ചെന്നൈ:തഞ്ചാവൂരിൽ ക്ഷേത്രത്തിലെ രഥഘോഷയാത്രയ്‌ക്കിടെ വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു.മൂന്ന് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും. കാളിമേടിന് സമീപമുളള ക്ഷേത്രത്തിലായിരുന്നു അപകടം ഉണ്ടായത്.ഇന്ന് പുലർച്ചെ 2.45 ഓടെയായിരുന്നു അപകടം. രഥം വളവിൽ തിരിക്കുന്നതിനിടെ പിന്നോട്ട് എടുത്തപ്പോഴാണ് അപകടം ഉണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. ഹൈടെൻഷൻ വൈദ്യുത കമ്പിയിൽ രഥത്തിന്റെ മുകൾഭാഗം തട്ടുകയായിരുന്നു. രഥത്തിൽ 30 അടിയോളം ഉയരത്തിൽ വൈദ്യുത ദീപാലങ്കാരങ്ങളും ഒരുക്കിയിരുന്നു. വൈദ്യുത പ്രവാഹത്തിൽ രഥത്തിലുണ്ടായിരുന്നവർ ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു.10 പേർ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. പരിക്കേറ്റ 13 പേരെ തഞ്ചാവൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രാവിലെ ഏഴ് മണിയോടെ പരിക്കേറ്റവർക്ക് ഒപ്പം ഉണ്ടായിരുന്ന 13 കാരനും മരിക്കുകയായിരുന്നു.രഥം ഏറെക്കുറെ പൂർണമായി കത്തിയ നിലയിലാണ്. ജില്ലാ അധികൃതരുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൊറോണ നിയന്ത്രണങ്ങൾ നീങ്ങിയതിനാൽ വലിയ തിരക്കായിരുന്നു ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്. അതേസമയം മരണമടഞ്ഞവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഓഫീസ് അറിയിച്ചു.
കോവിഡ് കേസുകളിൽ വർദ്ധനവ്;നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക;വിമാനത്താവളങ്ങളില്‍ ജാഗ്രത; അതിര്‍ത്തികളില്‍ പരിശോധന കർശനമാക്കി
ബെംഗളൂരു:പ്രതിദിന കൊവിഡ് കേസുകളില്‍ പെട്ടെന്നുണ്ടായ വര്‍ദ്ധന കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക സർക്കാർ.തിരvക്കേറിയ സ്ഥലങ്ങളിലും മറ്റ് ഇന്‍ഡോര്‍ പരിപാടികളിലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. കൊവിഡ് പ്രതിരോധത്തിനായി നേരത്തേ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രോട്ടോക്കോളുകള്‍ എല്ലാവരും പാലിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ഇതിന് പുറമേ സാമൂഹിക അകലം പാലിക്കലും സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.രാജ്യത്ത് കൊവിഡ് നാലാം തരംഗത്തിന്റെ വ്യാപനഭീതി കണക്കിലെടുത്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൊവിഡ് നാലാം തരംഗത്തിന്റെ ഭീതി കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ പാലിക്കേണ്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ബൊമ്മൈയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. കെ.സുധാകര്‍ പറഞ്ഞു.കൊവിഡിനെതിരെ പ്രതിരോധശേഷി നേടുന്നതിന് മുന്‍കരുതല്‍ അല്ലെങ്കില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാനും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഡോ. കെ. സുധാകര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. നിലവില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും പിഴ ഈടാക്കില്ലെങ്കിലും, ജനങ്ങളോട് ജാഗ്രത പാലിക്കാനും സ്വന്തം താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി മുന്‍കരുതല്‍ എടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. റവന്യൂ മന്ത്രി ആര്‍. അശോക്, കോവിഡ് സാങ്കേതിക ഉപദേശക സമിതി അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു;ദല്‍ഹിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി; ഇല്ലെങ്കില്‍ 500 രൂപ പിഴ
