വാഹന രജിസ്ട്രേഷന്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാൻ കേന്ദ്രസർക്കാർ നീക്കം

keralanews central govt plans to make vehicle registration completely online

ന്യൂഡൽഹി: വാഹന രജിസ്ട്രേഷന്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാൻ കേന്ദ്രസർക്കാർ നീക്കം.ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയതായും ഈ അഭിപ്രായം ലഭിച്ചാല്‍ 14 ദിവസത്തിനകം അന്തിമ വിജ്ഞാപനം പുറത്തിറങ്ങിയേക്കും.പുതിയ വാഹനം വാങ്ങുമ്പോൾ ആര്‍ടിഒ ഓഫിസിലെത്തി വാഹനം കാണിക്കുന്ന കാലങ്ങളായുള്ള നടപടിക്രമങ്ങള്‍ അന്തിമവിജ്‍ഞാപനം വരുന്നതോടെ അവസാനിക്കും . നിലവിലെ രീതി അനുസരിച്ച്‌ രജിസ്ട്രേഷനു മുന്നോടിയായി പുതിയ വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. എന്‍ജിന്‍, ഷാസി നമ്പറുകൾ രേഖകളുമായി ഒത്തുനോക്കാനായിരുന്നു ഈ പരിശോധന.എന്നാല്‍ ‘വാഹന്‍’ സോഫ്റ്റ് വേര്‍ ഉപയോഗിച്ചുള്ള രജിസ്ട്രേഷന്‍ സംവിധാനത്തിലേക്കു രാജ്യം നീങ്ങിയതോടെ ഇത്തരം പരിശോധനകള്‍ അനാവശ്യമാണെന്നാണു കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.മുൻപ് വാഹനത്തിന്റെ വിവരങ്ങള്‍ ഷോറൂമുകളില്‍ നിന്നായിരുന്നു ഉള്‍ക്കൊള്ളിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വാഹന നിര്‍മ്മാതാക്കള്‍ തന്നെയാണ് വാഹന്‍ സോഫ്റ്റ് വേറില്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നത് . കമ്പനിയുടെ പ്ലാന്റില്‍നിന്നും ഒരു വാഹനം പുറത്തിറക്കുമ്പോൾ ന്നെ എന്‍ജിന്‍, ഷാസി നമ്പറുകൾ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ‘വാഹന്‍’ പോര്‍ട്ടലില്‍ എത്തിയിരിക്കും.ഷാസി വാങ്ങിയ ശേഷം ബോഡി നിര്‍മിക്കേണ്ടി വരുന്ന ബസ്, ലോറി പോലെയുള്ള വാഹനങ്ങള്‍ ഇപ്പോഴുള്ളതു പോലെ പോലെ ആര്‍ടി ഓഫീസില്‍ എത്തേണ്ടിവരും. ഇവയുടെ രജിസ്ട്രേഷന് ഓണ്‍ലൈന്‍ നടപടികള്‍ മാത്രം പോര എന്നതിനാലാണിത്. ഷാസിക്കുമാത്രമാണ് താത്കാലിക പെര്‍മിറ്റ് നല്‍കുന്നത് എന്നതിനാല്‍ ഇവ ആര്‍ടി ഓഫിസില്‍ കൊണ്ടുവരണം. വ്യവസ്ഥകള്‍ പാലിച്ചാണോ ബോഡി നിര്‍മിച്ചിട്ടുള്ളതെന്ന് ഉറപ്പുവരുത്താനാണ് ഈ പരിശോധന.അതെ സമയം വാഹനം വിറ്റാല്‍ ഉടമസ്ഥാവകാശകൈമാറ്റവും ഇനി ഓണ്‍ലൈന്‍ വഴിയാകും.പഴയ വാഹനത്തിന്റെ ആര്‍സി ബുക്ക് ഉള്‍പ്പെടെ രേഖകള്‍ ആര്‍ടി ഓഫിസില്‍ തിരിച്ചേല്‍പിക്കണമെന്ന വ്യവസ്ഥയ്ക്കും മാറ്റം വരുത്തും. ഇനിമുതല്‍ വാഹനം വില്‍ക്കുന്നയാള്‍ തന്നെ വാങ്ങുന്നയാള്‍ക്ക് നേരിട്ട് രേഖകള്‍ കൈമാറിയാല്‍ മതി.

