ഡല്‍ഹി: രാജ്യത്ത് അതി തീവ്ര കോവിഡ് വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഇന്ന് ചര്‍ച്ച നടത്തും. ഓണ്‍ലൈന്‍ വഴിയാണ് ചര്‍ച്ച നടത്തുക.കോവിഡ് വാക്‌സിന്‍ വിതരണവും യോഗത്തില്‍ ചര്‍ച്ചയാകും. വാക്‌സിന്‍ വിതരണത്തിന് വേണ്ട മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. വാക്‌സിന്‍ വിതരണത്തിന് സജ്ജമാകാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള മൂന്നാംഘട്ട ഡ്രൈ റണ്‍ നാളെ നടക്കും.ഹരിയാന, ഉത്തര്‍പ്രദേശ് ഒഴികെയുള്ള രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ ജില്ലകളിലാണ് നാളെ ഡ്രൈ റണ്‍ നടത്തുന്നത്. മൂന്നാം ഘട്ട ഡ്രൈ റണ്‍ ഈ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് വിദഗ്ധ സമിതി ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.
മയക്കുമരുന്നുമായി മൂന്ന് മലയാളി യുവാക്കള്‍ ബംഗളൂരുവില്‍ പിടിയിൽ
ബംഗളൂരു:മയക്കുമരുന്നുമായി മൂന്ന് മലയാളി യുവാക്കള്‍ ബംഗളൂരുവില്‍ പിടിയിൽ.കോഴിക്കോട് സ്വദേശി രമേശ്, കണ്ണൂര്‍ സ്വദേശികളായ അഷീര്‍, ഷെഹ്സിന്‍ എന്നിവരാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. മൂന്ന് പേരും ഇലക്‌ട്രോണിക്സ് സിറ്റിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍മാരാണ്.200 ഗ്രാം എംഡിഎംഎ, 150 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവാണ് യുവാക്കളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത്.എവിടെ നിന്നും ലഹരി വസ്തുക്കള്‍ ലഭിച്ചുവെന്നത് പോലീസ് അന്വേഷിച്ചുവരികയാണ്.
പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം;കേരളത്തിൽ ജാഗ്രതാ നിർദേശം
രാജ്യത്ത് അടിയന്തര ഉപയോഗത്തിന് രണ്ട് കോവിഡ് വാക്‌സിനുകൾക്ക് ഡ്രഗ് കൺട്രോളർ ജനറൽ അനുമതി നല്‍കി
ന്യൂഡൽഹി:രാജ്യത്ത് അടിയന്തര ഉപയോഗത്തിന് രണ്ട് കോവിഡ് വാക്‌സിനുകൾക്ക് ഡ്രഗ് കൺട്രോളർ ജനറൽ അനുമതി നല്‍കി.കോവിഷീൽഡ്, കോവാക്‌സിൻ എന്നിവക്കാണ് അനുമതി ലഭിച്ചത്. കോവാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണത്തിലാണെങ്കിലും സുരക്ഷിതമാണെന്ന് ഡ്രഗ് കൺട്രോളർ ജനറൽ വി.ജി സോമാനി പറഞ്ഞു.ആദ്യ ഘട്ടത്തില്‍ 3 കോടി ആളുകള്‍ക്കാണ് വാക്സിന്‍ നല്‍കുക. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയാണ് കോവിഷീല്‍ഡ് വികസിപ്പിച്ചത്. ഇന്ത്യയില്‍ പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഉത്പാദകര്‍. തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് കോവാക്സിന്‍. ഇത് നിയന്ത്രിതമായി ഉപയോഗിക്കാനുള്ള അനുമതിയാണ് നല്‍കിയത്. ഐസിഎംആറിന്‍റ സഹായത്തോടെ ഭാരത് ബയോടെക് ആണ് കോവാക്സിന്‍ വികസിപ്പിച്ചത്. സൈഡസ് കാഡിലയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും അനുമതിയുണ്ട്.ആരോഗ്യ പ്രവർത്തകർക്കും മറ്റ് ആളുകളിൽ ഗുരുതര സാഹചര്യം പരിഗണിച്ചും അടിയന്തിര ഉപയോഗം നടത്താം. രോഗ പ്രതിരോധത്തിന് വാക്‌സിനുകളുടെ രണ്ട് ഡോസുകളാണ് സ്വീകരിക്കേണ്ടത്.വാക്സിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. വാക്സിൻ രാജ്യത്തെ വേഗത്തിൽ കോവിഡ് മുക്തമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം കോവാക്സിന് അനുമതി നൽകിയതിനെ ശശി തരൂർ എംപി വിമർശിച്ചു. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം തുടരുന്നതിനിടെ കോവാക്സിന് അനുമതി നൽകിയത് അപകടകരമാണെന്നാണ് തരൂരിന്റെ പ്രതികരണം.
