ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധന, ജി എസ് ടി, ഇ-വേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ച് വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി. കേരളത്തില്‍ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുളള ട്രാന്‍സ്‌പോര്‍ട്ട് സംഘടനകള്‍ ഒന്നും തന്നെ ബന്ദില്‍ പങ്കെടുക്കുന്നില്ല.രാത്രി എട്ട് മണിവരെ നടക്കുന്ന ബന്ദിന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്സാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാല്‍പതിനായിരത്തോളം സംഘടനകളില്‍ നിന്നായി എട്ട് കോടി പേര്‍ സമരത്തിന്റെ ഭാഗമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതോടെ കേരളം ഒഴികെയുളള സംസ്ഥാനങ്ങളില്‍ വിപണികള്‍ സ്‌തംഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. രാജ്യത്തെ 1500ഓലം സ്ഥലങ്ങളില്‍ ധര്‍ണ നടത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. 40 ലക്ഷം സ്ഥലങ്ങളില്‍ റോഡ് ഉപരോധം നടക്കുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് ഓണ്‍ലൈന്‍ വഴിയുള്ള സാധനം വാങ്ങലും നടക്കില്ല.
കര്‍ഷകപ്രക്ഷോഭം;സമരം അവസാനിപ്പിക്കാന്‍ കര്‍ഷകരെ ചർച്ചയ്ക്ക് ക്ഷണിച്ച് കൃഷിമന്ത്രി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കർഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് ഒരുങ്ങി കേന്ദ്രം.കര്‍ഷകരുമായി ചര്‍ച്ചക്ക് എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്നും, കേന്ദ്രം കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കി. എന്നാല്‍ മന്ത്രിയുടെ നിര്‍ദേശത്തോട് കര്‍ഷകസംഘടനകള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.കാര്‍ഷിക നിയമങ്ങള്‍ ഒന്നരവര്‍ഷം മരവിപ്പിക്കാമെന്ന വ്യവസ്ഥ അംഗീകരിക്കണം. ഇക്കാലയളവില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരുമിച്ചിരുന്ന് പരിഹരിക്കാമെന്നും മന്ത്രി അറിയിച്ചു.
പാചകവാതക വില വീണ്ടും വർധിപ്പിച്ചു;സിലിണ്ടറിന് 25 രൂപ കൂട്ടി
കൊച്ചി: പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്ക് നിലവില്‍ വന്നു. കൊച്ചിയില്‍ ഒരു സിലിണ്ടറിന് 801 രൂപയാണ് വില. പാചക വാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ വർധനവാണിത്.ഡിസംബർ ഒന്നിനും ഡിസംബർ 16നും 50 രൂപവീതം കൂട്ടി. ഫെബ്രുവരി 14ന് 50 രൂപയുമാണ് വർധിപ്പിച്ചത്. അതേസമയം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് അഞ്ച് രൂപയാണ് കുറച്ചത്.
ടൂൾകിറ്റ് കേസ്;അറസ്റ്റിലായ ദിഷ രവിക്ക് ജാമ്യം
ന്യൂഡൽഹി :ടൂൾകിറ്റ് കേസിൽ സാമൂഹ്യ പ്രവർത്തക ദിഷ രവിക്ക് ജാമ്യം. ഒരു ലക്ഷം രൂപ വീതം രണ്ട് പേരുടെ ആൾ ജാമ്യത്തിലാണ് ദിഷക്ക് ജാമ്യം ലഭിച്ചത്. ദല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ദിഷ പുറത്തിറങ്ങുന്നത്.കഴിഞ്ഞ 13നാണ് ദിഷ അറസ്റ്റിലായത്.കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം ലഭിച്ചത്. ടൂള്‍കിറ്റ് കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം നല്‍കരുതെന്നാണ് ദല്‍ഹി പോലീസ് കോടതിയില്‍ അറിയിച്ചത്.റിപബ്ലിക് ദിനത്തിലെ അക്രമത്തിലേക്ക് നയിച്ചതില്‍ ടൂള്‍കിറ്റ് പങ്കുവഹിച്ചിട്ടുണ്ട് എന്നതില്‍ തെളിവുകളുണ്ടോ എന്നാണ് കോടതി ഡല്‍ഹി പൊലീസിനോട് ചോദിച്ചത്. മറുപടി ഹാജരാക്കാന്‍ ഡല്‍ഹി പൊലീസിന് കഴിഞ്ഞിരുന്നില്ല.നിരോധിത സംഘടനയായ ഖലിസ്ഥാൻ അനുകൂല കൂട്ടായ്മകളുമായി ദിഷക്ക് ബന്ധമുണ്ടെന്നായിരുന്നു പൊലീസ് ആരോപണം. ഇവരോടൊപ്പം ചേർന്ന് കേന്ദ്ര സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നുമാണ് പൊലീസ് ആരോപിക്കുന്നത്. അതേസമയം നിഖിത ജേക്കബിനെയും ഷന്തനും മുളുക്കിനെയും കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ചൊവ്വാഴ്ചയും ചോദ്യം ചെയ്തു.കാനഡയിലെ ഖാലിസ്ഥാന്‍ സംഘടനയാണ് ഈ ടൂള്‍കിറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നിലെന്നാണ് ഡല്‍ഹി പൊലീസിന്‍റെ പ്രാഥമിക നിഗമനം. എങ്ങനെ സമരം ചെയ്യണമെന്നത് വിശദീകരിച്ചുകൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലിങ്കിനെ ടൂള്‍കിറ്റ് എന്ന് വിശേഷിപ്പിച്ച് ഗ്രെറ്റ ആദ്യം ട്വീറ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.
