ഇന്ത്യയില്‍ നിന്ന്​ യു.എ.ഇയിലേക്ക്​ പ്രവേശന വിലക്കേർപ്പെടുത്തി

keralanews entry to the uae from india has been banned

ദുബായ്:ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് പ്രവേശന വിലക്കേപെടുത്തി. 24 മുതല്‍ പത്ത് ദിവസത്തേക്കാണ് വിലക്ക്. 14 ദിവസത്തിനിടെ ഇന്ത്യയില്‍ തങ്ങുകയോ ഇന്ത്യ വഴി ട്രാന്‍സിസ്റ്റ് വിസയില്‍ യാത്ര ചെയ്യുകയോ ചെയ്തവര്‍ക്കും വിലക്ക് ബാധകമാണ്.ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഒമാന്‍ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യു.എ.ഇയും വിലക്കേര്‍പെടുത്തിയത്. ഇത് സംബന്ധിച്ച അറിയിപ്പ് എയര്‍ലൈനുകള്‍ യാത്രക്കാര്‍ക്ക് അയച്ചു തുടങ്ങി.സൗദിയിലേക്കും കുവൈത്തിലേക്കും നേരത്തെ മുതല്‍ വിലക്കേര്‍പെടുത്തിയിരുന്നു. ഇന്ത്യയില്‍ കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിലാണ് വിലക്ക്.അതേസമയം, യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്നതിന് തടസമില്ല.ഇന്ത്യക്ക് പുറമേ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട് .

കോവിഡ് വാക്സിന്‍ വിതരണത്തിൽ പുതിയ നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍;സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ ഇനി കേന്ദ്രം നേരിട്ട് നല്‍കില്ല

keralanews central govt with new directive in the distribution of covid vaccine center will not give vaccine directly to private hospitals

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കി വന്നിരുന്ന നടപടിയില്‍ പുതിയ നിർദേശവുമായി കേന്ദ്രസര്‍ക്കാര്‍. സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് വാക്സിന്‍ ഇനി കേന്ദ്രം നേരിട്ട് നല്‍കില്ല. മെയ് ഒന്നുമുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കമ്പനികളിൽ നിന്ന് നേരിട്ട് വാക്സിന്‍ വാങ്ങാം.ഇതുവരെ സര്‍ക്കാര്‍ നല്‍കുന്ന വാക്സിന് 250 രൂപയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്.കൊറോണ വാക്സിനായ കൊവിഷീല്‍ഡ് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നൽകുമ്പോൾ ഈടാക്കുന്ന വില സിറം ഇന്‍സ്റ്റിറ്റൂട്ട് പ്രഖ്യാപിച്ചു. സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് ഒരു ഡോസ് വില്‍ക്കുക. കേന്ദ്രസര്‍ക്കാരിന് 150 രൂപയ്ക്കാണ് നല്‍കുന്നത്. മെയ് ഒന്ന് മുതല്‍ പുതിയ വാക്സിനേഷന്‍ ആരംഭിക്കാനിരിക്കെയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വില പ്രഖ്യാപിച്ചത്.വിദേശ വാക്സിനുകളുടെ ഒരു ഡോസിന് 750 രൂപ മുതല്‍ 1500 വരെ വരുന്നു എന്നാണ് സിറം പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്സിന്‍ നയം അനുസരിച്ച്‌ കേന്ദ്രത്തിന് 50 ശതമാനം വാക്സിന്‍ അനുവദിക്കും. ബാക്കി 50 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുക.അതേസമയം കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്സിന്‍ നയത്തിനെതിരെ പ്രതിഷേധം ശക്തമായി.പിഎം കെയര്‍ ഫണ്ട് ഉപയോഗിച്ചു സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ ലഭ്യമാക്കണമെന്നും ഉയര്‍ന്ന തുക നല്‍കി സംസ്ഥാനങ്ങള്‍ വാക്സിന്‍ വാങ്ങുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.രാഹുല്‍ ഗന്ധി,പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളും ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി.വാക്സിന്‍ നയം വാക്സിന്‍ വിവേചനമെന്നാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

നാസിക്കിലെ സാക്കിർ ഹുസൈൻ ആശുപത്രിയിൽ ഓക്‌സിജൻ ചോർച്ച; 22 രോഗികൾ മരിച്ചു

keralanews 22 patients died when oxygen leaked in sakir hussian hospital nasik

മുംബൈ: മഹാരാഷ്ട്രയിൽ ടാങ്കറിൽ നിന്നും ഓക്‌സിജൻ ചോർന്ന് 22 രോഗികൾ മരിച്ചു. നാസിക്കിലെ ഡോ. സക്കിർ ഹുസൈൻ ആശുപത്രിയിൽ ഉച്ചയോടെയാണ് സംഭവം. ഓക്‌സിജനുമായി എത്തിയ സ്വകാര്യ കമ്പനിയുടെ ടാങ്കറാണ് ചോർന്നത്. ഏകദേശം അര മണിക്കൂറോളം വാതക ചോർച്ച തുടർന്നു. വെന്റിലേറ്ററിൽ ചികിത്സയിലിരുന്ന രോഗികളാണ് മരിച്ചത്.വെന്റിലേറ്ററുകളുടെ പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്ന് നാസിക് മുനിസിപ്പൽ കമ്മീഷണർ പറഞ്ഞു. 171 രോഗികളാണ് സംഭവ സമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നത്. വാതക ചോർച്ച നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ടാങ്കറിൽ നിന്നും വാതകം ചോർന്നത് എങ്ങിനെയെന്ന് പരിശോധിക്കുമെന്ന് കമ്പനി അധികൃതരും അറിയിച്ചു ആശുപത്രിയിൽ രോഗികളെ മാറ്റി പാർപ്പിക്കുന്നതടക്കമുള്ള രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി രാജേന്ദ്ര ഷിങ്നെ പറഞ്ഞു. ഓക്സിജൻ ക്ഷാമം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്തിന് കൂടുതൽ ഓക്സിജൻ എത്തിക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

മെയ് ഒന്ന് മുതല്‍ രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍

keralanews covid vaccine for all over the age of 18 in the country from may 1

ന്യൂഡല്‍ഹി: രാജ്യത്ത് മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഉന്നത ഡോക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ സുപ്രധാന തീരുമാനം എത്തിയിരിക്കുന്നത്.ആദ്യഘട്ടത്തിൽ കോവിഡ് മുൻനിര പോരാളികൾക്കാണ് വാക്സിൻ നൽകിയത്. പിന്നീട് 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും മൂന്നാം ഘട്ടത്തിൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്കും വാക്സിൻ നൽകിയിരുന്നു. പ്രായപൂർത്തിയായ മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാൻ തീരുമാനിച്ചതോടെ ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ പ്രക്രിയകളിലേക്കാണ് ഇന്ത്യ കടക്കുന്നത്.ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി ഇന്ത്യക്കാര്‍ക്ക് വാക്‌സിന്‍ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായിട്ടാണ് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ലോകാരോഗ്യസംഘടനയുടെ അംഗീകാരം കിട്ടിയ എല്ലാ വാക്സിനുകൾക്കും അപേക്ഷ നൽകി മൂന്ന് ദിവസം കൊണ്ട് അനുമതി നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. മെയ് മാസത്തിൽ തന്നെ റഷ്യയുടെ സ്പുടിനക് വി വാക്സിൻ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. അടുത്ത ഘട്ടത്തിൽ ഈ വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കും. കൊവിഷിൽഡ് വാക്സിനാണ് ഇതുവരെ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിച്ചത്. കൊവാക്സിനും നിരവധി ആളുകൾ സ്വീകരിച്ചു. മെയ് മുതൽ സ്പുടിനിക് വാക്സിനും ലഭ്യമാവും.

നമ്പി നാരായണനെതിരെ വ്യാജമൊഴി നല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചത് രമണ്‍ ശ്രീവാസ്തവ ഉള്‍പ്പടെയുള്ളവര്‍;ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഫൗസിയ ഹസ്സന്‍

keralanews raman srivastava and others forced to make false statements against nambi narayanan fauzia hassan with crucial revelation in isro spy case

കൊച്ചി:ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേസിൽ പ്രതിയായിരുന്ന ഫൗസിയ ഹസ്സന്‍.രമണ്‍ ശ്രീവാസ്തവ ഉള്‍പ്പടെയുള്ളവരാണ് നമ്പി നാരായണനെതിരെ വ്യാജമൊഴി നല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന് ഫൗസിയ പറ‌ഞ്ഞു.നമ്പി  നാരായണനും ശശികുമാറിനുമെതിരെ മൊഴി വേണമെന്നാണ് പറഞ്ഞത്.വിസമ്മതിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും മകളെ തന്‍റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫൗസിയ വെളിപ്പെടുത്തുന്നു.അന്ന് മംഗലാപുരത്ത് പഠിക്കുകയായിരുന്നു തന്‍റെ മകള്‍.ഗതികെട്ടാണ് ക്യാമറയ്ക്ക് മുന്നില്‍ വ്യാജമൊഴി നല്‍കിയത്. എല്ലാവരും ചേര്‍ന്ന് തന്നെ ചാരവനിതയാക്കി, ഫൗസിയ പറയുന്നു. ഐഎസ്‌ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിച്ച ഡി കെ ജയിന്‍ സമിതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം ഇതാദ്യമായാണ് ഫൗസിയ മാധ്യമത്തോട് പ്രതികരിക്കുന്നത്.തനിക്ക് നമ്പി നാരായണന്‍റെ പേര് പോലും അറിയില്ലായിരുന്നുവെന്നാണ് ഫൗസിയ പറയുന്നത്, തന്‍റെ കുറ്റസമ്മതമൊഴി വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ആ സമയത്ത് തനിക്ക് നമ്പി നാരായണന്‍റെ പേര് പോലും അറിയില്ലായിരുന്നു. അപ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് നമ്പി നാരായണന്‍റെ പേര് എഴുതിക്കാണിച്ചു. അത് നോക്കിയാണ് താന്‍ ആ പേര് വായിച്ചത്. അപ്പോഴൊക്കെ അത് നിരീക്ഷിച്ചുകൊണ്ട് രമണ്‍ ശ്രീവാസ്തവ അവിടെ ഉണ്ടായിരുന്നു. നമ്പി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയില്‍ വച്ചാണെന്നും ഫൗസിയ വെളിപ്പെടുത്തുന്നു.നമ്പി നാരായണന് ലഭിച്ചത് പോലെയുള്ള നഷ്ടപരിഹാരം തനിക്കും വേണമെന്ന് ഫൗസിയ ആവശ്യപ്പെടുന്നു. മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്നുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ തനിക്കുണ്ട്. സിബിഐ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കുമ്പോൾ ആവശ്യപ്പെട്ടാല്‍ സഹകരിക്കുമെന്നും ഫൗസിയ പറഞ്ഞു.മാലി സ്വദേശിനിയായ ഫൗസിയ ഇപ്പോള്‍ ശ്രീലങ്കയിലെ കൊളംബോയിലാണ് താമസിക്കുന്നത്. കേസില്‍ ഫൗസിയയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമാകും.

പ്ര​ശ​സ്ത ത​മി​ഴ് സി​നി​മാ താ​രം വി​വേ​ക് അ​ന്ത​രി​ച്ചു;അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

keralanews famous tamil actor vivek passed away

ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ താരം വിവേക്(59) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4.35നായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.വിവേക് വ്യാഴാഴ്ച ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു.എന്നാല്‍ വിവേകിന് ഹൃദയാഘാതമുണ്ടായതും കോവിഡ് വാക്സിനേഷനും തമ്മില്‍ ബന്ധമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നൂറ്റിയന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച ഇദ്ദേഹം മൂന്ന് തവണ തമിഴ്നാട് സര്‍ക്കാരിന്‍റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. 2009-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. വിവേകിന്‍റെ ആരോഗ്യനില ഗുരുതരമാണെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇടത് ആര്‍ട്ടെറിയില്‍ രക്തം കട്ടപിടിച്ചതാണ് ഹൃദയാഘാതമുണ്ടാകാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു . തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുത്തനെ കുറയുന്ന വെന്‍ട്രിക്കുലര്‍ ഫിബ്രിലേഷന്‍ കൂടി സംഭവിച്ചതോടെ ആരോഗ്യ നില മോശമാവുകയായിരുന്നു.

ബംഗാളിൽ ഇന്ന് അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്;പോളിംഗ് ബൂത്തുകളിൽ കനത്ത ജാഗ്രത

keralanews fifth case voting in bengal today high alert in polling booths

കൊൽക്കത്ത:ബംഗാളില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് ജില്ലകളിലെ 45 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 319 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. നാലാം ഘട്ട വോട്ടെടുപ്പിനിടെയില്‍ ആക്രമണങ്ങളുണ്ടായ സാഹചര്യത്തില്‍ പോളിംഗ് ബൂത്തുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണയുടെ സാഹചര്യത്തിൽ അവശേഷിക്കുന്ന മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഒറ്റ ദിവസം നടത്തണമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിൽ കൊറോണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ സർവകക്ഷിയോഗം വിളിച്ചിരുന്നു.നാലാം ഘട്ട വോട്ടെടുപ്പിനിടെ ഉണ്ടായ വെടിവെപ്പിലും സംഘർഷത്തിലും നാലു പേർ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് നാലു ബൂത്തുകളിലെ പോളിംഗ് മാറ്റിവച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ആറാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 22നും ഏഴാംഘട്ടം ഏപ്രിൽ 26നും എട്ടാംഘട്ടം ഏപ്രിൽ 29നും നടക്കും. മെയ് രണ്ടിനാണ് ഫല പ്രഖ്യാപനം.

വാഹനങ്ങൾക്ക് ഇനി താത്കാലിക രജിസ്ട്രേഷൻ ഇല്ല; അതി സുരക്ഷ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച് ഷോറൂമിൽ നിന്നും നേരിട്ട് നിരത്തിലേക്ക്

keralanews no temporary registration for vehicles High security number plates attached from the showrooms and directly to the street

തിരുവനന്തപുരം : വാഹനങ്ങൾക്ക് ഇനി താത്കാലിക രജിസ്ട്രേഷൻ ഇല്ല. പൂർണമായും ഫാക്ടറി നിർമ്മിത വാഹനങ്ങൾ ഇനി അതി സുരക്ഷ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച് നേരിട്ട് ഷോറൂമിൽ നിന്ന് നിരത്തിലിറക്കാമെന്ന് മോട്ടോർ വാഹന വകുപ്പ് . വാഹന രജിസ്ട്രേഷൻ പൂർണമായും ഓൺലൈനായിട്ടായിരിക്കും ചെയ്യേണ്ടത്. ഇത് സംബന്ധിച്ച വിശദവിവരങ്ങൾ മോട്ടോർ വാഹന വകുപ്പ് പുറത്തുവിട്ടു.

നിര്‍ദേശങ്ങള്‍ ഇവയാണ്:

1. പൂര്‍ണ്ണമായും ഫാക്ടറി നിര്‍മ്മിത ബോഡിയോടു കൂടിയുള്ള വാഹനങ്ങള്‍ ആദ്യത്തെ രജിസ്‌ട്രേഷനു വേണ്ടി ആര്‍.ടി ഓഫീസുകളില്‍ ഹാജരാക്കേണ്ടതില്ല.

2. വാഹന ഡീലര്‍മാര്‍ വാഹനങ്ങളുടെ വില, രജിസ്‌ട്രേഷന്‍ ഫീ, ടാക്‌സ്, രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ എന്നിവ വ്യക്തമായി ഷോറൂമില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.

3. ഓണ്‍ലൈന്‍ അപേക്ഷ സമർപ്പിക്കുമ്പോൾ അഡ്രസ് പ്രൂഫ്, ചാസിസ് പ്രിന്റ്, മറ്റ് രേഖകള്‍ തുടങ്ങിയവ വ്യക്തമായി സ്‌കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം അപേക്ഷ നിരസിക്കപ്പെടുന്നതുമൂലം ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഡീലര്‍ ഉത്തരവാദിയായിരിക്കും

4. ഈ അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും ഓഫീസില്‍ ഹാജരാക്കേണ്ടതില്ല. എന്നാല്‍ അപേക്ഷയുടെ ഫുള്‍ സെറ്റും അവ വാഹന കാലാവധി തീരുന്നതുവരെ സൂക്ഷിക്കാനാവശ്യമായ രേഖാമൂലുള്ള നിര്‍ദ്ദേശവും ഡീലര്‍ അപേക്ഷന് നല്‍കേണ്ടതാണ്.

5. ഓരോ പ്രവൃത്തി ദിവസവും വൈകുന്നേരം 4 മണി വരെ ഓഫീസിലെ പെന്‍ഡിംഗ് ലിസ്റ്റില്‍ കാണുന്ന പുതിയ രജിസ്‌ട്രേഷനുള്ള അപേക്ഷകള്‍ പരിശോധിച്ച്‌ റാൻഡം അടിസ്ഥാനത്തില്‍ നമ്പർ അലോട്ട് ചെയ്യുന്നതായിരിക്കും. ഒരിക്കല്‍ അലോട്ട് ചെയ്ത നമ്പർ മാറ്റാനോ ക്യാന്‍സല്‍ ചെയ്യാനോ നിര്‍വ്വാഹമില്ലാത്തതാണ്.

6. ഫാക്ടറി നിര്‍മ്മിത ബോഡിയോടു വരുന്ന വാഹനങ്ങള്‍ക്ക് താല്‍ക്കാലിക രജിസ്‌ട്രേഷന്റെ ആവശ്യകത ഇല്ല. എന്നാല്‍ അന്യസംസ്ഥാനങ്ങളിലേക്ക് വില്‍പന നടത്തുന്ന വാഹനങ്ങള്‍ക്കും ഫാന്‍സി / ചോയ്‌സ് നമ്പർ ആഗ്രഹിക്കുന്നവര്‍ക്കും താല്‍ക്കാലിക രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതാണ്.

7. നമ്പർ റിസര്‍വേഷന്‍ ആവശ്യമുള്ള അപേക്ഷകരുടെ അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുമ്പോൾ Choice number (Paid) എന്നുള്ളതും റിസര്‍വേഷന്‍ ആവശ്യമില്ലാത്ത അപേക്ഷകള്‍ക്ക് System Generated (Free) എന്നുള്ളതും സെലക്‌ട് ചെയ്ത് നല്‍കേണ്ടതാണ്. റിസര്‍വേഷന്‍ ആവശ്യമാണോ ഇല്ലയോ എന്നത് ഓരോ അപേക്ഷനില്‍ നിന്നും സ്വന്തം കൈപ്പടയില്‍ ഒരു രജിസ്റ്ററില്‍ എഴുതി വാങ്ങുന്നത് ഉചിതമായിരിക്കും.

8. ഫാന്‍സി / ചോയ്‌സ് നമ്പർ ആഗ്രഹിക്കുന്നവര്‍ക്ക് നല്‍കുന്ന താല്‍ക്കാലിക രജിസ്‌ട്രേഷന്‍ ഉപയോഗിച്ച്‌ കൊണ്ട് ഡീലര്‍ ഈ വാഹനങ്ങള്‍ വിട്ടു നല്‍കാന്‍ പാടുള്ളതല്ല.എന്നാല്‍ അന്യസംസ്ഥാനത്തേക്ക് കൊണ്ടു പോകാനായി താല്‍ക്കാലിക രജിസ്‌ട്രേഷന്‍ എടുത്ത വാഹനങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ അവയുടെ ഉടമ സ്വന്തം സംസ്ഥാനത്തു നിന്നും സ്ഥിരം രജിസ്‌ട്രേഷന്‍ സമ്ബാദിക്കേണ്ടതാണ്.

9. ഓരോ വാഹനത്തിനും അലോട്ട് ചെയ്യപ്പെട്ട നമ്ബര്‍ HSRP നിര്‍മ്മിച്ച്‌ വാഹനത്തില്‍ നിര്‍ദ്ദിഷ്ട രീതിയില്‍ ഘടിപ്പിച്ചതിനു ശേഷം മാത്രമേ അവ ഡീലര്‍ഷിപ്പില്‍ നിന്നും പുറത്തിറക്കാന്‍ പാടുള്ളൂ

10. രജിസ്‌ട്രേഷന്‍ നമ്പർ ഘടിപ്പിക്കാതെ വാഹനം പുറത്തിറക്കുക , നമ്പർ റിസര്‍വേഷനു വേണ്ടി താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കരസ്ഥമാക്കി കാലാവധി കഴിഞ്ഞിട്ടും റിസര്‍വേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാതിരിക്കുക , സീറ്റിന്റെ എണ്ണം, തരം തുടങ്ങി വാഹനത്തിലെ ഏതെങ്കിലും സ്‌പെസിഫിക്കേഷനില്‍ വ്യതിയാനം കാണപ്പെടുക തുടങ്ങിയവക്ക് M V act ലെ പിഴക്ക് പുറമെ നികുതിയുടെ നിശ്ചിത ശതമാനം കൂടി അധികമായി അടക്കേണ്ടി വരും.

11. 7 സീറ്റില്‍ കൂടുതലുള്ള വാഹനങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് ഗണത്തില്‍ അല്ലാതെ PSV for Personal use എന്ന തരത്തില്‍ അപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍, അപേക്ഷകനില്‍ നിന്നും 200 രൂപ പത്രത്തില്‍ സത്യവാങ്ങ്മൂലം എഴുതി വാങ്ങി അപ് ലോഡ് ചെയ്യേണ്ടതും ഒറിജിനല്‍ ഫയലില്‍ സൂക്ഷിക്കേണ്ടതുമാണ്.

12. എല്ലാ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളിലും നിയമാനുസൃതമുള്ള റിഫ്‌ളക്ടീവ് ടേപ്പ് ഒട്ടിക്കേണ്ടതും വാഹനത്തിനുള്ളിലും പുറത്തും നിയമാനുസൃത വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.

13. ഓട്ടോറിക്ഷ ഒഴികെയുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍, വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസ് എന്നിവ വാഹന നിര്‍മ്മാതാവ് പിടിപ്പിച്ചിട്ടില്ലെങ്കില്‍ ഇവ ഡീലര്‍ഷിപ്പില്‍ നിന്നും ഘടിപ്പിച്ച്‌ രേഖകള്‍ അപ് ലോഡ് ചെയ്തതിനു ശേഷം മാത്രം പുറത്തിറക്കേണ്ടതാണ്.

14. ഓട്ടോറിക്ഷകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ അംഗീകാരത്തോടു കൂടിയ മീറ്റര്‍ ഘടിപ്പിച്ചു സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്.

15. നാഷണല്‍ പെര്‍മിറ്റ് ഒഴികെയുള്ള ചരക്കു വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് മുന്‍പായി മുന്‍പിലും പിന്‍പിലും ഹൈവേ യെല്ലോ നിറത്തില്‍ പെയിന്റ് ചെയ്യേണ്ടതാണ്.

16. മേല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായോ ചേസിസ് നമ്പർ, എന്‍ജിന്‍ നമ്പർ എന്നിവ തെറ്റായി രേഖപ്പെടുത്തിയോ റ്റാമ്പർ ചെയ്‌തോ രജിസ്‌ട്രേഷന്‍ സമ്പാദിച്ചതായി കണ്ടെത്തിയാലോ ഡീലര്‍ഷിപ്പില്‍ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാതെയുള്ള ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനകളില്‍ അപാകതകള്‍ കണ്ടെത്തുകയോ ചെയ്യുന്ന പക്ഷം ട്രേഡ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യുന്നതടക്കുള്ള നിയമനുസൃത നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും

കൊവിഡ് വ്യാപനം;കേരളം അടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മെഡിക്കല്‍ ഓക്‌സിജന്‍ അനുവദിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

keralanews covid spread central government is ready to provide more medical oxygen to 12 states including kerala

ന്യൂഡൽഹി:കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ കേരളം അടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മെഡിക്കല്‍ ഓക്‌സിജന്‍ അനുവദിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്നാണ് ഇതിന് പണം അനുവദിക്കുക. രാജ്യത്തെ നൂറിലധികം ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ളാന്റുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം.ഏപ്രില്‍ 20, 25, 30 തീയതികള്‍ കണക്കാക്കി 4880 ടണ്‍, 5619 ടണ്‍, 6593 ടണ്‍ എന്നിങ്ങനെയാണ് അനുവദിക്കുകയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടാതെ, 50,000 ടണ്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിതലസമിതിയാണ് തീരുമാനമെടുത്തത്. കേരളത്തെ കൂടാതെ, മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍‌പ്രദേശ്, ഡല്‍ഹി, ചത്തിസ്ഗഡ്, കര്‍ണാടക, തമിഴ്നാട്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; സുപ്രീംകോടതിയിലെ പകുതിയോളം ജീവനക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചു

keralanews covid spread is severe in the country half of the employees of supreme court confirmed covid

ന്യൂഡൽഹി:രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു.പ്രതിദിന രോഗബാധ 1.68 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍. ഇവിടെ സ്ഥിതി അതീവ ഗുരുതരമാണ്.ഇന്നലെ 63,294പേര്‍ക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം പിടിപെട്ടവരുടെ എണ്ണം 34 ലക്ഷം കടന്നു. 349 പേരാണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചത്.രോഗവ്യാപനം കൂടിയതോടെ രോഗികളെ പ്രവേശിപ്പിക്കാന്‍ ആശുപത്രികളും ബുദ്ധിമുട്ടുകയാണ്. ഗുരുതരാവസ്ഥയിലായ രോഗികള്‍ക്കുപോലും കിട‌ക്കള്‍ കിട്ടാത്ത അവസ്ഥയാണ്. ഒസ്മാനാബാദ് ജില്ലയില്‍ കിടക്കളുടെ കുറവ് മൂലം വീല്‍ ചെയറില്‍ ഇരുത്തിയാണ് രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കിയത്. കൊവിഡ് രോഗികളല്ലാത്തവരെ പ്രവേശിപ്പിക്കുന്നത് പല ആശുപത്രികളും നിറുത്തിവച്ചിരിക്കുകയാണ്. പലയിടങ്ങളിലും ഓക്സിജന്‍ കിട്ടാത്ത അവസ്ഥയാണ്.

അതേസമയം സുപ്രീം കോടതിയിലും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. പകുതിയോളം ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജീവനക്കാരില്‍ പലരും നിരീക്ഷണത്തിലാണ്. മുഴുവന്‍ കോടതി മുറികളും അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.സ്ഥിതി ഗുരുതരമാണെന്ന് വ്യക്തമായതോടെ ജഡ്ജിമാര്‍ കോടതിയിലേക്ക് വരാതെ വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസുകള്‍ കേള്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുകാരണം ഇന്ന് വൈകിയായിരിക്കും കോടതി നടപടികള്‍ ആരംഭിക്കുക.