ന്യൂഡൽഹി: രാജ്യത്ത് ഏപ്രില്‍ 1 മുതല്‍ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും.മറ്റ് ബാങ്കുകളുമായി ലയിച്ച ആന്ധ്ര ബാങ്ക്, ദേനാ ബാങ്ക്, വിജയ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയാണിവ.ഈ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ ഉടന്‍ തന്നെ പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കണം.ഒപ്പം മാറിയ ഐഎസ്‌എഫ്‌ഇ കോഡും ചോദിച്ചറിയണം. 2019 ഏപ്രില്‍ ഒന്നിനാണ് ഈ ബാങ്കുകള്‍ മറ്റ് ബാങ്കുകളുമായി ലയിച്ചത്. ലയനം ഈ മാര്‍ച്ച് 31 ഓടെ സാധുവാകുന്നതോടെ ഇനി പഴയ ബാങ്കുകള്‍ ഉണ്ടായിരിക്കില്ല.ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായാണ് ലയിച്ചത്. അതെ സമയം ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കുമായി ലയിച്ചു. ആന്ധ്ര ബാങ്കിന്റെയും കോര്‍പറേഷന്‍ ബാങ്കിന്റെയും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പുതിയ ഐഎഫ്‌എസ്‌ഇ കോഡ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും അറിയാനാവും. അല്ലെങ്കില്‍ 18002082244, 18004251515,18004253555 എന്നീ നമ്പറുകളിലോ ബന്ധപ്പെട്ടാലും വിശദ വിവരങ്ങള്‍ അറിയാം .
കേരളമുള്‍പ്പെടെയുള്ള മൂന്നു സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്‌ഡ്;അഞ്ചുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: കേരളം, കര്‍ണാടക , ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ പത്ത് ഇടങ്ങളില്‍ തിങ്കളാഴ്ച ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) പരിശോധന നടത്തി. ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി(ഐഎസ്) ബന്ധമുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്.സമൂഹമാധ്യമങ്ങള്‍ വഴി മുസ്ലിം യുവാക്കളെ സ്വാധീനിച്ച് റിക്രൂട്ട് ചെയ്ത് ഓണ്‍ലൈന്‍ പരിശീലനം നല്‍കി പ്രാദേശികമായി ആക്രമണങ്ങള്‍ നടത്താന്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നതായും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 48 മണിക്കൂര്‍ മുന്‍പ് ഇതുമായി ബന്ധപ്പെട്ട കേസ് എന്‍ഐഎ രജിസ്റ്റര്‍ ചെയ്തുവെന്ന് ദേശീയ മാധ്യമമായ ‘ഇന്ത്യ ടുഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നു.ഏറെ നാളുകളായി ആറോ ഏഴോ പേര്‍ അടങ്ങുന്ന ഈ സംഘത്തെ ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റെയ്ഡില്‍ അഞ്ചുപേര്‍ പിടിയിലായതായി ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങൾക്ക് ഇന്ന് തുടക്കം
ന്യൂഡൽഹി:നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങൾക്ക് ഇന്ന് മുതൽ തുടക്കം.കര്‍ഷകവിരുദ്ധ നിയമങ്ങള്‍ സ്വീകരിക്കുന്ന ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് നേരിട്ട് അഭ്യര്‍ത്ഥിക്കാനാണ് കര്‍ഷകരുടെ തീരുമാനം. ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന ബംഗാളിലെ നന്ദിഗ്രാമില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് റാലി നടത്തും.നാളെ കൊല്‍ക്കത്തയിലും മറ്റന്നാള്‍ സിംഗൂരിലും അസന്‍സോളിലും കര്‍ഷക സംഘടനകള്‍ വിവിധ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തു. തുടര്‍ന്ന് കേരളം, പുതുച്ചേരി, അസം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെത്തി പ്രചാരണ പരിപാടികള്‍ നടത്തും. ബിജെപിയെ തോല്‍പ്പിക്കണമെന്നു മാത്രമേ ജനങ്ങളോട് അഭ്യര്‍ഥിക്കുകയുള്ളൂവെന്നും ഏതെങ്കിലും പ്രതിപക്ഷ പാര്‍ട്ടിക്കായി വോട്ട് ചോദിക്കില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.അതേസമയം ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം ഇന്ന് 107ാം ദിവസത്തിലേക്ക് കടന്നു.മാര്‍ച്ച് 26ന് കര്‍ഷകര്‍ ഭാരത് ബന്ദ് ആഹ്വാനം ചെയ്തിരിക്കുകയാണ്. നവംബര്‍ 26 ന് ഡല്‍ഹി അതിര്‍ത്തിയില്‍ ആരംഭിച്ച പ്രതിഷേധം മാര്‍ച്ച് 26ന് നാലുമാസം പൂര്‍ത്തിയാകും. ജനുവരി 26 ന് പ്രതിഷേധം രണ്ടുമാസം പൂര്‍ത്തിയായപ്പോള്‍ കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തിയിരുന്നു. ഈ മാസം 15ന് കര്‍ഷകര്‍ “കോര്‍പറേറ്റ് വിരുദ്ധ ദിനം”, “സര്‍ക്കാര്‍ വിരുദ്ധ ദിനം” എന്നിവ ആചരിക്കാനും തീരുമാനിച്ചു.ഭഗത് സിങ്ങിന്റെ രക്തസാക്ഷി ദിനമായ മാര്‍ച്ച് 23 ന് ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷകരുടെ പ്രതിഷേധത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ പങ്കുചേരും. 28 ന് കര്‍ഷക വിരുദ്ധ നിയമങ്ങള്‍ കത്തിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.