കര്‍ണാടകയില്‍ ജെലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ച് വന്‍ സ്ഫോടനം;ആറുപേർ മരിച്ചു
ബംഗലൂരു : കര്‍ണാടകയിലെ ചിക്കബല്ലാപുരില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. ക്വാറികളില്‍ ഉപയോഗിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.കര്‍ണാടകയില്‍ അനധികൃത ക്വാറികള്‍ക്കും സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിനുമെതിരെ സര്‍ക്കാര്‍ നടപടി ശക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതോടെ പൊലീസിനെ ഭയന്ന് സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടയാണ് അപകടം നടന്നത്. അതേസമയം നിയമവിരുദ്ധമായി കൈവശം സൂക്ഷിച്ച സ്ഫോടകവസ്തുക്കളാണ് അപകടമുണ്ടാക്കിയതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കര്‍ണാടക മന്ത്രി സുധാകര്‍ അറിയിച്ചു. സംഭവത്തിന് പിന്നില്‍ അട്ടിമറിയുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന; പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡൽഹി:പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളോട് കേന്ദ്രം.കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തെ 87ശതമാനം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആറു സംസ്ഥാനങ്ങളില്‍ നിന്നാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6112 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോക്കല്‍ ട്രെയിനുകള്‍ ഓടിതുടങ്ങിയതും പ്രതിരോധ നടപടികള്‍ നടപ്പാക്കുന്നതിലെ പോരായ്മകളുമാണ് മഹാരാഷ്ട്രയില്‍ രോഗം വര്‍ധിക്കാന്‍ കാരണമായതെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്.പഞ്ചാബാണ് കോവിഡ് കേസുകള്‍ ഉയരുന്ന മറ്റൊരു സംസ്ഥാനം. മഹാരാഷ്ട്രയിലേത് പോലെ കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് കേസുകള്‍ പഞ്ചാബിലും വര്‍ധിക്കുന്നുണ്ട്. കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ് രാജ്യത്തെ 75.87 ശതമാനം കൊവിഡ് രോഗികളും. 18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്‌തില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. തെലങ്കാന, ഹരിയാന, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്,ത്രിപുര,ആസാം,മണിപ്പൂര്‍,മേഘാലയ, ലഡാക്ക്, ജമ്മു കാശ്‌മീര്‍, ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ആന്റ് ദിയു, ചണ്ഡീഗഡ് എന്നിവിടങ്ങളാണിവ.
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്;പുതിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പുതിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്രസര്‍ക്കാര്‍.ബ്രിട്ടന്‍, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നും ഇന്ത്യയിലെത്തുന്നവർക്കാണ് നിർദേശങ്ങൾ ബാധകമാവുക. ബ്രിട്ടന്‍, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്ന് വരുന്നവരും ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നും യൂറോപ്പ് വഴിയും മറ്റും വരുന്നവരും യാത്രയ്ക്ക് 72 മണിക്കൂര്‍ മുൻപ് ആര്‍ടി–പിസിആര്‍ പരിശോധന നടത്തണം. 14 ദിവസം മുൻപുവരെ എവിടെയെല്ലാം സഞ്ചരിച്ചിരുന്നുവെന്ന വിവരം കൈമാറണം. ഇന്ത്യയില്‍ എത്തിയാല്‍ സ്വന്തം ചെലവില്‍ പരിശോധന നടത്തണം. നെഗറ്റീവാണെങ്കില്‍ താമസസ്ഥലത്ത് ഏഴുദിവസം സമ്പർക്ക വിലക്കിൽ കഴിയണം. വീണ്ടും പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കണം. യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരെ പ്രത്യേകം പരിഗണിക്കണമെന്ന് എയര്‍ലൈന്‍സുകള്‍ക്ക് കേന്ദ്രം നിർദേശം നല്കി. ഈ സ്ഥലങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറാനും ഇറങ്ങാനും മാർഗ്ഗനിർദേശ പ്രകാരമുള്ള സൗകര്യമുണ്ടാകണം. മറ്റ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരും സ്വയംപ്രഖ്യാപനഫോമും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും യാത്രാസുവിധാ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. കുടുംബങ്ങളിലെ മരണം ഒഴിച്ചുള്ള ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരുന്ന എല്ലാവരും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കൈമാറണം. ഇളവ് വേണ്ടവര് യാത്രയ്ക്ക് 72 മണിക്കൂര്‍ മുൻപ് അപേക്ഷിക്കണം.