ദിഷ രവിയെ അറസ്റ്റ് ചെയ്തത് നിയമാനുസൃതം; നിയമത്തിന് ഇരുപത്തിരണ്ടുകാരിയെന്നോ അന്‍പതുകാരിയെന്നോ ഇല്ലെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എസ്‌എന്‍ ശ്രീവാസ്തവ

keralanews disha ravis arrest is legal and doesnt differentiate between a 22 year old or 50 year old says delhi police commissioner s n shrivastava

ന്യൂഡല്‍ഹി: നിയമത്തിന് ഇരുപത്തിരണ്ടുകാരിയെന്നോ അന്‍പതുകാരിയെന്നോ ഇല്ലെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എസ്‌എന്‍ ശ്രീവാസ്തവ.ഗ്രെറ്റ ടൂള്‍ കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദഹം.ഇരുപത്തിരണ്ടുകാരിയെ അറസ്റ്റ് ചെയ്തതില്‍ പൊലീസിനു വീഴ്ച പറ്റിയെന്നൊക്കെ ആളുകള്‍ പറയുന്നതില്‍ ഒരു കാര്യവുമില്ല.ദിഷ രവിയെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്. കേസ് അന്വേഷണ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.കര്‍ഷക സമരവുമായി ബന്ധപ്പെട്ട, പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തുന്‍ബെര്‍ഗിന്റെ ട്വീറ്റാണ് ദിഷയ്ക്കെതിരായ കേസിന് ആധാരം. ജനുവരി 26ന് നടന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിച്ച്‌ ഗ്രെറ്റ ട്വീറ്റ് ചെയ്ത ടൂള്‍കിറ്റ് രേഖയില്‍ കര്‍ഷകസമരങ്ങളെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ടതും അവര്‍ ചെയ്യേണ്ടതുമായ കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്.വിവാദമായ ഈ കിറ്റിന് പിന്നില്‍ ഖാലിസ്ഥാനി അനുകൂല സംഘടനയാണെന്നാണ് കേന്ദ്രത്തിന്റെയും പൊലീസിന്റെയും വാദം. ഇന്ത്യയെയും കേന്ദ്ര സര്‍ക്കാരിനെയും അന്താരാഷ്ട്രതലത്തില്‍ ആക്ഷേപിക്കുന്നതിനുള്ള ഗൂഢാലോചനയുടെ തെളിവാണ് ഇതെന്നും പൊലീസ് പറയുന്നു.ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ദിഷ രവിയെ അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ ദിഷ ടൂള്‍കിറ്റ് സമര പരിപാടികള്‍ പ്രചരിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. ടൂള്‍കിറ്റ് എഡിറ്റ് ചെയ്തുവെന്നതും അറസ്റ്റിന് കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നു.

മധ്യപ്രദേശില്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞ് 39 പേര്‍ മരിച്ചു

