ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടക്കവെ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. ഡല്‍ഹി തിക്രി അതിര്‍ത്തിയിലെ കര്‍ഷക സമരവേദിയിലാണ് ജയ ഭഗവാന്‍ റാണ(42) എന്ന കര്‍ഷകന്‍ വിഷം കഴിച്ച് മരിച്ചത്.ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.കര്‍ഷകരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഇയാളുടേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. സര്‍ക്കാര്‍ പറയുന്നത് രണ്ടുമൂന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് എന്നാണ്. എന്നാല്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകരും നിയമത്തിന് എതിരാണ്. രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെ വികാരം മനസിലാക്കി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു.അവശനിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ ഡല്‍ഹിയിലെ സമരവേദിയില്‍ ജീവനൊടുക്കുന്ന കര്‍ഷകരുടെ എണ്ണം അഞ്ചായി.
ബംഗാളില്‍ വാഹനാപകടം; നാല് കുട്ടികള്‍ ഉള്‍പ്പടെ 13 പേര്‍ മരിച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജല്‍പല്‍ഗുരിയിലുണ്ടായ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പടെ പതിമൂന്ന് പേര്‍ മരിച്ചു. പതിനെട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂടല്‍മഞ്ഞാണ് അപടകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ദേശീയപാതയില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്.പിക്കപ്പ് വാനും രണ്ടുകാറുകളുമാണ് അപകടത്തില്‍പ്പെട്ടത്. മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ദേശീയ പാതയില്‍ കാഴ്ച അവ്യക്തമായിരുന്നു.നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ എതിര്‍ദിശയില്‍ നിന്ന് വന്ന കാറുകളില്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ടുലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊറോണ പ്രതിരോധം; ആറ് രാജ്യങ്ങളിലേക്ക് വാക്സിന്‍ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആറ് രാജ്യങ്ങളിലേക്ക് വാക്സിന്‍ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ. ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മാര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് വാക്സിന്‍ കയറ്റി അയക്കുന്നത്. പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡ് ആണ് രാജ്യങ്ങള്‍ക്ക് നല്‍കുന്നത്. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊവിഷീല്‍ഡ് വാക്സിന്റെ നിയന്ത്രിത അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയതിന് പിന്നാലെ നിരവധി രാജ്യങ്ങള്‍ വാക്സിനായി ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥന പരിഗണിച്ചാണ് രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
ശ്രീലങ്ക, അഫ്ഗാനിസ്താന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളും വാക്സിനായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ കയറ്റുമതിയ്ക്കായിവിവിധ ഏജന്‍സികളുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാല്‍ ഉടന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ആരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ആവശ്യപ്പെടുന്ന രാജ്യങ്ങള്‍ക്കെല്ലാം വാക്സിന്‍ നല്‍കാനാണ് ഇന്ത്യയുടെ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.
ഗുജറാത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുമേല്‍ ലോറി പാഞ്ഞു കയറി 13 പേർ മരിച്ചു
ഗുജറാത്ത്:ഗുജറാത്തിലെ സൂറത്തിനടുത്ത് നടപ്പാതയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞു കയറി 13 പേര്‍ മരിച്ചു . സൂറത്തിനടുത്തുള്ള കിം ചാര്‍ റാസ്‌തയിലെ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന 18 പേരടങ്ങുന്ന സംഘത്തിന് ഇടയിലേക്കാണ് ട്രക്ക് ഇടിച്ച് കയറിയത്.
