ന്യൂഡൽഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.മനോജ് ബാജ്‌പെ (ബോണ്‍സലെ) ധനുഷ് (അസുരന്‍) എന്നിവരെ മികച്ച നടന്മാരായി തിരഞ്ഞെടുത്തു. പങ്ക, മണികര്‍ണിക സിനിമകളിലെ അഭിനയത്തിന് കങ്കണ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി.വിജയ് സേതുപതിയാണ് സഹനടന്‍. കള്ളനോട്ടം ആണ് മികച്ച മലയാളം സിനിമ. രാഹുല്‍ റിജി നായര്‍ ആണ് ഇതിന്റെ സംവിധായകന്‍.സ്‌പെഷ്യല്‍ എഫക്‌ട്‌സിനുള്ള പുരസ്‌കാരം സിദ്ധാര്‍ഥ് പ്രിയദര്‍ശനും (മരക്കാര്‍: അറബിക്കടലിന്റെ സിംഹം) ഗാനരചനക്കുള്ള പുരസ്‌കാരം പ്രഭാവര്‍മക്കും (കോളാമ്പി) ക്യാമറ- ജെല്ലിക്കെട്ടിന്റെ ഗിരീഷ് ഗംഗാധരനുമാണ്. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിക്ക് പ്രത്യേക പരാമാര്‍ശം ലഭിച്ചു.മികച്ച മേക്കപ്പ് ആര്‍ടിസ്റ്റിനുള്ള പുരസ്കാരം ഹെലന്‍ എന്ന ചിത്രത്തിന് രഞ്ജിത്ത് സ്വന്തമാക്കി. മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തെരഞ്ഞെടുത്തു. കഥേതര വിഭാഗത്തില്‍ മികച്ച കുടുംബമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം ശരണ്‍ വേണുഗോപാലിന്‍റെ ഒരു പാതിരാ സ്വപ്നം പോലെ നേടി.
രാജ്യത്ത് ഏപ്രില്‍ ഒന്നു മുതല്‍ അവശ്യമരുന്നുകൾക്ക് വില കൂടും
ന്യൂഡൽഹി:രാജ്യത്ത് ഏപ്രില്‍ ഒന്നു മുതല്‍ അവശ്യമരുന്നുകൾക്ക് വില കൂടും. തൊള്ളായിരത്തോളം മരുന്നുകള്‍ക്ക് 0.53638 ശതമാനം വിലയാണ് കൂടുക. ഹൃദയധമനികളിലെ തടസ്സം പരിഹരിക്കാനായി ഉപയോഗിക്കുന്ന മരുന്ന് നിറച്ച സ്റ്റെന്റുകള്‍ക്ക് ശരാശരി 165 രൂപയാണ് വര്‍ധിക്കുക. വില വർധിക്കുന്നതോടെ 30647 രൂപ വിലയുള്ള മുന്തിയ ഇനം ബൈപാസ് സ്റ്റെന്റുകളുടെ വില 30,812ല്‍ എത്തും.വിവിധയിനം ഐ.വി. ഫ്‌ളൂയിഡുകള്‍ക്കും വിലകൂടും. മൊത്തവ്യാപാര വിലസൂചികയിലെ വ്യത്യാസത്തിന്റെ ഫലമായാണ് മരുന്നു വില കൂടുന്നത്. ഓരോ രാജ്യത്തെയും സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ജീവന്‍രക്ഷാമരുന്നുകള്‍ നിശ്ചയിക്കുക. ഇന്ത്യയില്‍ ഈ പട്ടികയില്‍ വരുന്ന മരുന്നുകളാണ് ഔഷധവിലനിയന്ത്രണത്തില്‍ വരുക. ഇങ്ങനെ നിയന്ത്രിക്കപ്പെടുന്ന വില എല്ലാവര്‍ഷത്തെയും മൊത്തവ്യാപാര വിലസൂചികയുടെ അടിസ്ഥാനത്തില്‍ പുതുക്കും.കഴിഞ്ഞ മൂന്നുവര്‍ഷമായി വില കൂടുകതന്നെയായിരുന്നു. അതിന് മുൻപ് ഒരു വര്‍ഷം മൊത്തവ്യാപാരവിലസൂചികയില്‍ കുറവുണ്ടാവുകയും മരുന്നുവില കുറയുകയും ചെയ്തിരുന്നു. പുതിയ സൂചിക പ്രകാരം നിലവില്‍ ബെയര്‍ മെറ്റല്‍ സ്റ്റെന്റുകളുടെ വില 8417-ല്‍നിന്ന് 8462 രൂപയായാണ് മാറുക. കഴിഞ്ഞ വര്‍ഷം 1.8846 ശതമാനമായിരുന്നു സൂചിക. അതായത് ഇത്തവണത്തേക്കാള്‍ വര്‍ധിച്ചിരുന്നു.