ടൂള്‍ കിറ്റ് കേസില്‍ ദിഷ രവി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി:ടൂള്‍ കിറ്റ് കേസില്‍ ദിഷ രവി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ഡല്‍ഹി പൊലീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് ദിഷ രവിയുടെ ആരോപണം.ഇന്നലെ ഡല്‍ഹി പൊലീസിനും മൂന്ന് മാധ്യമ സ്ഥാപനങ്ങള്‍ക്കും ഹര്‍ജിയില്‍ മറുപടി അറിയിക്കാന്‍ കോടതി നോട്ടിസ് നല്‍കിയിരുന്നു. സ്വകാര്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടില്ലെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഹര്‍ജി എന്നുമാണ് ഡല്‍ഹി പൊലീസിന്റെ നിലപാട്.ഇക്കാര്യം വ്യക്തമാക്കി ഡല്‍ഹി പൊലീസ് സത്യവാങ്മൂലം സമര്‍പ്പിച്ചു. കസ്റ്റഡി കാലാവധി അവസാനിച്ച ദിഷ രവിയെ പൊലീസ് ഇന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. ദിഷ സമര്‍പ്പിച്ച ജാമ്യഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.അതേസമയം ദിഷ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. പ്രായം നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ലെന്നും ദില്ലി പൊലീസിനു മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ലെന്നും അമിത് ഷാ പ്രതികരിച്ചു. ദിഷയുടെ അറസ്റ്റിനെതിരെ വലിയ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പ്രതികരണം.
രാജ്യത്ത് തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധന വിലയിൽ വർദ്ധനവ്; പച്ചക്കറി ഉൾപ്പെടെ വില വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട്
ന്യൂഡൽഹി:രാജ്യത്ത് തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധന വിലയിൽ വർദ്ധനവ്.പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 92.07 രൂപയും ഡീസലിന് 86.61 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 90.36 രൂപയും, ഡീസലിന് 85.05 രൂപയുമായി വില ഉയര്‍ന്നു.അതേസമയം ഇന്ധവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പച്ചക്കറി വിലയും കൂട്ടേണ്ടി വരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നിലവില്‍ ചെറിയുള്ളിയുടെ വില കിലോക്ക് നൂറു രൂപക്ക് മുകളിലാണ്. ദിനം പ്രതി ഇന്ധന വില കുതിച്ചുയരുന്നത് തങ്ങളുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കുകയാണെന്ന് പച്ചക്കറി കച്ചവടക്കാര്‍ പറയുന്നു.പച്ചക്കറി എത്തിക്കാനായുള്ള ലോറി വാടക രണ്ടായിരം രൂപ വച്ചാണ് കൂടിയത്. ഈ വാടക വര്‍ധന പച്ചക്കറി വിലയില്‍ വരുദിവസങ്ങളില്‍ പ്രതിഫലിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. നിലവില്‍ പച്ചക്കറി വില പതിയെ കൂടിവരുന്നുണ്ട്.
രാജ്യത്ത് ആദ്യമായി പെട്രോള്‍വില മൂന്നക്കം പിന്നിട്ടു
ന്യൂഡൽഹി:രാജ്യത്ത് ആദ്യമായി പെട്രോള്‍വില മൂന്നക്കം പിന്നിട്ടു.പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്.രാജസ്ഥാനിലാണ് പെട്രോളിന്റെ വില ലിറ്ററിന് 100 പിന്നിട്ടത്. രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐ ഒ സി) പമ്പുകളിലാണ് പെട്രോള്‍ വില നൂറ് കഴിഞ്ഞ് കുതിക്കുന്നത്. ഇന്ന് രാവിലെയുണ്ടായ വിലക്കയറ്റത്തിന് ശേഷം ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 89.54 രൂപയും ഡീസലിന് 79.95 രൂപയുമാണ് വില. മുംബയില്‍ പെട്രോള്‍ വില ലിറ്ററിന് 96 രൂപയും ഡീസലിന് 86.98 രൂപയുമാണ്.നവംബര്‍ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയത്. 2018ല്‍ പെട്രോള്‍,ഡീസല്‍ വില കുതിച്ച് കയറിയതോടെ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്‌ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണ കമ്പനികൾ ലിറ്ററിന് ഒരു രൂപ കുറയ്‌ക്കുകയും ചെയ്‌തിരുന്നു.ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്.