ന്യൂഡൽഹി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ദല്‍ഹിയില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി.മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 500 രൂപ പിഴ ചുമത്തും. രോഗപ്രതിരോധ നടപടിയുടെ ഭാഗമായി ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.ഡൽഹിയിൽ മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ ഏപ്രില്‍ തുടക്കത്തില്‍ പിന്‍വലിച്ചിരുന്നു. നിലവില്‍ പുതിയ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മാസ്‌ക് ഉപയോഗം കൂട്ടാന്‍ പിഴ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി വീണ്ടും പുനസ്ഥാപിച്ചത്. കോവിഡ് കേസുകളില്‍ നേരിയ വര്‍ധന റിപ്പോര്‍ട്ട് ചെയ്ത ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ദല്‍ഹി, ഹരിയാന, മിസോറം എന്നീ സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വ്യാപനം നിരീക്ഷിക്കാനും ഉടനടി നടപടികള്‍ കൈക്കൊള്ളാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.കോവിഡ് പരിശോധന വ്യാപകമാക്കാനും വാക്സിനേഷന്‍ കൂടുതല്‍ ശക്തിപ്പെടുത്താനും നിര്‍ദേശമുണ്ട്. അതേസമയം സ്‌കൂളുകള്‍ അടയ്ക്കേണ്ടതില്ലെന്നാണ് തീരുമാനം. പൊതുപരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയില്ല. കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന എല്ലാ പരിപാടികളും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ദല്‍ഹി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ബുധനാഴ്ച 0.44 ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍ 12ന് പോസിറ്റീവ് നിരക്ക് 0.21 ശതമാനമായിരുന്നു. ബുധനാഴ്ചത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.38 ശതമാനമാണ്.
പ്രതിദിന കൊവിഡ് കണക്കുകള്‍ കൃത്യമായി പ്രസിദ്ധീകരിക്കാന്‍ കേരളത്തോട് കേന്ദ്രം
ന്യൂഡല്‍ഹി: കേരളം പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേരളത്തില്‍നിന്നുള്ള പഴയ കണക്കുകള്‍ കൂടി ചേര്‍ത്താണ് രാജ്യമാകെയുള്ള കോവിഡ് കേസുകളില്‍ ഇന്ന് 90 ശതമാനം വര്‍ധന കാണിച്ചത്.അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്നലെ കേരളം കൊവിഡ് കണക്ക് പുറത്തുവിട്ടത്.ഇത് രാജ്യത്തെ ആകെ കൊവിഡ് കണക്കിനെ ബാധിച്ചു എന്നും കേന്ദ്രം വിമര്‍ശിച്ചു. ഇക്കാര്യം അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി ലവ് അഗര്‍വാള്‍ കേരളത്തിന് കത്തയച്ചു.കോവിഡ് ബാധിതരുടെ കൃത്യമായ കണക്ക് പ്രസിദ്ധീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കത്തയച്ചത്.രാജ്യത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതോടെയാണ് പ്രതിദിന കോവിഡ് കണക്കുകളുടെ പ്രസിദ്ധീകരണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു തീരുമാനം.
ആശങ്ക വിതച്ച് അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണയുടെ പുതിയ എക്‌സ്ഇ വകഭേദം;ആദ്യ കേസ് മുംബൈയിൽ
മുംബൈ: ഇന്ത്യയിലെ ആദ്യ ഒമിക്രോണ്‍ എക്‌സ്‌ഇ (Omicron XE) വകഭേദം മുംബൈയില്‍ സ്ഥിരീകരിച്ചു.കൊറോണ വൈറസിന്റെ അതിവ്യാപന ശേഷിയുള്ള വകഭേദമാണ് എക്‌സ്ഇ. ബൃഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനി (ബി.എം.സി) ലാണ് രോഗബാധ സ്ഥിരീകരിച്ചത്.50 വയസുള്ള സ്ത്രീക്ക് രോഗലക്ഷണങ്ങളില്ലെന്നും കോവിഡ് വാക്സിന്‍ എടുത്തിരുന്നതായും ബി.എം.സി അറിയിച്ചു.കൊറോണ സ്ഥിരീകരിച്ച 230 പേരുടെ സാമ്പിളുകൾ മുംബൈ നഗരസഭ സീറോ സർവ്വെയ്‌ലൻസിനായി അയച്ചിരുന്നു. ഇതിൽ ഒന്നിലാണ് എക്‌സ്ഇ വകഭേദം സ്ഥിരീകരിച്ചത്. ഇതിന് പുറമേ കൊറോണയുടെ കാപ്പ വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരു വകഭേദം ബാധിച്ചവരുടെയും ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങൾ ഒന്നും പ്രകടമാക്കാത്ത ഇവരെ ആരോഗ്യപ്രവർത്തകർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.