പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ

keralanews indian railway increased platform ticket rate

ന്യൂഡൽഹി: പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ.നേരത്തെ 10 രൂപയുണ്ടായിരുന്ന പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 30 രൂപയാക്കിയാണ് ഉയര്‍ത്തിയത്. കൂടാതെ സെക്കന്‍ഡ് ക്ലാസ് യാത്രാ നിരക്കും ഉയര്‍ത്താനാണ് റെയില്‍വേ തീരുമാനം. ഇതും 10 രൂപയില്‍ നിന്ന് 30 രൂപയാക്കാനാണ് തീരുമാനം. അനാവശ്യ യാത്രകള്‍ കുറയ്ക്കാനാണ് ഈ തീരുമാനെമന്നാണ് റെയില്‍വേയുടെ വിശദീകരണം. നേരത്തതന്നെ മധ്യ റെയില്‍വേയുടെ പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിരുന്നു.ലോക്കല്‍ യാത്രകളിലെ ടിക്കറ്റ് നിരക്കും 10 ല്‍ നിന്ന് 30 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ഫെബ്രുവരി മാസത്തില്‍ ഹ്രസ്വദൂര യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതിന് പിന്നാലെയാണ് റെയില്‍വേയുടെ നടപടി. അത്യാവശ്യക്കാരല്ലാത്ത യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതിനാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് റെയില്‍വേ പറഞ്ഞു. കൊവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം സ്‌പെഷ്യല്‍ ട്രെയിനുകളും ദീര്‍ഘദൂര ട്രെയിനുകളുമാണ് സര്‍വീസ് നടത്തിയിരുന്നത്.ഇപ്പോള്‍ ഹ്രസ്വദൂര ട്രെയിനുകളും സര്‍വീസ് നടത്തുന്നുണ്ട്.

താജ്മഹലിലെ വ്യാജ ബോംബ് ഭീഷണി;ഒരാള്‍ പിടിയിൽ; മാനസികരോഗിയെന്ന് അവകാശവാദം

keralanews fake bomb threat in tajmahal one arrested

ആഗ്ര: താജ്മഹലിലെ വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാളെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഫിറോസ്ബാദ് സ്വദേശിയാണ് അറസ്റ്റിലായത്.ചോദ്യംചെയ്യലില്‍ ഇയാള്‍ മാനസികരോഗിയാണെന്ന് അവകാശപ്പെട്ടതായും ആഗ്രയില്‍ നേരത്തെ ചികിത്സ തേടിയിരുന്നതായും പൊലീസ് പറഞ്ഞു. എന്നാൽ ഇയാളെക്കുറിച്ച്‌ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.വ്യാഴാഴ്ച രാവിലെയാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ എമര്‍ജന്‍സി നമ്പറിൽ താജ്മഹലില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് താജ്മഹലില്‍നിന്ന് സന്ദര്‍ശകരെ ഒഴിപ്പിക്കുകയും വ്യാപകമായ പരിശോധന നടത്തുകയും ചെയ്തു. ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ താജ്മഹല്‍ അടച്ച്‌ ആളുകളെ ഒഴിപ്പിച്ചു. സിഐഎസ്‌എഫും ആഗ്രാ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ബോംബ് സ്വാഡും താജ്മഹലിലെത്തിയിരുന്നു. ആയിരക്കണക്കിന് സഞ്ചാരികള്‍ താജ്മഹലിനകത്ത് ഉണ്ടായിരിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ 11.15 ഓടെ താജ്മഹല്‍ വീടും സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കിയിരുന്നു.

ബോംബ് ഭീഷണി;താജ്മഹല്‍ താല്‍ക്കാലികമായി അടച്ചു;വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു

keralanews bomb threat taj mahal temporarily closed tourists evacuated

ആഗ്ര:ബോംബ് ഭീഷണിയെ തുടർന്ന് താജ്മഹല്‍ താല്‍ക്കാലികമായി അടച്ചു.ഇന്ന് രാവിലെ 10.30നാണ്   ഉത്തര്‍ പ്രദേശ് പൊലീസിന് അജ്ഞാത ഫോണ്‍ സന്ദേശമെത്തിയത്. താജ്മഹലില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം പോലീസ് കണ്‍ട്രോള്‍ റൂമിലാണ് ലഭിച്ചത്. അജ്ഞാതനായ വ്യക്തി താജ്മഹല്‍ പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ പൊട്ടുമെന്നും അറിയിക്കുകയായിരുന്നു.ഉടന്‍ തന്നെ ഇക്കാര്യം പൊലീസ് താജ്മഹലിലെ സുരക്ഷ ഉദ്യോഗസ്ഥരെ അറിച്ചു. സന്ദര്‍ശകരെ മുഴുവന്‍ പുറത്തിറിക്കി പരിശോധന നടത്തുകയാണ്. താജ്മഹല്‍ തല്‍ക്കാലത്തേക്ക് അടച്ചു. പോലീസും ബോംബ് സ്ക്വാഡും പ്രദേശത്ത് തെരച്ചില്‍ നടത്തിവരികയാണ്. ഇതുവരെ സ്ഫോടക വസ്തുകള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.ബോംബ് ഭീഷണി വ്യാജമാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഫിറോസാബാദില്‍ നിന്നാണ് ഫോണ്‍സന്ദേശം വന്നതെന്നും വിളിച്ചയാളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു.

തുറക്കാന്‍ സാധിച്ചില്ല;തമിഴ്‌നാട്ടിൽ എ ടി എം മെഷീനുമായി കടന്നുകളഞ്ഞ് മോഷ്ടാക്കള്‍

keralanews unable to open thieves flee away with atm after uprooting it

ചെന്നൈ: തമിഴ്‌നാട്ടില്‍ എടിഎം മെഷീൻ തുറന്ന് കവര്‍ച്ച നടത്താന്‍ സാധിക്കാതെ വന്നതോടെ മെഷീനുമായി കടന്നുകളഞ്ഞ് മോഷ്ടാക്കള്‍. ഇടപാടുകള്‍ക്കായി എടിഎമ്മില്‍ എത്തിയവരാണ് വാതില്‍ തകര്‍ന്ന നിലയില്‍ കണ്ടത്. എടിഎം മെഷീന്‍ കാണാതായതോടെ ഇടപാടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.തിരുപ്പൂരിലെ ബാങ്ക് ഓഫ് ബറോഡയുടെ എടിഎമ്മിലാണ് കവര്‍ച്ച നടന്നത്. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. നാലുപേര്‍ ചേര്‍ന്നാണ് എടിഎം മെഷീനുമായി കടന്നുകളഞ്ഞത്. മാസ്‌ക് ധരിച്ച്‌ എത്തിയവരാണ് കവര്‍ച്ച നടത്തിയത്.എടിഎമ്മിന്റെ ഗേറ്റില്‍ മോഷ്ടാക്കള്‍ വാഹനം നിര്‍ത്തിയിരുന്നു. ഇതില്‍ കയറിട്ട് കെട്ടിയാണ് എടിഎം മെഷീന്‍ കൊണ്ടുപോയത്. ഫെബ്രുവരി 19ന് എടിഎമ്മില്‍ 15 ലക്ഷം രൂപ നിറച്ചതായി ബാങ്ക് അധികൃതര്‍ പറയുന്നു. ഞായറാഴ്ചയോടെ ഇത് ഒന്നരലക്ഷമായി ചുരുങ്ങിയതായി കണക്കുകള്‍ വ്യക്തമാക്കുന്നതായി ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി എടിഎമ്മില്‍ സെക്യൂരിറ്റി ജീവനക്കാരനെ നിര്‍ത്തിയിരുന്നില്ല. ബാങ്കിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എക്‌സൈസ് തീരുവ കുറയ്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ഇന്ധന വില കുറഞ്ഞേക്കും

