ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ ഡല്‍ഹി ഐടിഒയില്‍ കര്‍ഷകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കര്‍ഷകന്‍ മരിച്ചു. പോലീസ് വെടിവെപ്പിനേത്തുടര്‍ന്നാണ് കര്‍ഷകന്‍ മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു.എന്നാല്‍ ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല.ഐടിഒയില്‍ കേന്ദ്ര സേനയും നിലയുറപ്പിച്ചിട്ടുണ്ട്. മരിച്ച കര്‍ഷകന്റെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് പോലീസ് കൊണ്ടുപോയെന്ന് കര്‍ഷകര്‍ പറയുന്നു. അതെ സമയം കര്‍ഷകന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ദേശീയ മാധ്യമപ്രവര്‍ത്തകരെ കര്‍ഷകര്‍ തടഞ്ഞു. കേന്ദ്ര സര്‍ക്കാരിനെ അനുകൂലിക്കുന്നു എന്നാരോപിച്ചാണ് കര്‍ഷകര്‍ മാധ്യമങ്ങളെ തടഞ്ഞത്.ട്രാക്ടര്‍ റാലിക്കിടെ പലയിടത്തും സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. വിവിധ സ്ഥലങ്ങളില്‍ ലാത്തിച്ചാര്‍ജും നടന്നു. മൂന്നു വഴികളാണ് മാര്‍ച്ച് നടത്താനായി ഡല്‍ഹി പൊലീസ് കര്‍ഷകര്‍ക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ ആറിടങ്ങളില്‍ നിന്ന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചതാണ് സംഘര്‍ഷത്തിന് കാരണം. കര്‍ഷക സമരത്തില്‍ പങ്കെടുക്കാത്തവരും ട്രാക്ടര്‍ റാലിക്ക് എത്തിയിട്ടുണ്ടെന്നാണ് സൂചന.സിംഘുവില്‍ നിന്ന് ഗാസിപൂര്‍ വഴി യാത്രതിരിച്ച സംഘമാണ് ആദ്യം ഡല്‍ഹിയിലെത്തിയത്. പ്രഗതി മൈതാനിലാണ് ഇവര്‍ എത്തിയത്. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ശേഷം വൈകുന്നേരം അഞ്ചുമണിവരെയാണ് റാലി നടത്താന്‍ ഡല്‍ഹി പൊലീസ് സമയം അനുവദിച്ചിരിക്കുന്നത്. നേരത്തെ, ഗാസിപ്പൂരില്‍ പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. റിങ് റോഡില്‍ക്കൂടി കടന്നുപോകാന്‍ ശ്രമിച്ച കര്‍ഷകരെ പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കര്‍ഷക മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം;ചെങ്കോട്ടയ്ക്ക് മുകളിൽ കൊടിയുയർത്തി കർഷകർ
ന്യൂഡൽഹി:കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ട്രാക്‌ടര്‍ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ചെങ്കോട്ടയ്ക്ക് മുകളില്‍ കയറി കൊടിയുയര്‍ത്തി കര്‍ഷകര്‍ പ്രതിഷേധമറിയിച്ചു.അതേസമയം, ഡല്‍ഹി നഗര ഹൃദയത്തിലേക്ക് കടന്നത് തങ്ങളുടെ കൂട്ടത്തിലുള്ളവരല്ലെന്ന് സംയുക്ത സമരസമിതി പറഞ്ഞു. വിലക്ക് ലംഘിച്ച് നഗരത്തിലേക്ക് കടന്നത് ബി കെ യു ഉഗ്രഹാന്‍, കിസാന്‍ മസ്ദൂര്‍ സംഘ് എന്നിവരാണ് എന്ന് സംയുക്ത സമരസമിതി പ്രസ്താവനയില്‍ വ്യക്തമാക്കി. ഡല്‍ഹി പൊലീസ് അനുവദിച്ച് നല്‍കിയ മൂന്നു റൂട്ടുകള്‍ അംഗീകരിക്കാത്ത ഇവര്‍ രാവിലെ എട്ടുമണിയോടെ ട്രാക്ടറുകളുമായി പുറപ്പെടുകയായിരുന്നു എന്ന് സംയുക്ത സമര സമിതി നേതാക്കള്‍ വ്യക്തമാക്കി. പ്രതിഷേധക്കാര്‍ ഇന്ത്യാ ഗേറ്റ് ലക്ഷ്യമാക്കി നീങ്ങുകയാണ്. ആയിരക്കണക്കിന് കര്‍ഷകരാണ് ചെങ്കോട്ടയിലെത്തിയത്.വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള കര്‍ഷകരുടെ ട്രാക്ടര്‍ മാർച്ചിന് നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തി. പൊലീസുകാര്‍ക്ക് നേരെ വാഹനം ഓടിച്ച് കയറ്റിയതോടെയാണ് പൊലീസും തിരിച്ച് തല്ലാനൊരുങ്ങിയത്. നൂറുകണക്കിന് ട്രാക്ടറുകളിലായാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്.സിംഘു ത്രിക്രി അതിര്‍ത്തികളിലൂടെയാണ് കര്‍ഷകര്‍ നഗരത്തിലേക്ക് പ്രവേശിച്ചത്. പലതരത്തിലുള്ള ആയുധങ്ങളും വാഹനത്തിലുണ്ട്. കര്‍ഷകരുടെ പണിയായുധങ്ങളായ കലപ്പ, വടിവാള്‍, അരിവാള്‍, തൂമ്പ തുടങ്ങിയ കാര്‍ഷിക ആയുധങ്ങളാണ് ട്രാക്ടറുകളില്‍ ഉള്ളത്. ഒരു പരേഡ് എന്ന രീതിയില്‍ തന്നെയാണ് കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തുന്നത്. മാര്‍ച്ച് തടയാനായി പോലീസ് സിംഘു അതിര്‍ത്തിയില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചത്.ഇതോടെ റോഡില്‍ കുത്തിയിരുന്ന് പൊലീസ് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചു. കര്‍ഷകരും പൊലീസും തമ്മില്‍ കല്ലേറുണ്ടായി. സെന്‍ട്രല്‍ ഡല്‍ഹിയില്‍ പൊലീസിനെ ആക്രമിക്കുകയും പൊലീസ് വാഹനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ കര്‍ഷകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. മിക്കയിടങ്ങളിലും ചെറിയരീതിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒക്ക് നേരെ ആക്രമണമുണ്ടായി. നിരവധി ബസ്സുകള്‍ പ്രതിഷേധത്തിനിടെ തകര്‍ക്കപ്പെട്ടു. പൊലീസ് കര്‍ഷകരുടെ ട്രാക്ടറുകളുടെ കാറ്റഴിച്ചു വിടുകയും ചെയ്തു.റാലിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് കര്‍ഷകരുടെ പ്രവാഹമാണ്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ കര്‍ഷക സംഘടനകളും പൊലീസും മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചു.
കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ച് പൊലീസ് തടഞ്ഞു;കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു
ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ച് പൊലീസ് തടഞ്ഞു. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. റിപ്പബ്ലിക് ദിന പരേഡിന് ശേഷം റാലി നടത്താണ് അധികൃതര്‍ അനുമതി നല്‍കിയതെങ്കിലും, നിശ്ചയിച്ച സമയത്തിലും നേരത്തെയാണ് കര്‍ഷകര്‍ മാര്‍ച്ച് ആരംഭിച്ചത്.ഗാസിപ്പൂരില്‍ ഭാരതീയ കിസാര്‍ യൂണിയന്റെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ക്ക് നേരെയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് തുടങ്ങിയപ്പോഴായിരുന്നു കണ്ണീര്‍വാതകം പ്രയോഗിച്ചത്.ആദ്യം പിന്തിരിഞ്ഞ് ഓടിയെങ്കിലും കര്‍ഷകര്‍ സംഘടിച്ചെത്തി ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് വീണ്ടും ആരംഭിച്ചു.നേരത്തെ നിശ്ചയിച്ചിരുന്ന പാതയില്‍ നിന്നു വ്യതിചലിച്ചായിരുന്നു കര്‍ഷകരുടെ മാര്‍ച്ച്. ട്രാക്ടറുകളിലെത്തിയ കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടക്കുകയായിരുന്നു. കര്‍ഷകര്‍ വാഹനം തടഞ്ഞതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു.