കളിക്കുന്നതിനിടെ ധാന്യശേഖര സംഭരണിക്കുള്ളില്‍ കുടുങ്ങി അഞ്ച് കുട്ടികള്‍ക്ക് ദാരുണാന്ത്യം
രാജസ്ഥാൻ:കളിക്കുന്നതിനിടെ ധാന്യശേഖര സംഭരണിക്കുള്ളില്‍ കുടുങ്ങി അഞ്ച് കുട്ടികള്‍ക്ക് ദാരുണാന്ത്യം.ബിക്കാനീറിലെ ഹിമ്മതസാര്‍ ഗ്രാമത്തിലാണ് സംഭവം. സേവരാം (4), രവിന (7), രാധ (5), പൂനം (8), മാലി എന്നീ കുട്ടികളാണ് മരിച്ചത്. ശ്യൂന്യമായി കിടന്നിരുന്ന വലിയ ധാന്യശേഖര സംഭരണിയില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ആകസ്മികമായി ഇതിന്‍റെ വാതില്‍ അടയുകയായിരുന്നു. കുട്ടികളെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് അമ്മ നടത്തിയ അന്വേഷണത്തിലാണ് ധാന്യശേഖര സംഭരണിക്കുള്ളില്‍ കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവരെ ആശുപ്രത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു മരണം
മുംബൈ:മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു മരണം.രത്നഗിരിയിലെ ഗാര്‍ദ കെമിക്കല്‍സിലാണ് അപകടമുണ്ടായത്. ബോയ്‌ലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.അപകടത്തെ തുടർന്ന് ഫാക്ടറിക്കകത്ത് കുടുങ്ങിക്കിടന്ന അമ്പതോളം പേരെ രക്ഷാപ്രവര്‍ത്തകരാണ് പുറത്തെത്തിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ മുംബൈയിലെ ആശുപത്രിയിലേക്കാണ് മാറ്റിയത്.ഇന്ന് രാവിലെ ഒന്‍പതോടു കൂടി രണ്ട് സ്ഫോടനങ്ങളാണ് ഫാക്ടറിയിലുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീ നിയന്ത്രണവിധേയമാക്കിയതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.