തിങ്കളാഴ്ച രാത്രി കൊസാമ്ബയിലായിരുന്നു സംഭവം. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു.അപകടത്തില്‍പെട്ട എല്ലാവരും രാജസ്‌ഥാനിലെ ബന്‍സ്വര ജില്ലയില്‍ നിന്നുള്ള തൊഴിലാളികളാണ്.കരിമ്പ് കയറ്റി വന്ന ട്രക്ക് മറ്റൊരു മറ്റൊരു ട്രക്കില്‍ ഇടിച്ചതിന് ശേഷം ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്ക് ഇടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. പ്രദേശത്ത് 18 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ പന്ത്രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ ആശുപത്രിയിലാണ് മരിച്ചത്. രാജസ്ഥാന്‍ ബന്‍സ്വാര സ്വദേശികളാണ് കൊല്ലപ്പെട്ടതെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യയില്‍ ഇപ്പോള്‍ അതിശൈത്യമായതിനാല്‍ പുലര്‍ച്ചെ വാഹനമോടിച്ച ഡ്രൈവര്‍ക്ക് കനത്ത മഞ്ഞു വീഴ്ച കാരണം സംഭവിച്ച അപകടമാകുമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
പ്രതിഷേധം തുടരാനുറച്ച് കര്‍ഷകര്‍;കാര്‍ഷിക നിയമം പിന്‍വലിക്കാതെ നാട്ടിലേക്ക് മടങ്ങില്ലെന്നും വാക്സിന്‍ എടുക്കില്ലെന്നും കര്‍ഷകര്‍
ന്യൂഡൽഹി: പ്രതിഷേധം തുടരാനുറച്ച് ഡൽഹിയിൽ സമര ചെയ്യുന്ന കര്‍ഷകര്‍.മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതിന് മുൻപ് കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിനായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങില്ലെന്നും കർഷകർ അറിയിച്ചു.രാജ്യത്ത് കോവിഡിനെതിരായ പ്രതിരോധ കുത്തിവയ്‌പ്പ് ആരംഭിച്ചതിന് പിന്നാലെയാണ് കര്‍ഷകര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കുന്നതെങ്കിലും തുടര്‍ന്ന് മുന്‍നിര പ്രവര്‍ത്തകര്‍, പ്രായമായവര്‍ എന്നിവര്‍ക്ക് വാക്സിനേഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരിലധികവും 50 വയസ്സിനു മുകളിലുള്ളവരായതിനാല്‍ ഇത് നിര്‍ണ്ണായകമാകും. എന്നാല്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയില്ലെങ്കില്‍ വാക്സിനേഷന്‍ എടുക്കുന്നതിനായി ഗ്രാമങ്ങളിലേക്ക് മടങ്ങില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. തങ്ങള്‍ക്ക് കോവിഡിനേക്കാള്‍ വലുത് കാര്‍ഷിക നിയമം തന്നെയാണ്.ഈ പോരാട്ടം തുടരുമെന്നും ഇപ്പോള്‍ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിനായി കാത്തിരിക്കുകയാണെന്നും കര്‍ഷകരില്‍ ഒരാളയ ബല്‍പ്രീത് പറഞ്ഞു.ഇതിനിടെ ജനുവരി 26ന് പ്രഖ്യാപിച്ചിരിക്കുന്ന നിര്‍ദ്ദിഷ്ട കിസാന്‍ ട്രാക്ടര്‍ മാര്‍ച്ചുമായി മുന്നോട്ട് പോകാന്‍ 40 ഓളം കര്‍ഷക സംഘടനകളുടെ സംയുക്ത സമിതിയായ സംയുക്ത് കിസാന്‍ മോര്‍ച്ച തീരുമാനിച്ചു. ഇതൊരു സമാധാനപരമായ റാലി ആയിരിക്കുമെന്നും ഔദ്യോഗിക റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്നും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.
രാജ്യത്തിനിത് ചരിത്ര ദിവസം; ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവിന് തുടക്കമായി
ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവിന് രാജ്യത്ത് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യവ്യാപകമായി വാക്‌സിനേഷന്‍ നടപടികള്‍ക്കുള്ള ഉദ്ഘാടനം നിര്‍വഹിച്ചു.കൊവിന്‍ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. വാക്‌സിന്‍ രജിസ്‌ട്രേഷനും മറ്റ് നടപടികള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ അപ്ലിക്കേഷനാണ് കൊവിന്‍ ആപ്പ്. ആദ്യഘട്ടത്തില്‍ മൂന്ന് കോടി ആളുകള്‍ക്ക് വാക്സിന്‍ വിതരണം ചെയ്യും. വാക്‌സിനേഷന്‍ ഘട്ടത്തില്‍ ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തിന്റെ പോരാട്ടം വരും തലമുറയ്ക്കും പ്രേരണയാകും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കാണിച്ച ഉത്സാഹം ഇതിനും കാണിക്കണം. ആദ്യഘട്ട വാക്‌സിന്‍ വിതരണത്തിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. ജനുവരി 30നുള്ളില്‍ വാക്‌സിനേഷന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കും. വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞാലും ജനങ്ങള്‍ മാസ്‌ക് ധരിക്കണം.രണ്ടാംഘട്ടമാകുമ്പോൾ 30 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കും. വാക്‌സിനായി പ്രയത്‌നിച്ച ശാസ്ത്രജ്ഞന്മാര്‍ക്ക് അഭിനന്ദനങ്ങള്‍. രാജ്യത്തിന്റെ വാക്‌സിന്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് കുറവും. ഉപയോഗിക്കാനും സൂക്ഷിച്ചുവെയ്ക്കാനും എളുപ്പമാണ്. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം. രാജ്യത്തിന് ഇത് അഭിമാന നിമിഷമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ കൊവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് രാജ്യത്ത് ഉപയോഗിക്കുക.ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ മുന്‍നിര പോരാളികള്‍ക്കുമാണ് രാജ്യത്ത് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.
