ഡൽഹി:ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി. 2021 ജൂൺ 30 വരെയാണ് നീട്ടിയത്. ഉപഭോക്താക്കള്‍ ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ പരാതിപ്പെട്ടതോടെയാണ് നടപടി.രണ്ടും ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്‍റെ പുതിയ തീരുമാനം വന്നത്.1961 ലെ ആദായ നികുതി നിയമത്തിലെ 148-ാം വകുപ്പ് പ്രകാരമാണ് പുതിയ നടപടി. ഇത് ഒൻപതാം തവണയാണ് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി നീട്ടി നല്‍കുന്നത്.ഇരു കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിച്ചില്ല എങ്കില്‍ ആയിരം രൂപ പിഴ ഈടാക്കുമെന്നായിരുന്നു കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് അടുത്ത ഘട്ടത്തില്‍ കാര്‍ഡ് റദ്ദാക്കുമെന്ന മുന്നറിയിപ്പും നല്‍കി. ആദായ നികുതി നിയമത്തിലെ 139 AA (2) വകുപ്പ് പ്രകാരം, ജൂലൈ 2017 വരെ പാന്‍ കാര്‍ഡ് എടുത്തിട്ടുള്ള എല്ലാവരും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. ബന്ധിപ്പിക്കാത്തവര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കില്ല.ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. നിയമപ്രകാരം ഒരു വ്യക്തിക്ക് ഒരു പാൻ കാര്‍ഡ് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതോടെ ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ സാധിക്കും.ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതു മുതൽക്കുള്ള നിരവധി സേവനങ്ങൾക്ക് അനിവാര്യമാണ് നിലവിൽ പാൻ കാർഡ്. കാർഡ് റദ്ദാവുകയാണെങ്കിൽ വാഹനങ്ങളുടെ വാങ്ങൽ, വില്‍പ്പന, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഡിമാറ്റ് അക്കൗണ്ട് എന്നിവയടക്കം നിരവധി സാമ്പത്തിക ഇടപാടുകൾക്ക് തടസം നേരിടും.
45 വയസ്സിനു മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്‌സിനേഷൻ ഇന്ന് ആരംഭിക്കും
ന്യൂഡൽഹി:രാജ്യത്ത് 45 വയസ്സിനു മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്‌സിനേഷൻ ഇന്ന് ആരംഭിക്കും.ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍, നാഷണല്‍ ഹെല്‍ത്ത് അഥോറിറ്റി സിഇഒ ഡോ. ആര്‍ എസ് ശര്‍മ, തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച അവസാന തയ്യാറെടുപ്പുകളും ഒരുക്കങ്ങളും നടത്തി.വാക്സിനേഷന്റെ ഭാഗമായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈനായും ആശുപത്രികളില്‍ നേരിട്ടെത്തിയും രജിസ്റ്റര്‍ ചെയ്ത് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്.ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം. www.cowin.gov.in എന്ന വെബ് സൈറ്റിലൂടെ വേണം രജിസ്റ്റര്‍ ചെയ്യാന്‍. ആശുപത്രികളില്‍ നേരിട്ടെത്തി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ കൂടാതെയും വാക്സിന്‍ സ്വീകരിക്കാമെങ്കിലും തിരക്ക് ഒഴിവാക്കാന്‍ രജിസ്ട്രേഷന്‍ ചെയ്യാമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ച സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ സൗകര്യമുണ്ടാകും. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ഇതുവരെ 35,01,495 ഡോസ് വാക്‌സിനാണ് നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 4,84,411 ആദ്യഡോസ് വാക്‌സിനും 3,15,226 രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. കൊവിഡ് മുന്നണിപ്പോരാളികളില്‍ 1,09,670 പേര്‍ ആദ്യ ഡോസും 69230 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ 3,22,548 പേര്‍ ആദ്യ ഡോസും 12,123 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 60നു മുകളില്‍ പ്രായമുള്ളവര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള രോഗബാധിതര്‍ എന്നിവരില്‍പ്പെട്ട 21,88,287 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു.
പിഎം കിസാന്‍ സമ്മാന്‍ നിധി; സംസ്ഥാനത്ത് മൂവായിരത്തോളം കര്‍ഷകര്‍ക്ക് പണം തിരിച്ചടക്കാന്‍ നോട്ടീസ് ലഭിച്ചതായി റിപ്പോർട്ട്
തിരുവനന്തപുരം: പിഎം കിസാന്‍ സമ്മാന്‍ നിധി പ്രകാരം സംസ്ഥാനത്ത് മൂവായിരത്തോളം കര്‍ഷകര്‍ക്ക് ലഭിച്ച പണം തിരിച്ചടക്കാന്‍ നോട്ടീസ് ലഭിച്ചതായി റിപ്പോർട്ട്.വാങ്ങിയ ആനുകൂല്യം തിരികെ അടയ്ക്കണമെന്നും വീഴ്ചവരുത്തുന്നത് നിയമക്കുരുക്കുകള്‍ ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു. സ്വന്തം പേരില്‍ സ്ഥലം ഇല്ലെന്നും ആദായ നികുതി അടയ്ക്കുന്നുണ്ടെന്നും ഉള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും കത്ത് കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. കേന്ദ്ര കൃഷി മന്ത്രാലയമാണ് കൃഷിവകുപ്പ് മുഖേന അറിയിപ്പ് നല്‍കുന്നത്.2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുൻപ് ആദ്യ ഗഡു 2000 രൂപ കര്‍ഷകരുടെ ബാങ്ക് അകൗണ്ടിലേക്ക് കൈമാറി. തുടര്‍ന്നും രണ്ടും മൂന്നും ഗഡു ചില കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. മൂന്ന് സെന്റ് സ്ഥലം കൃഷിചെയ്യാന്‍ വേണമെന്നതായിരുന്നു പണം ലഭിക്കാന്‍ നിശ്ചയിച്ച യോഗ്യത. ഇതനുസരിച്ച് കരംകെട്ടിയ രസീത്, ആധാര്‍, റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും പരിശോധിച്ചാണ് കേന്ദ്ര കൃഷി മന്ത്രാലയം കര്‍ഷകരുടെ അകൗണ്ടുകളില്‍ തുക നിക്ഷേപിച്ചത്. അകൗണ്ടുകളിലെത്തിയ തുക കര്‍ഷകന്‍ ചെലവഴിച്ചുകഴിഞ്ഞപ്പോഴാണ് അര്‍ഹതയില്ലെന്ന നോടീസ് ലഭിക്കുന്നത്.
ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ ഏപ്രില്‍ 1 മുതല്‍ പ്രവര്‍ത്തിക്കില്ല
ന്യൂഡല്‍ഹി : ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അന്തിമ തീയതി 2021 മാര്‍ച്ച് 31 നു അവസാനിക്കും. ഇതിനുള്ളില്‍ പാന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തിക്കില്ല.കൂടാതെ പിഴയും നല്‍കേണ്ടി വരും. പത്ത് തവണയോളം ഇതുവരെ തീയതി പല ഘട്ടങ്ങളിലായി നീട്ടി നല്‍കിയതിനാല്‍ ഇനിയും സമയം നീട്ടി ലഭിച്ചേക്കില്ല. സമയ പരിധിക്കകം ബന്ധിപ്പിക്കല്‍ നടന്നിട്ടില്ലെങ്കില്‍ അത്തരം പാന്‍ നമ്പറുകൾ തത്കാലത്തേയ്ക്ക് പ്രവര്‍ത്തന രഹിതമാകും. ഐ ടി ആക്‌ട് സെക്ഷന്‍ 272 ബി അനുസരിച്ച് 10,000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റവുമാണിത്.കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ വാഹനങ്ങളുടെ വാങ്ങല്‍, വില്പന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവയടക്കം 18 സാമ്പത്തിക ഇടപാടുകള്‍ നടക്കാതാവും.
എക്‌സിറ്റ് പോളുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി: മാധ്യമങ്ങളിലെ എക്‌സിറ്റ് പോൾ സർവ്വേയ്ക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. മാർച്ച് 27 രാവിലെ ഏഴ് മുതൽ ഏപ്രിൽ 29 രാത്രി 7.30 വരെ എക്‌സിറ്റ് പോളുകൾ നടത്തരുത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ മറ്റു മാധ്യമങ്ങളിലൂടെയോ പ്രസിദ്ധീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് വിലക്ക്.1951ലെ ജനപ്രാതിനിധ്യ നിയമം 126 എ വകുപ്പിന്റെ ഉപവകുപ്പ് 1 പ്രകാരമാണ് നടപടി. അസം, കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.1951ലെ ജനപ്രാതിനിധ്യ നിയമം 126 എ വകുപ്പിന്റെ ഉപവകുപ്പ് 1 പ്രകാരമാണ് നടപടി.
മുംബൈയിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; 2 മരണം
മുംബൈ:മുംബൈയിലെ ഒരു മാളില്‍ പ്രവര്‍ത്തിച്ചിരുന്ന കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. രണ്ടു രോഗികള്‍ മരിച്ചു. ഡ്രീംസ് മാൾ സൺറൈസ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 12:30 ഓടെയാണ് തീപിടിത്തമുണ്ടായത്.സംഭവസമയം 70ൽ അധികം രോഗികൾ ഇവിടെയുണ്ടായിരുന്നുവെന്നും രണ്ടുപേർ മരിച്ചതായും അധികൃതർ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനായി ഇരുപത്തിരണ്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിരുന്നു. തീപിടിത്തത്തില്‍ ആരും മരിച്ചില്ലെന്നും കോവിഡ് ബാധിച്ചു മരിച്ചവരാണ് ഇവിടെയുണ്ടായിരുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മാളില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത് ആദ്യമായി കാണുകയാണെന്നും ഇക്കാര്യത്തില്‍ ഗൗരവകരമായ നടപടി സ്വീകരിക്കുമെന്നും മുംബൈ മേയര്‍ കിഷോരി പണ്ഡേക്കര്‍ പറഞ്ഞു.സണ്‍റൈസേഴ്സ് ആശുപത്രിയുടെ കോവിഡ് യൂണിറ്റാണ് മാളിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്നത്.കോവിഡ് രോഗികളില്‍ 30 പേരെ മുലുന്ദ് ജംബോ സെന്ററിലേക്കും മൂന്ന് രോഗികളെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്കും മറ്റുള്ളവരെ വിവിധ ആശുപത്രികളിലേക്കും മാറ്റിയതായി ഒരു മുതിര്‍ന്ന ഡോക്ടര്‍ അറിയിച്ചു.
രാജ്യത്തെ 18 സംസ്ഥാനങ്ങളിലും വകഭേദം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം;മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: രാജ്യത്തെ 18 സംസ്ഥാനങ്ങളിലും വകഭേദം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം കണ്ടെത്തി.ഇതേ തുടർന്ന് മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു. മഹാരാഷ്ട്രക്ക് പുറമെ തമിഴ്നാട്, കർണാടക, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നി സംസ്ഥാനങ്ങളിലും സ്ഥിതി മോശമാണ്.സജീവ കോവിഡ് കേസുകൾ ഏറ്റവും അധികമുള്ള രാജ്യത്തെ പത്ത് ജില്ലകളിൽ ഒൻപതും മഹാരാഷ്ട്രയിലാണ്.10,787 സാമ്പിളുകളിൽ നിന്ന് 771 വകഭേദം സംഭവിച്ച വൈറസുകളാണ് കണ്ടെത്തിയത്. ഇതിൽ 736 എണ്ണം ബ്രിട്ടണിൽ കണ്ടെത്തിയതിനും 34 എണ്ണം ദക്ഷിണ ആഫ്രിക്കയിൽ കണ്ടെത്തിയ വൈറസുകൾക്കും ഒരെണ്ണം ബ്രസീലിൽ കണ്ടെത്തിയ വൈറസുകൾക്കും സമാനമാണ്.സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നതിനായി ജീനോമിക് സീക്വൻസിംഗും എപ്പിഡെമോളജിക്കൽ പഠനങ്ങളും തുടരുകയാണ്.
കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ;കേരളത്തെ ബാധിക്കില്ല
ന്യൂഡൽഹി:കാർഷിക ബില്ലിൽ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ.സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ബന്ദ് കേരളത്തെ ബാധിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേരളത്തെ ബന്ദില്‍ നിന്ന് ഒഴിവാക്കുന്നത്. സംസ്ഥാനത്ത് പ്രത്യേക സാഹചര്യമാണെന്നും ഭാരത് ബന്ദ് ഇവിടെ നടത്തില്ലെന്നും കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡണ്ട് കെ കെ രാഗേഷ് എം പി വ്യക്തമാക്കി. കേന്ദ്രത്തിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ നാളെ വൈകുന്നേരം ബൂത്തു കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും. തെരഞ്ഞെടുപ്പിനു ശേഷം സമരം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് വാക്സിനേഷന്‍ മൂന്നാം ഘട്ടം;45 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ 1 മുതല്‍ വാക്‌സിൻ
ന്യൂഡൽഹി:രാജ്യം കോവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു.ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കും. രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ സാഹചര്യമുണ്ടെന്നും എത്രയും പെട്ടെന്ന് വാക്സിന്‍ സ്വീകരിച്ച് കോവിഡ് പ്രതിരോധം നേടാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പ്രകാശ് ജാവ്ദേകര്‍ ആവശ്യപ്പെട്ടു.നാലാമത്തെയും എട്ടാമത്തെയും ആഴ്ചക്കിടയിലാണ് കോവിഷീല്‍ഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.കൊ-വിന്‍ എന്ന സര്‍ക്കാര്‍ ആപ്പ് വഴിയോ, വെബ്സെറ്റ് വഴിയോ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താലോ, സര്‍ക്കാര്‍ ആശുപത്രിയില്‍ നേരിട്ട് എത്തി രജിസ്റ്റര്‍ ചെയ്താലോ ആണ് വാക്സിനെടുക്കാന്‍ സാധിക്കുക.ഒരു മൊബൈല്‍ ഫോണ്‍ നമ്പറിൽ നിന്നും നാല് അപ്പോയിന്റ്മെന്റുകള്‍ വരെ എടുക്കാം. കൂടാതെ വാക്സിനേഷന്റെ തിയതി, സൗകര്യപ്രദമായ ആശുപത്രി എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്. ആരോഗ്യസേതു ആപ്പില്‍ നിന്നും കൊ വിന്‍ രജിസ്ട്രേഷന്‍ നടത്താനും സാധിക്കും. രജിസ്ട്രേഷനായി ആദ്യം കൊ-വിന്‍ ആപ്പോ അല്ലെങ്കില്‍ cowin.gov.in എന്ന വെബ്സെെറ്റിലോ രജിസ്റ്റര്‍ ചെയ്യുക. മൊബൈല്‍ നമ്പറോ, ആധാര്‍ നമ്പറോ നല്‍കി എന്റര്‍ ചെയ്യുക. ഇതുവഴി അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നതോടെ ഒരു ഒടിപി ലഭിക്കും.ഇതില്‍ കുടുംബാംഗങ്ങളെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് ആദ്യ ഡോസ് വാക്സിന്‍ എടുക്കാനുളള തിയതിയും ചെല്ലേണ്ട സമയവും ഇതിനായി എത്തേണ്ട കേന്ദ്രവും ലഭിക്കും. ആ സമയത്ത് പോയി വാക്സിന്‍ എടുക്കാവുന്നതാണ്. രാജ്യത്ത് ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് വാക്സിന്‍ നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കും 45 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള മറ്റ് രോഗികള്‍ക്കുമാണ് കോവിഡ് വാക്സിന്‍ നല്‍കിയത്.
മധ്യപ്രദേശില്‍ വാഹനാപകടത്തിൽ 13 മരണം
ഗ്വാളിയോര്‍: മധ്യപ്രദേശില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. ഗ്വാളിയോര്‍ ജില്ലയില്‍ ഇന്ന് രാവിലെ എഴിനാണ് അപകടമുണ്ടായത്. മൊറേനയിലേക്ക് പോകുകയായിരുന്ന ബസ് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.പുരാനി ചഹവാനി പ്രദേശത്താണ് അപകടം സംഭവിച്ചത്. 13 യാത്രക്കാരില്‍ പത്ത് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവരില്‍ പത്ത് സ്ത്രീകളും ഓട്ടോ ഡ്രൈവറും ഉള്‍പ്പെടുന്നു.അംഗന്‍വാടി കേന്ദ്രത്തില്‍ ജോലിക്ക് പോയി മടങ്ങുകയായിരുന്ന സ്ത്രീകളാണ് മരണപ്പെട്ടതെന്ന് ഗ്വാളിയാര്‍ എസ്.പി അമിത് സാങ്കി പറഞ്ഞു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് പ്രഖ്യാപിച്ചത്.കഴിഞ്ഞ ആഴ്ച്ച മദ്ധ്യപ്രദേശിലുണ്ടായ ട്രക്ക് അപകടത്തില്‍ അഞ്ചു പേര്‍ മരിക്കുകയും 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിയിരുന്നു. അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പൊലീസ് പരിശോധന ശക്തമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.