ശതാബ്ദി എക്സ്പ്രസില്‍ വൻ തീപിടിത്തം; ആളപായമില്ല
ഗാസിയാബാദ്:ശതാബ്ദി എക്സ്പ്രസില്‍ വൻ തീപിടിത്തം.ഡല്‍ഹി ഗാസിയാബാദ് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് ശതാബ്ദി എക്സ്പ്രസിന്‍റെ ജനറേറ്റര്‍ കാറിൽ തീപിടുത്തമുണ്ടായത്. ശനിയാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു തീപിടിത്തം.ജനറേറ്ററും ലഗേജും സൂക്ഷിക്കുന്ന അവസാന കോച്ചിലായിരുന്നു തീപിടിച്ചത്. തുടര്‍ന്ന് ബോഗി വേർപെടുത്തി തീയണച്ചു. തീ പടര്‍ന്നതോടെ കോച്ചിന്‍റെ വാതിലുകള്‍ തുറക്കാന്‍ സാധിക്കാതായതോടെ വാതിലുകള്‍ തകര്‍ത്തു.ആറു ഫയര്‍ ഫോഴ്സ് വാഹനങ്ങളെത്തിയാണ് തീയണച്ചത്. മറ്റു അപകടങ്ങളില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
വീണ്ടും കോവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടക;അതിര്‍ത്തി കടന്നുള്ള യാത്രക്ക് നാളെ മുതല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം
ബെംഗളൂരു:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിര്‍ത്തിയില്‍ വീണ്ടും പരിശോധന കര്‍ശനമാക്കി കര്‍ണാടക. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം നാളെ മുതല്‍ പ്രവേശനം അനുവദിക്കാനാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. അതേസമയം, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ അതിര്‍ത്തി കടക്കാന്‍ ഇന്നു കൂടി ഇളവ് അനുവദിച്ചു. കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കുന്നതിനായി വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധിയാളുകള്‍ ഇന്ന് തലപ്പാടി അതിര്‍ത്തിയിലെത്തിയിരുന്നു. എന്നാല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനഫലം ഇല്ലാത്തവരെ പൊലീസ് കടത്തിവിട്ടിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ഥികളും നാട്ടുകാരും നടത്തിയ ചര്‍ച്ചയുടെ ഫലമായി ഇന്ന് ഒരു ദിവസത്തേക്ക് ഇളവ് നല്‍കി.കാസര്‍കോട് അതിര്‍ത്തിയില്‍ നിന്ന് ദക്ഷിണ കന്നഡയിലേക്ക് പോകുന്നവര്‍ക്ക് കര്‍ണാടക കോവിഡ് സര്‍ട്ടിഫിക്കറ്റ് നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു. ഈ തീരുമാനം കൂടുതല്‍ കര്‍ശനമാക്കാനാണ് ദക്ഷിണ കന്നഡ ഭരണകൂടം ഇപ്പോള്‍ തീരുമാനിച്ചത്.കോവിഡ് വ്യാപനം കേരളത്തില്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളത്.തലപ്പാടി ഉള്‍പ്പെടെയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ നേരത്തെ കര്‍ശനമായ പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍, വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടികള്‍ നിര്‍ത്തിവെച്ചത്. ജോലി, പഠനം, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി നൂറുകണക്കിനാളുകള്‍ ദിവസേന കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് പോകുന്നുണ്ട്.
പഴയവാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഫിറ്റ്നസ് ഫീസുകള്‍ ഉയർത്തുന്നു;പുതിയ നിരക്കുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍
തിരുവനന്തപുരം: പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഫിറ്റ്നസ് പുതുക്കല്‍ പരിശോധനാ ഫീസുകള്‍ കുത്തനെ ഉയര്‍ത്തുന്നു.പഴയവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാറിന്റെ നടപടി.ഒക്ടോബര്‍ ഒന്നുമുതല്‍ നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരും.15 വര്‍ഷം പഴക്കമുള്ള ഇരുചക്രവാഹനത്തിന്റെ രജിസ്ട്രേഷന്‍ പുതുക്കാന്‍ 300 രൂപ ഈടാക്കിയിരുന്നത് 1000 രൂപയാക്കി. കാറിന്റേത് 600-ല്‍നിന്ന് 5000 ആയി ഉയരും. ഇറക്കുമതി ചെയ്ത ബൈക്കുകള്‍ക്ക് 10,000 രൂപയും കാറുകള്‍ക്ക് 40,000 രൂപയും നല്‍കണം. രജിസ്ട്രേഷന്‍ പുതുക്കിയില്ലെങ്കില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് മാസംതോറും 300 രൂപയും മറ്റു വാഹനങ്ങള്‍ക്ക് 500 രൂപയും പിഴനല്‍കണം. പഴയ വാഹനങ്ങള്‍ പൊളിച്ച് സ്‌ക്രാപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ വാങ്ങുന്ന പുതിയ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ഫീസ് നല്‍കേണ്ട.രജിസ്ട്രേഷന്‍ പുതുക്കുന്നതിനു മുന്നോടിയായി വാഹനങ്ങള്‍ ഫിറ്റ്നസ് പരിശോധനയ്ക്കു ഹാജരാക്കണം. ഇതിനുള്ള ഫീസും ഉയര്‍ത്തി. ഇരുചക്രവാഹനങ്ങള്‍- 400, ഓട്ടോറിക്ഷ-കാറുകള്‍-മീഡിയം ഗുഡ്സ്- 800, ഹെവി- 1000 എന്നിങ്ങനെയാണ് നിരക്ക്. ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററുകളില്‍ നിരക്ക് വീണ്ടും ഉയരും. യഥാക്രമം 500 മുതല്‍ 1500 വരെ ഈടാക്കും.15 വര്‍ഷത്തിലധികം പഴക്കമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് ത്രീവീലര്‍- 3500, കാര്‍- 7500, മീഡിയം പാസഞ്ചര്‍-ഗുഡ്സ്- 10,000, ഹെവി- 12,500 എന്നിങ്ങനെയാണു നിരക്ക്. ഇതിനുപുറമേ ഫിറ്റ്നസ് സെന്ററിന്റെ ഫീസും നല്‍കണം. സ്വകാര്യ ബസ്സുടമകള്‍ക്ക് ഇത് വന്‍ തിരിച്ചടിയാകും.അടുത്തിടെ ബസുകളുടെ ആയുസ്സ് 20 വര്‍ഷമായി ഉയര്‍ത്തിയിരുന്നു. ഈ ആനുകൂല്യം മുതലെടുത്ത് 15 വര്‍ഷത്തിലധികം പഴക്കമുള്ള നിരവധി ബസുകള്‍ ഓടുന്നുണ്ട്.ഇവയ്ക്ക് ഓരോവര്‍ഷവും ഫിറ്റ്നസ് പരിശോധന വേണ്ടിവരും. ഫിറ്റ്‌നസ് മുടങ്ങിയാല്‍ ദിവസം 50 രൂപവീതം പിഴ നല്‍കണം. സ്മാര്‍ട്ട് കാര്‍ഡിലെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് 200 രൂപയും നല്‍കണം.
കോവിഡ് രണ്ടാം തരംഗം; രോഗ വ്യാപനം തടയുന്നതിന് സംസ്ഥാനങ്ങള്‍ കർശന നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി:കോവിഡിന്റെ രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കർശന നിർദേശങ്ങളുമായി പ്രധാനമന്ത്രി.രോഗം വ്യാപിക്കുന്നത് തടഞ്ഞില്ലെങ്കില്‍ രാജ്യ വ്യാപകമായി രോഗം പൊട്ടിപ്പുറപ്പെടുമെന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.ആര്‍.ടി.പി.സി.ആര്‍ പരിശോധനകൾ വർധിപ്പിക്കണം.പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരണം. അമിത ആത്മവിശ്വാസം വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.വിഡിയോ കോണ്‍ഫറന്‍സിങ് വഴി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന കോവിഡ് നിരക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. ജില്ലാ അധികൃതര്‍ക്ക് കൊവിഡ് രൂക്ഷമായ ഇടങ്ങളില്‍ മൈക്രോ- കണ്ടെയിന്‍മെന്റ് സോണുകള്‍ സ്ഥാപിക്കാനാകുന്നതാണ്. എന്നാല്‍ നിയന്ത്രണങ്ങള്‍ മൂലം ജനങ്ങളില്‍ ആശങ്കകളോ ബുദ്ധിമുട്ടുകളോ ഉണ്ടാകാൻ പാടില്ലെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 70 ജില്ലകളില്‍ 150 ശതമാനത്തിലേറെ വര്‍ദ്ധനയാണ് കൊവിഡ് ബാധയിലുണ്ടായത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം രൂക്ഷം. ഇവിടെ 15 ജില്ലകളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കും. 