പാര്‍ലമെന്റില്‍ ബഡ്‌ജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു;പ്രതിപക്ഷം പ്രസംഗം ബഹിഷ്‌കരിച്ചു

keralanews presidents speech begins ahead of budget session in parliament opposition boycotts speech

ന്യൂഡല്‍ഹി: ബഡ്‌ജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് രാംനാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തുന്നത്. കാര്‍ഷിക നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിച്ചു. ഇടത് എം പിമാര്‍ സഭയ്‌ക്ക് മുന്നില്‍ ധര്‍ണ നടത്തുകയാണ്.കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ചായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. കാര്‍ഷിക നിയമങ്ങളില്‍ സുപ്രീംകോടതി തീരുമാനം എന്തായാലും അത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കും. സമാധാനപൂര്‍ണമായ സമരങ്ങളോട് യോജിക്കും. കാര്‍ഷികനിയമങ്ങള്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ അധികാരവും സൗകര്യങ്ങളും നല്‍കും. നിയമങ്ങളെ കുറിച്ചുളള തെറ്റിദ്ധാരണ നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും രാഷ്ട്രപതി പറഞ്ഞു.റിപ്പബ്ലിക് ദിനത്തിലെ അപമാനകരമായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ദേശീയ പതാകയെ അപമാനിച്ചത് ദൗര്‍ഭാഗ്യകരമാണ്. അഭിപ്രായ പ്രകടനത്തിന് ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുവെന്നും നിയമവും ചട്ടവും പാലിക്കണമെന്ന് ഭരണഘടന പഠിപ്പിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.കൊവിഡ് മഹാമാരിക്കിടെ നടക്കുന്ന ഈ ബഡ്‌ജറ്റ് സമ്മേളനം വളരെ പ്രധാനമാണ്. ഈ വര്‍ഷം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് നമ്മള്‍ പ്രവേശിക്കാന്‍ പോകുകയാണ്. ഇന്ത്യ ഐക്യത്തോടെ നിന്ന് പ്രതിസന്ധികള്‍ മറികടന്നിട്ടുണ്ട്. ഇനിയും രാജ്യം ഒറ്റക്കെട്ടായി നിന്ന് പ്രതിസന്ധികള്‍ മറികടക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കർഷക സമരം;ഗാസിപ്പൂരിലെ സമരവേദി ഒഴിപ്പിക്കാനുള്ള നടപടികളില്‍ നിന്ന് ജില്ലാ ഭരണകൂടം പിന്മാറി

keralanews farmers strike district administration withdraws from evacuation of gazipur

ന്യൂഡല്‍ഹി: ഗാസിപ്പൂരിലെ സമരവേദി ഒഴിപ്പിക്കാനുള്ള നടപടികളില്‍ നിന്ന് ജില്ലാ ഭരണകൂടം പിന്മാറി. കൂടുതല്‍ കര്‍ഷകര്‍ സംഘടിച്ച്‌ എത്തിയതോടെ തല്‍ക്കാലം നടപടി നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇതോടെ പൊലീസും കേന്ദ്രസേനയും സമരവേദിയില്‍ നിന്ന് പിന്മാറി.കര്‍ഷകരെ ഒഴിപ്പിക്കുന്നതിനായി വന്‍ പൊലീസ് സന്നാഹം ഗാസിപ്പുരിലെ സമരവേദിക്കു സമീപത്തുണ്ടായിരുന്നു. ജില്ലാ മജിസ്ട്രേട്ട് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും എത്തിയിരുന്നു. അധികൃതരെ മടക്കി അയച്ച ശേഷം ദേശീയ പതാകയുമേന്തിയായിരുന്നു കര്‍ഷകരുടെ ആഹ്ലാദ പ്രകടനം.വ്യാഴാഴ്ച രാത്രി 11 മണിയോടെ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപ്പുരിലെ സമരഭൂമിയില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നായിരുന്നു കര്‍ഷകര്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ സമരഭൂമിയില്‍നിന്ന് മടങ്ങില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ പലരെയും സമരഭൂമിയില്‍ വച്ച്‌ തന്നെയാണ് നഷ്ടമായതെന്നും അത് അവരോട് ചെയ്യുന്ന തെറ്റാകുമെന്നും കര്‍ഷകര്‍ പറയുന്നു യുപി പൊലീസിന് പുറമേ കേന്ദ്രസേനയേയും സമരഭൂമിക്ക് ചുറ്റും വിന്യസിച്ചിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗാസിപ്പുരിലേക്കുള്ള ഗതാഗതം തടഞ്ഞിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