കര്‍ഷക സമരം;മാര്‍ച്ച് 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ മാര്‍ച്ച് 26 ന് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഭാരത് ബന്ദ് ആസൂത്രണം ചെയ്യുന്നതിനായി ട്രേഡ് യൂണിയനുകളും മറ്റ് ബഹുജന സംഘടനകളുമായി കൂടിയാലോചന നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.മാർച്ച് 28ന് കർഷക വിരുദ്ധ നിയമങ്ങൾ കത്തിക്കുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.നവംബര്‍ 26 ന് ആരംഭിച്ച ഡല്‍ഹി അതിര്‍ത്തിയില്‍ ആരംഭിച്ച പ്രതിഷേധം മാര്‍ച്ച് 26ന് നാലുമാസം പൂര്‍ത്തിയാകും. ജനുവരി 26 ന് പ്രതിഷേധം രണ്ടുമാസം പൂര്‍ത്തിയായപ്പോള്‍ കര്‍ഷകര്‍ ഒരു ട്രാക്ടര്‍ റാലി നടത്തിയിരുന്നു. കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തിന്റെ അടിത്തറ വിശാലമാക്കാനുള്ള കര്‍ഷകരുടെ പദ്ധതിയുടെ ഭാഗമാണ് ട്രേഡ് യൂണിയനുകളുമായും മറ്റ് ബഹുജന സംഘടനകളുമായും ഉള്ള സഹകരണം. കര്‍ഷക സമരം 100 ദിവസം പിന്നിടുന്ന മാർച്ച് 15ന് കോർപറേറ്റ് വിരുദ്ധ ദിനമായി ആചരിക്കും. ഭഗത് സിങ് രക്തസാക്ഷി ദിനമായ മാർച്ച് 23ന് ഡൽഹി അതിർത്തികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കള്‍ അണിനിരക്കും.
പെട്രോളും ഡീസലും ജിഎസ്ടിക്ക് കീഴിൽ കൊണ്ടുവരാന്‍ ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് കേന്ദ്ര ധനകാര്യവകുപ്പ് സഹമന്ത്രി
ന്യൂഡല്‍ഹി: പെട്രോളും ഡീസലും ഉള്‍പ്പെടുന്ന ഇന്ധനങ്ങളെ നിലവിലെ ടാക്സ് സമ്പ്രദായത്തിൽ നിന്നും ജിഎസ്ടിയിലേക്ക് കൊണ്ടുവരാന്‍ ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് ധനകാര്യവകുപ്പ് സഹമന്ത്രി അനുരാഗ് താക്കൂര്‍. രാജ്യസഭയില്‍ ഒരു അംഗത്തിന്റെ എഴുതിത്തയ്യാറാക്കിയ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.പെട്രോള്‍, ഡീസല്‍ എന്നിവ ജിഎസ്ടിയിലേക്ക് കൊണ്ടുവരുന്നത് വളരെ അത്യാവശ്യമാണ്.സിജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 9 (2) അനുസരിച്ച് ജിഎസ്ടിയില്‍ ഈ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്താന്‍ ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശ ആവശ്യമാണ്.പക്ഷേ, അത്തരമൊരു പരാമര്‍ശം ഇതുവരെ ജിഎസ്ടി കൗണ്‍സിലില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.രാജ്യസഭാ അംഗങ്ങളായ ബിജെപിയിലെ ഉദയന്‍രാജെ ഭോന്‍സ്ലെ, എസ് പിയിലെ വിശ്വംഭര്‍ പ്രസാദ് നിഷാദ് കോണ്‍ഗ്രസ്സിലെ സുഖ്‌റാം സിങ് യാദവ് തുടങ്ങിയവരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ മറുപടി.