19 സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രതിദിന കണക്ക് കൂടുകയാണ്. അതില്‍ ചില സംസ്ഥാനങ്ങളിലെ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കാനും തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പരാമര്‍ശിച്ച പ്രധാനമന്ത്രി ഇവിടങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കേസുകളും വര്‍ദ്ധിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.വാക്‌സിന്‍ കൈകാര്യം ചെയ്യുന്നതിലും സംസ്ഥാനങ്ങളുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ പത്ത് ശതമാനത്തോളം കോവിഡ് വാക്സിനുകള്‍ നഷ്ടപ്പെടുത്തി.അവര്‍ വാക്സിന്‍ നശിപ്പിക്കാന്‍ കാരണമെന്തെന്ന് അന്വേഷിക്കണം. വാക്‌സിന്‍ വിതരണത്തില്‍ വീഴ്ച സംഭവിക്കുന്നതിലൂടെ ജനങ്ങള്‍ക്കുള്ള അവകാശത്തെയാണ് ഇല്ലാതാക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പത്തു വയസുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കില്‍ വീണ് അഞ്ചു പേര്‍ മരിച്ചു;സംഭവം ഉത്തർപ്രദേശിൽ
ആഗ്ര:പത്തു വയസുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കില്‍ വീണ് അഞ്ചു പേര്‍ മരിച്ചു.ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദിലാണ് അപകടം നടന്നത്.ചൊവ്വാഴ്ച ആയിരുന്നു സംഭവം.പത്തു വയസുകാരനായ അനുരാഗ് വീടിന്റെ പരിസരത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ അനുരാഗ് കാലു തെറ്റി സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു. ഉടനെ തന്നെ അനുരാഗിനെ രക്ഷിക്കാന്‍ സഹോദരങ്ങളായ ഹരി മോഹനും അവിനാശും ഓടിയെത്തി. ഒപ്പം സോനുവും രാം ഖിലാഡിയും അനുരാഗിനെ രക്ഷിക്കാനായി എത്തുകയായിരുന്നു. എന്നാല്‍, ഇവര്‍ നാലുപേരും അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു.അനുരാഗിനെ കൂടാതെ, സോനു (25), രാം ഖിലാഡി, ഹരി മോഹന്‍ (16), അവിനാശ് (12) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. അനുരാഗിന്റെ സഹോദരങ്ങളാണ് ഹരിമോഹനും അവിനാശും. അപകടത്തില്‍പ്പെട്ടവരെ ഗ്രാമീണ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനു മുൻപ് തന്നെ മരണം സംഭവിക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
രാജ്യത്ത് 2019 മുതൽ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് സർക്കാർ
ന്യൂഡൽഹി:രാജ്യത്ത് 2019 മുതൽ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് സർക്കാർ.2016- ൽ നോട്ടുനിരോധനത്തിന് ശേഷം അവതരിപ്പിച്ച കറൻസി നോട്ടുകൾ ഇപ്പോൾ വലിയ രീതിയിൽ പ്രചാരത്തിൽ ഇല്ലാത്തത് സംബന്ധിച്ച ലോക്സഭയിലെ ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.2019-20 ലും 2020-21 ലും 2000 രൂപ നോട്ടുകൾ അച്ചടിച്ചിട്ടില്ല. 2,000 രൂപയുടെ കറൻസി നോട്ടുകൾ വിതരണം ചെയ്യുന്നതും വളരെ കുറവാണ്. ബാങ്കുകളിലും എടിഎമ്മുകളിലും പോലും വിരളമായാണ് ഇപ്പോൾ 2,000 രൂപ നോട്ടുകൾ ലഭിക്കുന്നത്.ഡിമാൻഡ് അടിസ്ഥാനമാക്കി മാത്രമാണ് കറൻസികളുടെ അച്ചടി. ആർബിഐയുമായി സർക്കാർ കൂടിയാലോചിച്ചതിന് ശേഷമാണ് നോട്ടുകൾ രാജ്യത്ത് അച്ചടിക്കുന്നത്. 2,000 രൂപയുടെ നോട്ടുകളുടെ പ്രചാരത്തിൽ കുറവുണ്ടായതായും മന്ത്രി അനുരാഗ് താക്കൂർ വ്യക്തമാക്കി.