keralanews 39 people were killed when a bus fell into canal in madhyapradesh

ഭോപ്പാൽ:മധ്യപ്രദേശില്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞ് 39 പേര്‍ മരിച്ചു.നിരവധി പേരെ കാണാതായി. സിദ്ധി ജില്ലയിലാണ് സംഭവം. ഇന്ന് രാവിലെ 8.30 തോടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.സിദ്ധിയില്‍ നിന്നും സത്‌നയിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. 60 പേര്‍ സഞ്ചരിച്ച ബസ് കനാലിലേയ്ക്ക് മറിയുകയായിരുന്നു. ബസിലുണ്ടായിരുന്നവര്‍ മുഴുവനും പ്രദേശത്തുള്ളവരാണെന്നാണ് വിവരം.യാത്രാമധ്യേ നിയന്ത്രണം വിട്ട വാഹനം കനാലിലേക്ക് പതിക്കുകയായിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ സേന ഉടന്‍ തന്നെ സ്ഥലത്തെത്തി ക്രെയിനിന്‍റെ സഹായത്തോടെ ബസ് പുറത്തെത്തിച്ചു. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ സമീപത്തെ ബന്‍സാഗര്‍ ഡാമിലെ ജലമൊഴുക്കും നിര്‍ത്തി വച്ചിട്ടുണ്ട്. 32 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസില്‍ അമിത തിരക്ക് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.പ്രാഥമികമായി ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്‌ ഏകദേശം 54 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അതില്‍ ഏഴ് പേരെ രക്ഷാസംഘം രക്ഷപ്പെടുത്തി. പ്രദേശത്ത് രക്ഷാദൗത്യം തുടരുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.ചുയ്യ താഴ്വര വഴി പോകേണ്ടിയിരുന്ന ബസ് അവസാന നിമിഷം റൂട്ട് മാറ്റി ഇതുവഴി പോയതാണെന്നാണ് പൊലീസ് പറയുന്നത്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഡ്രൈവറുടെ വാക്കുകള്‍ അനുസരിച്ച്‌ ട്രാഫിക് ജാം ഒഴിവാക്കുന്നതിനായാണ് ഈ വഴി തെരഞ്ഞെടുത്തതെന്നാണ് സൂചന.മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വകാര്യ വിപണിയില്‍ കോവിഡ് വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം; അടുത്ത ഘട്ട വിതരണവും സൗജന്യമാകാന്‍ സാധ്യത

keralanews not make covid vaccine available in private market soon next phase of delivery is also likely to be free

ന്യൂഡൽഹി:സ്വകാര്യ വിപണിയില്‍ കോവിഡ് വാക്‌സിന്‍  ഉടന്‍ ലഭ്യമാക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.വ്യാജ വാക്‌സിന്‍ എത്താനുള്ള സാധ്യത പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.അതിനിടെ വാക്‌സിന്റെ അടുത്ത ഘട്ട വിതരണവും സൗജന്യമാകാന്‍ സാധ്യത. ഇതുസംബന്ധിച്ച്‌ ചര്‍ച്ച തുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചു. മൂന്നാം ഘട്ടത്തില്‍ 50 വയസ്സിനും അതിന് മുകളിലുള്ളവര്‍ക്കുമാണ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആലോചിക്കുന്നത്.ഏതാണ്ട് 26 കോടി പേര്‍ക്കാണ് മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യമാകുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചു. രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ മൂന്നാംഘട്ട വാക്‌സിനേഷന്‍ ആരംഭിക്കാനാകുമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. സംസ്ഥാനങ്ങളുമായി കൂടി കൂടിയാലോചിച്ച ശേഷമായിരിക്കും സൗജന്യ വാക്‌സിനേഷനില്‍ തീരുമാനമെടുക്കുക എന്നും കേന്ദ്രമന്ത്രി സൂചിപ്പിച്ചു.രാജ്യത്ത് തിങ്കളാഴ്ച വരെ 85 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും അദ്ദേഹം പറഞ്ഞു.98,118 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. അടുത്ത മുന്‍ഗണനാ പട്ടികയില്‍പ്പെട്ടവര്‍ക്ക് മാര്‍ച്ചില്‍ വാക്‌സിന്‍ നല്‍കാനാകുമെന്നും കേന്ദ്രആരോഗ്യമന്ത്രി വ്യക്തമാക്കി.

ഗ്രേറ്റ ടൂള്‍ കിറ്റുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിഷ രവിയെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു;അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം

keralanews disha ravi arrested in greta tool kit case remanded in police custody for five days and widespread protest against arrest

ഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച്‌ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബര്‍ഗ് പങ്കുവെച്ച ടൂള്‍ കിറ്റുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിഷ രവിയെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഏഴു ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും ഡല്‍ഹി കോടതി മജിസ്‌ട്രേറ്റ് ദോവ് സഹോറ അഞ്ചു ദിവസം അനുവദിക്കുകയായിരുന്നു.കോടതി നടപടികള്‍ക്കിടെ ദിഷ പൊട്ടിക്കരഞ്ഞു. ടൂള്‍ കിറ്റിലെ രണ്ടുവരി എഡിറ്റ് ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്നും കര്‍ഷകപ്രക്ഷോഭത്തെ പിന്തുണയ്ക്കുക എന്നേ അതുകൊണ്ട് ഉദ്ദേശിച്ചിരുന്നുള്ളൂ എന്നും ദിഷ കോടതിയില്‍ പറഞ്ഞു.എന്നാല്‍ നിരോധിത സംഘടന ഖലിസ്താന്‍ അനുകൂല സംഘടനകളുമായി ദിശയ്ക്ക് ബന്ധമുണ്ടെന്ന് പൊലീസ് ആരോപിക്കുന്നു. വാട്‌സ്‌ആപ്പ് ഗ്രൂപ്പുണ്ടാക്കി ടൂള്‍ കിറ്റ് ഡോക്യുമെന്റ് തയ്യാറാക്കാന്‍ മുന്‍ കൈയ്യെടുത്തത് ദിശയാണെന്നാണ് പൊലീസ് വാദം.അതേസമയം ദിഷ രവിയെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധം.ദിശയെ ഉടൻ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും കർഷക സംഘടനകളും രംഗത്ത് വന്നു.മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ പി ചിദംബരം, ദിഗ്‌വിജയ് സിംഗ്, പ്രിയങ്കഗാന്ധി, ശത്രുഘ്‌നൻ സിൻഹ, കപിൽ സിബൽ തുടങ്ങിയവരെല്ലാം ദിശയുടെ അറസ്റ്റിൽ അപലപിച്ചു.സംഭവത്തില്‍ പസ്യവിമര്‍ശനവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റ ന്ധുവും ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകയുമായ മീന ഹാരിസ് രംഗത്തെത്തി.’ഇന്ത്യ ബീയിങ് സൈലന്‍സ്ഡ്’ എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ വലിയ കാമ്ബയിനും ആരംഭിച്ചിട്ടുണ്ട്. തമിഴ്നടന്‍ നടന്‍ സിദ്ധാര്‍ഥ് ദിഷ രവിയുടെ അറസ്റ്റില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരായ നികൊളസ് ഡേവ്സ്, ആദം റോബര്‍ട്സ് അടക്കമുള്ളളവരും പ്രതിഷേധത്തില്‍ പങ്കുചേര്‍ത്തു.

ഗ്രേറ്റ ടൂൾ കിറ്റ് കേസ്;യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ പൊലീസ് അറസ്റ്റ് ചെയ്തു

keralanews greta toolkit case young environmental activist disha ravi arrested by police

ബംഗളൂരു: ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ ടൂള്‍കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി(21)യെ ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ ദിഷ ടൂള്‍കിറ്റ് സമരപരിപാടികള്‍ പ്രചരിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. ടൂള്‍കിറ്റ് എഡിറ്റ് ചെയ്തുവെന്നതും അറസ്റ്റിന് കാരണമായതായി സൂചനയുണ്ട്. സോലദേവനഹള്ളിയിലെ വീട്ടില്‍ വച്ച് ഇന്നലെ അറസ്റ്റിലായ ദിഷയെ ഡെല്‍ഹിയിലേക്ക് കൊണ്ടുപോയി.ഷക സമരവുമായി ബന്ധപ്പെട്ട സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റയുടെ ട്വീറ്റാണ് കേസിന് ആധാരം. വിവാദമായ ഈ കിറ്റിന് പിന്നില്‍ ഖാലിസ്ഥാനി അനുകൂല സംഘടനയാണെന്നാണ് പൊലീസ് വാദം. ഇന്ത്യയെയും കേന്ദ്രസര്‍കാരിനെയും അന്താരാഷ്ട്രതലത്തില്‍ ആക്ഷേപിക്കുന്നതിനുള്ള ഗൂഢാലോചനയുടെ തെളിവാണ് ഇതെന്നും പൊലീസ് പറയുന്നു. ഇതിനു പിന്നില്‍ സ്ഥാപിത താല്പര്യക്കാരുണ്ടെന്ന് കേന്ദ്രസര്‍കാരും ആരോപിക്കുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ദിഷ രവിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബെംഗളൂരു മൗണ്ട് കാർമൽ കോളജിൽ ബിബിഎ പൂർത്തിയാക്കിയ ദിശ ഭക്ഷ്യോൽപന്ന കമ്പനിയിൽ കളിനറി എക്സ്‍പീരിയൻസ് മാനേജരായി ജോലി ചെയ്യുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ബോധവൽക്കരണ പരിപാടികൾ നടത്തുന്ന ‘ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ ഇന്ത്യ’ എന്ന പരിസ്ഥിതി കൂട്ടായ്മയുടെ സ്ഥാപകരിലൊരാളാണ്.

രാജ്യത്ത് ഇന്ധന വില കുതിക്കുന്നു;സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു

keralanews fuel price increasing in the country petrol price croses 9 in the state

തിരുവനന്തപുരം:രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. വിലവര്‍ധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോളിന് 89 രൂപ 15 ആയി. ഡീസല്‍ വില 83 രൂപ 74 പൈസയുമായി.തിരുവനന്തപുരം ജില്ലയില്‍ പെട്രോള്‍ വില 90 രൂപ 94 പൈസയും ഡീസല്‍ വില 85 രൂപ 14 പൈസയുമാണ്. ഡല്‍ഹിയില്‍ ഇനി മുതല്‍ 796 രൂപയ്ക്കാവും സബ്‌സിഡിയില്ലാത്ത സിലിണ്ടര്‍ ലഭ്യമാവുക.ഡിസംബറിന് ശേഷം പാചക വാതക സിലിണ്ടറിനുണ്ടാകുന്ന മൂന്നാമത്തെ വിലവര്‍ധനയാണിത്. ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 16 നും 50 രൂപ വീതം വര്‍ധിച്ചിരുന്നു. പാചക വാതക വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. വിലവര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.ഡിസംബറിന് ശേഷം മൂന്ന് പ്രാവശ്യമാണ് പാചകവാതക വില കൂട്ടുന്നത്.

ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ഫാസ് ടാഗ് നിർബന്ധം

keralanews fastag in all toll plazas in national highway from today midnight

ന്യൂഡൽഹി:ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ ഇന്ന് അര്‍ധരാത്രിമുതല്‍ ഫാസ് ടാഗ് നിർബന്ധം.ഫാസ് ടാഗ് ഇല്ലാതെ വരുന്നവര്‍ക്ക് ഇരട്ടിതുക ടോള്‍ നല്‍കേണ്ടിവരും. ഫാസ്ടാഗിലേക്ക് മാറാനുള്ള സമയം ഇനിയും നീട്ടിനല്‍കാനാകില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാതാ മന്ത്രാലയം അറിയിച്ചു.2019 ജനുവരി ഒന്നിനാണ് ഫാസ്‌ടാഗ് നടപ്പാക്കിയത്. കഴിഞ്ഞ ഡിസംബര്‍ ഒന്നുമുതല്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രമറിയിച്ചെങ്കിലും പിന്നീടത് ജനുവരി ഒന്നുമുതല്‍ എന്നാക്കി. ഇത് പിന്നീട് ഫെബ്രുവരി 15-ലേക്കു നീട്ടുകയായിരുന്നു.വാഹനം ടോള്‍ പ്ലാസ കടന്നുപോകുമ്പോൾ ടോള്‍ തുക ബാങ്ക് അക്കൗണ്ടില്‍ നിന്നോ ഫാസ്ടാഗിലേക്ക് ലിങ്ക് ചെയ്ത പ്രീപെയ്ഡ് തുകയില്‍ നിന്നോ ഓട്ടോമാറ്റിക്കായി ഈടാക്കുന്ന സംവിധാനമാണ് നടപ്പാക്കുന്നത്.നിലവിലോടുന്ന വാഹനങ്ങളില്‍ 80 ശതമാനത്തോളം ഫാസ്‌ടാഗിലേക്കു മാറിക്കഴിഞ്ഞതായാണ് ഡിസംബര്‍ 31 വരെയുള്ള കണക്ക്. ദേശീയപാതയില്‍ കൊച്ചിയിലെ കുമ്പളത്തെയും തൃശ്ശൂര്‍ പാലിയേക്കരയിലെയും ടോള്‍ പ്ലാസകള്‍ പൂര്‍ണമായും ഫാസ്ടാഗ് സംവിധാനത്തിലേക്കു മാറിക്കഴിഞ്ഞു.

ചമോലി ദുരന്തം; ഋഷി ഗംഗയ്ക്ക് സമീപം റെയ്‌നി ഗ്രാമത്തിന് മുകളിലായി തടാകം രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്

keralanews above the village of Raini near the Rishi Ganga

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ പ്രളയത്തെ തുടര്‍ന്ന് തപോവന്‍ മേഖലയിലെ റെയ്‌നി ഗ്രാമത്തിന് മുകളിലായി തടാകം രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്. പ്രളയത്തിലെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയാണ് തടാകം രൂപപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.ഗര്‍വാല്‍ സര്‍വ്വകലാശാലയിലെ ജിയോളജിസ്റ്റ് ഡോ.നരേഷ് റാണയും മേഖലയിലെ ചില ഗ്രാമീണരുമാണ് തടാകം രൂപപ്പെടുന്നതായി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു.തടാകം പൂര്‍ണതോതില്‍ രൂപപ്പെട്ടാല്‍ ഋഷി ഗംഗ നദിയുടെ ഒഴുക്ക് തടസ്സപ്പെടും. ഇത് ഭാവിയില്‍ വലിയ പ്രളയത്തിനുള്ള സാദ്ധ്യതയ്ക്ക് വഴിയൊരുക്കുമെന്നുമാണ് മുന്നറിയിപ്പ്. 400മീറ്റര്‍ ദൂരത്തിലാണ് തടാകം രൂപപ്പെട്ടിരിക്കുന്നത്. ഋഷി ഗംഗ ജലവൈദ്യുതി പദ്ധതി സ്ഥിതിചെയ്തിരുന്ന സ്ഥലത്തുനിന്ന് 12 കിലോമീറ്റര്‍ ഉയരത്തിലാണ് തടാകത്തിന്റെ സ്ഥാനം.പ്രളയത്തെ തുടര്‍ന്ന് നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുമെന്നതിനാല്‍ സാഹചര്യം വിലയിരുത്താന്‍ സംസ്ഥാന ദുരന്ത നിവാരണ സേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തടാകം രൂപപ്പെടുന്നതായി ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാറും സ്ഥിരീകരിച്ചു. 2015ലെ ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ അവിടെ നേരത്തെ തടാകം ഇല്ലായിരുന്നുവെന്നും വ്യക്തമായി.

തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപിടിച്ച് എട്ട് മരണം

keralanews eight died fire broke out in cracker factory tamilnadu

ചെന്നൈ:തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപിടിച്ച് എട്ട് മരണം. നിരവധി പേര്‍ക്ക് പരിക്കുള്ളതായും റിപ്പോര്‍ട്ടുണ്ട്. വിരുദുനഗറിലെ പടക്ക ഫാക്ടറിയിലാണ് തീപടിച്ചത്. സതൂരിനടുത്തുള്ള അച്ചാങ്കുളം പ്രദേശത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.പരിക്കേറ്റവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടകാരണം വ്യക്തമല്ല. ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.