ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രതിസന്ധി അവസാനിപ്പിക്കാന്‍ കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കാര്‍ഷിക വിദഗ്ധരുടെ സമിതിയും സുപ്രീംകോടതി രൂപീകരിച്ചു. തുടര്‍ന്നുള്ള ഉത്തരവുകള്‍ ഉണ്ടാകുന്നതു വരെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യുകയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.നിയമങ്ങള്‍ തിടുക്കത്തില്‍ ഉണ്ടാക്കിയതല്ലെന്നും രണ്ട് പതിറ്റാണ്ടായി നടന്ന ചര്‍ച്ചകളുടെ ഫലമാണിതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി കര്‍ഷക യൂണിയനുകളുമായി നടത്തിയ എട്ട് ഘട്ട ചര്‍ച്ചകളില്‍, നിയമങ്ങള്‍ പിന്‍വലിക്കുന്നത് സര്‍ക്കാര്‍ ശക്തമായി തള്ളിക്കളഞ്ഞിരുന്നുവെങ്കിലും ഭേദഗതികള്‍ നടത്താമെന്ന് പറഞ്ഞിരുന്നു.പ്രശ്‌നം മികച്ച രീതിയില്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും നിയമങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ അധികാരമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.അതിനിടെ കാര്‍ഷിക നിയമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ അഭിഭാഷകര്‍ മുഖേന വ്യക്തമാക്കി. അനിശ്ചിത കാലത്തേക്ക് സമരം തുടരാനാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ചെയ്യാമെന്നും ഇതിനോട് കോടതി പ്രതികരിച്ചു.നിയമങ്ങള്‍ സ്റ്റേ ചെയ്യാന്‍ അധികാരമുള്ള കോടതിക്ക് അവ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ അധികാരം ഉണ്ടെന്നും സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.അതേസമയം നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ന്യായവും സ്വീകാര്യവുമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ് മൂലം ഫയല്‍ ചെയ്തിരുന്നു. കാര്‍ഷിക മേഖലയിലെ പരിഷ്‌കരണങ്ങളില്‍നിന്ന് പിന്മാറാന്‍ കഴിയില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ക്ക് നിയമങ്ങള്‍ സ്വീകാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.ഒരു വിഭാഗം കര്‍ഷകര്‍ മാത്രമാണ് നിയമങ്ങളെ എതിര്‍ക്കുന്നത്. അവരുമായി ചര്‍ച്ച നടത്തി വരിയാണ്. മുന്‍വിധികളോടെയാണ് ചില കര്‍ഷക സംഘടനകള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. നിയമത്തെ കുറിച്ച് കര്‍ഷകര്‍ക്ക് ഇടയില്‍ തെറ്റായ കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ കര്‍ഷകര്‍ അല്ലാത്ത ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് കോവിഡ് വാക്സീന്‍ വിതരണത്തിന് തുടക്കമായി;ആദ്യ ലോഡ് വാക്‌സിൻ പൂനെയിൽ നിന്നും പുറപ്പെട്ടു
മുംബൈ:രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തുടക്കമായി. ആദ്യ ലോഡുമായി പൂനെയില്‍ നിന്ന് ട്രക്കുകള്‍ പുറപ്പെട്ടു. പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് ട്രക്കുകള്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. കനത്ത സുരക്ഷയിലാണ് ട്രക്കുകള്‍ പുറപ്പെട്ടത്. താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വാക്‌സിനുകള്‍ എത്തിക്കുന്നത്.വാക്‌സിനേഷന്‍ ശനിയാഴ്ച മുതല്‍ തുടങ്ങും. കൊവിഡ് വാക്‌സിന്‍ എത്തുന്ന ആദ്യ ബാച്ചില്‍ കേരളം ഇല്ല. ഇന്നലെ സര്‍ക്കാര്‍ കൊവിഷീല്‍ഡിനായി പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയതോടെയാണ് വാക്‌സിന്‍ വിതരണം വൈകുന്നതിന് കാരണമായ എല്ലാ തടസങ്ങളും നീങ്ങിയത്. പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വ്യോമമാര്‍ഗം കര്‍ണാല്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ഹബുകളിലേക്കാണ് വാക്‌സിന്‍ എത്തിക്കുന്നത്. പിന്നീട് അവിടെനിന്ന് സംസ്ഥാനങ്ങളിലെ 37 വിതരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും.ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, പൊലീസുകാര്‍, സൈനികര്‍ തുടങ്ങി മുന്‍ഗണനാ പട്ടികയില്‍ ഉള്ള മൂന്നു കോടി പേര്‍ക്കാണ് വാക്‌സിന്‍ ആദ്യം ലഭിക്കുക. മുന്‍ഗണനാ പട്ടികയില്‍ ഉള്ളവരുടെ ചിലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും പ്രധാനമന്ത്രി ഇന്നലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. 50 വയസിന് മുകളിലുള്ളവരും 50 വയസിന് താഴെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും അടങ്ങിയ 27 കോടി പേര്‍ക്കാണ് രണ്ടാം ഘട്ടത്തിലാണ് വാക്‌സിന്‍ നല്‍കുക. വാക്‌സിന്‍ വിതരണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
കോവിഡ് വാക്സിന്‍ വിതരണം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും
ന്യൂ ഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും.വൈകിട്ട് 4 മണിയ്ക്കാണ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നത്. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച നടത്തുന്നത്.ചര്‍ച്ചയില്‍ സംസ്ഥാനങ്ങളിലെ വാക്‌സിനേഷന്‍ സംബന്ധിച്ച തയ്യാറെടുപ്പുകള്‍ പ്രധാനമന്ത്രി വിലയിരുത്തും. തുടര്‍ന്ന് പ്രധാനമന്ത്രി വാക്സിനേഷന്‍ സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ വിശദീകരിയ്ക്കും.വാക്സിന്‍ ഉപയോഗം തുടങ്ങാനിരിക്കെ സംസ്ഥാനങ്ങളുടെ ആശങ്കകളും അവ്യക്തതകളും പരിഹരിയ്ക്കാനാണ് യോഗം ചേരുന്നത്.അതേസമയം, വാക്സിനേഷന് മുന്നോടിയായി ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ ഏറെ ഉള്ളതും രോഗബാധ രൂക്ഷവുമായ കേരളത്തിനും മഹാരാഷ്ട്രയ്ക്കും കൂടുതല്‍ വാക്സിന്‍ ലഭിക്കുമെന്നാണ് സൂചന.അതേസമയം കേരളത്തിലെ കൊവിഡ് വ്യാപനം പഠിക്കാനെത്തിയ കേന്ദ്രസംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ ആരോഗ്യ സെക്രട്ടറിയും പങ്കെടുക്കും.കൊവിഡ് വ്യാപനം വര്‍ധിക്കാനുള്ള സാഹചര്യം, ചികിത്സ തുടരേണ്ട രീതി തുടങ്ങിയ കാര്യങ്ങളില്‍ കൂടിക്കാഴ്ചയില്‍ തീരുമാനമാകും.
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഉപയോഗം ഈ മാസം 16 മുതല്‍ ആരംഭിക്കും
ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഉപയോഗം ഈ മാസം 16 മുതല്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടത്തില്‍ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കും.അന്‍പത് വയസിന് മുകളിലുള്ളവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന അന്‍പത് വയസിന് താഴെയുള്ളവര്‍ക്കും രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യും. ഇത്തരത്തില്‍ എകദേശം 27 കോടിയോളം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.പൂനയില്‍ നിന്ന് വാക്‌സിന്‍ എയര്‍ലിഫ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ തന്നെ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ എത്തും. ഇതിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പതിനാറാം തീയതി മുതല്‍ വാക്‌സിന്‍ ഉപയോഗിച്ച് തുടങ്ങാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തില്‍ 30 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഇതില്‍ മൂന്ന് കോടി പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.ഇന്നലെ നടന്ന ട്രയല്‍ റണ്ണിന്റെ വിശദാംശങ്ങള്‍ യോഗം വിലയിരുത്തി. ട്രയല്‍ റണ്‍ വിജയകരമാണെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്.
ഐക്യരാഷ്ട്ര സഭയില്‍ ചരിത്രനേട്ടവുമായി രാജ്യം;ഭീകര വിരുദ്ധ സമിതികളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക്
ന്യൂയോർക്: ഐക്യരാഷ്ട്ര സഭയില്‍ ചരിത്രനേട്ടവുമായി ഇന്ത്യ.ഭീകര വിരുദ്ധ സമിതികളുടെ അധ്യക്ഷ സ്ഥാനം ഇനി ഇന്ത്യക്ക്.ഭീകര വിരുദ്ധ സമിതി, താലിബാനും ലിബിയയ്ക്കും എതിരായ ഉപരോധ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്ന സമിതികള്‍ എന്നിവയുടെ അധ്യക്ഷ സ്ഥാനങ്ങളാണ് ലഭിച്ചതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി അറിയിച്ചു. യുഎന്‍ രക്ഷാസമിതിയിലെ, ഭീകരതയ്ക്ക് എതിരായ മൂന്നു നിര്‍ണായക സമിതികളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക് ലഭിച്ചു.അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ഭീകരത തടയാനുള്ള സമിതിയാണ് ഒന്ന്. 1988ലെ ഉപരോധ സമിതിയെന്നും ഇത് അറിയപ്പെടുന്നു. അഫ്ഗാനിസ്ഥാനില്‍ സമാധാനവും വികസനവും സുരക്ഷയും കൊണ്ടുവരാന്‍ നിരന്തരം ശ്രമിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നതാണ് ഈ സമിതിയുടെ അധ്യക്ഷ സ്ഥാനം നല്‍കാന്‍ കാരണമായത്.ആഗോള ഭീകരതയ്ക്ക് എതിരായ സമിതിയാണ് ഒന്ന്. ലിബിയയിലെ ഭീകരത ചെറുക്കാനുള്ള സമിതിയാണ് മറ്റൊന്ന്. ഭീകരതയ്ക്ക് എതിരായ സമിതിയുടെ അധ്യക്ഷന്‍ ടി.എസ്. തിരുമൂര്‍ത്തി തന്നെയാകും. ജനുവരി ഒന്നു മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് രക്ഷാസമിതി അംഗത്വം ഇന്ത്യക്ക് ലഭിച്ചിട്ടുള്ളത്. രണ്ടു വര്‍ഷം ഈ സമിതികളുടെ അധ്യക്ഷ പദവികളും ഇന്ത്യ വഹിക്കും. കാലാകാലങ്ങളായി ഭീകരതക്കെതിരേ, പ്രത്യേകിച്ച് പാക്കിസ്ഥാനില്‍നിന്ന് അതിര്‍ത്തി കടന്നുള്ള ആഗോള ഭീകരതക്കെതിരേ ഇന്ത്യയുടെ അതിശക്തമായ പോരാട്ടം കണക്കിലെടുത്താണിത്. അതേസമയം രക്ഷാസമിതി അംഗത്വ കാലം മുഴുവനും ആഗോള ഭീകരതയ്ക്ക് എതിരേ പോരാടുമെന്ന് ഇന്ത്യ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഭീകരത മനുഷ്യത്വത്തിന്റെ ശത്രുവാണെന്നും രക്ഷാസമിതിയില്‍ അതിനെതിരേ ശബ്ദമുയര്‍ത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
മഹാരാഷ്ട്ര ജനറല്‍ ആശുപത്രി എസ്‌എന്‍സിയുവില്‍ തീപിടിത്തം;10 നവജാത ശിശുക്കള്‍ വെന്ത് മരിച്ചു
മുംബൈ : മഹാരാഷ്ട്ര ഭണ്ഡാര ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് ആശുപത്രിയിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍(എസ്‌എന്‍സിയു) തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.ഏഴ് കുട്ടികളെ രക്ഷപ്പെടുത്തിയതായും പത്ത് കുട്ടികള്‍ മരിച്ചതായും സിവില്‍ സര്‍ജന്‍ പ്രമോദ് ഖണ്ഡാതെയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. ഒന്ന് മുതല്‍ മൂന്ന് മാസം വരെ പ്രായമുള്ള കുട്ടികളാണ് എസ്‌എന്‍സിയുവിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് തീവ്രപരിചരണവിഭാഗം, ഡയാലിലിസ് വിഭാഗം, ലേബര്‍ വാര്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് രോഗികളെ മറ്റു വാര്‍ഡുകളിലേക്ക് മാറ്റി. മഹാരാഷ്ട്ര ജനറല്‍ ആശുപത്രിയിലുണ്ടായ സംഭവം അത്യധികം ദുഃഖം ഉളവാക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടേയെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.നിര്‍ഭാഗ്യകരമായ സംഭവമാണെന്നും അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.അപകടം അതിദാരുണമായ സംഭവമാണെന്നും കുട്ടികളുടെ കുടുംബത്തിന് ആവശ്യമായ സഹായം സംസ്ഥാന സർക്കാർ ചെയ്യണമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു.
കർഷക സമരം 44 ആം ദിവസത്തിലേക്ക്;കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഇന്ന് നിര്‍ണ്ണായക ചര്‍ച്ച
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ സമരം നാല്‍പത്തിനാലാം ദിവസത്തിലേക്ക്. കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള എട്ടാംവട്ട ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കും. ചര്‍ച്ച പരാജയപ്പെട്ടാല്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പു ലഭിച്ചില്ലെങ്കില്‍, രാജ്യതലസ്ഥാനം ഇതുവരെ കാണാത്ത വിധമുള്ള പ്രക്ഷോഭമുണ്ടാകുമെന്നാണു കര്‍ഷകരുടെ മുന്നറിയിപ്പ്. ഇത് കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ചര്‍ച്ചയില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്.നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്നും മറ്റ് നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ ആവര്‍ത്തിച്ചു പറയുന്നു. സുപ്രിംകോടതി അടുത്ത തിങ്കളാഴ്ച കര്‍ഷക സമരം സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ ചര്‍ച്ച നിര്‍ണായകമാണ്. പ്രക്ഷോഭത്തിന്റെ ഭാഗമായി ഡല്‍ഹി അതിര്‍ത്തി മേഖലകളായ സിംഘു, തിക്രി, ഗസ്സിപ്പുര്‍ എന്നിവിടങ്ങളിലും രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തിയിലെ ഷാജഹാന്‍പുരിലും ഹരിയാനയിലെ പല്‍വലിലും ഇന്നലെ കർഷകർ ട്രാക്ടര്‍ റാലി നടത്തിയിരുന്നു. ദേശീയ പതാകകളുമായി അണിനിരന്ന മൂവായിരത്തോളം ട്രാക്ടറുകളില്‍ ചിലത് ഓടിച്ചതു വനിതകളാണ്. വിമുക്ത ഭടന്മാരും തൊഴിലാളികളും ഒപ്പം ചേര്‍ന്നു. 43 ദിവസം പിന്നിട്ട കര്‍ഷക പ്രക്ഷോഭത്തിലെ ഏറ്റവും വലിയ ശക്തിപ്രകടനം പൊലീസ് തടഞ്ഞില്ല.കേരളത്തില്‍ നിന്നുള്‍പ്പെടെ പരമാവധി കര്‍ഷകരെ വരുംദിവസങ്ങളില്‍ ഡല്‍ഹി അതിര്‍ത്തികളിലെത്തിക്കും. ലക്ഷക്കണക്കിനു കര്‍ഷകര്‍ 25നു ഡല്‍ഹിയിലേക്കു കടക്കും.
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഇന്ന് ആരംഭിക്കും
ന്യൂ ഡൽഹി:രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഇന്ന് ആരംഭിക്കും. പൂനെയില്‍ നിന്ന് വിമാന മാര്‍ഗമാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കുക. പുനെയിലെ സെന്‍ട്രല്‍ ഹബ്ബില്‍ നിന്ന് ദില്ലി, കര്‍ണാല്‍, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ സബ് സെന്ററുകളിലേക്ക് വാക്‌സിന്‍ എത്തിക്കും. തുടര്‍ന്ന് രാജ്യത്തെ 37 വിതരണ കേന്ദ്രങ്ങളിലേക്ക് വാക്‌സിനുകള്‍ മാറ്റും.യാത്ര വിമാനങ്ങളിലായിരിക്കും വാക്‌സിനുകള്‍ എത്തിക്കുന്നത്.വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ്, ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ജില്ലകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ന് ഡ്രൈ റണ്‍ നടക്കും. വാക്‌സിന്‍ വിതരണം എത്രത്തോളം ഫലപ്രദമായി നടത്താന്‍ സാധിക്കുന്നു എന്ന് പരിശോധിക്കുന്നതിനായി ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇന്ന് ഡ്രൈ റണ്‍ നടത്തുന്നത്. കഴിഞ്ഞ ഡ്രൈ റണ്ണുകളില്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടെന്ന് അന്തിമമായി ഉറപ്പാക്കുന്നതും ഇന്നത്തെ ഡ്രൈ റണ്ണിലൂടെ ആയിരിക്കും.