സിഘുവില്‍ കർഷകർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍; വൈ​ദ്യു​തി​ക്ക് പി​ന്നാ​ലെ ജ​ല​വി​ത​ര​ണ​വും റ​ദ്ദാ​ക്കി കേന്ദ്രം

keralanews locals protest against farmers in singhu centre canceled water supply also

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ഷകരെ സിഘുവില്‍ നിന്ന് ചെയ്യണം എന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. സിംഘുവില്‍ താമസിക്കുന്ന പ്രദേശവാസികളുടെ നേതൃത്വത്തിലാണ് സമരഭൂമിയില്‍ പ്രതിഷേധം അരങ്ങേറിയത്.കര്‍ഷകര്‍ ഹൈവൈയില്‍ നിന്ന് പിന്‍മാറണമെന്നും 60 ദിവസമായി അടഞ്ഞുകിടക്കുന്ന റോഡുകള്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 60 ദിവസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നൂറുകണക്കിന് കര്‍ഷകരാണ് സിംഘു അതിര്‍ത്തിയിലുള്ളത്. സിംഘു, ഗാസിപ്പൂര്‍ സമരവേദികളില്‍ നിന്ന് മൂന്ന് ദിവസത്തിനുളളില്‍ പിന്‍മാറണമെന്ന് നിര്‍ദേശിച്ച്‌ കര്‍ഷകര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.ബുധനാഴ്ച രാത്രി ജില്ലാ മജിസ്ട്രേറ്റും ഉന്നത പാലിസ് ഉദ്യോഗസ്ഥരും സമരഭൂമിയിലെത്തിയാണ് പ്രതിഷേധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. ഇതിനിടെ കര്‍ഷക സമരം പൊളിക്കാന്‍ കൂടുതല്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. ഗാസിപുരിലെ സമര കേന്ദ്രത്തില്‍ നിന്ന് കര്‍ഷകര്‍ പിന്മാറുന്നതിനായി ജലവിതരണം റദ്ദാക്കി. സമര കേന്ദ്രത്തിലേക്കുള്ള വൈദ്യുതി ബന്ധം കഴിഞ്ഞ ദിവസം വിച്ഛേദിച്ചതിനു പിന്നാലെയാണ് അടുത്ത നടപടിയുണ്ടായിരിക്കുന്നത്.. വൈദ്യുതിയും ജലവിതരണവും പുനസ്ഥാപിച്ചില്ലെങ്കില്‍ ഗാസിപൂരിലെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളും ഉപരോധിക്കുമെന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.

കര്‍ഷകസംഘടനകളുടെ പാർലമെന്റ് മാർച്ച് മാറ്റിവച്ചു

keralanews parliament march of farmers organizations adjourned

ന്യൂഡൽഹി:ഫെബ്രുവരി ഒന്നിന് കർഷകർ നടത്താൻ തീരുമാനിച്ചിരുന്ന പാർലമെന്റിലേക്കുള്ള കാൽനട മാർച്ച് മാറ്റിവച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.എന്നാൽ സമരം ശക്തമായി തുടരുമെന്നും രക്തസാക്ഷി ദിനമായ ശനിയാഴ്ച്ച രാജ്യവ്യാപകമായി റാലികളും ജനസഭയും ഉപവാസ സമരവും നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. കര്‍ഷകരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.അതേസമയം റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടികള്‍ കടുപ്പിക്കാനൊരുങ്ങുകയാണ് ഡല്‍ഹി പൊലീസ്. സംയുക്ത കിസാന്‍ മോര്‍ച്ച അംഗവും പഞ്ചാബില്‍ നിന്നുള്ള കര്‍ഷക സംഘടനയായ ക്രാന്തികാരി കിസാന്‍ മോര്‍ച്ച നേതാവുമായ ദര്‍ശന്‍ പാല്‍ സിംഗിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. കുറ്റക്കാര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം കൂടി ചുമത്താനാണ് പൊലീസ് ആലോചന. ട്രാക്ടര്‍ റാലിക്ക് മുന്നോടിയായി കര്‍ഷക നേതാക്കള്‍ നടത്തിയ പ്രകോപനപ്രസംഗങ്ങളാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് ഡല്‍ഹി പൊലീസിന്റെ പ്രധാന ആരോപണം. മേധാ പട്കര്‍ ഉള്‍പ്പെടെ 37 കര്‍ഷക നേതാക്കള്‍ക്കെതിരെയാണ് പൊലീസ് നിലവില്‍ കേസെടുത്തിരിക്കുന്നത്.പ്രത്യേക സംഘത്തെ നിയോഗിച്ച്‌ പൊലീസ് അന്വേഷണം വിപുലീകരിച്ചു. ഇന്ന് കൂടുതല്‍ പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും.അതിനിടയില്‍ ഗാസിപൂരിലെ സമരകേന്ദ്രത്തില്‍ നിന്നും രണ്ടു ദിവസത്തിനകം ഒഴിഞ്ഞുപോകാന്‍ ജില്ലാ ഭരണകൂടം സമരക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രിയിലുള്ള വൈദ്യൂതിയും വിച്ഛേദിച്ചു. എന്നാല്‍ എന്തെല്ലാം പ്രതിസന്ധികള്‍ വന്നാലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സംയുക്ത സമര സമിതി. ചോദ്യം ചെയ്യാന്‍ ഹാജരാകുന്ന നേതാക്കളെ അടുത്ത നടപടിയായി അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം.

വി.കെ. ശശികല ജയിൽ മോചിതയായി

keralanews v k shashikala released from jail

ബെംഗളൂരു:അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കഴിയുകയായിരുന്ന വി.കെ. ശശികല ജയിൽ മോചിതയായി.ബംഗലൂരുവിലെ പരപന അഗ്രഹാര ജയിലിൽ നാല് വർഷം ജയില്‍ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷമാണ് ശശികല മോചിതയാകുന്നത്. എന്നാൽ കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ബെംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുന്ന ശശികല, ചെന്നൈയിലേക്ക് മടങ്ങിയെത്താന്‍ ദിവസങ്ങള്‍ കഴിയും. ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തി രേഖകളില്‍ ഒപ്പുകള്‍ വാങ്ങി. സുപ്രിംകോടതി വിധിപ്രകാരമുള്ള 10 കോടി രൂപ പിഴ കെട്ടിവെച്ച ശേഷമാണ് ജയില്‍മോചന നടപടികളിലേക്ക് കടന്നത്. കൊവിഡ് വാര്‍ഡില്‍ ശശികലയ്ക്ക് നല്‍കി വന്നിരുന്ന പൊലീസ് കാവല്‍ പിന്‍വലിച്ചു. ശശികലയുടെ വസ്ത്രങ്ങള്‍ അടക്കമുള്ളവ ബന്ധുക്കള്‍ക്ക് കൈമാറി. ജനുവരി 20നാണ് ശശികലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആർ.ടി-പി.സി.ആർ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. മക്കൾ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരൻ ബംഗളൂരുവിലെത്തിയിട്ടുണ്ട്. ശശികലയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നും ദിനകരൻ പറഞ്ഞു. എ.ഐ.ഡി.എം.കെ നേതാവും മുൻ മുഖ്യമന്ത്രിയുമായ ജയലളിതയുടെ വലംകെെയായി അറിയപ്പെട്ടിരുന്ന ശശികല തമിഴ്നാട് രാഷ്ട്രീയത്തിലെ പ്രബല വ്യക്തിത്വങ്ങളിൽ ഒന്നായാണ് അറിയപ്പെട്ടിരുന്നത്. ജയലളിതയുടെ മരണത്തിന് ശേഷം മുഖ്യമന്ത്രിയായി അധികാരത്തിലേറാനുള്ള ശശികലയുടെ തന്ത്രങ്ങൾ പക്ഷേ പരാജയപ്പെടുകയാണുണ്ടായത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 2017ൽ ശശികല അറസ്റ്റ് ചെയ്യപ്പെട്ടു. മറ്റ് രണ്ട് ബന്ധുക്കളോടൊപ്പമാണ് ശശികല തടവിൽ പോയത്.

തമിഴ്‌നാട്ടിൽ ജുവലറി ഉടമയുടെ ഭാര്യയെയും മകനെയും കൊന്ന് 17 കിലോ സ്വര്‍ണംകവര്‍ന്നു

keralanews 17 kg gold stolen after killing the wife and son of jewelery owner in tamilnadu

മയിലാട്ടുതുറൈ:തമിഴ്‌നാട്ടിലെ മയിലാട്ടുതുറൈയിൽ ജുവലറി ഉടമയുടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി 17 കിലോ സ്വര്‍ണം കവർന്നു.വീട്ടില്‍ അതിക്രമിച്ച് കടന്ന നാലംഗ സംഘമാണ് അക്രമം നടത്തിയത്. ജുവലറി ഉടമ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് അക്രമത്തിൽ ഗുരുതര പരിക്കേ‌റ്റു. മയിലാട്ടുതുറൈയിലെ സിര്‍ക്കഴിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.സിര്‍ക്കഴി സ്വദേശിനി ഡി.ആശ (45), മകന്‍ ഡി.അഖില്‍(28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേ‌റ്റ ജുവലറി ഉടമ ധനരാജ് (51), അഖിലിന്റെ ഭാര്യ നിഖില(23) എന്നിവരെ സിര്‍ക്കഴി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആയുധങ്ങളുമായി പുലര്‍ച്ചെ 6 മണിയ്‌ക്ക് ധനരാജിന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ സംഘം കൊലയും കവര്‍ച്ചയും നടത്തി.വിവരമറിഞ്ഞ് സ്ഥലത്ത് ഉടനെത്തിയ പൊലീസ് സംഘം കവര്‍ച്ചയ്‌ക്ക് പിന്നിലുള‌ള ഉത്തരേന്ത്യന്‍ സംഘത്തിലെ ഒരാളെ വെടിവച്ച്‌ കൊന്നു. രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. ഒരാള്‍ക്കായുള‌ള അന്വേഷണം നടക്കുകയാണ്. നഷ്‌ടപ്പെട്ട മുഴുവന്‍ സ്വര്‍ണവും പൊലീസ് കണ്ടെത്തി.രാജസ്ഥാന്‍ സ്വദേശികളായ മണിബാല്‍, ആര്‍.മനീഷ്(23), രമേശ് പ്രകാശ്(20) എന്നിവരെയാണ് കണ്ടെത്തിയത്. ഇവരില്‍ മണിബാല്‍ കൊല്ലപ്പെട്ടു. കര്‍ണാറാം എന്ന നാലാമന് വേണ്ടി തിരച്ചില്‍ നടക്കുകയാണ്. കൊലയാളികളില്‍ നിന്ന് രണ്ട് തോക്കുകളും പൊലീസ് കണ്ടെത്തി.

ഡൽഹിയിൽ പ്രക്ഷോഭത്തിനിടെ കര്‍ഷകന്‍ മരിച്ചത് ട്രാക്ടര്‍ മറിഞ്ഞെന്ന് പോലീസ്;ദൃശ്യങ്ങള്‍ പുറത്തുവിട്ടു

keralanews farmer killed during protest in delhi when tractor overturned said police visuals released

ന്യൂഡല്‍ഹി:ഡൽഹിയിൽ കര്‍ഷക പ്രക്ഷോഭത്തിനിടെ കര്‍ഷകന്‍ മരിച്ചത് ട്രാക്ടര്‍ മറിഞ്ഞെന്ന് ഡല്‍ഹി പോലീസ്. ഇതിന് തെളിവായി അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു.ബാരിക്കേഡുകള്‍ വെച്ച്‌ പോലീസ് തീര്‍ത്ത മാര്‍ഗതടസം ഇടിച്ച്‌ തകര്‍ത്ത് അമിത വേഗത്തിലെത്തിയ ട്രാക്ടര്‍ മറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഉത്തരാഖണ്ഡ് സ്വദേശി നവനീത് സിംഗ് ആണ് മരിച്ചത്. പോലീസിന്റെ വെടിയേറ്റാണ് നവനീത് മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു.കര്‍ഷകനെ പോലിസ് വെടിവച്ച്‌ കൊല്ലുകയായിരുന്നുവെന്നാണ് കര്‍ഷക നേതാക്കള്‍ ആരോപിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പോലിസ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ട്രാക്ടര്‍ ബാരിക്കേഡില്‍ ഇടിച്ച്‌ മറിഞ്ഞാണ് അപകടം എന്നാണ് ഈ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി പോലിസ് വാദിക്കുന്നത്. എന്നാല്‍ പോലിസിന്റെ വെടിയേറ്റതോടെ നവ്ദീപ് ഓടിച്ച ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബാരിക്കേഡില്‍ ഇടിച്ചു മറിയുകയുമായിരുന്നുവെന്നാണ്  കര്‍ഷകര്‍ വാദിക്കുന്നത്. നവ്ദീപിന്റെ മൃതദേഹവുമായി സമരക്കാര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.പിന്നീട് മൃതദേഹം സമര കേന്ദ്രത്തിലേക്ക് മാറ്റി.

ഡല്‍ഹി അക്രമം;പരിക്കേറ്റത് 86 പോലീസുകാര്‍ക്ക്,15 പേര്‍ക്കെതിരേ കേസ്

keralanews delhi conflict 86 police officers injured case charged against 15

ന്യൂഡല്‍ഹി:കാർഷിക ബില്ലിനെതിരെ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍റാലിയുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തില്‍ 86 പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഡല്‍ഹി പോലീസ് 15 കേസുകൾ രെജിസ്റ്റർ ചെയ്തിട്ടുണ്ട്. എട്ട് ബസുകളും 17 സ്വകാര്യ വാഹനങ്ങള്‍ക്കും കേടുപാടു പറ്റി. മുകര്‍ബാ ചൗക്ക്, ഗാസിപുര്‍, ഐടിഓ, സീമാപുരി, നാംഗ്‌ളോയി ടി പോയിന്റ്, ടിക്രി ബോര്‍ഡര്‍, റെഡ്‌ഫോര്‍ട്ട് എന്നിവിടങ്ങളിലെല്ലാം അക്രമം നടന്നു. ഗാസിപൂര്‍, ടിക്രി, സിംഗു അതിര്‍ത്തി എന്നിവിടങ്ങളില്‍ കര്‍ഷകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു.പല തവണ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയ ഡല്‍ഹി പോലീസ് സമാധാനപരമായ റാലി എന്ന ഉറപ്പിന്മേലായിരുന്നു സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്ക് റാലി നടത്താന്‍ അനുമതി നല്‍കിയത്. എന്നാല്‍ റാലി തുടങ്ങിയ രാവിലെ എട്ടു മണിയോടെ തന്നെ സംഘര്‍ഷങ്ങളും തുടങ്ങുകയായിരുന്നു. 8.30 യോടെ 6000 – 7000 ട്രാക്ടറുകള്‍ സിംഗു അതിര്‍ത്തിയില്‍ നിന്നും സെന്‍ട്രല്‍ ഡല്‍ഹിയിലേക്ക് പോകാന്‍ തുടങ്ങി. വാളും കൃപാണും ഉള്‍പ്പെടെ ആയുധധാരികളായ വിഭാഗമായിരുന്നു കര്‍ഷകരെ നയിച്ചത്.ഇവര്‍ മുകര്‍ബ ചൗക്കിനും ട്രാന്‍സ്‌പോര്‍ട്ട് നഗറിനും ഇടയിലും വെച്ചിരുന്ന ബാരിക്കേഡുകള്‍ ഒന്നൊന്നായി തകര്‍ക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തതായും പോലീസ് പറയുന്നു. ഗാസിപൂരില്‍ നിന്നും സിംഗു അതിര്‍ത്തിയില്‍ നിന്നും വന്ന കര്‍ഷകരുടെ ഒരു വലിയ കൂട്ടം പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഇരിക്കുന്നിടത്തേക്കും ഓടിക്കയറി.ഇവരെ തടയാന്‍ ശ്രമിച്ചതാണ് അക്രമത്തിന് കാരണമായി മാറിയതെന്നും പോലീസ് പറയുന്നു. വൈകുന്നേരത്തോടെയാണ് കര്‍ഷകര്‍ ട്രാക്ടര്‍ റാലി അവസാനിപ്പിച്ചത്. പോലീസ് നിര്‍ദേശം അവഗണിച്ചും അക്രമം നടത്തല്‍, കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍, നിയമപാലകരെ ഡ്യൂട്ടി തടസ്സപ്പെടുത്തി ക്രൂരമായി മര്‍ദ്ദിക്കല്‍ തുടങ്ങിയ കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.നിലവില്‍ കര്‍ഷക സമരക്കാര്‍ സമര ഭൂമിയിലേക്ക് തന്നെ മടങ്ങിയിട്ടുണ്ട്. സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകര്‍ മരിച്ചിരുന്നു. പോലീസ് വെടിയേറ്റാണ് മരിച്ചതെന്ന കര്‍ഷകര്‍ ആരോപിച്ചു. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് മരിച്ചതെന്ന് പോലീസ് പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു.

എട്ടുവർഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം

keralanews center plans to impose a special tax on vehicles older than eight years

ന്യൂഡൽഹി:എട്ടുവർഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം.വായുമലിനീകരണവുമായി ബന്ധപ്പെട്ടാണ് പഴയവാഹനങ്ങൾക്ക് ‘ഗ്രീന്‍ ടാക്‌സ്’ ഏര്‍പ്പെടുത്താന്‍ കേന്ദ്രം ഒരുങ്ങുന്നത്. നിര്‍ദ്ദേശത്തിന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അംഗീകാരം നല്‍കിയിട്ടുണ്ട്. കാലപ്പഴക്കം ചെന്ന, വായുമലിനീകരണത്തിനു കാരണമാകുന്ന വാഹനങ്ങള്‍ മാറ്റി പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് പ്രത്യേക ടാക്‌സിന്റെ ലക്ഷ്യം.നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചാവും വ്യവസ്ഥ സംബന്ധിച്ച്‌ വിജ്ഞാപനം പുറത്തിറക്കുക. 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ പിന്‍വലിച്ച്‌ നശിപ്പിക്കും. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഇത് നടപ്പായിത്തുടങ്ങും.റോഡ് ടാക്‌സിന്റെ 10 മുതല്‍ 25 ശതമാനം വരെ തുകയാവും ഗ്രീന്‍ ടാക്‌സ് ആയി ഈടാക്കുക. ഫിറ്റ്‌നസ് പുതുക്കുന്ന സമയത്ത് വാഹനം 8 വര്‍ഷത്തിലധികം പഴക്കമുള്ളതാണെന്ന് കണ്ടെത്തിയാല്‍ നികുതി ഈടാക്കും. ഉയര്‍ന്ന വായുമലിനീകരണമുള്ള സ്ഥലങ്ങളില്‍ റീ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് റോഡ് ടാക്‌സിന്റെ 50 ശതമാനം വരെ നികുതിയും ഈടാക്കിയേക്കും.ഉപയോഗിക്കുന്ന ഇന്ധനവും വാഹനവും പരിഗണിച്ച്‌ നികുതി വ്യത്യാസപ്പെടുകയോ ഒഴിവാക്കുകയോ ചെയ്യും. എല്‍പിജി, എതനോള്‍ തുടങ്ങിയ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളും ഇലക്‌ട്രിക്, ഹൈബ്രിഡ് വാഹനങ്ങളും നികുതിയില്‍ നിന്ന് ഒഴിവായേക്കും. കൃഷിക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെയും നികുതിയില്‍ നിന്ന് ഒഴിവാക്കും. സ്വകാര്യ വാഹനങ്ങള്‍ക്ക് പതിനഞ്ച് വര്‍ഷം കഴിഞ്ഞ് മാത്രമേ ഗ്രീന്‍ ടാക്‌സ് ചുമത്തുകയുള്ളൂ.

സംഘർഷം;ഡല്‍ഹിയില്‍ പലയിടങ്ങളിലും ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു;മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു

keralanews clash internet cut off in several parts of delhi metro stations closed

ന്യൂഡല്‍ഹി: കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലി അക്രമാസക്തമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി പോലീസ്. ഡല്‍ഹി നഗരം ഒന്നടങ്കം കര്‍ഷകര്‍ വളഞ്ഞതോടെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി വിച്ഛേദിച്ചിരിക്കുന്നത്. സമര കേന്ദ്രങ്ങളായിട്ടുള്ള ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളിലും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.ഡല്‍ഹി മെട്രോയുടെ വിവിധ സ്‌റ്റേഷനുകളും അടച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്രേ ലൈനിലെ എല്ലാ സ്റ്റേഷനുകളുടേയും പ്രവേശന കവാടങ്ങള്‍ അടച്ചിട്ടതായി ഡല്‍ഹി മെട്രോ അറിയിച്ചു. സെന്‍ട്രല്‍, വടക്കന്‍ ഡല്‍ഹിയിലെ പത്തോളം സ്‌റ്റേഷനുകള്‍ അടച്ചിട്ടുണ്ട്. സെന്‍ട്രല്‍ ഡല്‍ഹിയിലേക്കുള്ള വിവിധ റോഡുകളും നേരത്തെ പൊലിസ് അടച്ചുപൂട്ടിയിരുന്നു.

റിപബ്ലിക് ദിനത്തിലെ കര്‍ഷക റാലിക്കിടെ വലിയ രീതിയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ചെങ്കോട്ട പിടിച്ചെടുത്ത കര്‍ഷകര്‍ അവിടെ കൊടി ഉയര്‍ത്തി. ഡല്‍ഹി ഐ.ടി.ഒയില്‍ സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു. പൊലീസിന്‍റെ വെടിവെപ്പിനിടെയാണ് കര്‍ഷകന്‍ മരിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ വെടിവെച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.ഡല്‍ഹിയിലെ നിരവധി സ്ഥലങ്ങളില്‍ പൊലീസ് സേനയും പ്രതിഷേധിച്ച കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതിനാല്‍ നിയമം കൈയിലെടുക്കരുതെന്നും സമാധാനം നിലനിര്‍ത്തണമെന്നും ഡല്‍ഹി പോലീസ് കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു. ട്രാക്ടര്‍ റാലി പരേഡിനായി മുന്‍കൂട്ടി തീരുമാനിച്ച റൂട്ടുകളിലേക്ക് തിരിച്ചുപോകാനും പോലീസ് കര്‍ഷകരോട് ആവശ്യപ്പെട്ടു.