അതേസമയം കേരളത്തിലും 133 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിന്‍ ആരംഭിച്ചു. വാക്സിനേഷന്‍ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം വാക്സിനേഷന്‍ നടന്നത് എറണാകുളം ജില്ലയിലാണ്. ഒരാള്‍ക്ക് വാക്സിന്‍ നല്‍കാന്‍ നാലു മുതല്‍ അഞ്ചു മിനിറ്റുവരെയാണ് സമയമെടുക്കുന്നത്.ഇടതു കൈയ്യിലാണ് വാക്സിനേഷന്‍ എടുക്കുന്നത്. ഓരോ വാക്സിനേഷന്‍ കേന്ദ്രത്തിലും വെയിറ്റിംഗ് റൂം, വാക്സിനേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിങ്ങനെ മൂന്നു മുറികളുണ്ട്. ഓരോ ആള്‍ക്കും 0.5 എംഎല്‍ കൊവിഷീല്‍ഡ് വാക്സിനാണ് കുത്തിവെപ്പിലൂടെ നല്‍കുന്നത്. ആദ്യ ഡോസ് കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ. വാക്സിന്‍ എടുത്തുകഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും നിരീക്ഷണത്തിലിരിക്കണം.
ബംഗളൂരുവില്‍ വിനോദ യാത്രാ സംഘം സഞ്ചരിച്ച മിനിബസിലേക്ക് മണല്‍ലോറി ഇടിച്ചു കയറി 13 പേര്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരു: സ്കൂളില്‍ ഒന്നിച്ചു പഠിച്ച വനിതകളുടെ വിനോദ യാത്രാ സംഘം സഞ്ചരിച്ച മിനി ബസിൽ മണല്‍ ലോറി ഇടിച്ചുകയറി 12 പേരും ഡ്രൈവറും മരിച്ചു. 5 പേര്‍ക്കു ഗുരുതര പരുക്കേറ്റു. ദാവനഗെരെ സെന്റ് പോള്‍സ് കോണ്‍വെന്റ് സ്കൂളിലെ 16 പൂര്‍വ വിദ്യാര്‍ഥിനികൾ സഞ്ചരിച്ച ബസ് ആണ് ഗോവയിലേക്കുള്ള യാത്രയില്‍ അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ 4 പേര്‍ ഡോക്ടര്‍മാരാണ്. മറ്റുള്ളവരും മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരാണ്. എല്ലാവരും 40 ന് അടുത്ത് പ്രായക്കാരും അയല്‍വാസികളുമാണ്.ബസ് ഡ്രൈവറാണ് മരിച്ച മറ്റൊരാള്‍. കര്‍ണാടക ബിജെപി മുന്‍ എംഎല്‍എ ഗുരുസിദ്ധനഗൗഡയുടെ മരുമകള്‍ ഡോ.വീണ പ്രകാശും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.ഹുബ്ബള്ളി- ധാര്‍വാഡ് ബൈപാസിലെ ഇട്ടിഗാട്ടി ക്രോസിലാണ് അപകടം. ബെംഗളൂരു- പുണെ ദേശീയ പാത-48 ന്റെ ഭാഗമായ ഇവിടെ അപകടങ്ങള്‍ പതിവാണെന്ന് പൊലീസ് പറഞ്ഞു.അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
രാമക്ഷേത്ര നിര്‍മ്മാണം;ആദ്യ സംഭാവനയായി 5 ലക്ഷം രൂപ നല്‍കി ധനസമാഹരണത്തിന് തുടക്കം കുറിച്ച് രാഷ്ട്രപതി
ന്യൂഡൽഹി:അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ധനസമാഹരണത്തിന് തുടക്കമായി.രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ആണ് ആദ്യ സംഭാവന നൽകിയത്.വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ധനസമാഹരണത്തിന് 5 ലക്ഷം രൂപയാണ് രാഷ്ട്രപതി സംഭാവന ചെയ്തത്. ‘അദ്ദേഹം രാജ്യത്തിന്റെ പ്രഥമ പൗരനാണ്, അതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ധനസമാഹരണത്തിന് തുടക്കംകുറിച്ചു. 5,01,000 രൂപ അദ്ദേഹം സംഭാവന ചെയ്തു’ വിഎച്ച്‌പി നേതാവ് അലോക് കുമാര്‍ പറഞ്ഞു.മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും വി.എച്ച്.പിക്ക് ഒരു ലക്ഷം രൂപ കൈമാറി. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍, അഭിനേതാക്കള്‍, എഴുത്തുകാര്‍, കവികള്‍ തുടങ്ങിയവരുമായി ചേര്‍ന്നാകും ധനസമാഹരണം നടത്തുകയെന്ന് വി.എച്ച്.പി അറിയിച്ചിരുന്നു.ഗുജറാത്തില്‍ നിന്ന് മാത്രം ഒരു കോടി ആളുകളില്‍ നിന്ന് പണം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ധനസമാഹരണത്തിന്റെ ഭാഗമായി വി.എച്ച്.പി വഡോദരയില്‍ ഓഫീസും തുറന്നിരുന്നു.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ശ്രീരാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെതന്നെ കോടിക്കണക്കിന് രൂപ ട്രസ്റ്റിലേക്ക് എത്തിയിരുന്നു. പണത്തിന് പുറമെ സ്വര്‍ണവും വെള്ളിയുമെല്ലാം സംഭാവന ലഭിച്ചിട്ടുണ്ട്. സുതാര്യത ഉറപ്പുവരുത്താന്‍ 20,000 രൂപയ്ക്ക് മുകളിലുള്ള തുക ചെക്കുകള്‍ വഴി ശേഖരിക്കുമെന്ന് വിഎച്ച്‌പി നേതാവ് അലോക് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. 5,25,000 ഗ്രാമങ്ങളില്‍ ഫണ്ട് ശേഖരണ ക്യാമ്പയിൻ നടത്തുമെന്നും ശേഖരിക്കുന്ന പണം 48 മണിക്കൂറിനുള്ളില്‍ ബാങ്കുകളില്‍ നിക്ഷേപിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അഞ്ച് ലക്ഷം ഗ്രാമങ്ങളിലെ 10 കോടിയോളം കുടുംബങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കാന്‍ ആര്‍എസ്‌എസ് മുന്നിട്ടിറങ്ങിയിരുന്നു. ഏറ്റവും കുറഞ്ഞ സംഭാവന 10 രൂപയാണ്. അതെ സമയം 10 മുതല്‍ എത്ര രൂപ വേണമെങ്കിലും ജനങ്ങള്‍ സ്വമേധയാ സംഭാവന ചെയ്യാം. രാമക്ഷേത്ര നിര്‍മ്മാണത്തിനായി രാജ്യത്തുടനീളം ജനങ്ങളുമായി സമ്പർക്കം പുലര്‍ത്താനുള്ള ഒരു ബൃഹല്‍ പദ്ധതി വിഎച്ച്‌പിയും നേരത്തെ കൈക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായിയുള്ള ആര്‍എസ്‌എസ് വിഎച്ച്‌പി ജനസമ്പർക്ക പരിപാടിയാണ് ഇന്നലെ ആരംഭിച്ചത്.കേരളത്തിലും ഇന്നലെ മുതല്‍ ഗൃഹസമ്പർക്ക പരിപാടി ആരംഭിച്ചിട്ടുണ്ട്.
വാക്‌സിൻ 18 വയസിന് മുകളിലുളളവര്‍ക്ക് മാത്രം,ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പാടില്ല, അഞ്ച് മണിക്ക് ശേഷം ആര്‍ക്കും നല്‍കരുത്;കൊവിഡ് വാക്‌സിന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ കൊവിഡ് വാക്‌സിനേഷന്‍ പ്രക്രിയക്ക് നാളെ രാജ്യത്ത് തുടക്കം. വാക്‌സിനേഷന്‍ എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. വാക്‌സിന്‍, കൊവിഷീല്‍ഡ് എന്നീ രണ്ട് വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്.
പ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങള്‍:
- 18 വയസിന് മുകളിലുളളവര്‍ക്ക് മാത്രമേ വാക്‌സിനേഷന്‍ നടത്താന്‍ പാടുളളൂ
- ഒരാള്‍ക്ക് ആദ്യഡോസില്‍ ഏത് വാക്‌സിന്‍ നല്‍കിയോ, അതേ വാക്‌സിന്‍ മാത്രമേ രണ്ടാമതും നല്‍കാവൂ. മാറി നല്‍കരുത്.
- എന്തെങ്കിലും തരത്തില്‍ രക്തസ്രാവമോ, പ്ലേറ്റ്‍ലെറ്റ് സംബന്ധമായ അസുഖങ്ങളോ, രക്തം കട്ടപിടിക്കുന്നതോ, രക്തസംബന്ധമായ അസുഖങ്ങളോ ഉളള ആളുകള്‍ക്ക് വാക്‌സിൻ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം.
- ആദ്യഡോസില്‍ ഏതെങ്കിലും തരത്തില്‍ അലര്‍ജി റിയാക്ഷനുണ്ടായ ആള്‍ക്ക് പിന്നീട് വാക്‌സിന്‍ നല്‍കരുത്.
- ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ നല്‍കരുത്
- വൈകീട്ട് അഞ്ച് മണിക്ക് ശേഷം നല്‍കരുത്
- പാര്‍ശ്വഫലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം
- വാക്‌സിനേഷന്‍ തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രം
- വാക്‌സിനുകള്‍ നിര്‍ബന്ധമായും രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കണം. അവ നേരിട്ട് സൂര്യപ്രകാശമേല്‍ക്കാതെ വയ്‌ക്കണം. തണുത്ത് ഉറയാന്‍ പാടില്ല.
പ്രക്ഷോഭം 50 ദിവസം പിന്നിട്ടു;കർഷക സംഘടനകളുമായി കേന്ദ്രസർക്കാരിന്റെ നിർണായക ചർച്ച ഇന്ന്
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ടു. നിയമം പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതിനിടെ സമരം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുമായി വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക ചര്‍ച്ച നടത്തും. കര്‍ഷകരുമായി കേന്ദ്രം എട്ടു തവണ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഇന്ന് ഫലപ്രദമായ ചര്‍ച്ച നടക്കുമെന്നു പ്രതീക്ഷിക്കുന്നതായി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. കര്‍ഷകനേതാക്കളുമായി തുറന്ന മനസ്സോടെ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമങ്ങള്‍ നടപ്പാക്കുന്നതു സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടത് കേന്ദ്രത്തിന്റെ വീഴ്ചയായി കര്‍ഷക സംഘടനകള്‍ ഉന്നയിച്ചേക്കും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ റദ്ദാക്കാനും ആവശ്യപ്പെടും. നിലവിലെ നിയമങ്ങള്‍ പരിശോധിക്കാനുള്ള സമിതിക്കു മുൻപാകെ ഹാജരാവില്ലെന്ന് കര്‍ഷകനേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇപ്പോഴുള്ളവ റദ്ദാക്കി പുതിയ നിയമങ്ങള്‍ രൂപീകരിക്കാനുള്ള സമിതിയോട് സഹകരിക്കാമെന്ന നിലപാടിലാണ് കര്‍ഷകര്‍. നിലവിലെ സമിതിയിലുള്ളവര്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ കര്‍ഷകര്‍ക്ക് പിന്തുണയുമായി ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ഭൂപിന്ദര്‍ സിങ് മാന്‍ സുപ്രിം കോടതിയുടെ നാലംഗ സമിതിയില്‍നിന്ന് സ്വയം പിന്‍മാറി.