കൊല്‍ക്കത്തയില്‍ റെയില്‍വെ കെട്ടിടത്തില്‍ വൻ തീപിടിത്തം; 9 മരണം
കൊല്‍ക്കത്ത:പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ റെയില്‍വേയുടെ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ ഒമ്പതു പേര്‍ മരിച്ചു. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സ്ട്രാന്‍ഡ് റോഡിലെ ന്യൂ കൊയ്‌ലാഘട്ട് ബില്‍ഡിംഗിലാണ് തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് വന്‍ തീപ്പിടിത്തമുണ്ടായത്. നാല് അഗ്നിശമന സേനാംഗങ്ങൾ, രണ്ട് ആർ.പി.എഫ് ജവാൻമാർ, കൊൽക്കത്ത പൊലീസ് എ.എസ്.ഐ എന്നിവരടക്കം 9 പേരാണ് തീപ്പിടിത്തത്തില്‍ മരിച്ചതെന്ന് പശ്ചിമബംഗാള്‍ മന്ത്രി സുജിത് ബോസ് അറിയിച്ചു.കെട്ടിടത്തിന്‍റെ 13-ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഈസ്‌റ്റേണ്‍ റെയില്‍വേയും സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയും സംയുക്തമായി ഉപയോഗിക്കുന്ന ഓഫീസ് കെട്ടിടമാണ് ഇത്.കൊല്‍ക്കത്ത കമ്മീഷണര്‍ സുമന്‍ മിത്ര, മന്ത്രി സുജിത് ബോസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവം ഞെട്ടലുളവാക്കുന്നതാണെന്നും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും കുടുംബത്തിലെ ഒരംഗത്തിന് സര്‍കാര്‍ ജോലി നല്‍കുമെന്നും മമത വ്യക്തമാക്കി. പ്രധാനമന്ത്രിയും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.
അംബാനിയുടെ വസതിക്കു മുൻപിൽ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം എന്‍ഐഎയ്ക്ക്
മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വീടിനു മുന്നില്‍ സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ ഉപേക്ഷിച്ച സംഭവത്തിന്റെ അന്വേഷണം എന്‍ഐഎയ്ക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.മുംബൈയിലെ കാര്‍മിച്ചെല്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന മഹീന്ദ്ര സ്‌കോര്‍പ്പിയൊയില്‍ നിന്നാണ് സ്‌ഫോടനവസ്തുക്കള്‍ കണ്ടെത്തിയത്. സംഭവത്തിൽ ഗംദേവി പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ 35/2020 കേസ് അന്വേഷിക്കന്‍ ആഭ്യന്തര മന്ത്രാലയം എന്‍ഐഎയോട് ഉത്തരവിട്ടു.അതേസയമം വാഹനത്തിന്റെ ഉടമ മന്‍സുഖ് ഹിരണ്‍ ആത്മഹത്യ ചെയ്ത കേസ് തങ്ങള്‍ക്കുതന്നെയായിരിക്കുമെന്ന് മഹാരാഷ്ട്ര ആന്റി ടെററിസം സ്‌കാഡ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷം മുകേഷ് അംബാനിയുടെ 27 നിലകളുള്ള ആന്റിലിയയില്‍ നിന്ന് 1.4 കിലോമീറ്റര്‍ അകലെ നിന്നാണ് കറുത്ത എസ്‌യുവി വാന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തിയപ്പോഴാണ് 20 ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്.മംബ്രയിലെ റെട്ടിബുന്‍ഡൂരിലെ ഒരു ഓവുചാലിനരികെ അജ്ഞാതനായ ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്ന് കഴിഞ്ഞ ആഴ്ച മഹാരാഷ്ട്ര പോലിസ് അറിയിച്ചിരുന്നു. മരിച്ചത് കാറിന്റെ ഉടമ മന്‍സുഖ് ഹിരണ്‍ ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. താനെ സ്വദേശിയായ ഹിരണ്‍ന്റെ കാറാണ് മുകേഷ് അംബാനിയുടെ വസതിയായ ആന്‍ഡിലയ്ക്ക് മുന്നില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഹിരണ്‍ന്റെ മരണം ആത്മഹത്യയാണെന്നാണ് കരുതുന്നത്. കാറില്‍ നിന്ന് മുകേഷ് അംബാനിയെയും ഭാര്യയെയും വധിക്കുമെന്ന് മോശം ഇംഗ്ലീഷില്‍ എഴുതിയ ഒരു ഭീഷണിക്കത്തും പോലിസ് കണ്ടെടുത്തു. വീടിനരികെ കാറ് നിര്‍ത്തിയിടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കാറുമായി എത്തിയ ആള്‍ മാസ്‌ക് ധരിച്ചിരിക്കുന്നതിനാല്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അംബാനിയുടെ വീടിനരികെ സുരക്ഷാസൈനികരെ വിന്യസിപ്പിച്ചിട്ടുണ്ട്. ഉടമയുടെ കയ്യില്‍ നിന്ന് മോഷ്ടിക്കപ്പെട്ട കാറില്‍ മറ്റാരോ സ്‌ഫോടകവസ്ത്തുകള്‍ നിറച്ച് ഉപേക്ഷിച്ചതാണെന്നാണ് ലഭ്യമായ വിവരം.