കർഷകസമരം;പൊലീസ് ബാരിക്കേഡ് മറികടന്ന് സിംഗുവില്‍ നിന്ന് ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക് പ്രവേശിച്ചു
ന്യൂഡൽഹി:പൊലീസ് ബാരിക്കേഡ് മറികടന്ന് സിംഗുവില്‍ നിന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക് പ്രവേശിച്ചതായി റിപ്പോര്‍ട്ട്. സിംഗുവില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളാണ് കര്‍ഷകര്‍ നീക്കിയത്. കൂടാതെ ഡല്‍ഹി – ഹരിയാന അതിര്‍ത്തിയായ തിക്രിയിലും കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടുവെന്നാണ് വിവരം.ഒരേസമയം ഡല്‍ഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ റാലി നടത്തുക. അയ്യായിരം ട്രാക്ടറുകള്‍ക്കാണ് റാലിയില്‍ പൊലീസ് അനുമതി എന്നാല്‍ ഒരു ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്നാണ് കര്‍ഷകസംഘടനകളുടെ പ്രഖ്യാപനം.ഒരു ലക്ഷം ട്രാക്ടറുകളിലായി സ്ത്രീകള്‍ അടക്കം 4 ലക്ഷത്തില്‍ അധികം കര്‍ഷകര്‍ പങ്കെടുക്കും. സിങ്കു, തിക്രി, ഗാസിപുര്‍ എന്നിവടങ്ങളില്‍ നിന്നാണ് പരേഡ് ആരംഭിക്കുക. നിലവില്‍ നല്‍കിയിരിക്കുന്ന റൂട്ട് മാപ്പ് അനുസരിച്ച് റാലി തീരാന്‍ 48 മണിക്കൂര്‍ വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.പുറത്ത് നിന്ന് ആളുകള്‍ നുഴഞ്ഞു കയറിയെന്ന സംശയമുള്ളതിനാല്‍ കടുത്ത നിയന്ത്രണത്തിലായിരിക്കും റാലി നടക്കുക. ഡല്‍ഹി പിടിച്ചടക്കുകയല്ല, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ രാജ്യത്തെ ജനങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കുകയാണ് ട്രാക്ടര്‍ പരേഡിന്റെ ലക്ഷ്യമെന്ന് കര്‍ഷകര്‍ പറഞ്ഞു.
കര്‍ഷകര സമരം;റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കൊരുങ്ങി കര്‍ഷക സംഘടനകള്‍
ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്റ്റർ റാലിക്കൊരുങ്ങി കർഷക സംഘടനകൾ.ട്രാക്ടര്‍ റാലി ചരിത്രസംഭവമാകും. ഡല്‍ഹി പിടിച്ചെടുക്കുകയല്ല, ജനങ്ങളുടെ ഹൃദയം കീഴടക്കുകയാണ് ലക്ഷ്യമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ട്രാക്ടര്‍ പരേഡില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ക്ക് കൈമാറി. സമരം ചെയ്യുന്നതിന് പിന്നിലെ കാരണങ്ങള്‍ രാജ്യത്തെ ബോദ്ധ്യപ്പെടുത്താനുള്ള അവസരമായി ട്രാക്ടര്‍ റാലിയെ മാറ്റണമെന്ന് കര്‍ഷക സംഘടനകള്‍ പ്രക്ഷോഭകരോട് ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ സംഘടനകള്‍ നല്‍കി. അക്രമത്തിന്റേതായ ഒരു പ്രവണതയും വെച്ചുപൊറുപ്പിക്കില്ല. സമാധാനപൂര്‍വമായ ട്രാക്ടര്‍ റാലി നടത്തുന്നതിലാണ് വിജയമിരിക്കുന്നത്. നേതാക്കളും പൊലീസും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ അനുസരിക്കണം. ഒരു ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും ട്രാക്ടറുകളില്‍ കരുതണം. ട്രാക്ടറുകളില്‍ ദേശീയ പതാകയും, കര്‍ഷക സംഘടനകളുടെ കൊടിയും മാത്രമേ അനുവദിക്കുകയുള്ളു. രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ വിലക്കി. ആയുധങ്ങളോ, പ്രകോപനപരമായ ബാനറുകളോ പാടില്ലെന്നും നിർദേശത്തിൽ പറയുന്നു.അതേസമയം, ട്രാക്ടര്‍ റാലിക്ക് നേരെ ആക്രമണമുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഡല്‍ഹിയിലും അതിര്‍ത്തി മേഖലകളിലും സുരക്ഷ ശക്തമാക്കി.റാലിയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുമെന്ന ആശങ്ക ഡല്‍ഹി പൊലീസ് പങ്കുവെച്ചിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന 308 പാകിസ്ഥാന്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ് പറഞ്ഞു.
ആന്ധ്രപ്രദേശിൽ വീണ്ടും അജ്ഞാത രോഗം; നിരവധിപേർ ആശുപത്രിയില്‍
എലുരു: ആന്ധ്രാപ്രദേശില്‍ വീണ്ടും അജ്ഞാതരോഗം റിപ്പോര്‍ട്ട് ചെയ്തു.പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ പുല്ലെ, കൊമിരെപള്ളി എന്നീ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കാണ് ഇപ്പോള്‍ അജ്ഞാത രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ആന്ധ്രാപ്രദേശില്‍ അജ്ഞാത രോഗം സ്ഥിരീകരിക്കുന്നത്. നിന്ന നില്‍പ്പില്‍ ആളുകള്‍ കുഴഞ്ഞു വീഴുകയായിരുന്നു. കുഴഞ്ഞു വീഴുന്നവരുടെ വായില്‍ നിന്നും നുരയും പതയും വരുന്നു. അജ്ഞാത രോഗം സംശയിച്ച് ഇതുവരെ 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതില്‍ ആറുപേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു.15 പേര്‍ എലുരുവിലെ ആശുപത്രിയിലും ഒരാള്‍ സമീപത്തെ പ്രാദേശിക ആശുപത്രിയിലും ചികിത്സയിലാണ്.ആരോഗ്യ വിദഗ്ധരോട് സന്ദര്‍ശനം നടത്താനും സ്ഥിതിഗതികള്‍ വിലയിരുത്താനും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലും എലുരുവില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതികരണം. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി സംഭവം നിരീക്ഷിക്കുന്നതിനായി വിദഗ്ധ സംഘത്തെ എലുരുവിലേക്ക് അയച്ചു.
പക്ഷിപ്പനി;മാർഗനിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാര്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ
ന്യൂഡൽഹി:പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാര്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ.പകുതി വേവിച്ച മുട്ടയും ചിക്കനും കഴിക്കരുതെന്നും കോഴിയിറച്ചി മാംസം ശരിയായ രീതിയില്‍ പാചകം ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കുകയും വേണം.പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും എഫ്‌എസ്‌എസ്‌എഐ അറിയിച്ചു. കേരളം, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ശൈത്യകാലത്ത് ഇന്ത്യയിലെത്തുന്ന ദേശാടന പക്ഷികളാണ് പ്രധാനമായും പക്ഷിപ്പനി പടര്‍ത്തുന്നത്.ഏവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസ് മൂലമുണ്ടാകുന്ന അണുബാധയാണ് പക്ഷിപ്പനി. ഈ വൈറസിന് നിരവധി സമ്മര്‍ദ്ദങ്ങളുണ്ടാകാം. അവയില്‍ മിക്കതും നേരിയ ലക്ഷണങ്ങളുണ്ടാക്കുകയും മുട്ടയുടെ ഉത്പാദനത്തെ ബാധിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ചില വകഭേദങ്ങള്‍ മാരകമാണെന്ന് തെളിയിക്കാന്‍ കഴിയും. നിലവില്‍ എച്ച്5എന്‍1, എച്ച്8എന്‍1 വൈറസ് പക്ഷികളുടെ മരണത്തിന് കാരണമാകുന്നുണ്ട്.
കർണാടകയിൽ ക്രഷര്‍ യൂണിറ്റിലേക്ക് ട്രെക്കിൽ കൊണ്ടു പോവുകയായിരുന്ന ജലാറ്റിന്‍ സ്റ്റിക്ക് പൊട്ടിത്തെറിച്ച് സ്ഫോടനം;എട്ട് മരണം
ശിവമോഗ: കര്‍ണാടകത്തില്‍ ക്രഷര്‍ യൂണിറ്റിലേക്ക് ട്രക്കില്‍ കൊണ്ടുപോവുകയായിരുന്നു ജെലാറ്റിൻ സ്റ്റിക്ക് പൊട്ടിത്തെറിച്ച് നടന്ന സ്‌ഫോടനത്തില്‍ എട്ട് മരണം.സ്‌ഫോടനത്തില്‍ മൃതദേഹങ്ങള്‍ ചിന്നിച്ചിതറി. മരിച്ച എല്ലാവരും തൊഴിലാളികളാണെന്നാണ് വിവരം. പൊട്ടിത്തെറിയുടെ പ്രകമ്പനം നാല് ജില്ലകളില്‍ അനുഭവപ്പെട്ടു. അറുപത് കിലോമീറ്റര്‍ അകലെവരെ ശബ്ദം കേട്ടതായാണ് വിവരം.ആദ്യം ഭൂചലനമെന്നാണ് കരുതിയത്. എന്നാല്‍ പിന്നീടാണ് സ്‌ഫോടനത്തിന്റെ പ്രകമ്പനമാണെന്ന് തിരിച്ചറിഞ്ഞത്.വ്യാഴാഴ്ച രാത്രി ശിവമോഗയില്‍ ഹോസനുഡ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. 54 ബോക്സുകളടങ്ങുന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍ ട്രക്കില്‍ പോകവേയാണ് അപകടമുണ്ടായത്. പ്രദേശത്ത് റെയില്‍പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ക്വാറിയുടെ ആവശ്യത്തിനാണ് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചത്. അതേസമയം ഇത് അപകടം തന്നെയാണോ അതോ മറ്റേതെങ്കിലും അട്ടിമറിയാണോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഇത്രയധികം സ്‌ഫോടകവസ്തുക്കളെത്തിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പൊട്ടിത്തെറിയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ബോംബ് സ്‌ക്വാഡിന്റെ പരിശോധനയ്ക്ക് ശേഷമേ എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്ന് പോലീസ് വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് ഉണ്ടായ പ്രകമ്പനത്തിൽ റോഡുകളില്‍ വിള്ളല്‍ വീണു. പ്രദേശത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
പൂന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിൽ തീപിടുത്തം; അഞ്ച് പേര്‍ മരിച്ചു
മുംബൈ: കോവിഡ് വാക്സിന്‍ നിര്‍മിക്കുന്ന പൂന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. പൂനയിലെ മഞ്ചിയില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്‍റിലാണ് തീപിടുത്തമുണ്ടായത്. മരിച്ചത് പ്ലാന്‍റിലെ ജീവനക്കാരാണെന്നാണ് കരുതുന്നത്.നിര്‍മാണത്തിലിരിക്കുന്ന പ്ലാന്‍റിന്‍റെ രണ്ടാംനിലയിലാണ് ഉച്ചയ്ക്ക് തീപിടിത്തമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പ്ലാന്‍റിലെ തീപിടിത്തം പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. വാക്സീന്‍ നിര്‍മാണയൂണിറ്റ് സുരക്ഷിതമാണെന്നും വാക്സീന്‍ ഉല്‍പാദനം തടസപ്പെടില്ലെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. അപകട കാരണം വ്യക്തമല്ല.സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം ഘട്ടത്തിൽ കോവിഡ് വാക്സിന്‍ സ്വീകരിക്കുമെന്ന് റിപ്പോർട്ട്;മുഖ്യമന്ത്രിമാരും പട്ടികയിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യവ്യാപകമായുള്ള രണ്ടാംഘട്ട വിതരണത്തിലാണ് പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.മുഖ്യമന്ത്രിമാരും രണ്ടാംഘട്ടത്തില്‍ കൊവിഡ് വാക്സിന്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഇക്കാര്യം നിര്‍ദ്ദേശിച്ചിരുന്നു. 50 വയസിന് മുകളിലുള്ളവര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ള എല്ലാ എംപിമാര്‍ക്കും എംഎല്‍എ മാര്‍ക്കും വാക്സിന്‍ നല്‍കുമെന്നാണ് സൂചന.ആദ്യഘട്ട കോവിഡ് പ്രതിരോധ വാക്സിനേഷന്‍ രാജ്യവ്യാപകമായി തുടങ്ങിയിരുന്നു. ആരോഗ്യപ്രവര്‍ത്തകരടക്കമുള്ള കോവിഡ് മുന്‍നിര പോരാളികള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കിയത്.