രാജ്യത്ത് കോവിഡ് വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും; ഡിസിജിഐയുടെ നിർണായക വാര്‍ത്താസമ്മേളനം രാവിലെ
ന്യൂഡല്‍ഹി:രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) ഇന്ന് അറിയിക്കും. രാവിലെ 11 മണിയ്ക്ക് ഡിസിജിഐ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീല്‍ഡിനും തദ്ദേശീയമായി വികസിപ്പിക്കുന്ന ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കണമെന്നാണ് വിദഗ്ധ സമിതി ഡിസിജിഐയ്ക്ക് ശുപാര്‍ശ നല്‍കിയത്. ആദ്യം കൊവിഷീല്‍ഡ് മാത്രമാണ് ശുപാര്‍ശ ചെയ്യപ്പെട്ടത്. തൊട്ടുപിന്നാലെയാണ് കഴിഞ്ഞ ദിവസം കൊവാക്‌സിനും അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയത്.ബ്രിട്ടനില്‍ നിന്നുള്ള കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് രണ്ട് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കുന്നത്.കൊവാക്‌സിന്റെ 10 മില്യണ്‍ ഡോസുകള്‍ ഇതിനോടകം തയ്യാറായി കഴിഞ്ഞെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.പ്രതിവര്‍ഷം 300 മില്യണ്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാനാണ് തീരുമാനം. ഇതില്‍ 100 മില്യണ്‍ ഡോസുകള്‍ ഇന്ത്യയില്‍ തന്നെ വിതരണം ചെയ്യും. കൊവിഷീല്‍ഡ് വാക്‌സിന്റെ അഞ്ച് കോടി ഡോസുകളാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയിരിക്കുന്നത്.
കര്‍ഷക പ്രക്ഷോഭം;കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മിലുളള ഏഴാംഘട്ട ചര്‍ച്ച ഇന്ന് നടക്കും
ന്യൂഡല്‍ഹി:കര്‍ഷക പ്രക്ഷോഭം ഒത്തുതീർപ്പാക്കാൻ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മിലുളള ഏഴാംഘട്ട ചര്‍ച്ച ഇന്ന് നടക്കും.വിജ്ഞാന്‍ ഭവനില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് ചര്‍ച്ച നിശ്‌ചയിച്ചിരിക്കുന്നത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കും.പ്രക്ഷോഭം മുപ്പത്തിയഞ്ചാം ദിവസത്തില്‍ എത്തി നിൽക്കുമ്പോഴും വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടില്‍ സംയുക്ത സമരസമിതി ഉറച്ചുനില്‍ക്കുകയാണ്. സമരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന ബഹുജന പിന്തുണ കര്‍ഷകര്‍ക്ക് കരുത്ത് പകരുകയാണ്. എന്നാല്‍, നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാനാവില്ലെന്നും ഭേദഗതികളിന്മേല്‍ ചര്‍ച്ചയാകാമെന്നുമുളള നിലപാടിലാണ് കേന്ദ്രം.ഈ പശ്ചാത്തലത്തിലാണ് ഏഴാംഘട്ട ചര്‍ച്ച ഇന്ന് നടക്കുന്നത്. കര്‍ഷകരെ ഒത്തുതീര്‍പ്പിന്റെ പാതയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കുറേക്കൂടി ദേദഗതികള്‍ കേന്ദ്രം മുന്നോട്ടുവച്ചേക്കുമെന്നും സൂചനയുണ്ട്.