വനിതാ ദിനത്തില്‍ ഡൽഹിയിലെ കര്‍ഷക സമരം സ്ത്രീകള്‍ നിയന്ത്രിക്കും
ന്യൂഡൽഹി:വനിതാ ദിനമായ ഇന്ന് ഡൽഹിയിലെ കര്‍ഷക സമര കേന്ദ്രങ്ങളുടെ നിയന്ത്രണം സ്ത്രീകള്‍ ഏറ്റെടുക്കും.മഹിളാ കിസാന്‍ ദിവസ് എന്ന പേരിലാണ് വനിതാ ദിനം കര്‍ഷക സംഘടനകള്‍ ആചാരിക്കുന്നത്.ഡല്‍ഹി അതിര്‍ത്തിയിലെ സമരവേദികളുടെ നിയന്ത്രണം ഇന്ന് പൂര്‍ണമായും വനിതകള്‍ക്കായിരിക്കും. ഡല്‍ഹി അതിര്‍ത്തികളിലും രാജ്യത്തെ മറ്റിടങ്ങളിലുമായി 40,000ത്തോളം വനിതകള്‍ പ്രതിഷേധത്തില്‍ പങ്കുചേരും. കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധം അറിയിക്കാന്‍ പഞ്ചാബില്‍ നിന്ന് കൂടുതല്‍ വനിതകള്‍ ഇന്ന് സമരപ്പന്തലില്‍ അണിനിരക്കും.സിംഗു, തിക്രി, ഷാജഹാന്‍പുര്‍ എന്നീ സമരപ്പന്തലുകളില്‍ വനിത ദിനത്തോടനുബന്ധിച്ച് പ്രത്യക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.സിംഗുവില്‍ രാവിലെ പത്ത് മണിക്കാണ് മഹിള മഹാപഞ്ചായത്ത് ആരംഭിക്കുക. കെ എഫ് സി ചൗകില്‍ നിന്ന് സിംഗു അതിര്‍ത്തിയിലേക്ക് വനിതകളുടെ മാര്‍ച്ചും നടക്കും.
അതേസമയം പന്ത്രണ്ടാം തിയതി മുതല്‍ ബിജെപിക്കെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി കര്‍ഷക നേതാക്കള്‍ തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളില്‍ പര്യടനം നടത്തും. പ്രതിഷേധ പരിപാടികള്‍ സജീവമാക്കുന്നതിന് ഈ ശനിയാഴ്ച്ച രാജ്യവ്യാപക ട്രെയിന്‍ തടയാന്‍ സംയുക്ത കിസാന്‍ മോര്‍ച തീരുമാനിച്ചു. വിവിധ ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെയാകും ഉപരോധം.സമരഭൂമികള്‍ ഒക്ടോബര്‍ വരെ സജീവമാക്കാനായി ഒരു ഗ്രാമത്തില്‍ നിന്ന് ഒരു ട്രാക്ടര്‍, പതിനഞ്ച് കര്‍ഷകര്‍, പത്തു ദിവസം സമരഭൂമിയിലെന്ന തീരുമാനം നടപ്പാക്കും. ഇത് സംബന്ധിച്ച് കര്‍ഷകര്‍ക്ക് മഹാപഞ്ചായത്തുകള്‍ വഴി നിര്‍ദേശം നല്‍കിയെന്ന് കര്‍ഷകനേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു.
