ഒഡീഷ: പാക്കിസ്ഥാനു വേണ്ടി ഒഡീഷയിലെ ബാലസോറിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ (ഐടിആര്‍) ചാരപ്പണി നടത്തിയ ഫോട്ടോഗ്രാഫര്‍ക്ക് ആജീവനാന്ത തടവ് ശിക്ഷയും പിഴയും. ഐടിആറിലെ ഡിആര്‍ഡിഒ ലബോറട്ടറിയിലെ കരാര്‍ ജീവനക്കാരനായ ഫോട്ടോഗ്രാഫര്‍ ഈശ്വര്‍ ചന്ദ്ര ബെഹെറയാണ് കുറ്റവാളി.ഇയാള്‍ പാക്കിസ്ഥാന്റെ ഐഎസ്‌ഐ ഏജന്‍സിക്കും മറ്റു രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും സുപ്രധാന വിവരങ്ങള്‍ കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജഡ്ജി ഗിരിജ പ്രസാദ് മോഹന്‍പത്രയാണ് ശിക്ഷ പ്രഖ്യാപിച്ചത്.പ്രതിക്ക് 10,000 രൂപ പിഴയും കോടതി വിധിച്ചു. ഐപിസി 121 എ രാജ്യദ്രോഹം, 120 ബി ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളടക്കം ചുമത്തിയാണ് ശിക്ഷ വിധിച്ചത്.സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയതിന് രഹസ്യാന്വേഷണ ഏജന്‍സിയാണ് ഈശ്വറിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയുമായിരുന്നു.വിവിധ രാജ്യങ്ങളില്‍ നിന്ന് ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. അറസ്റ്റിലാകുന്നതിന് 10 മാസം മുൻപ് മുതല്‍ ഈശ്വര്‍ പാകിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിനായി ചാരപ്പണി നടത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.മയൂര്‍ഭഞ്ച് ജില്ലയിലെ കാന്തിപൂര്‍ സ്വദേശിയാണ് ഈശ്വര്‍. 2007 മുതലാണ് ഇയാള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐടിആറിലെ കണ്‍ട്രോള്‍ ടവറിന്റെ സിസിടിവി വിഭാഗത്തിൽ ഫോട്ടോഗ്രാഫറായി ജോലിയില്‍ പ്രവേശിച്ചത്.
ഇനി ആഴ്ചയില്‍ നാല് ദിവസം ജോലി; മൂന്ന് ദിവസം അവധി;പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി
ന്യൂഡല്‍ഹി: കമ്പനികളിലെ ഷിഫ്റ്റുകളുടെ സമയം കൂട്ടി പ്രവൃത്തി ദിനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. പ്രതിവാര പ്രവൃത്തി സമയം 48 മണിക്കൂര്‍ ആയി നിലനിര്‍ത്തി പ്രവൃത്തി ദിനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതനുസരിച്ച് ഒരു ദിവസം 12 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ ആഴ്ചയില്‍ നാല് ദിവസം മാത്രം ജോലി ചെയ്താല്‍ മതി. ദിവസം 10 മണിക്കൂറാണ് ജോലി സമയമെങ്കില്‍ പ്രവൃത്തി ദിനങ്ങളുടെ എണ്ണം 5 ദിവസമായി ചുരുങ്ങും. എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് ആഴ്ച്ചയില്‍ ആറ് ദിവസവും പ്രവൃത്തി ദിനമായിരിക്കും. കേന്ദ്ര തൊഴില്‍ സെക്രട്ടറി അപൂര്‍വ ചന്ദ്രയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇക്കാര്യത്തില്‍ ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും ഉചിതമായ തീരുമാനമെടുക്കാമെന്നും തൊഴില്‍ സെക്രട്ടറി പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍ സംസ്കാരത്തിന്റെ ഭാഗമാണ് പുതിയ വ്യവസ്ഥയെന്ന് ചന്ദ്ര പറഞ്ഞു. ഈ വ്യവസ്ഥ പുതിയ തൊഴില്‍ കോഡിന്റെ ഭാഗമാണ്. പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയാല്‍, തൊഴിലുടമകള്‍ക്ക് അവരുടെ ജീവനക്കാര്‍ ഈ ക്രമീകരണം അംഗീകരിക്കുകയാണെങ്കില്‍ നാലോ അഞ്ചോ ദിവസത്തെ പ്രവൃത്തി ആഴ്ചയിലേക്ക് മാറുന്നതിന് സര്‍ക്കാര്‍ അനുമതി തേടേണ്ട ആവശ്യമില്ല.
പുതിയ തൊഴില്‍ കോഡ് നിലവില്‍ വന്നാല്‍ ആവശ്യം, വ്യവസായം, സ്ഥലം എന്നിവ അടിസ്ഥാനമാക്കി 8 മുതല്‍ 12 മണിക്കൂര്‍ വരെ പ്രവൃത്തി സമയം തെരഞ്ഞെടുക്കാന്‍ തൊഴിലുടമകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.നാല് ദിവസത്തെ പ്രവൃത്തി ദിനം തെരഞ്ഞെടുക്കാന്‍ കൂടുതല്‍ കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നതായാണ് വിവരം.നാല് ദിവസത്തെ പ്രവൃത്തി ദിനം തെരഞ്ഞെടുക്കുകയാണെങ്കില്‍ മൂന്ന് ദിവസത്തെ അവധി ഉറപ്പാക്കണം.കുറഞ്ഞ വാടകച്ചെലവും കൂടുതല്‍ ഉല്‍പാദനക്ഷമതയുമാണ് കമ്പനികളെ ഈ ഷിഫ്റ്റ് തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ഐടി സേവന മേഖലകള്‍ക്ക് ഇത് ഗുണം ചെയ്യും. ബാങ്കിംഗ്, ധനകാര്യ സേവന മേഖലയില്‍ 20-30 ശതമാനം ആളുകള്‍ക്ക് നാലോ അഞ്ചോ ദിവസത്തെ പ്രവര്‍ത്തന സമയം തെരഞ്ഞെടുക്കാന്‍ കഴിഞ്ഞേക്കും.അധിക അവധി ലഭിക്കുന്നതിനാല്‍ കുറച്ച് ദിവസത്തേക്ക് കൂടുതല്‍ മണിക്കൂര്‍ ജോലി ചെയ്യാന്‍ ചെറുപ്പക്കാര്‍ക്ക് താത്പര്യം കൂടുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. തൊഴിലാളികളുടെ ഉല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കാനും ഇത് ഗുണം ചെയ്യും.എന്നാല്‍ ഈ രീതി തൊഴിലവസരങ്ങള്‍ കുറയ്ക്കാന്‍ ഇടയാക്കുമെന്ന് ചില വിദഗ്ധര്‍ പറയുന്നു. ജോലി-ജീവിത സന്തുലിതാവസ്ഥയെ ഇത് ബാധിച്ചേക്കാമെന്ന് തൊഴില്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ കെ.ആര്‍ ശ്യാം സുന്ദര്‍ പറയുന്നു.
ദൗലി ഗംഗയില്‍ ജലനിരപ്പ് ഉയരുന്നു;ഉത്തരാഖണ്ഡില്‍ തപോവന്‍ ടണലിലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു
ഡെറാഡൂണ്‍:ദൗലി ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടർന്ന് ഉത്തരാഖണ്ഡില്‍ തപോവനിലെ ടണലില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം താല്‍ക്കാലികമായി നിര്‍ത്തി വച്ചു. ടണലില്‍ മെഷീനുകള്‍ ഉപയോഗിച്ച് ഡ്രില്ലിങ് നടത്തിക്കൊണ്ടിരുന്ന രക്ഷാപ്രവര്‍ത്തകര്‍ വെള്ളം ഉയര്‍ന്നതോടെ പിന്മാറി. മലമുകളില്‍ ഉരുള്‍പൊട്ടിയതായി സൂചനകള്‍ വന്നതോടായാണ് തപോവന്‍ തുരങ്കം, റേനി ഗ്രാമം എന്നിവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. മുപ്പത്തഞ്ചോളം പേർ ടണലില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കാനും ശ്രമം ആരംഭിച്ചു. പ്രദേശത്ത് കാലാവസ്ഥ പ്രതികൂലമാകുകയും നദിയിലെ ജലനിരപ്പ് ഉയരുകയും ചെയ്തതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് പിന്മാറാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സൈറന്‍ മുഴക്കി ഗ്രാമവാസികളെ സൈന്യം ഒഴിപ്പിക്കുകയാണ്.ചമോലി ജില്ലയില്‍ ഞായറാഴ്ച രാവിലെയുണ്ടായ ദുരന്തത്തില്‍ 200ല്‍ അധികം പേരെയാണ് കാണാതായത്. പ്രദേശത്തെ ഒരു വൈദ്യുത നിലയവും അഞ്ച് പാലങ്ങളും ഒഴുകിപോയിരുന്നു. മറ്റൊരു വൈദ്യുതനിലയം ഭാഗികമായി തകര്‍ന്നു. 32 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 45 കിലോമീറ്ററില്‍ അധികം പ്രദേശത്ത് നാശനഷ്ടമുണ്ടായി.തപോവനില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കത്തില്‍ ഏകദേശം 30ഓളം തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. മൂന്നുദിവസമായി ഇവിടെ രക്ഷപ്രവര്‍ത്തനം തുടരുകയാണ്.
ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ്
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതിക്കെതിരേ വ്യാപാരികളുടെ ദേശീയ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. നാഗ്പൂരില്‍ നടന്ന രാജ്യത്തുടനീളമുള്ള വ്യാപാര നേതാക്കളുടെ സമ്മേളനത്തിലാണ് തീരുമാനം.ബന്ദിന്‍റെ ഭാഗമായി റോഡ് ഉപരോധിക്കുമെന്ന് സിഎഐടി പ്രസ്താവനയില്‍ അറിയിച്ചു. ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.ജിഎസ്ടി കൗണ്‍സില്‍ സ്വന്തം അജന്‍ഡയുമായി മുന്നോട്ടുപോകുകയാണന്നും വ്യാപാരികളുടെ സഹകരണം തേടുന്നതില്‍ കൗണ്‍സില്‍ ഒരു വിധത്തിലുള്ള താല്‍പര്യവും കാണിക്കുന്നില്ലെന്നും വ്യാപാരി സംഘടന കുറ്റപ്പെടുത്തി. ഒരു രാജ്യം ഒരു നികുതി എന്ന പേരില്‍ ആരംഭിച്ച ചരക്കുസേവനനികുതിയില്‍ നിരവധി അപാകതകള്‍ ഉണ്ട്. നികുതി ഘടന ലളിതവത്കരിക്കുന്നതിന് കൗണ്‍സില്‍ ഒരു വിധത്തിലുള്ള നടപടികളും സ്വീകരിക്കുന്നില്ലെന്നും സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി. കൗണ്‍സിലിന്റെ വ്യാപാരി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്താന്‍ തീരുമാനിച്ചതെന്നും സംഘടന അറിയിച്ചു.
രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സികള്‍ ഉടന്‍ നിരോധിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍
ന്യൂഡല്‍ഹി: ബിറ്റ്കോയിന്‍ ഉള്‍പ്പടെ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്റ്റോ കറന്‍സികളും രാജ്യത്ത് ഉടന്‍ നിരോധിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.സര്‍ക്കാര്‍ പുറത്തിറക്കുന്ന വിര്‍ച്വല്‍ കറന്‍സികള്‍ക്കുമാത്രമായിരിക്കും രാജ്യത്ത് ഇടപാടിന് അനുമതി നല്‍കുക. ക്രിപ്‌റ്റോ കറന്‍സികളെ നിരോധിക്കാന്‍ ഉടന്‍ തന്നെ നിയമം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. നിലവിലെ നിയമം ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളെ നിയന്ത്രിക്കാന്‍ പര്യാപ്തമല്ല എന്ന വിലയിരുത്തലിലാണ് പുതിയ നിയമം നിര്‍മ്മിക്കാന്‍ സർക്കാർ ആലോചിക്കുന്നത്.ക്രിപ്റ്റോ കറന്‍സി ട്രേഡിങ് സംബന്ധിച്ച് കര്‍ശനനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ പദ്ധതിയുണ്ടോയെന്ന രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായാണ് ബിറ്റ്കോയിന്‍ ഉള്‍പ്പടെ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്റ്റോ കറന്‍സികളും രാജ്യത്ത് ഉടനെ നിരോധിക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയത്.ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നതിന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ സുപ്രീം കോടിതി ക്രിപ്റ്റോ കറന്‍സി ഇടപാടുകളുടെ വിലക്ക് നീക്കിയതോടെയാണ് ബില്ലുമായി സര്‍ക്കാര്‍ രംഗത്തുവന്നത്. ഉടനെതന്നെ നിരോധന ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കുമെന്നാണ് റിപ്പോർട്ടുകൾ.അതേസമയം ഇന്ത്യന്‍ രൂപയുടെ ഡിജിറ്റല്‍ പതിപ്പ് അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് ഈമാസം തുടക്കത്തില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്ത് ക്രിപ്റ്റോകറന്‍സിക്ക് ബദലായി ഡിജിറ്റല്‍ കറന്‍സി താമസിയാതെ പ്രചാരത്തില്‍ വന്നേക്കും.
കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവത്കരണ നയത്തിനെതിരെ മാർച്ച് 15,16 തീയതികളിൽ ബാങ്ക് പണിമുടക്ക്
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവത്കരണ നയത്തിനെതിരെ മാർച്ച് 15,16 തീയതികളിൽ പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് ജീവനക്കാര്‍. ഹൈദരാബാദില്‍ ഒന്‍പത് ബാങ്ക് യൂണിയനുകള്‍ സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.കഴിഞ്ഞാഴ്ച നടന്ന കേന്ദ്ര ബജറ്റില്‍ പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. ഐഡിബിഐ ബാങ്കിനെയും രണ്ടു പൊതുമേഖല ബാങ്കുകളെയും സ്വകാര്യവത്കരിക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം.പണിമുടക്കിന് മുന്നോടിയായി ഫെബ്രുവരി 19ന് സംസ്ഥാന തലസ്ഥാനങ്ങളില്‍ ധര്‍ണ സംഘടിപ്പിക്കും. സംസ്ഥാനം, ജില്ല, നഗരം എന്നിങ്ങനെ കേന്ദ്രീകരിച്ച് ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 10 വരെ റിലേ ധര്‍ണ സംഘടിപ്പിക്കാനും യൂണിയനുകള്‍ തീരുമാനിച്ചു.
രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ പുരോഗമിക്കുന്നു; 24 ദിവസം കൊണ്ട് വാക്സിന്‍ നല്‍കിയത് 60 ലക്ഷം പേര്‍ക്ക്
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ പുരോഗമിക്കുന്നു.24 ദിവസം കൊണ്ട് 60 ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് വാക്‌സിൻ നല്‍കിയത്.54,12,270 ആരോഗ്യപ്രവര്‍ത്തകരും 6,23,390 മുന്‍നിര പ്രവര്‍ത്തകരും വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി മനോഹര്‍ അഗ്നാനി അറിയിച്ചു. വാക്‌സിനേഷനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 29 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 19 പേര്‍ ഡിസ്ചാര്‍ജ് ആയി. ഒരാള്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഒരാള്‍ കേരളത്തില്‍ നിന്നുള്ളയാളാണ്.
ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം;മരിച്ചവരുടെ എണ്ണം പതിനാലായി;കാണാതായ 170 പേർക്കായി തെരച്ചില്‍ തുടരുന്നു
ന്യൂഡൽഹി:ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം പതിനാലായി.കാണാതായ 170 പേർക്കായി തെരച്ചില്‍ തുടരുന്നു. ഇവരില്‍ 148പേര്‍ വൈദ്യുത നിലയത്തിലെയും 22 പേര്‍ ഋഷിഗംഗയിലെയും ജീവനക്കാരാണ്.ഋഷിഗംഗ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരുന്നവരും അളകനന്ദ, ദൌലി ഗംഗ നദിക്കരകളില്‍ താമസിച്ചിരുന്നവരുമാണ് അപകടത്തില്‍ പെട്ടവരില്‍ ഏറെയും.
2013ലെ പ്രളയ രക്ഷാ പ്രവർത്തനത്തിന് സമാനമായി ITBP, ദുരന്ത നിവാരണ സേന, വ്യോമസേന എന്നിവ സംയുക്തമായുള്ള രക്ഷാ പ്രവർത്തനം തുടരുകയാണ്. ദുഷ്കരമാണ് രക്ഷാപ്രവർത്തനം. ശക്തമായ കുത്തൊഴുക്കില്‍ തെറിച്ച് പോയതിനാല്‍ മൃതദേഹങ്ങളെല്ലാം സംഭവ സ്ഥലത്തുനിന്ന് ദൂരെയാണ് കണ്ടെത്തിയത്. തപോവന് സമീപം രണ്ട് ടണലുകളിലായി തൊഴിലാളികള്‍ കുടുങ്ങിയിരുന്നു. ഒരു ടണലിലുള്ള 16 പേരെ രക്ഷിച്ചു. കൂടുതല്‍ മെഡിക്കല്‍ സംഘങ്ങളെ ചമോലിയിലേക്ക് എത്തിച്ചിട്ടുണ്ട്.ജോഷിമഠിൽ 30 കിടക്കകളോടെ താൽക്കാലിക ആശുപത്രി സജ്ജമാക്കി. മുഖ്യമന്ത്രി ടി.എസ് റാവത്ത് ചമോലിയില്‍ എത്തി രക്ഷാ പ്രവർത്തനം വിലയിരുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സർക്കാർ 4 ലക്ഷവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 2 ലക്ഷവും നല്‍കും.ചമോലി ജില്ലയിലെ റെനി ഗ്രാമത്തിലാണ് പ്രളയം ഉണ്ടായത്. ഇന്ത്യ ചൈന അതിര്‍ത്തിയിലെ തപോവന മേഖലയില്‍ സംഭവിച്ചത് മഞ്ഞുമലകള്‍ക്കിടയിലുണ്ടായ തടാകം പൊട്ടിയുണ്ടായ ദുരന്തം ആണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.ശൈത്യകാലത്ത് ഒരിടത്തും സംഭവിക്കാത്ത കാര്യമാണ് നടന്നിരിക്കുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.ഉത്തരാഖണ്ഡിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ജോഷിമഠ്. വലിയ മഞ്ഞുമലയാണ് ഇടിഞ്ഞുവീണിരിക്കുന്നത്. ഇതേത്തുടര്‍ന്ന് അളകനന്ദ നദിയിലെ അണക്കെട്ട് പൂര്‍ണമായും തകരുകയും ധോളിഗംഗാ നദിയില്‍ ജലനിരപ്പ് ഉയരുകയും ചെയ്തിട്ടുണ്ട്.
എടിഎം പണം പിന്‍വലിക്കല്‍ നയത്തില്‍ ഭേദഗതി വരുത്തി എസ് ബി ഐ;അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക എടിഎം വഴി പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ അക്കൗണ്ടില്‍ ഉള്ളത് കൂടി നഷ്ടപ്പെട്ടേക്കാം
ന്യൂഡൽഹി:എടിഎം പണം പിന്‍വലിക്കല്‍ നയത്തില്‍ ഭേദഗതി വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കളുടെ സുരക്ഷയെ കരുതിയാണ് പുതിയ ഭേദഗതി എന്നാണ് പറയുന്നതെങ്കിലും അത് ഉപഭോക്താവിന് കൂടുതല്‍ നഷ്ടം വരുത്തിവെക്കുമോയെന്നാണ് ഇപ്പോള്‍ ഉയരുന്ന ആശങ്ക. അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക എടിഎം വഴി പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ പണം കിട്ടില്ലെന്ന് മാത്രമല്ല, അക്കൗണ്ടില്‍ ഉള്ളത് കൂടി പോകുമെന്ന നിലയാണ്. ഇത്തരത്തില്‍ പരാജയപ്പെടുന്ന ഓരോ ഇടപാടിനും 20 രൂപയും ഒപ്പം ജിഎസ്ടിയും ഉപഭോക്താവ് നല്‍കേണ്ടി വരും. പരിധിയില്‍ കൂടുതല്‍ സാമ്പത്തിക ഇടപാട് നടത്തിയാലും ബാങ്കിന് പണം അധികം നല്‍കേണ്ടി വരും. ഇത്തരം ഇടപാടുകള്‍ക്ക് 10 രൂപയും ജിഎസ്ടിയും മുതല്‍ 20 രൂപയും ജിഎസ്ടിയും വരെ നല്‍കേണ്ടി വരും.നിലവില്‍ രാജ്യത്തെ മെട്രോ നഗരങ്ങളില്‍ അഞ്ച് എസ്ബിഐ എടിഎമ്മുകളില്‍ നിന്നും മൂന്ന് എസ്ബിഐ ഇതര എടിഎമ്മുകളില്‍ നിന്നുമായി മാസം എട്ട് തവണ സൗജന്യമായി ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കാറുണ്ട്. പുതിയ നയം മാറ്റത്തിനൊപ്പം അകൗണ്ടില്‍ എത്ര പണം ഉണ്ടെന്ന് ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ അറിയാനുള്ള സൗകര്യവും എസ്ബിഐ ഒരുക്കിയിട്ടുണ്ട്. ബാലന്‍സ് (balance) എന്ന് രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറിൽ നിന്നും 9223766666 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് എസ്‌എംഎസ് അയക്കുകയോ അല്ലെങ്കില്‍ 9223766666 എന്ന നമ്പറിലേക്ക് വിളിക്കുകയോ ചെയ്യണം. എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ പാസ് വേഡിന്റെ സഹായത്തോടെ എടിഎമ്മുകളില്‍ നിന്ന് 10000 രൂപയിലേറെ പിന്‍വലിക്കാനാവും.
കർഷക സമരം;ഉടന്‍ പരിഹാരം കാണണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന
ന്യൂഡൽഹി:രാജ്യ തലസ്ഥാനത്ത് തുടരുന്ന കർഷക സമരത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന.സമരം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരും പ്രതിഷേധക്കാരും സംയമനം പാലിക്കണം.സമാധാനപരമായി പ്രതിഷേധങ്ങള്‍ക്കായി ഒത്തു കൂടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും സമരത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നും സംഘടന ആവശ്യപ്പെട്ടു.ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരം ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. സമരം ശക്തമായി മുന്നോട്ടു പോവുകയാണ്. സമരം അടിച്ചമര്‍ത്തുന്നതിനെതിരെ കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിക്കുകയാണ്. ചക്കാ ജാം എന്ന പേരാണ് ഈ സമരത്തിന് നല്‍കിയിരിക്കുന്നത്.സമരം സമാധാനപരമായിരിക്കുമെന്ന് സംയുക്ത സമര സമിതി വ്യക്തമാക്കി. ഇതുറപ്പു വരുത്താൻ മാര്‍ഗനിര്‍ദേശങ്ങളും സമിതി പുറത്തിറിക്കിയിട്ടുണ്ട്. അവശ്യ സേവനങ്ങളെ ഉപരോധത്തിൽ നിന്ന് ഒഴിവാക്കും. ജനങ്ങളുമായും ഉദ്യോഗസ്ഥരുമായും തര്‍ക്കങ്ങൾ ഒഴിവാക്കണമെന്ന നിര്‍ദേശവും സമിതി നൽകിയിട്ടുണ്ട്.