keralanews central govt plans to reduce excise duty fuel prices may fall

ന്യൂഡൽഹി: പെട്രോൾ-ഡീസൽ വിലകൾ റെക്കോർഡ് ഉയരത്തിലെത്തിയതോടെ എക്‌സൈസ് തീരുവ കുറയ്ക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതിയിൽ കുറവ് വരുത്താനാണ് ധനമന്ത്രാലയം ആലോചിക്കുന്നത്. ചില സംസ്ഥാനങ്ങളുമായി കേന്ദ്രം ഇക്കാര്യത്തിൽ കൂടിയാലോചന നടത്തിയതായും ധനകാര്യ മാധ്യമമായ മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.സംസ്‌കൃത എണ്ണയുടെ വില കഴിഞ്ഞ പത്തു മാസമായി ഇരട്ടിയായതാണ് ഇന്ധന വില വർദ്ധനവിന് കാരണം. ചില്ലറ മേഖലയിൽ വിൽക്കുന്ന പെട്രോളിനും ഡീസലിനും അറുപത് ശതമാനത്തിലേറെ നികുതിയാണ് ചുമത്തുന്നത്. 12 മാസത്തിനിടെ മാത്രം രണ്ടു തവണയാണ് കേന്ദ്രസർക്കാർ ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ വർധിപ്പിച്ചിരുന്നത്.ചില സംസ്ഥാനങ്ങൾ, എണ്ണക്കമ്പനികൾ, എണ്ണ മന്ത്രാലയം എന്നിവയുമായി ധനമന്ത്രാലയം കൂടിയാലോചനകൾ ആരംഭിച്ചിട്ടുണ്ട്. മാർച്ച് മധ്യത്തോടെ നികുതിയിളവ് പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. എന്നാൽ ഇന്ധനത്തിന്റെ നികുതി ഘടനയിൽ മാറ്റമുണ്ടാകില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.തുടർച്ചയായ ഇന്ധന വില വർധനയ്‌ക്കെതിരെ ശക്തമായ ജനരോഷമാണ് രാജ്യത്തുയരുന്നത്.2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്ന വേളയില്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ 9.48 രൂപയായിരുന്നു. ഡീസലിന് 3.56 രൂപയും. എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് മാത്രം പെട്രോള്‍ നികുതി 32.98 രൂപയിലേക്ക് കുതിച്ചു കയറി. ഡീസല്‍ 31.83 രൂപയും. രാജ്യത്തിന്റെ പലയിടങ്ങളിലും പെട്രോള്‍ വില നൂറു കടന്നിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

keralanews prime minister narendra modi received covid vaccine

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു.ഡല്‍ഹി എയിംസില്‍ നിന്നാണ് മോദി വാക്‌സിന്റെ ആദ്യ ഡോസ് എടുത്തത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിനാണ് മോദി സ്വീകരിച്ചതെന്ന് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയുടെ ട്വീറ്റില്‍ പറയുന്നു.പുതുച്ചേരിയില്‍ നിന്നുള്ള സിസ്റ്റര്‍ പി. നിവേദയാണ് മോദിക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തത്. അര്‍ഹരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് വാക്‌സിനെടുത്തതിന് പിന്നാലെ മോദി പറഞ്ഞു.രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്സിന്‍ സ്വീകരിച്ചത്.അതേസമയം കോവിഡ് വാക്സിനേഷന്‍ രണ്ടാം ഘട്ടം ഇന്ന് മുതല്‍ ആരംഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കാണ്‌ രണ്ടാംഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കുമാണ് വാക്സിന്‍ നല്‍കുന്നത്.

രണ്ടാംഘട്ട കോവിഡ് വാക്സിനേഷന്‍ ഇന്ന് മുതൽ;വാക്‌സിൻ നൽകുക 60 വയസ്സിന് മുകളിലുള്ളവർക്ക്

keralanews second phase covid vaccination start today vaccination for people above 60years of age

ന്യൂഡൽഹി: രണ്ടാംഘട്ട കോവിഡ് വാക്സിനേഷന്‍ ഇന്ന് മുതൽ.60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്.കോവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാം.പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഫോട്ടോ ഐഡി കാര്‍ഡിലെ വിവരങ്ങള്‍ നല്‍കണം. രജിസ്ട്രേഷന്‍ സമയത്ത് കോവിഡ് വാക്സിനേഷന്‍ സെന്‍ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമാകുന്ന തീയതിയും കാണും. അതനുസരിച്ച് സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി ബുക്ക് ചെയ്യാം. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് നാല് ഗുണഭോക്താക്കളുടെ രജിസ്ട്രേഷന്‍ നടത്താം. ഓരോ ഗുണഭോക്താവിന്‍റേയും ഐഡി കാര്‍ഡ് നമ്പര്‍ വ്യത്യസ്തമായിരിക്കണം. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ രണ്ടാം ഡോസിനുള്ള തീയതിയും ലഭിക്കും.വാക്സിനെടുക്കാനായി പോകുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. 10,000 സർക്കാർ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ കേന്ദ്രങ്ങളിലുമായാണ് വാക്സിനേഷന്‍ നടക്കുക. സർക്കാർ ആശുപത്രികളിൽ വാക്‌സിൻ സൗജന്യമായി നൽകും. സ്വകാര്യ ആശുപത്രികൾ ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കും.

