ചെന്നൈ:ബ്രിട്ടനില്‍ നിന്ന് ചെന്നൈയിലെത്തിയ ഒരു യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. വൈറസിന്റെ പുതിയ വകഭേദമാണോയെന്ന് തിരിച്ചറിയാന്‍ സാമ്പിൾ എന്‍ഐവി പൂനെയിലേക്ക് അയച്ചു. രോഗി നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്‌നാട് ആരോഗ്യ വിഭാഗം അറിയിച്ചു.അതേസമയം അതിവേഗ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്ക്കാലികമായി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബ്രിട്ടനിലേക്ക് ഡിസംബര്‍ 31 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി.ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായി വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാകണമെന്ന് നിര്‍ദേശമുണ്ട്.ഇതില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരെ സര്‍ക്കാര്‍ നിരീക്ഷണത്തിലുള്ള ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു മാറ്റും. നെഗറ്റീവാകുന്നവര്‍ 7 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന മേല്‍നോട്ടവും വേണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ വിമാനത്താവളത്തില്‍ ലഭ്യമാക്കും. സംസ്ഥാന സര്‍ക്കാരുകള്‍ വിമാനത്താവളങ്ങളില്‍ ഹെല്‍പ് ഡെസ്‌ക് സജ്ജമാക്കണം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അടിയന്തര യോഗത്തിലാണു തീരുമാനങ്ങള്‍. ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ കണക്കിലെടുത്ത് മഹാരാഷ്ട്രയില്‍ ജനുവരി 5 വരെ രാത്രി 11 മണി മുതല്‍ രാവിലെ ആറ് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വൈറസുകളിലെ ജനിതകമാറ്റം സാധാരണമാണ്. യുകെയില്‍ കണ്ടെത്തിയ കൊറോണവൈറസ് പുതിയ വകഭേദം ആശങ്കയുയര്‍ത്തുന്നത് അതിന്റെ സാംക്രമികശേഷി കൊണ്ടു മാത്രമാണ്. VUI-202012/01 എന്ന പുതിയ വകഭേദത്തില്‍ 23 ജനിതകമാറ്റങ്ങളാണു കണ്ടെത്തിയത്.70 % അധികമാണു സാംക്രമികശേഷി. രോഗതീവ്രതയിലോ ലക്ഷണങ്ങളിലോ വ്യത്യാസമില്ല. ഇപ്പോഴുള്ള വാക്‌സീനുകള്‍ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമാകുമെന്നു ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
അതിവേഗ വൈറസ്;പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം;ലണ്ടനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് ഇന്ത്യ നിര്‍ത്തിവെച്ചു
തട്ടിക്കൊണ്ടുപോയവരുടെ കയ്യിൽ നിന്നും മലയാളി ദമ്പതികളുടെ മകനെ കര്‍ണാടക പൊലീസ് രക്ഷപ്പെടുത്തിയത് സർജിക്കൽ സ്‌ട്രൈക്കിലൂടെ
മംഗളൂരു:കണ്ണൂര്‍ സ്വദേശികളും ബിസിനസുകാരുമായ ദമ്പതികളുടെ മകനെ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെട്ട സംഘത്തെ മിന്നലാക്രമണത്തിലൂടെ കീഴടക്കി കര്‍ണാടക പൊലീസ് . വ്യാഴാഴ്ച രാവിലെ തട്ടിക്കൊണ്ടുപോയ കുട്ടിയെ ശനിയാഴ്ച പുലര്‍ച്ചെയാണ് ഒരു പോറല്‍പോലും ഏല്ക്കാതെ രക്ഷപ്പെടുത്തിയത്. ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്തു. മംഗളുരു ബല്‍ത്തങ്ങാടി ഉജിരെയില്‍ മലയാളി ബിസിനസുകാരും കണ്ണൂര്‍ സ്വദേശികളുമായ ബിജോയ് അറയ്കലിന്റെയും ശാരിതയുടെയും എട്ടുവയസുള്ള മകന്‍ അനുഭവിനെയാണ് തട്ടിക്കൊണ്ടുപോയത്.ബംഗളൂരു ഇലക്‌ട്രോണിക്സ് സിറ്റിയിലെ കോമള്‍, ഇയാളുടെ സുഹൃത്ത് മഹേഷ്, മാണ്ഡ്യ സ്വദേശി ഗംഗാധര്‍, കുട്ടിയെ ഒളിപ്പിച്ച വീടിന്റെ ഉടമ മഞ്ജുനാഥ് എന്നിവരും പേരുവിവരങ്ങള്‍ വ്യക്തമായിട്ടില്ലാത്ത മൂന്നു പേരുമാണ് അറസ്റ്റിലായത്. ഉജിരെയിലെ വീടിനു മുന്നില്‍ ബിജോയിയുടെ പിതാവ് ശിവന്‍ നോക്കിനില്‍ക്കേയാണ് ബംഗലൂരു രജിസ്ട്രേഷനിലുള്ള വെള്ള ഇന്‍ഡിക്ക കാറിലെത്തിയ സംഘം റോഡരികില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കോലാര്‍ ജില്ലയിലെ ഉള്‍പ്രദേശത്തെ വീട്ടില്‍ ഒളിപ്പിച്ചശേഷം വെള്ളിയാഴ്ച രാവിലെ അനുഭവിന്റെ അമ്മ ശാരിതയെ ഫോണില്‍ വിളിച്ച് 17 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടു. ഹാര്‍ഡുവെയര്‍ബിസിനസുകാരനാണ് ബിജോയ്.ബല്‍ത്തങ്ങാടി പൊലീസ് അന്വേഷണം തുടരവേ, സംഘാംഗം ശാരിതയെ വീണ്ടും വിളിച്ച് മോചനദ്രവ്യം 100 ബിറ്റ്കോയിനായി നല്‍കാന്‍ ആവശ്യപ്പെട്ടു. പിന്നീട് അത് 20 ആയി കുറച്ചു. പണമായി നല്‍കുന്നെങ്കില്‍ പത്തുകോടി മതിയെന്നും പറഞ്ഞു. പിന്നീട് വിളിച്ച് 25 ലക്ഷം രൂപ അടിയന്തരമായി എത്തിക്കണമെന്നായി.ഇതിനിടെ ഫോണ്‍ ലൊക്കേഷന്‍ കോലാര്‍ ജില്ലയിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.കുട്ടിയുടെ സുരക്ഷിതത്വം മുന്‍നിറുത്തി കോലാര്‍ പൊലീസിന്റെ സഹായത്തോടെ വീട് കണ്ടെത്തി നിരീക്ഷണത്തിലാക്കി. സംഘം ഉറക്കത്തിലായിരിക്കേ ശനിയാഴ്ച പുലര്‍ച്ചെ കെട്ടുറപ്പില്ലാത്ത വീടുവളഞ്ഞ് പൊലീസ് ഇരച്ചുകയറുകയായിരുന്നു.ദക്ഷിണ കന്നഡ ജില്ലാ പൊലീസ് മേധാവി ബി.എല്‍. ലക്ഷ്മിപ്രസാദും കോലാര്‍ ജില്ലാ പൊലീസ് മേധാവി കാര്‍ത്തിക് റെഡ്ഡിയും ഓപ്പറേഷന് നേതൃത്വം നല്‍കി. കുട്ടിയെ കുടുംബത്തിന് കൈമാറി.
കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കില്ലെന്ന് രാഹുൽ ഗാന്ധി;അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടരും
ന്യൂഡൽഹി:കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കില്ലെന്ന് രാഹുൽ ഗാന്ധി.ഇതോടെ അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തന്നെ തുടരും.പാര്‍ട്ടിയില്‍ തിരുത്തല്‍ ശബ്ദമുയര്‍ത്തിയ നേതാക്കളുമായി സോണിയ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമായത്.പശ്ചിമ ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ശക്തമായ നേതൃത്വമില്ലെങ്കില്‍ കോണ്‍ഗ്രസിന് ഇനിയും തിരിച്ചടികളുണ്ടാകുമെന്നും സംഘടനാ സംവിധാനം ശക്തമാക്കാന്‍ നേതൃത്വം നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. കേരളം, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയും യോഗത്തില്‍ ഉയര്‍ന്നുവന്നു.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി പിന്നിട്ടു;1.45 ലക്ഷം മരണം
ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി പിന്നിട്ടു.അമേരിക്കയ്ക്ക് ശേഷം കൊവിഡ് ബാധിതര്‍ ഒരു കോടി പിന്നിടുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെയാണ് രാജ്യത്തെ ആകെ കേസുകളുടെ എണ്ണം ഒരു കോടി പിന്നിട്ടത്.രാജ്യത്ത് 24 മണിക്കൂറിനിടെ 25,153 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 95,50,712 പേരാണ് രോഗമുക്തി നേടി. 35,08,751 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. അതേസമയം, ഇതുവരെ 1.45 ലക്ഷം പേരാണ് കൊവിഡ് മൂലം മരണമടഞ്ഞത്. സെപ്റ്റംബറില്‍ രാജ്യത്താകമാനം ആയിരത്തിലധികം കൊവിഡ് മരണങ്ങള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും നിലവില്‍ 400ല്‍ താഴെയാണ്. അതേസമയം രാജ്യത്ത് നിലവില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.ആഗോളതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ രോഗമുക്തി നിരക്കുള്ള രാജ്യം ഇന്ത്യയാണെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും അതിശൈത്യം;ശീതക്കാറ്റ് രണ്ട് ദിവസം കൂടി നീളുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ന്യൂഡൽഹി:ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും അതിശൈത്യം. ഇന്നലെ ആരംഭിച്ച ശീതക്കാറ്റ് രണ്ട് ദിവസം കൂടി നീളുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതിർത്തിയില്‍ സമരം തുടരുന്ന കർഷകർക്കിടയില്‍ അതിശൈത്യത്തെ തുടർന്നുള്ള മരണങ്ങള്‍ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.ഡല്‍ഹി അതിർത്തിയില്‍ സമരാന്തരീക്ഷത്തിന് ചൂടേറുമ്പോള്‍ മറുഭാഗത്ത് ശൈത്യം ശക്തി പ്രാപിക്കുകയാണ്. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും പെട്ടെന്നാണ് താപനില താഴ്ന്നത്. തൊട്ട് പിന്നാലെ ശീതക്കാറ്റെത്തി. മൂന്ന് ഡിഗ്രിയാണ് മിനിമം താപനില. രാജസ്ഥാനിലെ മൌണ്ട് അബുവില്‍ മൈനസ് ഒന്ന് ഡിഗ്രി.17 വർഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ നവംബറാണ് കടന്നുപോയത്. ഡിസംബറിലും ഇത് ആവർത്തിച്ചേക്കും. ഈ തണുപ്പത്ത് കർഷക പ്രതിഷേധം മൂന്നാഴ്ച പിന്നിട്ടു. പ്രായമായവർ അധികമുള്ള സമരത്തില്‍ നിന്ന് അതിശൈത്യത്താലുള്ള മരണങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നത് തുടരുകയാണ്. ഇന്നലെ തിക്രിയില്‍ ബട്ടിന്‍ണ്ട സ്വദേശി ജയ്സിങ് മരിച്ചു. സമരം ഇനിയും തുടർന്നാണ് വരും ദിവസങ്ങളില്‍ സ്ഥിതി സങ്കീർണമാകും.
ഡല്‍ഹി എയിംസില്‍ നഴ്സുമാരുടെ സമരം ശക്തമാക്കുന്നു;പോലീസുമായുണ്ടായ സംഘർഷത്തിൽ മലയാളി നഴ്‌സുമാര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ സമരം ശക്തമാക്കി നഴ്‌സുമാർ.സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സമരക്കാരും പൊലീസ് തമ്മില്‍ ഉണ്ടായ ഉന്തുംതള്ളുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസ് അപ്രതീക്ഷിതമായി ആശുപത്രിയിലേക്കെത്തുകയും സമരം ചെയ്യുന്ന നഴ്‌സുമാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ഈ സമയം ബാരിക്കേഡുകള്‍ വീണ് നഴ്സുമാര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു.തിങ്കളാഴ്ചയാണ് ആറാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ശമ്പളം അടക്കമുള്ളവ നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നഴ്‌സുമാരുടെ സംഘടന ഡല്‍ഹി എയിംസില്‍ സമരം ആരംഭിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് ആരംഭിച്ച പണിമുടക്ക് രാത്രിയും തുടര്‍ന്നു. ചൊവ്വാഴ്ച രാവിലെയാണ് അപ്രതീക്ഷിതമായി പൊലീസിന്റെ ഇടപെടല്‍ ഉണ്ടായത്.എയിംസിന്റെ കോംബൗണ്ടിനകത്ത് അനിശ്ചിതകാല സമരമാണ് നഴ്‌സുമാര്‍ പ്രഖ്യാപിച്ചത്. ഒപിയുടെ പ്രവര്‍ത്തനവും ഒപ്പം തന്നെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും സ്തംഭിപ്പിച്ചുകൊണ്ടാണ് നഴ്‌സുമാര്‍ പണിമുടക്കുന്നത്. 5000 ത്തോളം നഴ്‌സുമാരാണ് എയിംസില്‍ തൊഴിലെടുക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തി തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് നഴ്‌സുമാര്‍. ഈ മാസം 16 മുതല്‍ സമരം ആരംഭിക്കാനായിരുന്നു നഴ്‌സുമാരുടെ തീരുമാനം. എന്നാല്‍ സമരത്തെ നേരിടാന്‍ താത്കാലിക ജീവനക്കാരെ നിയമിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതോടെ നഴ്‌സുമാര്‍ അപ്രതീക്ഷിതമായി സമരരംഗത്തേക്ക് ഇറങ്ങുകയായിരുന്നു.
രാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ധന
കൊച്ചി: രാജ്യത്ത് പാചക വാതകത്തിന്റെ വിലയില്‍ വീണ്ടും വര്‍ധന . വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് 50 രൂപയും വാണിജ്യ സിലിണ്ടറുകള്‍ക്ക് 27 രൂപയുാണ് ഉയര്‍ത്തിയത് . ഇതോടെ ഗാര്‍ഹിക സിലണ്ടറുകളുടെ വില 701 രൂപയും വാണിജ്യ സിലിണ്ടറുകളുടെ വില 1319 രൂപയിലുമെത്തി.ഡിസംബറില്‍ മാത്രം ഇത് രണ്ടാം തവണയാണ് പാചകവാതക വില എണ്ണക്കമ്പനികൾ വര്‍ധിപ്പിക്കുന്നത്.ഡിസംബര്‍ രണ്ടിനായിരുന്നു ഇതിന് മുന്‍പ് വില കൂട്ടിയത്. അന്ന് പാചക വാതകത്തിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 100 രൂപയാണ് പാചക വാതകത്തിന് ഡിസംബറില്‍ മാത്രം കൂടിയത്. പാചകവാതക വിലവര്‍ധനവിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുന്നതിന് പിന്നാലെയാണ് വീണ്ടും വിലവര്‍ധവ് ഉണ്ടായിരിക്കുന്നത്.
കോവിഡ് വാക്സിന്‍ വിതരണത്തിനായി സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗരേഖ കൈമാറി കേന്ദ്രസര്‍ക്കാര്‍;പ്രതിദിനം നൂറ് പേര്‍ക്ക് കുത്തിവയ്പ്പ്
ന്യൂഡൽഹി:കോവിഡ് വാക്സിന്‍ വിതരണത്തിനായി സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗരേഖ കൈമാറി കേന്ദ്രസര്‍ക്കാര്‍.വാക്സിന്‍ കേന്ദ്രങ്ങളുടെ സജ്ജീകരണങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നതാണ് മാര്‍ഗരേഖ.ഓരോ വാക്സിന്‍ കേന്ദ്രങ്ങളിലും പ്രതിദിനം നൂറുപേര്‍ക്ക് മാത്രമായിരിക്കും വാക്സിന്‍ കുത്തിവെക്കുക. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ മാത്രമേ കേന്ദ്രത്തിലുണ്ടാകാന്‍ പാടുള്ളൂവെന്നും മാര്‍ഗരേഖയില്‍ പറയുന്നു. മൂന്നു മുറികളിലായിട്ടാണ് വാക്സിന്‍ കേന്ദ്രം ഒരുക്കേണ്ടത്. ആദ്യമുറി വാക്സിന്‍ സ്വീകരിക്കാന്‍ വരുന്നവര്‍ക്കുളള കാത്തിരിപ്പുകേന്ദ്രമാണ്. ഇവിടെ സാമൂഹിക അകലം പാലിക്കുന്നതിനുളള സജ്ജീകരണങ്ങള്‍ ക്രമീകരിക്കണം. രണ്ടാമത്തെ മുറിയിലായിരിക്കും കുത്തിവെപ്പ്. ഒരുസമയം ഒരാളെ മാത്രമേ കുത്തിവെക്കുകയുളളൂ. തുടര്‍ന്ന് വാക്സിന്‍ സ്വീകരിച്ചയാളെ മൂന്നാമത്തെ മുറിയിലേക്ക് എത്തിച്ച് അരമണിക്കൂറോളം നിരീക്ഷിക്കും.അരമണിക്കൂറിനുളളില്‍ രോഗലക്ഷണങ്ങളോ, പാര്‍ശ്വഫലങ്ങളോ കാണിക്കുകയാണെങ്കില്‍ അവരെ ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി ആശുപത്രികളുടെ പട്ടിക തയ്യാറാക്കാന്‍ മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്യുണിറ്റി ഹാളുകള്‍ക്ക് പുറമെ താത്കാലികമായി നിര്‍മ്മിക്കുന്ന ടെന്റുകളിലും വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കേന്ദ്ര മാര്‍ഗ്ഗ രേഖയുടെ അടിസ്ഥാനത്തിലാവും സംസ്ഥാന സര്‍ക്കാരുകള്‍ ക്രമീകരണങ്ങള്‍ നടത്തുക.
സമരം ശക്തമാക്കി കർഷകർ;പഞ്ചാബില്‍ നിന്ന് 1200 ട്രാക്ടറുകളിലായി 50,000 കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്
ന്യൂഡൽഹി: കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ സമരം കടുപ്പിച്ച് കര്‍ഷകര്‍.നിയമം പൂര്‍ണമായും പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷക സംഘടനകള്‍. സര്‍ക്കാരുമായി നടത്തിയ എല്ലാ ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം ശക്തിപ്പെടുത്താന്‍ തന്നെയാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കര്‍ഷക പ്രക്ഷോഭം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പഞ്ചാബിലെ വിവിധ ജില്ലകളില്‍ നിന്നായി 50,000ത്തോളം കര്‍ഷകര്‍ 1200 ട്രാക്ടറുകളില്‍ കയറിയാണ് ഡല്‍ഹിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്.ആറ് മാസത്തോളം ഉപയോഗിക്കാന്‍ കഴിയുന്ന ഭക്ഷണം കരുതിക്കൊണ്ടാണ് സമരമുഖത്തേക്ക് ഈ കര്‍ഷകര്‍ എത്തുന്നത്. ‘ഞങ്ങളെ കൊല്ലുന്നതിനെ കുറിച്ച് മോദി സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെ. മറ്റെന്ത് സാഹചര്യം ഉടലെടുത്താലും ഞങ്ങളിനി തിരികെ പോകില്ല’ , എന്നാണ് മസ്ദൂര്‍ സംഘര്‍ഷ് കമ്മറ്റി നേതാവ് സത്‌നം സിങ് പന്നു ദേശീയ മാധ്യമത്തോടു പ്രതികരിച്ചത്.പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ വ്യാഴാഴ്ച മുതല്‍ ഡല്‍ഹിക്കു തിരിച്ചിട്ടുണ്ട്. സമരക്കാരെ തടയുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യരുതെന്ന് കര്‍ഷകനേതാക്കള്‍ സംസ്ഥാനസര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍ കര്‍ഷകര്‍ക്ക് മുന്നിലേക്ക് ഒരു പ്രമേയം വെച്ചിട്ടുണ്ട്. അത് പരിഗണിക്കണമെന്നാണ് കര്‍ഷകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഞങ്ങള്‍ ചില ഓഫറുകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഒരു നിയമവും കുറ്റമറ്റതല്ല. കര്‍ഷകരെ ബാധിക്കുന്ന വ്യവസ്ഥകള്‍ എടുത്തുമാറ്റാന്‍ തയ്യാറാണ്’ എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. അതേസമയം കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കേരളത്തിലെ ഇടത് കര്‍ഷക സംഘടനകള്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. നാളെ മുതല്‍ സത്യാഗ്രഹം സമരം തുടങ്ങാനാണ് തീരുമാനം. സംസ്ഥാനതലത്തില്‍ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിലാണ് സത്യാഗ്രഹം. കേരള നിയമസഭാ സംയുക്ത പ്രമേയം കൊണ്ടുവരുന്നതിനെ പറ്റി ആലോചിക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.