ഇന്ത്യയില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം 20 ആയി
ന്യൂഡൽഹി:ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം 20 ആയി. ബ്രിട്ടണില്‍ കണ്ടെത്തിയ ഈ വൈറസ് പുതിയതായി 14 പേര്‍ക്ക് കൂടി കണ്ടെത്തിയതോടെയാണ് രോഗബാധിതരുടെ എണ്ണം ഇത്രയും ഉയര്‍ന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ബ്രിട്ടണില്‍ നിന്നുവന്ന ആറ് പേര്‍ക്ക് രോഗബാധയുള്ളതായി ആദ്യം തന്നെ സ്ഥിരീകരിച്ചിരുന്നു.എന്‍സിഡിസി ദല്‍ഹിയില്‍ നടത്തിയ പരിശോധനയില്‍ എട്ട് പേര്‍ക്കും, ബെംഗളൂരു നിംഹാന്‍സില്‍ നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്കും, ഹൈദരാബാദ് സിസിഎംബിയില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കുമാണ് പുതിയതായി രോഗബാധ കണ്ടെത്തിയിരിക്കുന്നത്. എന്‍ഐജിബി കൊല്‍ക്കത്ത, എന്‍ഐവി പൂനെ, ഐജിഐബി ദല്‍ഹി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഒരാള്‍ക്കുമാണ് ഈ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡിനു കാരണമായ സാര്‍സ് കോവ്-2 വൈറസിന്റെ ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വകഭേദമാണ് ഇവരിലുള്ളത്.രോഗം സ്ഥിരീകരിച്ചവരില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് വയസ്സുകാരിയും ഉള്‍പ്പെടും.യുകെയില്‍ നിന്ന് മടങ്ങിയെത്തിയ കുടുംബമാണ്. കുട്ടിയുടെ അച്ഛനും അമ്മയ്ക്കും കൊവിഡിന്റെ പഴയ വകഭേദം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്.ജനിതക മാറ്റം വന്ന കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവരെ വെവ്വേറെ മുറികളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് പ്രത്യേകം സമ്പർക്ക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്ഥിതി ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇവരുമായി സമ്പർക്കമുണ്ടായ സഹയാത്രികര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.നവംബര്‍ 25-നുശേഷം 33,000 പേരാണ് ബ്രിട്ടനില്‍നിന്നെത്തിയത്. ഇവരെ മുഴുവന്‍ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 114 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാംപിളുകള്‍ ജനിതകഘടനാശ്രേണി നിര്‍ണയത്തിനായി രാജ്യത്തെ പത്ത് പ്രമുഖ ലാബുകളുടെ കണ്‍സോര്‍ഷ്യത്തിന് അയച്ചുകൊടുത്തു. അതിലാണ് 20 പേരില്‍ പുതിയതരം വൈറസ് ബാധ കണ്ടെത്തിയത്.വകഭേദം വന്ന വൈറസിന് പഴയതിനെ അപേക്ഷിച്ച് വ്യാപനശേഷി 70 ശതമാനം കൂടുതലാണ്. ഒരാളില്‍നിന്ന് വളരെവേഗം മറ്റൊരാളിലേക്ക് പകരും. എന്നാല്‍, ഈ ഇനം വൈറസ് കൂടുതല്‍ മാരകമാണെന്നതിന് തെളിവുകളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇന്ത്യയില്‍ ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ പൂര്‍ത്തിയായിവരികയാണ്. വാക്‌സിന് പുതിയ വകഭേദത്തെയും പ്രതിരോധിക്കാന്‍ കഴിയും എന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്.
മോഷ്ടാവെന്ന് ആരോപിച്ച് തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി
തമിഴ്നാട്:മോഷ്ടാവെന്ന് ആരോപിച്ച് തിരുച്ചിറപ്പള്ളി അല്ലൂരില്‍ മലയാളി യുവാവിനെ ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി.തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപു ആണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കളെന്നു സംശയിച്ച് ദീപുവിനെയും സുഹൃത്ത് അരവിന്ദനെയും ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. അരവിന്ദനെ ജിയാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും ചേര്‍ന്ന് വീട് കുത്തിതുറന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ആക്രമണത്തില്‍ പരിക്കേറ്റ യുവാക്കളെ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ദീപുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയിലുള്ള അരവിന്ദിന്റെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം ഇവര്‍ മോഷണം നടത്തിയോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇവര്‍ എന്തിനാണ് തിരുച്ചിറപ്പള്ളിയില്‍ എത്തിയതെന്നതും വ്യക്തമല്ല.