രോഗികള്‍ക്ക് ന്യുമോണിയയും ശ്വാസകോശത്തില്‍ വെളുത്ത പാടുകളും;കോറോണയുടെ പുതിയ ലക്ഷണങ്ങൾ ഇങ്ങനെ

keralanews patients with pneumonia and white spots on the lungs new symptoms of corona

മുംബൈ:കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതോടെ പുതിയ രോഗലക്ഷണങ്ങളെക്കുറിച്ച്‌ വിവരം നല്‍കി ഡോക്ടര്‍മാര്‍. കോവിഡ് രോഗികളില്‍ കൂടുതല്‍ പേരും ന്യുമോണിയയുമായാണ് ആശുപത്രിയില്‍ എത്തുന്നത്. ഇവരുടെ എക്‌സ്-റേകള്‍ പരിശോധിക്കുമ്പോൾ ശ്വാസകോശത്തില്‍ വെളുത്ത പാടുകള്‍ കാണുന്നതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശ്വാസകോശത്തിലെ വെളുത്ത പാടുകളുടെ പ്രധാന കാരണം ചികിത്സയുടെ കാലതാമസമാണെന്നും ഇവര്‍ പറയുന്നു. വൈറസുകളില്‍ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും രോഗികളുടെ റിപ്പോര്‍ട്ടുകളിലെ പുതിയ ലക്ഷണങ്ങളുടെ കാരണമിതാണെന്നുമാണ് മറ്റ് ചിലരുടെ അഭിപ്രായമെന്നും ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.മഹാമാരി ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്ന അവയവം ശ്വാസകോശമാണ്. കൊറോണ വൈറസ് ശ്വാസകോശ തകരാറിനും പിന്നീട് ചില കേസുകളില്‍ മാത്രം മരണത്തിനും കാരണമാകുന്നതായും ചില റിപ്പോര്‍ട്ടുകളുണ്ട്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊവിഡ് -19 രോഗികളുടെ എക്‌സ്-റേകളില്‍ അസാധാരണതകള്‍ കണ്ടെത്തിയതായി കോഹിനൂര്‍ ആശുപത്രിയിലെ ചെസ്റ്റ് ഫിസീഷ്യന്‍ ഡോ. രാജരതന്‍ സദവര്‍ട്ടെ പറഞ്ഞു. കൊറോണയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികള്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഉടന്‍ ഡോക്ടറെ സമീപിക്കണമെന്നും അദ്ദേഹം അറിയിച്ചു.സുരക്ഷിതമായി തുടരാന്‍ ആളുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡോക്ടര്‍ പറയുന്നു. നേരത്തേ രോഗനിര്‍ണയം നടത്തിയില്ലെങ്കില്‍ ശ്വാസകോശത്തിന് സാരമായ കേടുപാടുകള്‍ സംഭവിക്കുമെന്നും രോഗികളെ രക്ഷിക്കുക എന്നത് ഡോക്ടര്‍മാര്‍ക്ക് വെല്ലുവിളിയായി തീരുമെന്നും അദ്ദേഹം പറഞ്ഞു.രോഗികളുടെ റിപ്പോര്‍ട്ടുകളില്‍ അസാധാരണത്വം കാണുന്നുണ്ടെന്നും നേരത്തെ കൊറോണ രോഗികള്‍ക്ക് 6 മുതല്‍ 7 ദിവസത്തിനുള്ളില്‍ ന്യുമോണിയ വരാമെങ്കില്‍ ഇപ്പോള്‍ രണ്ട് ദിവസത്തിനുള്ളില്‍ ന്യുമോണിയ പിടിപെടുന്നതായി പകര്‍ച്ചവ്യാധി വിദഗ്ധനും കൊവിഡ് -19 ടാസ്‌ക് ഫോഴ്സ് അംഗവുമായ ഡോ. ഓം ശ്രീവാസ്തവ പറഞ്ഞു. ന്യുമോണിയ ബാധിക്കുന്ന പ്രായം കുറഞ്ഞ രോഗികളുടെ എണ്ണത്തില്‍ മഹാമാരിയുടെ ആദ്യ ഘട്ടത്തേക്കാള്‍ വര്‍ധനവുണ്ടായതായി നാനാവതി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ റേഡിയോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. നമിഷ് കാമത്ത് പറയുന്നു.

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചു;കേരളത്തില്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്

keralanews assembly election dates have been announced for five states including kerala elections in kerala on april 6

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചു. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്.അസമിലും പശ്ചിമ ബംഗാളിലും ഘട്ടം ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക.കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ സുനില്‍ അറോറ അറിയിച്ചു. മെയ് രണ്ടിന് വോട്ടെണ്ണല്‍ നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച്‌ 12നിറങ്ങും. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച്‌ 20ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച്‌ 22 ആണ്. മലപ്പുറം ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് നടക്കും.തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 6ന് നടക്കും. 12 മാര്‍ച്ച്‌ 12ന് വിജ്ഞാപനം പുറത്തിറങ്ങും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി 19 മാര്‍ച്ച്‌. കന്യാകുമാരി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒഴിവുള്ള സീറ്റുകളിലും ഏപ്രില്‍ 6ന് തിരഞ്ഞെടുപ്പ് നടക്കും. പുതുച്ചേരിയില്‍ 30 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 6ന് നടക്കും.മാര്‍ച്ച്‌ 12ന് വിജ്ഞാപനം പുറത്തിറങ്ങും.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച്‌ 19. പശ്ചിമ ബംഗാളില്‍ 294 സീറ്റുകളിലേക്ക് എട്ട് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച്‌ 27, ഏപ്രില്‍ 1, ഏപ്രില്‍ 6, ഏപ്രില്‍ 10, ഏപ്രില്‍ 17, ഏപ്രില്‍ 22, ഏപ്രില്‍ 26, ഏപ്രില്‍ 29 എന്നീ തിയതികളിലാവും തിരഞ്ഞെടുപ്പ്.

കേരളം ഉൾപ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ്​ തീയതി ഇന്ന്​ പ്രഖ്യാപിക്കും

keralanews dates of assembly elections in five states including kerala will be announced today

ന്യൂഡൽഹി:കേരളം ഉൾപ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താസമ്മേളനം 4.30ന് നടക്കും.നേരത്തെ മാര്‍ച്ച്‌ ഏഴിന് തീയതി പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേരളം, തമിഴ്നാട്,ബംഗാൾ, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതിയാണ് ഇന്ന് പ്രഖ്യാപിക്കുക.കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലും ഒന്നിലധികം ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യം കമ്മീഷന്‍റെ പരിഗണനയിലാണ്. നിയമസഭ തെരഞ്ഞെടുപ്പ് തീയതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ 24ന് യോഗം ചേര്‍ന്നിരുന്നു. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിളിച്ച യോഗത്തില്‍ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും, അഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍മാരും പങ്കെടുത്തിരുന്നു. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം, വോട്ടിംഗ് മെഷീനുകളുടെ വിതരണം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപനം എന്നിവ ഉൾപ്പെടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർ നൽകിയ റിപ്പോർട്ടുകൾ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുക.റമദാനും വിഷുവും പരിഗണിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിക്ക് മുൻപ് നടത്തണമെന്നാണ് ഇടത് മുന്നണി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ആവശ്യപ്പെട്ടത്. കൊട്ടിക്കലാശം പൂർണമായും ഒഴിവാക്കരുത്. പോസ്റ്റൽ വോട്ട് ലിസ്റ്റ് സ്ഥാനാർഥികൾക്ക് കൂടി ലഭ്യമാക്കണം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അക്ഷയ കേന്ദ്രങ്ങൾ തുക ചുമത്തുന്നത് ഒഴിവാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.ഏപ്രിൽ 8നും 12നുമിടയിൽ തെരഞ്ഞെടുപ്പ് വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. പോളിങ് സമയം ദീർഘിപ്പിക്കരുതെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് മേയ് മാസത്തിൽ മതിയെന്നായിരുന്നു ബി.ജെ.പിയുടെ നിലപാട്.