന വിലയാണിത്.അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതാണ് വിലവര്‍ദ്ധനയ്ക്ക് കാരണമായി കമ്പനികൾ പറയുന്നത്. കോവിഡ് പ്രതിസന്ധിക്കിടെ എണ്ണവിലയില്‍ വര്‍ദ്ധന തുടരുന്നത് സാധാരണക്കാരെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ആന്ധ്രയില്‍ അജ്ഞാത രോഗം പടരുന്നു; ഒരാള്‍ മരിച്ചു;200 ലേറെ പേർ ആശുപത്രിയിൽ

keralanews unknown disease spreads in andhra pradesh one dies more than 200 hospitalized
എല്ലൂരു:ആന്ധ്രാപ്രദേശിലെ എല്ലുരുവില്‍ അജ്ഞാത രോഗം പടര്‍ന്നുപിടിക്കുന്നു.ഞായറാഴ്ച രോഗബാധിതനായ ഒരാള്‍ മരിച്ചു. ഇതുവരെ 292 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇവരില്‍ 140 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍വ്യക്തമാക്കി. രോഗകാരണമെന്തെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല രോഗികള്‍ക്ക് അപസ്മാരം , ഛര്‍ദി എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ട് ബോധ രഹിതരാവുകയാണ് ചെയുന്നത്. ഇതേ ലക്ഷണങ്ങളോടെ വിജയവാഡയിലെ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ പ്രവേശിപ്പിച്ച 45കാരനാണ് വൈകീട്ടോടെ മരിച്ചത്. അതേസമയം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരില്‍ ഭൂരിഭാഗം പേരും പെട്ടന്ന് തന്നെ രോഗമുക്തരാവുണ്ട്. എന്നാല്‍ ഏഴുപേരെ വിദഗ്ദ്ധ ചികിത്സക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു .ഇതുവരെ രോഗംപിടിപെട്ട രോഗികള്‍ക്ക് പരസ്പരം ബന്ധമില്ലെന്നും ഒന്നിച്ച്‌ ഒരുപരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.
സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സംസ്ഥാന ആരോഗ്യ കമ്മീഷണര്‍ കതമനേനി ഭാസ്കര്‍ എല്ലൂരുവില്‍ എത്തി. നിഗൂഢമായ അസുഖത്തെ കുറിച്ച്‌ ആശങ്ക പ്രകടിപ്പിച്ച ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിശ്ചന്ദ്രന്‍ അസുഖബാധിതര്‍ക്ക് ശരിയായ പരിചരണം ലഭ്യമാക്കണമെന്ന് ആരോഗ്യഅധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.തിങ്കളാഴ്ച മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി എല്ലൂരു സന്ദര്‍ശിക്കും. ആശുപത്രിയില്‍ കഴിയുന്ന രോഗികളെ സന്ദര്‍ശിച്ച ശേഷം പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ ജില്ലാ ഭരണകൂടുവുമായി അവലോകനയോഗം നടത്തും. ഞായറാഴ്ച ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ഉപമുഖ്യമന്ത്രി നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി.  രോഗികളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി അല്ല നാനി പറഞ്ഞു. അടിയന്തര സാഹചര്യത്തെ നേരിടാന്‍ എലുരുവില്‍ 150 കിടക്കകളും വിജയവാഡയില്‍ 50 കിടക്കകളും സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു .

കോവിഡ് വാക്‌സിന്‍ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

keralanews serum institute of india seeks permission for immediate use of covid vaccine

മുംബൈ:ഫൈസറിനു പിന്നാലെ രാജ്യത്ത് കോവിഡ് വാക്‌സിന്‍ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കോവിഡ് സാഹചര്യം പരിഗണിച്ചും ജനനന്മ കണക്കിലെടുത്തും വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. വാക്‌സിന്റെ നാല് കോടി ഡോസ് തയ്യാറാണെന്നും ഡ്രഗ് കണ്‍ട്രോള്‍ ജനറലിന് നല്‍കിയ അപേക്ഷയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.വാക്‌സിന്‍ വിതരണത്തിന് അനുമതി തേടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.ഓക്‌സ്ഫഡ് സര്‍വകലാശാലയും ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി തേടിയിരിക്കുന്നത്.വാക്‌സിന്‍ വ്യാവസായികമായി ഉല്‍പാദിപ്പിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടത്തിവരികയാണ്. യുകെ, ബ്രസീല്‍ ഉള്‍പ്പെടെ രാജ്യങ്ങളിലും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഐസിഎംആറിന്റെ സഹകരണത്തോടെ ഇന്ത്യയില്‍ നടത്തുന്ന 2, 3 ഘട്ടം ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്‌സിന്‍ നേരത്തെ തന്നെ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡിജിസിഐയില്‍ നിന്ന് ഉപാധികളോടെ നേടിയ ലൈസന്‍സ് ഉപയോഗിച്ച്‌ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നാല് കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിച്ചിട്ടുണ്ടെന്നാണ് ഐസിഎംആര്‍ പറയുന്നത്. പരിശോധനയ്ക്കായി കമ്പനി ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ കസൗലിയിലെ സെന്‍ട്രല്‍ ഡ്രഗ്‌സ് ഫാക്ടറിയിലേയ്ക്കും അയച്ചിട്ടുണ്ട്. ഇന്നലെയാണ് അടിയന്തിര ഘട്ടത്തില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി യുഎസ് കമ്പനിയായ ഫൈസര്‍ ഡ്രഗ് കണ്‍ട്രോള്‍ ജനറലിന് അപേക്ഷ നല്‍കിയത്. കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി തേടുന്ന ആദ്യ കമ്പനി കൂടിയായിരുന്നു ഫൈസര്‍. യുകെ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ അനുമതി നല്‍കിയതിനു പിന്നാലെയായിരുന്നു ഫൈസര്‍ ഇന്ത്യന്‍ സര്‍ക്കാരിനെ സമീപിച്ചത്.