കർഷക സമരം നൂറാം ദിവസത്തിലേക്ക്; പ്രതിഷേധക്കാര്‍ രാജ്യവ്യാപകമായി കരിദിനം ആചരിക്കുന്നു
ന്യൂഡൽഹി:കേന്ദ്ര സര്‍കാരിന്റെ വിവാദ കാര്‍ഷികനിയമത്തില്‍ പ്രതിഷേധിച്ച് കർഷകർ നടത്തിവരുന്ന സമരം നൂറാം ദിവസത്തിലേക്ക്.100ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷകസംഘടനകളുടെ തീരുമാനം. സമരത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി കര്‍ഷകര്‍ കരിദിനം ആചരിക്കും. ഡെല്‍ഹി അതിര്‍ത്തിയോട് ചേര്‍ന്നുള്ള കെഎംപി എക്സ്പ്രസ് പാത കര്‍ഷകര്‍ ഉപരോധിക്കും.രാവിലെ 11 മുതല്‍ അഞ്ച് മണിക്കൂര്‍ വാഹനങ്ങള്‍ തടയും.ടോള്‍ പ്ലാസകളില്‍ ടോള്‍ പിരിക്കുന്നതും തടയും. വീടുകളിലും ഓഫീസുകളിലും കറുത്ത പതാക നാട്ടാനും സംയുക്ത കിസാന്‍ മോര്‍ച്ച നിര്‍ദേശം നല്‍കി. മാര്‍ച് എട്ടിന് സമരകേന്ദ്രങ്ങളുടെ നിയന്ത്രണം സ്ത്രീകളെ ഏല്‍പ്പിക്കും.കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ആരംഭിച്ച സമരം നവംബര്‍ 27നാണ് ഡെല്‍ഹി അതിര്‍ത്തികളില്‍ എത്തിയത്.ജനുവരി 26 ന് ശേഷം കര്‍ഷകരുമായി സര്‍കാര്‍ ഇതുവരെ ചര്‍ച്ചയ്ക്ക് തയാറായിട്ടില്ല. നിയമം പിന്‍വലിക്കും വരെ സമരം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.അതിശൈത്യത്തില്‍ സമര പന്തലില്‍ 108 കർഷകർ മരിച്ചതായി സംയുക്ത കിസാന്‍ മോർച്ച അറിയിച്ചു.അതിശൈത്യത്തെ അതിജീവിച്ച് ഡല്‍ഹി അതിർത്തികളില്‍ സമരം തുടരുന്ന കർഷകർ വരാനിരിക്കുന്ന കൊടും ചൂടിനെ മറികടക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അതിർത്തിയില്‍ നൂറോളം ബോർവെല്ലുകള്‍ കുത്തി. 40,00 കൂളറുകള്‍ ടെന്‍റുകളില്‍ ക്രമീകരിച്ചു, സോളാർ പാനലുകളും സ്ഥാപിച്ചു.കർഷക സമരത്തില്‍ നിന്നും നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് രാജ്യത്തിന്‍റെ ശ്രദ്ധ തിരിയുമ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കെതിരെ പ്രതിഷേധം ഉയർത്താനാണ് സംയുക്ത കിസാന്‍ മോർച്ചയുടെ തീരുമാനം.
കോവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ഫോട്ടോ ഒഴിവാക്കണമെന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ
ന്യൂഡൽഹി:കോവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ഫോട്ടോ ഒഴിവാക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചിത്രം നീക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. ഇതുപ്രകാരം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്ന കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കംചെയ്യും. മോദിയുടെ ചിത്രം പതിച്ച സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് തൃണമൂല്‍ എംപി ഡറിക് ഒബ്രിയാന്‍ വിമര്‍ശിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പരാതിയില്‍ ബംഗാള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ റിപോര്‍ട്ട് തേടിയിരുന്നു. ഇതില്‍ കൊവിഡ് വാക്‌സിന്‍ വിതരണം കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണെന്നായിരുന്നു മറുപടി നല്‍കിയിരുന്നത്. നേരത്തേ പെട്രോള്‍ പമ്പുകളിലെ ഹോര്‍ഡിങുകളില്‍ നിന്നും മോദിയുടെ ചിത്രങ്ങള്‍ അടിയന്തിരമായി നീക്കംചെയ്യാന്‍ ഉത്തരവിട്ടിരുന്നു.