പുതിയ വകഭേദത്തിന് ഒമിക്രോണിനെക്കാള്‍ വ്യാപനശേഷി ഉണ്ടെന്നാണ് വിലയിരുത്തല്‍. ബിഎ 1, ബിഎ 2 എന്നീ ഒമിക്രോണ്‍ വകഭേദങ്ങളുടെ സംയോജിത രൂപമാണ് എക്സ് ഇ. ലോകമെങ്ങും പടര്‍ന്നു കഴിഞ്ഞ ബിഎ 2 വകഭേദത്തേക്കാള്‍ 10 ശതമാനം വ്യാപനശേഷി കൂടുതലാണ് എക്സ് ഇക്ക്.ബ്രിട്ടണിലാണ് കൊറോണയുടെ എക്‌സ്ഇ വകഭേദം ആദ്യം സ്ഥിരീകരിച്ചത്. ജനുവരി 16നായിരുന്നു ആദ്യകേസ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ ബ്രിട്ടണിൽ 600 ലധികം പേർക്ക് വൈറസിന്റെ എക്‌സ്ഇ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചവരിൽ 21 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒൻപത് പേരും ഇരു വാക്‌സിനുകളും സ്വീകരിച്ചവരാണ്. ബാക്കിയുള്ളവർ വാക്‌സിൻ സ്വീകരിക്കാത്തവരാണ്.
സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് ആരംഭിച്ചു; ഇരുപതോളം സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നു
തിരുവനന്തപുരം:കേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് ആരംഭിച്ചു. നാളെ രാത്രി 12 മണി വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ഇരുപതോളം സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. പാൽ, പത്രം,ആശുപത്രി, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ,വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബസ്, ടാക്സി, ഓട്ടോ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനം പൂര്‍ണമായും നിശ്ചലമായി.പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരെ ബാങ്കിംഗ് സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.സ്വകാര്യ വാഹനങ്ങൾ റോഡിലിറക്കരുതെന്ന് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. കട കമ്പോളങ്ങൾ അടച്ചിടണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. തുറക്കുന്ന കടകൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കര്‍ഷകസംഘടനകള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക, അവശ്യപ്രതിരോധസേവനനിയമം പിന്‍വലിക്കുക, കോവിഡ് കാലപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ആദായനികുതിയില്ലാത്ത പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 7500 രൂപ നല്‍കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍. പണിമുടക്കിന് മുന്നോടിയായി റേഷന്‍കടകളും സഹകരണബാങ്കുകളും കഴിഞ്ഞ ദിവസം പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ബസ് സമരം പിന്‍വലിച്ചിരുന്നുവെങ്കിലും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ബസ് ഉടമകള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. പല സ്വകാര്യ ബസുകളും കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം സര്‍വീസ് നടത്തിയെങ്കിലും അര്‍ധരാത്രിയോടെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു. അതേ സമയം കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. ചെന്നൈയില്‍ നഗരത്തില്‍ ഓട്ടോ, ടാക്സി സര്‍വീസുകളും പതിവുപോലെ സര്‍വീസ് തുടരുന്നുണ്ട്. തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ ഡിഎംകെ അനുകൂല ട്രേഡ് യൂണിയനായ ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷനടക്കം സമരത്തെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ ജീവനക്കാര്‍ പ്രത്യക്ഷ സമരത്തില്‍ പങ്കെടുക്കാന്‍ സാധ്യത കുറവാണ്.
മാർച്ച് 31 ന് മുന്‍പായി പാന്‍- ആധാര്‍ ലിങ്ക് ചെയ്തില്ല എങ്കില്‍ 10000 രൂപ വരെ പിഴ ഈടാക്കും
ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട നിര്‍ദ്ദേശപ്രകാരം 2022 മാര്‍ച്ച് 31 ന് മുന്‍പായി നിങ്ങളുടെ ആധാര്‍ നമ്പരും പാന്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യണം. കോവിഡ് മഹാമാരി കണക്കിലെടുത്ത്, പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍, ദീര്‍ഘിപ്പിച്ചിരുന്നു. 2021 സെപ്റ്റംബർ 30ന് മുന്‍പായി ആധാര്‍ പാന്‍ ലിങ്ക് ചെയ്യണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍, പിന്നീട് കോവിഡ് മഹാമാരി മൂലം സമയപരിധി നീട്ടുകയായിരുന്നു. ഒടുവിലത്തെ നിര്‍ദേശം അനുസരിച്ച് 2022 മാർച്ച് 31 ആണ് ആധാര്‍ പാന്‍ ലിങ്ക് ചെയ്യാനുള്ള അവസാന തിയതി.ബാങ്ക് അക്കൗണ്ട് തുറക്കുക, മ്യൂച്വല്‍ ഫണ്ടുകള്‍ അല്ലെങ്കില്‍ ഓഹരികള്‍ വാങ്ങുക, കൂടാതെ 50,000 രൂപയില്‍ കൂടുതല്‍ പണമിടപാടുകള്‍ നടത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 272 ബി അനുസരിച്ച് പാന്‍ ആധാറുമായി ലിങ്ക് ചെയ്യാത്ത സാഹചര്യത്തില്‍ 10,000 രൂപ പിഴ ഈടാക്കാം.ആധാര്‍ ലിങ്കിംഗ് പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ പ്രവര്‍ത്തനരഹിതമായ പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനക്ഷമമാകും. പാന്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. പാന്‍ സര്‍വീസ് സെന്ററുകളില്‍ നിന്നും ലഭിക്കുന്ന ഫോം പൂരിപ്പിച്ച് ഇത്തരത്തില്‍ പാനും ആധാറും ബന്ധിപ്പിക്കാം. അതുമല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ നിന്നും 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്തും ലിങ്ക് ചെയ്യാം. കൂടാതെ, ഇ- ഫയലിങ് വെബ്‌സൈറ്റ് മുഖാന്തിരവും ഇത്തരത്തില്‍ പാന്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും.പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ സ്റ്റാറ്റസ് പരിശോധിക്കുക. പാൻ കാർഡ് ഉടമകൾ ഇത് ചെയ്തില്ലെങ്കിൽ ഓരോ നിയമലംഘനത്തിനും 10,000 രൂപ പിഴ ഈടാക്കാം.
ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ
മഡ്ഗാവ്: ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ കടന്നു. രണ്ടാംപാദ സെമിഫൈനൽ മത്സരത്തിൽ ജംഷെഡ്പൂരിനെ 1-1 ന് സമനിലയിൽ തളച്ചതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യപാദ മത്സരത്തിൽ ജംഷഡ്പൂരിനെ പരാജയപ്പെടുത്തിയതോടെ ഇരുപാദങ്ങളിലുമായി ബാസ്റ്റേഴ്‌സ് 2-1 ന്റെ ലീഡുനേടിയാണ് ഫൈനൽ യോഗ്യത നേടിയത്.നാളെ നടക്കുന്ന ഹൈദരാബാദ് – എടികെ മത്സരത്തിലെ വിജയികളെ ഫൈനലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നേരിടും. 2014, 2016 വർഷങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് ഇതിനുമുമ്പ് ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടിയത്. മാര്‍ച്ച് 20-ന് ഞായറാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പിജെഎന്‍ സ്റ്റേഡിയത്തില്‍ ആണ് ഐഎസ്‌എല്‍ ഫൈനല്‍ നടക്കുന്നത്. നീണ്ട രണ്ട് വര്‍ഷത്തിന് ശേഷമാണ് ഐ എസ് എല്ലില്‍ സ്റ്റേഡിയത്തിലേക്ക് ആരാധകരെത്തുന്നത്.സ്റ്റേഡിയത്തിലെ ഇരിപ്പിടത്തിന്റെ 100% ഉപയോഗത്തിന് ഗോവ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്ക് അനുസൃതമായി, പങ്കെടുക്കുന്ന ആരാധകര്‍ ഒന്നുകില്‍ പൂര്‍ണ്ണമായി വാക്സിനേഷന്‍ നല്‍കേണ്ടതുണ്ട്, അവരുടെ അവസാന ഡോസില്‍ നിന്ന് കുറഞ്ഞത് 15 ദിവസത്തെ ഇടവേളയോ അല്ലെങ്കില്‍ പ്രവേശന സമയത്ത് 24 മണിക്കൂറിനുള്ളില്‍ നെഗറ്റീവ് RT-PCR റിപ്പോര്‍ട്ട് നല്‍കുകയോ വേണം. എല്ലായ്‌പ്പോഴും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കും.
രാജ്യത്ത് 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ ആരംഭിച്ചു
ന്യൂഡൽഹി:രാജ്യത്ത് 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ വാക്‌സിനേഷൻ ആരംഭിച്ചു. രാവിലെ 11.30 മുതൽ ഓരോ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങൾ വഴിയാണ് വാക്‌സിൻ വിതരണം ചെയ്യുന്നത്. പൈലറ്റ് അടിസ്ഥാനത്തിലാണ് വാക്‌സിൻ വിതരണം.സ്‌പോട്ട് റജിസ്‌ട്രേഷൻ വഴിയാണ് വാക്‌സിൻ നൽകിയത്. ബയോ ഇ പുറത്തിറക്കിയ കോർബിവാക്സാണ് കുട്ടികൾക്ക് കുത്തിവെക്കുന്നത്. 28 ദിവസത്തെ ഇടവേളയിൽ 2 ഡോസുകളായാണ് വാക്‌സിൻ നൽകുക. രാജ്യ വ്യാപകമായിട്ടാണ് ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് ഇന്ന് വാക്സിനേഷൻ ആരംഭിച്ചത്. വാക്‌സിൻ പ്രതിരോധത്തിലെ നിർണായക ദിനമെന്നാണ് ഈ ദിവസത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചത്. കേരളത്തിൽ 15 ലക്ഷത്തോളം കുട്ടികളാണ് ഈ പ്രായപരിധിയിൽ വാക്‌സിൻ സ്വീകരിക്കാനുള്ളത്. കേരളത്തിൽ കൂടാതെ കർണാടകയിലും കുട്ടികൾക്ക് വാക്‌സിൻ കുത്തിവെപ്പ് ആരംഭിച്ചിട്ടുണ്ട്. 20 ലക്ഷം കുട്ടികളാണ് സംസ്ഥാനത്ത് വാക്‌സിൻ എടുക്കാൻ തയ്യാറായിരിക്കുന്നത്. ഇന്ന് വാക്‌സിനേഷൻ ആരംഭിച്ചതായും പരിപാടി ദ്രുതഗതിയിൽ പൂർത്തിയാക്കുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ സുധാകർ റെഡ്ഡി അറിയിച്ചു.60 വയസിന് മുകളിൽ പ്രായമുള്ളവർക്കായുള്ള കരുതൽ ഡോസ് വാക്‌സിൻ വിതരണവും ഇന്ന് മുതൽ ആരംഭിച്ചിട്ടുണ്ട്.
ഐഎസ്എൽ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം;കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ നേരിടും
ഗോവ: ഐഎസ്എൽ എട്ടാം സീസണിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഗോവയിൽ നടക്കുന്ന ആദ്യ സെമിയിൽ കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂർ എഫ്‌സിയെ നേരിടും. ഗോവയിലെ ഫട്ടോർഡ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.അതേസമയം, ഇന്ന് നടക്കുന്ന സെമി ഫൈനൽ ആഘോഷമാക്കി മാറ്റാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സുവർണാവസരം ഒരുക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്.ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ നേരിടുമ്പോൾ കൊച്ചിയിൽ കലൂർ സ്റ്റേഡിയത്തിന് പുറത്ത് ഒരു ഫാൻ പാർക്ക് ഒരുക്കിയിരിക്കുകയാണ് ഇവർ.കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു പുറത്ത് വൈകിട്ട് 5.30 മുതൽ ഫാൻപാർക്ക് തുറക്കും. ആരാധകരെ മുഴുവൻ ഇവിടെ നിന്ന് ഒരുമിച്ച് കളി കാണാൻ ക്ഷണിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അവസാനമായി നടന്ന രണ്ട് ഐഎസ്എൽ സീസണുകളിലും രണ്ടു വർഷമായി കലൂരിൽ ഒത്തുകൂടാൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സുവർണ്ണാവസരമാകും ഇത്.