പക്ഷിപ്പനി ആശങ്ക വേണ്ട;പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം:സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി മൃഗ സംരക്ഷണ വകുപ്പ്. പക്ഷിപ്പനിയില്‍ ആശങ്ക വേണ്ടെന്നും നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.എന്നാല്‍ ബുള്‍സ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം. കൂടാതെ പാകം ചെയ്യുന്നതിനായി പച്ച മാംസം കൈകാര്യം ചെയ്ത ശേഷം കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.പക്ഷികളെ ബാധിക്കുന്ന വൈറല്‍ രോഗമായ പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങളില്‍ മനുഷ്യരിലേക്ക് പകരാം.തണുത്ത കാലാവസ്ഥയില്‍ മാസങ്ങളോളം ജീവിക്കാന്‍ കഴിവുള്ള വൈറസ് 60 ഡിഗ്രി ചൂടില്‍ അര മണിക്കൂറില്‍ നശിച്ചു പോകും.ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടന കിളികളെയോ പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യാതെ കൈയുറയും മാസ്‌കും ഉപയോഗിക്കുകയും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ കഴുകി വൃത്തിയാക്കുകയും ചെയ്യണമെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിലെ രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും കൊന്ന് മറവ് ചെയ്യുന്നതടക്കമുള്ള എല്ലാ കരുതല്‍ നടപടികളും വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ത്രമല്ല നിലവില്‍ പക്ഷിപനി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടുതലയും ദേശാടന പക്ഷികളാണ് പക്ഷിപനിക്ക് കാരണമെന്ന് മൃഗസംരക്ഷ വകുപ്പ് മന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ദില്ലിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു.
കാർഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിർത്തികളില്‍ ഇന്ന് കർഷകർ ട്രാക്ടർ റാലി നടത്തും
ന്യൂഡൽഹി:കാർഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിർത്തികളില്‍ ഇന്ന് കർഷകർ ട്രാക്ടർ റാലി നടത്തും.റിപ്പബ്ലിക്ക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടർ പരേഡിന് മുന്നോടിയായാണ് റാലി.കാർഷിക നിയമങ്ങള്‍ക്കെതിരായ ഡല്‍ഹി അതിർത്തികളിലെ സമരം 43 ദിവസം പിന്നിടുമ്പോള്‍ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ടാക്ടർ റാലി. തിക്രി, ഗാസിപൂർ സിംഗു, അതിർത്തികളിൽ സമരം തുടരുന്ന കർഷകരാണ് ട്രാക്ടർ റാലി നടത്തുക. പ്പബ്ലിക്ക് ദിനത്തിൽ കർഷകർ ട്രാക്ടർ പരേഡ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് ഡല്‍ഹിയിലും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടർ മാർച്ച് നടത്തും. കർഷക സംഘടനകൾ പ്രഖ്യാപിച്ച 15 ദിവസത്തെ രാജ്യവ്യാപക പ്രതിഷേധങ്ങൾ തുടരുകയാണ്. ദേശ് ജാഗരൺ അഭിയാനും ഇന്നലെ ആരംഭിച്ചിരുന്നു. രാജസ്ഥാന്‍ – ഹരിയാന അതിർത്തിയായ ഷാജഹാൻപൂരിലുള്ള പ്രതിഷേധക്കാർ ഡല്‍ഹിയിലേക്ക് നീങ്ങാന്‍ ശ്രമിക്കുന്നുണ്ട്. 18ന് വനിതകൾ അണിനിരക്കുന്ന പ്രതിഷേധവും നടത്തും. കർഷകർ സമരം ശക്തമാക്കിയതോടെ ഡല്‍ഹിയിലും അതിർത്തി മേഖലകളിലും പൊലീസ് വിന്യാസം വർധിപ്പിച്ചു.