യമുനാ എക്‌സ്പ്രസ് വേയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം കണ്ടെയ്‌നര്‍ ലോറിയില്‍ കാര്‍ ഇടിച്ച് തീ പിടിത്തം;മാധ്യമപ്രവര്‍ത്തകനടക്കം 5 പേര്‍ വെന്തുമരിച്ചു
ആഗ്ര:യമുനാ എക്‌സ്പ്രസ് വേയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം കണ്ടെയ്‌നര്‍ ലോറിയില്‍ കാര്‍ ഇടിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനടക്കം അഞ്ച് പേര്‍ വെന്തു മരിച്ചു.മാധ്യമപ്രവർത്തകനായ മുരളി മനോഹർ സരോജ്, ഭാര്യ, ഭാര്യയുടെ അമ്മ, ഭാര്യയുടെ സഹോദരി, സുഹൃത്ത് സന്ദീപ് എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ചെ 4.15ഓടെയായിരുന്നു അപകടം. ലഖ്‌നൗവ്വില്‍ നിന്ന് ഡെല്‍ഹിയിലേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തില്‍പ്പെട്ടത്. യു ടേണ്‍ എടുക്കുന്ന കണ്ടെയ്‌നര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കണ്ടെയ്‌നറിന്റെ ഡിസല്‍ ടാങ്ക് തകര്‍ന്ന് ഇന്ധനം കാറിന്റെ ബോണറ്റിലേക്ക് വീണതായിരുന്നു പെട്ടന്നുള്ള തീ പിടുത്തത്തിന് കാരണമായതെന്നാണ് നിരീക്ഷണം.കാറിന് വെളിയില്‍ ഇറങ്ങാനാവാതെ കത്തുന്ന വാഹനത്തില്‍ ഉള്ളിൽ കുടുങ്ങുകയായിരുന്നു ഇവർ.ചികിത്സാ ആവശ്യത്തിനായി ഡെല്‍ഹിയിലേക്ക് പോവുകയായിരുന്നു സരോജും ബന്ധുക്കളും. കാറിന് വളരെ വേഗത്തില്‍ തീപിടിച്ചത് ഇവരെ പുറത്തെത്തിക്കുന്നതിന് വെല്ലുവിളിയാവുകയായിരുന്നു. വാഹനം കൂട്ടിയിടിച്ചതിന്റെ വലിയ ശബ്ദം കേട്ട് സ്ഥലത്തേക്ക് നിരവധിപ്പേര്‍ എത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനം നടത്താനായില്ല.
പ്രതീക്ഷയോടെ രാജ്യം;കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് തിങ്കളാഴ്ച ഡല്‍ഹിയില്‍ എത്തും; ഉപയോഗത്തിനുള്ള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: ബ്രിട്ടന്‍ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയിലും കോവിഡ് വാക്സിന്‍ എത്തുന്നു. വാക്സിന്റെ ആദ്യ ബാച്ച് തിങ്കളാഴ്ച ഡല്‍ഹിയില്‍ എത്തും. ആശുപത്രികളില്‍ വാക്സിന്‍ സൂക്ഷിക്കുന്നതിനായി ഉള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് അവസാന ഘട്ടത്തിലാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായുള്ള പരിശീനം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. 3500 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. വാക്‌സിന്‍ സൂക്ഷിക്കുന്നതിനായി 609 ഇടങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. തിങ്കളാഴ്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഒരു മുഴുവന്‍ ദിവസ പരിശീലനവും നല്‍കുന്നുണ്ട്.വാക്‌സിൻ ഉപയോഗത്തിനുള്ള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന.രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ സൂക്ഷിക്കാനുള്ള സൗകര്യമുള്ളത്. ലോക്‌നായക്, കസ്തൂര്‍ബ,ജിടിബി ആശുപത്രികള്‍, ബാബാസാഹേബ് അംബേദ്കര്‍ ആശുപത്രി, മൊഹല്ല ക്ലിനിക്ക് എന്നിവിടങ്ങളിലും വാക്‌സിന്‍ സംഭരണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.ഡല്‍ഹി വിമാനത്താവളത്തിലെ രണ്ട് കാര്‍ഗോ ടെര്‍മിനലുകള്‍ വാക്‌സിന്‍ സൂക്ഷിക്കാന്‍ സജ്ജമാക്കി.മൗലാനാ ആസാദ് മെഡിക്കല്‍ കോളേജ് മൂന്ന് ഡോക്ടര്‍മാരെ വാക്‌സിനേറ്റിങ്ങ് ഓഫീസര്‍മാരായി തിരഞ്ഞെടുത്തിട്ടുണ്ട്. കൂടുതല്‍ വാക്‌സിനേറ്റിങ് ഓഫീസര്‍മാര്‍ക്ക് ഈ മൂന്ന് ഡോക്ടര്‍മര്‍ പരിശീലനം നല്‍കും. പിന്നീടവര്‍ ജില്ലാ തലത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും.