ന്യൂഡൽഹി:കർഷക സംഘടനകൾ ഇന്ന് രാജ്യവ്യാപകമായി ദേശീയപാതകൾ ഉപരോധിക്കും. പകല്‍ 12 മണി മുതല്‍ മൂന്ന് മണിവരെയാണ് ഉപരോധം. കര്‍ഷകര്‍ ദില്ലിയിലേക്ക് കടന്ന് ഉപരോധം നടത്താന്‍ സാധ്യത കണക്കിലെടുത്ത് പൊലീസ് അതിര്‍ത്തികളില്‍ സുരക്ഷ കൂട്ടിയിട്ടുണ്ട്. ദില്ലി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഹരിയാന പൊലീസിനും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ദില്ലി എന്‍സിആര്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനപാതകള്‍ ഉപരോധിക്കും. സമരവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സംയുക്ത കിസാന്‍ മോര്‍ച്ച പുറത്തിറക്കി. ആംബുലന്‍സുകള്‍, അവശ്യവസ്തുക്കളുമായുള്ള വാഹനങ്ങള്‍, സ്‌കൂള്‍ ബസുകള്‍ തുടങ്ങിയവയെ ഒഴിവാക്കും, പൊലിസുകാരോടോ സര്‍ക്കാര്‍ പ്രതിനിധികളോടോ പൊതുജനങ്ങളോടോ ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക എന്നിങ്ങനെയാണ് സമരക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍. മൂന്നുമണിക്ക് ഒരു മിനിറ്റുനേരം വാഹനങ്ങളുടെ സൈറണ്‍മുഴക്കി സമരം സമാപിക്കും.അടിയന്തര സര്‍വീസുകള്‍ ഉപരോധ സമയത്ത് അനുവദിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ജനങ്ങളോ ആയി തര്‍ക്കമുണ്ടാകരുത്. സമാധാനപരമായി മാത്രം ഉപരോധം നടത്തണമെന്നും നിര്‍ദ്ദേശം നല്‍കി.കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീല്‍ഡ് വാക്സിന്‍ ഉല്പാദനം താല്ക്കാലികമായി നിര്‍ത്തിവച്ചു
മുംബൈ:സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീല്‍ഡ് വാക്സിന്‍ ഉല്പാദനം താല്ക്കാലികമായി നിര്‍ത്തിവച്ചു.രാജ്യത്തെ കോവിഡ് വാക്സിന്‍ വിതരണം മന്ദഗതിയിലായതാണ് ഉല്പാദനം നിര്‍ത്താനുള്ള കാരണമെന്നാണ് സൂചന.നിലവില്‍ ഉല്പാദിപ്പിച്ച 55 ദശലക്ഷം ഡോസ് വാക്സിന്‍ ഫാക്ടറികളില്‍ കെട്ടിക്കിടക്കുകയാണ്. വാക്സിന്‍ വിതരണം വേഗത്തിലാക്കുന്നതിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാനാവുകയുള്ളൂവെന്ന് വിദഗ്ധര്‍ പറയുന്നു.കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ പരിശോധനകളുടെ കാര്യത്തില്‍ സംഭവിച്ച അതേ സാഹചര്യമാണ് വാക്സിന്‍ വിതരണത്തിലും നിലനില്‍ക്കുന്നതെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വ്യാപനത്തിന്റെ തുടക്കത്തില്‍ സ്വകാര്യ ലാബുകള്‍ക്ക് ടെസ്റ്റ് നടത്താന്‍ അനുമതി നല്‍കാതിരുന്നത് സാഹചര്യം വഷളാക്കുന്നതിലേക്ക് നയിച്ചിരുന്നു.ഓക്സ്ഫഡ്-അസ്ട്രസെനക സംയുക്തമായി നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്സിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്.ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭ്യമാകുന്ന വേളയില്‍ 50 ദശലക്ഷം ഡോസുകള്‍ കമ്പനി സംഭരിച്ചിരുന്നു. പ്രതിമാസം 10 ദശലക്ഷം ഡോസുകള്‍ ഉല്പാദിപ്പിക്കാനുള്ള ശേഷി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനുണ്ട്.
രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു
ന്യൂഡൽഹി:ജനങ്ങൾക്ക് ഇരുട്ടടി നല്‍കി പാചക വാതക വിലയില്‍ വീണ്ടും വര്‍ധന. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിന് 26 രൂപയുടെ വര്‍ധനവാണ് വരുത്തിയത്. ഇതോടെ ഒരു സിലിണ്ടര്‍ പാചക വാതകത്തിന്‍റെ വില 726 രൂപയായി.വിലവര്‍ധന ഇന്ന് മുതല്‍ നിലവില്‍ വരും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 126 രൂപയുടെ വര്‍ധനയാണ് പാചക വാതകത്തിനുണ്ടായത്. 2020 ഡിസംബര്‍ 2ന് 50 രൂപയും രണ്ടാഴ്ച കഴിഞ്ഞ് ഡിസംബര്‍ 15ന് വീണ്ടും അന്‍പത് രൂപയും വര്‍ധിപ്പിച്ചിരുന്നു. കേന്ദ്രബജറ്റിന് ശേഷമുള്ള ആദ്യ വിലവര്‍ധന കൂടിയാണിത്.കൊച്ചിയില്‍ 726 രൂപയാണ് പുതിയ വില. വില വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.കാസര്‍ക്കോട്ടും കണ്ണൂരും 739 രൂപയാണ് സിലിണ്ടറിന്റെ വില. തിരുവനന്തപുരത്ത് 729ഉം. നേരത്തെ 701 രൂപയായിരുന്നു സിലിണ്ടറിനുണ്ടായിരുന്നത്. ഇന്ധനവിലയിലും സംസ്ഥാനത്ത് ഇന്ന് വര്‍ധനയുണ്ട്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വില വര്‍ധനയാണിത്. പെട്രോള്‍ ലിറ്ററിന് 86 രൂപ 80 പൈസയായി. ഡീസല്‍ ലിറ്ററിന് 81 രൂപ 03 പൈസയും. കഴിഞ്ഞ മാസം പത്ത് തവണയാണ് സംസ്ഥാനത്ത് ഇന്ധനവില വര്‍ധിപ്പിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ വില വര്‍ധിപ്പിക്കുന്ന നിലപാടാണ് എണ്ണക്കമ്പനികളുടേത്.
കര്‍ഷകസമരം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി:കര്‍ഷകസമരം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാനൊരുങ്ങി കേന്ദ്രം.രാജ്യസഭയിലായിരിക്കും കര്‍ഷകസമരത്തെ സംബന്ധിച്ച ചര്‍ച്ച നടക്കുക. ഇത് 15 മണിക്കൂര്‍ നീണ്ടു നില്‍ക്കും. ഇതിനായി ചോദ്യോത്തരവേള രണ്ട് ദിവസത്തേക്ക് റദ്ദാക്കി.16 പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകസമരത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാറിന് മുൻപാകെ ഉന്നയിച്ചിരുന്നു. അഞ്ച് മണിക്കൂര്‍ ചര്‍ച്ച വേണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ 15 മണിക്കൂര്‍ ചര്‍ച്ചക്ക് അനുവദിക്കുകയായിരുന്നു.സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ കര്‍ഷകസമരം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാമെന്ന് പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. തുടര്‍ന്ന് പാര്‍ലമെന്‍റ്കാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ചു.
കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കേരളം അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കേരളം ഉള്‍പ്പടെ ഒരു സംസ്ഥാനവും അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ. ആദ്യഘട്ടത്തില്‍ വാക്‌സിന്‍ രാജ്യം മുഴുവനും കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കുമെന്ന് അശ്വിനി കുമാര്‍ വ്യക്തമാക്കി. രാജ്യസഭയില്‍ കെ. സോമപ്രസാദിന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.കേരളത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കുന്ന കൊവിഡ് വാക്‌സിന്‍ സൗജന്യമായിട്ടായിരിക്കുമെന്നും, ആരില്‍ നിന്നും പണം ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.വാക്സിന്‍ എത്രകണ്ട് ലഭ്യമാകും എന്നത് ചിന്തിക്കേണ്ടതാണ്. പക്ഷേ നല്‍കുന്ന വാക്സിനെല്ലാം സൗജന്യമായാണ് ജനങ്ങള്‍ക്ക് ലഭിക്കുക എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്ട്രേഷനും ആധാര്‍ നിർബന്ധിത രേഖയാക്കി കേന്ദ്രസർക്കാർ
തിരുവനന്തപുരം:ഓണ്‍ലൈന്‍ സേവനങ്ങള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്ട്രേഷനും ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കുന്നു. കേന്ദ്രസര്‍ക്കാരാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധിത രേഖയാക്കി നിയമം ഭേദഗതി ചെയ്തത്. ബിനാമികളുടെ പേരുകളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും വ്യാജരേഖകള്‍ ഉപയോഗിച്ച് ഡ്രൈവിങ് ലൈസന്‍സ് നേടുന്നതും തടയുന്നതിനാണിത്. ഭേദഗതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം തേടി.സുരക്ഷാവീഴ്ചകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് മോട്ടോര്‍ വാഹനവകുപ്പിലും ആധാര്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശിച്ചത്. ലേണേഴ്സ് ലൈസന്‍സ്, ലൈസന്‍സ് പുതുക്കല്‍, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സ്, അഡ്രസ് മാറ്റം എന്നിവയ്ക്കും ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റിനുമാണ് ആദ്യഘട്ടത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കുക. ഇതിനൊപ്പം പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍, ഉടമസ്ഥാവകാശ കൈമാറ്റം, അഡ്രസ് മാറ്റം, എതിര്‍പ്പില്ലാരേഖ എന്നിവയ്ക്കും ആധാര്‍ വേണ്ടിവരും.ഫോട്ടോപതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകളുടെ പകര്‍പ്പുകളാണ് ഇപ്പോള്‍ അപേക്ഷകള്‍ക്കൊപ്പം സമര്‍പ്പിക്കേണ്ടത്. ഈ മാസം അവസാനത്തോടെ വിജ്ഞാപനം ഇറങ്ങിയേക്കും.
കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കും;ശനിയാഴ്ച രാജ്യവ്യാപകമായി വഴിതടയൽ സമരം നടത്താനൊരുങ്ങി കർഷക സംഘടനകൾ
ന്യൂഡൽഹി:കാർഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഫെബ്രുവരി ആറ് ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നുമണിവരെ റോഡുകള്‍ തടയുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍(ആര്‍) പ്രതിനിധി ബല്‍ബീര്‍ സിങ് രജേവാല്‍ അറിയിച്ചു.കര്‍ഷക സമരം നടക്കുന്ന പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചതിനുമുള്ള മറുപടിയാണ് ഫെബ്രുവരി ആറിലെ പ്രതിഷേധമെന്നും സമരക്കാര്‍ അറിയിച്ചു.ഉപാധികൾ അംഗീകരിക്കാത്ത കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവ പുനഃസ്ഥാപിക്കണമെന്നും ട്രാക്ടര്‍ പരേഡുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുകയും സംഘര്‍ഷമുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. വരുമാനം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചോ തൊഴില്‍ സൃഷ്ടിക്കുന്നതിനെ കുറിച്ചോ പരാമര്‍ശിക്കാത്ത ബജറ്റ്, തങ്ങളുടെ ആശങ്കകള്‍ പരിഗണിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
സ്വകാര്യ വാഹനങ്ങളുടെ ഉപയോഗ കാലാവധി ഇനി 20 വര്‍ഷം; വാണിജ്യ വാഹനങ്ങളുടേത് 15 വര്‍ഷവും;വെഹിക്കിൾ സ്‌ക്രാപ്പിങ്ങ് പോളിസി പ്രഖ്യാപിച്ചു
ന്യൂഡൽഹി:കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നവതരിപ്പിച്ച പൊതു ബജറ്റിൽ വെഹിക്കിൾ സ്‌ക്രാപ്പിങ്ങ് പോളിസിയും. സ്വകാര്യവാഹനങ്ങളുടെ ഉപയോഗ കാലാവധി 20 വര്‍ഷത്തേക്കും, വാണിജ്യവാഹനങ്ങളുടെത് 15 വര്‍ഷത്തേക്കും നിജപ്പെടുത്തുന്നതാണ് വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി. തുടർന്ന് ഇത്തരം വാഹനങ്ങൾ ഓട്ടോമേറ്റഡ് ഫിറ്റ്നസ് സെന്‍ററുകളിൽ പരിശോധനക്ക് വിധേയമാക്കി പൊളിശാലകൾക്ക് കൈമാറും.പുതിയ നയം നടപ്പാക്കിയാൽ വായുമലിനീകരണവും പരിസ്ഥിതി ആഘാതവും കുറക്കാൻ കഴിയുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മലിനീകരണവും എണ്ണ ഇറക്കുമതിയും കുറക്കാൻ സഹായിക്കും.ഒരുവാഹനം മൂന്നില്‍ കൂടുതല്‍ തവണ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെടുകയാണെങ്കില്‍ അത് നിര്‍ബന്ധമായും സ്‌ക്രാപ്പിംഗിന് വിധേയമാക്കണം എന്നാണ് പോളിസിയില്‍ പറയുന്നത്. 2022 ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും.കഴിഞ്ഞ അഞ്ചുവര്‍ഷമായി സര്‍ക്കാരിന്റെ സജീവപരിഗണനയിലുള്ള വിഷയമായിരുന്നെങ്കിലും, വരുമാനത്തെ ബാധിച്ചേക്കാമെന്ന ആശങ്കയില്‍ നീട്ടികൊണ്ടുപോവുകയായിരുന്നു. രാജ്യത്തെ വാഹനമലിനീകരണത്തിന്റെ 65 ശതമാനവും വാണിജ്യവാഹനങ്ങളില്‍ നിന്നുണ്ടാകുന്നതാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്.ഇന്ത്യന്‍ നഗരങ്ങളിലെ പൊതുഗതാഗതം മെച്ചപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ 18,000 കോടി ചെലവഴിക്കും; 20,000 ബസുകള്‍ വാങ്ങിക്കും. കോവിഡ് മൂലം തകര്‍ച്ചയിലായ ബസ് വ്യവസായത്തിന് ഊര്‍ജ്ജമാകും. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരവും കൈവരും. അതേസമയം വെഹിക്കിള്‍ സ്‌ക്രാപ്പേജ് നയം ഇന്ധന ക്ഷമമായ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയും നഗരങ്ങളിലെ മലിനീകരണം കുറയ്ക്കുകയും ചെയ്യുമെന്നാണ് ധനമന്ത്രി പറഞ്ഞത്.സ്‌ക്രാപ് പോളിസിയിലൂടെ പുനരുപയോഗം ചെയ്യാന്‍ സാധിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാകുമെന്നും കണക്കാക്കുന്നുണ്ട്. ഇതിലൂടെ വാഹനങ്ങളുടെ വില 30 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. സ്റ്റീലിനുള്ള എക്സൈസ് തീരുവയും 2021 ബജറ്റില്‍ കുറച്ചിട്ടുണ്ട്.
മൊബൈല്‍ ഫോണിന് വില കൂടും; സ്വർണ്ണത്തിനും വെള്ളിക്കും വില കുറയും;പെട്രോളിനും ഡീസലിനും പുതിയ സെസ് ബാധകമെങ്കിലും വിലവര്‍ധനവ് ഉണ്ടാകില്ലെന്നും ധനമന്ത്രി
ന്യൂഡല്‍ഹി:പെട്രോളിനും ഡീസലിനും അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്‌മെന്‍സ് സെസ് (എഐഡിസി) ഈടാക്കാന്‍ ബജറ്റില്‍ നിര്‍ദ്ദേശം.എക്‌സൈസ് ഡ്യൂട്ടി കുറച്ചതിനാല്‍ ഈ സെസിന്റെ പേരില്‍ ഇന്ധന വില കൂടില്ല.ലീറ്ററിന് രണ്ടര രൂപയും ഡീസല്‍ ലീറ്ററിന് നാലു രൂപയുമാണ് എഐഡിസിയായി ഈടാക്കുക.ചില ഉല്‍പന്നങ്ങള്‍ക്ക് അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്‌മെന്‍സ് സെസിന് ഈടാക്കാൻ നിര്ദേശമുണ്ടെങ്കിലും ഇവ ഏർപ്പെടുത്തുമ്പോൾ ഉപഭോക്താവിന് അധിക ബാധ്യത വരാതിരിക്കാനും ശ്രദ്ധപുലര്‍ത്തിയിട്ടുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.അതേസമയം, സ്വര്‍ണം, വെള്ളി എന്നിവയുടെ കസ്റ്റംസ് തീരുവ കുറച്ചു. സ്വര്‍ണത്തിനും വെള്ളിക്കും നിലവില്‍ 12.5 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയുണ്ടെന്നും 2019 ജൂലൈയില്‍ കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍ നിന്ന് ഉയര്‍ത്തിയതിനാല്‍ ഇവയുടെ വില കുത്തനെ ഉയര്‍ന്നുവെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മുൻപത്തെ നിലയിലാക്കാന്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടേയും കസ്റ്റംസ് തീരുവ കുറയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു.സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.മൊബൈല്‍ ഫോണ്‍ വിലയിലും വര്‍ധനവുണ്ടാകും. കേന്ദ്രബജറ്റില്‍ വിദേശനിര്‍മ്മിത മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍ക്കുള്ള ഇറക്കുമതി ഇളവില്‍ മാറ്റം വരുത്തിയതോടെയാണ് വില കൂടാനുള്ള സാഹചര്യം ഉടലെടുത്തത്.മൊബൈലുകളുടെ വില കൂടുമെങ്കിലും ഇന്ത്യന്‍ നിര്‍മ്മിത മൊബൈലുകളെ ഇത് ബാധിക്കില്ല.നികുതി ഇല്ലാതിരുന്ന ഘടകങ്ങള്‍ക്ക് 2.5 ശതമാനം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിക്കുന്നത്. ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ബജറ്റില്‍ പറയുന്നു.ലെതര്‍, അമൂല്യ കല്ലുകള്‍, എസിയിലും മറ്റും ഉപയോഗിക്കുന്ന കംപ്രസറുകള്‍ എന്നിവയുടെ ഇറക്കുമതി ചുങ്കം കൂട്ടിയതിന്റെ ഫലമായി ഇവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വില കൂടും. മൊബൈലുകളുടെ വില കൂടുമെങ്കിലും ഇന്ത്യന്‍ നിര്‍മ്മിത മൊബൈലുകളെ ഇത് ബാധിക്കില്ല.
വില കൂടുന്നവ:
- ലെതര്‍ ഉത്പന്നങ്ങള്‍
- ഇറക്കുമതി ചെയ്യുന്ന ഓട്ടോമൊബൈല്‍ ഭാഗങ്ങള്‍
- ഇലക്‌ട്രോണിക് ഉപകരണങ്ങള്‍
- മൊബൈല്‍ ഫോണുകള്‍
- അമൂല്യ കല്ലുകള്‍, രത്നങ്ങള്‍
- സോളാര്‍ സെല്ല്
വില കുറയുന്നവ:
- സ്വര്‍ണം , വെള്ളി
- വൈദ്യുതി
- ചെരുപ്പ്
- ഇരുമ്പ്
- സ്റ്റീല്‍
- ചെമ്പ്
- നൈലോണ്‍ തുണി
കേന്ദ്ര ബജറ്റ്;75 വയസുകഴിഞ്ഞവര്‍ നികുതി റിട്ടേൺ സമര്‍പിക്കണ്ട;രണ്ടരലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരെയും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കി
ന്യൂഡൽഹി:കേന്ദ്ര ബജറ്റിൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക നികുതി ഇളവുകൾ പ്രഖ്യാപിച്ചു. 75 വയസുകഴിഞ്ഞവര്‍ ഇനി മുതൽ നികുതി റിടേണ്‍ സമര്‍പിക്കണ്ട.പെന്‍ഷന്‍, പലിശ എന്നിവയിലൂടെ മാത്രം വരുമാനമുള്ളവര്‍ക്കാണ് ഈ ഇളവ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ പ്രഖ്യാപനം. രണ്ടരലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.വാര്‍ഷിക വരുമാനം 2,50,001 മുതല്‍ അഞ്ച് ലക്ഷം വരെയുള്ളവര്‍ക്ക് അഞ്ച് ശതമാനം നികുതിയടക്കണം. നികുതി പുനഃപരിശോധനയ്ക്കുള്ള സമയം മൂന്നു വര്‍ഷമാക്കി കുറച്ചു. നേരത്തെ ഇത് ആറ് വര്‍ഷമായിരുന്നു. പ്രവാസി ഇന്ത്യക്കാരുടെ ഇരട്ട നികുതി ഒഴിവാക്കിയിട്ടുണ്ട്.നികുതി സമ്പ്രദായം കൂടുതല്‍ സുതാര്യമാക്കും. കോര്‍പ്പറേറ്റ് നികുതി ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിലാണ്. നാനൂറോളം കസ്റ്റംസ് നികുതിയിളവുകള്‍ പിന്‍വലിക്കും. പുതിയ കസ്റ്റംസ് നികുതി ഘടന കൊണ്ടുവരും. ചെറുകിട നികുതിദായകര്‍ക്കായി തര്‍ക്ക പരിഹാര പാനല്‍ കൊണ്ടുവരും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതിയിളവ് തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. ആദായ നികുതിയുമായി ബന്ധപ്പെട്ട തര്‍കങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു