ന്യൂഡൽഹി:കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിന് അധിക ഡോസ് വാക്‌സിന്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 53.25 ലക്ഷം ഡോസ് കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ട്. ഇതില്‍ കേരളത്തിന് മാത്രം 1.84 ലക്ഷം വാക്‌സിന്‍ നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ഇത് വിതരണം ചെയ്യും. കഴിഞ്ഞാഴ്ച നാലേമുക്കാല്‍ ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കേരളത്തിന് നല്‍കിയിരുന്നു.നാല് ലക്ഷം ഡോസ് കൊവിഷീല്‍ഡും 75000 ഡോസ് കൊവാക്‌സിനുമാണ് കഴിഞ്ഞാഴ്ച സംസ്ഥാനത്തിന് ലഭിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും 1.84 ലക്ഷം ഡോസ് കൂടി നല്‍കിയിരിക്കുന്നത്.കേരളത്തില്‍ വാക്‌സിന് ക്ഷാമം ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയേയും അറിയിച്ചിരുന്നു. ഇതുവരെ 17.49 കോടി വാക്‌സിനുകളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കൊവിഡ് ബാധിച്ചു മരിച്ചു
ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ഛോട്ടാരാജന്‍ കോവിഡ് ബാധിച്ച് മരിച്ചു. തിഹാര്‍ ജയില്‍ വെച്ച് രോഗം സ്ഥിരീകരിച്ച ഛോട്ടാ രാജനെ ഏപ്രില്‍ 27ന് ഡല്‍ഹി എയിംസിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്നു ഛോട്ടാ രാജന്‍ അല്‍പം മുന്‍പാണ് മരണത്തിന് കീഴടങ്ങിയത്. കൊലപാതകവും പണംതട്ടലും ഉള്‍പ്പെടെ 70-ഓളം ക്രിമിനല്‍ കേസുകളാണ് ഛോട്ടാരാജനെതിരെ മുംബൈയിലുള്ളത്. രാജ്യംവിട്ട ഛോട്ടാരാജനെ 2015-ലാണ് ഇന്തോഷ്യയില്‍നിന്ന് പിടികൂടി തിരികെയെത്തിച്ചത്. 61-കാരനായ ഛോട്ടാരാജനെ കനത്ത സുരക്ഷാവലയത്തിലാണ് തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. ഛോട്ടാ രാജനെതിരെ മുംബൈയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം സിബിഐയ്ക്ക് കൈമാറുകയും ഇത് പരിഗണിക്കാനായി പ്രത്യേക കോടതി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ അവസാനം ഛോട്ടാരാജനെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. ഇതിനിടെയാണ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതായും ഹാജരാക്കാന്‍ കഴിയില്ലെന്നും ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചത്.ഛോട്ടാരാജനെ എയിംസില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരു കൊടുംകുറ്റവാളിക്ക് എയിംസില്‍ ചികിത്സ നല്‍കുന്നതിനെ എതിര്‍ത്താണ് വിമര്‍ശനം.
തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രാജ്ഭവനില്‍ രാവിലെ ഒൻപത് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചത്.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. സ്റ്റാലിന് ഒപ്പം 34 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.മന്ത്രിസഭയില്‍ 15 പുതുമുഖങ്ങളാണ് ഉള്ളത്. ആഭ്യന്തര വകുപ്പിന്റേയും ചുമതല സ്റ്റാലിനാണ്. സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലില്ല. ചെക്കോപ്പ്-തിരുനെല്ലിക്കേനി മണ്ഡലത്തില്‍ നിന്ന് വിജയിച്ചെങ്കിലും അദ്ദേഹത്തിന്റെ പേര് മന്ത്രിമാരുടെ പട്ടികയില്‍ ഇല്ല. കഴിഞ്ഞ ദിവസമാണ് മന്ത്രിമാരുടേയും അവരുടെ വകുപ്പുകളും ഉള്‍പ്പെട്ട പട്ടിക രാജ്ഭവന് നല്‍കിയത്.റാണിപ്പേട്ടില്‍നിന്നുള്ള എംഎല്‍എ ആര്‍. ഗാന്ധി ഖാദി-ഗ്രാമ വ്യവസായം-ഭൂദാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരിക്കും. ട്രിച്ചി വെസ്റ്റ് എംഎല്‍എ ആയ കെ. എന്‍. നെഹ്‌റു നഗരവികസന മന്ത്രിയാകും.ദുരൈമുരുകനാണ് ജലവിഭവ വകുപ്പ്. ധനമന്ത്രി പളനിവേല്‍ ത്യാഗരാജനാവും. യുവ എം.എല്‍.എ. അന്‍പില്‍ മഹേഷിന് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് ലഭിക്കും. കമല്‍ഹാസന്‍, ശരത്കുമാര്‍, പി ചിദംബരം തുടങ്ങിയവര്‍ ചടങ്ങിനെത്തി.പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണാഡിഎംകെയെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞാണ് ദ്രാവിഡ രാഷ്ട്രീയത്തില്‍ ഡിഎംകെ അധികാരം പിടിച്ചത്.
കൊറോണ പ്രതിസന്ധി; 50,000 കോടിയുടെ വായ്പാപദ്ധതിയുമായി ആര്‍ബിഐ
ന്യൂഡൽഹി:കോവിഡ് രണ്ടാം തരംഗത്തെ തുടർന്നുണ്ടായ പ്രതിസന്ധി നേരിടാന്‍ പുതിയ പ്രഖ്യാപനങ്ങളുമായി ആര്‍ബിഐ.രാജ്യത്ത് പണലഭ്യത ഉറപ്പാക്കാന്‍ 50,000 കോടി രൂപയുടെ പദ്ധതികളാണ് ആര്‍ബിഐ പ്രഖ്യാപിച്ചത്. 2022 മാര്‍ച്ച് 31 വരെയാകും പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുക. ആശുപത്രികള്‍, ഓക്സിജന്‍ വിതരണക്കാര്‍, വാക്സിന്‍ ഇറക്കുമതിക്കാര്‍, കൊറോണ പ്രതിരോധ മരുന്നുകള്‍, കൊറോണയുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി മുന്‍ഗണനാ ക്രമത്തില്‍ ബാങ്കുകള്‍ വായ്പ അനുവദിക്കും. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് തിരിച്ച് വരാനുള്ള ഇന്ത്യയുടെ കഴിവില്‍ പൂര്‍ണമായ വിശ്വാസമുണ്ടെന്നും കൈവശമുള്ള എല്ലാ വിഭവങ്ങളും ഉപയോഗിച്ച് പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുമെന്നും ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.ഇടത്തരം സൂക്ഷ്മ സംരംഭങ്ങള്‍ക്കും വ്യക്തികള്‍ക്കും ഒറ്റത്തവണ വായ്പ പുനഃസംഘടന അനുവദിച്ചു. ഇതുപ്രകാരം മൊറട്ടോറിയത്തിന്റെ മൊത്തം കാലാവധി രണ്ട് വര്‍ഷം വരെ നീട്ടാന്‍ അനുവദിക്കും. 35,000 കോടി രൂപമൂല്യമുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ ആര്‍ബിഐ വാങ്ങും. ഇതിലൂടെ സര്‍ക്കാരിന് കൂടുതല്‍ പണം ലഭിക്കും. ദീര്‍ഘകാല റിപ്പോ ഓപ്പറേഷന്‍ വഴി സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് 10,000 കോടി രൂപവരെ ലഭ്യമാക്കും. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് 500 കോടി രൂപ വരെ വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കും. ഇതിന് പുറമെ ജനങ്ങള്‍ക്കും വാണിജ്യ, വ്യാപാരമേഖലയ്ക്കും ഗുണകരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഉല്‍പാദന മേഖലയില്‍ നിലവില്‍ കാര്യമായ പ്രശ്‌നങ്ങളില്ല. ഡിമാന്‍ഡ് വലിയ തകര്‍ച്ചയില്ലാതെ പിടിച്ച് നില്‍ക്കുന്നുണ്ട്. മണ്‍സൂണ്‍ സാധാരണപോലെയുണ്ടാവുമെന്ന പ്രവചനം ഗ്രാമീണമേഖലയിലെ ഡിമാന്‍ഡില്‍ ഉണര്‍വുണ്ടാക്കുമെന്നും ആര്‍ ബി ഐ ഗവര്‍ണര്‍ പറഞ്ഞു.പദ്ധതിക്കായി പ്രത്യേകമായി കോവിഡ് വായ്പ ബുക് ബാങ്കുകള്‍ സൂക്ഷിക്കണമെന്നും ആര്‍ ബി ഐ നിര്‍ദേശിച്ചു.
ഒരു തുളളി കോവിഡ് വാക്‌സിന്‍ പോലും പാഴാക്കിയില്ല;കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: സംസ്ഥാനത്തിന് കിട്ടിയ വാക്‌സിനില്‍ ഒരു തുളളി പോലും പാഴാക്കാതെ ഉപയോഗിച്ചതിന് കേരളത്തിലെ ആരോഗ്യപ്രവർത്തകരെ അഭിന്ദിച്ച് പ്രധാമന്ത്രി നരേന്ദ്ര മോഡി. മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റിന് മറുപടി ആയാണ് പ്രധാനമന്ത്രിയുടെ കുറിപ്പ്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തിന് ലഭിച്ചത് 73,38,860 ഡോസ് വാക്‌സിനാണ്. ആ വാക്‌സിന്‍ മുഴുവന്‍ സംസ്ഥാനം ഉപയോഗിച്ചു. ഓരോ വാക്‌സിന്‍ വയലിനകത്തും പത്തു ഡോസ് കൂടാതെ വേസ്‌റ്റേജ് ഫാക്‌ടര്‍ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്‌മതയോടെ ഒരു തുളളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാല്‍ ഈ അധിക ഡോസ് കൂടി ആളുകള്‍ക്ക് നല്‍കാന്‍ സാധിച്ചു. അതിനാലാല്‍ 73,38,860 ഡോസ് നമുക്ക് ലഭിച്ചപ്പോള്‍ 74,26,164 ഡോസ് ഉപയോഗിക്കാന്‍ സാധിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.വാക്‌സിന്‍ പാഴാക്കാതെ ഫലപ്രദമായി ഉപയോഗിച്ച ആരോഗ്യപ്രവര്‍ത്തകര്‍ മാതൃകയാണെന്നും പ്രത്യേകിച്ച് നഴ്‌സുമാര്‍, വളരെ കാര്യപ്രാപ്‌തിയുളളവരാണെന്നും പൂര്‍ണമനസോടെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മോദി പറഞ്ഞു. അതേസമയം തൊട്ടടുത്ത തമിഴ്‌നാട്ടിലും മറ്റു കോവിഡ് വാക്‌സിന്‍ പാഴാക്കുമ്ബോഴായിരുന്നു കേരളം നേട്ടമാക്കി മാറ്റിയത്. 12.4 ശതമാനമാണ് തമിഴ്‌നാട്ടിലെ പാഴാകല്‍ നിരക്ക്. രണ്ടാം സ്ഥാനത്ത് ഹരിയാനയാണ് 10 ശതമാനം, ബീഹാറാണ് മൂന്നാം സ്ഥാനത്ത് 8.1 ശതമാനമാണ് ഇവിടുത്തെ വാക്‌സിന്‍ പാഴാകല്‍ നിരക്ക്.കേരളം, പശ്ചിമ ബംഗാള്‍, ലക്ഷദ്വീപ്, അന്തമാന്‍ നിക്കോബാര്‍, മിസോറാം എന്നീ സംസ്ഥാനങ്ങളാണ് വാക്സിന്‍ പാഴാക്കലില്‍ നിരക്ക് പൂജ്യമായ സംസ്ഥാനങ്ങള്‍.
ഉടമ മരിച്ചാല്‍ വാഹനം നോമിനിക്ക്; മോട്ടോര്‍വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തി
ഡല്‍ഹി: ഉടമയുടെ മരണ ശേഷം വാഹനം നോമിനിയുടെ പേരിലേക്കു മാറ്റാവുന്ന വിധത്തില്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. പുതിയ ചട്ടം അനുസരിച്ച് രജിസ്‌ട്രേഷന്‍ സമയത്ത് ഉടമയ്ക്ക് നോമിനിയെ നിർദേശിക്കാം. നേരത്തെ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് ഓണ്‍ലൈനിലൂടെ നോമിനിയെ ചേര്‍ക്കാനും അവസരമുണ്ട്.ഐഡന്റിറ്റി പ്രൂഫ് രജിസ്‌ട്രേഷന്‍ സമയത്ത് ഉടമ നോമിനിയെ ഹാജരാക്കണമെന്ന് ചട്ടങ്ങളില്‍ പറയുന്നു. ഉടമ മരിക്കുന്ന പക്ഷം നോമിനിയുടെ പേരിലേക്ക് രജിസ്‌ട്രേഷന്‍ മാറുമെന്നാണ് ചട്ടം വ്യക്തമാക്കുന്നത്. മുപ്പതു ദിവസത്തിനകം മരണ വിവരം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്നും ചട്ടത്തിലുണ്ട്. ഒരിക്കല്‍ നിര്‍ദേശിച്ച നോമിനിയെ ഉടമയ്ക്കു പിന്നീടു മാറ്റാനാവും. വിവാഹ മോചനം, ഭാഗം പിരിയല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഇത്തരത്തില്‍ നോമിനിയെ മാറ്റാനാവും.നോമിനിയെ നിര്‍ദേശിക്കാത്ത സാഹചര്യത്തില്‍ നിയമപരമായ പിന്‍ഗാമിയുടെ പേരിലേക്കു വാഹനം മാറ്റുന്നതിനും പുതിയ ചട്ടത്തില്‍ വ്യവസ്ഥയുണ്ട്.
സ്പുട്‌നിക് v വാക്‌സിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി;മൂന്ന് മില്യണ്‍ ഡോസ് വാക്‌സിന്‍ കൂടി ഈ മാസം ലഭിച്ചേക്കും
ന്യൂഡൽഹി :ഇന്ത്യയ്ക്ക് ആശ്വാസമായി റഷ്യയുടെ കൊറോണ പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് v ഇന്ത്യയിൽ എത്തി. വൈകീട്ട് നാല് മണിയോടെ ഹൈദരാബാദിലെ വിമാനത്താവളത്തിലാണ് ആദ്യ ബാച്ച് എത്തിയത്. 1,50,000 ഡോസ് വാക്‌സിനുകളാണ് ആദ്യ ബാച്ചിൽ ഉള്ളത്.ഇതുകൂടാതെ മൂന്ന് മില്യണ്‍ ഡോസ് വാക്സിനുകള്‍ കൂടി ഈ മാസം റഷ്യ ഇന്ത്യയ്ക്ക് നല്‍കും.നിലവിൽ വാക്‌സിന്റെ പരീക്ഷണങ്ങൾ വിദേശരാജ്യങ്ങളിൽ പൂർത്തിയായിട്ടുണ്ട്. വാക്‌സിൻ 97 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ സ്പുട്‌നിക് v വീണ്ടും പരീക്ഷിക്കേണ്ടെന്നാണ് തീരുമാനം. അതിനാൽ വാക്‌സിൻ വേഗത്തിൽ തന്നെ വിപണിയിൽ ലഭ്യമാക്കും.ഇന്ത്യയിലെ ഡിസ്ട്രിബ്യൂട്ടര്‍മാരായ ഡോ. റെഡ്ഡീസ് ലബോറട്ടറിക്കാണ് സ്ഫുടിനിക് കൈമാറുക. വാക്സിനേഷന് മുൻപായി ഡോ. റെഡ്ഡീസ് സെന്‍ട്രല്‍ ഡ്രഗ്സ് അതോറിറ്റിയുടെ അനുമതി കൂടി നേടിയെടുത്തെങ്കില്‍ മാത്രമേ വിതരണത്തിന് സാധിക്കൂ.നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകളാണ് ഇന്ത്യയില്‍ വിതരണം ചെയ്തിരുന്നത്. അതിനു പിന്നാലെയാണ് റഷ്യയുടെ സ്പുട്‌നിക്കിനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര വിതരണ അനുമതി നല്‍കിയത്. അടുത്ത മാസത്തോടെ അഞ്ച് മില്യണ്‍ ഡോസ് സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയ്ക്കായി റഷ്യ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ സ്പുട്‌നിക് ഇന്ത്യയില്‍ തന്നെ തദ്ദേശീയമായി വികസിപ്പിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.
ഗുജറാത്തിൽ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം;18 രോഗികള്‍ മരിച്ചു
അഹമ്മദാബാദ് :ഗുജാറാത്ത് ഭറൂച്ചിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ പതിനെട്ട് രോഗികള്‍ മരിച്ചു. പട്ടേല്‍ വെല്‍ഫയര്‍ കോവിഡ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് സൂചന. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 50 ഓളം രോഗികളെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.പൊള്ളലേറ്റ രോഗികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.മരണസംഖ്യ ചിലപ്പോള്‍ ഇനിയും ഉയര്‍ന്നേക്കാമെന്ന് ഭറൂച്ച് പോലീസ് സൂപ്രണ്ട് രാജേന്ദ്ര സിങ് ചുദാസാമ പറഞ്ഞു. ഭറൂച്ച്- ജംബുസാര്‍ ദേശീയ പാതയിലാണ് ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്.
18 വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ നാളെ തുടങ്ങാനാവില്ലെന്ന് അറിയിച്ച് കൂടുതൽ സംസ്ഥാനങ്ങൾ
ന്യൂഡൽഹി: 18 വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ നാളെ തുടങ്ങാനാവില്ലെന്ന് അറിയിച്ച് കൂടുതൽ സംസ്ഥാനങ്ങൾ.നേരത്തെ ദില്ലി, പഞ്ചാബ്, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ 18-45 വയസ് വരെയുള്ളവരുടെ വാക്സീനേഷന്‍ മെയ് 1 ന് തന്നെ ആരംഭിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. പുതിയ ഘട്ടം വാക്സീനേഷന്‍ നാളെ തുടങ്ങാനാവില്ലെന്നും വൈകുമെന്നും മധ്യപ്രദേശും കേന്ദ്രത്തെ അറിയിച്ചു. രണ്ടാം ഡോസ് വാക്സീന്‍ എടുക്കുന്ന 45 വയസിന് മുകളിലുള്ളവര്‍ക്കാകും മുന്‍ഗണന നല്‍കുകയെന്ന് കേരളവും നിലപാടെടുത്തിട്ടുണ്ട്. രാജ്യത്ത് വാക്സീന്‍ പ്രതിസന്ധിയും ക്ഷാമവും രൂക്ഷമായി തുടരുകയാണ്. അതിനിടെയാണ് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സീന്‍ മെയ് 1 മുതല്‍ നല്‍കിത്തുടങ്ങുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. വാക്സീന്‍ നേരിട്ട് സംസ്ഥാനങ്ങള്‍ വാങ്ങണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനങ്ങള്‍ പലതും വാക്‌സിനായി കമ്പനികളെ സമീപിച്ചെങ്കിലും കേന്ദ്രത്തിന്റെ ക്വാട്ടയ്ക്ക് ശേഷമേ നല്‍കാന്‍ സാധിക്കൂ എന്നാണ് കമ്പനികൾ അറിയിച്ചത്.
കോവിഷീൽഡ് വാക്‌സിന്റെ വില കുറച്ച് സിറം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ; സംസ്ഥാനങ്ങള്‍ക്ക് 300 രൂപയ്ക്ക് നല്‍കും
ന്യൂഡൽഹി:കോവിഷീൽഡ് വാക്‌സിന്റെ വില കുറച്ച് സിറം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.സംസ്ഥാനങ്ങള്‍ക്ക് ഒരു ഡോസ് 300 രൂപയ്ക്ക് നല്‍കും.സിറം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാര്‍ പൂനെവാലെയാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. നേരത്തേ 400 രൂപയായിയിരുന്നു ഒരു ഡോസ് വാക്‌സിന് സിറം പ്രഖ്യപിച്ച വില. കോവിഷീല്‍ഡിന്റെയും കോവാക്‌സിന്റെയും വില കുറയ്ക്കണമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും കോവാക്‌സിന്റെ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോടും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.കോവാക്‌സിനും കോവിഷീല്‍ഡും ഡോസിന് 150 രൂപ നല്‍കിയാണ് കേന്ദ്രസര്‍ക്കാര്‍ സംഭരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് 600 രൂപ നിരക്കില്‍ കോവാക്‌സിന്‍ നല്‍കുമെന്നായിരുന്നു ഭാരത് ബയോടെക് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ സിറം ഇന്സ്ടിട്യൂട്ടിന്റെ തീരുമാനം എത്തിയതോടെ ഭാരത് ബയോടെക്കും വില കുറയ്ക്കുമെന്നാണ് പ്രതീക്ഷ. സ്വകാര്യ ആശുപത്രികള്‍ കോവിഷീല്‍ഡിന് 600 രൂപ നല്‍കണം. കോവാക്‌സിന് 1,200 രൂപയും.